വിധി വിശ്വാസം: ഒരു സമകാലിക വായന -6

//വിധി വിശ്വാസം: ഒരു സമകാലിക വായന -6
//വിധി വിശ്വാസം: ഒരു സമകാലിക വായന -6
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -6

സമകാലിക ആനുരൂപ്യതാവാദം

ഹാരി ഗോർഡൻ ഫ്രാങ്ക്ഫർട്ട് (മേയ് 29, 1929 – ജൂലൈ 16, 2023) ഒരു അമേരിക്കൻ തത്ത്വചിന്തകനായിരുന്നു. 1990 മുതൽ 2002 വരെ അദ്ദേഹം പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ തത്ത്വചിന്തയുടെ പ്രൊഫസറായിരുന്നു. ഫ്രാങ്ക്ഫർട്ട് യേൽ യൂണിവേഴ്സിറ്റി, റോക്ക്ഫെല്ലർ യൂണിവേഴ്സിറ്റി, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും അധ്യാപനം നടത്തി.

ആനുരൂപ്യതാവാദത്തിന് അദ്ദേഹം ഇപ്രകാരം ന്യായം നിരത്തി:
“ഐസ്ക്രീം കഴിക്കാൻ ഞാൻ ഹഢാദാഗ്രഹിക്കുന്നു.” ഇതിനെ “പ്രഥമ ഘട്ട ആസക്തി” (First order desire) എന്ന് വിളിക്കാം. “എനിക്ക് ഐസ്ക്രീം കഴിക്കാൻ താൽപ്പര്യമില്ലായിരുന്നെങ്കിൽ എന്ന് ഭൂരിപക്ഷം ഘട്ടങ്ങളിലും ഞാൻ ആഗ്രഹിക്കുന്നു.” ” ഇതിനെ “രണ്ടാം ഘട്ട ആസക്തി” (Second order desire) എന്ന് വിളിക്കാം. മനുഷ്യരല്ലാത്ത മറ്റ് ഭൂരിഭാഗം ജീവികൾക്കും ഈ രണ്ട് തരം ആസക്തികളില്ല.

വ്യക്തികൾ രണ്ടാം ഘട്ട ഇച്ഛാശക്തിയുള്ള (volition) ജീവികളാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരു ഇച്ഛാശക്തി (volition) എന്നാൽ ഒരു ഫലപ്രദമായ ആഗ്രഹമാണ്, അതായത്, സാക്ഷാത്കരിക്കാൻ ഒരു ഏജന്റ് പ്രതിജ്ഞാബദ്ധമായ ഒരു ആഗ്രഹമാണത്. എല്ലാ ആഗ്രഹങ്ങളും ആസക്തികളും volition അഥവാ ശക്തമായ ഇച്ഛയായി മാറുന്നില്ല: മനുഷ്യർക്ക് സാധാരണയായി ധാരാളം ആഗ്രഹങ്ങളുണ്ട്, പക്ഷേ അവയിൽ ചിലത് മാത്രമേ അവർ സാക്ഷാൽക്കരിക്കൂ. ഉദാഹരണത്തിന്, ഏജന്റിന് അനാരോഗ്യകരമായ കേക്ക് കഴിക്കാൻ ഒരു ആഗ്രഹമുണ്ടെങ്കിലും പകരം ആരോഗ്യകരമായ സാലഡ് കഴിക്കാനുള്ള അവരുടെ മറ്റൊരു ആഗ്രഹം അതിനെ പിന്തുടരുന്നു. ഈ സാഹചര്യത്തിൽ, കേക്ക് കഴിക്കുന്നത് വെറും ആഗ്രഹമാണ്, സാലഡ് കഴിക്കുന്നത് ഒരു volition അഥവാ ശക്തമായ ഇച്ഛയാണ്. ഫ്രാങ്ക്ഫർട്ട് ആദ്യ-രണ്ടാം ഘട്ട ആഗ്രഹങ്ങൾ തമ്മിലുള്ള വ്യത്യാസത്തിന് വലിയ പ്രാധാന്യം നൽകുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കാനോ ഒരു കാർ വാങ്ങാനോ ഉള്ള ആഗ്രഹം പോലെയുള്ള മിക്ക സ്ഥിരമായ ആഗ്രഹങ്ങളും ആദ്യ ഘട്ട ആഗ്രഹങ്ങളാണ്. രണ്ടാമത്തെ ഘട്ടത്തിലുള്ള ആഗ്രഹങ്ങൾ ആഗ്രഹങ്ങളെക്കുറിച്ചുള്ള ആഗ്രഹങ്ങളാണ്.
(Vezér, Martin Alexander (2007). “On the Concept of Personhood: A Comparative Analysis of Three Accounts”. LYCEUM)

