ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -5

//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -5
//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -5
ആനുകാലികം

ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -5

ലിബറൽ സമൂഹത്തിലെ സാംസ്കാരിക അടിയൊഴുക്കുകൾ…

“ഞാനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹമുണ്ടോ ?”

എന്ന് എതിർ ലിംഗത്തിൽപ്പെട്ട ഒരാൾ വന്ന് നിങ്ങളോട് ചോദിച്ചാൽ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുക?!

ഏത് സാമൂഹിക പ്രതലത്തിൽ വളർന്നു വന്നവരായാലും, ആണും പെണ്ണും വ്യത്യസ്തമായാണ് ഈ ചോദ്യത്തോട് പ്രതികരിക്കുക എന്നതാണ് പാശ്ചാത്യ സമൂഹത്തിൽ തന്നെ നടത്തപ്പെട്ട പഠനങ്ങൾ തെളിയിക്കുന്നത്.

ഒരു പഠനത്തിൽ, ഭൂരിഭാഗം സ്ത്രീകളും തങ്ങൾ അപമാനിക്കപ്പെട്ടതായി അനുഭവപ്പെടുമെന്ന് പ്രതികരിച്ചു, 17 % പേർ മാത്രം മിഥ്യാഭിമാനം തോന്നുമെന്ന് പ്രതികരിച്ചു. അതേസമയം ഒരു സ്ത്രീ വന്ന്, ഈ ചോദ്യം ചോദിച്ചാൽ പുരുഷന്മാരിൽ ഭൂരിഭാഗത്തിനും മിഥ്യാഭിമാനം തോന്നുമെന്നായിരുന്നു പുരുഷന്മാരുടെ പ്രതികരണം. കേവലം 15% പേർക്ക് മാത്രമെ തങ്ങൾ അപമാനിക്കപ്പെട്ടതായി അനുഭവപ്പെടുമെന്ന് പ്രതികരിച്ചുള്ളു. പക്ഷെ അതിനേക്കാൾ രസകരമായ ഒരു വിവരം ഈ പഠനം പങ്കുവെക്കുന്നുണ്ട്: ഈ ചോദ്യം ചോദിക്കുന്ന പുരുഷൻമാരുടെ സാമൂഹിക സ്റ്റാറ്റസ് അനുസരിച്ച് സ്ത്രീകളിലെ അപമാന അനുഭവം വർദ്ധിക്കുമെന്ന് സ്ത്രീകൾ പ്രതികരിച്ചു. 7 പോയന്റ് സ്കെയിലിൽ, ഒരു കെട്ടിടനിർമാണ തൊഴിലാളിയാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ (4.04) എന്ന നിരക്കിലും, മാലിന്യം ശേഖരിക്കുന്നവനാണെങ്കിൽ (4.32) എന്ന നിരക്കിലും, ശുദ്ധീകരണ തൊഴിലാളിയാണെങ്കിൽ (4.19) എന്ന നിരക്കിലും, പെട്രോൾ പമ്പ് ജോലിക്കാരനാണെങ്കിൽ (4.13) എന്ന നിരക്കിലും അപമാനിതയായി തോന്നുമെന്ന് അവർ പ്രതികരിച്ചു. എന്നാൽ തങ്ങളോട് ഈ ചോദ്യം ചോദിക്കുന്നത് ഒരു മെഡിക്കൽ വിദ്യാർത്ഥിയൊ (2.65), ബിരുദ വിദ്യാർത്ഥിയൊ (2.80), ഒരു പ്രസിദ്ധനായ റോക് താരമൊ (2.71) ആണെങ്കിൽ താരതമ്യേന കുറവ് അപമാനമേ അനുഭവപ്പെടുകയുള്ളു എന്ന് സ്ത്രീകൾ പ്രതികരിച്ചു.

(Buss, D.M. (1999) Evolutionary Psychology: The New Science of the Mind. Boston, MA and London: Allyn & Bacon. p. 319)

ലിംഗസമത്വ ആശയങ്ങളും നയങ്ങളും കാർക്കശ്യത്തോടെ മുറുകെ പിടിക്കുന്ന സമൂഹങ്ങളിലാണ് ഈ പഠനങ്ങൾ നടത്തപ്പെടുന്നത് എന്ന് ഓർക്കണം.

