ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -2

//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -2
//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -2
ആനുകാലികം

ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -2

പ്രായമാവുമ്പോൾ ഫെമിനിസ്റ്റുകൾക്കുണ്ടാവുന്ന ഉൾവിളികൾ എന്ത് ?

‘ I was desperate for a baby and have the medical bills to prove it! ‘

‘ ഒരു കുഞ്ഞിനായി ഞാൻ ഉൽക്കടമായി ആശിച്ചു, അത് തെളിയിക്കാനുള്ള മെഡിക്കൽ ബില്ലുകൾ എന്റെ കൈയ്യിലുണ്ട്! ‘

വല്ല സീരിയലിലെയും നടിയൊ പെൺ കഥാപാത്രമൊ ആണോ ഇത് പറയുന്നത്? അല്ല, ആധുനിക ഫെമിനിസത്തിന്റെ മഹത്തായ പ്രതിരൂപങ്ങളിലൊന്നായ ജെർമെയ്ൻ ഗ്രീറാണ് (Germaine Greer) ഈ പ്രസ്‌താവനക്കുടമ.

1971-ൽ ഗ്രീർ, The Female Eunuch എഴുതി. പുസ്തകത്തിൽ ഉടനീളം മാതൃത്വതെ നിശിതമായി വിമർശിച്ചു.
‘സങ്കോചവും ശ്വാസംമുട്ടലും നൽകുന്ന അനുഭവമായും വിമോചിതയായ സ്ത്രീകളുടെ ഉയർന്ന പ്രതീക്ഷകളുടെ ശത്രു’വായും പ്രസവത്തെയും ഗർഭധാരണത്തെയും ശിശു പരിപാലനത്തെയും വിട്ടുവീഴ്ച ചെയ്യാതെ അവമതിച്ചു.
(Krauthammer, C. (2000) The Washington Post, 12 May. A47)

മാതൃത്വം ആഗ്രഹിക്കാതിരിക്കാൻ സ്ത്രീകളുടെ ഒരു തലമുറയെ പ്രചോദിപ്പിച്ച ഫെമിനിസ്റ്റ് ഐക്കണായിരുന്നു ജെർമെയ്ൻ ഗ്രീർ: ‘മാതൃത്വവുമായുള്ള സ്ത്രീ ജനതയുടെ പൊക്കിൾക്കൊടി മുറിക്കാൻ കൂട്ടു നിന്നത് ഗ്രീർ ആയിരുന്നു’, പ്രകോപിതയായ ഒരു ഫെമിനിസ്റ്റ് എഴുതുന്നു: ‘കുട്ടികൾ ഉണ്ടാകാതിരിക്കുന്നതും അത് ആഗ്രഹിക്കാതിരിക്കുന്നതും ഒരു കുഴപ്പമല്ല എന്ന് സ്ത്രീകൾ തിരിച്ചറിയണമെന്ന് അവർ പഠിപ്പിച്ചു.’

നിരാശയായ ഒരു ഫെമിനിസ്റ്റ് ഇപ്രകാരം പറഞ്ഞു: ‘ധാരാളം സ്ത്രീകൾ അവളെ വിശ്വസിച്ചു, മറ്റ് ലക്ഷ്യങ്ങൾ, പ്രൊഫഷണൽ സ്വപ്നങ്ങൾ നേടുന്നതുവരെ കുട്ടികളെ പറ്റിയുള്ള ചിന്ത തന്നെ മാറ്റി നിർത്തുക.’ ഇപ്പോൾ സ്ത്രീകൾക്ക് ഗ്രീറുടെ ഗർഭ വിരുദ്ധ ആശയങ്ങളിൽ വഞ്ചിച്ചതരായതായി അനുഭവപ്പെടുന്നു. ‘മാതൃത്വം നഷ്ടപ്പെട്ടതിനെ കുറിച്ചും നിഷേധിക്കപ്പെട്ടതിനെ കുറിച്ചും ഒക്കെയുള്ള അവളുടെ വിലാപം, മൂന്ന് പതിറ്റാണ്ടുകളായി അവൾ മാതൃത്വത്തിന് എതിരായി പറഞ്ഞ ആശയങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച എല്ലാ സ്ത്രീകളോടും (പുരുഷന്മാരോടും) അവൾ ചെയ്ത ഒരു അട്ടിമറിയും ചതിയുമാണ്.’