ആഗ്രഹങ്ങളെ സംബന്ധിച്ച ഫ്രാങ്ക്ഫർട്ടിന്റെ ഈ സിദ്ധാന്തം ഇപ്രകാരം തുടരുന്ന് വ്യാഖ്യാനിക്കാം:

സന്നദ്ധനായ ഒരു ആസക്തനെയും സന്നദ്ധനല്ലാത്ത ഒരു ആസക്തനെയും എടുക്കുക. സന്നദ്ധനായ ആസക്തൻ തന്റെ പ്രഥമ ഘട്ട ആസക്തിയിൽ ഒതുങ്ങുന്നു. അതിനാൽ തന്നെ അയാൾക്ക് അക്കാര്യത്തിൽ സ്വതന്ത്രേച്ഛയില്ല. സന്നദ്ധനല്ലാത്ത ആസക്തനാകട്ടെ, തന്റെ ആസക്തി ഉപേക്ഷിക്കാനുള്ള തന്റെ ആഗ്രഹം വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു. അയാളുടെ ഈ രണ്ടാം ഘട്ട ആഗ്രഹം അയാളുടെ സ്വതന്ത്രേച്ഛയുടെ തെളിവാണ്.

ഈ സിദ്ധാന്തത്തെ True self theory എന്ന് വിശേഷിപ്പിക്കാം. ലഹരി ഉപേക്ഷിക്കാനുള്ള എന്റെ ആഗ്രഹം എന്റെ യഥാർത്ഥമാണ് (ഇത് സ്വതന്ത്രേച്ഛയുടെ അടിസ്ഥാനത്തിൽ ഉള്ളതാണ്). ലഹരി ഉപയോഗിക്കാനുള്ള എന്റെ ആഗ്രഹം എന്റെ യാഥാർഥ്യമല്ലാത്ത മറ്റൊന്നാണ് (ഇത് നിർണയിക്കപ്പെട്ട അലംഘനീയതയാണ്, അതിൽ എനിക്ക് സ്വാതന്ത്രമില്ല).

ഈ സിദ്ധാന്തത്തെ അധികരിച്ച്, റോബ് വോൾഫ്രാം, ജോൺ സിയറിൽ എന്നിവർ ഒരു ചിന്താ പരീക്ഷണം ആവിഷ്കരിക്കുകയുണ്ടായി, അത് ഇപ്രകാരമാണ്:

രണ്ട് ദമ്പതികൾ (ബില്ലും ഫ്രാങ്കും അവരുടെ ഭാര്യമാരും) ഒരു വിമാന യാത്ര ചെയ്യുകയാണ്. ബില്ലിന്റെ ഭാര്യ ഫ്രാങ്കുമായി അടുപ്പത്തിലാണ് എന്ന് ബിൽ യാത്രക്കിടെ തിരിച്ചറിയുന്നു. ആകസ്മികമായി വിമാനം ചില ഭീകരരാൽ അപഹരിക്കപ്പെടുന്നു. ക്രൂരരായ ഭീകരരിൽ ഒരാൾ ബില്ലിന്റെ കൈയ്യിൽ തോക്ക് നൽകി തന്റെ സുഹൃത്ത് ഫ്രാങ്കിനെ വെടിവച്ചു കൊല്ലാൻ നിർബന്ധിക്കുന്നു. അതിനു തയ്യാറായില്ലെങ്കിൽ പകരം ബിൽ വധിക്കപ്പെടും. ഇത്തരമൊരു നിർണായകവും നിർണിതവുമായ സാഹചര്യത്തിൽ ബില്ലിന് രണ്ടു രീതിയിൽ ഫ്രാങ്കിനെ വധിക്കാം:

