വരവേൽക്കാം നമുക്ക് ഈ പുണ്യ വസന്തത്തെ

//വരവേൽക്കാം നമുക്ക് ഈ പുണ്യ വസന്തത്തെ
//വരവേൽക്കാം നമുക്ക് ഈ പുണ്യ വസന്തത്തെ
ആനുകാലികം

വരവേൽക്കാം നമുക്ക് ഈ പുണ്യ വസന്തത്തെ

നുഷ്യനെ അല്ലാഹു സൃഷ്ടിച്ചതും അവന് വേണ്ടി ഭൂമിയേയും അതിലുള്ളതിനേയുമെല്ലാം സംവിധാനിച്ചതും കൃത്യവും വ്യക്തവുമായ ലക്ഷ്യത്തോടെ തന്നെയാണ്. അല്ലാഹു പറയുന്നു:

أفحسبتم أنما خلقناكم عبثا وأنكم إلينا لا ترجعون. (المؤمنون: ١١٥).

“അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?” (വിശുദ്ധ ഖുർആൻ, സൂറ: മുഅ്മിനൂൻ: 115).

അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ധേശ ലക്ഷ്യം. അല്ലാഹു പറയുന്നു:

وما خلقت الجن والإنس إلا ليعبدون. (الذكريات:٥٦).

“ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല”(വിശുദ്ധ ഖുർആൻ, സൂറ: ദാരിയാത്ത്:56).

അതെ, നമ്മെ പടച്ചതും, നമുക്ക് വേണ്ടി ഭൂമിയെ വിതാനിച്ചതും, ഭൂമുഖത്തെ സർവ്വതിനേയും നമുക്ക് കീഴ്പ്പെടുത്തി തന്നതും, പ്രവാചകൻമാരെ നിയോഗിച്ചതും, വേദ ഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും, അവസാനം, മടങ്ങി ചെല്ലാനുള്ള ഒരു ദിവസം, അഥവാ, അന്ത്യനാൾ നിശ്ചയിച്ചതും എല്ലാം, നാം അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി മാത്രമാണ്.

അപ്രകാരം, ഇബാദത്ത് അഥവാ ആരാധന എന്നുള്ളത് അടിമകൾക്ക് അല്ലാഹുവിനോടുള്ള ബാധ്യതയും കടമയുമാണ്.

നബി (സ) മുആദ് (റ) നോട് ചോദിച്ചു:

“أتدري ما حق الله على العباد، وما حق العباد على الله؟” قال: الله و رسوله أعلم، قال:”حق الله على العباد أن يعبدوه ولا يشركوا به شيئا،وحق العباد على الله ألا يعذب من لا يشرك به شيئا” .(البخاري: ٢٨٥٦).

“അടിമകളിൽ നിന്നും അല്ലാഹുവിനുള്ള അവകാശവും, അല്ലാഹുവിൽ നിന്നും അടിമകൾക്കുള്ള അവകാശവും എന്താണ് എന്ന് താങ്കൾക്ക് അറിയുമോ?” അദ്ദേഹം പറഞ്ഞു: അല്ലാഹുവിനും അവന്റെ ദൂതർക്കുമാണ് കൂടുതൽ അറിവുള്ളത്. നബി (സ) പറഞ്ഞു: “അല്ലാഹുവിനോടുള്ള അടിമകളുടെ ബാധ്യത; അവനെ മാത്രം ആരാധിക്കലും, അവനോട് യാതൊന്നിനെയും പങ്കു ചേർക്കാതിരിക്കലുമാണ്. അല്ലാഹുവിന് അടിമകളോടുള്ള ബാധ്യത, അവനോട് യാതൊന്നിനെയും പങ്കു ചേർക്കാത്തവനെ ശിക്ഷിക്കാതിരിക്കലാണ്”. (ബുഖാരി: 2856).

മുകളിൽ പറയപ്പെട്ട ഈ ആരാധനകൾ ഒരു മനുഷ്യനും പ്രയാസം സൃഷ്ടിക്കാത്തവയും, ലളിതമായവയുമാണ്. അതേ സമയം, അവക്ക് നൽകപ്പെടുന്ന പ്രതിഫലം വളരെ മഹത്തരവുമാണ്. വളരെ ലളിതമായിട്ടുള്ള, വ്യത്യസ്തമായ ആരാധനകൾ അധികരിപ്പിക്കാനുള്ള ചില പ്രത്യേക സാഹചര്യങ്ങൾ നിശ്ചയിച്ചു എന്നത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും ഔദാര്യവുമാണ്. ഇത്തരം അസുലഭ മുഹൂർത്തങ്ങൾ നന്മകളുടെ വർധനവായി മാറ്റി, സ്രേഷ്ഠതയുടെ പദവികൾ ഒന്നൊന്നായി ഉയർത്താൻ ശ്രമിക്കുന്നവരാണ് വിവേകമതികളായ വിശ്വാസികൾ.

