വലിയ പ്രപഞ്ചത്തിന്റെ ദൈവം ചെറിയ മനുഷ്യന് മതം നൽകുമോ ?

//വലിയ പ്രപഞ്ചത്തിന്റെ ദൈവം ചെറിയ മനുഷ്യന് മതം നൽകുമോ ?
//വലിയ പ്രപഞ്ചത്തിന്റെ ദൈവം ചെറിയ മനുഷ്യന് മതം നൽകുമോ ?
ആനുകാലികം

വലിയ പ്രപഞ്ചത്തിന്റെ ദൈവം ചെറിയ മനുഷ്യന് മതം നൽകുമോ ?

ന്യൂയോർക്കിലെ അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ 360 അടി നീളമുള്ള കോസ്മിക് നടപ്പാതയെക്കുറിച്ച് പറഞ്ഞുകൊണ്ട് തുടങ്ങുകയും സ്വന്തത്തെ പരിഹസിച്ചുകൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുന്ന ഒരു കുറിപ്പിൽ നമ്മുടെ പ്രപഞ്ചമുണ്ടായ കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമിയും അവിടെയുള്ള ജീവജാലങ്ങളുമെല്ലാം ഉണ്ടായിട്ട് വളരെ കുറച്ച് കാലം മാത്രമേ ആയിട്ടുള്ളൂവെന്നും മനുഷ്യരുണ്ടായിട്ട് അതിലും കുറച്ച് കാലമേ ആയിട്ടുള്ളൂവെന്നും സമർത്ഥിക്കുകയും ഈമഹാപ്രപഞ്ചത്തെ പടച്ചു പരിപാലിക്കുന്നുവെന്ന് അവകാശപ്പെടുന്ന ‘ദൈവങ്ങൾ’ക്ക് മനുഷ്യരുടെ കാര്യങ്ങളിൽ മാത്രമെന്തിനാണ് ഇത്ര വലിയ വേവലാതിയെന്ന് അപഹസിക്കുകയും ചെയ്യുന്നുണ്ട്. അത് വായിച്ചപ്പോൾ മുമ്പ് ഡോ: ഉസ്മാൻ സാഹിബ് പറഞ്ഞ ഒരു സമവാക്യമാണ് ഓർമ്മ വന്നത്. ‘അല്പജ്ഞാനം + അഹങ്കാരം = ദൈവനിഷേധം; അറിവ് + വിനയം = ദൈവവിശ്വാസം’. മെഡിക്കൽ ഡോക്ടറുടെ ഉള്ള വിവരം വെച്ചുകൊണ്ട് പടച്ചവനെയും വിനീതരായ അവന്റെ ദാസന്മാരെയും പരിഹസിച്ചുകൊണ്ട് നാടകം കളിച്ച് അഹങ്കരിച്ച തന്റെ ഭൂതകാലത്തെയും വെളിപാടുകൾ നൽകുന്ന യഥാർത്ഥമായ വിവരം ആസ്വദിക്കുക വഴി കരഗതമായ വിനയത്തെയും താരതമ്യം ചെയ്യുന്ന ഉസ്മാൻ സാഹിബിന്റെ സമവാക്യം സ്വന്തം അനുഭവത്തിൽ നിന്ന് നിർധരിക്കപ്പെട്ടതാണ്. നടേ പറഞ്ഞ കുറിപ്പുകാരൻ ആ സമവാക്യത്തെ സത്യപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.