1. തന്റെ ഭാര്യയുമായി ബന്ധം പുലർത്തുന്നതിനെ സംബന്ധിച്ച കോപത്താലും ദുഖത്താലും പ്രകോപിതനായ തനിക്ക്, പ്രതികാരം ചെയ്യാൻ അവസരം വീണു കിട്ടി എന്ന മനസ്ഥിതിയോടെ ഫ്രാങ്കിനെ ബിൽ വധിക്കുന്നു.

2. തന്റെ ഭാര്യയുമായി ഫ്രാങ്ക് അടുപ്പത്തിലാണ് എന്നതിനെ സംബന്ധിച്ച് ബിൽ കുപിതനും ദുഖിതനുമാണെങ്കിലും വധശിക്ഷയൊന്നും അയാൾ അർഹിക്കുന്നില്ല എന്ന് ബിൽ തിരിച്ചറിയുന്നു. നിർബന്ധിതനായും സന്നദ്ധനല്ലാതെയും ബിൽ ഫ്രാങ്കിനെ വധിക്കുന്നു.

ഈ രണ്ട് സാഹചര്യത്തിന്റെയും പരിണതി ഒന്നു തന്നെയാണ്. അഥവാ പരിണതി നിർണിതമാണ്. എന്നാൽ ഈ രണ്ട് സാഹചര്യത്തിനും ബില്ലിന്റെ മനസ്ഥിതി വ്യത്യസ്തമാണ്. ഈ മനസ്ഥിതിയിലെ വ്യത്യസ്തതക്ക് അനുസൃതമായി ബില്ലിന്റെ കൊലപാതകത്തെ നാം -ധാർമ്മികമായി- വ്യത്യസ്‌തമായി വിധിക്കും എന്നതിൽ സംശയമില്ല. ധാർമ്മിക വിധിയിലെ ഈ വ്യത്യാസം ബില്ലിന്റെ സ്വതന്ത്രേച്ഛക്കുള്ള തെളിവാണ്. ഒന്നാമത്തെ സാഹചര്യത്തിൽ ബിൽ ധാർമ്മികമായി വ്യതിചലിച്ചിട്ടുണ്ട് എന്നും രണ്ടാമത്തെ സാഹചര്യത്തിൽ ബിൽ ധാർമ്മികമായി ശ്രേഷ്ഠത പുലർത്തുന്നു എന്നും സ്വഭാവികമായി നമുക്ക് തോന്നുന്നു എങ്കിൽ ഈ രണ്ട് സാഹചര്യത്തിലെയും ബില്ലിന്റെ മനസ്ഥിതികൾ അയാളുടെ സ്വതന്ത്രേച്ഛയുടെ ഭാഗമായി നാം മനസ്സിലാക്കുന്നു എന്നതിനാലാണ് അത്.

ഈ ചിന്താ പരീക്ഷണമനുസരിച്ച്, നിർണയിക്കപ്പെട്ട കാര്യം നടക്കുക തന്നെ ചെയ്യും. ആ നിർണിതമായ കാര്യവുമായി നാം മനസ്സാൽ യോജിക്കുന്നുവൊ അതൊ വിയോജിക്കുന്നുവൊ എന്നതാണ് സ്വതന്ത്രേച്ഛ എന്നർത്ഥം. ഈ മാനസികമായ ഇച്ഛയാണ് സ്വതന്ത്രേച്ഛയുടെ വൃത്തം. സംഭവത്തിലേക്കുള്ള കാര്യകാരണങ്ങളൊ സംഭവത്തിന്റെ തുടർച്ചയൊ നിർണിതവും അനിവാര്യവുമാണ് എന്നത് വിഷയമല്ല.

