വിധി വിശ്വാസം: ഒരു സമകാലിക വായന -10

//വിധി വിശ്വാസം: ഒരു സമകാലിക വായന -10
//വിധി വിശ്വാസം: ഒരു സമകാലിക വായന -10
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -10

ഫിസിക്‌സും സ്വതന്ത്രേച്ഛയും

വസ്തുക്കളുടെ ചലനവുമായി ബന്ധപ്പെട്ട ഭൗതികശാസ്ത്ര ശാഖയെ മെക്കാനിക്സ് എന്ന് വിളിക്കുന്നു. ഭൗതിക ശരീരങ്ങളുടെ ചലനത്തിന്റെ അടിസ്ഥാനങ്ങളും നിയമങ്ങളുമാണ് മെക്കാനിക്സ്. ഫിസിക്സിന്റെ ഏറ്റവും അടിസ്ഥാനപരമായ ഭാഗമാണ് മെക്കാനിക്സ്.

സർ ഐസക് ന്യൂട്ടണിലൂടെ വികസിതമായ ശാസ്ത്ര ധാരയാണ് ക്ലാസിക്കൽ മെക്കാനിക്സ് (Classical mechanics). ന്യൂട്ടന്റെ ചലന നിയമങ്ങളിലൂടെ വികാസം പ്രാപിച്ച ക്ലാസിക്കൽ മെക്കാനിക്സ് ശാസ്ത്ര ലോകം സാർവത്രികമായി അംഗീകരിച്ചു.

മുമ്പ് സൂചിപ്പിച്ചതു പോലെ, ഫിസിക്കൽ ഡിറ്റർമിനിസത്തിന്റെ മുഖ്യ വക്താവായ പിയറി സൈമൺ ലപ്ലാസ് ക്ലാസിക്കൽ മെക്കാനിക്സിലൂടെ നിർണയവാദത്തിന് ശാസ്ത്രീയ അടിത്തറ പാകി. പ്രപഞ്ചത്തിലെ കണങ്ങളുടെ എല്ലാ സ്ഥാനങ്ങളും, പിണ്ഡവും വേഗതയും നിങ്ങൾക്ക് അറിയാമെങ്കിൽ, ഭൗതികശാസ്ത്ര നിയമങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഭാവി പ്രവചിക്കാൻ കഴിയും; ഏറ്റവും ചുരുങ്ങിയത് താത്വികമായെങ്കിലും ഭാവി പ്രവചിക്കാൻ സാധിക്കുമെന്ന് ലപ്ലാസ് സിദ്ധാന്തിച്ചു.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായി, അനിശ്ചിതത്വ തത്ത്വം (uncertainty principle), പിന്നീട് ഉദയം കൊള്ളുകയുണ്ടായി. ഒരു കണത്തിന്റെ ആക്കം, സ്ഥാനം എന്നിവ രണ്ടും ഒരേ സമയം കൃത്യമായി നിർണ്ണയിക്കാൻ കഴിയില്ല എന്ന് അനിശ്ചിതത്വ സിദ്ധാന്തം പറയുന്നു. ചില കണങ്ങളുടെ സ്ഥാനം എത്രത്തോളം കൃത്യമായി നിർണ്ണയിക്കപ്പെടുന്നുവോ അത്ര അളവ് കൃത്യതയില്ലാതെ അതിന്റെ ആക്കം പ്രവചിക്കാൻ കഴിയുകയുള്ളു എന്ന്, 1927-ൽ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ വെർണർ ഹൈസൻബെർഗ് അവതരിപ്പിച്ച, അനിശ്ചിതത്വ തത്ത്വം അനുമാനിക്കുന്നു. അനിശ്ചിതത്വ തത്ത്വം ക്വാണ്ടം മെക്കാനിക്സിലെ (quantum mechanics) ഒരു അടിസ്ഥാന ആശയമാണ്.

