വിധി വിശ്വാസം: ഒരു സമകാലിക വായന -7

//വിധി വിശ്വാസം: ഒരു സമകാലിക വായന -7
//വിധി വിശ്വാസം: ഒരു സമകാലിക വായന -7
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -7

“വിധി. വിധി – എന്നു പറയുന്നത് എന്തൊരു വസ്തുവാണെന്ന് ആർക്കെങ്കിലുമറിയാമോ? മനുഷ്യന് ഇച്ഛയ്ക്കനുസരിച്ച് സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യാവുന്ന ശക്തിയാണോ ഇത്? അതോ ഗംഗയിലെ ഈ ഒഴുക്കുപോലെ തന്നിലണിയുന്നതിനെ എല്ലാം തകർത്തൊഴുക്കിക്കൊണ്ടു പോവുന്ന അത്ഭുത പ്രവാഹമോ?”

ലളിതാംബിക അന്തർജനം (അഗ്നിസാക്ഷി )

*****************************

തീവ്ര നിർണയവാദം (Hard diterminism)

വില്യം ജെയിംസ് ഒരു അമേരിക്കൻ തത്ത്വചിന്തകനും മനഃശാസ്ത്രജ്ഞനും യുണൈറ്റഡ് സ്റ്റേറ്റ്സിൽ സൈക്കോളജി കോഴ്സ് വാഗ്ദാനം ചെയ്ത ആദ്യത്തെ അധ്യാപകനുമായിരുന്നു. ജെയിംസ് 19-ആം നൂറ്റാണ്ടിന്റെ അവസാനത്തെ പ്രമുഖ ചിന്തകനായും അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള തത്ത്വചിന്തകരിൽ ഒരാളായും കണക്കാക്കപ്പെടുന്നു. “അമേരിക്കൻ മനഃശാസ്ത്രത്തിന്റെ പിതാവ്” എന്ന് ശാസ്ത്ര ചരിത്രത്തിൽ അദ്ദേഹം അറിയപ്പെടുന്നു.

ശക്തനായ ഒരു നിർണയവാദിയായിരുന്നു അദ്ദേഹം. അതിനാൽ തന്നെ ആനുരൂപ്യതാവാദക്കാരെ അദ്ദേഹം “മൃദുല നിർണയവാദികൾ” (soft determinists) എന്ന് പരിഹസിച്ചു. ഭാഷാപരമായ പകിട്ട് വിദ്യയും ആശക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ദുർവ്യാഖ്യാനങ്ങളും മാത്രമാണ് ആനുരൂപ്യതാവാദം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജർമ്മൻ തത്ത്വചിന്തകനായ ഇമ്മാനുവൽ കാന്റ്, ആനുരൂപ്യതാവാദം കേവലം വ്യാമോഹവും അന്ധവിശ്വാസവുമാണെന്ന് പരിഹസിച്ചു.

ഇങ്ങനെ നിർണയവാദത്തിൽ തീവ്രത പുലർത്തുന്ന തത്ത്വജ്ഞരും ശാസ്ത്രജ്ഞരും പിന്നീട് “ശക്തരായ നിർണയവാദികൾ” (Hard diterminism)എന്ന് വിളിക്കപ്പെടാൻ തുടങ്ങി. മനുഷ്യന് ഒരു അർത്ഥത്തിലും ഇച്ഛാസ്വാതന്ത്ര്യം ഇല്ലെന്ന് കണിശമായി വാദിക്കുന്നവരാണ് ഹാർഡ് ഡിറ്റർമനിസ്റ്റുകൾ.

1770 ൽ, ഹാർഡ് ഡിറ്റർമനിസ്റ്റുകളിൽ പ്രധാനിയും, പ്രസിദ്ധ നാസ്തികനുമായ ബാരൺ ഡോൾബോക്ക് “The System of Nature or, the Laws of the Moral and Physical World” എന്ന മനശാസ്ത്ര-തത്ത്വശാസ്ത്ര ചരിത്രത്തിലെ നിർണായകമായ ഒരു കൃതി പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ കൃതി, മനശാസ്ത്ര നിർണയവാദം (Phycological determinism) എന്ന സുപ്രദാനമായ തത്ത്വശാസ്ത്ര ദർശനത്തിന് അടിത്തറ പാകി. “എല്ലാ മാനസിക ചലനങ്ങളും വ്യവഹാരങ്ങളും മുൻ മനഃശാസ്ത്രപരമായ കാരണത്തിന്റെ അനിവാര്യമായ അനന്തരഫലങ്ങൾ മാത്രമാണ്; ഇച്ഛാസ്വാതന്ത്രം മിഥ്യാബോധം മാത്രമാണ്…” എന്നതാണ് മനശാസ്ത്ര നിർണയവാദത്തിന്റെ ആകത്തുക.

“പ്രപഞ്ചം ഒരു ഫലമല്ല; അത് എല്ലാ ഫലങ്ങളുടെയും കാരണമാണ്; അതിൽ അടങ്ങിയിരിക്കുന്ന ഓരോ സത്തയും ഈ കാരണത്തിന്റെ അനിവാര്യമായ ഫലമാണ്; അവ ചിലപ്പോൾ അവയുടെ പ്രവർത്തനം നമ്മുക്ക് പ്രദർശിപ്പിച്ചു എന്നു വരാം. എന്നാൽ പൊതുവെ അതിന്റെ പ്രവർത്തനങ്ങൾ മറച്ചുവെക്കപ്പെടുന്നു. അതിനാൽ തന്നെ മിക്കവാറും പ്രതിഫലങ്ങളുടെ കാരണങ്ങൾ (causes) നമ്മുക്ക് അജ്ഞാതമായിരിക്കും. യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള തങ്ങളുടെ അജ്ഞത മറച്ചു വെക്കാനായി മനുഷ്യർ “യാദൃച്ഛികമായി സംഭവിച്ചു” “ആകസ്‌മികമായി സംഭവിച്ചു” എന്നെല്ലാം പദങ്ങൾ ഉപയോഗിക്കും. ഒരു സംഭവത്തിന്റെ കാരണം നമ്മുക്ക് മനസ്സിലായില്ല എങ്കിലും ചില നിയമങ്ങൾക്കനുസൃതമായി മാത്രമാണ് അവ പ്രവർത്തിക്കുന്നത്. കാരണം (cause) ഇല്ലാതെ ഫലം (effect) ഇല്ല. നാം ദർശിക്കുന്ന ചലനങ്ങൾ, എണ്ണമറ്റ അസ്തിത്വങ്ങൾ, വിവിധ പദാർത്ഥങ്ങൾ, അനന്തമായ സംയോജനങ്ങൾ, വൈവിധ്യമാർന്ന സമന്വയങ്ങൾ എന്നിവയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദം മാത്രമാണ് “പ്രകൃതി” എന്നത്. സംഘടിതമോ അസംഘടിതമോ ആയ എല്ലാ ശരീരങ്ങളും ചില കാരണങ്ങളുടെ അനിവാര്യമായ ഫലങ്ങളാണ്. പ്രകൃതിയിൽ യാദൃശ്ചികമായി ഒന്നും സംഭവിക്കില്ല. എല്ലാ കാര്യങ്ങളും നിശ്ചിത നിയമങ്ങൾക്ക് വിധേയമാണ്.” എന്ന് ബാരൺ ഡോൾബോക്ക് എഴുതി.
(Good Sense by Baron Paul Henri D’Holbach)

ഡേവിഡ് ഹ്യൂമും ഇതേ അഭിപ്രായം പിന്തുടരുന്നുണ്ട്: “പ്രതിഭാസങ്ങളുടെ കാരണങ്ങൾ നമ്മുക്ക് അജ്ഞാതമാണ് എന്നതിനാലാണ് “യാദൃശ്ചികത” എന്ന പദം നാം ഉപയോഗിക്കുന്നത്. “യാദൃശ്ചികത” “ആകസ്മികത” എന്നിങ്ങനെ ഒന്നും തന്നെ ഇല്ല.”
(Concerning Human Understanding: 6).

ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞനും തത്ത്വശാസ്ത്ര പണ്ഡിതനുമായ ലപ്ലാസ്, സമാനമായ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.

ദസ്തയേവ്‌സ്കിയുടെ “Notes from Underground” എന്ന നോവലിലെ, ഭൂഗർഭ മനുഷ്യൻ, പ്രകൃതിയുടെ നിർണിത നിയമങ്ങൾക്കെതിരെ മത്സരിച്ചുകൊണ്ട് തനിക്ക് തന്റെ ആധികാരികവും അകൃത്രിമവുമായ സ്വത്വം കൈവരിക്കാമെന്ന് വിശ്വസിക്കുന്നു. അതായത്, മനുഷ്യർ അവർക്ക് ഏറ്റവും പ്രയോജനപ്രദമായത് എന്ന് പൊതുവായി അനുമാനിക്കുന്ന കാര്യങ്ങളെന്തൊക്കെയാണോ, അവക്കെല്ലാം എതിരായി മനഃപൂർവം പ്രവർത്തിക്കുന്നതിലൂടെ അർത്ഥവത്തായ അസ്തിത്വം സൃഷ്ടിക്കപ്പെടുമെന്ന് നോവലിലെ ഭൂഗർഭ മനുഷ്യൻ വിശ്വസിച്ചു.

നിർണയവാദത്തിന് എതിരായ ദസ്തയേവ്‌സ്കിയുടെ ഈ സാഹിത്യ ദാർശനിക ഉദ്യമത്തെ ബാരൺ ഡോൾബോക്ക് ഇപ്രകാരം പരിഹസിച്ചു തള്ളി: ഭൂഗർഭ മനുഷ്യന്റെ നിർണ്ണയാവസ്ഥക്ക് എതിരെ മത്സരിക്കാനുള്ള ത്വര പോലും കാര്യകാരണ ബന്ധങ്ങളാൽ നിർണിതമാണ്. കാരണം മനുഷ്യന്റെ മനസും ഒരു ഭൗതിക വസ്തുവാണ്; പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയിലുള്ള എല്ലാം കണിശമായ നിയമങ്ങൾക്ക് വിധേയവും നിർണിതവുമാണ്.

print

No comments yet.

Leave a comment

Your email address will not be published.