ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -3

//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -3
//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -3
ആനുകാലികം

ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -3

പേര്: ഫെമിനിസം
ക്ലാസ്: രണ്ടാം തരംഗം
മാതാവ്: സിമോൺ ഡി ബ്യൂവോയർ
പിതാവ്: ?!

അമ്പത്തിനാലാമത്തെ വയസ്സിൽ, വാർദ്ധക്യത്തിന്റെ അവശതകൾ നിഴലിട്ട സ്വകാര്യ ജീവിതത്തിന്റെ ശൂന്യത നൽകുന്ന അസംതൃപ്തിയും അസന്തുഷ്ടിയും, ആധുനിക ഫെമിനിസത്തിന്റെ “മാതാവ്” സിമോൺ ഡി ബ്യൂവോയർ തുറന്നെഴുതി:

” നാൽപതാം വയസ്സിൽ ഞാൻ ചിന്തിച്ചു, ‘വാർദ്ധക്യം എന്റെ കണ്ണാടിയുടെ താഴ് ഭാഗത്ത് എന്നെ കാത്തു നിൽക്കുകയാണ്, അത് അത്യന്താപേക്ഷികമായ യാഥാർത്ഥ്യമാണ്, അത് എന്നെ മുച്ചൂടെ കവർന്നെടുക്കുമെന്നത് തീർച്ച’. ഇപ്പോൾ ഇതാ അത് സംഭവിച്ചു കഴിഞ്ഞു. എന്റെ മുഖം എന്ന അവിശ്വസനീയമായ ഈ വസ്തു കണ്ണാടിയിൽ കണ്ട് അത്ഭുതപരവശയായി ചിലപ്പോളൊക്കെ ഞാൻ നിശ്ചലയായി പോവും… കണ്ണാടിയിൽ എന്റെ തന്നെ പ്രതിബിംബം കാണുമ്പോൾ എനിക്ക് അറപ്പുളവാകും. എന്റെ കണ്ണിന് മുകളിൽ ഘോരമായ ഒരു മകുടം എനിക്ക് ദർശിക്കാം. കണ്ണിനു താഴെ ചെറിയ കീശകൾ പൊലെ തൂങ്ങി കിടക്കുന്നു. എന്റെ മുഖം പലതു കൊണ്ടും നിറഞ്ഞിരിക്കുന്നു. വായുടെ ചുറ്റു ഭാഗങ്ങളിലുമുള്ള ചുളിവുകൾ മുഖത്തിന് വിഷാദാത്മകമായ ഭാവം നൽകുന്നു… എന്റെ പഴയ മുഖം പ്രായത്തിന്റെ കുത്തും കലകളും കൊണ്ട് നികത്താനാവുന്നതിനുമപ്പുറം മാറ്റത്തിന് വിധേയമായി കഴിഞ്ഞു. ഇനി ഇതിന് ഒരു വീണ്ടെടുപ്പില്ല… ഞാൻ എഴുതിയതും എഴുതാതിരിക്കുകയും ചെയ്ത ഒന്നും തന്നെ അവശേഷിക്കില്ല. ചുരുങ്ങിയത് എന്റെ ചിന്തകളിൽ നിന്ന് എന്തെങ്കിലും കാര്യപ്പെട്ടത് ഞാൻ ജന്മം നൽകിയിരുന്നെങ്കിൽ ! ഒരു കുന്ന് ? ഒരു റോകറ്റ് ? അങ്ങനെ എന്തെങ്കിലും, പക്ഷെ അങ്ങനെയൊന്നും ഞാൻ ജന്മം നൽകിയില്ല ! കാര്യപ്പെട്ട ഒന്നും എന്റെ ജീവിതത്തിൽ സംഭവിച്ചില്ല… ജീവിതത്തിലേക്ക് ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ, അവിശ്വസനീയമായ എന്റെ കൗമാരക്കാലത്തെ നോക്കി, ഞാൻ എത്രമാത്രം വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുമ്പോൾ ഞാനിപ്പോൾ അമ്പരന്നുപോവുകയാണ്.”
(Quoted from de Beauvoir, pp.685-6, translated by Leighton, Simone de Beauvoir on Woman. London, Associated University Press, 1975, p.111)

ജെയിംസ് റ്റൂളി എഴുതുന്നു: “താൻ അഗാധമായി വഞ്ചിക്കപ്പെട്ടുവെന്ന് അവർക്ക് ജീവിതത്തിന്റെ അന്ത്യദശയിൽ അനുഭവപ്പെടുന്നതിലേക്ക് അവരെ നയിച്ചത് എന്തായിരിക്കും? അവരുടെ ആത്മകഥയുടെയും അതിന് വിവിധ ഫെമിനിസ്റ്റുകൾ രചിച്ച വ്യാഖ്യാനങ്ങളുടെയും വായന ഇനിപ്പറയുന്നവ നിർദ്ദേശിക്കുന്നു:

യുവതിയായിരുന്ന സിമോൺ ഡി ബ്യൂവോയർ, – അവരുടെ തന്നെ വാക്കുകളിൽ – തന്റെ “യഥാർത്ഥ അധിശനായ” ഒരാളുമായി അഗാധമായ പ്രണയത്തിൽ ആവുന്നു. കൗമാരം തൊട്ടേ താൻ പ്രണയാർദ്രയായി പിന്തുടർന്നിരുന്ന ഒരു പുരുഷൻ. അസ്‌തിത്വവാദ തത്ത്വചിന്തകനായ ജീൻ പോൾ സാർത്രെയായിരുന്നു അത്.

