ദഅ്‌വാനുഭവങ്ങൾ -18

//ദഅ്‌വാനുഭവങ്ങൾ -18
//ദഅ്‌വാനുഭവങ്ങൾ -18
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ -18

നിച്ച് ഓഫ് ട്രൂത്തിന്റെ പ്രവർത്തകനായി.…

‘ഞങ്ങൾ ക്രിസ്തുവിനെ പരിചയപ്പെടുത്താൻ വന്നതാണ്.’ പരപ്പനങ്ങാടി ബി.ഇ.എം. ഹൈസ്‌കൂളിലെ ഡ്രോയിങ്ങ് അധ്യാപകനായ വെങ്കുളം മാസ്റ്ററുടെ അകമ്പടിയോടെ വീട്ടിൽ വന്ന മൂന്നോ നാലോ പേർ ഉപ്പയോട് സംസാരിക്കുകയാണ്. ആറാം ക്ലാസിലോ ഏഴാം ക്ളാസിലോ പഠിക്കുമ്പോഴുള്ള ഓർമ്മയാണ്. എന്റെയും സഹോദരങ്ങളുടെയും അധ്യാപകൻ എന്ന നിലയിൽ തന്നെ മാസ്റ്ററോട് ആദരവോടെയാണ് ഉപ്പ സംസാരിക്കുന്നത്. അവർ എന്തൊക്കെയാണ് സംസാരിച്ചത് എന്ന് എനിക്കറിയില്ല. അവരിൽ ചിലർ സ്വയം പരിചയപ്പെടുത്തിയത് ചെറുതായി ഓർമ്മയിലുണ്ട്. പലരും ഞങ്ങളുടെ അടുത്ത പ്രദേശങ്ങളിലൊന്നും ഉള്ളവരല്ല. ദൂരെ നിന്ന് വരുന്നവരാണ്. സംസാരത്തിന് കോട്ടയം ചുവയുള്ളതായാണ് ഓർമ്മ. ദൂരെ ദിക്കുകളിൽ നിന്ന് ഞങ്ങളുടെ പ്രദേശത്തെല്ലാം വന്ന് മതപ്രചാരണം നടത്തുന്നവരോട് ആദരവാണ് തോന്നിയത്. അവർ ഉപ്പാക്ക് കൊടുത്ത ലഘുലേഖകൾ ആകാംക്ഷയോടെ മറിച്ച് നോക്കിയതായി ഇന്നും ഓർമ്മയിലുണ്ട്. സ്വന്തം ആദർശം ഞങ്ങൾക്ക് പറഞ്ഞുതരാനായി ദീർഘദൂരം യാത്ര ചെയ്തെത്തിയ അവരുടെ ചെയ്തി വളരെയേറെ ആകർഷിച്ചതുകൊണ്ടായിരിക്കണം അതിപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നത്. അത്തരം പ്രബോധകരോട്, അവരുടെ ആശയങ്ങളോട് വിയോജിപ്പും വിമർശനവുമെല്ലാം ഉള്ളതോടൊപ്പം തന്നെ, ഇപ്പോഴും ആദരവ് തോന്നാറുണ്ട്; സത്യമാണെന്ന് തങ്ങൾ കരുതുന്ന കാര്യങ്ങൾ സഹജീവികളോട് പങ്കുവെക്കുന്നതിനായി പരിശ്രമിക്കുന്നത് വലിയൊരു സേവനമാണെന്ന് മനസ്സിലാക്കുന്നത് കൊണ്ട് തന്നെയുള്ളതാണ് ഈ ആദരവ്.

ബി.ഇ.എം. ഹൈസ്‌കൂളിലെ ഡ്രോയിങ്ങ് മാഷോടൊപ്പം വന്നവരിൽ നിന്നാണ് ആദ്യമായി ക്രിസ്തുമതപ്രബോധനം അനുഭവിച്ചതെന്ന് പറഞ്ഞല്ലോ. ബാസൽ ഇവൻജലിക്കൽ മിഷന്റെ ചുരുക്കപ്പേരാണ് ബി.ഇ.എം. 1815 സെപ്റ്റംബർ 26ന് സ്വിറ്റ്സർലാന്റിലെ ബാസൽ നഗരത്തിലുള്ള ഏതാനും പേര് ചേർന്ന് രൂപീകരിച്ച മിഷനറി സംഘമാണ് ബാസൽ ഇവൻജലിക്കൽ മിഷൻ. ഇന്ത്യയിലെ മിഷനറി പ്രവർത്തങ്ങൾക്ക് വേണ്ടി ബാസൽ മിഷൻ നിയോഗിച്ച ജോഹാൻ ക്രിസ്റ്റഫർ ലെഹ്‌നർ, ക്രിസ്ത്യൻ ലെൻഹാർഡ്‌ ഗ്രീനെർ, സാമുവൽ ഹെബിച്ച് എന്നിവരെ വഹിച്ചുകൊണ്ടുള്ള കപ്പൽ 1834 ആഗസ്റ്റ് 21ന് കോഴിക്കോട് എത്തുന്നതോടെയാണ് ഇന്ത്യയിലെ ബാസൽ മിഷന്റെ പ്രവർത്തനങ്ങളുടെ ചരിത്രമാരംഭിക്കുന്നത്. കേണൽ മൺറോ കൊണ്ട് വന്ന മിഷനറിമാരുടെ നേതൃത്വത്തിൽ ചർച്ച് മിഷനറി സൊസൈറ്റിയുടെ(CMS) പ്രവർത്തനങ്ങൾ 1816 മുതൽ തന്നെ തിരുവതാംകൂറിൽ സജീവമായിരുന്നുവെങ്കിലും മലബാറിൽ അവരുടെ പ്രവർത്തനങ്ങൾ എത്തിയിട്ടുണ്ടായിരുന്നില്ല. ദക്ഷിണേന്ത്യയിൽ ശ്രദ്ധിക്കാൻ തീരുമാനിച്ച ബാസൽ മിഷൻ പ്രവർത്തകർ അവരുടെ കേന്ദ്രമായി തെരെഞ്ഞെടുത്തത് മംഗലാപുരത്തെയാണ്. 1834 ഒക്ടോബർ 30ന് മംഗലാപുരത്തെത്തിയ അവർ ആദ്യമായി ചെയ്തത് അവിടുത്തെ സാധാരണക്കാരോടോപ്പം ചേർന്ന് കന്നഡ, തുളു, മലയാളം, കൊങ്കണി ഭാഷകളിൽ വ്യുല്പത്തി നേടുകയാണ്. അതിന്ന് ശേഷം 1841ൽ ഒരു പ്രിന്റിങ് പ്രസ്സ് സ്ഥാപിക്കുകയും അതുപയോഗിച്ച് മിഷനറി ലഘുലേഖകൾ പ്രസിദ്ധീകരിക്കാൻ ആരംഭിക്കുകയും ചെയ്തു. 1846 ൽ മംഗലാപുരത്ത് തുറന്ന ഇൻഡസ്ട്രിയൽ സ്‌കൂളിൽ നിന്ന് തുടങ്ങുന്നതാണ് വിദ്യാഭ്യാസപ്രവർത്തനങ്ങളിലൂടെയുള്ള ബാസൽ മിഷൻ മിഷനറി പ്രവർത്തനങ്ങളുടെ ചരിത്രം. ആ സ്‌കൂളിൽ നിന്ന് പ്രിന്റിങ് ടെക്നോളജിയിൽ പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് അച്ചടിയിലൂടെയുള്ള ക്രിസ്തുമതപ്രചാരണം സജീവമാക്കി. അതിന്ന് ശേഷമാണ് ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ബാസൽ മിഷൻ ആരംഭിച്ചത്.

