ദഅ്‌വാനുഭവങ്ങൾ -14

//ദഅ്‌വാനുഭവങ്ങൾ -14
//ദഅ്‌വാനുഭവങ്ങൾ -14
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ -14

നബിനിന്ദകനുമായി സംവാദത്തിനൊരുങ്ങി.….

ഇസ്‌ലാമിനെയും പ്രവാചകനെ(സ)യും തെറ്റിദ്ധരിപ്പിക്കുകയും തെറി പറയുകയും ചെയ്തുകൊണ്ട് മുസ്‌ലിംകളെ ക്രൈസ്തവവൽക്കരിക്കുവാൻ ശ്രമിക്കുന്ന മിഷനറിമാരുടെ ശല്യം സഹിക്കവയ്യാതെയാണ് ആധുനികകാലത്തെ അറിയപ്പെട്ട ഇസ്‌ലാമികപ്രബോധകരിൽ മിക്കവരും ക്രൈസ്തവ-ഇസ്‌ലാം മതതാരതമ്യത്തിലേക്ക് കടക്കുകയും പിന്നീട് മിഷനറിമാരുമായുള്ള സംവാദങ്ങളിലൂടെ ശ്രദ്ധേയരായിത്തീരുകയും ചെയ്തത്. ക്രിസ്ത്യൻ-മുസ്ലീം സംവാദങ്ങളുടെ ചരിത്രത്തിലെ വെള്ളിനക്ഷത്രമായ ശൈഖ് അഹ്‌മദ്‌ ദീദാത്ത് തന്നെയാണ് അതിനുള്ള ഏറ്റവും നല്ല ഉദാഹരണം. ബ്രിട്ടീഷ് ഇന്‍ഡ്യയില്‍ ഇന്നത്തെ ഗുജറാത്തിലെ സൂറത്തിനടുത്ത ഒരു ഗ്രാമത്തില്‍ 1918 ജൂലൈ ഒന്നിന് ജനിച്ച അഹ്‌മദ് ഹുസയ്ന്‍ ദീദാത്തിനെ ലോകപ്രശസ്തനായ ഇസ്‌ലാമികപ്രബോധകനാക്കുന്നതിനുള്ള വിത്തുകൾ പാകിയത് ‘ആഡംസ് മിഷന്‍’ എന്ന ക്രിസ്തുമത പാഠശാലയിലെ യുവവിദ്യാർത്ഥികകളായിരുന്നുവെന്ന് പറയാം. ഗ്രാമീണരുടെ പാത്രങ്ങളും വസ്ത്രങ്ങളുമെല്ലാം കഴുകി വൃത്തിയാക്കി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് മക്കളെ വളർത്താൻ പാടുപെട്ട ദീദാത്തിന്റെ ഉമ്മ ചെറുപ്പത്തിൽ വാരിക്കൊടുത്ത ചോറിനോടോപ്പം ചാലിച്ച് നൽകിയ ഇസ്‌ലാമിനോടും പ്രവാചകനോടുമുള്ള സ്നേഹത്തിൽ നിന്നാണ് ലോകപ്രശസ്തനായ ആ പ്രബോധകൻ ജനിച്ചത്. ദരിദ്രനായ തന്റെ പിതാവിനോടൊപ്പം ഒൻപതാം വയസ്സിൽ ദക്ഷിണാഫ്രിക്കയിലെത്തിയ അദ്ദേഹത്തിന് താൻ ചെറുപ്പത്തിൽ സഹിച്ച പട്ടിണിയേക്കാൾ അസഹനീയമായത് തുടർച്ചയായി കേൾക്കേണ്ടി വന്ന ആഡംസ് മിഷനനിലെ മിഷനറിമാരുടെ നബിനിന്ദകളായിരുന്നു. അവയ്ക്ക് മറുപടി പറയണമെന്ന അദമ്യമായ ആഗ്രഹത്തിൽ നിന്ന് തുടങ്ങിയ അദ്ദേഹം മുസ്‌ലിംകൾ ഏറ്റവുമധികം ആദരിക്കുകയും മിഷനറിമാർ ഏറ്റവുമധികം ഭയക്കുകയും വെറുക്കുകയും ചെയ്യുന്ന പ്രബോധകനെന്ന ഖ്യാതി നിലനിർത്തിക്കൊണ്ടാണ് 2005 ജൂലൈ എട്ടിന് തന്റെ എൺപത്തിയേഴാമത്തെ വയസ്സിൽ മരണപ്പെട്ടത്.