പ്രപഞ്ചമുണ്ടായിട്ട് 1370 കോടി വർഷങ്ങളായെന്നാണ് ആധുനികപഠനങ്ങൾ വ്യക്തമാക്കുന്നതെന്നത് ശരിയാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ സൗരയൂഥം ഉണ്ടായതായി കരുതപ്പെടുന്ന 457 കോടി വർഷങ്ങളും ഭൂമിയുടെ പ്രായമായ 454കോടി വർഷങ്ങളുമെല്ലാം വളരെ ചെറുതാണെന്നതും ശരിയാണ്. ആദ്യത്തെ ജീവനുണ്ടായതായി കരുതപ്പെടുന്ന 370 കോടി വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മനുഷ്യക്കോലത്തിലുള്ള ആദ്യത്തെ ജീവിയുണ്ടായതായി കരുതപ്പെടുന്ന 50 ലക്ഷം വർഷങ്ങൾ വളരെ വളരെ ചെറുതാണെന്നതും ശരിയാണ്. പ്രപഞ്ചത്തിന്റെ ആയുസ്സ് 360 അടി നീളമുള്ള പാതയാണെങ്കിൽ അതുമായി താരതമ്യം ചെയ്യുമ്പോൾ മനുഷ്യരുടെ ചരിത്രത്തിന് ഒരു മുടിയുടെ വണ്ണത്തോളം മാത്രമേ നീളമുണ്ടാവൂ എന്നതും ശരിയാണ്. ഈ ശരികൾ ഉൾക്കൊള്ളുന്ന അല്പജ്ഞാനത്തോട് ഇതെല്ലാം അറിഞ്ഞുകഴിഞ്ഞ ‘ഞാൻ’ എന്ന അഹങ്കാരം സമാസമം ചേർക്കുമ്പോഴാണ് ഇതെല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്നവനെ നിഷേധിക്കുന്നതിലേക്ക് ആപതിക്കുന്നത്. അത് അവസാനം എത്തുന്നത് ഈ മഹാപ്രപഞ്ചത്തെ പടച്ച ഒരുവനുണ്ടെങ്കിൽ അവൻ മനുഷ്യരുടെ ചെറിയ കാര്യങ്ങളിൽ ഇടപെടുന്നവനാവുകയില്ലെന്നും അതിനാൽ ആർക്കും ആരോടും ഒന്നിനും കണക്ക് പറയേണ്ടതില്ലെന്നും എല്ലാവർക്കും യാതൊരുവിധ വിധിവിലക്കുകളുമില്ലാതെ തന്നിഷ്ടത്തിന് ജീവിക്കാം എന്നുമുള്ള ഉപസംഹാരത്തിലാണ്. ഈ ഉപസംഹാരത്തിന് വേണ്ടിയാണ് ഇത്തരക്കാർ ശാസ്ത്രം പറയുന്നത്. വലിയ ഡാറ്റകളുമായുള്ള അക്ഷരവ്യായാമം തുടങ്ങുന്നത് കണ്ടാൽ തോന്നുക ശാസ്ത്രപ്രചാരണമെന്ന വലിയ സേവനം ചെയ്യാനുള്ള പുറപ്പാടാണെന്നാണ്; തന്നിഷ്ടത്തിന് ജീവിക്കുക എന്ന ജീവിതദർശനത്തിന് അടിത്തറയുണ്ടാക്കാനാണ് ശാസ്ത്രം പറഞ്ഞ് വിയർക്കുന്നതെന്ന് മനസ്സിലാവുക വർത്തമാനത്തിന്റെ അവസാനത്തിലാണ്. ശാസ്ത്രത്തിന്റെ കുപ്പിയിൽ ആക്രാന്തത്തിന്റെ പ്രത്യയശാസ്ത്രം വിറ്റഴിക്കാനാണ് ശ്രമം.