പരപ്പനങ്ങാടിയിലുള്ള ബാസൽ ഇവൻജലിക്കൽ മിഷനിന്റെ സ്‌കൂളിലാണ് ഞാൻ ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ പഠിച്ചത്. രണ്ട് ജ്യേഷ്ഠന്മാരുടെയും രണ്ട് പെങ്ങന്മാരുടെയും മുഴുവൻ സ്കൂൾ വിദ്യാഭ്യാസവും ഇതേ സ്‌കൂളിൽ തന്നെയായിരുന്നു. 1904 ൽ ബാസൽ മിഷൻ പരപ്പനങ്ങാടിയിൽ ആരംഭിച്ച പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമാണ് 1910 മുതൽ ബി. ജി. എം. എലിമെന്ററി സ്‌കൂൾ (Basel German Mission Elementary School) എന്ന് അറിയപ്പെടാൻ ആരംഭിച്ചത്. 1947 മുതൽ ബി.ഇ.എം. ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥാപനത്തിന്റെ ഭരണം നടത്തുന്നത് ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ്. ക്ലാസ് മുറിയിൽ വെച്ച് സൗജന്യമായി ലഭിച്ച ബൈബിൾ പുതിയ നിയമമാണ് അലമാരയിലെത്തിയ ആദ്യത്തെ ക്രൈസ്തവഗ്രന്ഥമെന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. ചില ദിവസങ്ങളിൽ വൈകുന്നേരം സ്കൂൾ വിട്ടുപോരുമ്പോൾ ഗെയിറ്റിനരികെ വിതരണം ചെയ്യാറുള്ള ലഘുലേഖകൾ വാങ്ങി ആകാംക്ഷയോടെ വായിച്ചുനോക്കിയിരുന്നതായി ഓർമ്മയുണ്ട്. അപ്പോഴെല്ലാം ഇത് ചെയ്യുന്നവരോട് വിരോധമല്ല, ആദരവാണ് തോന്നിയിരുന്നത്. തങ്ങൾ ശരിയെന്ന് വിശ്വസിക്കുന്നതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നവർ ആദരവാണ് അർഹിക്കുന്നത് എന്ന തന്നെയാണ് ഇപ്പോഴും കരുതുന്നത്. മർക്കസുൽ ബിശാറയുടെ ലഘുലേഖകളും ആദ്യമായി ലഭിച്ചത് സ്‌കൂളിൽ നിന്ന് പോകുമ്പോൾ തന്നെയായിരുന്നു. ഖുർആൻ വചനങ്ങൾ അറബിയിൽ തന്നെ ഉദ്ധരിക്കുന്ന അവരുടെ ലഘുലേഖകൾ കണ്ടപ്പോൾ കൗതുകം തോന്നി. വളഞ്ഞ മാർഗങ്ങളിലൂടെയല്ലാതെ നേർക്കുനേരെയാണ് മതപ്രബോധനം നിർവ്വഹിക്കുന്നതെങ്കിൽ ആരോടും മുസ്‌ലിംകൾക്ക് വിരോധം തോന്നുകയില്ല. തെക്കൻ കേരളത്തിൽ നിന്ന് ബഹുഭൂരിപക്ഷം മുസ്‌ലിംകൾ വസിക്കുന്ന പരപ്പനങ്ങാടിയെപ്പോലെയുള്ള പ്രദേശങ്ങളിൽ വന്ന് ക്രിസ്തുമതപ്രചാരണം നടത്തിയിരുന്ന ആരോടെങ്കിലും ഏതെങ്കിലും മുസ്‌ലിം മോശമായി പെരുമാറുകയോ അങ്ങനെ ചെയ്യാൻ ആരെങ്കിലും പ്രചോദിപ്പിക്കുകയോ ചെയ്തിട്ടില്ല; ചെറുപ്പത്തിലെ അനുഭവങ്ങൾ തന്നെയാണതിന് സാക്ഷി.

