കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -2

//കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -2
//കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -2
ആനുകാലികം

കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ? -2

ശരീരത്തിനുള്ള കാവൽ സംവിധാനങ്ങൾ

കോവിഡിനെപ്പോലെയുള്ള രോഗങ്ങളില്ലാതാക്കാൻ ദൈവം എന്തുചെയ്തു എന്ന ചോദ്യത്തിനുള്ള രണ്ടാമത്തെ ഉത്തരം അതിക്രമികളെ വാതിലുകളിൽ വെച്ച് തന്നെ തടയാൻ കഴിയുന്ന നിസ്തുലമായ ഒരു ശരീരം നൽകിയെന്നാണ്; അതെ! മാരകമായ വൈറസുകൾക്കും ബാക്ടീരിയകൾക്കുമെല്ലാം കടക്കാൻ പ്രയാസകരമായ ഒരു ശരീരം നൽകി നമ്മെ അനുഗ്രഹിച്ച സർവ്വശക്തനെ സ്തുതിച്ചുകൊണ്ട് മാത്രമേ ആർക്കും ശരീരശാസ്ത്രം പഠിക്കാൻ കഴിയൂ.

പുറത്തുനിന്നെത്തുന്നത് എന്താണെങ്കിലും അതിനെ തടഞ്ഞു നിർത്തി പരിശോധിച്ച ശേഷം അപകടകരമല്ലെങ്കിൽ മാത്രം അകത്തേക്ക് കടത്തി വിടുന്ന വളരെ നിഷ്‌കൃഷ്ടമായ സുരക്ഷാസംവിധാനം നമ്മുടെ ശരീരത്തിലുണ്ട്. പുറത്തേക്ക് തുറക്കുന്ന വാതിലുകളിലെല്ലാം ശക്തരായ കാവൽക്കാരെ ഏർപ്പെടുത്തിയാണ് ഈ സുരക്ഷസംവിധാനം പ്രവർത്തിക്കുന്നത്. പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്ന ഓരോ വാതിലുകളുമുള്ള സുരക്ഷാസംവിധാനങ്ങൾ അത് സംവിധാനിച്ചവന്റെ മാഹാത്മ്യം വിളിച്ചോതുന്നതാണ്.

പുറത്തുനിന്നെത്തുന്ന അപായകരമായ വസ്തുക്കളെ ആദ്യമായി തടയുന്നത് ശരീരത്തിലെ ഏറ്റവും വലുതും ഭാരമുള്ളതുമായ അവയവമായ നമ്മുടെ തൊലി തന്നെയാണ്. ചൂടിൽ വിയർക്കുന്നത് ശരീരത്തെ തണുപ്പിക്കാനായി മാത്രമല്ല, തൊലിയിലെത്തുന്ന ശരീരത്തിന്റെ ശത്രുക്കളെ നശിപ്പിക്കാൻ വേണ്ടി കൂടിയാണ്. വിയർപ്പിൽ നിന്ന് തുടങ്ങുന്നു പ്രതിരോധമെന്നർത്ഥം. ഒരുവിധം സൂക്ഷ്മജീവികളെയെല്ലാം നശിപ്പിക്കുവാൻ ആവശ്യമായ രാസവസ്തുക്കൾ വിയർപ്പിലുണ്ട്. വിയർപ്പിലുള്ള ഡെർമിസിടിൻ(dermcidin) എന്ന പ്രോട്ടീനിന് Escherichia coli, Enterococcus faecalis, Staphylococcus aureus, Candida albicans തുടങ്ങിയ ബാക്ടീരിയകളെയെല്ലാം നശിപ്പിക്കുവാനുള്ള ശേഷിയുണ്ടെന്ന് കണ്ടെത്തിയത് 2001 ലാണ്. ജർമ്മനിയിലെ എബെർഹാർഡ്‌ കാൽസ് സർവ്വകലാശാലയിലെ ഗവേഷകർ ഈ പ്രോട്ടീൻ വേർതിരിച്ചെടുക്കുകയും അതുപയോഗിച്ച് പുതിയൊരു ആന്റിബയോട്ടിക്ക് നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

