വിധി വിശ്വാസം: ഒരു സമകാലിക വായന -8

//വിധി വിശ്വാസം: ഒരു സമകാലിക വായന -8
//വിധി വിശ്വാസം: ഒരു സമകാലിക വായന -8
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -8

“എല്ലാം മുൻകൂട്ടി നിശ്ചയിച്ചതാണെന്നും അവ മാറ്റാൻ നമുക്കാർക്കും കഴിയില്ലെന്നും അവകാശപ്പെടുന്ന ആളുകൾ പോലും റോഡ് മുറിച്ചുകടക്കുന്നതിന് മുമ്പ് ഇരു ഭാഗത്തേക്കും നോക്കുന്നതായി ഞാൻ കാണാറുണ്ട്.”

– സ്റ്റീഫൻ ഹോക്കിങ്

*************************

സ്വതന്ത്രേച്ഛയിലുള്ള വിശ്വാസം സാംസ്കാരിക സാർവത്രിക വീക്ഷണമാണെന്ന് സ്കോട്ടിഷ് തത്ത്വചിന്തകനായ തോമസ് റീഡ് അവകാശപ്പെടുന്നു. റീഡിന്റെ ഈ വീക്ഷണത്തെ ബലപ്പെടുത്തുന്ന ധാരാളം പഠനങ്ങളും ഗവേഷണങ്ങളും ഒരു വശത്ത് നാം കണ്ടെത്തുകയും ചെയ്യുന്നു.

ഹാഗോപ് സർക്കിസിയൻ (City University of New York – Bernard M. Baruch College), അമിത ചാറ്റർജി (Jadavpur University), ഫെലിപ്പ് ഡി ബ്രിഗാർഡ് (Duke University), ജോഷ്വ നോബ് (Yale University) തുടങ്ങിയവർ ചേർന്ന് രചിച്ച, “സ്വതന്ത്ര ഇച്ഛാശക്തിയിലുള്ള വിശ്വാസം ഒരു സാംസ്കാരിക സാർവത്രികതയാണോ?” എന്ന ഗവേഷണ പഠനം ഇപ്രകാരം വിശദീകരിക്കുന്നു:

“യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഹോങ്കോംഗ്, ഇന്ത്യ, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള പരീക്ഷണാർത്ഥികളിൽ സ്വതന്ത്രേച്ഛയെക്കുറിച്ചുള്ള അവബോധങ്ങൾ പരിശോധിക്കുന്ന ഒരു ക്രോസ്-കൾച്ചറൽ പഠനം അവതരിപ്പിച്ചുകൊണ്ട് ഈ പ്രബന്ധം, വിഷയവുമായി ബന്ധപ്പെട്ട് നടന്ന മുൻ ഗവേഷണങ്ങളെ വിപുലീകരിക്കുന്നു. ഗവേഷണത്തിന്റെ ഫലങ്ങൾ എല്ലാ സംസ്കാരങ്ങളിലും ജനിച്ചു വളർന്ന വ്യക്തികളുടേയും വിശ്വാസ സാമ്യത വെളിപ്പെടുത്തുന്നു. നാല് സാംസ്കാരിക ഭൂമികകളിൽ നിന്നും പങ്കെടുത്തവരിൽ ഭൂരിഭാഗവും നമ്മുടെ പ്രപഞ്ചം സ്വതന്ത്യ ഇച്ഛാശക്തിയിൽ അധിഷ്ടിതമാണെന്ന് വിശ്വസിക്കുന്നവരാണ്. ഈ വിശ്വാസം നൈസർഗികമായി മനുഷ്യരിൽ ഉളവാവുന്നതുമാണ്.”

ടമാർ കുഷ്‌നിർ (Cornell University, Ithaca,NewYork) പ്രസിദ്ധീകരിച്ച “സ്വതന്ത്ര ഇച്ഛാശക്തിയുടെ വികാസപരവും സാംസ്കാരികവുമായ മനഃശാസ്ത്രം” എന്ന ഗവേഷണ പ്രബന്ധത്തിന്റെ കണ്ടെത്തലുകളും വിഷയകമായി ശ്രദ്ധേയമാണ്. പ്രവർത്തനങ്ങളെയും പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തത്തെയും സംബന്ധിച്ച ശിശുക്കളുടെ ധാരണ ഗവേഷണ-നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയതിലൂടെ സ്വതന്ത്രേച്ഛയെ സംബന്ധിച്ച വിശ്വാസം നമ്മളിൽ ശൈശവകാലം മുതൽക്കെ കുടികൊള്ളുന്നുണ്ട് എന്ന് പ്രബന്ധം വാദിക്കുന്നു.

