ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -4

//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -4
//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -4
ആനുകാലികം

ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -4

ആളൊഴിഞ്ഞ ഒരു കസേരക്കളി

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കസേരക്കളി മത്സരത്തിൽ പങ്കെടുക്കാൻ ഒരു അവസരം! ഇരു കൂട്ടർക്കും തുല്യമായ തോതിൽ കസേരകൾ നിരത്തപ്പെട്ടിട്ടുണ്ട്. കളിയിൽ മുഴക്കുന്ന സംഗീതവും ഇരു ലിംഗക്കാർക്കും ഇഷ്ടമുള്ള പാട്ടുകൾ… മാറ്റി മാറ്റി കേൾപ്പിക്കുന്നു. പക്ഷെ മത്സര സംഘാടകർ മറന്നു പോയ ഒരു കാര്യമുണ്ട്. പെൺകുട്ടികൾക്ക് ഈ കളി കളിക്കാൻ താൽപര്യമുണ്ടോ?!

അതാരും ചോദിച്ചില്ല, ചോദിക്കേണ്ടതുമില്ല !! താൽപര്യമില്ലെങ്കിൽ നിർബന്ധിക്കുക. കാരണം മത്സര സമ്മാനം വളരെ വിലമതിക്കുന്നതാണ്. പക്ഷെ ആ സമ്മാനങ്ങൾ പെൺകുട്ടികൾ വിലമതിക്കുന്നില്ലെങ്കിലോ ? മറ്റു പല മത്സരങ്ങളും വ്യത്യസ്‌തമായ മറ്റേതോ സമ്മാനങ്ങളുമാണ് അവർക്കിഷ്ടമെങ്കിലോ ? അതൊന്നും പരിഗണനീയമല്ല. ഇതാണ് ഫെമിനിസ്റ്റ് വീക്ഷണത്തിൽ സ്ത്രീവിമോചനവും സ്വാതന്ത്ര്യവും !! ഫലമോ, ആളൊഴിഞ്ഞ കസേരക്കളി.

പഠന – തൊഴിൽ മേഖലകളിലെ ഫെമിനിസ്റ്റുകളുടേയും, അതിനനുസരിച്ച് വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കാൻ വെമ്പൽ കൊള്ളുന്ന ഭരണ നേതൃത്വങ്ങളുടേയും ലിംഗസമത്വ പിടിവാശികൾ അതീവ പരിഹാസ്യകരമാണ് എന്ന് പറയാതെ വയ്യ. പെണ്ണിനെ ആണാക്കാനുള്ള തത്രപ്പാടിൽ പാശ്ചാത്യൻ സ്ത്രീ സമൂഹത്തിൽ ഉയർന്നു വന്ന വൈരുധ്യങ്ങളും വിരോധാഭാസങ്ങളും നമുക്കൊന്ന് പരിശോധനക്ക് വിധേയമാക്കാം:

സ്ത്രീ അനുകൂലവൽക്കരണ വിപ്ലവങ്ങളുടെ ചരിത്രം അനാവരണം ചെയ്തു കൊണ്ട് ഫെമിനിസ്റ്റുകൾ ഒരു ശ്രദ്ധേയമായ പുസ്തകം പുറത്തിറക്കുകയുണ്ടായി. ബ്രിട്ടീഷ് വിദ്യാഭ്യാസ ഫെമിനിസ്റ്റുകളായ മേഡലിൻ അർനോട്ട്, മിരിയം ഡേവിഡ്, ഗേബി വെയ്നർ എന്നിവർ ചേർന്നു രചിച്ച Closing the Gender Gap. മൂന്ന് പതിറ്റാണ്ടുകൾ കൊണ്ട്, ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും നടപ്പാക്കാൻ കഴിഞ്ഞ ലിംഗ സമത്വത്തെ അഭിമാന പുരസ്സരം വിവരിക്കുന്നതാണ് പുസ്തകം. എന്നാൽ, ലിംഗ സമത്വഭാവങ്ങളെ നിരുപാധികം ഏറ്റെടുത്ത് ആചരിച്ച പാശ്ചാത്യൻ രാജ്യങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന അത്ഭുതകരമായ ഒരു വിരോധാഭാസത്തിലേക്ക് ഇടക്കിടെ ഗ്രന്ഥം ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ഫെമിനിസ്റ്റ് നിർമ്മിത വിദ്യാഭ്യാസ നയങ്ങളുടെ നിർബന്ധിതമായ പ്രാവർത്തികവൽകരണങ്ങളിലൂടെയും നിരന്തരമായ നിയമ നിർമ്മാണങ്ങളിലൂടെയും പെൺകുട്ടികളെ ആൺകുട്ടികളാക്കാൻ ശ്രമിച്ചിട്ടും കൂടുതൽ വിപരീത ഫലങ്ങളെയാണ് അതുണ്ടാക്കുന്നതെന്ന വിചിത്രമായ പ്രതിഭാസത്തിന് മുമ്പിൽ ഫെമിനിസ്റ്റുകൾ അത്ഭുത സ്തബ്ധരാവുന്നു.