അഹ്‌മദ്‌ ദീദാത്ത് പ്രബോധകനായിത്തീർന്ന കഥ ഇങ്ങനെയാണ്: ദക്ഷിണാഫ്രിക്കയിലെത്തിയശേഷവും സാമ്പത്തിക വിഷമതകള്‍ കാരണം ഔപചാരിക വിദ്യാഭ്യാസം കാര്യമായൊന്നും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പല സ്ഥലങ്ങളിലായി ഇന്‍ഡ്യക്കാരുടെ കടകളില്‍ സഹായിയായി സേവനം ചെയ്ത് ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ജീവിതം. തൊള്ളായിരത്തി മുപ്പതുകളുടെ അവസാനത്തിലാണ് ഡര്‍ബനിലെ ‘ആഡംസ് മിഷന്‍’ സെമിനാരിക്കടുത്ത് പല ചരക്കു കട നടത്തുന്ന മുഹമ്മദിന്റെ ജോലിക്കാരനായി ദീദാത്ത് നിയമിതനാവുന്നത്. നല്ലൊരു വായനക്കാരനായിരുന്ന അദ്ദേഹം, പലചരക്കുകടയില്‍ സാധനങ്ങള്‍ പൊതിയാന്‍വെച്ച കടലാസു തുണ്ടുകള്‍പോലും വായിച്ചു തീർക്കുമായിരുന്നു. ആഡംസ് മിഷന്‍ സെമിനാരിയിലെ വിദ്യാര്‍ത്ഥികള്‍ കടയ്ക്കടുത്തുകൂടി നടന്നുപോകുമ്പോഴെല്ലാം നബിയെ നിന്ദിച്ചുകൊണ്ട് ദീദാത്തിനെ വേദനിപ്പിക്കുക പതിവായിരുന്നു. നബിയുടെ വിവാഹവും യുദ്ധങ്ങളുമെല്ലാം തന്നെയായിരുന്നു എന്നത്തേതും പോലെ അപ്പോഴുമുള്ള അവരുടെ നിന്ദാവിഷയങ്ങൾ. അവർക്ക് മറുപടി പറയാൻ കൗമാരക്കാരനായ അഹ്‌മദ്‌ ദീദാത്തിന്റെ മനസ്സ് വെമ്പി. നബിനിന്ദകൾ കേട്ട് വ്രണിതമായ മനസ്സിന്റെ പ്രാർത്ഥനയുടെ ഉത്തരമെന്നോണമാണ് സാധനങ്ങൾ പൊതിയാൻ കൊണ്ടുവന്ന പഴയ പത്ര-മാസിക-പുസ്തകക്കെട്ടുകൾക്കിടയിൽ നിന്ന് ചിതലരിച്ച, പൂപ്പല്‍ നിറഞ്ഞ ഒരു പഴയ പുസ്തകം -ഇദ്ഹാറുല്‍ ഹക്വ്- ആ കൗമാരക്കാരന് ലഭിക്കുന്നത്. ശൈഖ് റഹ്‌മത്തുല്ലല്ലാഹി ഖൈറാനവിയുടെ സുപ്രസിദ്ധ ഗ്രന്ഥം! മഹാനായ ആ ഇന്‍ഡ്യന്‍ പണ്ഡിതന്‍ മിഷനറിമാരുടെ വാദങ്ങളെ കശക്കിയെറിയുന്നത് വായിച്ച് അദ്ദേഹം ആവേശഭരിതനായി. ബൈബിള്‍ പഠിച്ച് മിഷനറിമാരോട് മറുചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടും അവരുമായി സംവദിച്ചുകൊണ്ടുമുള്ള ദീദാത്തിന്റെ പ്രബോധനയാത്ര തുടങ്ങുന്നത് അവിടെ നിന്നാണ്. ഇസ്‌ലാമികപ്രബോധകനെന്ന നിലയിൽ 1986ല്‍ സുഊദി അറേബ്യ ഫൈസൽ അവാര്‍ഡ് നല്‍കി ആദരിക്കുന്നത് വരെയുള്ള ഉന്നതിയിലേക്കുള്ള ദീദാത്തിന്റെ പ്രയാണം തുടങ്ങുന്നത് മിഷനറിമാരുടെ നബിനിന്ദക്ക് മറുപടി നൽകിക്കൊണ്ടാണ് എന്നർത്ഥം.

ഇതേപോലെയുള്ള ഒരു തുടക്കത്തിന്റെ കഥയാണ് ക്രൈസ്തവരുമായുള്ള സംവാദങ്ങളുടെ കാര്യത്തിൽ എനിക്കും പങ്കുവെക്കാനുള്ളത്. മദ്രാസിലെ (ഇന്നത്തെ ചെന്നൈ) ജോലിസ്ഥലത്തുള്ള തന്റെ കൂട്ടുകാരനിൽ നിന്ന് ഇസ്‌ലാമിനെ മനസ്സിലാക്കുകയും അതേക്കുറിച്ച് നന്നായി പഠിക്കുകയും ചെയ്ത് ഇസ്ലാം സ്വീകരിച്ച അബ്ദുൽ ലത്തീഫിനെ പരിചയപ്പെടുന്നതോടെയാണ് കഥയുടെ തുടക്കം. പിഎസ്എംഒ കോളേജിൽ ഫിസിക്സ് ബിരുദപഠനം തുടങ്ങിയ കാലത്താണ് പരപ്പനങ്ങാടി ഇസ്‌ലാമിക് ലൈബ്രറിയിൽ വെച്ച് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഇസ്‌ലാം സ്വീകരിച്ച ശേഷം പരപ്പനങ്ങാടിയിൽ ഹിന്ദുക്കളായി തുടരുന്ന തന്റെ മാതാപിതാക്കളെ സന്ദർശിക്കാൻ വന്നപ്പോൾ അദ്ദേഹം തന്നെ അന്വേഷിച്ച് കണ്ടെത്തിയതായിരുന്നു ലൈബ്രറി. ഇസ്‌ലാമിക പ്രബോധനവുമായി ബന്ധപ്പെട്ടുകൊണ്ട് ആർ എന്ത് ചോദിച്ചാലും അന്ന് നാട്ടുകാർ ലൈബ്രറി കാണിച്ചുകൊടുക്കുമായിരുന്നു. ആദ്യവരവിൽ തന്നെ പരിചയപ്പെടുകയും നന്നായി അടുക്കുകയും ചെയ്തു. മാതാപിതാക്കളോടൊപ്പം താമസിക്കാൻ മദ്രാസിൽ നിന്ന് ഇടയ്ക്ക് അദ്ദേഹം നാട്ടിൽ വരും. ലൈബ്രറി സന്ദർശിക്കും. ഇസ്‌ലാം സ്വീകരണത്തിന്റെ നാൾവഴികളെയും തന്നെ അതിലേക്കാകർഷിച്ച കാര്യങ്ങളെയും ഇസ്‌ലാമിൽ കണ്ടെത്തിയ നന്മകളെയും കുറിച്ച അബ്ദുൽ ലത്തീഫിന്റെ വിശദീകരണം കൗതുകത്തോടെയും ആവേശത്തോടെയും കേട്ടിരിക്കുക അന്ന് ഞങ്ങളുടെ പതിവായിരുന്നു. പരപ്പനങ്ങാടിയിലുള്ളപ്പോൾ ഇസ്‌ലാമിക് ലൈബ്രറിയിലെ സ്ഥിരം സന്ദർശകനായിരുന്നു അദ്ദേഹം. പഠനത്തിലൂടെ ഇസ്‌ലാം സ്വീകരിക്കുകയും അതേക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുന്ന ഒരാളെ വളരെ അടുത്ത് പരിചയപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. ഇസ്‌ലാമികപ്രബോധനപ്രവർത്തങ്ങൾക്ക് അദ്ദേഹവുമായുള്ള സംഭാഷണങ്ങൾ ഞങ്ങൾക്കെല്ലാം വലിയ പ്രചോദനമായിത്തീർന്നു.