ആറു മാസം മാത്രം പ്രായമായ കുട്ടികളിൽ നടത്തിയ മറ്റൊരു പഠനം ഉപോൽബലകമായ തെളിവുകളാണ് മുന്നോട്ട് വെക്കുന്നത്; പരീക്ഷണം ഇങ്ങനെ:

ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുമ്പിൽ മൂന്ന് തരം വിനോദങ്ങൾ കാഴ്ച്ചവെച്ചു:

1. ഒരു പന്ത്, മുന്നിൽ തടസ്സങ്ങളായി വെച്ചിട്ടുള്ള വസ്തുക്കളിൽ മുട്ടാതെ സ്വതന്ത്രമായി നീങ്ങുന്നു. ഈ കാഴ്ച്ച കുഞ്ഞുങ്ങളുടെ താൽപര്യം പെട്ടെന്ന് തന്നെ ഇല്ലാതാക്കി. കുഞ്ഞുങ്ങൾ മറ്റു പലതിലേക്കും ശ്രദ്ധ തിരിച്ചു.

2. ഒരു പന്ത്, മുന്നിൽ തടസ്സങ്ങളായി വെച്ചിട്ടുള്ള വസ്തുക്കളിൽ മുട്ടുന്നു. മുട്ടിയ ഉടനെ മുന്നിലുള്ള വസ്തുക്കൾ നീങ്ങുന്നു. ഈ കാഴ്ച്ചയും കുഞ്ഞുങ്ങളുടെ താൽപര്യം പെട്ടെന്ന് തന്നെ ഇല്ലാതാക്കി. കുഞ്ഞുങ്ങൾ മറ്റു പലതിലേക്കും ശ്രദ്ധ തിരിച്ചു.

3. ഒരു പന്ത്, മുന്നിൽ തടസ്സങ്ങളായി വെച്ചിട്ടുള്ള വസ്തുക്കളിൽ മുട്ടാതെ സ്വതന്ത്രമായി നീങ്ങുന്നു. പക്ഷെ പന്ത് അരികിലൂടെ പോകുമ്പോൾ, മുട്ടാതെ തന്നെ മുന്നിലെ വസ്തുക്കളും നീങ്ങുന്നു ! ഈ കാഴ്ച്ച കുഞ്ഞുങ്ങളിൽ അതിയായ താൽപര്യവും കൗതുകവും ജനിപ്പിച്ചു. കുഞ്ഞുങ്ങൾ ഒരുപാട് സമയം ഈ വിനോദത്തെ നിരീക്ഷിച്ചു കൊണ്ടിരുന്നു.
(Great Philosophical Debates: Free Will and Determinism: Dr. Shaun Nichols: professor University of Arizona)

എങ്ങനെയാണ് പന്ത് മുട്ടാതെ തന്നെ വസ്തുക്കൾ നീങ്ങുന്നത് ?!! ഈ പ്രതിഭാസത്തിന് ഒരു യുക്തിപരമായ വ്യാഖ്യാനം കുഞ്ഞുങ്ങളും പരതുന്നു എന്നർത്ഥം. ഇത് കുഞ്ഞുങ്ങളുടെ ജന്മനാലുള്ള പ്രപഞ്ച സങ്കൽപ്പത്തെ വെളിവാക്കുന്നുണ്ട്. പന്ത് മുട്ടാതെ തന്നെ വസ്തുക്കൾ നീങ്ങുക എന്നത് കുഞ്ഞുങ്ങളുടെ നൈസർഗികമായ പ്രതീക്ഷക്ക് വിരുദ്ധമാണ്. കുഞ്ഞ് പ്രതീക്ഷിക്കുന്നത്, ഒരു വസ്തു ചലിക്കണമെങ്കിൽ അത് ചലിക്കുന്ന ഒരു വസ്തുവുമായി ബന്ധപ്പെടണം എന്നാണ്. ഈ നിയമത്തെ contact principle എന്നാണ് വിളിക്കപ്പെടുന്നത്. Agent causation അവബോധം നമ്മിൽ നൈസർഗികമായ നിലനിൽക്കുന്നു എന്നതിന് തെളിവാണ് ഇത്. അഥവാ സംഭവം (Event) അല്ലാത്ത, Agent കളായ നമുക്ക് കാരണം (cause) ആയി പ്രവർത്തിക്കാൻ സാധിക്കും എന്ന വിശ്വാസം നമ്മിൽ നൈസർഗികമായി കുടികൊള്ളുന്നു.