(DiManno, R. (2000) ‘Compairing delivers the mother of all flip- flops: thanks for nothing, Ms Germaine Greer’, The Toronto Star, 16 June.)

ഫെമിനിസ്റ്റ് ക്ലാസിക് The female Eunuch എഴുതിയതിന് 30 വർഷത്തിന് ശേഷം,
ജെർമെയ്ൻ ഗ്രീർ, തന്റെ ഏറ്റവും പുതിയ ഒന്നാം നമ്പർ ബെസ്റ്റ് സെല്ലറായ ‘ദി ഹോൾ വുമൺ’ (The Whole Woman) രചിച്ചു. കൃതിയിൽ ലഭ്യമായ സർവ്വ തെളിവുകളുടെയും വെളിച്ചത്തിൽ നിന്നുകൊണ്ട് തന്റെ അവലോകനം ഇപ്രകാരം സംഗ്രഹിക്കുന്നു: ”ലിംഗത്വ വിപ്ലവങ്ങൾക്ക് ശേഷം സ്ത്രീകളുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടുള്ളതായി പരിണമിച്ചിരിക്കുന്നു”. “സ്ത്രീകൾക്ക് ഇനി അസന്തുഷ്ടമായ ബന്ധങ്ങളിൽ തുടരണമെന്നോ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി കുട്ടികളെ പ്രസവിക്കേണ്ടതൊ ഇല്ലാത്ത അവസ്ഥ ഇന്ന് സംജാതമായിരിക്കുന്നല്ലൊ.” “കൂടുതൽ കൂടുതൽ സ്ത്രീകൾ അടിച്ചമർത്തൽ വിവാഹങ്ങളിൽ നിന്ന് പുറത്തുകടന്ന് അവരുടെ സ്വാതന്ത്ര്യം അവകാശപ്പെടുന്നു”. ഇങ്ങനെയൊക്കെ സ്ത്രീ “വിമോചിതയും സ്വാതന്ത്ര്യയും” ആയിരിക്കുമ്പോളും “തെളിവുകൾ കാണിക്കുന്നത് അത് സ്തീകളുടെ ജീവിതത്തെ കൂടുതൽ വഷളാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ്. മുപ്പത് വർഷം മുമ്പ് ഞങ്ങൾ സ്ത്രീകൾ പാനിക് അറ്റാക്കിനെക്കുറിച്ചോ അനോറെക്സിയയെക്കുറിച്ചോ സ്വയം മുറിപ്പെടുത്തുന്ന മാനസിക രോഗങ്ങളെക്കുറിച്ചോ ഒന്നും കേട്ടിട്ടില്ലായിരുന്നു. ഇപ്പോൾ കഷ്ടതയുടെ പ്രതീകങ്ങളായ സ്ത്രീകളുടെ എണ്ണം നമുക്ക് ചുറ്റും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്…”

( Greer, G. (1999, 2000) The Whole Woman. London: Transworld. p.221)

ഇപ്പോൾ ജെർമെയ്ൻ ഗ്രീർ ‘ജനിക്കാതെ പോയ തന്റെ ഗർഭസ്ഥ ശിശുക്കളെക്കുറിച്ച് ആലോചിച്ച് വിലപിക്കുന്നു’; അവൾ ദയനീയമായി ഏറ്റുപറയുന്നു: ‘ഞാനിപ്പോഴും ഗർഭധാരണ സ്വപ്നങ്ങൾ കാണാറുണ്ട്. ഇനി ഒരിക്കലും സംഭവിക്കാത്ത ഒന്നിനുവേണ്ടി അത്യധികം സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ഞാനിപ്പോഴും വ്യഥാ കാത്തിരിക്കുന്നു.’
(Krauthammer, C. (2000) The Washington Post, 12 May. A47)

