ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -6

//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -6
//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -6
ആനുകാലികം

ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -6

ലിവിംഗ് ടുഗെതറും ലീവിംഗ് ടുഗെതറും

തന്നെ ഇനി സ്നേഹിക്കുന്നില്ലെന്നും തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞതിന് കാമുകനെ കൊലപ്പെടുത്തിയതിന്, ഡച്ചസ് ഓഫ് യോർക്കിന്റെ മുൻ മോഡലായ ജെയ്ൻ ആൻഡ്രൂ, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.
(Daily Telegraph, 17 May 2001)

ജെയ്ൻ ആൻഡ്രൂവിന് 34 വയസ്സാണ്, കാമുകന് 36. വർഷങ്ങളോളം അവർ പരസ്പരം പ്രേമിച്ചു, ഒരുമിച്ച് ജീവിച്ചു. അവരുടെ ലിവിംഗ് ടുഗെതറിന് ഒടുവിൽ അവൻ പറയുന്നു… “എനിക്കിനി നിന്നെ വേണ്ട… എനിക്ക് നിന്നെ വിവാഹം ചെയ്യാൻ കഴിയില്ല…” !! തന്റെ യുവത്വത്തിന്റെ ജ്വലിക്കുന്ന ഭാഗം മുഴുവൻ അവനു വേണ്ടി അവൾ മാറ്റി വെച്ചു. യുവ സഹജമായ ഓജസ്സും തേജസ്സും വറ്റി വരണ്ടു തുടങ്ങിയപ്പോൾ അവന് അവളെ വേണ്ടാതെയായി. എല്ലാ കാലവും സ്നേഹിച്ചു കൊള്ളാം എന്ന് പരസ്പരം കരാറൊന്നുമില്ല. ഇപ്പോൾ അവളുടെ തിളക്കവും ലാവണ്യവും കെട്ടു, ആകാര ചാരുത ശരീരം വിട്ടു. അവനിപ്പോഴും യുവത്വം മെഴുകിയ മുഖവും ശരീരവുമാണ് ഉള്ളത്. പെണ്ണുങ്ങൾ അങ്ങനെയാണല്ലൊ! ആയുഷ്കാലത്തെ ആണുങ്ങളേക്കാൾ തീക്ഷ്ണമായി അനുഭവിക്കുന്നതിനാലാകാം വയസ്സ് കുറവാണെങ്കിലും അവർക്ക് പെട്ടെന്ന് പ്രായം കൂടുന്നു. ഇനി എന്താണ് ജെയ്ൻ ചെയ്യേണ്ടത് ?! ഡെയ്റ്റിംഗ് മത്സരത്തിലേക്കിറങ്ങി നല്ല ഒരു പുരുഷനെ ഇനി കണ്ടെത്തുക എന്നത് മിക്കവാറും അസാധ്യമാണെന്ന് അവൾക്ക് മാസങ്ങൾ കൊണ്ട് ബോധ്യമായിട്ടുണ്ടാവും. ഈ നിസ്സഹായതയുടെ അടികാണാത്ത ഗർത്തത്തിലേക്ക് തന്നെ തള്ളിയിട്ട കാമുകനെ അവൾ വധിച്ചു ! അവളുടെ പ്രതികാരത്തിന്റെ രൂപം തെറ്റാണെന്നതിൽ നമുക്ക് സംശയമൊന്നുമില്ലെങ്കിൽ കൂടിയും അവളുടെ ദയനീയതയിൽ കരളലിയാതിരിക്കാൻ തരമില്ല.