ചുരുക്കത്തിൽ, സ്വതന്ത്ര്യേച്ഛയിലുള്ള വിശ്വാസം സാംസ്കാരിക സാർവത്രിക വീക്ഷണമാണെന്ന് തോമസ് റീഡിന്റെ അവകാശവാദത്തെ പരീക്ഷണങ്ങൾ പിന്തുണക്കുന്നു എന്നർത്ഥം. വ്യത്യസ്ത സംസ്കാരങ്ങളിലും കുടുംബങ്ങളിലുമായി ലോകത്തിന്റെ വ്യത്യസ്ത ദിക്കുകളിൽ ജനിക്കുന്ന മനുഷ്യർ, ബാഹ്യമായ ഇടപെടലുകളുടെയൊ സ്വാധീനങ്ങളുടെയൊ ഫലമായല്ലാതെ -സ്വന്തമായി തന്നെ – മനുഷ്യർക്ക് സ്വതന്ത്രേച്ഛയുണ്ട് എന്ന് വിശ്വസിക്കുന്നവരാണ്.

ഈ വിശ്വാസത്തിലേക്ക് നാം എങ്ങനെ സ്വമേധയാൽ എത്തി എന്ന ചർച്ചകളും പണ്ഡിത ലോകത്ത് നിലനിൽക്കുന്നുണ്ട്. മനുഷ്യന് സ്വതന്ത്ര ഇച്ഛാശക്തി ഉണ്ട് എന്ന നമ്മളുടെ വിശ്വാസത്തിലേക്ക് നാം എത്തിച്ചേരാനുള്ള കാരണവും വഴിയും കണ്ടെത്തിയാൽ, ഒരു പക്ഷെ സ്വതന്ത്രേച്ഛയിലുള്ള വിശ്വാസം സത്യമൊ മിഥ്യയൊ എന്ന് അറിയാനും നമ്മുക്ക് സാധിക്കുമെന്ന് പല തത്ത്വചിന്തകരും കണക്കുകൂട്ടുകയുണ്ടായി.

“നമ്മൾ സ്വതന്ത്ര ഇച്ഛാശക്തിയിൽ സഹജമായി തന്നെ വിശ്വസിക്കുന്നതിന് കാരണം, സ്വതന്ത്ര ഇച്ഛാശക്തി നാം നിരന്തരം അനുഭവിക്കുന്നു” എന്നതിനാലാണ് എന്ന് തോമസ് റീഡ് വാദിക്കുന്നു.
അനുഭവങ്ങൾ വിശ്വാസത്തിലേക്കും അറിവിലേക്കും നയിക്കും എന്നത് ഒരു വസ്തുതയാണ്; വേദന, സുഖം എന്നിവ നാം വിശ്വസിക്കാനും അറിയാനും ആരംഭിച്ചത് അനുഭവങ്ങളിലൂടെയാണ് എന്നതു പോലെ.

നിർണയവാദികൾ ഈ വ്യാഖ്യാനത്തെ തിരസ്കരിക്കുന്നു. വ്യത്യസ്തമായ മറ്റൊരു വ്യാഖ്യാനം അവർ മുമ്പോട്ട് വെക്കുന്നു: നാം സ്വതന്ത്ര ഇച്ഛാശക്തിയിൽ വിശ്വസിക്കുന്നത്, നമ്മളുടെ തീരുമാനങ്ങളുടെ യഥാർത്ഥ കാരണങ്ങൾ (causes) കാണാൻ നാം പരാജയപ്പെടുന്നതിനാലാണ്. കാരണങ്ങൾ ആദൃശ്യമാവുന്ന സന്ദർഭങ്ങളിൽ സാഹചര്യത്തിന് അർത്ഥം നൽകാനായി മറ്റു പലതിനെയും കാരണമായി പ്രതിഷ്ടിക്കുക എന്നത് മനുഷ്യരുടെ ഒരു സ്വഭാവമാണ്. അപ്പോൾ സ്വതന്ത്രേച്ഛയിലുള്ള വിശ്വാസം യഥാർത്ഥത്തിൽ ഒരു അന്ധവിശ്വാസമാണ്. നാസ്തികരായ നിർണയവാദികൾ മാത്രമല്ല ഇത്തരമൊരു വ്യാഖ്യാനം അവതരിപ്പിച്ചിട്ടുള്ളത്, പ്രത്യുത ആസ്‌തികരും സമാനമായി വാദിച്ചിട്ടുണ്ട്.