“ബൗദ്ധികമായി മറ്റൊരാൾ എന്റെ മേൽ ആധിപത്യം പുലർത്തുന്നതായി എന്റെ ജീവിതത്തിൽ ആദ്യമായി എനിക്ക് തോന്നിയത് സാർത്രെയിലൂടെ മാത്രമാണ്. ഞാൻ പതിനഞ്ചു വയസ്സു വരെ സ്വപ്നം കണ്ട പുരുഷ വിശേഷണങ്ങളുടെ ഉടമയായിരുന്നു സാർത്രെ, അവൻ എന്റെ ഇരട്ടിയായിരുന്നു, അവനിൽ എന്റെ എല്ലാ അഭിരുചികളും ആവേശവും ഞാൻ വീണ്ടും കണ്ടെത്തി; ജ്വലിക്കുന്ന ഭാവത്തോടെ. അവനുമായി എനിക്ക് എല്ലാം പങ്കിടാമായിരുന്നു.”
(Quoted from de Beauvoir, 1958, p. 331, translated by Leighton, Simone de Beauvoir on Woman. London, Associated University Press, 1975, p. 56)

“ദിവസംതോറും, ദിവസം മുഴുവനും സംവാദങ്ങളിൽ ഞാൻ സാർത്രിനെതിരെ നിലയുറപ്പിച്ചു, ഞങ്ങളുടെ ചർച്ചകളിൽ ഞാൻ അവന്റെ ബൗദ്ധിക പ്രഭാവത്തിന് കീഴിലായിരുന്നു”.
(Quoted from de Beauvoir, 1959, 1974, Graglia,FC, 1998, Domestic Tranquility: A Brief Against Feminism. Dallas, TX: Spence Publishing:pp. 14-15)

പുരുഷൻ തന്നെക്കാൾ ആധികാരികത പുലർത്തുന്നതും തന്നെക്കാൾ കഴിവും ശക്തിയുമുള്ളവനുമായിരിക്കുക എന്നത് ഫെമിനിസ്റ്റ് നേത്രിയായ ബ്യൂവോയറുടെ അഭിനിവേശത്തെയും സംതൃപ്തിയെയും വർദ്ധിപ്പിച്ചു എന്നത് ഒരു അപൂർവാനുഭവമല്ല. മറ്റു സ്ത്രീകളും സമാനമായ പ്രകൃതി ഉള്ളവരാണ്. ഉദാഹരണത്തിന്, തന്നെ അധിജയിച്ച ഒരു പുരുഷനിൽ, ബ്യൂവോയർ ആവേശവും ഉത്തേജനവും അനുഭവിച്ചു എന്നുള്ളത് സ്ത്രീകൾക്കെല്ലാം പരിചിതമായ ഒരു അനുഭവമാണെന് കാരൊളിൽ ഗ്രാഗ്ലിയ സൂചിപ്പിക്കുന്നു. (തന്റെ ഭാവി വരൻ തന്നെ വാദ പ്രതിവാദങ്ങളിൽ തോൽപ്പിക്കുമെന്ന ചിന്ത തീർത്തും ഖേദമല്ല എന്നിൽ സൃഷ്ടിക്കുന്നത് എന്നവർ പറയുന്നു.) പുരുഷന്മാരുടെ ഈ ആധികാരികതയെ സംബന്ധിച്ച ആവേശം സ്ത്രീയെ വളരെ നല്ല രീതിയിൽ സേവിക്കുന്നു… ഒരു ആധികാരികനും ശക്തനുമായ പുരുഷന്റെ മുമ്പിൽ തോൽക്കുക എന്നത് പലപ്പോഴും സ്ത്രീയുടെ ലൈംഗികാഭിനിവേശത്തെ കൂടാതെ ധൈഷണികമായ സംതൃപ്തി പോലും നൽകുന്നു.
Graglia,FC, 1998, Domestic Tranquility: A Brief Against Feminism. Dallas, TX: Spence Publishing:pp. 15)

ബ്യൂവോയർ ഫിലോസഫിയിൽ ഫൈനൽ പരീക്ഷ പാസായ സന്ദർഭത്തിൽ സാർത്രെക്ക് താഴെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു എന്ന് ബ്യൂവോയർ തന്നെ കുറിച്ചിട്ടത് അവരുടെ ആത്മകഥ വായിക്കുന്നവർ എല്ലാം ശ്രദ്ധിക്കുന്ന ഒരു പരാമർശമാണ്.
(Evans, M. (1996) Simone de Beauvoir. London: Sage Publications. p. 22)
(The miseducation of women: James Tooley: 71,72)