എന്റെ യൗവ്വനം ഞാൻ നിനക്കു പങ്കു വെക്കാം. മറ്റാരെയും തിരഞ്ഞെടുക്കാൻ കഴിയുന്ന എന്റെ നല്ല പ്രായം നിനക്ക് വേണ്ടി മാത്രം ഞാൻ കാത്തു വെക്കാം. നിന്റെ കുഞ്ഞിനെ ഞാൻ ഗർഭം ചുമക്കാം. അവനെ പാലൂട്ടി, പരിപാലിച്ച് ഞാൻ വളർത്താം. പകരം മരണം വേർപ്പെടുത്തുന്നതു വരെ നിന്റെ സ്വന്തമായി, നിന്റെ ഓമനയായി എന്നെന്നും എന്നെ നീ ഹൃദയത്തിൽ സൂക്ഷിക്കണം. ഇത്തരമൊരു സ്നേഹം പൊതിഞ്ഞ ധാർമ്മികവും നിയമപരവുമായ കരാറാണല്ലൊ വിവാഹം. അത് സ്ത്രീ പക്ഷമാണെന്ന് ചൂഷക പുരുഷ വൃന്ദത്തിന് നന്നായി അറിയാം. അതിനോടുള്ള അവജ്ഞ പാശ്ചാത്യൻ പുരുഷ പക്ഷമാണ്; വിവാഹത്തോടുള്ള വിമുഖത സ്ത്രീക്ക് ആത്യന്തികമായി നഷ്ടവും നിസ്സഹായതയുമല്ലാതെ നൽകുന്നില്ല എന്നത് ആയിരമായിരം പാശ്ചാത്യൻ സ്ത്രീകളുടെ ജീവിത കഥകൾ തെളിയിക്കുന്നു. ലിവിംഗ് ടുഗെതർ (Living together) ഭൂരിഭാഗവും ലീവിംഗ് ടുഗെതർ (Leaving together) ൽ അല്ല അവസാനിക്കാറ്. Leaving the other ഒരാൾ മറ്റെയാളെ ഉപേക്ഷിച്ച് പോവലാണ് പതിവ്.

എന്നാൽ യുവ സഹജമായ അപക്വതയിൽ പല വഞ്ചനാപരമായ ജീവിത ഫിലോസഫികളും കള്ള കിനാവുകളും അവളെ വിവാഹ നിരാസത്തിലേക്കോ അവിവാഹിത ബന്ധങ്ങളിലേക്കോ നയിക്കുന്നു.

റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ National Marriage Project ലേക്കായി യുവാക്കളുടെ കോർട്ട്‌ഷിപ്പ് പാറ്റേണുകളെക്കുറിച്ചുള്ള പഠനത്തിനായി നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സംയോജിത കഥയുണ്ട്.
(Whitehead, B.D. (1999) ‘The plight of the high-status woman: recent fiction, essays, and self-help books suggest that a harsh new mating system is emerging’, Atlantic Monthly, 284(6), 284-90)

ജീവിതത്തിൽ എല്ലാത്തിനേക്കാളും പ്രധാനപ്പെട്ടത് തങ്ങളുടെ തൊഴിലും ഔദ്യോഗിക ജീവിതവുമാണെന്ന വിശ്വാസവഞ്ചനയിൽ അകപ്പെടുന്ന ഒരു പാശ്ചാത്യൻ സ്ത്രീയുടെ കഥയാണത്:

******************************

അവൾ ഒരു പ്രൊഫഷണൽ ജീവിതം നയിക്കുന്ന മോഡേൺ സ്ത്രീയാണ്. അവളുടെ കരിയറാണ് അവളുടെ അസ്തിത്വമെന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു. അവനും ഒരു ഉദ്യോഗസ്ഥനാണ്. അവർ ഒരുമിച്ചു ജീവിക്കുന്നു. അല്ലെങ്കിൽ ഒരു പ്രേമ ബന്ധത്തിൽ ഏർപ്പെടുന്നു. പക്ഷെ തന്റെ ജോലിയെ മുഖ്യമായി കണക്കാക്കുന്ന അവളെ കാണാൻ പോലും അവൻ പ്രയാസപ്പെടുന്നു. അവൾ ഈ ചുരുങ്ങിയ സമയ റൊമാൻസിൽ സംതൃപ്തയാണ്. അവൾ ജോലി സ്ഥലത്ത് വിലമതിക്കപ്പെടുന്നു. കൂട്ടുകെട്ടും ആസ്വാദനങ്ങളും വിഘ്നങ്ങളൊന്നുമില്ലാതെ തുടരുന്നു. അവളെ ഇടക്കൊക്കെ സ്തുതിക്കാനും ശൃംഗരിക്കാനും ആണുങ്ങളുണ്ട്. നല്ല ആരോഗ്യവും സാഹസികവാജ്ഞയും അവൾ ഉടമപ്പെടുത്തുന്നു. സ്വാഭാവികമായും തനിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന അവന്റെ നിരന്തരമായ പരാതി അവളെ അലോസരപ്പെടുത്തുന്നു. ഞാൻ ആർക്കും വിധേയയോ ആശ്രിതയോ അല്ല എന്നവൾ ഉറച്ച് വിശ്വസിക്കുന്നു. തന്നെ കൂടുതൽ പരിഗണിക്കാൻ തയ്യാറല്ലെങ്കിൽ നമുക്ക് പിരിയാമെന്ന അവന്റെ ഭീഷണി അവൾക്ക് അസഹ്യമായി അനുഭവപ്പെടുന്നു.