ജൂത തത്ത്വചിന്തകനായ ബറിക് എസ്പിനോസ (1632 – 1677), പോർച്ചുഗീസ്-ജൂത വംശജനായ ഒരു പ്രമുഖ ജ്ഞാനോദയ തത്ത്വചിന്തകനായിരുന്നു.

ദൈവം മാത്രമാണ് ഒരു സ്വതന്ത്ര കാരണം (Free cause) എന്ന് അദ്ദേഹം വാദിച്ചു. കാരണം, കാരണങ്ങളില്ലാതെ അവശേഷിക്കുന്ന, സ്വയംഭൂവായ അസ്തിത്വം ദൈവം മാത്രമാണ്. ദൈവത്തിന്റെ പെരുമാറ്റങ്ങൾക്കും പ്രവർത്തനങ്ങൾക്കും മാത്രമെ കാരണങ്ങളില്ലാത്ത, സ്വയംഭൂവായ പ്രകൃതി സാധ്യമാവൂ. അപ്പോൾ ദൈവം മാത്രമാണ് ഒരു സ്വതന്ത്ര കാരണം. അതുകൊണ്ട് തന്നെ ദൈവത്തിന് മാത്രമെ സ്വതന്ത്രേച്ഛ ഉള്ളു.
(The Collected Works of Spinoza, quoted from: The Causes of Our Belief in Free Will: Spinoza
on Necessary, “Innate,” yet False Cognition: Yitzhak Y. Melamed: chapter 6)

സ്വതന്ത്രേച്ഛയിലുള്ള നമ്മളുടെ വിശ്വാസം സഹജമാണെങ്കിലും നമ്മുടെ അറിവില്ലായ്മയാണ് അതിന് കാരണം എന്ന് ബറിക് എസ്പിനോസ പറയുന്നു. ഏത് ഭക്ഷണമാണ് എന്റെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായതെന്ന് എനിക്കറിയില്ലെങ്കിൽ, എനിക്ക് ഭക്ഷ്യ വിഷബാധ ഇല്ലെന്ന് അത് അർത്ഥമാക്കുന്നില്ലല്ലൊ.

മനുഷ്യന്റെ മറ്റൊരു സഹജമായ അന്തർജ്ഞാനവും ആദർശവുമാണല്ലൊ ധാർമ്മികത. ധാർമ്മികതക്ക് (നന്മയും തിന്മയും) അസ്തിത്വമുണ്ടെങ്കിൽ മനുഷ്യന്റെ സ്വതന്ത്ര ഇച്ഛാശക്തി യാഥാർത്ഥ്യമാവണം എന്ന് ലിബർട്ടേറിയനിസക്കാരായ തത്ത്വശാസ്ത്ര പണ്ഡിതർ വാദിക്കുന്നു.
“ബാധ്യതപ്പെടുത്തൽ കഴിവിനെ സൂചിപ്പിക്കുന്നു” (Ought implies can) എന്ന തത്ത്വചിന്തകരുടെ ആപ്‌തവാക്യം ഈ ആശയത്തിലാണ്.