“ആൺകുട്ടികൾ ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം എന്നിവയുമായി ബന്ധപ്പെട്ട വിഷങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പെൺകുട്ടികൾ ഭാഷ, ഹ്യൂമാനിറ്റീസ്, ഡൊമസ്റ്റിക്ക് സയൻസ് എന്നിവ തിരഞ്ഞെടുക്കുന്നു. 1980 കളിൽ, ഹ്യൂമാനിറ്റീസ്, ഡൊമസ്റ്റിക്ക് സയൻസ് എന്നിവയിൽ സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ പെൺകുട്ടികളാണെന്ന “പ്രശ്നം” ഫെമിനിസ്റ്റുകളുടെ ശ്രദ്ധയിൽ പെടുത്തി. 1% വിദ്യാർത്ഥിനികൾ മാത്രമെ മരപ്പണിയും, മെറ്റൽ വർക്കും തിരഞ്ഞെടുക്കുന്നുള്ളു, 3% വിദ്യാർത്ഥിനികൾ മാത്രമെ ടെക്നിക്കൽ ഡ്രോയിംഗ്, ടെക്നോളജിയും തിരഞ്ഞെടുക്കുന്നുള്ളു എന്ന് അവരുടെ ശ്രദ്ധയിൽ പ്പെട്ടു. അതേസമയം തുന്നൽ വൈദഗ്ധ്യത്തിൽ 100% വും പാചകകലയിൽ 97% അവർ പങ്കാളിയാവുന്നു.
(Closing the Gender Gap: Postwar Education and Social Change. London: Polity Press.1999, p.113)

തുടർന്ന്, 1988 ൽ ബ്രിട്ടണിലെ വിദ്യാഭ്യാസവകുപ്പ് പുതിയ നിയമം കൊണ്ടു വന്നു. ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തമായ വിഷയം തിരഞ്ഞെടുക്കുന്നത് പെൺകുട്ടികൾക്ക് “girl friendly” (ഫെമിനിസ്റ്റ് വൽകൃത) ദേശീയ കരിക്കുലത്തിലൂടെ വിലക്കപ്പെട്ടു. ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം എന്നിവയുമായി ബന്ധപ്പെട്ട പേപ്പറുകളിൽ “തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം” സമ്പൂർണ്ണമായി എടുത്തു കളയപ്പെട്ടു. 1972 ലെ Title X of the Education Amendments ലൂടെ അമേരിക്കയിലും നിർബന്ധിത വിദ്യാഭ്യാസ നയങ്ങളിലൂടെ വിദ്യാർത്ഥിനികൾക്ക് വിഷയങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടു.

ഇത്രയൊക്കെയായിട്ടും പതിറ്റാണ്ടുകൾക്കിപ്പുറം വിഷയങ്ങളോടുള്ള അഭിനിവേശത്തിലെ ലിംഗത്വ വ്യത്യാസങ്ങളെ തമസ്കരിക്കാൻ ഫെമിനിസ്സവും പാശ്ചാത്യ ഗവൺമെന്റുകളും ദയനീയമായി പരാജയപ്പെട്ടു!