ഫ്രാങ്ക്ഫർട്ടിന്റെ ഈ ആനുരൂപ്യതാവാദ അവലോകനത്തെ ഖണ്ഡിച്ചു കൊണ്ട്
നിർണയവാദികളും അല്ലാത്തവരുമായ പലരും പല ചോദ്യങ്ങളും വിമർശനങ്ങളും ഉന്നയിച്ചിട്ടുണ്ട്.

മാനസികമായ ഇച്ഛ(സന്നദ്ധത)യാണ് സ്വതന്ത്രേച്ഛയുടെ ആകത്തുകയെങ്കിൽ മാനസിക ഇച്ഛ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് (അത് നന്മയൊ തിന്മയൊ ആവട്ടെ ശരിയൊ തെറ്റൊ ആവട്ടെ) രൂപീകരിക്കപ്പെടുന്നതും മസ്തിഷ്ക സംബന്ധമൊ പരിസ്ഥിതി നിർമ്മിതമൊ ആയ കാരണങ്ങളുടെ (cause) അനിവാര്യമായ അനന്തരഫലങ്ങൾ ആയിക്കൊണ്ടാണ്. അപ്പോൾ ഈ സിദ്ധാന്തം ഒരു പോയന്റിൽ നിന്ന് മറ്റൊരു പോയന്റിലും എത്താത്ത ഒരു വൃത്താകാരമായ ന്യായവാദം മാത്രമാണെന്ന് നിർണയവാദികൾ വിമർശിക്കും. കൂടാതെ, പ്രവർത്തനം നിർണിതമാകട്ടെ അല്ലാതിരിക്കട്ടെ മാനസികമായ സന്നദ്ധതയും അസന്നദ്ധതയുമാണ് സ്വതന്ത്രേച്ഛയുടെ ആകത്തുക എങ്കിൽ അസംതൃപ്തിയോടെ ഒരാൾ അവിഹിതത്തിൽ ഏർപ്പെട്ടാൽ, നിരപരാധികളെ വധിച്ചാൽ അത് ധാർമ്മികമായി തെറ്റാവില്ല എന്ന് വരുന്നു. അസംതൃപ്തിയോടെ ആണെങ്കിൽ ഒരാൾക്ക് എന്തും ചെയ്യാം, അതൊന്നും ധാർമ്മികമായി തെറ്റാവില്ല എന്ന വിചിത്രതയിലേക്ക് സിദ്ധാന്തം നയിക്കുന്നു എന്ന് ലിബർട്ടേറിയനിസക്കാർ വിമർശിക്കുന്നു.

മനുഷ്യന്റെ സ്വതന്ത്രേച്ഛയെ സംബന്ധിച്ച വ്യത്യസ്ത വാദഗതികളെ ജനങ്ങൾ എങ്ങനെ ഗ്രഹിക്കുകയും സത്യപ്പെടുത്തുകയും ചെയ്യുന്നു എന്ന് തിരിച്ചറിയാനായി അടുത്ത കാലത്തായി, എഡി നഹ്മിയാസിനെ പോലെയുള്ള പരീക്ഷണാത്മക തത്ത്വചിന്തകർ (Experimental philosophers) പല സോഷ്യൽ എക്സ്പിരിമെന്റുകളും നടത്തുകയുകയുണ്ടായി. അവയിൽ രസകരമായ ചില പരീക്ഷണങ്ങളുടെ സംഗ്രഹം ചുവടെ ചേർക്കാം:

സാങ്കല്പിക സാഹചര്യം, ഒന്ന്:

അടുത്ത നൂറ്റാണ്ടിൽ നമ്മൾ പ്രകൃതിയുടെ എല്ലാ നിയമങ്ങളും കണ്ടെത്തുമെന്ന് സങ്കൽപ്പിക്കുക. പ്രകൃതിയുടെ ഈ നിയമങ്ങളിൽ നിന്നും ലോകത്തിലെ എല്ലാറ്റിന്റെയും നിലവിലെ അവസ്ഥയെ കുറിച്ച കൃത്യമായ വിവരങ്ങളിൽ നിന്നും ഏതൊക്കെ സമയത്ത് എന്തൊക്കെയാണ് ഭാവിയിൽ ഈ ലോകത്ത് സംഭവിക്കുക എന്ന് നിഗമിക്കാൻ കഴിയുന്ന ഒരു “സൂപ്പർ കമ്പ്യൂട്ടർ” നമ്മൾ നിർമ്മിക്കുന്നു.