അനിശ്ചിതത്വ തത്ത്വത്തോടുള്ള പ്രതികരണമായി ഉടലെടുത്ത, ഭൗതികശാസ്ത്രത്തിലെ ഒരു റാഡിക്കൽ വീക്ഷണമാണ് disturbance theory. അളക്കുന്ന പ്രവർത്തനം കണങ്ങളുടെ സ്ഥാനത്തെ ബാധിക്കുന്നു. അതിനാൽ നമുക്ക് എല്ലാ കണങ്ങളെയും പൂർണ്ണമായി അളക്കാനോ മനസ്സിലാക്കാനോ കഴിയില്ല എന്നതാണ് സിദ്ധാന്തത്തിന്റെ കാതൽ.
(https://www.ncbi.nlm.nih.gov/pmc/articles/PMC7514626/)

അങ്ങനെ വരുമ്പോൾ, ക്ലാസിക്കൽ മെക്കാനിക്സ് ഉപയോഗിച്ച് ലപ്ലാസ് വാദിച്ചതു പോലെ നമ്മുക്ക് വസ്തുക്കളുടെ ആക്കവും സ്ഥാനവും നിർണയിക്കുക അസാധ്യമാണെന്ന് വരുന്നു എന്ന് ആധുനിക ലിബർട്ടേറിയനിസക്കാർ ആരോപിക്കുന്നു.

കണികകളുടെ പ്രവചനക്ഷമത എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള നിർണ്ണയവാദം പൂർണ്ണമായും ശരിയല്ല അല്ലെങ്കിൽ അത് ശരിയാണോ അല്ലെ എന്ന് നമുക്ക് പൂർണ്ണമായും ഉറപ്പിക്കാൻ കഴിയില്ല എന്നാണ് ക്വാണ്ടം മെക്കാനിക്സ് തെളിയിക്കുന്നത്.

എന്നാൽ ഈ വാദത്തിന്, നിർണവാദികളുടെ അടുക്കൽ ഒരു പ്രതിവാദമുണ്ട്:

1) ക്ലാസിക്കൽ മെക്കാനിക്സിൽ, അനിശ്ചിതത്വ തത്ത്വം അത്ര പ്രസക്തമല്ല. കാരണം സ്ഥൂലതലത്തിലുള്ള വസ്തുക്കളുടെ സ്വഭാവം ക്ലാസിക്കൽ മെക്കാനിക്സിലെ ചലന നിയമങ്ങൾ ഉപയോഗിച്ച് കൃത്യമായി വിവരിക്കാനും തെളിയിക്കാനും കഴിയും. അവ സൂക്ഷ്മതലത്തിൽ കാണപ്പെടുന്ന അതേ ക്വാണ്ടം അനിശ്ചിതത്വങ്ങൾ പ്രകടിപ്പിക്കുന്നില്ല. അപ്പോൾ സ്ഥൂലലോകത്തെ, ക്ലാസിക്കൽ മെക്കാനിക്സ് ഉപയോഗിച്ച് കൃത്യമായി നിർണയിക്കാൻ സാധിച്ചാൽ ഭാവിയെയും നിർണയിക്കാൻ സാധിക്കുമെന്ന ലപ്ലാസിന്റെ കണക്കു കൂട്ടൽ താത്വികമായി ശരി തന്നെയാണ്. ക്ലാസിക്കൽ മെക്കാനിക്സിന്റെയും ക്വാണ്ടം മെക്കാനിക്സിന്റെയും സ്വാധീനതലങ്ങൾ വ്യത്യസ്‌തമാണ്.

2) അനിശ്ചിതത്വ തത്ത്വ പ്രകാരം, കണികകളുടെ പ്രവചനാതീത സ്വഭാവം ഒരിക്കലും നിർണയവാദത്തെയല്ല ഖണ്ഡിക്കുന്നത്, സ്വതന്ത്രേച്ഛയെയാണ് നിഷേധിക്കുന്നത്. കാരണം, കണങ്ങളുടെ പ്രവചനാതീതത കണങ്ങളുടെ സ്വഭാവത്തിന്റെ നിർണയിക്കപ്പെട്ട കാതലാവാം. കണങ്ങളുടെ പ്രവചനാതീതവും ആകസ്മികവുമായ ചലനങ്ങളാൽ ഇന്ന് തിന്നുന്നതിന് മീൻ കറി ഞാൻ തിരഞ്ഞെടുത്തു എന്നത് സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പ് അല്ലല്ലൊ. സ്വതന്ത്രേച്ഛയുടെ അഭാവമല്ലെ അത് ?!