‘പുരുഷാധിപത്യത്തിന് കീഴിലുള്ള സ്ത്രീകളുടെ അടിമവൽകരണത്തിനുള്ള ഒരു സ്ഥാപനമായി’ വിവാഹത്തെ പ്രസിദ്ധമായി വിശേഷിപ്പിച്ച വ്യക്തിയായിരുന്നു ജെർമെയ്ൻ ഗ്രീർ… വിവാഹത്തിലൂടെ ഒരു സ്ത്രീ ‘അർദ്ധ-വ്യക്തിത്വ നിരാകരണ’ത്തിന് വിധേയയാകുന്നുവെന്ന് പുലമ്പിയ അതേ ജെർമെയ്ൻ ഗ്രീർ… ‘പുരുഷനില്ലാത്ത സ്ത്രീ സൈക്കിളില്ലാത്ത മത്സ്യം പോലെയാണ്’ എന്ന അവിസ്മരണീയമായ വാചകത്തിലൂടെ ആശ്രിത – ഗാർഹിക ജീവിതത്തെ പരിഹസിച്ച അതേ ജെർമെയ്ൻ ഗ്രീർ… ഇപ്പോളിതാ കുടുംബത്തിനും കുഞ്ഞിനും വേണ്ടി തേങ്ങുന്നു.
മത്സ്യം അവളുടെ സൈക്കിൾ കണ്ടെത്തി എന്നർത്ഥം.

മറ്റൊരു ഫെമിനിസ്റ്റ് ഐക്കണായ ഗ്ലോറിയ സ്റ്റെയ്‌നെം (Gloria Steinem) ഒടുവിലിതാ തന്റെ 66-ാം വയസ്സിൽ വിവാഹിതയായി.

‘ഞാൻ സന്തോഷവതിയാണ്, ആശ്ചര്യകരമാം വിധം !!. ഒരു ദിവസം അതിനെക്കുറിച്ച് ഞാൻ എഴുതും. നമ്മുടെ ജീവിതത്തിലെ ഓരോ സമയത്തും എന്താണ് ശരി എന്ന് തോന്നുന്നത് തിരഞ്ഞെടുക്കലാണ് ഫെമിനിസം എന്ന് ഞങ്ങൾ ഫെമിനിസ്റ്റുകൾ എക്കാലത്തും പറഞ്ഞിരുന്നതിനെയാണ് ഈ വിവാഹം തെളിയിക്കുന്നത്.’
(Quoted in Editorial, The Washington Times, 9 September 2000)

ജെയിംസ് റ്റൂളി എഴുതുന്നു:

” ‘നമുക്ക് ഇനിയും പ്രതീക്ഷയുണ്ട്!’ (‘There is hope for us yet!’) എന്ന സബ്ജക്റ്റ് ചേർത്താണ് പഴയ ഫെമിനിസ്റ്റുകൾക്കിടയിൽ, ഗ്ലോറിയ സ്റ്റെയ്‌നമിന്റെ വിവാഹവാർത്ത ഇ-മെയിൽ വഴി ഫോർവേഡ് ചെയ്യപ്പെട്ടിരുന്നത്.

മറുവശത്ത്, വാർത്ത കേട്ട ഒരു യുവ ഫെമിനിസ്റ്റ് ( വിവാഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫെമിനിസ്റ്റുകളെ സംബന്ധിച്ച് ) നീരസത്തോടെ എഴുതുന്നു: ‘ ഞാൻ നിരാശയാണ്. ഭർത്താവിനെ കണ്ടെത്തുന്നതിനേക്കാൾ യാത്രയിലും എന്റെ ഊദ്യോഗിക ജീവിതത്തിലും കൂടുതൽ താൽപ്പര്യമുള്ള, അവിവാഹിതയായ, പ്രൊഫഷണൽ സ്ത്രീയാണ് ഞാൻ.’ ”
(The miseducation of women: James Tooley: 52)