അത്തരത്തിൽ, നന്മകളുടെ സീസണുകളിലെ സവിശേഷമായ ഒരു പൂക്കാലമാണ് പരിശുദ്ധ റമളാൻ. വളരെ വേഗത്തിൽ കടന്നു പോകുന്ന ഈ മാസത്തിന്റെ ഓരോ നിമിഷവും അമൂല്യമായ പ്രതിഫലമാക്കി മാറ്റാൻ അല്ലാഹുവിന്റെ തൃപ്തിയും, പരലോക വിജയും ലക്ഷ്യമിടുന്ന സത്യവിശ്വാസികൾക്കു മാത്രമേ സാധിക്കൂ.
റമദാൻ മാസത്തിന്റെ പ്രത്യേകതകളും സവിശേഷതകളും ഒട്ടനവധി ആണ്: അതിൽ ഏറ്റവും പ്രധാനം മാനവർക്ക് മാർഗ്ഗദർശനമായി നൽകപ്പെട്ട, വേദ ഗ്രന്ഥങ്ങളിൽ ഏറ്റവും മഹത്തരമായ വിശുദ്ധ ഖുർആനിന്റെ അവതരണവും വിശ്വാസികൾക്ക് വൃതം കൽപ്പിക്കപ്പെട്ടതും തന്നെയാണ്.
അല്ലാഹു പറയുന്നു:

شهر رمضان الذي أنزل فيه القرآن هدى للناس وبينات من الهدى والفرقان فمن شهد منكم الشهر فليصمه. (البقرة: ١٨٥).

“ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌…” (വിശുദ്ധ ഖുർആൻ, സൂറ: അൽ ബഖറ: 185).

അതുപോലെ, മറ്റു പതിനൊന്നു മാസങ്ങളിൽ നിന്നും വ്യത്യസ്തമായി, ആരാധനാ കർമ്മങ്ങൾക്ക് ധാരാളം സ്രേഷ്ഠത കൽപ്പിക്കപ്പെട്ട മാസമാണ് റമദാൻ.

റമദാൻ മാസത്തിന്റെ ഒന്നാമത്തെ രാവു മുതൽ അതിന്റെ സ്രേഷഠതകൾക്ക് തുടക്കം കുറിക്കുകയായി.
നബി (സ) പറഞ്ഞു:

إذا كان أول ليلة من رمضان، صفدت الشياطين ومردة الجن. (الترمذي: (٦٨٢

“റമദാനിന്റെ ആദ്യ രാവായി കഴിഞ്ഞാൽ, പിശാചുക്കളും അക്രമികളായ ജിന്നുകളും ചങ്ങലയിൽ ബന്ധിപ്പിക്കപ്പെടും”. (തിർമുദി: 682).
ഇത് ഈ മാസത്തിന്റെ വലിയ ഒരു സവിശേഷതയാണ്. കാരണം പിശാച് ബന്ധനസ്ഥനായാൽ, മനുഷ്യർക്ക് കൂടുതൽ സൽകർമ്മ നിരതരാവുകയും അത് വഴി തന്റെ റബ്ബിലേക്ക് കൂടുതൽ അടുക്കുവാനും സാധിക്കും. കാരണം മനുഷ്യന്റെ ഏറ്റവും കൊടിയ ശത്രു പിശാച് തന്നെയാണ്. അല്ലാഹു പറയുന്നു:

إن الشيطان لكم عدو فاتخذوه عدوا. (فاطر: ٦).

“തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക.” (വിശുദ്ധ ഖുർആൻ, സൂറ: ഫാത്വിർ: 6).

റമദാനും അതിലെ നോമ്പും സ്വർഗ്ഗ പ്രവേശത്തിനുള്ള സുപ്രധാന കാരണങ്ങളിൽ പെട്ടതാണ്. അബൂ ഉമാമ (റ) നബി(സ)യുടെ അടുക്കൽ വന്നു ഇപ്രകാരം ചോദിച്ചു:

“يا رسول الله دلني على عمل أدخل به الجنة، فقال صلى الله عليه وسلم: عليك بالصوم فإنه لا مثل له.(ابن خزيمة: ١٨٩٣).

“അല്ലയോ അല്ലാഹുവിന്റെ ദൂതരേ; എനിക്ക്, സ്വർഗ്ഗത്തിൽ പ്രവേശനം സാധ്യമാക്കുന്ന ഒരു പ്രവർത്തനം അറിയിച്ചു തരൂ..” അപ്പോൾ നബി (സ) പറഞ്ഞു: “നീ നോമ്പെടുക്കുക, കാരണം, അതിന് തുല്ല്യമായി ഒന്നുമില്ല തന്നെ”. (ഇബ്നു ഖുസൈമ: 1893).

നോമ്പുകാരന് മാത്രമായി, സ്വർഗ്ഗത്തിൽ റയ്യാൻ എന്ന പ്രത്യേക കവാടം തന്നെ തുറന്നിടുമെന്നു പ്രവാചകൻ (സ) പഠിപ്പിച്ചതും റമദാനിന്റെ മറ്റൊരു പ്രത്യേകതയാണ്.
അന്ത്യനാളിൽ, നോമ്പുകാരനോട് ഇപ്രകാരം പറയപ്പെടും:

كلوا واشربوا هنيئا بما أسلفتم في الأيام الخيالية.(الحا قة:٢٤).

“കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്‍റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. (എന്ന് അവരോട് പറയപ്പെടും.)” (വിശുദ്ധ ഖുർആൻ, സൂറ: അൽ ഹാഖ: 24).
നോമ്പുകാരൻ തന്റെ വൃതം കാരണം, പരലോകത്ത് വെച്ച് അതിയായി സന്തോഷിക്കും. നബി (സ) പറഞ്ഞു:

للصائم فرحتان يفرحهما: عند فطره، وعند لقاء ربه.(مسلم: ١١٥١).

“നോമ്പുകാരന് ആഹ്ളാദിക്കാൻ രണ്ട് സന്തോഷങ്ങളുണ്ട്: തന്റെ വൃതം അവസാനിപ്പിക്കുമ്പോഴും, തന്റെ റബ്ബിനെ കണ്ടുമുട്ടുമ്പോഴും”. (മുസ്‌ലിം: 1151).

നോമ്പുകാരൻ അഭിസംബോധന ചെയ്യപ്പെടുന്നത്; ‘അല്ലയോ നൻമ ആഗ്രഹിക്കുന്നവനേ, മുന്നേറി വരൂ..’എന്നാണ് എന്ന് പ്രവാചകൻ (സ) നമ്മെ അറിയിച്ചിട്ടുണ്ട്. കാരണം, റമദാൻ ആരാധകളുടേയും നൻമകളുടേയും വസന്തമാണ്. അത് കൊണ്ട് തന്നെയാണ്, മറ്റു മാസങ്ങളിൽ നിന്നും വ്യത്യസ്തമായി, പള്ളികൾ വിശ്വാസികളാൽ തിങ്ങി നിറയുന്നതും, വെള്ളിയാഴ്ച മാത്രം ഖുർആൻ പാരായണം ചെയ്തിരുന്നവർ, അല്ലെങ്കിൽ തീരെ ഖുർആൻ പാരായണം ചെയ്യാത്തവർ പോലും റമദാനിന്റെ ദിനരാത്രങ്ങളിൽ ധാരാളമായി വിശുദ്ധ ഖുർആൻ പാരായണത്തിൽ വ്യപൃതരാകുന്നതും, ദാന ധർമ്മങ്ങൾ വർദധിപ്പിക്കുന്നതുമെല്ലാം. റമദാനിൽ ആരാധനകൾ ധാരാളം ഉള്ളത് പോലെ തന്നെ അവർക്കുള്ള പ്രതിഫലവും കനപ്പെട്ടതാണ്. പകൽ മുഴുവൻ നോമ്പെടുക്കുന്നവൻ ദീർഘമായ ആ പകൽ മുഴുവൻ ഇബാദത്തിലാണ്. നോമ്പ് തുറക്കുവാൻ വേണ്ടി വെള്ളവും ഈന്തപ്പഴമോ ഉണങ്ങിയ കാരക്കയോ കഴിക്കുമ്പോഴും അവൻ ഇബാദത്തിലാണ്.
അല്ലാഹു പറയുന്നു:

وكلوا واشربوا حتى يتبين لكم الخيط الأبيض من الخيط الأسود من الفجر.(البقرة: ١٨٧).

“നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ” (വിശുദ്ധ ഖുർആൻ, സൂറ: അൽ ബഖറ:187).

നോമ്പെടുക്കുന്നതിന് മുന്നോടിയായി അത്താഴം കഴിക്കുന്നതും ഇബാദത്ത് തന്നെയാണ്.
നബി (സ) പറഞ്ഞു:

السحور أكلة بركة، فلا تدعوه ولو أن يجرع أحدكم جرعة من ماء،فإن الله وملائكته يصلون على المتسحرين.(أحمد: ١١٢٥٥).

“അത്താഴം അനുഗ്രഹീതമായ ഭക്ഷണമാകുന്നു. അൽപ്പം വെള്ളം കുടിച്ചു കൊണ്ടെങ്കിലും നിങ്ങൾ അത് (അത്താഴം) ഉപേക്ഷിക്കരുത്. കാരണം, അത്താഴം കഴിക്കുന്നവരുടെ മേൽ അല്ലാഹുവും അവന്റെ മലക്കുകളും സ്വലാത്ത് ചെയ്യുക തന്നെ ചെയ്യുന്നതാണ്” (അഹ്മദ്: 11255).

സ്വന്തം വീട്ടിൽ വെച്ച് ഭക്ഷണം കഴിക്കുകയോ, അതല്ലെങ്കിൽ അൽപം വെള്ളം കുടിക്കുകയും ചെയ്യുന്നവർക്ക് അല്ലാഹുവും മലക്കുകളും സ്വലാത്ത് ചൊല്ലുന്നു എന്നത് കൊണ്ട് വിവക്ഷിക്കുന്നത് എന്തെന്നാൽ;
അല്ലാഹു തന്റെ സന്നിധിയിലുള്ള മലക്കുകളോട് പ്രസ്തുത നോമ്പുകാരന്റെ അത്താഴം കഴിക്കലിനെ കുറിച്ച് പരാമർശിക്കുകയും, മലക്കുകൾ ആ വ്യക്തിക്ക് പാപം മോചനത്തിനും, അല്ലാഹുവിന്റെ കാരുണ്യത്തിനും വേണ്ടി പ്രാർത്ഥിക്കും, എന്നുള്ളതാണ്. ചുരുക്കത്തിൽ, ഇത്ര ചെറിയ കാര്യം പോലും വലിയ മഹത്വങ്ങൾ നിറഞ്ഞ ഇബാദത്തായി തീരുകയാണ് റമദാനിൽ.