പ്രപഞ്ചോൽപ്പത്തി നടന്നിട്ട് 1370 കോടി വർഷങ്ങളായിട്ടുണ്ടാകാമെന്നത് ശാസ്ത്രം നൽകുന്ന അറിവാണ്; പ്രപഞ്ചം നിലനിൽക്കുന്ന ഭൗതികനിയമങ്ങളെ അപഗ്രഥിച്ചുകൊണ്ട് ശാസ്ത്രജ്ഞർ എത്തിയ നിഗമനം. അതേ ഭൗതികനിയമങ്ങളെ അപഗ്രഥിച്ചുകൊണ്ട് ശാസ്ത്രജ്ഞർ എത്തിയിട്ടുള്ള മറ്റൊരു നിഗമനം ആക്രാന്തത്തിന്റെ ന്യായീകരണത്തിന് വേണ്ടി മാത്രം സയൻസിനെ ദുരുപയോഗിക്കുന്നവർക്ക് പഥ്യമാവില്ല. ആദിമഭ്രൂണത്തിന്റെ സിങ്കുലാരിറ്റിയിൽ നിന്ന് നമ്മുടെ പ്രപഞ്ചം രൂപീകൃതമാകുമ്പോൾ തന്നെ ഈ പ്രപഞ്ചത്തിൽ ഭൂമിയും മനുഷ്യരുമെല്ലാം ഉണ്ടായിരിക്കണമെന്ന പ്രോഗ്രാം ഉണ്ടായിരുന്നുവെന്ന നിഗമനമാണത്. പ്രപഞ്ചത്തിലെ ഒരു ചെറിയ പൊട്ട് മാത്രമായ ഭൂമിയും പ്രപഞ്ചത്തെ ആസ്വദിക്കാൻ കഴിയുന്ന മനുഷ്യനുമെല്ലാം ഇവിടെ ഉണ്ടാകണമെന്ന പ്രോഗ്രാമോടുകൂടിയാണ് ആദിമസ്ഫോടനം നടന്നതെന്ന് പറയുന്നത് ഫ്രെഡ് ഹോയിലിനെയും റോബർട്ട് ഡിക്കിനെയും പോൾ ഡിറാക്കിനെയും സ്റ്റീഫൻ ഹോക്കിങ്ങിനെയും പോലെയുള്ള ഭൗതികശാസ്ത്രത്തിലെ മുടിചൂടാമന്നന്മാരാണ്. ഭൂമിയും അതിലെ കാലാവസ്ഥയും അതിന്നുണ്ടാകുന്ന വ്യതിയാനങ്ങളും ജീവനും വ്യത്യസ്ത ജീവിവർഗ്ഗങ്ങളും അവയിൽ നിന്നെല്ലാം വ്യത്യസ്തനും പ്രപഞ്ചത്തെക്കുറിച്ച് പഠിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവനുമായ മനുഷ്യനുമെല്ലാം ഉണ്ടാകണമെന്ന പ്രോഗ്രാമോട് കൂടിയാണ് ആദിമസ്ഫോടനം ആസൂത്രണം ചെയ്യപ്പെട്ടതെങ്കിൽ ആ ആസൂത്രകൻ തന്നെയാണ് നമ്മുടെ ഭൂമിയിൽ നന്മകൾ വിരിയിക്കാൻ കഴിയുന്ന മനുഷ്യർക്ക് അതിന്നാവശ്യമായ മാർഗ്ഗദർശനം നൽകേണ്ടതെന്ന് ഉൾക്കൊള്ളുവാൻ ഉള്ള അറിവിനോടൊപ്പം അല്പം വിനയം കൂടി ഉണ്ടായാൽ മതി. സ്രഷ്ടാവിൽ നിന്നുള്ള ഈ മാർഗ്ഗദർശനത്തിനാണ് മതം എന്ന് പറയുന്നത്. ഈ മഹാപ്രപഞ്ചത്തെ പടച്ചു പരിപാലിക്കുന്നവന്ന് മനുഷ്യരുടെ കാര്യങ്ങളിൽ മാത്രമെന്തിനാണ് ഇത്ര വലിയ വേവലാതിയെന്ന് അപഹസിക്കുന്നവർ അറിയേണ്ടത് പടച്ചവനിൽ നിന്നുള്ള മാർഗ്ഗദർശനമില്ലെങ്കിൽ തിന്മകളാൽ ഭൂമിയെ മലീമസമാക്കാനും ഭൂമിയെ തന്നെ തകർക്കാനും കഴിയുന്നവനാണ് മനുഷ്യനെന്ന വസ്തുതയാണ്. മനുഷ്യർക്ക് മതം നൽകിയ അനുഗ്രഹിച്ച പടച്ചവന്റെ കാരുണ്യത്തിന്റെ ആഴമറിയുകയും വിനയാന്വിതനായി അവന്നു മുന്നിൽ സാഷ്ടാംഗം നമിക്കുകയും ചെയ്യുന്ന ഔന്നത്യത്തിലേക്ക് മനുഷ്യരെത്തുക ഈ സത്യം മനസ്സിലാക്കുമ്പോഴാണ്.