പെൺകുട്ടികൾക്ക് (ആൺകുട്ടികൾക്കും) എന്തെങ്കിലും ചോയ്‌സ് നൽകിയാലുടൻ, അവർ പരമ്പരാഗതമായി സ്ത്രീലിംഗ (പുരുഷ) വിഷയം പുതുക്കിയ ആവേശത്തോടെ തിരഞ്ഞെടുക്കുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുമ്പോഴെല്ലാം ചരിത്രപരമായ ലിംഗ വ്യത്യാസങ്ങൾ വിദ്യാഭ്യാസ തിരഞ്ഞെടുപ്പിൽ അതിന്റെ പിടി നിലനിർത്തുന്നു.
(Closing the Gender Gap: Postwar Education and Social Change. London: Polity Press.1999, p. 22)

തുല്യ അവസര കമ്മീഷൻ (Equal Opportunity Commission) വാർഷിക റിപ്പോർട്ട് പറയുന്നതുപോലെ, “എല്ലാ യോഗ്യതാ തലങ്ങളിലും, തിരഞ്ഞെടുക്കൽ അനുവദനീയമായ എല്ലായിടത്തും വിഷയങ്ങളുടെ ലിംഗ സ്റ്റീരിയോടൈപ്പിംഗ് വ്യാപകമാണ്”.

18-ാം വയസ്സിലെ സ്കൂൾ പഠന പൂർത്തീകരണ പരീക്ഷകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഏകദേശം എല്ലാ വിഷയങ്ങളിൽ തുല്യ മാർക്കാണ് ലഭിക്കുന്നത്. യൂനിവേഴ്സിറ്റി ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ബിരുദ വിദ്യാർത്ഥികളും പെൺകുട്ടികളാണ്. എന്നാൽ A Level (Advanced Levels) എത്തുമ്പോൾ ബയോളജി ഒഴികെ എല്ലാ സയൻസ് കേന്ദ്രീകൃത വിഷയങ്ങളും തിരഞ്ഞെടുക്കുന്നത് ആൺകുട്ടികളാണ്; ആർട്ട്സ് കേന്ദ്രീകൃതമായ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത് പെൺകുട്ടികളും. യൂണിവേഴ്സിറ്റികളിൽ, എഞ്ചിനീയറിംഗ്, ടെക്നോളജി എന്നിവയിൽ കൂടുതൽ കാണുക ആണുങ്ങളെയാണ്. മെഡിസിൻ, സോഷ്യൽ സയൻസസ്, ക്രിയേറ്റീവ് ആർട്ട്സ് എന്നിവയിൽ പെൺകുട്ടികൾ നിറയുന്നു. ഗണിത ശാസ്ത്രങ്ങൾ, കാർഷികം, എഞ്ചിനീയറിംഗ്, ടെക്‌നോളജി എന്നിവ ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത് ആണുങ്ങളാണ്.
(EOC website: www.eoc.org.uk)

96% എഞ്ചിനീയറിംഗ്, 70% ഇൻഫർമേഷൻ ടെക്നോളജി IT എന്നിവ ആണുങ്ങൾ പ്രതിനിധീകരിക്കുമ്പോൾ 80% ബിസിനസ് അഡ്മിനിസ്റ്റ്റേഷൻ, 92% ഹെയർ ഡ്രെസ്സിംഗ് എന്നിവ പെണ്ണുങ്ങൾ പ്രതിനിധീകരിക്കുന്നു.

കാംബ്രിഡ്ജ് സർവകലാശാല പുറത്തിറക്കിയ Recent Research on Gender and Educational Performance, എന്ന ഒരുപ്പറ്റം ഫെമിനിസ്റ്റ് അകാഡമിഷന്മാർ എഴുതിയ ഗവേഷണപ്രബന്ധവും Equal Opportunity Commission പ്രസിദ്ധീകരിച്ച The Gender Divide എന്ന പഠനവും, “ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം എന്നിവയിൽ മുഴുവനായും കേന്ദ്രീകരിച്ച അഡ്വാൻസ് ലെവൽ കോഴ്സുകൾ വളരെ കുറച്ച് പെൺകുട്ടികളെ തിരഞ്ഞെടുക്കുന്നുള്ളു” എന്ന് ആശങ്കപ്പെടുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഒരേ അനുപാതത്തിൽ തിരഞ്ഞെടുക്കുന്ന ഏക അഡ്വാൻസ് ലെവൽ വിഷയം ചരിത്രം മാത്രമാണ്.
(Ofsted and EOC. (1996) The Gender Divide: Performance Differences Between Boys and Girls at School. London: HMSO ,p.13)