അത് പോലെ, ഒരു നോമ്പുകാരനെ നോമ്പു തുറപ്പിക്കൽ റമദാനിലെ മറ്റൊരു ആരാധന കർമ്മമാണ്.
നബി (സ) പറഞ്ഞു:

من فطر صائما كان له مثل أجره دون أن ينقص من أجره شيء.(ابن خزيمة: ١٨٨٧).

“ആരെങ്കിലും ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിച്ചുവോ, അവന് ആ നോമ്പുകാരനുള്ള പ്രതിഫലത്തിനു തുല്ല്യമായ പ്രതിഫലം ഉണ്ടായിരിക്കും, എന്നാൽ നോമ്പുകാരന്റെ പ്രതിഫലത്തിൽ നിന്നും ഒന്നും കുറയാതെ തന്ന.” (ഇബ്നു ഖുസൈമ:1887).

വിശുദ്ധ ഖുർആൻ ധാരാളമായി പാരായണം ചെയ്യുക എന്നതും റമദാനിലെ ഇബാദത്താണ്. കാരണം, റമദാനിലെ എല്ലാ രാത്രികളിലും ജിബ്‌രീൽ (അ) നബി(സ)യുടെ അടുക്കൽ വരികയും, നബി(സ)യിൽ നിന്നും ഖുർആൻ പാരായണം കേൾക്കുകയും ചെയ്യുമായിരുന്നു, എന്നത് ഹദീസുകളിൽ ഉദ്ധരിക്കപ്പെട്ടതായി കാണാവുന്നതാണ്. മറ്റു മാസങ്ങളിൽ നിന്നും വ്യത്യസ്തമായി, സ്വഹാബാക്കളും സച്ചരിതരായ മുൻഗാമികളും റമദാനിൽ ധാരാളമായി ഖുർആൻ പാരായണം ചെയ്തിരുന്നു എന്ന് ഹദീസുകളിൽ നിന്നും ഗ്രഹിക്കാൻ കഴിയും.

മറ്റു മാസങ്ങളിൽ നിന്നും വ്യത്യസ്തമായി, ദാനധർമ്മങ്ങൾ അധികരിപ്പിക്കുക എന്നത് റമദാനിലെ മറ്റൊരു ആരാധന കർമ്മമാണ്. ജനങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ ധർമ്മനിഷ്ഠയുള്ള പ്രവാചകൻ (സ), ജിബ്‌രീൽ തന്നെ വന്ന് കാണുന്ന റമദാനിലെ സന്ദർഭങ്ങളിൽ, കൂടുതലായി ദാനം ധർമ്മങ്ങൾ ചെയ്തിരുന്നു എന്ന് ഹദീസുകളിൽ നിന്നും നമുക്ക് വായിക്കാം.

അതുപോലെ, മുകളിൽ സൂചിപ്പിച്ച കർമ്മങ്ങൾ പോലെ എല്ലാവർക്കും ഒരു പോലെ സാധിക്കുന്നതല്ലെങ്കിലും, റമദാൻ മാസത്തിൽ നിർവ്വഹിക്കപ്പെടുന്ന ഉംറ സവിശേമായ ഇബാദത്ത് തന്നെയാണ്.
നബി(സ) പറഞ്ഞു:

عمرة في رمضان كحجة معي.(البخاري ،مسلم).

“റമാദാനിലെ ഉംറ, എന്റെ കൂടെയുള്ള ഹജ്ജ് പോലെയാണ്” (ബുഖാരി, മുസ്‌ലിം).

അതുപോലെ, റമദാനിലെ ഏറ്റവും സവിശേഷമായ ഒരു ഇബാദത്താണ് ഫിത്വർ സകാത്ത്. നോമ്പുകാരന്റെ ചെറിയ പിഴവുകൾക്കുള്ള പരിഹാരവും അഗതികളോട് അനുകമ്പയുമാണത്.

وَعَن ابْنِ عَبَّاسٍ رضي الله عنهما قَالَ: “فَرَضَ رَسُولُ اللَّهِ ﷺ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ، وَطُعْمَةً لِلْمَسَاكِينِ، “. رَوَاهُ أَبُو دَاوُد وَابْنُ مَاجَهْ.

ഇബ്നു അബ്ബാസ് (റ) പറയുന്നു; നോമ്പുകാരന്റെ(വന്നു പോയിട്ടുള്ള) അനാവശ്യ സംസാരത്തിൽ നിന്നും, ദുർവൃത്തികളിൽ നിന്നുമുള്ള ശുദ്ധീകരണമായും, അഗതികൾക്കുള്ള ഭക്ഷണമായി കൊണ്ടും, ഫിത്വർ സകാത്തിനെ റസൂൽ (സ) നിർബന്ധമാക്കിയിരിക്കുന്നു” (അബൂ ദാവൂദ്, ഇബ്നു മാജ).