പ്രാപഞ്ചികസമവാക്യങ്ങളിലെ സ്ഥിരാങ്കങ്ങളെ (constants) കുറിച്ച പഠനത്തിൽ നിന്നാണ് ഈ പ്രപഞ്ചം അതിന്റെ തുടക്കത്തിൽ തന്നെ ഭൂമിയും ജീവനും മനുഷ്യനുമെല്ലാം ഉണ്ടാകാൻ തരത്തിൽ സവിശേഷമായി ട്യൂൺ (fine tuned universe) ചെയ്യപ്പെട്ടതാണെന്ന നിഗമനത്തിൽ ശാസ്ത്രജ്ഞന്മാർ എത്തിച്ചേർന്നിരിക്കുന്നത്. ഇത്തരത്തിലുള്ള ഇരുപതിലധികം സ്ഥിരാങ്കങ്ങളുണ്ട്. അവയുടെ വില ഏതെങ്കിലും സൂത്രവാക്യങ്ങളിലൂടെ നാം കണ്ടുപിടിച്ചവയല്ല. പ്രാപഞ്ചികപ്രതിഭാസങ്ങളെ കുറിച്ച് പഠിച്ചുകൊണ്ട് അതിൽ അന്തർലീനമായ സ്ഥിരാങ്കകളുടെ മൂല്യം നാം കണക്കാക്കുകയാണ് ചെയ്തിട്ടുള്ളത്. ഗുരുത്വാകർഷണ സ്ഥിരാങ്കം (Newtonian constant of gravitation (G) ഉദാഹരണമായെടുക്കുക. d ദൂരത്ത് സ്ഥിതി ചെയ്യുന്ന M, m എന്നീ പിണ്ഡങ്ങളുള്ള രണ്ട് വസ്തുക്കൾ തമ്മിൽ നില നിൽക്കുന്ന ഗുരുത്വാകർഷണബലം കണക്കാക്കുക F = G (Mm)/d2 എന്ന സമവാക്യമുപയോഗിച്ചാണ്. M, m, d എന്നിവ നമുക്ക് അളന്ന് കണ്ടുപിടിക്കാൻ കഴിയും. എന്നാൽ ഗുരുത്വാകർഷണ സ്ഥിരാങ്കം അഥവാ G യുടെ സ്ഥിതിയതല്ല. അത് കണ്ട് പിടിക്കുവാൻ തക്ക സൂത്രവാക്യങ്ങളൊന്നുമില്ല. പ്രകൃതിയിലെ സ്ഥിരം സംഖ്യയാണത്. വ്യത്യസ്ത സ്ഥലങ്ങളിലെ ഗുരുത്വാകർഷണ ബലം മറ്റ് മാർഗങ്ങളിലൂടെ അളന്ന് ഈ സമവാക്യവുമായി താരതമ്യം ചെയ്താണ് G യുടെ മൂല്യം (6.6743 ± 0.00015) × 10−11 m3 kg−1 s−2 ആണെന്ന് നാം മനസ്സിലാക്കിയിരിക്കുന്നത്. ഈ മൂല്യം സ്ഥിരമാണ്. എങ്ങനെയാണ് അതിന്ന് ഈ മൂല്യമുണ്ടായത് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇതായിരുന്നില്ല G യുടെ മൂല്യമെങ്കിൽ നമ്മൾ ഇന്ന് ഇക്കാണുന്ന പ്രപഞ്ചമുണ്ടാകുമായിരുന്നില്ല എന്നുറപ്പാണ്. ആ മൂല്യം അല്പം കൂടുതലായിരുന്നെങ്കിൽ മഹാസ്ഫോടനം കഴിഞ്ഞ ഉടനെത്തന്നെ പ്രപഞ്ചം തിരിച്ച് ചുരുങ്ങുകയും ഉണ്ടാകുന്ന നക്ഷത്രങ്ങളെല്ലാം ഉടനെത്തന്നെ കത്തിയുമരുകയും ചെയ്യുമായിരുന്നു. കുറവായിരുന്നെങ്കിലാകട്ടെ, ആറ്റങ്ങൾ കൂടിച്ചേരുകയോ നക്ഷത്രങ്ങൾ ഉണ്ടാവുകയോ ചെയ്യുകയില്ലായിരുന്നു.