ബ്യൂവോയറുടെ കൃതികളിലൂടെ – വിശിഷ്യാ അവരുടെ ആത്മകഥയിലൂടെ- ഒരു സൂക്ഷ്മ പര്യവേഷണം നടത്തുന്നവർക്കെല്ലാം ബോധ്യമാവുന്ന ഒരു വസ്തുതയുണ്ട്. ഫെമിനിസത്തിന്റെ മാതാവടക്കം എല്ലാ സ്ത്രീകളും ഭർത്താവും കുട്ടികളും കുടുംബവും ഗാർഹിക ജീവിതത്തിന്റെ ലാളിത്യവും നിർമലതയും കൊതിക്കുന്നവർ തന്നെയാണ്. സാമൂഹിക സമ്മർദ്ദങ്ങൾ മാത്രമാണ് മറിച്ചൊന്നിൽ ചുരുങ്ങി കൂടാൻ അവരെ നിർബന്ധിക്കുന്നത്. പുരുഷന്മാരുമായി ബന്ധപ്പെട്ട വ്യക്തിപരമായ ദുരനുഭവങ്ങൾ ഒരു ന്യൂനപക്ഷത്തെയും വേട്ടയാടുന്നുണ്ടാവാം. അതല്ലാത്ത എല്ലാ സ്ത്രീകളും ഗാർഹിക ജീവിതത്തിന്റെ എല്ലാ പരമ്പരാഗതമായ സ്ത്രൈണ്യതയെയും ആഘോഷിക്കാൻ കൊതിക്കുന്നവരാണ്. ഉദാഹരണത്തിന് രണ്ടാം തരംഗ ഫെമിനിസത്തിന്റെ മാതാവായ ബ്യൂവോയറുടെ ആത്മകഥയുടെ രണ്ടാം വോള്യത്തിലെ ഒന്നാം അധ്യായമായ “ജീവിതത്തിന്റെ പ്രധാനപ്പെട്ട കാലഘട്ടം”, സമർപ്പിച്ചിരിക്കുന്നത് കാമുകനായ സാർത്രെക്കാണ്. ഗാർഹികതയുടെ ആനന്ദത്തിൽ മുഴുകിയിരിക്കുന്ന യുവ ‘ഡി ബ്യൂവോയറുടെ വർണ്ണനയിലൂടെയാണ് അധ്യായം ആരംഭിക്കുന്നത്:

“പാരീസിൽ അവളുടെ പുതിയ, സ്വതന്ത്രമായ വീട് ഒരുക്കി, വേനൽക്കാല അവധിക്ക് ശേഷം പാരീസിലേക്കുള്ള സാർത്രിന്റെ മടങ്ങിവരവിനായി അവൾ ആവേശത്തോടെ കാത്തിരിക്കുന്നു. പുതിയ ഭർത്താവിന്റെ വരവിനായി കാത്തിരിക്കുന്ന യുവ വധുവിന്റെ ഗുണവിശേഷണങ്ങളാൽ ഭൂഷിതയായ ബ്യൂവോയറുടെ വർണ്ണനകളാണ് ഈ മൂന്ന് പേജുകളുടെ ഉള്ളടക്കം: പുതിയ ഫർണിച്ചറുകൾ കൊണ്ടുവന്നതു, ചുവരുകൾ പേപ്പർ ചെയ്തതും, പുതിയ വസ്ത്രങ്ങൾ വാങ്ങി കാത്തിരിക്കുന്നതുമെല്ലാം… ”
(Evans, M. (1996) Simone de Beauvoir. London: Sage Publications. p. 13)

അവസാനം ആ മഹാ സംഭവം സംഭവിക്കുന്നു: “ഒക്റ്റോബർ പകുതിയിൽ സാർത്രെ പാരീസിലേക്ക് മടങ്ങി വന്നപ്പോഴാണ് എന്റെ പുതിയ ജീവിതം യഥാർത്ഥത്തിൽ ആരംഭിച്ചത്.”
(Evans, M. (1996) Simone de Beauvoir. London: Sage Publications. p. 13)

പക്ഷെ പെണ്ണ് ആഗ്രഹിക്കുന്നതെന്ത് ? പെണ്ണ് ആഗ്രഹിക്കണമെന്ന് ആണ് പഠിപ്പിക്കുന്നതിനൊത്ത് പെണ്ണ് ആഗ്രഹിക്കുന്നതെന്ത് ?! ഈ രണ്ടാമത് സൂചിപ്പിച്ച “പെൺ പക്ഷമാണ്” ഫെമിനിസമെന്ന് മനസ്സിലാക്കാൻ ഫിലോസഫിയിൽ ഡോക്റ്ററേറ്റ് വേണമെന്നില്ല. സിമോൻ ഡെ ബ്യൂവോയറുടെ ആത്മാനുഭവങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതി.