ചുരുക്കത്തിൽ, റമദാനിൽ ആരാധനകൾ ധാരാളമാണ്. എന്നാൽ പരിമിതമായ ഈ ദിവസങ്ങളെ നന്മകളുടേയും പ്രതിഫലത്തിന്റേയും വർദ്ധനവിന് വേണ്ടി ഉപയോഗപ്പെടുത്താത്തവന്‍ നന്മയുടെ വാതിലുകൾ കൊട്ടിയടക്കപ്പെട്ടവനാണ്.
നബി (സ) പറഞ്ഞു:

لقد أدلكم شهر مبارك، فيه ليلة خير من ألف شهر، من حرم خيرها فهو المحروم.(ابن خزيمة: ١٨٨٧).

“നിങ്ങൾക്ക് അനുഗ്രഹീതമായ ഒരു മാസം വന്നെത്തിയിരിക്കുന്നു. ആയിരം മാസത്തേക്കാള്‍ ഉത്തമമായ ഒരു രാത്രി ഉണ്ട് ആ മാസത്തിൽ. അതിന്റെ നന്മ ലഭിക്കാത്തവനാരോ, അവനാണ് (സർവ്വ നന്മകളും) നിഷേധിക്കപ്പെട്ടവൻ”. (ഇബ്നു ഖുസൈമ:1887).

റമദാനിന്റെ ഏറ്റവും മഹത്തരമായ പ്രതിഫലം നരക ശിക്ഷയിൽ നിന്നുള്ള മോചനമാണ്.
നബി(സ) പറഞ്ഞു:

ولله عتقاء من النار وذلك كل ليلة.(الترمذي:٦٨٢).

“(റമദാനിൽ) അല്ലാഹു നരക മോചനം നൽകപ്പെടുന്നവരുണ്ട്, അപ്രകാരം (റമദാനിന്റെ) എല്ലാ രാത്രികളിലും ഉണ്ടായിരിക്കും”(തുർമുദി: 682).

നരകത്തിൽ രക്ഷപെട്ടവന് മാത്രമേ ആത്യന്തികമായ വിജയം നേടാൻ സാധിക്കൂ.
അല്ലാഹു പറയുന്നു:

فمن زحزح عن النار وأدخل الجنة فقد فاز..( آل عمران: ١٨٥).

“..അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌..” (വിശുദ്ധ ഖുർആൻ, സൂറ: ആരും ഇംറാൻ:185).

സാധാരണ ജീവിതത്തിലെ ഒരു വിശ്വാസിയുടെ കർമ്മങ്ങളുടെ സവിശേഷതയെ നബി (സ) വിശദീകരിച്ചത് പ്രവർത്തനങ്ങൾ അവയുടെ ഉദ്ദേശ ശുദ്ധിയുടേയും, പ്രവാചക ചര്യയിലുള്ള അതിന്റെ തികവിന്റേയും അടിസ്ഥാനത്തിൽ പത്ത് മുതൽ എഴുനൂറു വരെ ഇരട്ടി പ്രതിഫലം ഇരട്ടിപ്പിക്കപ്പെടും എന്നാണ്. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അതിലും കൂടുതലായി പ്രതിഫലം നൽകപ്പെടും.

എന്നാൽ, നോമ്പുകാരന് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലം എത്ര ഇരട്ടിയാണ് എന്ന് പ്രവാചകൻ (സ) നമ്മെ പഠിപ്പിച്ചിട്ടില്ല. കാരണം, അത്രമാത്രം അതുല്ല്യവും അമൂല്യമാണ് നോമ്പുകാരന് അല്ലാഹു രഹസ്യമാക്കി വെച്ചിട്ടുള്ള പ്രതിഫലം.

كل عمل ابن آدم يضاعف، الحسنة بعشر أمثالها،إلى سبع مئة ضعف، إلا الصوم، فإنه لي، وأنا أجزي به.(البخاري: ١٨٩٤).

ആദം സന്തതികളുടെ എല്ലാ(സൽ) കർമ്മങ്ങളുടേയും(പ്രതിഫലം) ഒരു നന്മ പത്തു മുതൽ എഴുനൂറു മടങ്ങ്(നന്മക്ക്) തുല്ല്യമാക്കി ഇരട്ടിപ്പിക്കപ്പെടും. എന്നാൽ നോമ്പ് ഒഴികെ, അതെനിക്കുള്ളതാണ്, ഞാനാണ് അതിനു പ്രതിഫലം(കണക്കാക്കി) നൽകുക”. (ബുഖാരി:1894)

ഇപ്രകാരം, മറ്റു ആരാധനകളിൽ നിന്നും വ്യത്യസ്തമായി, പ്രതിഫലത്തിൽ നോമ്പ് വിശേഷമായി തീരുന്നത് അത് ക്ഷമയുടെ ആരാധന ആയത് കൊണ്ടാണ്. അല്ലാഹു പറയുന്നു:

إنما يوفى الصابرون بغير حساب.(الزمر: ١٠)

“..ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്‌”.(വിശുദ്ധ ഖുർആൻ, സൂറ: സുമർ: 10).