1939 ൽ അമേരിക്കയിൽ നടത്തപ്പെട്ട ഒരു പഠനത്തിൽ, “തങ്ങളുടെ ഇണകളുടെ സാമ്പത്തിക പ്രബലതക്ക് പുരുഷന്മാരേക്കാൾ രണ്ട് ഇരട്ടി പ്രാധാന്യം സ്ത്രീകൾ നിഷ്‌കർഷിക്കുന്നതായി” കണ്ടെത്തി. 1956ലും 1967 ലും ആവർത്തിക്കപ്പെട്ട ഈ പഠനം സമാനമായ ഫലങ്ങൾ തന്നെയാണ് നൽകിയത്. അറുപതുകളിലും എഴുപതുകളിലും അമേരിക്കയിൽ നടന്ന ഫെമിനിസ്റ്റ് വിപ്ലവങ്ങൾക്കൊന്നും ഈ ലിംഗത്വപ്രകൃതിയിൽ യാതൊരു മാറ്റവും വരുത്താൽ സാധിച്ചില്ല എന്നർത്ഥം. 1980 കളിൽ മനശാസ്ത്രജ്ഞനായ ഡേവിഡ് ബസ്സ് ഈ പഠനം ആവർത്തിച്ചു. തങ്ങളുടെ ഇണകളുടെ സാമ്പത്തിക പ്രബലതയ്ക്ക് പുരുഷന്മാരേക്കാൾ സ്ത്രീകൾ നൽകുന്ന പ്രധാന്യം കുറച്ചു കൂടി അധികരിച്ചു (1.80/3 ൽ നിന്നും 1.90) എന്നാണ് പഠനങ്ങൾ തെളിയിച്ചത്.
(Buss, D.M. (1999) Evolutionary Psychology: The New Science of the Mind. Boston, MA and London: Allyn & Bacon. pp. 106- 7)

ഇണകളെ തേടിക്കൊണ്ട്, സ്ത്രീ പുരുഷന്മാർ പത്രങ്ങളിലും മാഗസിനുകളിലും നൽകിയ ‘Lonely Hearts’ പരസ്യങ്ങൾ അവലംബിച്ച് നടത്തിയ ഒരു പഠനത്തിൽ തങ്ങളുടെ ഇണകളുടെ സാമ്പത്തിക നേട്ടത്തിന് പുരുഷന്മാരേക്കാൾ സ്ത്രീകൾ 11 ഇരട്ടി പ്രാമുഖ്യം കൽപ്പിക്കുന്നതായി തെളിയിക്കുന്നു.
(Ibid: P. 108)

‘minimum percentiles’ കണക്കാക്കി കൊണ്ടുള്ള മറ്റൊരു ഗവേഷണ പഠനവും ഫലവും ഇപ്രകാരം സംഗ്രഹിക്കാം: ഒരു ഡെയ്റ്റ്നു ഒരുങ്ങുന്ന സ്ത്രീ തന്റെ ഇണ (പുരുഷൻ) 45 % പുരുഷന്മാരേക്കാൾ സാമ്പത്തിക ശേഷി ഉള്ളവനാവണമെന്ന് കാർക്കശ്യമുള്ളവരാണ്. വിവാഹത്തിനാണെങ്കിൽ തന്റെ വരൻ (പുരുഷൻ) 75 % പുരുഷന്മാരേക്കാൾ സാമ്പത്തിക ശേഷി ഉള്ളവനാവണമെന്ന് സ്ത്രീകൾ ആഗ്രഹിക്കുന്നു. പുരുഷന്മാരാകട്ടെ രണ്ടിലും താരതമ്യേന വളരെ സാമ്പത്തിക ശേഷി കുറഞ്ഞ സ്ത്രീകളുമായുള്ള ബന്ധത്തിനും തയ്യാറാണ്.

സ്ത്രീക്ക് സാമ്പത്തിക ശേഷി കുറവായത് കൊണ്ടാണൊ ഇണയിൽ അവർ സാമ്പത്തിക ശേഷി ആഗ്രഹിക്കുന്നത് ? എന്ന് തോന്നിയേക്കാം. എന്നാൽ ഈ തോന്നലും തെറ്റാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൂടുതൽ സമ്പത്തും ശമ്പളവുമുള്ള സ്ത്രീകൾ അതിനേക്കാൾ സമ്പത്തുള്ള (പുരുഷ) ഇണയെയാണ് ആഗ്രഹിക്കുന്നതത്രെ.