Ought implies can
“ബാധ്യതപ്പെടുത്തൽ കഴിവിനെ സൂചിപ്പിക്കുന്നു”; ഇമ്മാനുവൽ കാന്റിലേക്ക് ചേർക്കപ്പെടുന്ന ഒരു ധാർമ്മിക സൂത്രവാക്യമാണിത്. ഒരു ഏജന്റ്, ഒരു നിശ്ചിത പ്രവർത്തനം നടത്താൻ ധാർമ്മികമായി ബാധ്യസ്ഥനാണെങ്കിൽ, യുക്തിപരമായി, അത് നിർവഹിക്കാൻ അയാൾക്ക് കഴിവുണ്ടായിരിക്കണം. ഉദാഹരണത്തിന്, നാം നല്ല മനുഷ്യരാകണമെന്ന് ധാർമ്മിക നിയമം കൽപ്പിക്കുന്നുവെങ്കിൽ, നല്ല മനുഷ്യരാകാനുള്ള കഴിവും പ്രാപ്തിയും നമ്മുക്ക് ഉണ്ട് എന്നത് അവിതർക്കിതമായി തെളിയുന്നു.
(Kant, Immanuel. Critique of Pure Reason. p. 473.)

നന്മ ചെയ്യാനും തിന്മ വെടിയാനും മനുഷ്യർ ബാധ്യസ്ഥനാണൊ ? ബാധ്യസ്ഥനാണെങ്കിൽ അവ തമ്മിൽ തിരഞ്ഞെടുക്കാനും പ്രാവർത്തികമാക്കാനുമുള്ള സ്വാതന്ത്ര്യവും മനുഷ്യന് ഉണ്ടല്ലൊ. ധാർമ്മികതക്ക് വസ്തുനിഷ്ഠമായ അല്ലെങ്കിൽ വ്യക്തിനിഷ്ഠമായ അസ്തിത്വം ഉണ്ടെങ്കിൽ സ്വാഭാവികമായും സ്വതന്ത്ര്യ ഇച്ഛാശക്തിയും കർമ്മ സ്വാതന്ത്ര്യവും മനുഷ്യന് ഉണ്ട് എന്ന് തെളിയുന്നു.

നിർണയവാദികൾ പല രൂപത്തിലുമാണ് ഈ വെല്ലുവിളിയോട് പ്രതികരിക്കുക:

ഒന്ന്, ആസ്തികരായ ചില നിർണയവാദികൾ (സാധാരണ മത വിശ്വാസികളെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്) പ്രതികരിക്കുക ഇപ്രകാരമാണ്: മനുഷ്യർക്ക് സ്വതന്ത്രേച്ഛ ഇല്ല. എല്ലാം നിർണിതമാണ്. പക്ഷെ നിർണയി ദൈവമാണ്. ദൈവത്തിന്റെ നിർണയങ്ങളിൽ അനീതി സംഭവിക്കില്ല. ദൈവം തന്നെയാണ് ധാർമ്മികതയുടെ രചയിതാവ്. അതിലും അനീതിയൊന്നും ഇല്ല. ഒരു വ്യക്തി ധാർമ്മികനാവുകയാണെങ്കിൽ അത് അയാളുടെ സ്വതന്ത്രേച്ഛ കൊണ്ടല്ല. ദൈവ വിധിയാലാണ്. പക്ഷെ ആ ദൈവ വിധിക്ക് അവൻ ആത്മീയമായി അർഹനാണ് എന്നതിനാലാണ് അങ്ങനെ വിധിക്കപ്പെട്ടത്. ഇനി ഒരു വ്യക്തി അധർമ്മി ആവുകയാണെങ്കിൽ അതും അയാളുടെ സ്വതന്ത്രേച്ഛ കൊണ്ടല്ല. ദൈവ വിധിയാലാണ്. പക്ഷെ ആ ദൈവ വിധിക്ക് അവൻ ആത്മീയമായി അർഹനാണ് എന്നതിനാലാണ് അങ്ങനെ വിധിക്കപ്പെട്ടത്. അപ്പോൾ വിധിയിൽ അനീതി സംഭവിക്കുന്നില്ല.

എങ്കിൽ ദൈവ വിധിക്കുള്ള ആത്മീയമായ അർഹത എങ്ങനെയാണ് ഒരു വ്യക്തിക്ക് ലഭ്യമാവുക? അത് ലഭ്യമാവുന്ന കാരണം എന്തുമാവട്ടെ, ആ കാരണം സ്വതന്ത്രമാണൊ അതൊ അതും നിർണിതമാണൊ ? സ്വതന്ത്രമാണെങ്കിൽ ആ ഒരു ചുരുങ്ങിയ വൃത്തത്തിലെങ്കിലും സ്വതന്ത്രേച്ഛ നിലനിൽക്കുന്നു എന്ന് വരില്ലെ? എന്നെല്ലാം ലിബർട്ടേറിയനിസക്കാർ മറുചോദ്യങ്ങൾ തൊടുത്തു വിടുന്നു.