ഇംഗ്ലീഷ് (അഥവാ ഭാഷ), ഹ്യൂമാനിറ്റീസ്, മ്യൂസിക്, പേഴ്സണൽ ആന്റ് സോഷ്യൽ എഡുകേഷൻ പെൺകുട്ടികളുടെ മേഖലകളായി പരിണമിച്ചിരിക്കുന്നു.
(Recent Research on Gender and Educational Performance. London. Ofsted.1998. p.31)

American Association of University Women (AAUW), പ്രസിദ്ധീകരിച്ച How Schools Shortchange Girls എന്ന ഫെമിനിസ്റ്റ് പഠനം കാണിക്കുന്നത്, ശാസ്ത്ര – ഗണിത ക്രഡിറ്റുകൾ കൂടുതൽ തിരഞ്ഞെടുക്കുന്നത് ആൺകുട്ടികളാണ് എന്നാണ്. ശാസ്ത്ര വിഷയങ്ങളിൽ തന്നെ പെൺകുട്ടികൾ കൂടുതലായും ബയോളജി തിരഞ്ഞെടുക്കുമ്പോൾ ആൺകുട്ടികൾ ഫിസിക്സ് തിരഞ്ഞെടുക്കുന്നു.
(American Association of University Women (AAUW), 1995, pp. 43, 44, 45, 49, 147.)

ഡോ. സിൽവിയ റിമ്മിന്റെ See Jane Win എന്ന വിശ്രുതമായ കൃതിയിൽ “1000 പെൺകുട്ടികൾ എങ്ങനെ വിജയികളായ പെണ്ണുങ്ങളായി വളർന്നു” എന്ന The Rimm Report ൽ ആവർത്തിക്കുന്നത്, വിഷയങ്ങളോട് സ്ത്രീകൾ പുലർത്തുന്ന ലിംഗത്വ വ്യത്യാസങ്ങൾ തന്നെയാണ്. വിശിഷ്യാ ഗണിതശാസ്ത്രത്തോട് പെൺകുട്ടികൾ പുലർത്തുന്ന വിമുഖത അവരുടെ “ആത്മ സാക്ഷാൽക്കാരത്തിന്” വിഘ്‌നമാവുന്നു എന്ന പരാതി തന്നെ.
(Rimm,S. with Rimm Kaufman,S and Rimm, H. (1999) See Jane Win: The Rimm Report on How 1000 Girls bacame SUCCESSFUL women. New York: Crown. pp.10-11)

“ലിംഗത്വ വേർപ്പെടുത്തലുകളോ ലിംഗ വിവേചനമോ അറിയാത്ത, വനിതാശാക്തീകൃത സമൂഹത്തിലും സ്ത്രീകൾ ഇപ്പോഴും തിരഞ്ഞെടുക്കുന്നത് പരമ്പരാഗത സ്ത്രീ ഉദ്യോഗങ്ങളും തൊഴിലുകളുമാണ്. പരമ്പരാഗത പഠനം, ജീവിത രീതി, ജോലി എന്നിവയോട് തന്നെ അവർ ആഭിമുഖ്യം പുലർത്തുന്നു. ആളുകളുമായി ബന്ധപ്പെട്ട ജോലികളിലാണ് (People Jobs) അവർക്ക് താൽപര്യം, കൂടുതൽ മാനസിക പിരിമുറുക്കമോ ക്ലേശങ്ങളോ ഉണ്ടാക്കുന്ന ജോലികളും വസ്തു കേന്ദ്രീകൃതമായ ജോലികളും അവർ അവഗണിക്കുന്നു എന്നത് “കൗതുകകരമായ വൈരുദ്ധ്യം” ആണെന്ന് ഫെമിനിസ്സ് ഗവേഷണങ്ങൾ അത്ഭുതം കൂറുന്നു.
(Closing the Gender Gap: Postwar Education and Social Change. London: Polity Press.1999, p.121)

“ലിംഗത്വ വിരോധാഭാസം” (gender paradox) എന്നാണ് ഇതിനെ വിളിക്കപ്പെടുന്നത്.
സാമൂഹികവും രാഷ്ട്രീയവുമായ നയങ്ങളിൽ കൂടുതൽ ലിംഗസമത്വം പ്രാപിക്കുന്ന സമൂഹങ്ങളിൽ, പുരുഷന്മാരും സ്ത്രീകളും കൂടുതൽ സമാനതകളിലേക്ക് അടുക്കുന്നതിന് പകരം ലിംഗത്വ കേന്ദ്രീകൃതമായ കൂടുതൽ വ്യത്യാസങ്ങളിലേക്കും വ്യതിരിക്തതകളിലേക്കും അകലുന്ന സാമൂഹിക- മനശാസ്ത്രപരമായ പ്രതിഭാസത്തെയാണ് ലിംഗത്വ വിരോധാഭാസം (gender paradox) എന്ന് വിളിക്കപ്പെടുന്നത്.

