ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -1

//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -1
//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -1
ആനുകാലികം

ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -1

ഫെമിനിസ്റ്റുകൾ രാത്രി കരയുന്നത് എന്ത് ഓർത്താണ് ?

വോഗ് മാഗസിന്റെ കവർ ഫോട്ടോയിൽ കാണുന്ന “വിജയശ്രീലാളിതയായ സ്ത്രീ”യെ പോലെ പവർ സ്യൂട്ട് ധരിച്ച ആ സ്ത്രീ ഇന്റർവ്യൂവിന് മുമ്പ് ബെറ്റി ഫ്രീഡനുമായി സ്വകാര്യമായി ഒന്ന് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കയിലെ പ്രസിദ്ധമായ ഒരു ടെലവിഷൻ കമ്പനിയുടെ വൈസ് – പ്രസിഡന്റ് പദവിയിലേക്ക് പ്രൊമോഷൻ കാത്തു നിൽക്കുന്ന കാലിഫോർണിയക്കാരിയായ, ആ മുപ്പത് വയസ്സിനോടടുത്ത സ്ത്രീ ബെറ്റി ഫ്രീഡനോട് രഹസ്യമായി സംസാരിക്കാൻ തുടങ്ങി, പക്ഷെ തന്റെ ഫെമിനിസ്റ്റ് റോൾ മോഡലിനോട് എന്തെന്നില്ലാത്ത പ്രതിഷേധവും അമർഷവും പുകയുന്നതായിരുന്നു അന്തരീക്ഷം: “എനിക്കറിയാം ഈ ജോലി ലഭിച്ചതിൽ ഞാൻ എത്ര ഭാഗ്യവതിയാണെന്ന്… പക്ഷെ നിങ്ങൾ, ഈ നേട്ടങ്ങൾക്കെല്ലാം വേണ്ടി സമരം ചെയ്ത നിങ്ങൾക്ക് കുടുംബവും സ്വകാര്യ ജീവിതവും ഉണ്ടായിരുന്നു. നിങ്ങൾക്ക് ആദ്യമേ ഭർത്താക്കന്മാരും കുട്ടികളും ഉണ്ടായിരുന്നില്ലെ? ഞങ്ങൾ എന്ത് ചെയ്യാനാണ് വിധിക്കപ്പെട്ടിരിക്കുന്നത് ?!”
(The miseducation of women: James Tooley: 8, 9)

അമേരിക്കൻ ഫെമിനിസത്തിന്റെ നേത്രി, മാതാവ് എന്നെല്ലാം ബെറ്റി ഫ്രീഡൻ വിശേഷിപ്പിക്കപ്പെടുന്നു. കൃത്യമായി പറയുകയാണെങ്കിൽ
“ആധുനിക ഫെമിനിസത്തിന്റെ സ്ഥാപക മാതാവ്” (The founding mother of modern feminism) (Faulder, C. and Brown, S. (1982) ‘Introduction to the British Edition’, in Friedan, B. The second Stage. London. Michael Joseph. p. 15)

യൂറോപ്പിൽ പിറവിയെടുത്ത രണ്ടാം തരംഗ ഫെമിനിസ്റ്റ് ഫിലോസഫിക്ക് അമേരിക്കൻ മണ്ണിലേക്ക് ചാല് കീറിയത് ബെറ്റി ഫ്രീഡനാണ്. ഡേ ബ്യോവയറിന്റെ The Second Sex ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഫെമിനിസത്തിന് അമേരിക്കയിൽ അവർ അടിത്തറ പാകി. 1963-ൽ അവർ രചിച്ച പുസ്തകം, ദി ഫെമിനിൻ മിസ്റ്റിക് 20-ാം നൂറ്റാണ്ടിൽ അമേരിക്കൻ ഫെമിനിസത്തിന്റെ രണ്ടാം തരംഗത്തിന് ജ്വലനം നൽകി. 1966-ൽ, സ്ഥാപിതമായ (National Organization for Women) ദേശീയ വനിതാ സംഘടനയുടെ (NOV) ആദ്യത്തെ പ്രസിഡന്റും സഹ സ്ഥാപകയുമാണ് ഫ്രീഡൻ. “ഇപ്പോൾ [പുരുഷന്മാരുമായി] സമ്പൂർണ്ണ സമത്വം കൈവരിക്കുന്നതിലൂടെ അമേരിക്കൻ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്” സ്ത്രീകളെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന സംഘനയാണ് NOV.