മിഷനറിമാരുടെ ലഘുലേഖകൾ വായിക്കുകയും കറസ്പോണ്ടൻസ് കോഴ്‌സുകളിൽ ചേർന്ന് പഠിക്കുകയുമെല്ലാം ചെയ്തുകൊണ്ടിരിക്കുമ്പോൾ അതേപോലെ ഇസ്‌ലാമിനെക്കുറിച്ച് പരിചയപ്പെടുത്തുന്നതിന് സംവിധാനങ്ങളുണ്ടാകണമെന്ന ആഗ്രഹം മനസ്സിൽ മുള പൊട്ടിയിരുന്നു. പ്രസ്തുത ആഗ്രഹത്തിന്റെ സാക്ഷാൽക്കാരമെന്ന നിലയിലാണ് ‘സൗണ്ട് ഓഫ് ട്രൂത്ത്’ രൂപീകരിക്കപ്പെട്ടത്. അതിന്ന് പിന്നിലുണ്ടായിരുന്നവരെല്ലാം വിദ്യാർത്ഥികളോ സാധാരണക്കാരോ ആയിരുന്നതിനാൽ പണം ചെലവഴിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളൊന്നും കാര്യമായി സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ‘നാം ശവംപേറികൾ മാത്രമോ?’ എന്ന ലഘുലേഖ പുറത്തിറക്കിയതിന് ശേഷം സ്വന്തമായി യാതൊന്നും പ്രസിദ്ധീകരിക്കാൻ കഴിയാതിരുന്നതിനുള്ള പ്രധാനപ്പെട്ട കാരണം സാമ്പത്തികം തന്നെയായിരുന്നു. മറ്റു പലരും അയച്ചു തന്ന ഇംഗ്ലീഷിലുള്ള ലഘുലേഖകൾ സൗണ്ട് ഓഫ് ട്രൂത്തിന്റെ മേൽവിലാസം പതിച്ചും സ്വന്തം കൈപ്പടയിൽ മലയാളത്തിലെഴുതിയ കുറിപ്പുകളും മറ്റും സൈക്ലൊസ്റ്റൈലും ഫോട്ടോസ്റ്റാറ്റുമെടുത്തും വിതരണം ചെയ്യുകയായിരുന്നു അന്നത്തെ പ്രധാനപ്പെട്ട പ്രവർത്തനം. ക്രിസ്തുമതപഠനത്തിനായി കറസ്പോണ്ടൻസ് കോഴ്‌സുകളിൽ ചേരുക അന്നത്തെ ഒരു ഹോബിയായിരുന്നതിനാൽ എല്ലാ ദിവസങ്ങളിലെയും പത്രങ്ങളിലെ പരസ്യങ്ങൾ ശ്രദ്ധിക്കുക പതിവായിരുന്നു. ക്ളാസിഫൈഡിലായിരിക്കും അത്തരത്തിലുള്ള പല പരസ്യങ്ങളുമെന്നതിനാൽ അത് അരിച്ചു പെറുക്കി നോക്കുകയായിരുന്നു. എല്ലാ ദിവസങ്ങളിലെയും പത്രങ്ങളിലെ ക്ലാസിഫൈഡ്‌സിൽ ഒന്നോ രണ്ടോ മിഷനറി പരസ്യങ്ങളുണ്ടാവും. ‘ക്രിസ്തുവിനെ അറിയാൻ എഴുതുക’ എന്ന തലക്കെട്ടോട് കൂടിയ പരസ്യങ്ങൾ. അവ കാണുമ്പോഴെല്ലാം എന്നാണ് ‘ഇസ്‌ലാമിനെ പരിചയപ്പെടുവാൻ ബന്ധപ്പെടുക’ എന്ന ഒരു പരസ്യം ഇങ്ങനെ പത്രത്തിൽ കാണാൻ കഴിയുക എന്ന് വേവലാതിയോടെ ചിന്തിക്കാറുണ്ടായിരുന്നു. അങ്ങനെ ചിന്തിക്കാൻ മാത്രമേ അന്ന് നിർവ്വാഹമുണ്ടായിരുന്നുള്ളൂ എന്ന് പറയുന്നതാവും ശരി.