രണ്ട്, നാസ്തികരായ ചില നിർണയവാദികൾ പ്രതികരിക്കുക ഇപ്രകാരമാണ്:

ധാർമ്മികതക്ക് വസ്തുനിഷ്ഠമായ യാഥാർത്ഥ്യമില്ല. നന്മയും തിന്മയും കാലാന്തരങ്ങളിൽ പരിണാമങ്ങളിലൂടെ മാറി മാറി തോന്നുന്ന കേവല സങ്കൽപ്പങ്ങൾ മാത്രമാണ്. അതുകൊണ്ട് തന്നെ മനുഷ്യന് സ്വതന്ത്രേച്ഛയില്ല. മനുഷ്യന് സ്വതന്ത്രേച്ഛയില്ല എന്നതിൽ നിന്നും ധാർമ്മികതക്ക് വസ്തുനിഷ്ഠമായ യാഥാർത്ഥ്യമില്ല എന്ന് തിരിച്ചും തെളിയിക്കാവുന്നതാണ്.

അമേരിക്കൻ പരിണാമ ജീവശാസ്ത്രജ്ഞനും നാസ്തികനുമായ വില്യം ബോൾ പ്രൊവിൻസ് പറഞ്ഞു:

“ആധുനിക പരിണാമ ജീവശാസ്‌ത്രം ഉച്ചത്തിലും പച്ചയായും പ്രസ്‌താവിക്കുന്ന യാഥാർത്ഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തി എന്റെ വീക്ഷണങ്ങൾ ഞാൻ ഇവിടെ സംഗ്രഹിക്കട്ടെ, ഇവ അടിസ്ഥാനപരമായി ഡാർവിന്റെ വീക്ഷണങ്ങളാണെന്ന് ഞാൻ പറയുന്നു. ദൈവങ്ങളില്ല, ഏതെങ്കിലും തരത്തിലുള്ള ലക്ഷ്യബോധമുള്ള ശക്തികളില്ല, മരണാനന്തര ജീവിതമില്ല. ഞാൻ മരിക്കുമ്പോൾ, ഞാൻ പൂർണ്ണമായും മരിക്കാൻ പോവുകയാണെന്ന് എനിക്ക് തീർത്തും ഉറപ്പുണ്ട്. അത്രയെ ഉള്ളു കാര്യം- അത് എന്റെ സമ്പൂർണമായ അവസാനമായിരിക്കും. ധാർമ്മികതയ്ക്ക് ആത്യന്തികമായ അടിത്തറയില്ല, ജീവിതത്തിന് ആത്യന്തിക അർത്ഥമില്ല, മനുഷ്യർക്ക് സ്വതന്ത്ര ഇച്ഛാശക്തിയുമില്ല.”
(Darwinism: Science or Naturalistic Philosophy? The Debate at Stanford University, William B. Provine (Cornell University) and Phillip E. Johnson (University of California, Berkeley), videorecording © 1994 Regents of the University of California.)

വസ്തുനിഷ്ഠമായ ധാർമ്മികതയെ നിരസിച്ചാൽ പോലും, എല്ലാ നിർണയവാദികളും അവരുടെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള വ്യക്തിനിഷ്ഠമായ ധർമ്മങ്ങളെയും ഉത്തരവാദിത്തങ്ങളും മൂല്യങ്ങളിലും വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടല്ലൊ?! സ്വതന്ത്രേച്ഛ ഇല്ലെങ്കിൽ അതിലെന്താണ് യുക്തി ?! എന്തിന് അങ്ങനെ ചെയ്യണം, എന്തുകൊണ്ട് ഇങ്ങനെ ചെയ്തു കൂടാ?! ചെയ്യാതിരുന്നാൽ എന്തെ ?! ഈ ചോദ്യങ്ങൾക്കൊന്നും നിർണയവാദികൾക്ക് മറുപടിയില്ല എന്ന് ലിബർട്ടേറിയനിസക്കാർ ആരോപിക്കുന്നു.

print

No comments yet.

Leave a comment

Your email address will not be published.