സാർത്രെ ഒരു സ്ത്രീ ചൂഷകനായിരുന്നു എന്ന് പറയാതെ വയ്യ. അയാൾ കുടുംബ വ്യവസ്ഥിതിയെയും കുടുംബ ജീവിതത്തെയും ഗാർഹിക ജീവിതത്തെയും വെറുത്തിരുന്ന ഒരു വ്യക്തിയാണ്. പല സ്ത്രീകളുമായും ലൈംഗിക ബന്ധം പുലർത്തിയ അയാൾ ഒരു സ്ത്രീയുടെയും ഉത്തരവാദിത്തവും ബാധ്യതയും ഏറ്റെടുക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല.

സ്ത്രീയെ ലൈംഗികതക്കപ്പുറം സാർത്രെക്ക് താൽപര്യമില്ലായിരുന്നു. അവരോടൊപ്പമുള്ള സഹവാസം അയാൾക്ക് ദുസ്സഹമായിരുന്നു. Hell is other people (താനല്ലാത്ത മറ്റെല്ലാവരുമാണ് നരകം) എന്ന പ്രസിദ്ധമായ പ്രസ്‌താവനക്കു ഉടമയാണല്ലൊ ടിയാൻ. ഒരു സ്ത്രീയുമായി ഒതുങ്ങി കൂടാൻ തനിക്ക് കഴിയില്ലെന്ന് ബന്ധത്തിന്റെ തുടക്കത്തിലെ സാർത്രെ ബ്യൂവോയറോട് തീർത്തു പ്രഖ്യാപിച്ചിരുന്നു. തനിക്ക് കിട്ടാവുന്ന സ്ത്രീകളുമായെല്ലാം ലൈംഗിക ബന്ധത്തിൽ താൻ ഏർപ്പെടുമെന്നും നിനക്കും അങ്ങനെയാവാമെന്നും ഒരു “ഓപൺ റിലേഷൻഷിപ്പ്” സാർത്രെ ഉറപ്പു വരുത്തി. പാരീസിൽ പരസ്ത്രീകളുമായി താമസിക്കുന്ന സമയത്ത് പാരീസിലേക്ക് – താമസ സ്ഥലത്തേക്കല്ല – ബ്യൂവോയർ വരുന്നത് പോലും സാർത്രെ വിലക്കി; ബ്യൂവോയറും സാർത്രെയും ഒരുമിച്ചല്ല ജീവിക്കുന്നത് എന്നിട്ടു പോലും !
(Evans, M. (1985) Simone de Beauvoir: A Feminist Mandarin. London: Tavistock publications. p. 40, Citing de Beauviour 1965, p. 126)

അവർ തമ്മിലുള്ള ബന്ധത്തിന്റെ ഈ വികൃത പ്രകൃതം നിശ്ചയിച്ചതും തീരുമാനിച്ചതും സാർത്രെയാണ് ; ബ്യൂവോയറല്ല.
(Evans, M. (1985) Simone de Beauvoir: A Feminist Mandarin. London: Tavistock publications. p. 16)

ഈ അവിഹിതങ്ങളെ സംബന്ധിച്ച് അവർ തമ്മിൽ ഒരുപാട് വഴക്കുണ്ടാവുമായിരുന്നു എന്ന് വ്യക്തമാക്കിയ ബ്യൂവോയർ തന്നെ പറയുന്നു: “അവസാനം ഞാൻ കീഴടങ്ങുകയായിരുന്നു.”
( De Beauvoir, 1960, p.27, Quoted in and translated by, Leighton, J (1975) Simone de Beauvoir on Woman. London, Associated University Press, 1975, p. 58)

സാർത്രെയുടെ ഒരു കാമുകിയുടെ വ്യാകുലത ബ്യൂവോയർ തന്റെ ആത്മകഥയിൽ ഉദ്ധരിക്കുന്നുണ്ട്: (M എന്നാണ് ബ്യൂവോയർ അവരെ വ്യംഗ്യമായി വിളിച്ചിരിക്കുന്ന പേര്)

“അവൻ അവളെ സ്നേഹിച്ചിരുന്നെങ്കിൽ മാസങ്ങളോളം അവളെ കാണാതിരിക്കുന്നത് അവൻ എങ്ങനെ സഹിക്കും? …അവളെ സ്നേഹിക്കുന്നുവെന്ന് അവൻ പറയുമ്പോഴും തീർച്ചയായും അവൻ അവളുമായി ഒരു ജീവിതം നയിക്കാൻ ഒരു സാധ്യതയുമില്ലെന്ന് അവൾ മനസ്സിലാക്കണമെന്ന് അവൻ ആഗ്രഹിച്ചു. എന്നാൽ അവളുടെ വീക്ഷണത്തിൽ, താൻ അവളെ സ്നേഹിക്കുന്നുവെന്ന് അവൻ അവളോട് നുണ പറയുകയാണ്. കാരണം സ്ത്രീകളുടെ കണ്ണിൽ സ്നേഹം എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് വിജയിക്കുന്നു. ഈ അർത്ഥത്തിൽ എം പൂർണ്ണമായും തെറ്റല്ല പറയുന്നത്”.
(Evans, M. (1985) Simone de Beauvoir: A Feminist Mandarin.p. 44, Quoting de Beauvoir,1965, p. 127)

M നെ കുറിച്ച് ചിന്തിക്കുമ്പോഴും എഴുതുമ്പോഴും താനും സാർത്രെയുടെ മറ്റൊരു M ആണെന്ന് ഒരിക്കൽ പോലും ബ്യൂവോയർ ചിന്തിച്ചു കാണില്ലെ?!