പ്രതിവർഷം 50,000 ഡോളർ മുതൽ 100000 ഡോളർ വരെ സമ്പാധിക്കുന്ന ഒരു പാശ്ചാത്യൻ സ്ത്രീ അതിനേക്കാൾ ഉയർന്ന സാമ്പത്തിക നിലവാരമുള്ള ഇണയെയാണ് പ്രതീക്ഷിക്കുന്നത്.
“പ്രൊഫഷണലും വിജയിയുമായ സ്ത്രീകൾ -സാമ്പത്തികമായി വിജയിക്കാത്ത സ്ത്രീകളേക്കാൾ എത്രയൊ മടങ്ങ് കൂടുതൽ- ഉയർന്ന വരുമാനമുള്ള പുരുഷന്മാരോട് കൂടുതൽ ശക്തമായ മുൻഗണന പ്രകടിപ്പിക്കുന്നു.”
(Buss, D.M. (1999) Evolutionary Psychology: The New Science of the Mind. Boston, MA and London: Allyn & Bacon. pp.124, 125)

ഡേവിഡ് ബസ്സും സഹപ്രവർത്തകരും നടത്തിയ ഒരു പഠനം തെളിയിക്കുന്നത് ഇതാണ്:

ആറ് ഭൂഖണ്ഡങ്ങളിലെയും അഞ്ച് ദ്വീപുകളിലെയും 37 സംസ്കാരങ്ങളെ ഉൾപ്പെടുത്തി ‘തീരവാസികളായ ഓസ്‌ട്രേലിയക്കാർ മുതൽ നാഗരിക ബ്രസീലുകാർ ഉൾപ്പെടെ, ഷാന്റിടൗൺ സൗത്ത് ആഫ്രിക്കൻ സുലസ്’ വരെയുള്ള ജനസംഖ്യയിൽ ഒരു ക്രോസ് കൾച്ചറൽ താരതമ്യ പഠനം നടത്തപ്പെട്ടു. ഏകഭാര്യത്വവും ബഹുഭാര്യത്വ സംസ്കാരവുമുള്ള ജനവൈവിധ്യത്തെ പഠനത്തിൽ ഉൾപ്പെടുത്തി. പഠനത്തിലെ കണ്ടെത്തൽ അവ്യക്തതക്ക് യാതൊരു വഴിയുമില്ലാത്ത വിധം സ്പഷ്ടമായിരുന്നു: “എല്ലാ ഭൂഖണ്ഡങ്ങളിലും, (സോഷ്യലിസവും കമ്മ്യൂണിസവും ഉൾപ്പെടെ) എല്ലാ രാഷ്ട്രീയ സംവിധാനങ്ങളിലും, എല്ലാ വംശീയ ഗ്രൂപ്പുകളിലും, എല്ലാ മത വിഭാഗങ്ങളിലും, (തീവ്രമായ ബഹുഭാര്യത്വം മുതൽ അനുമാനപരമായ ഏകഭാര്യത്വം വരെ) എല്ലാ ഇണചേരൽ സമ്പ്രദായങ്ങളിലും ഉൾപ്പെടുന്ന സ്ത്രീകൾ തങ്ങളുടെ ഇണകളുടെ പ്രബലമായ സാമ്പത്തിക ശേഷിക്ക് പുരുഷന്മാരേക്കാൾ കൂടുതൽ മൂല്യം കൽപ്പിക്കുന്നു. മൊത്തത്തിൽ, സാമ്പത്തിക സ്രോതസ്സുകൾക്ക് സ്ത്രീകൾ നൽകുന്ന പ്രാമുഖ്യം പുരുഷന്മാരേക്കാൾ 100 ശതമാനം കൂടുതലാണ്, അല്ലെങ്കിൽ പുരുഷന്മാരെക്കാൾ സ്ത്രീകൾ സാമ്പത്തിക ശേഷിക്ക് ഏകദേശം ഇരട്ടി വിലമതിക്കുന്നു.”

(Buss, 1999, pp. 108-9. A meta-analysis by Feingold (1994), looking at studies from 1965 to 1986, finds a similar result.)

ഒന്നുകൂടി സ്പഷ്ടമായ പഠന പ്രസ്‌താവനകൾ വേണമെങ്കിൽ ഈ പഠനത്തിന്റെ ഗവേഷണഭാഷ നമുക്ക് കടമെടുക്കാം:
“ഗൃഹസ്ഥജീവിതം സ്ത്രീകളേക്കാൾ കുറവെ പുരുഷന്മാർ ആസ്വദിക്കുന്നുള്ളു എന്നും തൊഴിലില്ലായ്മ സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് ആഘാതം ഏൽപ്പിക്കുന്നു” എന്നും പഠനം സൂചിപ്പിക്കുന്നു.
(Blanchflower, D.G and Oswald, A.J (2000), Well-being Over Time in Britain and the USA. NBER Working Paper Series, working Paper 7487, National Bureau of Economic research, Cambridge, MA. p. 13)