ലോകം ഇന്ന് എങ്ങനെയിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കാനും ഭാവിയിൽ ലോകം എങ്ങനെയായി മാറും എന്ന് പ്രവചിക്കാനും 100% കൃത്യതയോടെ അതിന് സാധിക്കുന്നു. അത്തരത്തിലുള്ള ഒരു സൂപ്പർ കമ്പ്യൂട്ടർ നിലവിലുണ്ടായിരുന്നു, അത് ഒരു നിശ്ചിത സമയത്ത് പ്രപഞ്ചത്തിന്റെ അവസ്ഥയെ നിരീക്ഷിക്കുകയും മാർച്ച് 25, 2150 സി.ഇ യിൽ, ജെറമി ഹാൾ എന്ന ഒരു വ്യക്തി ജനിക്കുമെന്ന് അയാൾ ജനിക്കുന്നതിന് 20 വർഷം മുമ്പ് പ്രവചിക്കുന്നു. പ്രവചിച്ചത് പോലെ സംഭവിക്കുകയും ചെയ്യുന്നു. മാർച്ച് 25, 2150 സി.ഇ യിൽ, ജെറമി ഹാൾ ജനിച്ചു. തുടർന്ന് മറ്റു പല വിവരങ്ങളിൽ നിന്നും പ്രകൃതി നിയമങ്ങളിൽ നിന്നും 2195 ജനുവരി 26-ന് വൈകുന്നേരം 6:00 മണിക്ക് ഫിഡിലിറ്റി ബാങ്ക്, ജെറമി കൊള്ളയടിക്കും എന്ന് സൂപ്പർ കമ്പ്യൂട്ടർ അനുമാനിക്കുന്നു. സ്വഭാവികമായും, സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം യാഥാർത്ഥ്യമായി ഭവിക്കുന്നു; 2195 ജനുവരി 26 ന് വൈകുന്നേരം 6:00 മണിക്ക് ജെറമി ഫിഡിലിറ്റി ബാങ്ക് കൊള്ളയടിച്ചു…

പ്രവചനാധീനമായ ജെറമിയുടെ ഈ ബാങ്ക് കൊള്ള, അവൻ സ്വന്തം സ്വതന്ത്ര്യേച്ഛയാൽ പ്രവർത്തിച്ചതാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? (ഒരു കംബ്യൂട്ടറിന് കൃത്യമായി പ്രവചിക്കാമെങ്കിൽ ജെറമിക്ക് തന്റെ പ്രവർത്തനത്തിൽ സ്വതന്ത്ര്യേച്ഛ ഉണ്ടോ?)

പരീക്ഷണത്തിൽ പങ്കെടുത്തവരിൽ ഈ ചോദ്യം ചോദിക്കപ്പെട്ട ഗണ്യമായ ഭൂരിപക്ഷം (76%) അഭിപ്രായപ്പെട്ടത് ജെറമി തന്റെ സ്വതന്ത്രേച്ഛയോടെയാണ് ബാങ്ക് കൊള്ളയടിച്ചത് എന്നാണ്.