ഒരു ദിവസം പതിവിൽ നിന്ന് വിപരീതമായി മുഖത്ത് വലിയ സമ്മർദ്ദത്തോടെയാണ് അബ്ദുൽ ലത്തീഫ് ലൈബ്രറിയിലെത്തിയത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം കുറെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. മുഹമ്മദ് നബി(സ)യെക്കുറിച്ചായിരുന്നു ചോദ്യങ്ങളിലധികവും. നബിയെന്തിനാണ് ആറ് വയസ്സുള്ള ബാലികയെ വിവാഹം ചെയ്തത്? നബി സ്വന്തം മകന്റെ ഭാര്യയെ പ്രണയിക്കുകയും മകനെക്കൊണ്ട് വിവാഹമോചനം ചെയ്യിപ്പിച്ച് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ടോ? നബി എന്തിനാണ് യുദ്ധങ്ങൾ ചെയ്തത്? ബലപ്രയോഗത്തിലൂടെയല്ലേ ഇസ്‌ലാം വളർന്നത്? തുടങ്ങി നിരവധി ചോദ്യങ്ങൾ. അവയ്‌ക്കെല്ലാം ഞാനടക്കം ലൈബ്രറിയിൽ അപ്പോഴുണ്ടായിരുന്നവർ തൃപ്തികരമായ വിശദീകരണം നൽകി. ഇടമറുകിന്റെ ഖുർആൻ വിമർശനങ്ങൾക്ക് ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി നൽകിയ മറുപടികൾ കേൾക്കുകയും ലേഖനങ്ങൾ വായിക്കുകയും ചെയ്തിരുന്നതിനാൽ ആ ചോദ്യങ്ങൾക്കുള്ള മറുപടികൾ പറയാൻ വല്ലാതെ പ്രയാസപ്പെടേണ്ടി വന്നില്ല. തനിക്കാവശ്യമായ വിശദീകരണങ്ങൾ കേട്ട ശേഷമാണ് തന്റെ സമ്മർദ്ദകരണം അദ്ദേഹം വെളിപ്പെടുത്തിയത്. അത് കേട്ടപ്പോൾ ഏതാനും ആഴ്ചകൾക്ക് മുമ്പ് വായിച്ച അഹ്‌മദ്‌ ദീദാത്തിന്റെ Is the Bible God’s word എന്ന പുസ്തകമാണ് എനിക്ക് ഓർമ്മ വന്നത്. അതിൽ അദ്ദേഹം താൻ പ്രബോധനരംഗത്തെത്താൻ കാരണമായ ആഡംസ് മിഷൻ വിദ്യാർത്ഥികളുടെ നബിനിന്ദയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

പൂർണ്ണബോധ്യത്തോടെ ഇസ്‌ലാം സ്വീകരിച്ച അബ്ദുൽ ലത്തീഫിന്റെ മനസ്സിൽ നബിനിന്ദയിലൂടെ സംശയത്തിന്റെ വിത്തുകൾ പാകാൻ ശ്രമിച്ചത് ഒരു മിഷനറിയായിരുന്നു. സുഹൃത്ത് ഇസ്‌ലാം സ്വീകരിച്ചതറിഞ്ഞപ്പോൾ അത് സഹിക്കാൻ കഴിയാത്ത അയൽവാസിയായ ഒരു പാസ്റ്റർ. അബ്ദുൽ ലത്തീഫിനെ പാസ്റ്റർ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇസ്‌ലാമിലല്ല ക്രിസ്തുമാർഗത്തിലാണ് രക്ഷയെന്ന് സമർത്ഥിക്കാൻ സമയമെടുത്ത് പാസ്റ്റർ ശ്രമിച്ചുനോക്കി. പാപവും പ്രായശ്ചിത്തവും ക്രിസ്തുവിന്റെ ബലിയും പാപപരിഹാരവുമെല്ലാം ആകർഷകമായ രൂപത്തിൽ അവതരിപ്പിച്ച് അബ്ദുൽ ലത്തീഫിന്റെ മനസ്സിളക്കാൻ അദ്ദേഹം പരമാവധി പരിശ്രമിച്ചു. തൗഹീദിന്റെ വെളിച്ചമുൾക്കൊള്ളുകയും സൗന്ദര്യം ആസ്വദിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ മനസ്സിൽ യാതൊരുവിധ ചലനങ്ങളുമുണ്ടാക്കാൻ പാസ്റ്റർക്ക് കഴിഞ്ഞില്ല. അപ്പോഴാണ് മിഷനറിമാരുടെ കയ്യിലുള്ള നബിനിന്ദയെന്ന വൃത്തികെട്ട ആയുധമെടുത്ത് പ്രയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചത്. ഇസ്‌ലാമിന്റെ പ്രവാചകൻ തീരെ കൊള്ളരുതാത്തയാളാണെന്ന് വരുത്തിത്തീർത്ത് അദ്ദേഹത്തെ വെറുപ്പിക്കാനായിരുന്നു പദ്ധതി. തങ്ങൾക്ക് ലഭിച്ചില്ലെങ്കിലും ഇസ്‌ലാമിൽ നിന്ന് അദ്ദേഹത്തെ പുറത്തുകൊണ്ടുപോയാൽ മതിയെന്നായിരുന്നു ആ മിഷനറിയുടെ തീരുമാനം. ആയിഷ(റ)യുടെയും സൈനബി(റ)ന്റെയും വിവാഹത്തെപ്പോലെയുള്ള കാര്യങ്ങൾ കളങ്കിതമായ മിഷനറിമനസ്സിന്റെ ദർപ്പണത്തിലൂടെ അവതരിപ്പിച്ച് പുതുമുസ്‌ലിമിനെ മെല്ലെ മെല്ലെ ക്രിസ്തുവിലേക്ക് നേടാനായിരുന്നു ശ്രമം. ഇസ്‌ലാം സ്വീകരിച്ചത് മുതൽ താൻ ഏറ്റവുമധികം സ്നേഹിക്കുന്ന മുഹമ്മദ് നബി(സ)യെക്കുറിച്ച് വൃത്തികെട്ട കഥകൾ കേട്ടതുമുതൽ താൻ മാനസികമായി സമ്മർദ്ദത്തിലാണെന്നും വിശദീകരങ്ങൾ കേട്ടപ്പോഴാണ് സമാധാനമായതെന്നും പ്രയാസത്തോടെ അബ്ദുൽ ലത്തീഫ് പറഞ്ഞു. ഞങ്ങൾക്കെല്ലാം സന്തോഷമായി. ഇസ്‌ലാമിലെത്തിയ ഒരാളെ സഹായിക്കാൻ കഴിഞ്ഞതിലും ഇസ്‌ലാമിനെതിരെയുള്ള ആയുധങ്ങൾ നിർവീര്യമാക്കാൻ കഴിഞ്ഞതിലും സൗണ്ട് ഓഫ് ട്രൂത്ത് പ്രവർത്തകരായ ഞങ്ങൾക്കെല്ലാം വലിയ ചാരിതാർഥ്യമുണ്ടായി. വിമർശനങ്ങൾക്ക് മറുപടി പറയുക വഴിയുള്ള സൗണ്ട് ഓഫ് ട്രൂത്തിന്റെ ആദ്യത്തെ ചാരിതാർഥ്യജനകമായ അനുഭവം !

നബിനിന്ദയായി പാസ്റ്റർ അവതരിപ്പിച്ച കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായപ്പോൾ അതെല്ലാം അദ്ദേഹവുമായി പങ്കുവെക്കണമെന്ന് അബ്ദുൽ ലത്തീഫിന് ആവേശമായി. പ്രവചക(സ)നെ അപഹസിച്ച് തന്നെ പ്രയാസപ്പെടുത്തിയ പാസ്റ്റർക്ക് മുന്നിൽ നട്ടെല്ല് നിവർത്തി നിൽക്കാനുള്ള ആത്മവിശ്വാസം പകർന്നു നൽകാൻ ആ സംഭാഷണം വഴി കഴിഞ്ഞുവെന്ന വസ്തുത ഞങ്ങളെയും ആവേശഭരിതരാക്കി. ലൈബ്രറിയിൽ നിന്ന് മനസ്സിലായ കാര്യങ്ങൾ പാസ്റ്ററോട് പറയണമെന്നും അതിന്ന് ഞങ്ങളാരെങ്കിലും അദ്ദേഹത്തെ സഹായിക്കണമെന്നും അബ്ദുൽ ലത്തീഫ് ആവശ്യപ്പെട്ടപ്പോൾ ആ ദൗത്യമേറ്റെടുത്തത് ഞാനായിരുന്നു. വീട്ടിലും ലൈബ്രറിയിലുമായി അഹ്‌മദ്‌ ദീദാത്തിന്റെ ഇംഗ്ലീഷ് പുസ്തകങ്ങളും മക്തി തങ്ങളുടെ സമ്പൂർണ്ണ കൃതികളുമുണ്ടല്ലോയെന്നും അവയിൽ നിന്ന് പാസ്റ്ററുമായി സംസാരിക്കുവാനുള്ള അറിവും ഊർജ്ജവും ലഭിക്കുമെന്നുമുള്ള ആത്മവിശ്വാസമാണ് ആ ദൗത്യം ഏറ്റെടുക്കുവാനുള്ള ധൈര്യം നൽകിയത്.

അടുത്ത ഞായറാഴ്ച ഞങ്ങൾക്ക് ഒരുമിച്ച് പാസ്റ്ററുടെ അടുത്ത് പോകാമെന്നായിരുന്നു അബ്ദുൽ ലത്തീഫിന് നൽകിയ വാഗ്ദാനം. അത് പറഞ്ഞ് പിരിഞ്ഞ അന്ന് മുതൽ തന്നെ പഠനമാരംഭിച്ചു. കേരളത്തിന്റെ സാഹചര്യത്തിൽ ദീദാത്തിനേക്കാൾ ആശ്രയിക്കാൻ നല്ലത് മക്തിതങ്ങളാണെന്ന് തോന്നി. അതുകൊണ്ട് തന്നെ പാസ്റ്ററുമായുള്ള സംഭാഷണത്തിനുള്ള ഒരുക്കങ്ങളുടെ തുടക്കം മക്തിതങ്ങളിൽ നിന്നായിരുന്നു. അദ്ദേഹത്തിന്റെ രചനകളെയെല്ലാം ക്രോഡീകരിച്ചുകൊണ്ട് കേരള ഇസ്‌ലാമിക് മിഷൻ (കിം) “മക്തിതങ്ങളുടെ സമ്പൂർണ്ണകൃതികൾ” എന്ന ഗ്രൻഥം പുറത്തിറക്കിയിരുന്നത് പഠനത്തിന് ഏറെ സഹായകമായി. കെ. കെ. മുഹമ്മദ് അബ്ദുൽ കരീം ക്രോഡീകരിച്ച പ്രസ്തുത ഗ്രൻഥം അന്ന് ഡോക്ടർ മുസ്തഫാ കമാൽ പാഷയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കേരള ഇസ്‌ലാമിക് മിഷൻ അഥവാ കിം പുറത്തിറക്കിയത് മുസ്‌ലിംയുവതക്ക് മിഷനറിമാരെ ആശയപരമായി നേരിടുവാനുള്ള വൈജ്ഞാനികനട്ടെല്ല് നൽകുകയെന്ന ലക്ഷ്യത്തോടെയായിരിക്കണം. മക്തിതങ്ങളുടെ കൃതികളെല്ലാം ഈ ദൗത്യം നിർവ്വഹിക്കുന്നവയാണ് എന്ന വസ്തുത അവയിലൂടെ കടന്നുപോകുന്ന ആർക്കും സമ്മതിക്കേണ്ടി വരും.