എല്ലാ ദിവസത്തെയും പോലെ ഒരു ദിവസം മാതൃഭൂമി പത്രത്തിലെ ക്ളാസിഫൈഡ്‌സിലൂടെ കണ്ണോടിച്ചപ്പോഴാണ് ആ പരസ്യം കണ്ണിലുടക്കിയത്; ഏറെ നാളുകളായി കാണണമെന്ന് ആഗ്രഹിച്ച പരസ്യം. ‘ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക’ എന്ന തലക്കെട്ട് കണ്ടപ്പോൾ തന്നെ മനസ്സിൽ ഒരായിരം പൂത്തിരികൾ കത്തിയെന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തിയാവുകയില്ല. അതിരറ്റ സന്തോഷത്തോടെയാണ് തലക്കെട്ടിന് താഴെയുള്ള വിലാസം വായിച്ചത്: ‘എൻ.വി.എം. സാലിം, അരീക്കോട്, 673639.’ മാസങ്ങളോളം മനസ്സിൽ കൊണ്ട് നടക്കുന്ന ആശയം പ്രവർത്തികമാക്കിയത് ഏതെങ്കിലും സംഘടനയല്ല, അരീക്കോട്ടുകാരനായ ഒരു വ്യക്തിയാണെന്ന് അറിഞ്ഞപ്പോൾ അയാളോട് ഏറെ ആദരവ് തോന്നുകയും കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. അന്ന് മഗ്‌രിബിന് ശേഷം പരപ്പനങ്ങാടി ഇസ്‌ലാമിക് ലൈബ്രറിയിൽ ഒരുമിച്ചുകൂട്ടിയവരുടെ ചർച്ചകളിലൊന്ന് ഇതായിരുന്നു. എംഎസ്എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിലുള്ള എൻ. വി. മുഹമ്മദ് സാലിം എന്ന എഞ്ചിനീറിംഗ് കോളേജ് വിദ്യാർത്ഥിയാണ് ഈ പരസ്യം നൽകിയയാളെന്ന് പറഞ്ഞു തന്നത് അന്ന് സംസ്ഥാനതലത്തിലുള്ള മുജാഹിദ് നേതൃത്വവുമായി ബന്ധമുണ്ടായിരുന്ന ഹമീദാക്കയാണ്. ക്രിസ്തുമതത്തെക്കുറിച്ച അടിസ്ഥാനപാഠങ്ങൾ പറഞ്ഞുതന്ന സമദ് എളാപ്പയിൽ നിന്നാണ് എൻ.വി.എം. സാലിമിനെക്കുറിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞത്. അരീക്കോട് പ്രദേശത്ത് മുസ്‌ലിം നവോത്ഥാനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയയാളും ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ സംസ്ഥാന വൈസ്‌ പ്രസിഡണ്ടും കെഎൻഎമ്മിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയുമായ എൻ.വി അബ്ദുസ്സലാം മൗലവിയുടെ അനുജസഹോദരൻ മുഹമ്മദ് കുട്ടി സാഹിബിന്റെ രണ്ടാമത്തെ മകൻ; പാലക്കാട് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി; കേരളമുസ്‌ലിം നവോത്ഥാനത്തിന് മുന്നിൽ നടന്നയാളും കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ശില്പിയും ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് മലബാർ ജിലാ കമ്മറ്റിയുടെ ആദ്യത്തെ വൈസ്‌ പ്രസിഡണ്ടും കെഎൻഎമ്മിന്റെ ആദ്യത്തെ പ്രസിഡന്റുമായ കെഎം മൗലവിയുടെ ഇളയ മകൻ തയ്യിൽ മുഹമ്മദ് സാഹിബിന്റെ മൂത്തമകൾ റബീബയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. സമദ് എളാപ്പ വിവാഹം ചെയ്തിരിക്കുന്നത് കെഎം മൗലവിയുടെ രണ്ടാമത്തെ മകൻ മുഹ്‌യുദ്ദീൻ ഉമരിയുടെ മൂത്ത മകൾ ശമീമ ടീച്ചറെയാണ്. അദ്ദേഹത്തിന്റെയും സാലിം സാഹിബിന്റെയും ഭാര്യമാർ സഹോദരപുത്രിമാരാണെന്ന് കൂടി അറിഞ്ഞപ്പോൾ ഏറെ സന്തോഷമായി; അദ്ദേഹത്തെ പെട്ടെന്ന് തന്നെ പരിചയപ്പെടാൻ ഈ ബന്ധം ഉപയോഗപ്പെടുത്താമല്ലോ.

ക്രിസ്തുമതത്തെക്കുറിച്ച് ഗൗരവതരമായി പഠിക്കാൻ പ്രചോദനമായിത്തീർന്ന ജഡ്‌ജിയുമായുള്ള സംഭാഷണത്തിന് ആവശ്യമായ വിഭവങ്ങൾ നൽകിയ സമദ് എളാപ്പയെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. മതതാരതമ്യപഠനത്തിൽ മാത്രമായിരുന്നില്ല അദ്ദേഹം എന്റെ ആദ്യഗുരു; ഇംഗ്ലീഷ് ഭാഷയെയും സാഹിത്യത്തെയും അടുത്തറിയാൻ സഹായിച്ചതും അദ്ദേഹം തന്നെയായിരുന്നു. സ്‌കൂളിൽ നിന്നും കോളേജിൽ നിന്നുമുള്ള ഭാഷാപഠനത്തിനപ്പുറം ഇംഗ്ലീഷിനെ അറിയാനും ഇഷ്ടപ്പെടാനും സഹായിച്ചത് അദ്ദേഹമായിരുന്നുവെന്ന് പറയാം. ഇസ്‌ലാമിക് ലൈബ്രറിയിലെ പരിചയത്തിൽ നിന്ന് തുടങ്ങി വലിയൊരു സാഹോദര്യബന്ധത്തിലേക്ക് നീണ്ട അടുപ്പത്തിന് കാരണമായത് ഈ ഭാഷാപഠനമായിരുന്നു. ഡിഗ്രിക്ക് പഠിക്കാനുണ്ടായിരുന്ന The Citadel എന്ന എ.ജെ. ക്രോണിന്റെ നോവൽ വായിച്ച് വിശദീകരിച്ചുകൊണ്ടായിരുന്നു തുടക്കം. അത് എന്നെ അദ്ദേഹത്തിന്റെ വീട്ടിലെ ഒരു അംഗത്തെപോലെയാക്കി; എന്റെ കുടുംബവൃത്തത്തിന് പുറത്ത് അന്ന് ഏറ്റവുമധികം താലോലിച്ചത് അദ്ദേഹത്തിന്റെ മക്കളെയായിരിക്കും. പല തരം ചർച്ചകൾക്കും പഠനങ്ങൾക്കുമെല്ലാം ആ ബന്ധം നിമിത്തമായി. സാലിംക്കയെന്ന് പിന്നീട് ഞാൻ വിളിക്കാനാരംഭിച്ച എൻവിഎം സാലിമിനെ അടുത്ത് പരിചയപ്പെടുത്തിയതും അദ്ദേഹമാണ്. ആ ബന്ധമാണ് എന്നെ നിച്ച് ഓഫ് ട്രൂത്തുകാരനാക്കിയത് എന്ന് പറയാം.