The Feminine Mystique എന്ന അവരുടെ ഗ്രന്ഥം സ്ത്രീക്ക് അവളുടെ സമ്പൂർണ്ണ ആത്മ സാക്ഷാൽക്കാരത്തിൽ നിന്നും തന്നെ തടയുന്ന “തടസ്സങ്ങളെ” സംബന്ധിച്ച് ബോധ്യപ്പെടുത്തി കൊടുക്കുന്ന ഗ്രന്ഥമാണ്. സ്വാഭാവികമായും വിവാഹം, കുടുംബം, കുട്ടികൾ തുടങ്ങിയ “വിഘ്നങ്ങളെ” യെല്ലാം തമസ്കരിച്ച് പരമാവധി പുരുഷന്മാരെ പോലെ ആവാൻ ശ്രമിക്കുകയാണ് ആത്മ സാക്ഷാൽക്കാരം. ജോലിയും കൂലിയും യാത്രയിലും യത്നങ്ങളിലും മുഴുകി എത്രത്തോളം പൗരുഷത്തോട് അടുക്കുന്നുവോ അത്രത്തോളം സന്തോഷവും സംതൃപ്തിയും സ്ത്രീകൾക്ക് കൈവരിക്കാം !

ബെറ്റി ഫ്രീഡൻ ഉച്ചൈസ്തരം രണഭേരി മുഴക്കി:
“സ്വന്തം പ്രയത്നം കൊണ്ട് അവർ ആരാണെന്ന് കണ്ടെത്തുന്നതുവരെ മറ്റെല്ലാം സ്ത്രീകൾക്ക് നീട്ടി നീട്ടി കൊണ്ടുപോകാം. ജീവിതം ഊർജ്ജസ്വലമാക്കാൻ ജീവസ്സുറ്റതായി അനുഭവപ്പെടാൻ അവർക്ക് ആൺകുട്ടിയുടെയോ പുരുഷന്റെയോ പരിഗണനയൊ ആദരവൊ ആവശ്യമില്ല. സ്ത്രീകൾക്ക് അവരുടെ ഭർത്താക്കന്മാരിലൂടെയും മക്കളിലൂടെയും ജീവിക്കേണ്ട ആവശ്യമില്ല… ഒടുവിൽ സ്ത്രീ സ്വയം ആത്മസാക്ഷാത്കാരം കൈവരിക്കുമ്പോൾ അവൾ എന്തായി മാറുമെന്ന് ആർക്കറിയാം?! സ്ത്രീകളുടെ ബുദ്ധി എന്ത് സംഭാവന ചെയ്യുമെന്ന് ആർക്കാണ് പ്രവചിക്കാൻ കഴിയുക…?!”
(Friedan. B. (1963) The Feminine Mystique. Harmondsworth: Penguin books. pp. 13, 311, 318, 331)

ഒരു വീട്ടമ്മയായിരിക്കുന്നത് ‘സുഖകരമായ നാസ്സി തടങ്കൽപ്പാളയത്തിൽ’ (comfortable concentration camp)കഴിയുന്നതിന് തുല്യമാണ്, ‘പുരോഗമനപരമായ അമാനുഷികവൽക്കരണ’ (progressive dehumanization) ത്തിലേക്ക് ഗാർഹിക ജീവിതം സ്ത്രീയെ നയിക്കുന്നു എന്ന പരാമർശങ്ങൾ ബെറ്റി ഫ്രീഡന്റെ ഏറ്റവും ശ്രദ്ധേയമായ അപലപനങ്ങളാണ്. നാസ്സി ജർമ്മനിയിലെ ജൂത സമൂഹത്തെ പോലെ ‘അമേരിക്കൻ സ്ത്രീകൾ തീർച്ചയായും കൂട്ട ഉന്മൂലനത്തിന് വിധേയരാവുന്നില്ല എന്നത് ശരിയായിരിക്കാം, പക്ഷേ അവർ മാനസികവും ആത്മീയവുമായി ഇഞ്ചിഞ്ചായുള്ള മരണത്തിന് വിധേയരാകുന്നുണ്ട്’. വീട്ടമ്മമാരാകാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ അവസ്ഥ നാസി കോൺസെൻട്രേഷൻ ക്യാമ്പുകളിലെ ‘തടങ്കൽപ്പാളയങ്ങളിൽ സ്വന്തം മരണത്തിലേക്ക് നടന്നുപോയ ദശലക്ഷക്കണക്കിന് ആളുകൾക്ക് സമാനമായ അപകടാവസ്ഥയാണ്’. വീട്ടമ്മമാർ ‘നാസി ക്യാമ്പുകളിലെ തടവുകാരാണ്’. അവർ അക്ഷരാർത്ഥത്തിൽ ‘നടക്കുന്ന ശവങ്ങൾ’ (walking corpses) ആയി മാറുന്നു എന്നെല്ലാം (സ്വയം കുടുംബിനിയും ഒരുപാട് കുട്ടികളുടെ അമ്മയുമായ) ബെറ്റി ഫ്രീഡൻ കുടുംബ വ്യവസ്ഥിതിയെ നിശിതമായി ആക്ഷേപിച്ചു.
(Friedan. B. (1963) The Feminine Mystique. Harmondsworth: Penguin books. pp. 266,264,265)