(Phiilosophical Psychology Vol. 18, No. 5, October 2005, pp. 561–584: Surveying Freedom: Folk Intuitions about Free Will and Moral Responsibility: Eddy Nahmias, Stephen Morris, Thomas Nadelhoffer, and Jason Turner1)

സാങ്കല്പിക സാഹചര്യം, രണ്ട്:

സംഭവിക്കുന്നതെല്ലാം സമ്പൂർണമായും അതിനുമുമ്പ് സംഭവിച്ചതിന്റെ അനിവാര്യതയായി സംഭവിക്കുന്ന ഒരു പ്രപഞ്ചം സങ്കൽപ്പിക്കുക. പ്രപഞ്ചത്തിന്റെ തുടക്കത്തിൽ സംഭവിച്ചത് അടുത്തതായി സംഭവിച്ചതിന് കാരണമായി വർത്തിച്ചു, ആ സംഭവം അടുത്തതായി സംഭവിച്ചതിന് കാരണമായി വർത്തിച്ചു, തുടർന്ന് നടക്കുന്ന ഓരോ സംഭവങ്ങളും അടുത്തടുന്ന സംഭവങ്ങൾക്കുള്ള കാരണമായി വർത്തിച്ച് ഇന്ന് വരെ സംഭവിക്കുന്നത് വരെ എത്തുന്നു…

ഈ പ്രപഞ്ചത്തിൽ മനുഷ്യർ എടുക്കുന്ന തീരുമാനങ്ങൾ പോലും മുമ്പ് നടന്ന ഒരു കാരണത്തിന്റെ (Cause) അനിവാര്യമായ അനന്തരഫലമാണ്.

ഈ പ്രപഞ്ചത്തിൽ ഒരു വ്യക്തിയുടെ പ്രവർത്തനങ്ങൾക്ക് ആ വ്യക്തിക്ക് ധാർമ്മികമായ ഉത്തരവാദിത്തമുണ്ടോ?

1.ഉണ്ട്.
2. ഇല്ല.

ഇതിൽ ഏതെങ്കിലും ഒരു ഉത്തരം തിരഞ്ഞെടുക്കുക എന്ന് പരീക്ഷണത്തിൽ പങ്കെടുത്ത വ്യക്തികളോട് ചോദിക്കപ്പെട്ടു. പക്ഷെ രണ്ട് രീതിയിലാണ് ചോദ്യം അവരോട് അവതരിപ്പിക്കപ്പെട്ടത്. ഒരു വിഭാഗത്തോട് ഈ ചോദ്യം ചുരുക്കിയാണ് ചോദിക്കപ്പെട്ടത്: “ഈ പ്രപഞ്ചത്തിൽ ഒരു വ്യക്തിയുടെ പ്രവർത്തനങ്ങൾക്ക് ആ വ്യക്തി ധാർമ്മികമായി ഉത്തരവാദിത്തമുണ്ടോ?” എന്ന്.

മറ്റൊരു വിഭാഗത്തോട് ഈ ചോദ്യം ഉദാഹരണത്തിലൂടെ വിശദമായാണ് ചോദിക്കപ്പെട്ടത്:

“ബിൽ എന്നയാൾ തന്റെ സെക്രട്ടറിയിൽ ആകൃഷ്ടനാവുന്നു, തന്റെ ഭാര്യയെയും മൂന്ന് മക്കളെയും വധിക്കുകയാണ് കാമുകിയോടൊപ്പം ജീവിക്കാൻ ബില്ലിനുള്ള ഏക മാർഗമെന്ന് അയാൾ മനസ്സിലാക്കുന്നു. ഒരു തീപിടിത്തമുണ്ടായാൽ തന്റെ വീട്ടിൽ നിന്ന് കുടുംബത്തിന് രക്ഷപ്പെടാൻ കഴിയില്ലെന്ന് അയാൾക്കറിയാം. ഒരു ബിസിനസ്സ് യാത്രയ്‌ക്ക് പോകുന്നതിനുമുമ്പ്, അയാൾ തന്റെ ബേസ്‌മെന്റിൽ ഒരു ഉപകരണം സ്ഥാപിച്ചു, അത് വീട് കത്തിക്കുകയും കുടുംബത്തെ കൊല്ലുകയും ചെയ്തു. ഭാര്യയെയും മക്കളെയും കൊന്നതിന്റെ ധാർമ്മിക ഉത്തരവാദിത്തം ബില്ലിന് ഉണ്ടോ ഇല്ലയോ?” എന്ന് ഉദാഹരണത്തിലൂടെ വിശദമായി രണ്ടാം വിഭാഗത്തോട് ചോദിക്കപ്പെട്ടു.