ഇനി, മാതൃത്വത്തിന്റെ കാര്യമെടുക്കാം. ഡി ബ്യൂവോയർ ഒരു മാതാവാകുന്നതിനോട് അടുത്തെത്തിയത് ഗർഭച്ഛിദ്രതയിലൂടെയിരുന്നു.
(Evans, M. (1985) Simone de Beauvoir: A Feminist Mandarin. London: Tavistock publications. p. 101)

The Second sex ലെ മാതൃത്വത്തെക്കുറിച്ചുള്ള അധ്യായത്തിലെ ആദ്യ പത്ത് പേജുകളും ഗർഭച്ഛിദ്രത്തിന്റെ ഭീകരതയെക്കുറിച്ചാണെന്ന് ഓർക്കുക. ഗർഭച്ഛിദ്രം അവളുടെ മേൽ സാർത്രെ അടിച്ചേൽപ്പിക്കുകയായിരുന്നു എന്ന് അവളുടെ വിവരണങ്ങളിൽ നിന്ന് ആർക്കും മനസ്സിലാവുന്നതാണ്: ‘പുരുഷന്മാർ ഗർഭച്ഛിദ്രത്തെ നിസ്സാരമായി കാണുന്നു’, അവൾ The Second sex ൽ എഴുതി, “ദുഷിച്ച സ്വഭാവത്താൽ സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ട നിരവധി അപകടങ്ങളിൽ ഒന്നായി അവർ ഇതിനെ കണക്കാക്കുന്നു, എന്നാൽ അതിൽ ഉൾപ്പെട്ട മൂല്യങ്ങൾ പൂർണ്ണമായി മനസ്സിലാക്കുന്നതിൽ പുരുഷന്മാർ പരാജയപ്പെടുന്നു. ഗർഭച്ഛിദ്രത്തിന് വിധേയരായ സ്ത്രീകൾ സ്ത്രീ മൂല്യങ്ങളെ, അവളുടെ മൂല്യങ്ങളെ നിരാകരിക്കുകയും ത്യജിക്കുകയുമാണ് ചെയ്യുന്നത്… അവളുടെ ധാർമ്മിക പ്രപഞ്ചം മുഴുവൻ അതിലൂടെ തകരുകയാണ്.”
(De Beauvoir, S. 1949, 1993, The Second sex. London: Everyman’s Library: p.516)

ലൈംഗികതക്കും വല്ലപ്പോഴുമുള്ള പ്രണയലീലകൾക്കുമപ്പുറം മറ്റൊന്നും ഡി ബ്യൂവോയർക്ക്, സാർത്രെയിൽ നിന്ന് പ്രതീക്ഷിക്കാൻ യാതൊരു വകുപ്പുമില്ലായിരുന്നു എന്നർത്ഥം.
തന്റെ വ്യക്തി വൈകൃതത്തെയും സ്വാർത്ഥതയെയും എങ്ങനെ സ്ത്രീ വിരുദ്ധമല്ല എന്ന് ന്യായീകരിക്കാം ? ഈ സ്ത്രീ ചൂഷണത്തെ എങ്ങനെ സ്ത്രീകളെ കൊണ്ട് സ്വീകരിപ്പിക്കാം ? എന്ന് സ്വഭാവികമായും സാർത്രെ ഒരുപാട് ചിന്തിച്ചിരിക്കാം. അതിനയാൾ കണ്ടെത്തിയ മാധ്യമമായിരുന്നു സിമോൻ ഡെ ബ്യൂവോയർ എന്ന് വേണം കരുതാൻ. സാർത്രെയുടെ “സ്ത്രീ ചൂഷണത്തിനുള്ള 10 വഴികൾ” എന്ന പുസ്തക ആശയമാണ് യഥാർത്ഥത്തിൽ രണ്ടാം തരംഗ ഫെമിനിസം ബൈബിളായ – സിമോൻ ഡെ ബ്യൂവോയറുടെ – “സെകന്റ് സെക്സ്” എന്നർത്ഥം. സിമോൻ ഡെ ബ്യൂവോയർ അയാൾക്കൊരു പേനയായിരുന്നു. അയാൾ എഴുതാനുപയോഗിച്ച കടലാസാണ് ഫെമിനിസം.