അങ്ങനെ ആ വഴിക്ക് പതിറ്റാണ്ടുകൾ സ്റ്റേജിലും പേജിലും ബെറ്റി ഫ്രീഡൻ അമേരിക്കൻ സ്ത്രീകളെ ക്ഷണിച്ചു കൊണ്ടിരുന്നു. സ്ത്രീകൾ മുഖ്യധാരയിലേക്ക് ആവേശത്തോടെ ഇരമ്പി അടുത്തു. വൈവാഹിക- കുടുംബ ജീവിത ശൈലി മൊത്തത്തിൽ അമേരിക്കയിൽ നിരുത്സാഹപ്പെടുത്തപ്പെട്ടു. ഹോളിവുഡ് സിനിമകളിൽ ഏകാകിയായ സ്ത്രീയുടെ സ്വതന്ത്ര ജീവിതം ഗ്ലാമർ പരിവേഷങ്ങൾ കൊണ്ട് പകിട്ടു ചാർത്തി. ഒടുവിൽ ബെറ്റി ഫ്രീഡൻ ആഗ്രഹിച്ച നിലവാരത്തിലേക്ക് ഭൂരിഭാഗം അമേരിക്കൻ സ്ത്രീകളും എത്തി.

പക്ഷെ, പതിറ്റാണ്ടുകൾക്കിപ്പുറം തന്റെ സ്വപ്ന സാക്ഷാൽക്കാരത്തിൽ ബെറ്റി ഫ്രീഡൻ ഖേദിക്കുകയാണ്. അമേരിക്കയിലെ സ്ത്രീ സമൂഹത്തിന്റെ ദയനീയമായ രണ്ടാം ഘട്ടം – സാക്ഷാൽക്കാര ഘട്ടം – വീക്ഷിച്ച് ഫ്രീഡൻ വിതുമ്പുകയാണ് തന്റെ The Second Stage എന്ന ഗ്രന്ഥത്തിലൂടെ ! വിഷയത്തെ സംബന്ധിച്ച വീണ്ടു വിചാരങ്ങളും വൈകി കിട്ടിയ ബോധോദയങ്ങളുമാണ് The Second Stage നിറയെ. (പക്ഷെ ഫെമിനിസ്റ്റുകൾക്ക് ഈ ഗ്രന്ഥം പരിചയമേ ഇല്ല. അവർക്ക് പഴയ The Feminine Mystique തന്നെ മതി എന്നതാണ് ദുരവസ്ഥ !)
“വിജയശ്രീലാളിതയായ അമേരിക്കൻ സ്ത്രീത്വം” കൂടുതൽ അസംതൃപ്തിയിലും ആത്മ രാഹിത്യത്തിലും ഉഴലുകയാണെന്ന് ജീവിതത്തിന്റെ അവസാനദശയിൽ ലഭ്യമായ ബോധ്യത്തിൽ നിന്ന് ബെറ്റി ഫ്രീഡൻ ഇങ്ങനെ കുറിച്ചിട്ടു:

“The Feminine Mystique എഴുതുന്നതിൽ ഞാൻ മുഴുകിയിരുന്ന വർഷങ്ങളിലെല്ലാം, എന്റെ ചെറിയ മകൾ സ്‌കൂളിൽ നിന്ന് വരുമ്പോഴോ എന്റെ ആൺമക്കൾ ഒരു ചെറിയ ലീഗിലോ ബാസ്‌ക്കറ്റ്‌ബോൾ ഗെയിമിലോ ആയിരിക്കുമ്പോഴോ അല്ലെങ്കിൽ എന്റെ ഭർത്താവ് വീട്ടിലെത്തിയപ്പോൾ മാർട്ടിനി ഉണ്ടാക്കുമ്പോഴോ ഞാൻ എഴുതുന്നത് നിർത്തും. കുടുംബത്തോടൊപ്പം അത്താഴം കഴിക്കുക, ഭർത്താവിനൊപ്പം തർക്കിക്കുക, സിനിമക്ക് പോകുക, പ്രണയലീലകളിലും രതിയിലും ഏർപ്പെടുക, ശനിയാഴ്ച സൂപ്പർമാർക്കറ്റിലേക്കോ ചന്തയിലൊ ഒരു പര്യവേഷണത്തിൽ ചേരുക, ഫയർ ഐലൻഡിലെ കടൽത്തീരത്ത് ഒരു മത്സ്യവിഭവ വിരുന്ന് സംഘടിപ്പിക്കുക, ഗെറ്റിസ്ബർഗിലെ യുദ്ധക്കളത്തിലേക്ക് കുട്ടികളെ കളിക്കാൻ കൊണ്ടുപോകുക, അല്ലെങ്കിൽ കേപ് ഹാറ്റെറാസിൽ ക്യാമ്പിംഗ് നടത്തുക – ഇത്തരം കുടുംബജീവിതത്തിന്റെ സന്തോഷങ്ങളിൽ ഞാനടക്കം പല പഴയ കാല ഫെമിനിസ്റ്റുകളും മുഴുകിയിരുന്നു, ഞങ്ങൾ അതെല്ലാം നിസ്സാരമായി എടുത്തു.”
(The miseducation of women: James Tooley: 8, 9)

പരിണിതഫലം പുതു തലമുറയിലെ സ്ത്രീകൾ അനുഭവിച്ചു തീർക്കുകയാണ്. ഒരു പ്രസിദ്ധയായ അഭിഭാഷക ബെറ്റി ഫ്രീഡനോട് ഇപ്രകാരം പശ്ചാത്തപിക്കുന്നു: “ഞാൻ ഗർഭിണിയായ സന്ദർഭത്തിൽ ഞാനും എന്റെ ഭർത്താവും ചിന്താകുലരായി; കുട്ടികൾ ഞങ്ങളുടെ രണ്ടുപേരുടേയും ജോലിക്ക് തടസ്സമാവും എന്ന് ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ഞാൻ ഗർഭചിദ്രത്തിന് വിധേയയായി. ഇന്ന്, പ്രായമായപ്പോൾ ഉദ്യോഗജീവിതം അത്ര കൗതുകമൊന്നും തരുന്നില്ല; കോർപ്പറേറ്റ് യന്ത്രത്തിലെ ഒരു ചക്രപ്പല്ല്‌ മാത്രമായി അനുഭവപ്പെടുകയാണ്. മൂന്നും ആറും വയസ്സുള്ള മക്കളുമായി ജീവിക്കുന്ന എന്റെ സഹോദരിയെ കാണുമ്പോൾ എനിക്ക് ഇന്ന് അസൂയ തോന്നുന്നു.”