അഥവാ ലിംഗസമത്വം ശക്തമായി ആചരിക്കുന്ന സമൂഹങ്ങളിലെ സ്ത്രീകൾ പോലും ഇപ്പോഴും ആഗ്രഹിക്കുന്നത്, തങ്ങൾക്ക് സാമ്പത്തിക ആശ്രയവും അഭയവും നൽകുന്ന പരിപാലന ശേഷിയുള്ള പുരുഷന്മാരെയാണ്. പുരുഷന്മാരാകട്ടെ സ്ത്രീകളിൽ നിന്ന് സാമ്പത്തികമായ ആശ്രയവും സുരക്ഷിതത്വവും ആഗ്രഹിക്കുന്നില്ല, മറിച്ച് തന്നേക്കാൾ എത്രയൊ കുറഞ്ഞ സാമ്പത്തിക നിലവാരമുള്ള സ്ത്രീയേയും ഇണയായി സ്വീകരിക്കാൻ അവർ തയ്യാറാണ്.
സമ്പത്തിന്റെ സ്രോതസ്സ് തൊഴിലുകളാണല്ലോ. അപ്പോൾ മുകളിൽ സൂചിപ്പിച്ച കണക്കുകളെ ധനശാസ്ത്ര സാങ്കേതിക പദങ്ങൾ കടമെടുത്ത് വിവർത്തനം ചെയ്താൽ തൊഴിലെടുക്കുന്ന പുരുഷന്മാരെയാണ് സ്ത്രീ ഇപ്പോഴും ആഗ്രഹിക്കുന്നത് എന്ന് പറയാം. പുരുഷന്മാരാകട്ടെ അതല്ല ആഗ്രഹിക്കുന്നത്. എന്ത് കൊണ്ട് രണ്ട് കൂട്ടർക്കും അവരവരുടെ ഇഷ്ടങ്ങളെ പിന്തുടരാനുള്ള അവകാശം ആധുനിക ലോകത്ത് നിഷേധിക്കപ്പെടുന്നു?! തൊഴിൽ ചെയ്യാൻ ഇഷ്ടമില്ലാത്ത, വീട്ടമ്മയാവാനും ഗൃഹസ്ഥ ജീവിതം ആസ്വദിക്കാനും ആഗ്രഹിക്കുന്ന സ്ത്രീയുടെ ജീവിത തിരഞ്ഞെടുപ്പ് എന്ത് കൊണ്ട് പിന്തിരിപ്പനും സ്ത്രീ വിരുദ്ധവുമായി വിഭജിക്കപ്പെടുന്നു ?! ഭൂരിപക്ഷം വരുന്ന സ്ത്രീകളുടെയും പ്രകൃതി ഗൃഹസ്ഥ ജീവിതത്തെ ആഗ്രഹിക്കുന്നതാണ്, ഈ സ്ത്രീ പ്രകൃതിയെ അവമതിച്ചു കൊണ്ട് ന്യൂനപക്ഷം വരുന്ന തൊഴിൽ സ്നേഹികളായ സ്ത്രീകളെ സ്ത്രീത്വത്തിന്റെ മാതൃകകളും ശാക്തീകൃത രൂപവുമായി പ്രചരിപ്പിക്കുന്ന വിവേചനമാണ്
ഫെമിനിസം സ്ത്രീകളോട് ചെയ്ത ഏറ്റവും വലിയ പാതകം എന്നാണ് ഫെമിനിസ്റ്റ് വിരുദ്ധ എഴുത്തുകാരികളിൽ പ്രമുഖയായ കാരലിൻ ഗ്രാഗ്ലിയ വാദിക്കുന്നത്: മൂന്ന് വിഭാഗക്കാരായി സ്ത്രീകളെ വിഭജിക്കാം:

“ഒന്നാമതായി, വിവാഹം കഴിക്കുന്നതിൽ താൽപ്പര്യമില്ലാത്തവർ, അല്ലെങ്കിൽ അതിന് കഴിയാത്തവർ, തൊഴിൽ അല്ലെങ്കിൽ മതപരമായ ക്രമങ്ങൾക്കായി സ്വയം സമർപ്പിക്കുന്നവർ. രണ്ടാമതായി, വിവാഹിതരാകുകയും ചിലപ്പോൾ കുട്ടികളെ പ്രസവിക്കുകയും ചെയ്യുന്നവർ. എന്നാൽ പഴയ പ്രഭ്വികളെപ്പോലെയോ വിനോദ വ്യവസായത്തിലെ ഉന്നതരെപ്പോലെയോ… അവരുടെ കുടുംബത്തിന്റെ പരിപാലനവും മക്കളെ വളർത്തലും അതിന്റെതായ ജോലിക്കാരെ ഏൽപ്പിക്കുകയും സ്വയം, ജോലിയോ മറ്റ് താൽപ്പര്യങ്ങളോ പിന്തുടരുകയും ചെയ്യുന്നവർ. മൂന്നാമതായി, വിവാഹത്തെ തങ്ങളുടെ പ്രാഥമിക ജീവിതമായി തിരഞ്ഞെടുക്കുന്നവർ. ഭർത്താവിനും കുട്ടികൾക്കും വീട്ടുകാര്യത്തിനും വേണ്ടി സ്വയം സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ.