ഇതേപോലെതന്നെയാണ് എല്ലാ സ്ഥിരാങ്കങ്ങളുടെയും സ്ഥിതി. വിദ്യുത്കാന്തികബലത്തിന്റെ അനുപാതം നിശ്ചയിക്കുന്ന കൊളംബസ് സ്ഥിരാങ്കത്തിന്റെ മൂല്യം (Coulomb’s constant-k) 8.99 × 10 9 N m 2 /C 2 ആണ്. ഇത് അല്പം കൂടുതലായിരുന്നുവെങ്കിൽ ആറ്റങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഇലക്ട്രോണുകളെല്ലാം ഉണ്ടായ ഉടനെത്തന്നെ പ്രോട്ടോണുകളിൽ പതിച്ച് എല്ലാം ന്യൂട്രോണുകൾ ആയി മാറുമായിരുന്നു. അശക്ത ന്യൂക്ലിയർ ബലം (weak nuclear force) ഇന്നുള്ളതിനേക്കാൾ അല്പം കൂടി ശക്തമായിരുന്നുവെങ്കിൽ ഹീലിയമോ കാർബണോ ഉണ്ടാകുമായിരുന്നില്ല. കാർബൺ ഇല്ലായിരുന്നുവന്നെകിൽ ജീവനുണ്ടാകുമായിരുന്നില്ല. അശക്തബലം അല്പം കൂടി ദുർബലമായിരുന്നുവെങ്കിൽ ഹൈഡ്രജൻ ഉണ്ടാകുമായിരുന്നില്ല. ഹൈഡ്രജൻ ഇല്ലെങ്കിൽ നക്ഷത്രങ്ങൾ ഉണ്ടാകുമായിരുന്നില്ല. നക്ഷത്രങ്ങൾ ഇല്ലെങ്കിൽ പിന്നെയെന്ത് ഭൂമി! പിന്നെയെന്ത് ജീവൻ !! പ്രകാശത്തിന്റെ പ്രവേഗം മുതൽ ഇലക്ട്രോണിന്റെ മാസ് വരെ ഇത്തരത്തിലുള്ള ഇരുപതിലധികം സ്ഥിരാങ്കങ്ങളുണ്ട്. അവയുടെ മൂല്യങ്ങൾ നാം കണക്കാക്കിയിട്ടുണ്ട്. ഈ മൂല്യങ്ങളെല്ലാം ഒത്തു വന്നതുകൊണ്ടാണ് പ്രപഞ്ചത്തിൽ ഭൂമിയും ഭൂമിയിൽ ജീവനും ജീവികളിൽ പ്രപഞ്ചത്തെക്കുറിച്ച് പഠിക്കുന്ന മനുഷ്യരുമെല്ലാം ഉണ്ടായത്. സ്ഥിരാങ്കങ്ങൾക്ക് കൃത്യമായ മൂല്യങ്ങൾ നൽകിയവൻ ആരാണോ പ്രപഞ്ചസൃഷ്ടിക്ക് മുമ്പ് തന്നെയുള്ള അവന്റെ ആസൂത്രണത്തിന്റെ ഭാഗമാണ് ഭൂമിയും മനുഷ്യരുമെല്ലാം എന്നർത്ഥം. അതുകൊണ്ടാണ് നമ്മുടെ പ്രപഞ്ചം ഫൈൻ ട്യുൺഡ് ആണെന്ന് പറയുന്നത്. ഭൂമിയും ജീവനും മനുഷ്യരുമുണ്ടാകണമെന്ന രീതിയിൽ ട്യൂൺ ചെയ്യപ്പെട്ടതായിരുന്നു കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നടന്ന ബിഗ്‌ബാംഗ് എന്ന് സമർത്ഥിക്കുകയാണ് ആന്ത്രോപിക് സിദ്ധാന്തം (anthropic principle) ചെയ്യുന്നത്. 1952ൽ പ്രസിദ്ധ ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയിലാണ് ഈ സിദ്ധാന്തത്തിന്റെ ബീജങ്ങൾ അവതരിപ്പിച്ചത്. ശാസ്‌ത്രജ്ഞർക്കിടയിൽ സജീവമായ ചർച്ചാവിഷയങ്ങളിലൊന്നാണീ സിദ്ധാന്തമിന്ന്.