വൃതം അല്ലാഹുവിനും അവന്റെ അടിമക്കും ഇടയിലുള്ള രഹസ്യമാണ്. കാരണം, ഒരാൾക്ക് മറ്റു ജനങ്ങൾക്കിടയിൽ, പരസ്യമായി അന്ന പാനീയങ്ങൾ വെടിഞ്ഞ്, നോമ്പുകാരനായി അഭിനയിക്കുകയും, രഹസ്യമായി അന്ന പാനീയങ്ങൾ ഉപയോഗിക്കുകയും ചെയ്യാം. പക്ഷേ, അനുകൂല സാഹചര്യങ്ങൾ എല്ലാം ഉണ്ടായിട്ടും, കടുത്ത വിശപ്പും ദാഹവും അനുഭവപ്പെടുമ്പോഴും, അന്ന പാനീയങ്ങളിൽ നിന്നും നോമ്പുകാരൻ വിട്ടു നിൽക്കുന്നത്, തന്റെ റബ്ബിന്റെ പ്രതിഫലം കാംക്ഷിച്ചു കൊണ്ടും അവന്റെ ശിക്ഷയെ ഭയപ്പെട്ടു കൊണ്ടും മാത്രമാണ്. മറ്റൊരാളിൽ നിന്നും മറച്ചു വെച്ചാലും അഭിനയിച്ചാലും അല്ലാഹുവിന്റെ മുന്നിൽ നിന്ന് ഒരാൾക്കും ഒന്നും ഒളിച്ചു വെക്കാൻ സാധിക്കില്ല. അല്ലാഹു പറയുന്നു:

ليس كمثله شيء وهو السميع البصير.(الشورى: ١١).

“അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു”. (വിശുദ്ധ ഖുർആൻ, സൂറ: ശൂറ:11).

ഓരോ ദിവസവും നോമ്പ് അവസാനിപ്പിച്ചു വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും,വിശപ്പിന്റേയും ദാഹത്തിന്റേയും വേദന നീങ്ങുകയും ചെയ്യുമ്പോൾ ഒരു വിശ്വാസി സന്തോഷിക്കും. അതു പോലെ ഒരു മാസത്തെ വൃതത്തിന് തിരശ്ശീല വീഴ്ത്തി പെരുന്നാൾ കടന്നു വരുമ്പോഴും വിശ്വാസി സന്തോഷിക്കും. അപ്രകാരം, റമദാൻ മാസത്തിലെ എല്ലാം ദിവസത്തിലും, തന്റെ ഇബാദത്തുകൾ പൂർത്തിയാക്കി എന്ന ആഹ്ളാദത്തിലായിരിക്കും വിശ്വാസി.

അവിടം കൊണ്ട് അവസാനിക്കുന്നില്ല; പ്രത്യുത അന്ത്യനാളിൽ, ഒരു നോമ്പുകാരൻ എന്ന നിലയിൽ തന്റെ റബ്ബിനെ കണ്ടുമുട്ടുമ്പോൾ അവന്റെ സന്തോഷം അതിരുകളില്ലാത്തതാവും.

നോമ്പ്, പാപങ്ങളിൽ നിന്നുള്ള മോചനമാണ്. നബി (സ) പറഞ്ഞു:

من صام رمضان إيمانا واحتسابا غفر له ما تقدم من ذنبه.(البخاري و مسلم).

“വിശ്വാസത്തോടേയും പ്രതിഫലം കാംക്ഷിച്ചു കൊണ്ടും, ആരെങ്കിലും റമദാനിൽ വൃതമെടുത്താൽ, തന്റെ മുൻകഴിഞ്ഞു പോയ പാപങ്ങൾ അവന് പൊറുക്കപ്പെടും”.(ബുഖാരി, മുസ്‌ലിം)

അതുപോലെ തന്നെയാണ് റമദാനിലെ തറാവീഹ് നമസ്കാരം. നബി (സ) പറഞ്ഞു:

من قام رمضان إيمانا واحتسابا غفر له ما تقدم من ذنبه.(البخاري و مسلم).

“വിശ്വാസത്തോടേയും പ്രതിഫലം കാംക്ഷിച്ചു കൊണ്ടും, ആരെങ്കിലും റമദാനിൽ നിന്നു നമസ്ക്കരിച്ചാൽ, തന്റെ മുൻകഴിഞ്ഞു പോയ പാപങ്ങൾ അവന് പൊറുക്കപ്പെടും”. (ബുഖാരി, മുസ്‌ലിം).

റമദാൻ മാസത്തിലെ ഏറ്റവും സവിശേഷമായ ഇബാദത്താണ് ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ചു, അവസാന പത്തു രാത്രികൾ ആരാധനകളിൽ മുഴുകുക എന്നുള്ളത്. അപ്രകാരം, ലൈലത്തുൽ ഖദ്ർ മുഖേന വിശ്വാസിക്ക് കരഗതമാവുന്നത് ആയിരം മാസങ്ങളിൽ ചെയ്തുകൂട്ടുന്ന ആരാധനകളുടെ പ്രതിഫലങ്ങളും പുണ്യങ്ങളുമാണ്.
അല്ലാഹു പറയുന്നു:

وما أدراك ما ليلة القدر. ليلة القدر خير من ألف شهر.(القدر: ٢-٣).

“നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?. നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു”. ( വിശുദ്ധ ഖുർആൻ, സൂറ ൺ: അൽ ഖദ്ർ: 2,3).