3) ക്വാണ്ടം മെക്കാനിക്സിന്റെ യാഥാർത്ഥ്യവും ഉള്ളടക്കവും ഇപ്പോഴും ഭൗതിക ശാസ്ത്ര കുലപതികൾക്ക് പോലും അജ്ഞാതമാണ്. ക്വാണ്ടം മെക്കാനിക്സിനെ ലോകോത്തരരായ ഫിസിസിസ്റ്റുകൾക്ക് പഠിപ്പിച്ചു കൊടുത്ത റിച്ചാർഡ് പി ഫെയ്ൻമാൻ തന്നെ ഇപ്രകാരം പറയുകയുണ്ടായി:

“പന്ത്രണ്ട് മനുഷ്യർക്ക് മാത്രമേ, ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം മനസ്സിലായിട്ടുള്ളൂ എന്ന് പത്രങ്ങൾ എഴുതിയ ഒരു കാലമുണ്ടായിരുന്നു. പക്ഷെ കേവലം പന്ത്രണ്ട് പേർക്കു മാത്രം ആപേക്ഷികതാ സിദ്ധാന്തം മനസ്സിലായിരുന്ന ഒരു കാലം ഉണ്ടായിരുന്നതായി ഞാൻ വിശ്വസിക്കുന്നില്ല. ഒരാൾക്ക് (ഐൻസ്റ്റൈന്) മാത്രം മനസ്സിലായിരുന്ന ഒരു കാലമുണ്ടായിരിക്കാം, കാരണം അദ്ദേഹമാണല്ലൊ അത് കണ്ടുപിടിക്കുന്നത്. അപ്പോൾ അദ്ദേഹം തന്റെ ഗവേഷണ പ്രബന്ധം എഴുതുന്നതിന് മുമ്പ്, അദ്ദേഹത്തിനല്ലാതെ മറ്റാർക്കും അത് അറിയില്ലായിരുന്നു എന്ന് പറയാം. പക്ഷേ തന്റെ ഗവേഷണ പ്രബന്ധം എഴുതിയതിന് ശേഷം, ആളുകൾ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം വായിച്ചതിനുശേഷം, ആപേക്ഷികതാ സിദ്ധാന്തം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിധത്തിൽ ധാരാളം ആളുകൾക്ക് മനസ്സിലായിരുന്നു. തീർച്ചയായും പന്ത്രണ്ടിൽ കൂടുതൽ പേർക്ക് അത് മനസ്സിലായിട്ടുണ്ട്. അതേസമയം, ക്വാണ്ടം മെക്കാനിക്സ് ലോകത്ത് ആർക്കും മനസ്സിലായിട്ടില്ലെന്ന് എനിക്ക് സുരക്ഷിതമായി പറയാൻ കഴിയുമെന്ന് ഞാൻ കരുതുന്നു…”
(Richard P. Feynman, The Messenger Lectures, 1964, MIT)

എങ്കിൽ ക്വാണ്ടം മെക്കാനിക്സിന്റെ അടിസ്ഥാനത്തിൽ നിർണയവാദം തെറ്റാണെന്ന് എങ്ങനെ ഖണ്ഡിതമായി വിധിക്കാനാവും. ഒരു വാദം ശരിയൊ തെറ്റൊ എന്ന് അനിശ്ചിതത്തം കൊണ്ട് എങ്ങനെ നിശ്ചയിക്കാനാവും? നിർണയവാദികൾ ചോദിക്കുന്നു…

ഭൗതിക ശാസ്ത്ര തത്ത്വങ്ങൾ ഉപയോഗിച്ച് നിർണയവാദികളും സ്വാതന്ത്ര്യൽഘോഷകരും തങ്ങളുടെ വീക്ഷണങ്ങളെ തെളിയിക്കാനുള്ള ഉദ്യമം വടംവലി മത്സരമായി പരിണമിക്കുന്നു എന്നർത്ഥം. ചോദ്യവും അന്വേഷണവും അവിരാമം അവശേഷിക്കുന്നു. ഏതാണ് ശരി?
നിർണയവാദമൊ സ്വതന്ത്രേച്ഛയൊ ? അതൊ, അനിശ്ചിതത്വ സൂക്ഷ്മകണിക പ്രപഞ്ചത്തെ അടിസ്ഥാനമാക്കി ഉണ്ടാക്കപ്പെട്ട നിർണ്ണിതമായ ഒരു സ്ഥൂല പ്രപഞ്ചത്തിലാണ് നാം ജീവിക്കുന്നത് എന്നതിനാൽ രണ്ടു വാദവും ശരിയാണോ ?! വൈരുദ്ധ്യങ്ങൾ സമന്വയിച്ച ഭൗതിക ലോകത്ത് വൈരുദ്ധ്യമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന രണ്ട് ആശയങ്ങൾക്ക് സംയോജിക്കാൻ സാധിച്ചെങ്കിലൊ ?!!

print

No comments yet.

Leave a comment

Your email address will not be published.