മുപ്പതു കഴിഞ്ഞ ഒരു ന്യൂയോർക്ക് ഫെമിനിസ്റ്റ്, ബെറ്റി ഫ്രീഡനോട് പരിതപിക്കുന്നത് ഇങ്ങനെ: “എന്റെ ബയോളജിക്കൽ ക്ലോക്കിൽ (വിവാഹം കഴിക്കാൻ അല്ലെങ്കിൽ പ്രസവം സാധ്യമാവാനുമുള്ള) സമയം ഏതാണ്ട് കഴിയാറായി എന്ന് വേണമെങ്കിൽ നിങ്ങൾക്ക് പറയാം. ഞാൻ ഇപ്പോൾ പ്രസവിച്ചില്ലെങ്കിൽ എനിക്ക് ഇനി കഴിഞ്ഞില്ലെന്ന് വരാം. പക്ഷെ ഇത് ഒരു ഉത്‌കണ്‌ഠാകുലമായ ഒരു തിരഞ്ഞെടുപ്പാണ്… ഞാൻ ഒരു കുടുംബവും കുഞ്ഞും ഇപ്പോൾ തിരഞ്ഞെടുത്തില്ലെങ്കിൽ, എന്റെ ജീവിതം പാഴായി പോകുമെന്ന് എനിക്ക് തോന്നുന്നു. സ്ത്രീയെന്ന നിലയിൽ എനിക്ക് ആത്മ സാക്ഷാൽക്കാരവും സംതൃപ്തിയും സാധ്യമാകുമോ?

മുപ്പതുകളിൽ എത്തിയ, ന്യൂസ് ഷോയുടെ നിർമ്മാതാവായ ഒരു വിജയിനി ഫ്രീഡനോട് ഇപ്രകാരം വ്യാകുലത പങ്കു വെച്ചു: “കുടുംബിനിയായ എന്റെ അമ്മ എന്നോട് പറയുമായിരുന്നു: ‘ഞാൻ ചെയ്തതു പോലെ നീ ചെയ്യരുത്, മകളേ, എനിക്ക് പറ്റിയ അമളി നിനക്കും പറ്റരുത്. നീ ഒരു കരീയർ ഉണ്ടാക്കണം. ജോലി ചെയ്യണം. ജീവിതം കൊണ്ട് എന്തെങ്കിലും സാധ്യമാക്കണം. ആരെയും ആശ്രയിച്ചു ജീവിക്കുന്ന ഗതികേടിൽ അകപ്പെടരുത്.’ അമ്മയുടെ ഈ ഉപദേശം കേട്ട്, “സ്വാതന്ത്ര്യം” വിട്ടുകൊടുക്കാൻ പേടിച്ചാണ് ഞാൻ ജീവിച്ച് വളർന്നത്. പക്ഷെ ഇപ്പോൾ ആ ഉപദേശവും എന്റെ ജീവിതത്തിന്റെ തിരഞ്ഞെടുപ്പും ഭീമാബദ്ധമായിരുന്നുവെന്ന് ഞാൻ തിരിച്ചറിയുന്നു, കുട്ടികളുണ്ടാകുന്നതിൽ ഞാൻ ഭ്രമിച്ചു തുടങ്ങി. എന്റെ പ്രായത്തിലുള്ള എല്ലാ സ്ത്രീകളും -അവർ സമ്മതിച്ചാലും ഇല്ലെങ്കിലും – അതിനെക്കുറിച്ച് വേദനിക്കുന്നവരാണ്. പുരുഷന്മാരെ പോലെ തന്നെ, ഒരു സ്ത്രീയായ എനിക്കും ഈ ജോലികൾ ചെയ്യാൻ കഴിയുമെന്ന് വർഷങ്ങളോളം തെളിയിച്ച് തളർന്ന ശേഷം, ഇപ്പോൾ ഒരു സ്ത്രീ എന്ന സ്വത്വ ബോധം വളരെ തീക്ഷ്ണമായി എന്നിൽ ജ്വലിക്കാൻ തുടങ്ങിയിരിക്കുന്നു. എനിക്ക് ഒരു കുട്ടി വേണമെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു.”

