വിധി വിശ്വാസം: ഒരു സമകാലിക വായന -9

//വിധി വിശ്വാസം: ഒരു സമകാലിക വായന -9
//വിധി വിശ്വാസം: ഒരു സമകാലിക വായന -9
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -9

സ്വതന്ത്രേച്ഛാ അസാധ്യതാവാദം (Free will impossibilism)

നിർണയവാദം (determinism) സത്യമാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ സ്വതന്ത്ര ഇച്ഛാശക്തി എന്നത് അസാധ്യമാണെന്ന് കരുതുകയും വാദിക്കുകയും ചെയ്ത തത്ത്വചിന്തകരും ശാസ്ത്രജ്ഞരുമാണ് സ്വതന്ത്രേച്ഛാ അസാധ്യതാവാദക്കാർ (Free will impossibilists). നിർണയവാദത്തെ ചർച്ച ചെയ്യാനൊ സ്വീകരിക്കാനൊ തിരസ്കരിക്കാനൊ ഈ വിഭാഗക്കാർക്ക് താൽപര്യവും സന്നദ്ധതയും ഇല്ല. എന്നാൽ ഒരു കാര്യത്തിൽ അവർക്ക് ഉറപ്പുണ്ട്: മനുഷ്യർക്ക് തങ്ങളുടെ പ്രവർത്തനങ്ങൾക്കു മേൽ സ്വതന്ത്രേച്ഛയൊ തിരഞ്ഞെടുപ്പു സ്വാതന്ത്ര്യമൊ ഇല്ല.

എപ്പിഫെനോമിനലിസം (Epiphenomenalism) ഈ തത്ത്വശാസ്ത്ര പക്ഷത്തിന് ഉദാഹരണമാണ്.

ഇന്ദ്രിയങ്ങൾ, നാഡീ പ്രേരണകൾ, പേശികളുടെ സങ്കോചങ്ങൾ പോലെ, മനുഷ്യശരീരത്തിലെ ശാരീരികവും ജൈവ രാസപരവുമായ സംഭവങ്ങൾ മാത്രമാണ് മാനസിക സംഭവങ്ങളുടെ (ചിന്ത, ബോധം, അറിവ്) ഒരേയൊരു കാരണം (cause) എന്ന് കരുതുന്ന, മനസ്സ്-ശരീര പ്രശ്നത്തെക്കുറിച്ചുള്ള ഒരു നിലപാടാണ് എപ്പിഫെനോമിനലിസം.

ഈ വീക്ഷണമനുസരിച്ച്, ആത്മനിഷ്ഠമായ മാനസിക ഭാവങ്ങളും അവസ്ഥകളും മനുഷ്യശരീരത്തിനുള്ളിലെ ശാരീരികവും ജൈവ രാസപരവുമായ സംഭവങ്ങളെ പൂർണ്ണമായും ആശ്രയിച്ചിരിക്കുന്നു. എന്നാൽ അവയ്ക്ക് ശാരീരിക സംഭവങ്ങളിൽ യാതൊരു സ്വാധീനവുമില്ല. ആത്മനിഷ്ഠമായ മാനസികാവസ്ഥകൾ (ഉദാഹരണത്തിന് intentions/ ഉദ്ദേശ്യങ്ങൾ പോലുള്ളവ) ശാരീരിക സംഭവങ്ങളെ സ്വാധീനിക്കുന്നതായി നമുക്ക് തോന്നുന്നത് വെറും മിഥ്യാ ബോധത്താലാണ്.

ഉദാഹരണത്തിന്, ഭയം ഹൃദയമിടിപ്പ് വേഗത്തിലാക്കുന്നതായി നമ്മുക്ക് തോന്നുന്നു, എന്നാൽ ഭയം എന്ന നമ്മുടെ അനുഭവമല്ല ഹൃദയമിടിപ്പ് ഉയർത്തുന്നത്. എപ്പിഫെനോമിനലിസമനുസരിച്ച്, തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും പ്രതികരണമാണ് ഹൃദയമിടിപ്പിന് കാരണമായി ഭവിക്കുന്നത്. ഉദാഹരണത്തിന്, അഡ്രിനാലിൻ പോലുള്ള ബയോകെമിക്കൽ സ്രവങ്ങളാണ് ഹൃദയമിടിപ്പിന് കാരണം.

മാനസിക സംഭവങ്ങൾ ഭൗതികമല്ലാത്ത ഗുണങ്ങളുള്ള ഒരു തരം ഓവർഫ്ലോ മാത്രം ആയതിനാൽ ശാരീരികമായ അഥവാ ഭൗതികമായ ഒരു സ്വാധീനത്തിനും ചലനത്തിനും അത് കാരണമായി മാറില്ല.
(Walter, Sven. “Epiphenomenalism”. Internet Encyclopedia of Philosophy. University of Bielefeld. Archived from the original on 23 September 2013. Retrieved 10 October 2013.)