“കൂടുതൽ ലിംഗസമത്വമുള്ള രാജ്യങ്ങളിൽ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) എന്നിവയിൽ ബിരുദം എടുക്കുന്ന സ്ത്രീകളുടെ അനുപാതം കുറയുന്നതായി കാണുന്നു എന്ന്, ഒരു പുതിയ പഠനം കണ്ടെത്തി.

ലിംഗ സമത്വം കുറഞ്ഞ അൽബേനിയ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിലെ STEM ബിരുദധാരികളിലെ സ്ത്രീ പ്രാതിനിധ്യം, ഫിൻലാൻഡ്, നോർവേ, സ്വീഡൻ തുടങ്ങിയ ഉയർന്ന ലിംഗസമത്വമുള്ള രാജ്യങ്ങളേക്കാൾ കൂടുതലാണ് എന്ന, “Gender paradox” പ്രതിഭാസത്തെ അടിവരയിടുന്ന വിവരങ്ങൾ ഗവേഷണം കണ്ടെത്തി.”
(https://www.thejournal.ie/gender-equality-countries-stem-girls-3848156-Feb2018/ )

സ്ത്രീകൾ “ആളുകളുമായി” (People) ബന്ധപ്പെട്ട വിഷങ്ങൾ പഠിക്കാനും ജോലി ചെയ്യാനും താൽപര്യപ്പെടുമ്പോൾ പുരുഷന്മാർ “വസ്തുക്കളുമായി” (Things) ബന്ധപ്പെട്ട വിഷങ്ങൾ പഠിക്കാനും ജോലി ചെയ്യാനും താൽപര്യപ്പെടുന്നു. അതുകൊണ്ട് തന്നെ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) മേഖലകളിൽ പഠനത്തിനും ജോലിക്കും താൽപര്യപ്പെടുന്നത് കൂടുതലും പുരുഷന്മാരാണ്. ആതുര ശുശ്രൂഷ, മെഡിസിൻ, ഹ്യൂമാനിറ്റീസ് എന്നീ മേഖലകളോടാണ് സ്ത്രീകൾക്ക് ആഭിമുഖ്യം. പതിറ്റാണ്ടുകൾ നീളുന്ന ഗവേഷണങ്ങൾ തുടരെ തെളിയിക്കുന്നത് ഇതു തന്നെയാണ്. ചില പഠനങ്ങൾ കാണുക:

1. Lippa (1998): https://shorturl.at/ilyS3

2. Rong Su (2009):
http://emilkirkegaard.dk/en/wp-content/uploads/Men-and-things-women-and-people-A-meta-analysis-of-sex-differences-in-interests.pdf

3. Lippa (2010):
https://shorturl.at/ryzGU

4. Greary (2017):
https://ifstudies.org/blog/straight-talk-about-sex-differences-in-occupational-choices-and-work-family-tradeoffs

ലിംഗസമത്വത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന, തൊഴിലവസരങ്ങളിൽ തുല്യ അനുപാതം റിസർവ് ചെയ്ത ഈഗലറ്റേറിയൻ സമൂഹങ്ങളിലെ മുഖ്യ സ്ഥാനം വഹിക്കുന്ന സ്കാന്റനാവിയൻ രാജ്യങ്ങളിലെ കണക്കുകൾ തന്നെ പരിശോധനക്ക് വിധേയമാക്കാം.

എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് മേഖലകളിൽ പുരുഷന്മാർ ആധിപത്യം പുലർത്തുന്നു, 21000 സ്ത്രീകളെ അപേക്ഷിച്ച് 1.3 ദശലക്ഷം പുരുഷന്മാരാണ് ഈ മേഖലയിലുള്ളത്. സ്ത്രീ പ്രാധിനിധ്യം കൂടുതൽ പൊതുവിദ്യാഭ്യാസ മേഖലയിലാണ്, 953000 പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 826000 സ്ത്രീകൾ ഈ മേഖലയിൽ ഉണ്ടെന്ന് കണ്ടെത്തി. ആരോഗ്യ സംരക്ഷണം, നഴ്‌സിംഗ്, സാമൂഹിക പരിപാലനം എന്നീ മേഖലകളിൽ സ്ത്രീകൾ ആധിപത്യം പുലർത്തു. ഏകദേശം 807000 വിദ്യാസമ്പന്നരായ സ്ത്രീകളാണ് ഈ മേഖലയിൽ. സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ, 182000 പുരുഷന്മാരെ ഈ മേഖലയിൽ വിദ്യാഭ്യാസം നേടിയിട്ടുള്ളു.
(https://www.statista.com/statistics/532684).

എല്ലാ നോർഡിക് രാജ്യങ്ങളിലും വനിതാ CEOമാർ ഇപ്പോഴും അപൂർവമാണ്.
(www.norden.org. )

“ഡെൻമാർക്കിൽ, ഐ.ടി പഠിക്കുന്ന സ്ത്രീകളുടെ പങ്ക് 2008 മുതൽ ഏകദേശം 27% ആയി നിശ്ചലമായി. ഉന്നത വിദ്യാഭ്യാസ തലത്തിലുള്ള ഐ.ടി വിദ്യാഭ്യാസത്തിലെ ലിംഗ വ്യത്യാസം ഇപ്പോഴും ഒരു പ്രശ്നമായി തുടരുന്നു. ഇത് സ്കാൻഡിനേവിയയിലെ സാങ്കേതിക മേഖലയിലെ തുല്യ ലിംഗ പ്രാതിനിധ്യത്തിന്റെ അഭാവത്തെ നേരിട്ട് ബാധിക്കുന്നു.

ഐ. ടി കഴിവുകളുടെ അഭാവം നോർവീജിയൻ വ്യവസായങ്ങളിലും പ്രതിഫലിക്കുന്നു, 2017 ലെ IKT IKT Norges annual competencies സർവേയിൽ 38 ശതമാനം നോർവീജിയൻ കമ്പനികൾ കഴിഞ്ഞ 12 മാസമായി, സ്ത്രീകൾക്കായി റിസർവ് ചെയ്ത ഐ.ടി തസ്തികകൾ നികത്താൻ കഴിയാതെ ഒഴിഞ്ഞുകിടക്കുന്നുവെന്ന് പ്രസ്താവിച്ചു.”

(PROGRAMMED OUT: The gender gap in technology in Scandinavia: Page: 11)

പഠനവും ഉദ്യോഗവും തിരഞ്ഞെടുക്കുന്നതിൽ വ്യത്യസ്തത പുലർത്തുന്നു എന്നത് ഒരു വശത്ത് നിലനിൽക്കുന്നു എന്നത് വേറെ. ഇപ്പോളിതാ, പാശ്ചാത്യൻ സ്ത്രീകൾ ജോലി ചെയ്തു മടുത്തു തുടങ്ങിയിരിക്കുന്നു. ഗാർഹിക ജീവിതത്തിലെ തങ്ങളുടെ സ്ത്രൈണ് ഭാവങ്ങളിലേക്ക് കൂടുതൽ അടുത്ത് അതിലെ ആനന്ദവും ആശ്വാസവും വീണ്ടെടുക്കാൻ അവർ കൊതിക്കാൻ തുടങ്ങിയെന്നാണ് പഠനങ്ങൾ പറയുന്നത്:

“നാല് ദശലക്ഷം സ്ത്രീകൾക്ക് തെറ്റ് പറ്റില്ല. സർവേകൾ തുടരെ തുടരെ, ഉപകഥയ്‌ക്ക് ശേഷമുള്ള ഉപകഥകൾ തുടരെ, ഒരേ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആധുനിക വനിതകളുടെ ഇപ്പോഴത്തെ അസന്തുഷ്ടിയെക്കുറിച്ചുള്ള കഥകളും എന്തുകൊണ്ടെന്ന പര്യവേക്ഷണവും സർവേകളും കൊണ്ട് വനിതാ മാസികകൾ നിറഞ്ഞിരിക്കുകയാണ്. ടോപ്പ് സാന്റെ’ – ‘യുകെയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആരോഗ്യ-സൗന്ദര്യ മാസിക’ – 2001 വേനൽക്കാല സർവേയിൽ, ‘തൊഴിൽ ചെയ്യുന്ന സ്ത്രീകളിൽ കേവലം ഒമ്പത് ശതമാനം (പ്രീസ്‌കൂൾ കുട്ടികളുള്ള സ്ത്രീകളിൽ നാല് ശതമാനം) മാത്രമാണ് തങ്ങൾ സ്വന്തം താൽപര്യത്തോടെ മുഴുവൻ സമയം ജോലി ചെയ്യാൻ തിരഞ്ഞെടുക്കുന്നതെന്ന്’ വെളിപ്പെടുത്തിയത്.!!