എൻ. പി അലി ഹസ്സൻ എന്നാണ് സമദ് എളാപ്പയെന്ന് ഞങ്ങൾ വിളിക്കുന്നയാളുടെ യാഥാർത്ഥ നാമം. അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് നടന്ന ഒരു സൽക്കാരത്തോടനുബന്ധിച്ചാണ് സാലിംക്കയെ അടുത്ത് പരിചയപ്പെടുന്നത്. സൽക്കാരത്തിൽ സാലിംക്കയും ഭാര്യയും റബീബത്താത്തയുടെ മാതാപിതാക്കളും സഹോദരങ്ങളുമെല്ലാമുണ്ടായിരുന്നു. തയ്യിൽ മുഹമ്മദ് സാഹിബും കുടുംബവും ദമ്മാമിൽ നിന്ന് ലീവിൽ നാട്ടിലെത്തിയപ്പോഴായിരുന്നു സൽക്കാരം. അപ്പോഴേക്ക് സമദ് എളാപ്പയുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായി മാറിയിരുന്നതിനാൽ അവർ വന്നപ്പോൾ ഞാനും അവിടെയുണ്ടായിരുന്നു. സാലിംക്കയുടെ വ്യക്തിപരമായ വിലാസത്തിലാരംഭിച്ച ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന സംവിധാനം നിച്ച് ഓഫ് ട്രൂത്ത് എന്നാക്കി മാറ്റിയതിന് ശേഷമാണ് ഞങ്ങളുടെ കൂടിക്കാഴ്ചയുണ്ടാകുന്നത്. സൗണ്ട് ഓഫ് ട്രൂത്ത് എന്ന പേരിൽ ഇസ്‌ലാമികപ്രബോധനം എന്ന ലക്ഷ്യത്തോടെ ഞങ്ങൾ പരപ്പനങ്ങാടിയിൽ ആരംഭിച്ച കൂട്ടായ്മയെയും അതിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് ഞാൻ വിശദമായി സാലിംക്കയോട് സംസാരിച്ചു. നിച്ച് ഓഫ് ട്രൂത്തിന്റെ പ്രവർത്തനപദ്ധതികളെക്കുറിച്ച് അദ്ദേഹവും പറഞ്ഞു. അരീക്കോട് ആരംഭിച്ച നിച്ച് ഓഫ് ട്രൂത്തും പരപ്പനങ്ങാടിയിൽ ആരംഭിച്ച സൗണ്ട് ഓഫ് ട്രൂത്തും ഒരുമിച്ച് നിച്ച് ഓഫ് ട്രൂത്ത് എന്ന പേരിൽ പ്രവർത്തിക്കുവാൻ തീരുമാനിച്ചത് അങ്ങനെയാണ്. സൗണ്ട് ഓഫ് ട്രൂത്ത് അങ്ങനെ നിച്ച് ഓഫ് ട്രൂത്തിന്റെ പരപ്പനങ്ങാടി ചാപ്റ്ററായിത്തീർന്നു. പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുകയായിരുന്നു അരീക്കോട്ടെ നിച്ച് ഓഫ് ട്രൂത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തനം. പരപ്പനങ്ങാടി ചാപ്റ്ററാകട്ടെ, നേർക്കുനേരെയുള്ള പ്രബോധനപ്രവർത്തനങ്ങളിൽ മാത്രം കാര്യമായി ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പരപ്പനങ്ങാടിയിലും പരിസരപ്രദേശങ്ങളിളിലും മാത്രമായി ഒതുങ്ങി.