നമ്മുടെ മനസ്സ് പ്രവർത്തനത്തിന് ഒരു തരത്തിലും കാരണം (cause) ആവുന്നില്ല. ജെറ്റ് വിമാനത്തിൽ നിന്ന് പുക ഉയരുന്നത് പോലെ ഒരു ഉപോൽപ്പന്നം മാത്രമാണ് മാനസിക വ്യവഹാരങ്ങൾ. അല്ലാതെ അവ ഒരു കാരണമല്ല. തീയിൽ കൈ വെച്ചാൽ സംഭവിക്കുന്ന വേദന, നിലവിളി, തീയിൽ നിന്ന് കൈ പിൻവലിക്കൽ എന്നിവ ഒന്നും തന്നെ ഒരു മാനസിക തീരുമാനമല്ല. അത് സ്വമേധയാ ഉള്ള ശാരീരിക പ്രതികരണങ്ങൾ മാത്രമാണ്. അവ സംഭവിക്കുമ്പോൾ അവ ചെയ്യണമെന്ന തോന്നൽ നമ്മിൽ ഉളവാകുന്നു എന്നത് ഒരു മിഥ്യാബോധം മാത്രമാണ്. കൈ വലിക്കണം, നിലവിളിക്കണം, വേദനിക്കണം എന്നൊക്കെ നമ്മൾ മാനസികമായി തീരുമാനിച്ചതു കൊണ്ടല്ല നാം അത് ചെയ്തത്. നമ്മൾ അതൊന്നും തീരുമാനിച്ചില്ലെങ്കിലും ആ പ്രവർത്തനങ്ങൾ എല്ലാം സ്വഭാവികമായും ശാരീരികമായും സംഭവിക്കും. അവയിൽ നമ്മുടെ മാനസിക തീരുമാനങ്ങൾക്ക് വല്ല പങ്കുമുണ്ട് എന്ന് നമുക്ക് തോന്നുന്നത് മിഥ്യയാണ്. ഇത് തന്നെയാണ് മനുഷ്യരുടെ എല്ലാ പ്രവർത്തനങ്ങളുടെയും അവസ്ഥ എന്ന് എപ്പിഫെനോമിനലിസം വ്യാഖ്യാനിക്കുന്നു.

(മാനസികമായ) തീരുമാനങ്ങൾ മസ്തിഷ്ക പ്രവർത്തനങ്ങളുടെ കേവല പാർശ്വ നിർമ്മിതികൾ മാത്രമാണ്. തീരുമാനങ്ങൾ, പ്രവർത്തനങ്ങളുടെ കാരണമാണ് എന്ന തോന്നൽ കേവലം മിഥ്യാബോധമാണ് എന്ന് ചുരുക്കം.

സമാനമായ വീക്ഷണം ആദ്യകാല ബുദ്ധമത ഫിലോസഫിയിൽ നമ്മുക്ക് കാണാം. അഥവാ സൈക്കോളജിക്കൽ ഡിറ്റെർമിനിസത്തിന് സമാനമായ തത്ത്വജ്ഞാന വീക്ഷണങ്ങൾ ആദ്യകാല ബുദ്ധ ഫിലോസഫികളിൽ ഉള്ളടങ്ങിയിട്ടുണ്ട്: “ഞാൻ” എന്ന സങ്കൽപ്പം യുക്തിരഹിതമോ മിഥ്യയോ ആണ്. “ഞാൻ” വല്ലതും ചെയ്യുമ്പോളാണല്ലൊ സ്വതന്ത്രേച്ഛ എന്ന ഒന്നുണ്ട് എന്ന് പറയാൻ കഴിയുക. “അഹം” അല്ലെങ്കിൽ “ആത്മം” എന്ന ഒന്ന് തന്നെ ഇല്ലെങ്കിൽ പിന്നെ സ്വതന്ത്രേച്ഛ എങ്ങനെ ഉണ്ടാവും ! ഈ സിദ്ധാന്തം ഒരുതരം റാഡിക്കൽ ഡിറ്റർമിനിസമാണ്. പൊതുവായ ഒരു വീക്ഷണമല്ല.