പ്രായത്തിനനുസരിച്ച് തിളങ്ങിയും മങ്ങിയും കബളിപ്പിക്കുന്ന വഞ്ചിക്കുന്ന ഒരു ചരക്കു മാത്രമാണ് ഫെമിനിസ്റ്റ് ആശയങ്ങൾ എന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. യുവത്വത്തിന്റെ ഊർജവും ചമൽക്കാരവും പ്രശോഭിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിൽ കാണാതെ പോവുന്ന ചില ജീവിത മൂല്യങ്ങളുണ്ട്. യുവത്വത്തിന്റെ ശോഭ മങ്ങുമ്പോളാണ് അത് തെളിഞ്ഞ് കാണാൻ തുടങ്ങുക. മനസ്സെത്തുന്നിടത്ത് എത്താൻ മേനി മടിച്ച് തുടങ്ങുമ്പോൾ… ചർമ്മത്തിന്റെ ഓജസ്സ് മങ്ങുമ്പോൾ പണ്ടത്തെ പോലെ പലരും ശ്രദ്ധിക്കുന്നില്ലെന്ന് തോന്നി തുടങ്ങും. താങ്ങും തണലുമായി കൂടെ എപ്പോഴുമുണ്ടാവാൻ മാത്രം ആർക്കുവേണ്ടിയും ഒരിക്കലും നിസ്വാർത്ഥമായി സേവനമനുഷ്ടിച്ചിട്ടില്ലെന്ന് ഓർമ്മ വരുമ്പോൾ. ചെയ്തതെല്ലാം ആത്മ സാക്ഷാൽക്കാരത്തിന് വേണ്ടി മാത്രമായിരുന്നു, ആരുടേയും സ്വന്തമാവാൻ മടിച്ചത് കൊണ്ട് സ്വന്തമായി ആരും ഇല്ലെന്ന് തിരിച്ചറിയുമ്പോൾ. താൻ ആരുടെയും തുണി അലക്കേണ്ടവളല്ല, ആർക്കും ഭക്ഷണമുണ്ടാക്കേണ്ടവളല്ല… എന്നാണ് വിശ്വസിച്ചത്. ഇപ്പോൾ തോന്നുന്നു, തനിച്ച് ഭക്ഷണമുണ്ടാക്കുമ്പോൾ രണ്ട് കോര് കൂടുതൽ ധാന്യം കൂടി കുക്കറിലിടാൻ വിനയം കാണിച്ചിരുന്നെങ്കിൽ കൂടെ ഇരുന്നു കഴിക്കാനും വിശേഷങ്ങൾ ആരായാനും ഒരുപാട് പേരുണ്ടാവുമായിരുന്നു… ഞാനുടുക്കുന്ന പുതിയ വസ്ത്രം നോക്കി “ഇപ്പോഴും നീ സുന്ദരിയാണെന്ന്” ആത്മാർത്ഥമായി കള്ളം പറയാൻ ആളുണ്ടാവുമായിരുന്നു…

ആരാധകർ ഒഴിയുകയും കരഘോഷങ്ങൾ കുറയുകയും ചെയ്യുമ്പോൾ ആളൊഴിഞ്ഞ ജീവിത ഇടനാഴിയിൽ… ചില രൂപങ്ങൾ തെളിയാൻ തുടങ്ങും. വേണ്ടെന്നുവച്ച കുടുംബ ജീവിത ചിത്രങ്ങൾ…

മീറ്റിംഗ് തുടങ്ങാനും സി.ഇ.ഓ യെ കാത്തിരിക്കുന്നതിനേക്കാളും മനോഹരമായിരിക്കില്ലെ തന്നെ സ്നേഹിക്കുന്ന, ഭർത്താവിനെ കാത്തിരിക്കുന്നത് ?!