പക്ഷേ, ഇത്ര മാത്രം സ്രേഷ്ടതകൾ നിറഞ്ഞ ഈ മാസം വളരെ വേഗത്തിൽ കടന്നുപോകും. മറ്റു മാസങ്ങളിൽ കാണിക്കുന്ന അലസത വെടിഞ്ഞ്, നാളെ പരലോകത്ത് നന്മയുടെ ഏടുകൾ കനമുള്ളതാക്കാൻ നമ്മൾ ഈ റമദാനിനെ ഉപയോഗിച്ചേ മതിയാകൂ. കാരണം, അന്ത്യനാളിൽ, നമ്മുടെ, കർമ്മൾ ആണ് വിചാരണക്ക് വിധേയമാക്കപ്പെടുന്നത്.

റമദാൻ മാസത്തിന്റെ ഏറ്റവും വലിയ ലക്ഷ്യമായ തഖ്‌വ നേടിയെടുക്കാൻ അശ്രാന്ത പരിശ്രമം നടത്തിയേ മതിയാകൂ. വെറും അന്ന പാനീയങ്ങൾ വെടിഞ്ഞവർ റമദാനിന്റെ ചൈതന്യമായ തഖ്‌വ കരസ്ഥമാക്കുകയില്ല. നബി(സ) പറഞ്ഞു:

كم من صائم ليس له من صيامه إلا الجوع، وكم من قائم ليس له من قيامه إلا التعب.(أحمد: ٨٩٧٨).

“തന്റെ നോമ്പ് കൊണ്ട് വിശപ്പ് മാത്രമല്ലാതെ മറ്റൊന്നുമില്ലാത്ത എത്ര നോമ്പുകാരാണുള്ളത്. തന്റെ നമസ്ക്കാരം കൊണ്ട് ക്ഷീണം അല്ലാതെ മറ്റൊന്നും ഇല്ലാത്ത എത്ര നമസ്കാരക്കാരാണുള്ളത്”. (അഹ്മദ്:8978).

മനസ്സും സ്വഭാവവും സംസ്കരിച്ച്, തഖ്‌വയെ യാഥാർത്ഥ്യമാക്കിയവനാണ് നോമ്പിന്റെ ലക്ഷ്യം ഉൾകൊണ്ടവൻ. അല്ലാഹു പറയുന്നു:

يا أيها الذين آمنوا كتب عليكم الصيام كما كتب على الذين من قبلكم لعلكم تتقون.(البقرة: ١٨٣).

“സത്യവിശ്വാസികളേ, നിങ്ങളുടെ മുൻപുളവരോട് കൽപിച്ചിരുന്ന പോലെത്തന്നെ, നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപ്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ (തഖ്‌വയുള്ളവരാകാൻ) ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രേ അത്”.( വിശുദ്ധ ഖുർആൻ, സൂറ: അൽ ബഖറ:183).

എന്താണ് തഖ്‌വ:

താബിഈ വര്യനായ ത്വൽഖ് ബിൻ ഹബീബ് (റ) പറയുന്നു:

العمل بطاعة الله، على نور من الله، رجاء ثواب الله، وترك معاصي الله، على نور من الله، مخافة عذاب الله.(سير أعلام النبلاء:٤/٦٠١).

“അല്ലാഹുന്റെ പ്രതിഫലം കാംക്ഷിച്ചു, അവനിൽ നിന്നുള്ള വെളിച്ചത്തിൽ(വഹിയ്) അവന്റെ കൽപ്പനകൾ അനുസരിച്ചുള്ള പ്രവർത്തനങ്ങളാണ്, അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെട്ട്, അവനിൽ നിന്നുള്ള വെളിച്ചത്തിൽ (വഹിയ്) അവനെ ധിക്കരിക്കാതിരിക്കലുമാണ് തഖ്‌വ”. (സിയറു അഅ്ലാം അന്നുബലാ:4/601).

ചുരുക്കത്തിൽ, നോമ്പ് അനുഷ്ഠിക്കുകയും അതോടൊപ്പം തന്നെ അല്ലാഹുവും റസൂലും വിലക്കിയവ കേൾക്കുകയും, കാണുകയും, പ്രവർത്തിക്കുകയും ചെയ്യുന്നവന്, എങ്ങനെ ഒരു പൂർണ്ണമായ നോമ്പുകാരന്റെ പ്രതിഫലം പ്രതീക്ഷിക്കുവാൻ സാധിക്കും!.

അത് കൊണ്ട് തന്നെ, നോമ്പ് ദുർബലപ്പെടുത്തുന്ന കാര്യങ്ങളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്.