മുമ്പ്, ഈ മൂന്ന് തരം സ്ത്രീകൾക്കും തമ്മിൽ ഒരു അലിഖിത ഉടമ്പടി ഉണ്ടായിരുന്നു. അവർ ഓരോരുത്തരും തിരഞ്ഞെടുക്കുന്ന വഴിയെ ജീവിക്കുമെന്നും മറ്റു തരക്കാരെ അവരുടെ രീതിയിൽ ജീവിക്കാൻ അനുവദിക്കുമെന്നുമായിരുന്നു ആ ഉടമ്പടി. ഗ്രാഗ്ലിയ തുടരുന്നു:

1960-കളിൽ ബെറ്റി ഫ്രീഡൻ ഇത് പൂർണ്ണമായി തകർത്തു. സ്ത്രീകൾ, മറ്റ് സ്ത്രീകൾ എന്താണ് ചിന്തിക്കുന്നതെന്ന് വളരെയധികം പരിഗണിക്കുന്നവരാണ്. അതുകൊണ്ട് തന്നെ, ഫെമിനിസ്റ്റ് പ്രചണ്ഡ പ്രചാരത്തിന്റെ ഫലമായി തൊഴിലിന് അമിത പ്രാധാന്യം ഘോഷിക്കപ്പെടുകയും മൂന്നാമത്തെ വിഭാഗമായ സ്ത്രീകൾക്ക് അവരുടെ ആത്മവിശ്വാസം തകരുകയും ചെയ്തു. ആത്മാഭിമാനത്തിന്റെയും സന്തോഷത്തിന്റെയും സ്രോതസ്സ് തൊഴിലാണ് എന്ന ഫെമിനിസ്റ്റ് പ്രമേയത്തിൽ വഞ്ചിതരായ പല സ്ത്രീകളും തങ്ങളുടെ പ്രകൃതിപരമായ തൽപരതയെയും തൃണവൽഗണിച്ച് തൊഴിലന്വേഷിച്ചു. ഫലമൊ, കുടുംബവും ഗൃഹസ്ഥ ജീവിതവും വിറ്റ് ശൂന്യതാ ബോധവും അസന്തുഷ്ടതയും വാങ്ങുകയായിരുന്നു അവർ.

ഫെമിനിസം വീട്ടമ്മമാർക്കെതിരായി യുദ്ധം നയിച്ചു. സ്ത്രീകൾ തങ്ങളുടെ ജീവിത ദിശ (കുടുംബ ജീവിതമൊ തൊഴിൽ ജീവിതമൊ ? എന്ന് തിരഞ്ഞെടുക്കുന്നതിനെ ഫെമിനിസ്റ്റുകളും (ലിബറൽ) സമൂഹവും ആശയ തലത്തിൽ അംഗീകരിക്കുന്നുണ്ടാവാം. എന്നാൽ അത് യാഥാർത്ഥ്യത്തിലും പ്രാവർത്തിക തലത്തിലും പ്രതിഫലിപ്പിക്കുന്നില്ല. ‘പുരുഷ’ മേഖലകളിൽ, ബിസിനസ്സിൽ, കായിക രംഗത്ത്, രാഷ്ട്രീയത്തിൽ, ശാസ്ത്രത്തിൽ… എല്ലാം വിജയിക്കാനുള്ള സമ്മർദ്ദം സ്ത്രീകൾക്ക് മേൽ ചെലുത്തപ്പെടുകയാണ് ഉണ്ടാകുന്നത്; സ്ത്രീകൾ, ഉള്ളിന്റെ ഉള്ളിൽ ഗൃഹസ്ഥ – കുടുംബ ജീവിതം താൽപ്പര്യപ്പെടുന്നുണ്ടെങ്കിലും ഇല്ലെങ്കിലും…

ഭർത്താവിലും കുട്ടികളിലും വീട്ടിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ ജോലിസ്ഥലത്ത് വിജയം കൊയ്യാൻ അവരുടെ പ്രകൃതിയും സ്വഭാവവും അനുയോജ്യമാകുന്നില്ല എങ്കിൽ സമൂഹം അവരെ വിലമതിക്കുന്നില്ല എന്ന സന്ദേശവും ആദർശവുമാണ് (ലിബറലിസ്റ്റ്) സമൂഹവും ഫെമിനിസവും ഉൽബോധിപ്പിക്കുന്നത്.”