മുസ്‌ലിംകളല്ലാത്തവരിലേക്ക് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കുന്നതിനെക്കുറിച്ച് തന്റെ പിതൃസഹോദരീ പുത്രനായ ഡോ: കെ. അബ്ദുർ റഹ്‌മാനുമായി നടന്ന ചർച്ചകളാണ് സ്വന്തം പേരിൽ തന്നെ മാതൃഭൂമി ദിനപത്രത്തിലെ ക്ലാസിഫൈഡ് പരസ്യം നൽകുന്നതിലേക്ക് നയിച്ചതെന്ന് സാലിംക്ക എന്നോട് പറഞ്ഞിട്ടുണ്ട്. ഭാര്യാപിതാവായിരുന്ന മുഹമ്മദ് സാഹിബ് അതിന്ന് വരുന്ന സാമ്പത്തിക ചെലവ് വഹിക്കുവാൻ സന്നദ്ധമായതുകൊണ്ട് തന്നെ അക്കാര്യങ്ങൾ ഭംഗിയായി നടന്നു. ആദ്യത്തെ പരസ്യത്തോട് പ്രതികരിച്ചുകൊണ്ട് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ച് നൂറുക്കണക്കിന് ആളുകൾ ബന്ധപ്പെട്ടു. അവർക്കെല്ലാം ‘നാം എങ്ങോട്ട് ?’ എന്ന ഒരു ലഘുലേഖ അയച്ചുകൊടുക്കുകയാണ് ആദ്യമായി ചെയ്തത്. ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ഗൗരവതരമായി ചിന്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതായിരുന്നു ലഖുലേഖ. അത് പുറത്തിറങ്ങിയതിന് ശേഷം അരീക്കോട്ടുള്ള ഏതാനും പേർ സാലിംക്കയുടെ നേതൃത്വത്തിൽ കൂടിയിരുന്ന് മുസ്‌ലിംകളല്ലാത്തവരിലേക്കുള്ള പ്രബോധനപ്രവർത്തങ്ങൾക്കായി ഒരു കൂട്ടായ്മയുണ്ടാകണമെന്ന് തീരുമാനിക്കുകയും അതിന്ന് ‘നിച്ച് ഓഫ് ട്രൂത്ത്’ എന്ന് പേരിടുകയുമാണ് ചെയ്തത്. മുജാഹിദ് നേതാവും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന എൻ.വി. ഇബ്‌റാഹീം മാസ്റ്ററാണ് ‘മിശ്കാത്തുൽ ഹഖ്’ എന്ന പേര് നിർദ്ദേശിച്ചത്. അതിന്റെ ഇംഗ്ളീഷ് പരിഭാഷയാണ് നിച്ച് ഓഫ് ട്രൂത്ത്. ആ കൂട്ടായ്മയിൽ കാര്യമായി ഉണ്ടായിരുന്നത് സാലിംക്കയുടെ കുടുംബക്കാർ തന്നെയായിരുന്നു. സാലിംക്കയോടൊപ്പം സഹോദരനായ എൻ.വി. സക്കരിയ്യ, പിതൃസഹോദരനായിരുന്ന എൻ.വി. ഇബ്രാഹീം മാസ്റ്റർ, പിതൃവ്യപുത്രന്മാരായിരുന്ന എൻ.വി. അബ്ദുർ റഹ്‌മാൻ, എൻ.വി. ഹബീബ്, പിതൃസഹോദരീ പുത്രന്മാരായിരുന്ന ഡോ: കെ. അബ്ദുർ റഹ്‌മാൻ, കെ. മുഹമ്മദ് സാഹിബ്, ഭാര്യാപിതാവായിരുന്ന ടി. മുഹമ്മദ് സാഹിബ് പിതൃവ്യപുത്രീഭർത്താവായിരുന്ന ഡോക്ടർ പി. അബൂബക്കർ എന്നിവരായിരുന്നു ആദ്യം നിച്ച് ഓഫ് ട്രൂത്ത് എന്ന് പേരിട്ട ആ കൂട്ടായ്മയിലുണ്ടായിരുന്നത്. പിന്നീടാണ് കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ. വി. മൂസ സുല്ലമിയെക്കൂടി ഉൾപ്പെടുത്തി കൂട്ടായ്മ വികസിപ്പിക്കുകയും അത് രജിസ്റ്റർ ചെയ്യുകയും ചെയ്തത്.

മരണാനന്തര ജീവിതം അനിവാര്യമാണെന്നും അത് ബുദ്ധിയുടെ തേട്ടമാണെന്നും കർമ്മങ്ങൾക്കെല്ലാം കൃത്യവും നീതിനിഷ്ഠവുമായ പ്രതിഫലം ലഭിക്കുന്നതിനുള്ള ഒരു വേദിയില്ലെങ്കിൽ മനുഷ്യജീവിതം നിരർത്ഥകമാണെന്നും സ്ഥാപിച്ചുകൊണ്ട് ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ഗൗരവതരമായി ചിന്തിക്കുന്നവൻ വായനക്കാരനെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ഇസ്‌ലാമിനെക്കുറിച്ച് പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് എഴുതിയവർക്ക് ആദ്യമായി അയച്ചുകൊടുത്ത ‘നാം എങ്ങോട്ട്’ എന്ന തലക്കെട്ടിലുള്ള ലഘുലേഖ. അതിന്ന് ശേഷമാണ് ‘പ്രതിഫലവേദി’ എന്ന ലഘുകൃതി അയച്ചുകൊടുത്തത്. മരണാനന്തരജീവിതത്തെക്കുറിച്ച ഖുർആനിക വീക്ഷണം അവതരിപ്പിക്കുകയും വിചാരണയും സ്വർഗ്ഗ-നരകങ്ങളുമെല്ലാം സത്യമാണെന്ന് വായനക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ആ കൃതി. വെളിപാടുകളുടെ അടിസ്ഥാനത്തിൽ മാത്രമേ നന്മയും തിന്മയും വ്യവച്ഛേദിക്കുവാൻ കഴിയൂവെന്ന് സമർത്ഥിക്കുകയും ഇസ്‌ലാമിലെ പുണ്യ-പാപങ്ങളുടെ യുക്തിയും പ്രമാണികതയും വ്യക്തമാക്കുകയും ചെയ്യുന്ന ‘പുണ്യവും പാപവും’ എന്ന മൂന്ന് ഭാഗങ്ങളായുള്ള ലഘുകൃതികളാണ് ഓരോന്നോരോന്നായി പിന്നീട് അയച്ചുകൊടുത്തത്. മൗലവി: സുഹൈർ ചുങ്കത്തറയാണ് ഈ സിരീസിലെ ലഘുകൃതികളെല്ലാം എഴുതിയത്. സരളവും ഹൃദ്യവുമായ ശൈലിയിലുള്ള അദ്ദേഹത്തിന്റെ ആഖ്യാനം ആരെയും ഇരുത്തി ചിന്തിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.