ജെയിംസ് റ്റൂളി എഴുതുന്നു:
“(സാർത്രെയുമായി ഭാഗികമായ ഗാർഹിക ജീവിതം നയിച്ചിരുന്നു) ഈ കാലയളവിൽ “സന്തോഷത്തിൽ സ്തംഭനാവസ്ഥയിൽ അവൾ തികച്ചും തൃപ്തയായിരുന്നു” എന്ന് ഡി ബ്യൂവോയർ വിവരിക്കുന്നുണ്ട്.
(Evans, M. (1996) Simone de Beauvoir. London: Sage Publications. p. 56)

എന്നാൽ സാർത്റിന് അത് താൽപര്യമുണ്ടാകുമായിരുന്നില്ല. ഗാർഹികതയെ ഇഷ്ടപ്പെടാൻ അവൾ ആരംഭിച്ച തുടക്കത്തിൽ തന്നെ സാർത്രെ അവൾക്കെതിരെ തിരിഞ്ഞു, അവളെ കൊച്ചാക്കി സംസാരിച്ചു: ‘നീ ചെറിയ ആശയങ്ങളാൽ നിറഞ്ഞ ഒരു വ്യക്തിയായിരുന്നു, ബ്യൂവോയർ’
(Quoted from de Beauvoir,1962, p.77, in Evans, M. (1985) Simone de Beauvoir: A Feminist Mandarin. London: Tavistock publications. p. 14)

എന്നിട്ട് അവൾ ഒരു അന്തർമുഖയായ സ്ത്രീയായി മാറിയെന്ന് കുറ്റപ്പെടുത്തി. ഡി ബ്യൂവോയർക്ക് ഈ വിമർശനം വളരെ കഠിനമായി അനുഭവപ്പെട്ടു, അയാൾ അവളെ ഒരു ‘വെറും വീട്ടമ്മയായി’ മാറിയെന്ന് കുറ്റപ്പെടുത്തുകയാണ്, അവൾ എഴുതുന്നു: ‘ഇങ്ങനെ അവനെ നിരാശപ്പെടുത്തിയതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യമായിരുന്നു’
…’
(Quoted from de Beauvoir,1962, p.61, in Evans, M. (1996) Simone de Beauvoir. London: Sage Publications. p. 56)

എഴുതാൻ ആവേശമുണ്ടായിരുന്നെങ്കിലും എഴുതാനുള്ള വിഷയം ഇല്ലാതിരുന്ന ഘട്ടത്തിലൂടെ കടന്നു പോകവെ’

സ്ത്രീത്വത്തെ സംബന്ധിച്ച് പുസ്തകമെഴുതാൻ സാർത്രെയാണ് ഉപദേശിച്ചത്. തനിക്ക് സ്ത്രൈണ്യത കുറവാണെന്ന് മറുപടി പറഞ്ഞ ബ്യൂവോയറോട്, സാർത്രെ ഇപ്രകാരം പ്രതികരിച്ചു: “അതൊക്കെ എന്തുമാകട്ടെ. ഒരു ആൺകുട്ടിയെ വളർത്തുന്നത് പോലെയല്ലല്ലൊ നീ വളർത്തപ്പെട്ടത്. അതിനെ പറ്റി നീ കൂടുതൽ കൂലങ്കഷമായ ഒരു നിരീക്ഷിക്കണം നടത്തണം.”
(Leighton, J (1975) Simone de Beauvoir on Woman. London, Associated University Press, 1975, p. 25)

ബ്യൂവോയർ തന്റെ ആത്മകഥയിൽ തുറന്നെഴുതുന്നു: ”തത്ത്വശാസ്ത്രപരമായും രാഷ്ട്രീയപരമായുമുള്ള പ്രാരംഭം അദ്ദേഹത്തിൽ നിന്നാണ് എപ്പോഴുമുണ്ടാവുക. സാർത്രെ പ്രത്യയശാസ്ത്രപരമായി സർഗ്ഗാത്മകനാണ്, ഞാൻ അങ്ങനെയല്ല.”
(De Beauvoir, 1967, p. 109, quoted Leighton, J (1975) Simone de Beauvoir on Woman. London, Associated University Press, 1975, p. 25)

സാർത്രെയുടെ ബ്യൂവോയറുമായുള്ള അനാരോഗ്യകരമായ ബന്ധത്തെ താത്വികമായ ഒരു നീതീകരണം ബ്യൂവോയറെ കൊണ്ട് തന്നെ എഴുതിപ്പിക്കുകയായിരുന്നു അയാൾ എന്ന് വേണം കരുതാൻ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സാർത്രെ എന്താണൊ അവളോട് നിർദ്ദേശിച്ചത് അതവൾ ചെയ്തു. എന്നിട്ട് താൻ സ്ത്രീകളെ സംബന്ധിച്ച് കണ്ടെത്തിയ വിവരങ്ങളെല്ലാം സാർത്രെ സൃഷ്ടിച്ച താത്വിക ചട്ടകൂടിൽ അവതരിപ്പിച്ചു. സ്വാതന്ത്ര്യം, നിരാശ്രയത്വം, സ്വയംഭരണം എന്നിവയെ കുറിച്ച സാർത്രെയുടെ അസ്‌തിത്വവാദ (Existencialism) വീക്ഷണത്തിലൂടെ സ്ത്രീത്വത്തെ നോക്കി കാണുമ്പോൾ സ്ത്രീയെ അനുകമ്പയോടെയും സഹാനുഭൂതിയോടെയും കൈകാര്യം ചെയ്യുക ശ്രമകരമാണ്.
(Existencialism: യാതൊരു നിബന്ധനകളുമില്ലാതെ മനുഷ്യർ പൂർണ്ണമായും സ്വതന്ത്രരാണെന്നും അവർ സ്വയം തീരുമാനിക്കുന്ന കാര്യങ്ങൾക്ക് ഉത്തരവാദികളാണെന്നും അനുമാനിക്കുന്ന ഇരുപതാം നൂറ്റാണ്ടിലെ ഒരു യൂറോപ്യൻ ദാർശനിക പ്രസ്ഥാനം.)