തൊലിപ്പുറത്തിന്റെ (epidermis) പ്രധാനപ്പെട്ട ധർമ്മങ്ങളിലൊന്ന് പ്രതിരോധമാണ്. തൊലിപ്പുറത്തുള്ള എപ്പിതേലിയൽ കോശങ്ങൾ (epithelial cells) മാരകരശ്മികളിൽ നിന്നുള്ള സംരക്ഷണം മുതൽ സ്പർശസംവേദനം വരെയുള്ള മറ്റനവധി ധർമ്മങ്ങൾ നിർവ്വഹിക്കുന്നതിനോടൊപ്പം വൈറസുകളെയും മറ്റ് സൂക്ഷ്മജീവികളെയും ശരീരത്തിനകത്തേക്ക് കയറാൻ സമ്മതിക്കാതെ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. ത്വക്കിലെ സൂക്ഷ്മമായ സ്വേദസുഷിരങ്ങളിലൂടെ (sweat pores) അവശോഷണം(absorption) വഴി അകത്തേക്ക് കടക്കാൻ സാധ്യതയുള്ള ശത്രുക്കളെ പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട് നശിപ്പിക്കാനായി ലംഗർഹന്സ് കോശങ്ങൾ (langerhans cells) തൊലിപ്പുറത്ത് തന്നെ സമൃദ്ധമാണ്. അന്തരീക്ഷവുമായി ഏറ്റവുമധികം സമ്പർക്കത്തിലാകുന്ന തൊലിയിലൂടെ മാരകമായ അതിക്രമകാരികൾ അകത്ത് കടക്കാതിരിക്കാനായി പടച്ചവൻ ഏർപ്പെടുത്തിയ സംവിധാനങ്ങളാണിവ.

തൊലിയിൽ മുറിവുണ്ടാവുമ്പോൾ നമ്മുടെ ശരീരത്തിന് അറിയാത്ത ഒരു വാതിൽ സൂക്ഷ്മജീവിലോകത്തിന് മുമ്പിൽ തുറക്കുകയാണ്. മുറിവിലൂടെ മാരകമായ അണുക്കൾ അകത്ത് കടക്കാൻ സാധ്യതയുണ്ട്. അതില്ലാതിരിക്കണമെങ്കിൽ പെട്ടെന്ന് തന്നെ മുറിവുണങ്ങണം. അതിന് ആദ്യം രക്തസ്രാവം നിലയ്ക്കണം. അതിന്നായുള്ള മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ശാരീരികപ്രക്രിയകളെയാണ് ഹീമോസ്റ്റാറ്റിസ് (hemostasis) എന്ന് വിളിക്കുന്നത്. മുറിവുണ്ടാകുമ്പോഴുള്ള വേദന മുതലാരംഭിക്കുന്നു അതിന്റെ കേടുപാടുകൾ തീർക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനം. തലച്ചോറിനെ അപകടം അറിയിക്കുന്നതിന് വേണ്ടിയുള്ളതാണ് വേദന. അത് അനുഭവിച്ചയുടനെ ധമനീസങ്കോചം (vasoconstriction) വഴി നഷ്ടപ്പെടുന്ന രക്തത്തിന്റെ അളവ് പരമാവധി കുറയ്ക്കുവാൻ മസ്തിഷ്‌കത്തിന്റെ നിർദേശമുണ്ടാവുന്നു. രക്തത്തിലെ സൂക്ഷ്മകോശങ്ങളായ പ്ലേറ്റ്ലെറ്റുകൾ പരസ്പരം ഒട്ടിച്ചേർന്ന് ഒരു അടപ്പു(platelet plug)ണ്ടാകുന്നതാണ് അടുത്തഘട്ടം. ഘനീഭവനിര്‍ഝരി(coagulation cascade)യെന്ന് വിളിക്കാവുന്ന ഒന്നിന് പുറകെ ഒന്നായുള്ള പ്രക്രിയകൾ വഴിയുള്ള രക്തത്തിന്റെ കട്ടപിടിക്കലാ(coagulation)ണ് മൂന്നാമത്തെ ഘട്ടം. ഈ കട്ടപിടിക്കൽ പ്രക്രിയയുടെ അവസാനമുണ്ടാകുന്ന ഫൈബ്രിൻജാല (fibrin mesh) പ്ലേറ്റ്ലെറ്റ് പ്ലഗ്ഗിനെ ശാക്തീകരിക്കുന്നതോടെ മുറിവിൽ നിന്നുള്ള രക്തസ്രാവം പൂർണമായും നിലയ്ക്കുന്നു.