1847ല്‍ പൊന്നാനിക്കടുത്ത വെളിയങ്കോട് ജനിച്ച സയ്യിദ് ഥനാഉല്ലാഹ് മക്തി സക്വാഫ് തങ്ങള്‍ എഴുതിയ പുസ്തകങ്ങളിൽ മിക്കവയിലുമുള്ളത് ബ്രിട്ടീഷ് ഭരണകാലത്തെ മിഷനറിമാർക്ക് നൽകിയ മറുപടികളാണ്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന മിഷനറിമാരുടെ ശല്യം മൂലം മുസ്‌ലിം ഉമ്മത്ത് പ്രയാസപ്പെട്ടിരുന്ന കാലത്ത് ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കീഴിലുള്ള ജോലി രാജിവെച്ച് ക്രിസ്തുമതപഠനത്തില്‍ മുഴുകുകയും അവർക്കുള്ള പ്രതിരോധം തീർക്കുകയും ചെയ്ത മഹാനായിരുന്നു മക്തി തങ്ങൾ. ഒരു മുസ്‌ലിമിന്റെ കൈകൊണ്ട് എഴുതപ്പെട്ട ആദ്യത്തെ മലയാള പുസ്തകം അദ്ദേഹത്തിന്റെ ‘കടോരകുഠാരം’ ആണ്. ക്രൈസ്തവതയുടെ അടിസ്ഥാനാദർശമായ ത്രിത്വം യേശുവോ മുന്‍ പ്രവാചകന്‍മാരോ പഠിപ്പിച്ചിട്ടില്ലാത്ത ഒരു വ്യാജ സിദ്ധാന്തമാണ് എന്ന് ബൈബിളും ക്രൈസ്തവ ഗ്രന്ഥങ്ങളും ഉദ്ധരിച്ചുകൊണ്ട് സമര്‍ത്ഥിക്കുന്ന കഠോരകുഠാരം പ്രസിദ്ധീകരിക്കുന്നത് 1884 ലാണ്. അന്ന് ജീവിച്ചിരുന്ന ഹെർമൻ ഗുണ്ടർട്ട് അടക്കമുള്ള പ്രഗത്ഭരായ ക്രൈസ്തവ മിഷനറിമാര്‍ക്കൊന്നും കഠോരകുഠാരത്തിന് വസ്തുനിഷ്ഠമായ മറുപടിയെഴുതാന്‍ കഴിഞ്ഞില്ലെന്ന സത്യം പുസ്തകത്തിന്റെ വൈജ്ഞാനികമായ നിലവാരത്തെയാണ് അടയാളപ്പെടുത്തുന്നത്. മക്തി തങ്ങൾ നൽകിയ തെളിവുകളുപയോഗിച്ച് ത്രിയേകത്വത്തെ അപഗ്രഥിക്കുമ്പോൾ ഇന്നും മിഷനറിമാർ വെള്ളം കുടിക്കുന്നതായാണ് അനുഭവം. അത്തരത്തിലുള്ള അനുഭവങ്ങളിലൊന്നിന് വേണ്ടിയുള്ള ഒരുക്കമാണ് നടത്തുന്നതെന്ന് ‘കടോരകുഠാരം’ വായിക്കുമ്പോൾ കരുതിയിരുന്നില്ല.

കഠോരകുഠാരം കഴിഞ്ഞാൽ മക്തിതങ്ങളുടെ പുസ്തകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ക്രിസ്തീയഅജ്ഞാനവിജയം അഥവാ പാര്‍ക്കലീത്താ പോര്‍ക്കളം’. 1892 ഏപ്രില്‍ 28ന് തിരുവനന്തപുരം പാളയത്തുവെച്ച് പൂർത്തീകരിച്ച ഈ പുസ്തകം മുഹമ്മദ് നബി(സ)യെക്കുറിച്ചുള്ള പൂര്‍വ പ്രവാചകന്‍മാരുടെ പ്രവചനങ്ങള്‍ ഇന്നും ബൈബിള്‍ പുസ്തകങ്ങളില്‍ അവശേഷിക്കുന്നുണ്ട് എന്ന് സ്ഥാപിക്കുകയും അങ്ങനെ സ്ഥാപിച്ചുകൊണ്ട് താൻ നടത്തിയ പ്രഭാഷണങ്ങൾക്ക് മറുപടിയെന്നോണം പി.ഒ മാത്തന്‍ എന്ന മിഷനറി എഴുതിയ ലേഖനങ്ങൾക്ക് മറുപടി നൽകുകയും ചെയ്തുകൊണ്ടുള്ളതാണ്. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നേതൃത്വത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയ ‘മാഹമ്മദ ചരിതം’ അടക്കമുള്ള മിഷനറി-ഓറിയന്റലിസ്റ്റ് നബിവിമർശനകൃതികൾ തെറ്റിദ്ധരിപ്പിച്ച അന്തിമപ്രവാചകന്റെ യഥാർത്ഥത്തിലുള്ള ചരിത്രം മലയാളികളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രചിച്ച ‘നബിനാണയം’ ആണ് മക്തിതങ്ങളുടെ ഏറ്റവും പ്രസക്തമായ മറ്റൊരു കൃതി. കൊച്ചിയിലെ വ്യാപാരികളില്‍ നിന്ന് നിത്യവും ഓരോ കാശു പിരിച്ചെടുത്ത് പ്രസിദ്ധീകരിച്ചതിനാലാണ് തങ്ങൾ എഴുതാനുദ്ദേശിച്ച സമ്പൂർണ നബിചരിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് നബിനാണയം എന്നായത്. സാമ്പത്തികമായ പരാധീനതകളാൽ പ്രവാചകത്വലബ്ധിക്ക് ശേഷമുള്ള നബിചരിത്രം എഴുതി പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും മലയാളീമുസ്ലിമിന്റെ കൈകളാൽ രചിക്കപ്പെട്ട ആദ്യത്തെ നബിചരിത്രഗ്രൻഥമെന്ന ഖ്യാതിക്ക് അർഹമാകുന്നത് ‘നബിനാണയം’ തന്നെയാണ്. മിഷനറിമാരുടെ നബിവിമർശനങ്ങളെ എങ്ങനെ നേരിടണമെന്ന് മലയാളീമുസ്ലിമിനെ പഠിപ്പിക്കുന്ന കൃതിയെന്ന നിലയിൽ ഇന്നും പ്രസക്തമാണത്. ഹെർമൻ ഗുണ്ടർട്ടിന്റെ നബിവിമർശനങ്ങൾക്ക് മറുപടി പറയുന്നതിന് മുമ്പ് ക്രൈസ്തവദൈവശാസ്ത്രത്തിന്റെ അടിത്തറ തകർക്കുന്ന കടോരകുഠാരം രചിച്ച തങ്ങളുടെ യുക്തി തന്നെയാണ് പാസ്റ്ററുമായുള്ള സംസാരത്തിൽ പ്രയോഗിക്കാൻ നല്ലതെന്ന് തോന്നിയത് അവ വായിച്ച് കഴിഞ്ഞപ്പോഴാണ്. ആ സ്വകാര്യസംവാദത്തിൽ എനിക്ക് ഏറ്റവുമധികം ഉപകാരപ്പെട്ടത് ആ സമീപനമായിരുന്നു.