(Graglia, FC (1998) Domestic Tranquility: A Brief Against Feminism. Dallas, TX Spence Publishing. pp. 91,96,23,5)

ആത്മാഭിമാനത്തിന്റെയും സന്തോഷത്തിന്റെയും സ്രോതസ്സ് തൊഴിലാണ് എന്ന ഫെമിനിസ്റ്റ് പ്രമേയത്തിൽ വഞ്ചിതരായ പല സ്ത്രീകളും തങ്ങളുടെ പ്രകൃതിപരമായ തൽപരതയെയും തൃണവൽഗണിച്ച് തൊഴിലന്വേഷിച്ചു. വിവാഹവും, കുടുംബവും, ഗൃഹപരമായ അതികാംക്ഷകളും ത്യജിച്ചു. ഫലമോ ?! കുടുംബവും ഗൃഹസ്ഥ ജീവിതവും വിറ്റ് ശൂന്യതാ ബോധവും അസന്തുഷ്ടിയും വാങ്ങുകയായിരുന്നു അവരിൽ പലരും. കാരണം അവരിലെ ഓരോരുത്തരുടെയും ഉള്ളിലെ പെണ്ണ് മന്ത്രിക്കുന്നു…

“ഞാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എനിക്ക് വേണ്ടി മാത്രമല്ല, ഭൂമിയിൽ അങ്ങനെ സൃഷ്ടിക്കപ്പെട്ട ഒന്നും തന്നെയില്ല. മറ്റുള്ളവർക്കു വേണ്ടി കൂടിയാണ് എന്റെ ഉണ്മ. ആശ്രയിക്കാനും ആശ്രയിക്കപ്പെടാനും, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമാണ് ഞാൻ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത്… ബന്ധങ്ങൾ ശക്തിക്കായുള്ള ഗുസ്തി മത്സരങ്ങളാക്കി മാറ്റാൻ എനിക്ക് മനസ്സു വരുന്നില്ല… എല്ലാവർക്കും മുന്നേ ജയിക്കുന്നതിൽ മാത്രമല്ല, സ്നേഹിക്കുന്നവർക്ക് വേണ്ടി തോൽക്കുന്നതിലും ആനന്ദമുണ്ട് എന്ന് ഞാൻ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഞാൻ എന്തെങ്കിലും നേടുമ്പോൾ നേടുന്ന പ്രക്രിയയിൽ അല്ലെങ്കിൽ ഫലമായി എന്തെങ്കിലും എനിക്ക് നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. അതിനാൽ ഒരു അർത്ഥത്തിൽ, വിജയങ്ങൾ എന്നാൽ ഏതിൽ പരാജയപ്പെടണം എന്ന് തിരഞ്ഞെടുക്കലാണ്. ചിലതിൽ പരാജയങ്ങൾ വരിക്കുക എന്നാൽ മറ്റു ചിലതിൽ വിജയങ്ങൾ തിരഞ്ഞെടുക്കലാണ്. ഒരു സ്ത്രീയെന്ന നിലയിൽ എനിക്ക് പരമാനന്ദസുഖം സമ്മാനിക്കുന്ന വിജയം എന്റെ മാതാപിതാക്കളെയും, ഇണയെയും, മക്കളെയും, കുടുംബത്തെയും, സ്നേഹം കൊണ്ട് വിജയിക്കലാണ്…”

ഭൂരിഭാഗം സ്ത്രീകളുടെയും അന്തഃകരണത്തിന്റെ ഗാഢതയിൽ പ്രവഹിക്കുന്ന ചിന്താധാരയിതാണ്. ഈ വാദമുഖത്തെ സംവാദങ്ങളൊ ഗവേഷണ പഠനങ്ങളൊ കൂടാതെ ഫെമിനിസ്റ്റുകൾ രാഷ്ട്രീയ സ്വാധീനത്തിലൂടെയും ആശയാധിനിവേശത്തിലൂടെയും അടിച്ചമർത്തി. സ്ത്രീകൾക്കു മേലെ തങ്ങൾക്ക് ലഭിച്ച അപ്രതീക്ഷിതവും അപരിമിതവുമായ അധികാരം, അഞ്ചു വയസ്സുകാരന് രണ്ടു വയസ്സുകാരന്റെ മേൽ ഉത്തരവാദിത്തം നൽകപ്പെട്ടതുപോലെ അപക്വമായാണ് ഫെമിനിസ്റ്റുകൾ കൈകാര്യം ചെയ്തത്.