ഒഹായോയിലെ ഒരു ഫെമിനിസ്റ്റ് ബെറ്റി ഫ്രീഡനോട് പരാതിപ്പെടുന്നതിങ്ങനെ:
“ഇവിടെ ആദ്യമായി മാനേജ്‍മെന്റ് ശ്രേണിയിൽ എത്തിയ ആദ്യ സ്ത്രീയാണ് ഞാൻ. ഉദ്യോഗത്തിനായി മറ്റെല്ലാം ഞാൻ പരിത്യജിച്ചു. മറ്റു സ്ത്രീകൾ ധൈര്യപ്പെടാത്ത പലതും ഭേദിച്ച് ഞാൻ മുന്നേറുമ്പോൾ ആദ്യമെല്ലാം ആവേശം തോന്നിയിരുന്നു. ഇപ്പോൾ ഇത് വെറും ഒരു ജോലിയല്ലെ ?! എന്ന് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ മടുപ്പിക്കുന്ന ഏകാന്തതയാണ് ഏറ്റവും അസഹനീയം. എല്ലാ രാത്രിയും ഒറ്റയ്ക്ക് ഈ അപ്പാർട്ട്മെന്റിലേക്ക് വരുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല. എനിക്ക് ഒരു വീട് വേണം, ഒരുപക്ഷേ ഒരു പൂന്തോട്ടവും. ഒരുപക്ഷേ എനിക്ക് ഒരു കുട്ടി ഉണ്ടായിരിക്കണം. എങ്കിലെങ്കിലും എനിക്കൊരു കുടുംബമുണ്ടായേനെ. ഈ ഏകാകിയായ സ്ത്രീ ഭാവത്തെക്കാൾ, ജീവിക്കാൻ എന്തെങ്കിലും മെച്ചപ്പെട്ട മാർഗം ഉണ്ടാവുമെന്ന് എനിക്ക് തീർച്ച…”
(The miseducation of women: James Tooley: 9, 10)

സ്ത്രീ ശാക്തീകരണ പ്രകടനങ്ങൾക്കും ലിംഗത്വ സമരങ്ങൾക്കുമൊടുവിൽ ഒരു ഫെമിനിസ്റ്റ് തന്റെ വിശാലമായ വിരിപ്പിൽ, കുറ്റാകൂരിരുട്ടിൽ ഏകാകിയായി കിടക്കുമ്പോൾ… തലയണയിൽ മുഖമമർത്തി തേങ്ങുമ്പോൾ… അവളുടെ മനോമുകുരത്തിൽ തെളിയുന്ന പൊള്ളുന്ന നഷ്ടചിത്രങ്ങൾ, അവൾ നിരസിച്ച വിവാഹാന്വേഷണങ്ങളുടേതാണ്… ഒരുവട്ടം പോലും ജീവിതത്തിൽ ഇനി തൊട്ടോമനിക്കാൻ വിധിയില്ലാത്ത, തൂവൽ പോലെ മൃദുലമായ കുഞ്ഞു വിരൽ തുമ്പുകളുടേതാണ്… ഇളം ചുവപ്പു കലർന്ന ചാമ്പക്ക പോലെയുള്ള മോണക്കു പുറത്ത്, മത്സരിക്കുന്നതു പോലെ തള്ളി പൊന്തി വരുന്ന രണ്ട് കുഞ്ഞു പല്ലുകൾ കാണിച്ച്, അവളുടെ മുഖത്ത് ചാലിക്കപ്പെടുമായിരുന്ന പാൽ പുഞ്ചിരിയുടേതാണ്. അവളുടെ മുറിയിൽ തളം കെട്ടി കിടക്കുന്ന ഏകാന്തത, പെരുമഴ പോലെ സമൃദ്ധമായ ശബ്ദലയങ്ങൾ കൊണ്ട് മുഖരിതമായ കുടുംബ കലപിലകളിൽ ഒലിച്ചു പോകുമായിരുന്നു.

ബെറ്റി ഫ്രീഡൻ ഈ ഫെമിനിസ്റ്റ് കഥകളെല്ലാം കേൾക്കുന്നു. ‘ആജീവനാന്ത പിന്തുണയ്‌ക്കായി ഇനി ഭർത്താക്കന്മാരെ ആശ്രയിക്കാൻ കഴിയാത്ത വീട്ടമ്മമാരുടെ’ അരക്ഷിതാവസ്ഥ വളരുന്നതിന്റെ പേരിൽ അമേരിക്കൻ വനിതാ പ്രസ്ഥാനങ്ങൾ കുറ്റപ്പെടുത്തപ്പെടുന്നു എന്നതും അവൾ കേൾക്കുന്നു. ‘കുടുംബ വ്യവസ്ഥിതിയുടെ ശിഥിലീകരണം’, ‘വർദ്ധിച്ചുവരുന്ന വിവാഹമോചന നിരക്ക്’, യുവാക്കളുടെ ‘അനാസ്ഥയും ധാർമ്മിക തോന്നിവാസങ്ങളും’ തുടങ്ങി എല്ലാത്തിന്റെയും സ്രോതസ്സായി ഫെമിനിസം പഴിചാരപ്പെടുന്നു. ഈ വിമർശനങ്ങൾ ‘ശത്രു പ്രചാരണത്തിന്റെ’ ഭാഗമാണെന്ന് വാദിച്ച് തോളിലെ പൊടി തട്ടിപ്പോകാൻ കഴിയില്ലെന്ന്, അമേരിക്കയിലെ രണ്ടാം തരംഗ ഫെമിനിസത്തിന്റെ മാതാവ് ബെറ്റി ഫ്രീഡൻ തിരിച്ചറിയുന്നു. അവർ അതിൽ ഉറച്ചു വിശ്വസിക്കുന്നു.
(Friedan, B. (1981,1982) The Second Stage. London: Michael Joseph. pp.83, 33, 21, 22, 52, 71, 90, 91)