മക്തിതങ്ങൾക്ക് ചെറിയ നിരവധി കൃതികളുണ്ട്. അവയെല്ലാം വായിക്കുമ്പോൾ മിഷനറിമാരുടെ വാദങ്ങൾ എത്രത്തോളം അബദ്ധജടിലമാണെന്ന് ബോധ്യമാകുന്നതോടൊപ്പം മുസ്ലിമായതിൽ അഭിമാനബോധവുമുണ്ടാവും. ഇസ്‌ലാമാണ് സത്യമെന്ന് സ്ഥാപിച്ചുകൊണ്ട് തൃശൂരിൽ വെച്ച് മക്തിതങ്ങൾ നടത്തിയ പതിനേഴു ദിവസം നീണ്ടുനിന്ന പ്രഭാഷണങ്ങളുടെ സമാപനത്തിൽ ക്രൈസ്തവരിൽ നിന്ന് എഴുതിലഭിച്ച ചോദ്യങ്ങള്‍ക്കയച്ച വിശദമായ മറുപടികള്‍ ഉൾക്കൊള്ളിച്ചുകൊണ്ടെഴുതിയ ‘തൃശ്ശിവപേരൂര്‍ ക്രിസ്തീയ വായടപ്പ്’, ഹിന്ദു മതത്തിന്റെയും ക്രിസ്തുമതത്തിന്റെയും ഇസ്‌ലാമിന്റെയും അടിസ്ഥാനപരമായ ആദർശങ്ങളെ താരതമ്യം ചെയ്ത് അവതരിപ്പിച്ചുകൊണ്ട് ഇസ്‌ലാമാണ് സത്യമതമെന്ന് സ്ഥാപിക്കുകയും ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന ‘സത്യദര്‍ശിനി’, ക്രിസ്തുമതം സ്വീകരിച്ച് യേശുദാസന്‍ എന്ന പേരില്‍ മിഷനറി പ്രവർത്തനങ്ങളിൽ സജീവമായ കേശവന്‍ എന്ന ഒരു ഈഴവ നാട്ടുമുഖ്യന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഉള്‍ക്കൊള്ളിച്ച തണ്ടാന്‍ കണ്ഠമാല, തണ്ടാന്റെ കൊണ്ടാട്ടച്ചെണ്ട എന്നീ പുസ്തകങ്ങൾ, നബി(സ)യെയും ക്രിസ്തുവിനെയും താരതമ്യം ചെയ്ത് യേശുവാണ് മഹാനെന്നും നബി നിന്ദ്യനാണെന്നും സമർത്ഥിക്കാൻ ശ്രമിച്ച ഒരു മിഷനറി ലഘുലേഖക്കുള്ള മറുപടിയായി എഴുതിയ ‘മക്തി സംവാദവിജയം! മുക്തി വിളംബരം!’ ഫിലിപ്പ് എന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ തന്റെ ഓഫീസില്‍ വരുന്ന മുസ്‌ലിംകളെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ക്കു മറുപടി പറഞ്ഞ് മക്തി തങ്ങളുടെ സുഹൃത്തായ ചേക്കുമൊല്ല നടത്തിയ പ്രഭാഷണങ്ങള്‍ വഴിയുണ്ടായ മക്തി തങ്ങളും മിഷനറിമാരും തമ്മിലുള്ള സംവാദം വിശകലനം ചെയ്യുന്ന ‘ജയാനന്ദഘോഷം’, ജയാനന്ദഘോഷത്തിന് ആലപ്പുഴയിൽ പ്രവർത്തിച്ചിരുന്ന ഒരു യൂറോപ്യന്‍ പുരോഹിതൻ എഴുതിയ മറുപടിക്കുള്ള ഖണ്ഡനമായ ‘സുവിശേഷനാശം’, മക്തി തങ്ങളുടെ പുസ്തകങ്ങളെ വസ്തുനിഷ്ഠമായി വിമർശിക്കുന്നതിന് പകരം അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് ലേഖനമെഴുതിയ ഒരു മിഷനറിക്കുള്ള മറുപടിയായ ‘അഹങ്കാരഘോഷം’, നബി(സ)യുടെ ജീവചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പാദുവയില്‍നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട ഒരു മിഷനറി ലേഖനത്തെ അപഗ്രഥിക്കുന്ന ‘പാദുവാദം പാതകപാതകം’, മദ്യപാനത്തെ അനുകൂലിക്കുന്ന ബൈബിൾ ദൈവദത്തമാണെന്ന് കരുതാൻ നിർവ്വാഹമില്ലെന്ന് സ്ഥാപിക്കുന്ന ‘മദ്യപാനം മിശിഹാമതാഭിമാനം’, ‘ജ്ഞാനോദയം’ എന്ന മിഷനറി ലഘുലേഖയെ അപഗ്രഥിച്ച് മറുപടി പറയുന്ന ‘നീതിയാലോചന’, ക്രിസ്തു