ദൈവമില്ലെന്ന് സ്ഥാപിക്കുവാനും ദൈവവിശ്വാസികളോട് തത്ത്വശാസ്ത്രത്തിന്റെ വെളിച്ചത്തിൽ സംവദിക്കാനും നിരീശ്വരവാദത്തിന്റെ ദാർശനികസമസ്യകൾക്ക് വിശദീകരണം നൽകുന്ന പുസ്തകങ്ങൾ രചിക്കുവാനും വേണ്ടി എൺപതാമത്തെ വയസ്സ് വരെയുള്ള തന്റെ ജീവിതം മുഴുവൻ ഉഴിഞ്ഞുവെച്ച ബ്രിട്ടീഷ് തത്ത്വശാസ്ത്രജ്ഞനായ ആന്റണി ഫ്ള്യൂ ദൈവമുണ്ടെന്ന് സ്ഥാപിച്ചുകൊണ്ട് തന്റെ എൺപത്തി നാലാമത്തെ വയസ്സിലെഴുതിയ പുസ്തകത്തിൽ (There Is a God: How the World’s Most Notorious Atheist Changed His Mind) ആന്ത്രോപിക് സിദ്ധാന്തത്തെക്കുറിച്ച പഠനങ്ങളാണ് തന്നെ മാറിച്ചിന്തിപ്പിച്ചതെന്ന് പ്രസ്താവിക്കുന്നുണ്ട്. താമസിക്കുവാൻ മുറിയാവശ്യപ്പെട്ടുകൊണ്ട് ഹോട്ടലിലെത്തുന്ന കസ്റ്റമറെ ആദ്യമായി പരിചയപ്പെടുന്ന റിസപ്‌ഷനിസ്റ്റ് പേര് വിളിച്ചുകൊണ്ട് അയാളെ സ്വീകരിക്കുന്നു; അവിടെ നിന്ന് ലഭിച്ച വെൽകം ഡ്രിങ്ക് താൻ കുടിക്കണമെന്ന് ആഗ്രഹിച്ച പാനീയം; റൂമിന്റെ കാർഡ് കയ്യിൽ കിട്ടിയപ്പോൾ തനിക്ക് ഏറ്റവുമധികം ഇഷ്ടമുള്ള നമ്പറിലുള്ള മുറി; റൂമിന്റെ വാതിൽ തുറന്നപ്പോൾ അതിനകത്ത് നിന്ന് വരുന്നത് താൻ ഏറ്റവും ഇഷ്ടപ്പെടുന്ന സുഗന്ധം; താഴെ വിരിച്ചരിക്കുന്നത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട നിറത്തിലുള്ള കാർപെറ്റ്; ചുമരിലേക്ക് നോക്കിയപ്പോൾ താൻ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച ചുമർചിത്രങ്ങൾ; റഫ്രിജറേറ്റർ തുറന്നപ്പോൾ താൻ കുടിക്കണമെന്ന് ആഗ്രഹിക്കുന്ന പാനീയങ്ങൾ; അലമാര തുറന്നു നോക്കിയപ്പോൾ താൻ വായിക്കാൻ കൊതിച്ച പുസ്തകങ്ങൾ; ഇതെല്ലാം കാണുന്ന കസ്റ്റമർ എന്ത് മനസ്സിലാക്കണം? എല്ലാം യാദൃച്‌ഛികമാണെന്നോ? താൻ വരുന്നതിന് മുമ്പ് തന്നെ തന്നെക്കുറിച്ച് കൃത്യമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത ഹോട്ടൽ മാനേജ്‌മെന്റിന്റെ ആസൂത്രണമാണെന്നോ? മനുഷ്യരുണ്ടാകുന്നതിന് കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ മനുഷ്യർക്ക് ആവശ്യമുള്ളതെന്തെല്ലാമാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് പ്രപഞ്ചത്തിന്റെ സൃഷ്ടിയും ആസൂത്രണവും നടന്നിട്ടുള്ളതെന്ന് ആന്ത്രോപിക് സിദ്ധാന്തം തെളിവുകളുടെ അടിസ്ഥാനത്തിൽ സമർത്ഥിക്കുമ്പോൾ പിന്നെയെങ്ങനെയാണ് ഒരു ആസൂത്രകനെ അംഗീകരിക്കാതിരിക്കുവാൻ കഴിയുകയെന്നാണ് ഫ്ള്യൂ ചോദിക്കുന്നത്.