ഫൈബ്രിൻജാലയാൽ തൊലിപ്പുറം മൂടിക്കഴിഞ്ഞാൽ അടഞ്ഞ രക്തധമനികൾ മെല്ലെ തുറന്ന് മുറിവ് ഉണങ്ങാനാവശ്യമായ പോഷകങ്ങളും ഓക്സിജനും അവിടേക്ക് എത്തിക്കാൻ തുടങ്ങുന്നു. ഈ സമയത്ത് മുറിവിലെത്തുന്ന ഓക്സിജൻ കൂടുകയോ കുറയുകയോ ചെയ്യാതിരിക്കേണ്ടത് അത് ഉണങ്ങാൻ അത്യാവശ്യമായതിനാൽ അതിനായുള്ള സംവിധാനങ്ങൾ പ്രവർത്തനക്ഷമമാവുന്നു.

മുറിവുണ്ടായിക്കഴിഞ്ഞാൽ വല്ലാതെ വൈകാതെ അതിലൂടെ ശരീരത്തിനകത്ത് കടക്കാൻ ശ്രമിച്ചുകൊണ്ട് സൂക്ഷ്മജീവികൾ എത്താൻ തുടങ്ങും. അവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനായുള്ള ശ്വേതരക്താണു(white blood cell)ക്കളിൽ പെട്ട ഫേഗോസൈറ്റ് (phagocyte) കോശങ്ങളിലെ ഒരു വിഭാഗമായ മാക്രോഫേജുകൾ (macrophage) ഉടനെത്തന്നെ സജീവമാകുന്നു. അതിക്രമകാരികളെ കണ്ടെത്തുകയും വളയുകയും നശിപ്പിക്കുകയുമെല്ലാം ചെയ്യുന്നത് ഈ പടയാളീകോശങ്ങളാണ്. ഉണങ്ങുന്നതിന്റെ തുടക്കത്തിൽ മുറിവിന്റെ വശങ്ങളിൽ നിന്ന് വരുന്ന നിറമില്ലാത്ത സ്രവം നശിച്ച അതിക്രമകാരികളെ ശുചീകരിക്കുന്നതിന് വേണ്ടിയുള്ളതാണ്. ഉണങ്ങിക്കൊണ്ടിരിക്കുന്ന മുറിവിന് ചുറ്റുമുണ്ടാകുന്ന നീർക്കെട്ട് അവിടേക്ക് കൂടുതൽ സ്രവങ്ങളും ശ്വേതരക്താണുക്കളുമെത്തി അവിടെ പ്രതിരോധം സജീവമാവുന്നതുകൊണ്ട് ഉണ്ടാവുന്നതാണ്. പ്രതിരോധത്തിനായി ഉണ്ടാവുന്ന രാസവസ്തുക്കൾ അവിടെയുള്ള രക്തധമനികളെ ഞെരുക്കുന്നത് കൊണ്ടുണ്ടാവുന്നതാണ് വേദന. വേദനയുള്ളതിനാൽ അവിടേക്ക് തലച്ചോർ കൂടുതൽ ശ്രദ്ധിക്കുകയും അതിലൂടെയുണ്ടാവാനിടയുള്ള അതിക്രമങ്ങളെ തടയാൻ ഒരുങ്ങിയിരിക്കുകയും ചെയ്യുന്നു. എത്ര കൃത്യവും സൂക്ഷ്മവുമാണ് അല്ലാഹു നമ്മെ രക്ഷിക്കാനായി ചെയ്ത സംവിധാനങ്ങൾ!!