കമ്പനിയുടെ ബഡ്ജറ്റ് സ്വാഗതം ചെയ്യുന്നതിനേക്കാൾ ഉദ്വേഗജനകമായിരുന്നിരിക്കില്ലെ, മക്കളുടെ പ്രോഗ്രസ്സ് കാർഡിലൂടെ കണ്ണോടിക്കുന്നത് !!

കുറെ കുഞ്ഞു മനുഷ്യരെ വാർത്തെടുക്കുന്ന മഹാ യഞ്ജമായ മാതൃത്വം എന്റെ ഓരോ ചലനത്തെയും ത്യാഗത്തെയും അർത്ഥവത്താക്കുമായിരുന്നില്ലെ ?! പകരം, കോൺഫറൻസ് ഹാളിന്റെ ചുവരുകളിൽക്കിടയിൽ ഒരു മിനുറ്റ് നേരം മുഴങ്ങി മങ്ങിയ കരഘോഷമായി… അല്ലെങ്കിൽ ഏതൊ ബീച്ചിൽ കപ്പലണ്ടി പൊതിയാൻ ഉപയോഗിക്കുന്ന കടലാസുകളിൽ -പലരും മറന്ന – മഷി അടയാളങ്ങളായി… എന്റെ ആത്മ സാക്ഷാൽക്കാരത്തെ ഞാൻ ചുരുക്കിയതായിരുന്നോ എന്റെ വിജയം !

ഭർത്താവിന്റെ ചീത്തവിളി കേൾക്കേണ്ട, പകരം മാനേജറുടേത് കേൾക്കാം. സ്വന്തം കുഞ്ഞുങ്ങളുടെ ബഹളത്തിൽ നിന്ന് രക്ഷപ്പെട്ടു, പകരം അപരരുടെ മക്കളായ വിദ്യാർത്ഥികളുടെ ആക്രോശങ്ങൾ കേൾക്കാം !! കുടുംബത്തെ ആശ്രയിക്കേണ്ട, പകരം അക്കൗണ്ടിംഗ് ഡിപ്പാർട്ട്മെന്റിൽ ക്യൂ നിന്നും, വേതന വർദ്ധനവിനായി തർക്കിച്ചും “സ്വതന്ത്ര”യാവാം. !! തിരഞ്ഞെടുപ്പുകളിലെ വിരോധാഭാസങ്ങൾ വെളിവായി തുടങ്ങുന്നു.

ആഘോഷങ്ങളും ആരവങ്ങളും അടങ്ങുമ്പോൾ ഓർമ്മകളുടെ തീരത്ത് പശ്ചാത്താപ ചിന്തകളുടെ വേലിയേറ്റം. താൻ എത്ര സമർത്ഥമായി പലരാലും ഉപയോഗിക്കപ്പെട്ടുവെന്നും വഞ്ചിക്കപ്പെട്ടുവെന്നുമുള്ള ആത്മരോഷം മാത്രം ബാക്കി ! തിരിച്ചറിവുകളുടെ തീക്കുണ്ടാരമായി ജീവിതം പരിണമിച്ചിരിക്കുന്നു !!

വിവാഹിതരാവുന്ന സ്ത്രീകൾ പച്ചക്കുതിരകളും (praying mantis), അട്ടകളും (leeches), വിഷ ജന്തുക്കളും (poisonous creatures), പരാന്നഭോജികളും (parasite) ആയി പരിണമിക്കുന്നു എന്ന് തരംതാഴ്ത്തിയ (Quoting Simone de Beauvoir and Betty Friedan, The miseducation of women: James Tooley: 62,63) ഫെമിനിസ്റ്റ് ഐകണുകൾ എല്ലാം പ്രായം കൂടുന്നതിനനുസരിച്ച് വൈവാഹിക- കുടുംബ ജീവിതത്തിനായി കൊതിക്കുന്നു എന്നത് യുവ ഫെമിനിസ്റ്റുകളെ തെല്ലും അലട്ടുന്നില്ല !!

print

No comments yet.

Leave a comment

Your email address will not be published.