എന്നാൽ വീട്ടമ്മമാരുടെ അസങ്കീർണ്ണമായ, അതേ സമയം അർത്ഥവീര്യവുമായ വാദമുഖത്തിന് വസ്തുനിഷ്ടമായ ഖണ്ഡനങ്ങളൊന്നും ഒരു ബുദ്ധിജീവികൾക്കും തത്ത്വചിന്തകർക്കും ഇപ്പോഴും സമർപ്പിക്കാനില്ല.

സ്നേഹം എന്നത് വെറുമൊരു വികാരമോ, മാനസിക നിലയൊ, ആസ്വാദനത്തിന്റെ ഒരു ഉപാധിയോ മാത്രല്ല… സ്നേഹം ഒരു കടമയാണ്, ഉത്തരവാദിത്തമാണ്, കൊടുക്കാനും വാങ്ങാനുമുള്ള ഒരു തരം പ്രതിഫലമാണ്, മനുഷ്യബന്ധങ്ങളുടെ ക്രയവിക്രയ നാണയമാണ്, പരിശീലനത്തിലൂടെ വളർത്തിയെടുക്കാവുന്ന ഒരു കഴിവും ആവർത്തനത്തിലൂടെ പോഷിപ്പിക്കാവുന്ന ഒരു ശീലവുമാണ്. ഈ സത്യത്തെ സ്വത്വം കൊണ്ട് സാർത്ഥമാക്കിയ സവിശേഷ സൃഷ്ടിയാണ് ഒരു കുടുംബിനി. അവളിലെ ഈ ആസകലതയെയും സഹിഷ്ണുതയെയും അടച്ചു പൂട്ടുകയാണ് ഫെമിനിസവും ലിബറലിസവുമെല്ലാം ചെയ്യുന്നത്. ആകാശത്തോളം ബഹുലമായ പെണ്ണിന്റെ വിശാലമനസ്കതയെ അവർ ആരോളം സങ്കുചിതമാക്കി മാറ്റാൻ ശ്രമിക്കുകയാണ്.

ലിബറലിസം ഇന്റിവിജ്വലിസ്റ്റിക് സിദ്ധാന്തമാണ്. ഇന്റിവിജ്വലിസം എന്നാൽ വ്യക്തിയാണ്‌ സർവ്വപ്രധാനമെന്ന ഫിലോസഫിയാണ്. വ്യക്തിയുടെ സ്വാതന്ത്ര്യവും സ്വസ്ഥിയുമാണ് ഈ ആശയങ്ങളുടെയെല്ലാം കേന്ദ്ര ശ്രദ്ധ. സ്വാഭാവികമായും ഇത്തരം ആശയങ്ങൾ പലപ്പോഴും അതിന്റെ അനുഭാവികളെ തികഞ്ഞ സ്വാർത്ഥതയിലേക്ക് എത്തിക്കുന്നു. തന്റെ സുഖത്തിനും സമൃദ്ധിക്കും സ്വാതന്ത്ര്യത്തിനും തടസ്സമാവുന്ന എന്തും തിരസ്കരിക്കുന്ന നാർസിസിസ ഉൽപ്പാദന കേന്ദ്രങ്ങളായി ഓരോരുത്തരും പരിണമിക്കുന്നു. തങ്ങളുടെ ശക്തിയും അധികാരവും സ്വാതന്ത്ര്യവും രാജിയാക്കുന്ന എന്തിനോടുമുള്ള അസഹിഷ്ണുത ബന്ധങ്ങളും കുടുംബവും വിവാഹവുമെല്ലാം നിരസിക്കാൻ പ്രേരിപ്പിക്കുന്നു. ഏകാന്തതയെ സ്വാഭാവിക വൽകരിക്കുന്ന ആത്മാനുരാഗം! അവസാനം ഏതോ അഗണ്യകോണിൽ പുഴുവരിച്ച മൃതദേഹത്തിലേക്കുള്ള പരിണതിയിലേക്കല്ലെയൊ സ്നേഹബന്ധങ്ങളിൽ നിന്നും, ഉത്‌കർഷേച്ഛകളുടെ സ്വപ്ന ലോകത്തേക്കുള്ള ഈ ഒളിച്ചോട്ടം !