ശരീരത്തിന്റെ പുറത്തേക്ക് തുറക്കുന്ന വാതിലുകളിലെല്ലാം ഇതേപോലെയുള്ള പ്രതിരോധ സംവിധാനങ്ങളുണ്ട്. നമുക്ക് ലഭിക്കുന്ന വിവരങ്ങളധികവും കടന്നു വരുന്ന കണ്ണിലൂടെ ഉള്ളിലെത്താൻ സാധ്യതയുള്ള അതിക്രമകാരികളെ പ്രതിരോധിക്കുന്നതിനുള്ളതാണ് നേത്ര പ്രതിരോധവ്യൂഹം(ocular immune system). പൊടിപടലങ്ങൾ മുതൽ സൂക്ഷ്മജീവികൾ വരെയുള്ളവയിൽ നിന്ന് കണ്ണിനെ കഴുകി സൂക്ഷിക്കുകയും എപ്പോഴും അതിനെ സ്നിഗ്ദമായി സൂക്ഷിക്കുകയും ചെയ്യുന്ന കണ്ണുനീരിന്റെ ധർമ്മങ്ങളിലൊന്ന് കണ്ണിലൂടെ കടന്നുവരാനിടയുള്ള രോഗകാരികളിൽ നിന്നുള്ള പ്രതിരോധമാണ്. അതിക്രമകാരികളെ നശിപ്പിക്കാൻ കഴിയുന്ന ലൈസോസൈം (lysozyme), ഇമ്മ്യൂണോഗ്ലോബിനുകൾ(immunoglobulins), സൈറ്റോക്കിനുകൾ(cytokines), ലിപ്പോകാലിനുകൾ(lipocalins) തുടങ്ങിയ നിരവധി പ്രോട്ടീനുകളാൽ സമൃദ്ധമാണ് കണ്ണുനീർ. ബാഹ്യാവയവങ്ങളിൽ കണ്ണിന് മാത്രമേ പ്രതിരോധസവിശേഷാധികാര(immune privilege)മുള്ളൂ. കണ്ണിന്റെ അകം വീങ്ങാത്തത് അതുകൊണ്ടാണ്. എപ്പിതേലിയൽ കോശങ്ങൾ(epithelial cells), കെരറ്റോ സൈറ്റുകൾ(keratocytes), കോർണിയൽ നാഡികൾ(corneal nerves), ഇന്റർഫെറോണുകൾ(interferons) എന്നിവയും അനുബന്ധവ്യവസ്ഥകളും ചേർന്ന് അതീവ സൂക്ഷ്മതയോടെ കണ്ണുകളെ അക്രമണങ്ങളിൽ നിന്ന് പ്രതിരോധിച്ച് നിർത്തുന്നു. കണ്ണിന് ബാധിക്കുന്ന രോഗങ്ങൾ തുലോം പരിമിതമായിരിക്കുന്നതും കണ്ണിലൂടെ ശരീരത്തിനകത്തേക്ക് അതിക്രമകാരികൾ കടക്കാനിടവരാത്തതും ഈ സംരക്ഷണം കൊണ്ടാണ്.

ശരീരത്തിന് പുറത്തേക്ക് തുറക്കുന്ന തരത്തിലുള്ള എല്ലാ ആന്തരാവയവങ്ങളിലും പലവിധത്തിലുള്ള പ്രതിരോധസംവിധാനങ്ങളുണ്ട്. ദഹനവ്യവസ്ഥയുമായും ശ്വസനവ്യവസ്ഥയുമായും മൂത്രവ്യവസ്ഥയുമായും ബന്ധപ്പെട്ട ശ്ലേഷ്‌മിക പ്രതിരോധവ്യവസ്ഥ( mucosal immune system)യിൽ വായിലും മൂക്കിലും ചെവിയിലും ലിംഗങ്ങളിലും ഗുദത്തിലും കുടലുകളിലുമെല്ലാമുള്ള പ്രാഥമിക പ്രതിരോധസംവിധാനങ്ങളെല്ലാം ഉൾപ്പെടും. ശരീരത്തിന് ആവശ്യമുള്ള സൂക്ഷ്മജീവികളെ കടത്തിവിടുകയും മാരകമായവയെ തടഞ്ഞു നിർത്തുകയും ചെയ്യുന്നതിനുള്ളതാണ് ഈ വ്യവസ്ഥ. മൂക്കട്ടയും(nasal mucus) ചെവിക്കായവും(earwax) മുതൽ അവിടങ്ങളിലെല്ലാമുള്ള ലസികാഗ്രന്ഥികൾ(lymh glands) വരെയുൾക്കൊള്ളുന്ന ഈ വ്യവസ്ഥയാണ് ശരീരത്തിന്റെ വാതിലുകളിൽ ഉറങ്ങാതെ നിൽക്കുന്ന കാവൽക്കാരൻ എന്ന് പറഞ്ഞാൽ തെറ്റാവുകയില്ല. തൊലിയിൽ നിന്ന് ഊറി വരുന്ന വിയർപ്പിനെയും കണ്ണിനെ സ്‌നിഗ്ദമായി നിലനിർത്തുന്ന കണ്ണുനീരിനെയും പോലെ വായിലുള്ള ഉമിനീരും മൂക്കിലുള്ള മൂക്കട്ടയും യോനിയിലുള്ള ശ്ലേഷ്മസ്രവവും ചെവിയിലുള്ള ചെവിക്കായവുമെല്ലാം നിർവ്വഹിക്കുന്ന പല ദൗത്യങ്ങളിലൊന്ന് പുറമെനിന്ന് വരുന്ന മാരകമായ സൂക്ഷമജീവികളെ നശിപ്പിക്കുകയാണ്.

ഉമിനീരിലെ ലൈസോസൈം (lysozyme) എന്ന എൻസൈമിന് വായിലൂടെയെത്തുന്ന അപകടകാരികളായ ഒരുവിധം എല്ലാ ബാക്ടീരിയകളെയും നശിപ്പിക്കുവാനുള്ള കഴിവുണ്ട്. ബാക്ടീരിയകളുടെ കോശസ്തരം പൊട്ടിച്ച് അതിനെ ലയിപ്പിക്കുകയെന്ന ലൈസിസിന് (lysis) കഴിയുന്നതുകൊണ്ടാണ് ഈ എൻസൈമിനെ ലൈസോസൈം എന്ന് വിളിക്കുന്നത്. തൊണ്ടയിലെ ഗളഗ്രന്ഥികളുടെ(tonsils) പ്രധാനധർമ്മം തന്നെ ബാക്ടീരികളെയും വൈറസുകളെയും പിടിക്കുകയാണ്. അതിനുണ്ടാവുന്ന അണുബാധയായ ഗളഗ്രന്ഥിവീക്കം (tonsillitis) ഈ പിടിക്കൽ പ്രക്രിയയുടെ ഫലമായുണ്ടാവുന്നതാണ്. ശരീരത്തിൽ നിന്ന് രസ(mercury)ത്തെയും ഈയ്യ(lead)ത്തെയും പോലെയുള്ള പല വിഷരാസപദാർത്ഥങ്ങളെയും നീക്കം ചെയ്യുന്നതിലും ഉമിനീർ വലിയ പങ്കു വഹിക്കുന്നുണ്ട്.

എപ്പോഴും പൊടിയും അണുക്കളും നിറഞ്ഞതായതുകൊണ്ട് മൂക്കിനെ നമ്മുടെ ശരീരത്തിലെ ഏറ്റവും വൃത്തികെട്ട അവയവമെന്ന് വിളിക്കാറുണ്ട്. ശ്വസനവായുവിലുള്ള ഒരുവിധം എല്ലാ പൊടിപടലങ്ങളെയും മാരകമായ അണുക്കളെയും മറ്റു വിഷവസ്തുക്കളെയുമെല്ലാം അരിച്ച് ശ്വാസവായുവിനെ ശുദ്ധീകരിക്കുന്ന ജോലി നിർവ്വഹിക്കുന്നതുകൊണ്ടാണിത്. മൂക്കട്ട ഒരുവിധം എല്ലാ അതിക്രമകാരികളെയും കെണിയിലാക്കി നശിപ്പിക്കുന്നു. അതിലുള്ള ഗ്ലൈകാനുകൾ (glycans) എന്ന കാർബോഹൈഡ്രേറ്റ് തന്മാത്രകൾക്ക് ബാക്ടീരിയകളെ കൊല്ലാനുള്ള കഴിവുണ്ട്. സെറുമെൻ (cerumen) എന്നുവിളിക്കുന്ന ചെവിക്കായവും ചെവിയിലൂടെ കടക്കാൻ സാധ്യതയുള്ള രോഗകാരികളെ തടയുന്നതിന് വേണ്ടിയുള്ളതാണ്. ഒരുവിധം എല്ലാ അതിക്രമികളെയും നശിപ്പിക്കുവാൻ അമ്ലഗുണമുള്ള ഇതിന് കഴിയും. ഉമിനീരിലേതുപോലെയുള്ള ലൈസോസൈം ചെവിക്കായത്തിലുമുണ്ട്. വൈറസുകളെയും ബാക്ടീരിയകളെയും അലിയിപ്പിച്ച് നശിപ്പിക്കുവാൻ ശേഷിയുള്ള എൻസൈമാണിത്.