ഒരേ ചോദ്യം ചുരുക്കിയും, ഉദാഹരണത്തിലൂടെ വിശദമായും രണ്ട് വ്യവസ്ത രീതിയിൽ ചോദിക്കപ്പെട്ടപ്പോൾ പരീക്ഷണത്തിൽ പങ്കെടുത്തവർ വ്യത്യസ്ത രീതിയിലാണ് മറുപടി പറഞ്ഞത്.

ചോദ്യം ചുരുക്കി ചോദിക്കപ്പെട്ട വിഭാഗത്തിലെ ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് (14%) ആ പ്രപഞ്ചത്തിലെ ആളുകൾക്ക് തങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള ധാർമ്മിക ഉത്തരവാദിത്തം ഉണ്ട് എന്ന് അഭിപ്രായപ്പെട്ടത്.

എന്നാൽ മൂർത്തമായ രൂപത്തിൽ, ഉദാഹരണത്തിലൂടെ വിശദമായി ചോദിക്കപ്പെട്ട വിഭാഗത്തിലെ ഭൂരിഭാഗം വ്യക്തികളും (72%) “ബിൽ” തന്റെ കുടുംബത്തിന്റെ കൊലപാതകത്തിന് ധാർമ്മികമായി ഉത്തരവാദിയാണെന്ന് അഭിപ്രായപ്പെട്ടു.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വാതന്ത്ര്യേച്ഛയെയും ധാർമ്മികതയെയും കുറിച്ചുള്ള തങ്ങളുടെ അവബോധജന്യമായ സങ്കൽപ്പങ്ങൾക്ക് ഭീഷണിയായി പ്രപഞ്ചത്തിലെ കാര്യകാരണ ശൃംഖലയെ ജനങ്ങൾ കാണുന്നതായി പരീക്ഷണത്തിൽ നിന്ന് മനസ്സിലാവുന്നു. എന്നാൽ കാര്യകാരണ ശൃംഖലയിലൂടെ സംഭവവികാസങ്ങൾ നടക്കുന്ന അത്തരമൊരു പ്രപഞ്ചത്തിലെ കഥാപാത്രങ്ങൾ യഥാർത്ഥത്തിൽ ധാർമ്മികമായി ഉത്തരവാദികളായിരിക്കുമെന്ന് ചിന്തിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന, തീവ്രവികാരമുണർത്തുന്ന, ഉദാഹരണങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ കഥാപാത്രങ്ങൾക്ക് സ്വാതന്ത്ര്യേച്ഛയുണ്ട് എന്ന് ജനങ്ങൾ അഭിപ്രായപ്പെടുന്നു.
(Free Will and the Bounds of the Self: Forthcoming in Robert Kane, ed. Oxford Handbook of Free Will. New York: Oxford University Press]
Joshua Knobe and Shaun Nichols: Yale University University of Arizona)

അവതരണത്തിന്റെ രീതിക്കനുസരിച്ച് മനുഷ്യർക്ക് സ്വതന്ത്രേച്ഛ ഉണ്ടെന്നും ഇല്ലെന്നും മാറി മാറി തോന്നുന്ന തരത്തിലാണ് പ്രാപഞ്ചിക ഘടനയും മനുഷ്യ ജീവിതവും എന്നർത്ഥം.!
അതിനെന്തായിരിക്കും കാരണം ? നിർണയവാദവും സ്വതന്ത്രേച്ഛയുമാവുന്ന വൈരുദ്ധ്യങ്ങൾ സമന്വയിച്ച ഒരു അത്ഭുത പ്രതിഭാസമാണ് പ്രപഞ്ചം, പ്രത്യേകിച്ചും മനുഷ്യർ എന്ന് ആനുരൂപ്യതാവാദക്കാർ ഇതിന് മറുപടി പറയുന്നു.

print

No comments yet.

Leave a comment

Your email address will not be published.