ദി ഫെമിനിൻ മിസ്റ്റിക്കിലൂടെ സമ്പൂർണ്ണ സമത്വത്തിനു വേണ്ടി ഗീർവാണം മുഴക്കി രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം…
1981-ൽ, ഫെമിനിസത്തെക്കുറിച്ച് ഒരു പുനർവിചിന്തനം അത്യന്താപേക്ഷിതമാണെന്ന് ബെറ്റി ഫ്രീഡന് ബോധ്യപ്പെടുന്നു. പ്രശംസനീയമായ ആത്മാർത്ഥതയോടെ അവൾ എഴുതി:

“ആധുനിക സ്ത്രീ സമൂഹത്തിലെ ഈ അസ്വസ്ഥതയുണ്ടാക്കുന്ന ലക്ഷണങ്ങൾ അംഗീകരിക്കാനോ ഉറക്കെ ചർച്ച ചെയ്യാനോ ഞാനും മറ്റു ഫെമിനിസ്റ്റുകളും ഭയപ്പെടുന്നു, കാരണം വനിതാ പ്രസ്ഥാനം, വർഷങ്ങളോളം ഞങ്ങളുടെ സ്വന്തം ഊർജ്ജത്തിന്റെയും ശക്തിയുടെയും സുരക്ഷയുടെയും ഉറവിടവും കേന്ദ്രവുമായിരുന്നു, ഞങ്ങൾ അതിന്റെ വേരും പിന്തുണയുമായിരുന്നു… എന്നാൽ ആധുനിക സ്ത്രീ സമൂഹത്തിലെ ഈ സങ്കീർണമായ അനാരോഗ്യ ലക്ഷണങ്ങളെ നിഷേധിക്കാൻ ഇനിയും നമുക്ക് കഴിയില്ല. വനിതാ പ്രസ്ഥാനത്തിന്റെ പ്രവർത്തന ഫലമായി ഗുരുതരവും അക്ഷന്തവ്യവുമായ അബദ്ധങ്ങൾ സ്ത്രീ സമൂഹത്തിൽ സംഭവിച്ചിട്ടുണ്ട് എങ്കിൽ, നമ്മൾ അത് എത്രയും പെട്ടെന്ന് കണ്ടെത്തുകയും ദിശ മാറ്റുകയും ചെയ്യുന്നതാണ് നല്ലത്- അത്തരം മാറ്റങ്ങളെ നമ്മൾക്ക് ഇപ്പോൾ എത്ര ഹിതകരമല്ലെന്ന് തോന്നിയാലും – കാര്യങ്ങൾ കൈവിട്ടു പോകും മുമ്പേ നാം തിരുത്തലിന് തയ്യാറായേ മതിയാവു.”

The Second Stage എത്തിയപ്പോൾ ബെറ്റി ഫ്രീഡൻ, ‘കുട്ടികളുണ്ടാകാനുള്ള അഗാധമായ മാനുഷിക പ്രേരണ’യായി മാതൃത്വത്തെ അവർ സ്തുതിച്ചു. ബെറ്റി ഫ്രീഡൻ തുടരുന്നു:
“കുടുംബത്തിന്റെയും ഗാർഹിക ജീവിതത്തിന്റെയും ലിംഗത്വപരമായ സ്റ്റീരിയോടൈപ്പുകൾക്കെതിരെ സ്ത്രീകൾ പോരാടുമ്പോൾ, അത് അവരെ കൂടുതൽ സന്തോഷത്തിലേക്കും സംതൃപ്തിയിലേക്കും നയിക്കുന്നതായി തോന്നുന്നില്ല.”