പഠിപ്പിച്ച ആശയങ്ങളല്ല, പകരം ഹിന്ദുമതം ഉള്‍പ്പെടെയുള്ള പ്രാചീന ബഹുദൈവാരാധക സമ്പ്രദായങ്ങളില്‍ നിന്ന് സ്വീകരിച്ച ആദർശങ്ങളാണ് ക്രിസ്തുമത്തിന്റേതെന്ന് സമര്‍ത്ഥിക്കുന്ന ‘മതമതിപ്പ്’, ഇസ്‌ലാമിനെ വിമർശിച്ച് തൃശൂരിൽ വെച്ച് നടന്ന മിഷനറി പ്രഭാഷണങ്ങൾക്കുള്ള മറുപടിയായി ക്രിസ്തുമതത്തിന്റെ ചരിത്രം ക്രൂരവും രക്തരൂക്ഷിതവുമാണെന്നും ആധുനിക നവോത്ഥാനത്തിന്റെ അടിത്തറയായി വർത്തിച്ചത് മധ്യകാല മുസ്‌ലിം പണ്ഡിതരുടെ സംഭാവനകളാണെന്നും സ്ഥാപിച്ചുകൊണ്ടുള്ള ‘സമ്മാനക്കുറിപ്പ്’, യൂദാസാണ് കുരിശുമരണത്തിനും അതുവഴി പാപമോചനത്തിനും അവസരമുണ്ടാക്കിയത് എന്നതിനാൽ അദ്ദേഹമാണ് ക്രൈസ്തവരാൽ ആദരിക്കപ്പെടേണ്ടതെന്ന് സരസമായി അവതരിപ്പിക്കുന്ന ‘യൂദാസോ, പിലാത്തോസോ; സ്വര്‍ഗത്തിലേക്ക് വഴികാട്ടി ആര്‍?’, മലയാളം ബൈബിളില്‍ നടന്ന രണ്ട് മാറ്റിത്തിരുത്തലുകളെയും അവക്ക് മിഷനറിമാര്‍ നൽകിയ വിശദീകരണങ്ങളെയും അപഗ്രഥിക്കുന്ന ‘മക്തി തങ്ങള്‍ ആഘോഷം മശീഹാമതമൂലനാശം’, ഈ പുസ്തകത്തെ വിമർശിച്ചുകൊണ്ട് പുറത്തിറങ്ങിയ ക്രിസ്ത്യൻ ലേഖനത്തിനുള്ള മറുപടിയായ ‘തങ്ങള്‍ ആഘോഷം മഹാഘോഷം’, ബൈബിലെ പഞ്ചപുസ്തകങ്ങൾ മോശയുടേതോ മറ്റു പുസ്തകങ്ങള്‍ അവ എഴുതിയെന്ന് ആരോപിക്കപ്പെടുന്ന പ്രവാചകന്‍മാരുടേതോ അല്ലെന്ന് സമര്‍ത്ഥിക്കുകയും മക്തി തങ്ങളുടെ ആദ്യകൃതിയായ കഠോരകുഠാരത്തിന് മറുപടിയായി വിവിധ സമയങ്ങളില്‍ പ്രിസിദ്ധീകരിക്കപ്പെട്ട ‘ചെറുമേഘം’, വിശുദ്ധ വെണ്‍മഴു, കുഠാരഹാനി, വിജ്ഞാനോന്മൂലന വെണ്‍മഴു, ‘മിശിഹാമഹത്വം’, ‘മുന്‍സിഫും അബ്ദുല്‍ഖാനും’ തുടങ്ങിയ മിഷനറി പുസ്തകങ്ങളെ അപഗ്രഥിക്കുകയും ചെയ്യുന്ന ‘ക്രിസ്തീയമൂഢപ്രൗഢീദര്‍പ്പണം’, മുഹമ്മദ് നബി(സ)യെക്കുറിച്ച് ബൈബിളിലുള്ള പ്രവചനങ്ങളെക്കുറിച്ച മുസ്ലിംകളുടെ അവകാശവാദങ്ങൾക്കുള്ള വിമർശനങ്ങളായി മിഷനറിമാർ ഉന്നയിക്കുന്ന വാദങ്ങൾക്ക് മറുപടി പറയുന്ന ‘ക്രിസ്തീയ മനഃപൂര്‍വ മോഷണം മുഹമ്മദ് നബി അവകാശപോഷണം’, ത്രിത്വം, ആദിപാപം, കുരിശുമരണം എന്നിവയോട് മുസ്‌ലിംകൾ എന്തുകൊണ്ട് വിയോജിക്കുന്നുവെന്ന കാര്യം സരളമായ സംഭാഷണം വഴി അവതരിപ്പിക്കുന്ന ‘ഒരു വിവാദം’, ബൈബിളില്‍ പ്രവചിക്കപ്പെട്ട അന്തിമപ്രവാചകന്‍ മുഹമ്മദ് നബി(സ)യാണെന്ന് സ്ഥാപിച്ചുകൊണ്ടെഴുതിയ ‘പാറാനിലെ പരിശുദ്ധന്‍ അഥവാ വാഗ്ദത്ത നബി’ എന്നീ മക്തിരചനകളെല്ലാം നടേ സൂചിപ്പിച്ച ദൗത്യം നിർവ്വഹിക്കുന്നതിൽ ഒന്നിനൊന്ന് മെച്ചമാണ്. മിഷനറിമാർക്കെതിരെ പ്രതികരിക്കുന്ന പ്രബോധകർക്ക് കൃത്യമായ ദിശാബോധം നൽകുന്ന ഈ കൃതികളെല്ലാം ക്രിസ്തുമതപ്രബോധകനുമായുള്ള ആദ്യത്തെ സ്വകാര്യസംവാദത്തിന് ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്.