The Second Sex എന്ന പുസ്തകം ബ്യൂവോയർക്ക് പകരം, ജീൻ പോൾ സാർത്രെ ആയിരുന്നു എഴുതിയിരുന്നതെങ്കിൽ സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന ഒരു ദീർഘകാല പാരമ്പര്യമുള്ള, ഒരു സ്ത്രീവിരുദ്ധ ഷോവനിസ്റ്റിന്റെ ആക്രോശമായി അത് വളരെക്കാലം മുമ്പ് തന്നെ ലോകം തള്ളിക്കളയുമായിരുന്നു. പക്ഷെ തനിക്ക് പകരം തന്റെ ആശയങ്ങൾ ബ്യൂവോയർ എഴുതിയപ്പോൾ അത് ഫെമിനിസ്റ്റുകൾ അംഗീകരിച്ച് ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ചു. 1986-ൽ പാരീസിൽ വച്ച് മരണപ്പെടുമ്പോൾ, സമകാലിക ഫെമിനിസത്തിന്റെ ‘മാതാവായും’, ‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാന ഫെമിനിസ്റ്റ് സൈദ്ധാന്തികയായും’ ബ്യൂവോയർ വിശേഷിപ്പിക്കപ്പെട്ടു.
(Evans, M. (1996) Simone de Beauvoir. London: Sage Publications. p. 1) ”

‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തത്ത്വചിന്തകയും എഴുത്തുകാരിയുമായി’ ബ്യൂവോയർ ‘ഏതാണ്ട് സാർവത്രികമായി’ പ്രഖ്യാപിക്കപ്പെട്ടു.
(Fullbrook and Fullbrook, 1998, p.1)

The Second Sex ‘ഇരുപതാം നൂറ്റാണ്ടിലെ പ്രധാന ഫെമിനിസ്റ്റ് ഗ്രന്ഥമായി പരക്കെ കണക്കാക്കപ്പെടുന്നു ‘.
(Evans, M. (1985) Simone de Beauvoir: A Feminist Mandarin. London: Tavistock publications. p. viii)

‘മനുഷ്യാവസ്ഥയെക്കുറിച്ചുള്ള അപൂർവമായ ക്ലാസിക് പ്രസ്താവനകളിൽ ഒന്ന്, അതിന്റെ പല മാനങ്ങൾ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുമ്പോൾ ശക്തി മാത്രമേ വർദ്ധിക്കുന്നുള്ളു’ എന്നെല്ലാം ഗ്രന്ഥത്തെ ഫെമിനിസ്റ്റുകൾ വാഴ്ത്തി മാറോടണച്ചു.”
(Fullbrook and Fullbrook, 1998, p.1)

…’ എങ്ങനെയെങ്കിലും ആ ഒരുപിടി അധിക മാർക്ക് ഒരുമിച്ച് കൂട്ടാനും സാർത്രെയേക്കാൾ കൂടുതൽ മാർക്ക് കരസ്ഥമാക്കാനും ഡി ബ്യൂവോയറിന് കഴിഞ്ഞിരുന്നെങ്കിൽ? ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ ബൗദ്ധിക ചരിത്രം എത്ര വ്യത്യസ്‌തമാകുമായിരുന്നുവെന്ന് ഒരു ഫെമിനിസ്റ്റ് ആശ്ചര്യപ്പെടുന്നു. ബ്യൂവോയർ സാർത്രേയേക്കാൾ ബുദ്ധിശാലിയാണെന്ന് വസ്തുനിഷ്ഠമായി തെളിയിക്കപ്പെട്ടിരുന്നെങ്കിൽ ഡി ബ്യൂവോയർക്ക് എന്തു സംഭവിക്കുമായിരുന്നു? എന്നൊക്കെ ഒരു ഫെമിനിസ്റ്റ് അത്ഭുതം കൂറുന്നുണ്ട്.
(Carter, A. (1982) p.157, quoted Evans, M. (1985) Simone de Beauvoir: A Feminist Mandarin. London: Tavistock publications. p. 123)

എന്നാൽ മറ്റൊരു സാങ്കൽപ്പിക ചോദ്യം എനിക്ക് കൂടുതൽ രസകരമായി തോന്നുന്നു: ഞാൻ അത്ഭുതപ്പെടുന്നു, ഒരു സ്ത്രീയെന്ന നിലയിൽ ആഗ്രഹിക്കുന്നത് നൽകാൻ തയ്യാറായിരുന്ന, അതിന് ആഗ്രഹമുണ്ടായിരുന്ന ഒരു പുരുഷനെ – സാർത്രെക്ക് പകരം – എങ്ങനെയെങ്കിലും ഡി ബ്യൂവോയർക്ക് ലഭിച്ചിരുന്നുവെങ്കിൽ ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ ബൗദ്ധിക ചരിത്രം എന്തായിരിക്കുമായിരുന്നു?