ഒന്ന്: പഞ്ചേന്ദ്രിയങ്ങൾക്ക് ഗോജരമായ പ്രവർത്തനങ്ങൾ.(حسية)
ഉദാഹരണത്തിന്; നോമ്പിന്റെ പകലിൽ അന്ന പാനീയങ്ങൾ കഴിക്കുന്നതു പോലുള പ്രവർത്തനങ്ങൾ.
രണ്ട്: പഞ്ചേന്ദ്രിയങ്ങൾക്ക് ഗോജരമല്ലാത്ത പ്രവർത്തനങ്ങൾ (معنوية)
ഉദാഹരണത്തിന്; പാപങ്ങളും അധർമ്മങ്ങളുമായ പ്രവർത്തനങ്ങൾ.
സച്ചരിതരായ മുൻഗാമികൾ പലരും, റമദാൻ മാസം വന്നെത്തിയാൽ നിർബന്ധ നമസ്കാരങ്ങൾക്ക് വേണ്ടി മാത്രം പള്ളിയിലേക്ക് പോവുകയും, മറ്റു സമയങ്ങളിൽ മുഴുവൻ, ഏഷണിയിൽ നിന്നും പരദൂഷണത്തിൽ നിന്നും മറ്റു അധാർമ്മിക പ്രവർത്തനങ്ങളിൽ നിന്നും രക്ഷ ആഗ്രഹിച്ച്, സ്വന്തം വീട്ടിൽ തന്നെ കഴിച്ചു കൂട്ടുമായിരുന്നു എന്ന് ചരിത്രങ്ങളിൽ കാണുവാൻ സാധിക്കും.

അവസാനമായി;

നബി(സ) ഒരിക്കൽ തന്റെ അനുചരന്മാരോട് ചോദിച്ചു:

أ تدرون من المفلس؟ قالوا: المفلس فينا من لا درهم له ولا متاع، فقال: إن المفلس من أمتي من يأتي يوم القيامة بصلاة وصيام وزكاة، ويأتي وقد شتم هذا،وقذف هذا، وأكل مال هذا، وسفك دم هذا، وضرب هذا، فيعطى هذا من حسناته، وهذا من حسناته، فإن فنيت حسناته قبل أن يقضى ما عليه، أخذ من خطاياهم فطرحت عليه، ثم طرح في النار.(رواه مسلم:٤٨٠٦).

പാപ്പരായവൻ ആരാണ് എന്ന് നിങ്ങൾക്ക് അറിയുമോ? അവർ പറഞ്ഞു: യാതൊരു വസ്തുവുമീല്ലാത്ത, ഒരു ദിർഹം പോലുമില്ലാത്തവനാണ് ഞങ്ങളിൽ പാപ്പരായവൻ. അപ്പോൾ നബി (സ) പറഞ്ഞു: എന്നാൽ, നമസ്കാരവും, നോമ്പും, സകാത്തുമായി, അന്ത്യനാളിൽ വരുന്ന ഒരുവനാണ് എന്റെ സമുദായത്തിലെ പാപ്പരായവൻ. അതൊടൊപ്പം, അവൻ ഇന്നവനെ ചീത്ത പറഞ്ഞിട്ടിണ്ടായിരിക്കും, ഇന്നയാളിനെ കുറിച്ച് ദുരാരോപോണം നടത്തിയിട്ടുണ്ടായിരിക്കും, ഇന്നാലിന്നവന്റെ സമ്പത്ത് അവൻ അന്യായമായി ഭക്ഷിച്ചിട്ടുണ്ടായിരിക്കും, ഇന്നയാളുടെ, രക്തം ചിന്തിയിട്ടുണ്ടാവും, ഇന്നാലിന്നവനെ ഉപദ്രവിച്ചിട്ടുണ്ടായിരിക്കും. അങ്ങനെ, ഓരോരുത്തർക്കും (പകരമായി) അവന്റെ നന്മകളിൽ നിന്നും എടുത്തു കൊടുക്കപ്പെടും, അപ്രകാരം അവന്റെ മേലുള്ള ബാധ്യത പൂർണമായും കൊടുക്കുന്നതിന് മുൻപേ അവന്റെ നന്മകൾ തീർന്നു പോയാൽ, മറ്റുള്ളവരുടെ തിന്മകൾ എടുത്തു അവന്റെ കണ്ണിലേക്ക് എറിയപ്പെടുകയും, അങ്ങനെ (നന്മകൾ ഇല്ലാതെ തിന്മകൾ മാത്രമായി) അവൻ നരകത്തിലേക്ക് എറിയപ്പെടുകയും ചെയ്യും”. (മുസ്‌ലിം: 4806).

അതുകൊണ്ട്, ഈ വരുന്ന റമദാനിനെ ഒരു വിധത്തിലും നഷ്ടപ്പെടുത്താതെ, നൻമയുടെ പൂക്കൾ മാത്രം വിടർത്തി സുഗന്ധം വമിപ്പിക്കുന്ന കർമ്മ വസന്തമാകാൻ സജ്ജരാകുക നാം. അത്തരം ഒരു പുണ്യ റമളാൻ മാസത്തിന് വരവേൽപ്പ് നൽകുക നാം. സച്ചരിതരായ നമ്മുടെ മുൻഗാമികൾ, റമദാനിന് ആറു മാസം മുമ്പ് തന്നെ, നന്മകൾ മാത്രം സമ്മാനിക്കുന്ന ഒരു റമദാനിനെ കൂടി വരവേൽക്കാൻ അവസരം ലഭിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമായിരുന്നു എന്ന് ചരിത്രമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.

print

1 Comment

  • لقد أدلكم شهر مبارك എന്നാണ് ശരി. തിരുത്തുക

    Perumayil mohammed 09.04.2021

Leave a Reply to Perumayil mohammed Cancel Comment

Your email address will not be published.