‘നാം എങ്ങോട്ട്’ മുതൽ ‘പുണ്യവും പാപവും- 3’ വരെയുള്ള കൃതികൾ ഒന്നിന് പുറകെ മറ്റൊന്നായി ഒരു സീരീസ് രുപത്തിൽ അയച്ചുകൊടുക്കുന്നതോടൊപ്പം തന്നെ ചില സ്വതന്ത്രകൃതികളും അക്കാലത്ത് നിച്ച് ഓഫ് ട്രൂത്ത് പുറത്തിറക്കുകയും പഠിതാക്കൾക്ക് എത്തിക്കുകയും ചെയ്തിരുന്നു. അങ്ങനെ പുറത്തിറക്കിയ ആദ്യകൃതി ഡോ: എം. ഉസ്മാൻ സാഹിബിന്റെ ‘അല്ലാഹു’ വാണ്. ‘ദൈവവിശ്വാസം ഹിന്ദുമതത്തിൽ ക്രിസ്തുമതത്തിൽ ഇസ്‌ലാമിൽ’ എന്ന തലക്കെട്ടിൽ ഓരോ മതവിഭാഗത്തിലെയും പണ്ഡിതർ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായി കെഎൻഎം പ്രസിദ്ധീകരിച്ച ഗ്രൻഥത്തിൽ ഇസ്‌ലാമിലെ ദൈവസങ്കൽപത്തെക്കുറിച്ച് ഉസ്മാൻ സാഹിബ് എഴുതിയ ലേഖനം വിപുലീകരിച്ചതായിരുന്നു ‘അല്ലാഹു’. ഇസ്‌ലാമിലെ ദൈവസങ്കല്പത്തെക്കുറിച്ച് സമഗ്രവും സംക്ഷിപ്തവുമായി വിവരിക്കുന്നതാണ് കൃതി. ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി എഴുതിയ ‘ഖുർആൻ ഒരു സത്യാന്വേഷിയുടെ മുമ്പിൽ’ ആണ് പിന്നീട് പുറത്തിറക്കിയ ഗ്രൻഥം. ആധുനിക വിജ്ഞാനീയങ്ങളുടെ വെളിച്ചത്തിൽ ഖുർആൻ പരിശോധനാവിധേയമാക്കുകയും അതിന്റെ സത്യത സ്ഥാപിക്കുകയും ചെയ്യുന്ന ആ പുസ്തകം എഴുതുന്നതിന് പുസ്തകങ്ങൾ റഫർ ചെയ്യുന്നതിനായി ചെറിയമുണ്ടം പിഎസ്എംഒ കോളേജ് ലൈബ്രറിയിൽ വന്നപ്പോഴാണ് ഞാൻ അദ്ദേഹവുമായി അടുത്ത് പരിചയപ്പെടുന്നത്. മനുഷ്യഭ്രൂണത്തിന്റെ പരിണാമഘട്ടങ്ങളെക്കുറിച്ച ഖുർആൻ പരാമർശങ്ങൾ ആധുനികശാസ്ത്രവുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നതാണെന്ന ഡോ:കീത്ത് മൂറിന്റെ ശ്രദ്ധേയമായ പ്രസ്താവനയുടെ വെളിച്ചത്തിൽ ഖുർആനിലെ ഭ്രൂണപരാമർശങ്ങളെ പഠനവിധേയമാക്കുന്ന ‘ഖുർആനും ഭ്രൂണശാസ്ത്രവും’, ഇടമറുക് ഉന്നയിച്ച ഖുർആൻ വിമർശനങ്ങൾക്ക് അക്കമിട്ട് മറുപടി പറഞ്ഞുകൊണ്ടുള്ള ഒരു പ്രഭാഷണത്തിന്റെ പുസ്തകാവിഷ്കാരമായ ‘ഖുർആനും യുക്തിവാദികളും’ എന്നിവയാണ് ചെറിയമുണ്ടത്തിന്റേതായി പുറത്തിറക്കിയ മറ്റ് ‘നിച്ച് ഓഫ് ട്രൂത്ത്’ കൃതികൾ. ദൈവവിശ്വാസവും ദൈവാരാധനയുമെല്ലാം മനുഷ്യപ്രകൃതിയുടെ സ്വാഭാവികമായ തേട്ടമാണെന്ന് സ്ഥാപിച്ചുകൊണ്ട് മുഹമ്മദ് കൊടിയത്തൂർ എഴുതിയ ‘മനുഷ്യപ്രകൃതിയുടെ ശബ്ദം’ ആണ് അന്ന് പുറത്തിറക്കിയ മറ്റൊരു കൃതി. ഇസ്‌ലാമികപരിപ്രേക്ഷ്യത്തിൽ ക്രിസ്തുമതത്തെ അപഗ്രഥിച്ചുകൊണ്ട് എച്ച്. എം. ബാഗിൽ സംഭാഷണരൂപത്തിലെഴുതിയ ഇംഗ്ളീഷ് കൃതിയുടെ പരിഭാഷ ‘ക്രിസ്ത്യൻ- മുസ്‌ലിം സംവാദം’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയതാണ് മതതാരതമ്യപഠനരംഗത്തെ ആദ്യത്തെ നിച്ച് ഓഫ് ട്രൂത്ത് പുസ്തകം. എൻ.വി . ഇബ്‌റാഹീം മാസ്റ്ററാണ് പരിഭാഷകൻ.