“കുഞ്ഞുങ്ങളെ പ്രസവിക്കൽ, കുട്ടികളുടെ മാതാവാകൽ, ഒരു വീട് ഉണ്ടാകൽ, സ്നേഹിക്കുക, സ്നേഹിക്കപ്പെടുക, മറ്റുള്ളവരെ ആശ്രയിക്കുക, മറ്റുള്ളവരാൽ ആശ്രയിക്കപ്പെടുക എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വികാരങ്ങളെയും ശേഷികളെയും എങ്ങനെയെങ്കിലും ഒഴിവാക്കുകയാണ് സ്ത്രീത്വത്തിന്റെ സാക്ഷാൽകാരമെന്ന് ഇപ്പോൾ സ്വത്വ സാക്ഷാൽകാരം കൈവരിച്ചു എന്ന് വാദിക്കുന്ന ചില ചെറുപ്പക്കാരായ സ്ത്രീകളിൽ നിന്ന് ഞാൻ കേൾക്കുന്നത് എത്ര ഖേദകരം. കുടുംബത്തിലൂടെ കൈവരുന്ന ആശ്രിതത്വവും സ്വാതന്ത്ര്യവും, മൃദുത്വവും കാഠിന്യവും, ശക്തിയും ബലഹീനതയും സ്ത്രീത്വത്തിന്റെ പൂർണതയാണ്.”

“ഒരു സ്ത്രീ എന്ന നിലയിൽ, മാതൃത്വത്തിൽ ഉള്ളടങ്ങിയ, ലാളന, ശുശ്രൂഷ, സ്നേഹം, മൃദുത്വം, കടുവയുടെ ശക്തി എന്നിവയിൽ പ്രകടിപ്പിക്കപ്പെട്ടിട്ടുള്ള ഒരു ഭാഗം നിഷേധിക്കുന്നത് സ്ത്രീയെന്ന നിലയിൽ ഒരാളുടെ വ്യക്തിത്വത്തിന്റെ ഒരു ഭാഗം നിഷേധിക്കലാണ്.”

“പുതുതലമുറയിലെ നമ്മളുടെ പെൺമക്കൾക്ക്, അവരുടെ തൊഴിൽ ജീവിതത്തിലൂടെ സംജാതമാകുന്ന വെല്ലുവിളികൾ മാതൃത്വത്തെ ഉപേക്ഷിക്കുന്നതിലേക്ക് അവരെ നയിക്കുന്നതായി അനുഭവപ്പെടുമ്പോൾ ആശയക്കുഴപ്പത്തിൽ അവർ ഉഴലുന്നു. ഞങ്ങൾ പഴയ കാല ഫെമിനിസ്റ്റുകൾ അവരിൽ നിന്ന് ഒളിച്ചു പിടിച്ച അല്ലെങ്കിൽ വിലകെട്ടതായി ദുർവ്യാഖ്യാനിച്ച, അനുഗ്രഹീതമായ സാദ്ധ്യതയാണ് മാതൃത്വവും കുടുംബവുമെല്ലാം എന്നവർ തിരിച്ചറിയുന്നു.”
(Friedan, B. (1981,1982) The Second Stage. London: Michael Joseph. pp.79,81,92,94)

ഈ തിരിച്ചറിവിലേക്ക് എത്തിച്ചേർന്ന ഫെമിനിസ്റ്റ് ആചാര്യകളുടെ പട്ടികയിൽ ബെറ്റി ഫ്രീഡൻ തനിച്ചല്ല. ലോക പ്രസിദ്ധ ഫെമിനിസ്റ്റ് മൂർത്തികളായ ജെർമെയ്ൻ ഗ്രീർ, ഗ്ലോറിയ സ്റ്റീനെം തുടങ്ങി ഒട്ടനവധി പേർ ആ നീണ്ട നിരയിൽ ഉൾപ്പെടുന്നു. അവർക്കെല്ലാം വൈകി കിട്ടിയ തിരിച്ചറിവുകൾ എന്താണെന്ന് അടുത്തതായി നമുക്ക് പരിശോധിക്കാം…

print

No comments yet.

Leave a comment

Your email address will not be published.