ഡേവിഡ് ഹ്യൂം സാമ്യമായ വാദം അവതരിപ്പിക്കുന്നുണ്ട്. കാലാകാലങ്ങളിൽ വ്യത്യസ്തപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ് ആത്മം. മാറി മാറി കൊണ്ടിരിക്കുന്ന തീരുമാനങ്ങളും ചിന്തകളും മാത്രമാണ് ആത്മം. അതുകൊണ്ട് തന്നെ “ഞാൻ” അല്ലെങ്കിൽ “ആത്മം” എന്ന ഒന്നില്ല. മാറിമാറിക്കൊണ്ടിരിക്കുന്ന “ആത്മം” മാത്രമെ ഉള്ളൂ. ഇന്ന് ഒരു ഞാൻ, നാളെ മറ്റൊരു ഞാൻ.

നിർണയവാദം ശരിയൊ തെറ്റൊ എന്ന് പരിഗണിക്കാതെ തന്നെ സ്വതന്ത്ര ഇച്ഛാശക്തിയുടെ സാന്നിധ്യത്തിൽ വിശ്വസിക്കാത്ത ധാരാളം ആധുനിക തത്ത്വചിന്തകരുണ്ട്.

ബ്രിട്ടീഷ് അനലിറ്റിക് ഫിലോസഫറായ ഗാലൻ ജോൺ സ്ട്രോസൺ (ജനനം 1952), നിർണ്ണയവാദം ശരിയാണെങ്കിലും അല്ലെങ്കിലും സ്വതന്ത്ര ഇച്ഛാശക്തി അസാധ്യമാണ് എന്നത് നമുക്ക് ബോധ്യപ്പെടുത്തുന്ന ഒരു അടിസ്ഥാന ബോധം നമ്മളിൽ തന്നെയുണ്ട് എന്ന് അഭിപ്രായപ്പെടുന്നു.

ആത്യന്തികമായി ആരും തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ധാർമ്മികമായി ഉത്തരവാദികളല്ല. അതിനാൽ നമ്മെ അലോസരപ്പെടുത്തുന്ന അർത്ഥത്തിൽ ഒരു സ്വതന്ത്രേച്ഛ നമുക്കില്ല. “അടിസ്ഥാന വാദം” (basic argument) എന്ന് സ്ട്രോസൺ സ്വയം പരിചയപ്പെടുത്തുന്ന അദ്ദേഹത്തിന്റെ വാദം, ലളിതമായി ഇപ്രകാരം സംഗ്രഹിക്കാം:

“ഏത് സാഹചര്യത്തിലും നിങ്ങൾ ചെയ്യുന്നതെന്തും നിങ്ങൾ ചെയ്യുന്നത്, നിങ്ങൾ ഏത് തരം വ്യക്തിയാണൊ അതിനനുസരിച്ചാണ്. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് ആത്യന്തികമായി നിങ്ങൾ ഉത്തരവാദി ആയിരിക്കണമെങ്കിൽ, നിങ്ങൾ ഏത് തരം വ്യക്തിയാണൊ അതിന്റെ രൂപീകരണത്തിന് നിങ്ങൾ ആത്യന്തികമായി ഉത്തരവാദിയായിരിക്കണം. ചില നിർണ്ണായകമായ മാനസിക നിർമ്മിതിയുടെ കാര്യങ്ങളിലെങ്കിലും നിങ്ങൾ ആത്യന്തികമായി ഉത്തരവാദിയായിരിക്കണം. എന്നാൽ നിങ്ങൾ ഏത് തരം വ്യക്തിയാണൊ അതിന് ഏതുവിധത്തിലും നിങ്ങൾ ആത്യന്തികമായി ഉത്തരവാദിയല്ല. അതിനാൽ തന്നെ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾക്ക് ആത്യന്തികമായി ഉത്തരവാദിയാകാൻ കഴിയില്ല.”
[Strawson, Galen. “Free Will Archived 25 August 2007 at the Wayback Machine” in the Routledge Encyclopedia of Philosophy, ed. Edward Craig (1998); “The Bounds of Freedom” in The Oxford Handbook of Free Will, ed. Robert Kane (2002).]

ഈ വാദം ആർതർ ഷോപ്പൻ‌ഹോവറിന്റെ, “On the Fourfold Root of the Principle of Sufficient Reason”, എന്ന കൃതിയിൽ പ്രകാശിതമായ നിലപാടിനോട് സാമ്യമുള്ളതാണ്. “പ്രചോദന നിയമം” (law of motivation) എന്ന് ഇ.എഫ്.ജെ. പെയ്ന് അത് സംഗ്രഹിച്ചിരിക്കുന്നു:
“ഒരു നിശ്ചിത ഗതിയിലുള്ള പ്രവർത്തനങ്ങൾ അനിവാര്യമായും വ്യക്തിത്വത്തെയും പ്രചോദനത്തെയും പിൻതുടർന്ന് സംഭവിക്കുന്നതാണ്. ”

print

No comments yet.

Leave a comment

Your email address will not be published.