പുസ്തകങ്ങളുടെ പ്രസാധനവും ഇസ്‌ലാം സീരീസ് അയച്ചുകൊടുക്കലുമായി അരീക്കോട് വൈ. എം. ബി ബിൽഡിംഗ് കേന്ദ്രമാക്കിയുള്ള നിച്ച് ഓഫ് ട്രൂത്ത് പ്രവർത്തനങ്ങൾ പ്രധാനമായും നടന്നത് അത് തുടങ്ങിയ ശേഷമുള്ള ആദ്യത്തെ രണ്ട് വർഷങ്ങളിലാണ്; ഡിഗ്രി അവസാനത്തെ രണ്ട് വർഷങ്ങളിൽ പഠിക്കുന്ന കാലമാണത്. കോളേജ് പഠനത്തോടൊപ്പം ഒഴിവ് സമയത്ത് അടുത്ത് തന്നെയുള്ള പാരലൽ കോളേജിൽ ഫിസിക്സ്, ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കുന്നുമുണ്ട്. സംഘടനാ പ്രവർത്തനങ്ങൾക്കും പുസ്തകങ്ങളും ആനുകാലികങ്ങളും വാങ്ങിക്കുന്നതിനുമുള്ള പണം കണ്ടെത്തിയിരുന്നത് തിരൂരങ്ങാടി ആർട്സ് കോളേജിലെ (ടാക്‌ട്) ഈ അധ്യാപനം വഴിയായിരുന്നു. ടാക്ടിന്റെ സ്ഥാപകനും പ്രിൻസിപ്പാളുമായ പി. മുഹമ്മദ് മാഷുമായുള്ള ഇടപെടലുകൾ ഇംഗ്ലീഷ് ഭാഷയെ പുഷ്ടിപ്പെടുത്താൻ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. അന്നത്തെ സംഘടനാപ്രവർത്തനങ്ങളും ദഅ്‌വാ പ്രവർത്തനങ്ങളുമെല്ലാം പഠനത്തിനും പഠിപ്പിക്കലിനുമിടയിൽ ഒഴിവുള്ള ദിവസങ്ങളിലായിരുന്നു നടന്നിരുന്നത്. ഒഴിവ് ദിവസങ്ങളിൽ പലപ്പോഴും അരീക്കോട് പോവുകയും ദഅ്‌വാ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനെക്കുറിച്ച് സാലിംക്കയുമായി സംസാരിച്ചിരിക്കുകയും ചെയ്യുക പതിവായിരുന്നു. അത്തരമൊരു അവസരത്തിലാണ് ഞാൻ ആദ്യമായി കെ. വി. മൂസ സുല്ലമിയെയും എൻ. വി. അബ്‌ദുർറഹ്‌മാൻ സാഹിബിനെയുമെല്ലാം പരിചയപ്പെടുന്നത്. സാലിംക്ക ജോലി ആവശ്യാർഥം വിദേശത്ത് പോയതിന് ശേഷം അവർ രണ്ട് പേരുമായിരുന്നു നിച്ച് ഓഫ് ട്രൂത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. സന്ദർശനങ്ങൾ വഴി സാലിംക്കയുടെ വീട്ടിലുള്ള എല്ലാവർക്കും ഞാൻ ചിരപരിചിതനായിത്തീർന്നു. അനുജന്മാരായ ശാക്കിർ, ഹാറൂൺ പിതൃവ്യപുത്രന്മാരായ ഹബീബ്, അജ്മൽ എന്നിവരുമായെല്ലാം വലിയ സൗഹൃദമുണ്ടായി. ഇടയ്ക്ക് അദ്ദേഹം തിരൂരങ്ങാടിയിലെ ഭാര്യവീട്ടിലെത്തുമ്പോൾ സംഭാഷണങ്ങൾക്കായി ഞാൻ അവിടെയുമെത്തുമായിരുന്നു. അങ്ങനെയാണ് ഭാര്യാസഹോദരൻ ബുഷൈറുമായും മാതാപിതാക്കളുമായുമെല്ലാം അടുത്തത്. ബുഷൈറുമായുള്ള അന്നത്തെ അടുപ്പം സൃഷ്ടിച്ച സൗഹൃദം ഇന്നും സജീവമായി നിലനിൽക്കുന്നു. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പലപ്പോഴും സാലിംക്കാന്റെ ഉപ്പ, അരീക്കോട്ടുകാരുടെ മുഹമ്മദ് കുട്ടി കാക്കയും അതിൽ ഇടപെടാറുണ്ടായിരുന്നു. അദ്ദേഹം നൽകാറുണ്ടായിരുന്ന ഉപദേശങ്ങൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു.

സാലിംക്കയുമായുള്ള നിരന്തരമായ ചർച്ചകളും ദഅ്‌വാ രംഗത്തെ സ്വപ്നങ്ങൾ പങ്കുവെക്കലുകളുമെല്ലാം ഡിഗ്രി പഠനത്തിന് ശേഷം ഞാൻ അന്തമാനിലേക്ക് പോകുന്നത് വരെ തുടർന്നു. മലയാളം സംസാരിക്കുന്നവർക്കെല്ലാം ഇസ്‌ലാമിന്റെ സത്യസന്ദേശം എത്തിച്ചുകൊടുക്കാൻ കഴിയുന്ന ഒരു കൂട്ടായ്മയായി നിച്ച് ഓഫ് ട്രൂത്തിനെ വളർത്തിക്കൊണ്ട് വരണമെന്ന ആശയമായിരുന്നു ഞങ്ങൾ പങ്കുവെച്ചിരുന്നത്. എങ്ങനെയെന്ന ചോദ്യത്തിന് ഞങ്ങളുടെയൊന്നും കൈകളിൽ കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. അതിന്നുള്ള ഉത്തരങ്ങൾ തേടിയുള്ള പ്രവർത്തനങ്ങൾ വഴിയാണ് കേരളത്തിലെ ഇസ്‌ലാമികപ്രബോധനത്തിന്റെ പര്യായമായി ‘നിച്ച് ഓഫ് ട്രൂത്ത്’ എന്ന നാമം വളർന്നു വന്നത്. സർവ്വശക്തന് സർവ്വ സ്തുതികളും; മുസ്‌ലിംകളല്ലാത്തവർക്കായി ഇസ്‌ലാമിനെ സമർപ്പിക്കുന്നതിന് പരിശ്രമിക്കുന്ന നിരവധി കൂട്ടായ്മകൾ ഇന്ന് കേരളത്തിലുണ്ട്. അവയെല്ലാം ദഅ്‌വത്ത് എന്ന ദൗത്യം അവയുടേതായ രീതികളിൽ നിർവ്വഹിക്കുന്നുമുണ്ട്. എല്ലാവരുടെയും പരിശ്രമങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

2 Comments

  • വളരെ ഹൃദ്യം.

    Muhammed Issa 01.02.2024
  • Ameen

    Shahin 20.03.2024

Leave a comment

Your email address will not be published.