വാസ്തവത്തിൽ, അവസരം ലഭിച്ചാൽ, ജോലി ചെയ്യുന്ന സ്ത്രീകളിൽ 78 ശതമാനവും അവർക്ക് കഴിയുമെങ്കിൽ നാളെ തന്നെ ജോലി ഉപേക്ഷിക്കുമെന്ന് അഭിപ്രായപ്പെടുന്നു.!!

തലവേദന, നിരന്തരമായ ക്ഷീണം, നടുവേദന, ഉത്കണ്ഠ, വിസ്മൃതി, ഉറക്കമില്ലായ്മ, ഇറിറ്റബിൾ ബവൽ സിൻഡ്രോം, മൈഗ്രെയ്ൻ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന തങ്ങളുടെ ജോലി തങ്ങളുടെ ആരോഗ്യത്തിന് അതിഗുരുതരമായ ഹാനികരമാണെന്ന് സമാനമായ ശതമാനം ഉദ്യോഗസ്ഥകളായ സ്ത്രീകൾ കരുതുന്നു. സ്ത്രീകളുടെ ഇന്നത്തെ ജീവിതരീതികൾ കുടുംബജീവിതത്തെ തകർച്ചയിലേക്ക് നയിക്കുന്നു എന്നും സർവേ കണ്ടെത്തി.
(Top Sante’, July 2001, ‘Bad day at work?’, pp. 96-7)

ഗവൺമെന്റ് റിസർച്ച് കൗൺസിൽ ധനസഹായത്തോടെ പോളിസി സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട്, 1100 സ്ത്രീകളിൽ നടത്തിയ ഒരു സർവേ കാണിക്കുന്നത് ”കഴിഞ്ഞ ദശകത്തിൽ ജോലിയും ഗാർഹിക ജീവിതവും സന്തുലിതമാക്കാനുള്ള പോരാട്ടം സ്ത്രീകളുടെ ആത്മസംതൃപ്തിയുടെ നിലവാരത്തെ കുത്തനെ ഇടിച്ചു താഴ്ത്തി” എന്നാണ്.
(Women with children ‘working longer hours than ever’, Financial Times, 19 September 2001)

പുരുഷന്മാരുടെയും സ്ത്രീകളുടെയും സന്തോഷവും സംതൃപ്തിയും സംബന്ധിച്ച ഏറ്റവും സമഗ്രമായ സർവേ അടുത്തിടെ പ്രസിദ്ധീകരിച്ചു. 1970-കളുടെ തുടക്കം മുതൽ 1990-കളുടെ അവസാനം വരെ ക്രമരഹിതമായി സാമ്പിൾ ചെയ്ത 100000 അമേരിക്കക്കാരുടെയും ബ്രിട്ടീഷുകാരുടെയും ആരോഗ്യവിവരങ്ങൾ സർവേ പരിശോധിച്ചു. യു‌.എസ്‌.എയിൽ ഈ കാലയളവിൽ മൊത്തത്തിൽ സന്തോഷത്തിന്റെ റിപ്പോർട്ട് കുറഞ്ഞതായി കണ്ടെത്തി, അതേസമയം ഗ്രേറ്റ് ബ്രിട്ടനിൽ ജീവിത സംതൃപ്തി സമാനമാണ്. എന്നാൽ ഏറ്റവും രസകരമെന്നു പറയട്ടെ, ഈ മൊത്തത്തിലുള്ള ഇടിവുണ്ടായിട്ടും, അമേരിക്കൻ പുരുഷന്മാർ കൂടുതൽ സന്തുഷ്ടരായിരിക്കുന്നു. ആ കാലഘട്ടത്തിൽ സ്ത്രീകളുടെ ക്ഷേമമാണ് കുത്തനെ ഇടിഞ്ഞത്. 1990-കളുടെ അവസാനത്തിൽ സ്ത്രീകൾ 1970-കളുടെ തുടക്കത്തേക്കാൾ 20 ശതമാനം സംതൃപ്തിയും സന്തോഷവും കുറഞ്ഞവരാണ് എന്ന് സർവേ സൂചിപ്പിക്കുന്നു, ബ്രിട്ടീഷ് ഡാറ്റയും സമാനമായ ഫലങ്ങളാണ് നൽകുന്നത്.