അഹ്‌മദ്‌ ദീദാത്തിന്റെ പുസ്തകങ്ങൾ മുമ്പ് തന്നെ വായിച്ചിരുന്നുവെങ്കിലും പാസ്റ്ററുമായുള്ള കൂടിക്കാഴ്ച്ചക്ക് മുമ്പ് ഒരാവർത്തി കൂടി വായിച്ച് അതിലെ പോയിന്റുകൾ മനഃപാഠമാക്കി. മക്തി തങ്ങളുടെ പുസ്തകങ്ങൾ വായിച്ച ഒരാൾക്ക് ദീദാത്തിന്റെ വാദങ്ങളിൽ കാര്യമായ പുതുമകളൊന്നും കാണാൻ കഴിയില്ലെങ്കിലും അവയിൽ വിവരിച്ച പുതിയ കാലത്തെ സംഭവങ്ങളും ഇംഗ്ലീഷിലുള്ള ബൈബിൾ അപഗ്രഥനങ്ങളും തീർച്ചയായും ഉപകാരപ്രദം തന്നെയായിരുന്നു. ദീദാത്തിന്റെ പുസ്തകങ്ങളിൽ തീരെ ആകർഷകമായി തോന്നാതിരുന്നത് ‘Crucifixion or Cruci-Fiction?’ എന്ന കൃതിയാണ്. ക്രൂശീകരിക്കപ്പെട്ട ശേഷം രക്ഷപ്പെടുകയാണ് ക്രിസ്തു ചെയ്തതെന്നാണ് ബൈബിൾ വചനങ്ങൾക്കിടയിലൂടെ സഞ്ചരിച്ചാൽ ബോധ്യപ്പെടുകയെന്ന് സ്ഥാപിക്കുന്നതാണ് പുസ്തകം. ക്രിസ്തുവിനെ ക്രൂശീകരിക്കുകയോ കൊല്ലുകയോ ചെയ്യാൻ ജൂതന്മാർക്ക് കഴിഞ്ഞിട്ടില്ലെന്ന് ഖുർആൻ അസന്നിഗ്ധമായി പറയുമ്പോൾ പിന്നെയെന്തിനാണ് കുരിശിൽ തറക്കപ്പെട്ടശേഷം അദ്ദേഹം രക്ഷപ്പെട്ടതെന്ന് സ്ഥാപിക്കുവാൻ ഒരു പ്രബോധകൻ ശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. പിന്നീട് അഹമ്മദിയാക്കളുടെ പുസ്തകങ്ങൾ വായിച്ചപ്പോഴാണ് അവർക്കങ്ങനെ ഒരു വാദമുണ്ടെന്ന് മനസ്സിലാവുകയും അവയുടെ സ്വാധീനമായിരിക്കാം അത്തരമൊരു വാദമുന്നയിക്കുവാൻ ദീദാത്തിനെ പ്രേരിപ്പിച്ചതെന്ന് തോന്നുകയും ചെയ്തത്. ദീദാത്ത് കൃതികളിൽ ഏറ്റവുമധികം ഉപകാരപ്പെട്ടത് Combat Kit Against Bible Thumpers എന്ന ചെറുപുസ്തകമാണ്. മിഷനറിമാരോട് സംസാരിക്കാൻ ഇസ്‌ലാമികപ്രബോധകരെ സജ്‌ജമാക്കുന്നതാണ് പുസ്തകം. ക്രൈസ്തവവിമർശനങ്ങൾക്കുള്ള പോയിന്റുകൾ ഒന്നൊന്നായി നൽകിയിരിക്കുന്നതിനാൽ അത് പിന്നീടുള്ള ക്രൈസ്തവ പഠനത്തിന് ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്.

പുസ്തകങ്ങളെല്ലാം വായിച്ച് കഴിഞ്ഞപ്പോൾ പാസ്റ്ററുമായി സംസാരിക്കാനുള്ള കുറെയെല്ലാം ആത്മവിശ്വാസം ലഭിച്ചുവെങ്കിലും സുഹൃത്ത് അബ്ദുൽ ലത്തീഫിന്റെ മുന്നിൽ വെച്ച് എനിക്ക് ഉത്തരം മുട്ടുമോ എന്ന ഭീതി നന്നായി ഉണ്ടായിരുന്നു. മുമ്പ് ജഡ്ജിയുമായി നടത്തിയ സംസാരത്തിന്റെ അനുഭവത്തിൽ നിന്നുള്ള ധൈര്യമുണ്ടെങ്കിലും ഇപ്പോൾ നേരിടാൻ പോകുന്നത് ഇസ്‌ലാമിനെക്കുറിച്ച് അത്യാവശ്യം ധാരണയുള്ള ഒരാളെയാണെന്ന ഭീതി. അയാളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിഞ്ഞില്ലെങ്കിൽ സുഹൃത്തിന് ഇസ്‌ലാമിനെക്കുറിച്ച സംശയമുണ്ടാകുന്നതിന് ആ കൂടിക്കാഴ്ച നിമിത്തമാകുമോ എന്ന ഭയം. അല്ലാഹുവിന്റെ മാർഗ്ഗത്തിലാണെന്ന പൂർണ്ണമായ ബോധ്യമുള്ളതിനാൽ അവൻ സഹായിക്കുമെന്ന ആത്മവിശ്വാസമായിരുന്നു ആകെയുണ്ടായിരുന്ന കൈമുതൽ. അതിന്നായുള്ള പ്രാർത്ഥന മാത്രമായിരുന്നു ആയുധം.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.