ഒരുപക്ഷേ, സമകാലിക ഫെമിനിസത്തെയും നിലവിലെ വിദ്യാഭ്യാസ നയത്തെയും വളരെയധികം സ്വാധീനിച്ച, ഡി ബ്യൂവോയർ വഴി വന്ന, ഊരാക്കുടുക്കിൽ നിന്ന് ആധുനിക സ്ത്രീകൾ രക്ഷപ്പെടുമായിരുന്നു. “സ്വതന്ത്രയായ” സ്ത്രീയെ എങ്ങനെ സൃഷ്ടിക്കാം എന്നതിനെക്കുറിച്ച് സംസാരിക്കവെ, 1975-ൽ ഡി ബ്യൂവോയറിന്റെ നിഷ്കരുണവും ക്രൂരവുമായ കുറിപ്പടികളിലേക്ക് നയിച്ച ഫെമിനിസം ചരിത്രത്തിൽ തന്നെ ഉടലെടുക്കുമായിരുന്നില്ല: ‘ഒരു സ്ത്രീക്കും തന്റെ കുട്ടികളെ വളർത്താൻ വീട്ടിലിരിക്കാൻ അധികാരം നൽകരുത്. സ്ത്രീകൾക്ക് അത്തരമൊരു തിരഞ്ഞെടുപ്പ് ഉണ്ടാകരുത്, കാരണം അത്തരമൊരു തിരഞ്ഞെടുപ്പ് ഉണ്ടെങ്കിൽ, വളരെയധികം സ്ത്രീകൾ അത് തിരഞ്ഞെടുക്കും. സ്ത്രീകളെ ഒരു പ്രത്യേക ദിശയിലേക്ക് നിർബന്ധിക്കുന്ന രീതിയാണ് വേണ്ടത്’ ”
(The miseducation of women: James Tooley: 75,76)

സാർത്രെ തന്നോട് ചെയ്തത്, അവൾ ലോകത്തെ സ്ത്രീകൾക്കു മേൽ അടിച്ചേൽപ്പിച്ചു എന്നർത്ഥം. താൻ കൊതിച്ചതും നിനച്ചതും ഒരു സ്നേഹ നിധിയായ ഭർത്താവിനെയാണ്. ഒരു കുഞ്ഞിക്കാല് കാണാനാണ് ഞാൻ കണ്ണു നിറയെ കാത്തിരുന്നത്. ഒരു സന്തുഷ്ടമായ കുടുംബജീവിതമാണ് ഞാൻ എന്നും സ്വപ്നം കണ്ടത്. അത് എനിക്ക് നിഷേധിക്കപ്പെട്ടതു പോലെ സർവ്വ സ്ത്രീകൾക്കും നിഷേധിക്കപ്പെടണം ! സ്ത്രീക്ക് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നൽകപ്പെട്ടാൽ – എനിക്ക് സ്വാതന്ത്ര്യം നൽകപ്പെട്ടിരുന്നെങ്കിൽ ഞാൻ തിരഞ്ഞെടുക്കുമായിരുന്ന – ഗാർഹിക ജീവിതം അവർ തിരഞ്ഞെടുക്കും. അത് പാടില്ല. കാരണം അപ്പോൾ എന്റെ വൈകാരിക ആത്മഹുതിക്ക് മൂല്യമില്ലാതെ വരും. മാത്രമല്ല സ്ത്രീ സമൂഹത്തിന് ആത്മവികാസം സംജാതമാവില്ല എന്നാണ് സാർത്രെയെ പോലെ എന്നേക്കാൾ ബുദ്ധിയുള്ള പുരുഷന്മാർ… അഥവാ എന്റെ ഉള്ളിന്റെ ഉള്ളിലെ ആരാധനാ മൂർത്തികൾ… എനിക്ക് ഒരിക്കലും സ്വന്തമാക്കാൻ കഴിയാതിരുന്ന എന്റെ നായകന്മാർ… പഠിപ്പിച്ചു തരുന്നത്. പച്ചയായി പറഞ്ഞാൽ ഇതാണ് ബ്യൂവോയറടക്കം സകല ഫെമിനിസ്റ്റുകളുടെയും അബോധമനസ്സിലെ ബോധതലം.

print

No comments yet.

Leave a comment

Your email address will not be published.