ബ്രിട്ടീഷുകാരും അമേരിക്കക്കാരുമായ ഗവേഷകരുടെ പ്രധാന നിഗമനം അസന്ദിഗ്ധമാണ്:

Reforms for gender equity across society have not been successful in either country in creating rising well being among women.

“സമൂഹത്തിലുടനീളമുള്ള ലിംഗസമത്വത്തിനായുള്ള പരിഷ്കാരങ്ങൾ സ്ത്രീകൾക്കിടയിൽ ഉയർന്നുവരുന്ന ക്ഷേമം സൃഷ്ടിക്കുന്നതിൽ ഇരു രാജ്യങ്ങളിലും വിജയിച്ചിട്ടില്ല.”
(Blanchflower, D.G and Oswald, A.J (2000), Well-being Over Time in Britain and the USA. NBER Working Paper Series, working Paper 7487, National Bureau of Economic research, Cambridge, MA. pp. 8, 12, 16)

അമേരിക്കൻ ഫെമിനിസത്തിന്റെ മാതാവ് ബെറ്റി ഫ്രീഡൻ പറയുന്നു:
1954, 1959 മുതൽ 1962 വരെ നടത്തിയതും 1970 കളിൽ ആവർത്തിക്കപ്പെട്ടതുമായ പഠനങ്ങൾ, 1950 കളിലും 1960 കളുടെ തുടക്കത്തിലും ഇരുപതുകളിലും മുപ്പതുകളിലും ഉള്ള സ്ത്രീകളേക്കാൾ മാനസിക പിരിമുറുക്കത്തിന്റെ ലക്ഷണങ്ങൾ അനുഭവിക്കുന്ന യുവതികളാണ് പിന്മുറക്കാരെന്ന് വെളിപ്പെടുത്തുന്നു. പുരുഷന്മാരേക്കാൾ സ്ത്രീകളിൽ “മാനസിക തകർച്ച” വളർന്നു പടരുന്നു. 35-നും 39-നും ഇടയിൽ പ്രായമുള്ളവരിലാണ് ഈ പ്രഭാവം ഉണ്ടായത്. ‘1970-കളിൽ ഏകദേശം മൂന്ന് സ്ത്രീകളിൽ എന്ന തോതിൽ സംഭവിച്ചു കഴിഞ്ഞതൊ വരാനിരിക്കുന്നതോ ആയ “മനസിക തകർച്ച” റിപ്പോർട്ട് ചെയ്യുന്നു. മുൻ ദശകത്തിൽ ആ പ്രായമുള്ള സ്ത്രീകളിൽ 23 ശതമാനം മാത്രമേ ഇത് ഉണ്ടായിരുന്നുള്ളൂ.
(Friedan, B. (1981,1982) The Second Stage. London: Michael Joseph.)

സ്ത്രീവിമോചനവും ആത്മ സാക്ഷാൽക്കാരവും പുരുഷവൽകരണത്തിലൂടെയാണെന്ന് ദുർവ്യാഖ്യാനിച്ചതിന്റെ പരിണിത ഫലങ്ങളും പരാജയ കണക്കുകളുമാണ് ഫെമിനിസ്റ്റ് പഠനങ്ങൾ തന്നെ നമുക്ക് പങ്കു വെക്കുന്നത്. ഇതേ പരാജയ പാത തിരഞ്ഞെടുക്കാനായി സമര ധ്വനികൾ മുഴക്കി പാശ്ചാത്യരുടെ പിന്നിലോടാൻ നിൽക്കുന്ന വ്യക്തിത്വരഹിതരായ അനുകരണകുതുകികൾ ചെരിഞ്ഞ ആനയുടെ കൊമ്പുകൾ പറിച്ച് സ്വന്തം മുഖത്ത് നടാൻ ശ്രമിക്കുന്ന കുഴിയാനകളാണ്.

print

No comments yet.

Leave a comment

Your email address will not be published.