ഈ മഹാപ്രപഞ്ചത്തെ പടച്ച ദൈവം അവിടെയുള്ള ഒരു കൊച്ചു പ്രദേശത്തെ കൊച്ചുമനുഷ്യർ എങ്ങനെ ജീവിക്കണമെന്നും എങ്ങനെ ഇണ ചേരണമെന്നും എങ്ങനെ മലമൂത്രവിസർജ്ജനം ചെയ്യണമെന്നുമെല്ലാം കല്പിക്കുവാൻ മാത്രം ചെറുതാകുമോയെന്ന് പരിഹസിക്കുന്നവരോട് പറയാനുള്ളത് നിങ്ങൾ പടച്ചവനെ മനസ്സിലാക്കേണ്ടത് പോലെ മനസ്സിലാക്കണം എന്ന് മാത്രമാണ്. പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നത് ദൈവങ്ങൾ അല്ലെന്നും ഒരൊറ്റ ദൈവം മാത്രമാണെന്നും അവൻ മാത്രമാണ് ആരാധനകൾ അർഹിക്കുന്നതെന്നുമുള്ള തിരിച്ചറിവിൽ നിന്നാരംഭിക്കുന്നതാണ് ഈ മനസ്സിലാക്കൽ. ഭൂമിയിലുള്ള സ്ഥാപനസമുച്ചയത്തിന്റെ സിഇഒ യോട് പടച്ചവനെ താരതമ്യം ചെയ്യുന്നതുകൊണ്ടുണ്ടാവുന്ന അജ്ഞതാന്ധകാരത്തിൽ നിന്നാണ് ഇത്തരം ‘ഇമ്മിണി ബല്യ’ ചോദ്യങ്ങൾ ഉടലെടുക്കുന്നത്. അല്ലാഹുവിനെ അറിയേണ്ടത് പോലെ അറിയാത്തതാണ് പല മാർഗ്ഗഭ്രംശങ്ങളുടെയും മൂലകാരണമെന്ന് ഖുർആൻ പല തവണ ആവർത്തിക്കുന്നുണ്ട്. (6: 91, 22: 74, 39: 67). അതിസൂക്ഷ്മമായ ആറ്റത്തിനകത്തെ ഇലക്ട്രോണുകളും പ്രോട്ടോണുകളും കൂട്ടിയിടിച്ച് നശിക്കുകയും അങ്ങനെ പ്രപഞ്ചം തന്നെ തകരുകയും ചെയ്യാതിരിക്കാനായി നിയമങ്ങളുണ്ടാക്കിയ പടച്ചവൻ മനുഷ്യരാശി ധാർമ്മികമായി നശിക്കാതിരിക്കുവാനായുള്ള നിയമങ്ങൾ നൽകിയിട്ടുണ്ടെന്ന് തന്നെയാണ് വെളിപാടുകൾ പറഞ്ഞുതരുന്നത്. നന്മയും തിന്മയും വ്യവച്ഛേദിക്കുവാൻ മനുഷ്യന് കഴിവ് നൽകുകയും തെരെഞ്ഞെടുക്കുവാനുള്ള അവന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാതിരിക്കുകയും എന്നാൽ ആ സ്വാത്രന്ത്യം എങ്ങനെ ഉപയോഗിക്കണമെന്നതിനുള്ള നിയമങ്ങൾ പഠിപ്പിക്കുകയും ചെയ്തത് പടച്ചവന്റെ മഹത്വത്തെയും കാരുണ്യത്തെയുയാണ് വെളിപ്പെടുത്തുന്നത്. ദൈവദത്തമായ ധാർമ്മിക നിയമങ്ങൾ അനുസരിക്കാത്തതിന്റെ ദുഷ്ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ലോകം. സന്തോഷത്തിന്റെ നെറുകയിൽ നിൽക്കുന്നയിടങ്ങളെന്ന് ആഘോഷിക്കപ്പെടുന്ന സ്ഥലങ്ങളിലെ ഏറ്റവും വലിയ സാമൂഹ്യദുരന്തങ്ങൾ മയക്കുമരുന്നുകളാൽ തകരുന്ന പുതുതലമുറയും പിതാവാരെന്നറിയാത്ത മക്കളും ലിംഗത്വമെന്തെന്ന് തീരുമാനിക്കാനാവാത്ത കൗമാരക്കാരും കുടുംബമുണ്ടാക്കാൻ തയാറില്ലാത്ത മിഥുനങ്ങളും പകർന്നുകൊണ്ടിരിക്കുന്ന മാറാവ്യാധികളും ആത്മഹത്യയിൽ അഭയം കണ്ടെത്തുന്ന യുവത്വവുമാണെന്ന വസ്തുത പടച്ചവന്റെ നിയമങ്ങളൊന്നും വേണ്ടെന്ന് പറയുന്നവർ നമ്മെ കൊണ്ടുപോകാനാഗ്രഹിക്കുന്നത് എങ്ങോട്ടാണെന്ന് കൃത്യമായും വ്യക്തമാക്കുന്നുണ്ട്. നാസ്തികർ ആഗ്രഹിക്കുന്ന സാമൂഹ്യമാറ്റം അനുഭവിച്ചിടങ്ങളിലെ രാഷ്ട്രനേതാക്കളുടെയും സാമൂഹ്യമനശാസ്ത്രജ്ഞരുടെയും കരച്ചിൽ മതമെന്തിനാണെന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം നൽകുന്നുണ്ട്. ആ കരച്ചിൽ ഇങ്ങനെയാണ്: ‘യുവാക്കളേ, നിങ്ങൾ ധാർമ്മികരാവൂ; ഉത്തരവാദിത്തമുള്ളവരാകൂ; കുടുംബത്തേയും അതുവഴി അടുത്ത തലമുറയെയും നിർമ്മിക്കൂ; സമൂഹത്തെയും രാഷ്ട്രത്തെയും തകർച്ചയിൽ നിന്ന് രക്ഷിക്കൂ’.

print

1 Comment

  • جزاك اللهُ خيراً‎

    arshad 08.02.2024

Leave a comment

Your email address will not be published.