ചുറ്റുമുള്ള മാരകമായ സൂക്ഷ്മജീവികളൊന്നും ശരീരത്തിനകത്തേക്ക് കടക്കാതെ സൂക്ഷിക്കുവാനായി ശരീരത്തിൽ സംവിധാനക്കപ്പെട്ട അത്ഭുതകരമായ സംവിധാനങ്ങളെക്കുറിച്ച് മനസ്സിലാക്കുമ്പോൾ അവയെല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്നവനെ ആരും സ്തുതിച്ചുപോകും. വൈറസുകളിൽ നിന്നും ബാക്ടീരിയകളിൽ നിന്നും മറ്റ് രോഗകാരികളിൽ നിന്നുമെല്ലാം മനുഷ്യരെ സംരക്ഷിക്കുവാൻ തക്കതായ ഒരു ശരീരം നൽകിയത് തന്നെയാണ് ഇക്കാര്യത്തിൽ പടച്ചവൻ ചെയ്ത പ്രധാനപ്പെട്ട കാര്യം. രോഗകാരികൾക്ക് കടക്കാൻ പ്രയാസകരമായ രീതിയിൽ സംവിധാനിക്കപ്പെട്ട ശരീരത്തിലെ ഓരോ സംവിധാനങ്ങളേയും കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴും ഖുർആനിലെ സൂറത്തുർ റഹ്‌മാനിൽ മുപ്പത്തിയൊന്ന് തവണ ആവർത്തിക്കുന്ന ചോദ്യം നമുക്ക് ഓർമ്മ വരും: “അപ്പോള്‍ നിങ്ങള്‍ രണ്ട് പേരുടെയും നാഥൻ ‌ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ക്ക് നിഷേധിക്കാനാവുക?”

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

5 Comments

  • Masha Allhaaa…..
    فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ

    لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِيٓ أَحۡسَنِ تَقۡوِيمٖ

    ഇതുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന എല്ലാവർക്കും റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ …… ആമീൻ

    Muhammed Suhail C Y 21.04.2020
  • Subhanallah
    Alhamdulillah
    Ee padanam namukku samadhanam nalgunnadhanu.
    Alhamdulillah

    Samariya 21.04.2020
  • അസ്സലാമു അലൈക്കും
    ആദ്യമായി അള്ളാഹുവിനെ സ്തുതിക്കട്ടെ
    എത്രമാത്രം കാരുണ്യമാണ് എന്നിൽ ചൊരിയുന്നത്. അത്ഭുതമാവുന്നു.
    വിയർപ്പ് കൂടുതലായി തോന്നുന്ന എനിക്ക് പലപ്പോഴും ഒരു അസമാധാനം തോന്നാറുണ്ടയിരുന്നു . ഈ ലേഖനം എനിക്ക് സമാധാനം തന്നിരിക്കുന്നു. ഇതൊരു പുതിയ അറിവാണ് മാഷാ അള്ളാഹ്

    Safwan Ibn Abbas 21.04.2020
  • മാഷാ അല്ലാഹ്.. എത്ര മഹത്തരമായ പ്രതിരോധ വ്യവസ്ഥയാണ് നമ്മുടെ ശരീരത്തിൽ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്! അവനെ എത്ര സ്തുതിച്ചാലും മതിയാവുകയില്ല..

    Silshij 22.04.2020
  • مشاء الله

    Abdul jaleel,e 23.04.2020

Leave a comment

Your email address will not be published.