“മനോവികാരങ്ങൾ, സഹാനുഭൂതി, നമുക്ക് പ്രിയപ്പെട്ടവരായ ആളുകളോടൊപ്പമുള്ള സന്തോഷം എന്നിവ നാം അവഗണിക്കുന്നു. നാം നമ്മുടെ വികാരങ്ങളെ അവഗണിക്കുകയും അവരുമായുള്ള നമ്മളുടെ ബന്ധം വിച്ചേദിക്കപ്പെടുകയും, കാലക്രമേണ അവ സങ്കീർണ്ണമല്ലാതാവുകയും ചെയ്താൽ, കോപം, അത്യാഗ്രഹം, നീരസം എന്നിവയിലേക്ക് അത് പുനസ്ഥാപിക്കപ്പെടും. സഹാനുഭൂതിയെ നാം അവഗണിക്കുകയാണെങ്കിൽ, മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ള കഴിവ് നമുക്ക് പൂർണമായും നഷ്ടപ്പെടും. ആശ്രിതമായ ബന്ധങ്ങൾ നമ്മൾ അവഗണിക്കുകയാണെങ്കിൽ, നമുക്ക് സന്തോഷിക്കാനുള്ള കഴിവ് നഷ്‌ടപ്പെടും – ഒരുപക്ഷേ നാം നേരത്തെയുള്ള ക്ലേശകരമായ മരണം വരിക്കുക പോലും ചെയ്യും.

എഴുപത്തിനാലു വർഷമായി നടക്കുന്ന ഒരു ഹാർവാർഡ് പഠനം കണ്ടെത്തിയ വിവരമിതാണ്: സാമൂഹികമായ ഒറ്റപ്പെടൽ (ഏകാന്തത അനുഭവപ്പെടുന്നില്ലെങ്കിൽ പോലും) നേരത്തെയുള്ള മരണത്തിന് 50 മുതൽ 90 ശതമാനം വരെയാണ് ഉയർന്ന സാധ്യത. നേരത്തെയുള്ള ഈ മരണ സാധ്യത പുകവലിക്ക് തുല്യമാണ്; അമിതവണ്ണത്തെക്കാളും വ്യായാമക്കുറവിനെക്കാളും ഉയർന്നതുമാണ്. ജീവനോടെയിരിക്കാൻ തന്നെ നമ്മുടെ തലച്ചോറിന് ആശ്രിതമായ ബന്ധങ്ങൾ ആവശ്യമാണ്…

നാം ശക്തരും മനോഹരരും ആരാധിക്കപ്പെടുന്നവരുമായ നമ്മുടെ കാൽപനിക ലോകങ്ങൾ നാർസിസിസ്റ്റിക് (ആത്മപ്രേമ) സങ്കേതങ്ങളായി മാറുന്നു. അല്ലെങ്കിൽ ഒരു ഡിജിറ്റൽ ആർട്ടിസ്റ്റ് തന്റെ സ്‌ക്രീനിലെ ഓരോ പിക്‌സലും നിയന്ത്രിക്കുന്നതുപോലെ നമ്മുടെ പരിസ്ഥിതിയുടെ പൂർണ നിയന്ത്രണത്തിലുള്ള ലോകങ്ങളായിരിക്കാം നാം സ്വപ്നം കാണുന്നത്. പാതി അന്ധരായും, നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന കാര്യങ്ങളിൽ മാത്രം ശ്രദ്ധാലുവായും യഥാർത്ഥ ലോകത്തിലൂടെ സഞ്ചരിക്കുമ്പോൾ… നമ്മുടെ ഒടുക്കമില്ലാത്ത ആഗ്രഹങ്ങളുടെയും ആസക്തികളുടെയും കുടുസായ കിടങ്ങുകൾക്കായി നാം നമ്മുടെ ആഴമുള്ള യാഥാർത്ഥ്യത്തിന്റെ സമുദ്രങ്ങളെ വിൽക്കാൻ തയ്യാറാവുന്നു. അവസാനം, ഈ സ്വാർത്ഥ വീക്ഷണങ്ങൾ നമ്മെ ഭൂമിയിൽ നിന്ന് തന്നെ ഉന്മൂലനം ചെയ്തേക്കാം.”
(The Molecule of More: How a Single Chemical in Your Brain Drives Love, Sex, and Creativity and Will Determine the Fate of the Human Race: Daniel Z. Lieberman and Michael E. Long. pp. 201, 202)

ലോകത്തെ ഏറ്റവും ദീർഘമായ പഠനങ്ങളിലൊന്നാണ് മുകളിൽ നാം വായിച്ചത്. ഏകാന്തത അത് എത്ര സ്വഭാവികമായി അനുഭവപ്പെട്ടാലും ശരി അത് നമ്മെ കാർന്നു തിന്നുന്ന അർബുദമാണ്. സ്വാതന്ത്ര്യത്തിനും അധികാരത്തിനും വേണ്ടി അത്ര വിലകൊടുക്കാൻ നാം തയ്യാറാണൊ ?!

print

No comments yet.

Leave a comment

Your email address will not be published.