രണ്ട് പേരും വേർപിരിയുന്നു. അവൾക്കിപ്പോൾ 30/32 വയസ്സായിരിക്കുന്നു. അവന് അതിലും അൽപ്പം പ്രായം കൂടുതൽ. പക്ഷെ പണ്ടത്തെ പോലെ അവൾക്ക് ഉദ്യോഗത്തിൽ ആവേശം നഷ്ടപ്പെട്ടിരിക്കുന്നു. മടിയും ഉത്സാഹക്കുറവും തുടങ്ങി. യുവ സഹജമായ ജീവസ്സും തുടിപ്പും കെട്ടു തുടങ്ങി. മുമ്പത്തെ പോലെ ആണുങ്ങളുടെ ആരാധക നിര കുറഞ്ഞിരിക്കുന്നു. സൗഹാർദ്ദ വലയങ്ങൾ ഭേദിക്കപ്പെട്ടു. ചിലർ വിവാഹിതരായി, ചിലർ ജോലി നിർത്തി, ചിലർ ട്രാൻസ്‌ഫറായി… അങ്ങനെ പലതും. ഡെയ്റ്റിംഗ് ആപ്പിലൂടെ പല വട്ടം വല വീശിയെങ്കിലും അവനോളം നല്ല മീനുകളൊന്നും കുടുങ്ങുന്നില്ല. വിശിഷ്യാ, ബന്ധത്തിൽ അവൾ പുലർത്തുന്ന നിബന്ധകൾ അംഗീകരിച്ച്, വല്ലപ്പോഴും തോണ്ടി നുണയാൻ കിട്ടുന്ന “റൊമാന്റിക് അച്ചാറ്” സ്വീകരിക്കാൻ മാന്യരായ ആണുങ്ങളില്ല. കുറച്ചു പ്രായം കൂടിയപ്പോൾ നിബന്ധനകളിൽ അവൾ അയവു വരുത്തി നോക്കി. പുരുഷനിൽ പ്രതീക്ഷിക്കുന്ന ഡിമാന്റുകൾ കുറച്ചു നോക്കി. ഒന്നും താൻ പ്രതീക്ഷിച്ച വഴിയെ നീങ്ങുന്നില്ല. ലോകം തന്റെ കിലുക്കു കട്ടയല്ലെന്ന ഖേദോന്മുഖമായ ജീവിത സത്യം അവൾ പഠിക്കുന്നു.

ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ മുറിയിൽ ഒരു തരം ശൂന്യത തളം കെട്ടി നിൽക്കുന്നു; ജീവിതത്തിലും. ഉറക്കം കെടുത്തുന്ന അലറുന്ന നിശബ്ദത. അതിനേക്കാൾ അസഹ്യമായിട്ടുള്ളത് ഈ ജീവിത ദശക്ക് എത്ര ദൈർഘ്യമുണ്ട് എന്നതിനെ കുറിച്ച സമ്പൂർണ്ണമായ അജ്ഞത സൃഷ്ടിക്കുന്ന അവശതയാണ്.

അവളുമായി പിരിഞ്ഞപ്പോൾ അവനും ഹൃദയഭേദിതനായിരുന്നു. പക്ഷെ തന്റെ ഊർജസ്വലതയും ആവേശവും കൂടുകയല്ലാതെ കുറയുകയല്ലെന്ന് തിരിച്ചറിഞ്ഞതോടെ അവൻ വീണ്ടും ഇണയെ തേടാൻ തുടങ്ങി. പ്രായം അവനെ ഇപ്പോഴും കീഴടക്കിയിട്ടില്ല എന്ന് അവന് ഉടനെ അനുഭവേദ്യമാവാൻ തുടങ്ങി. താൻ വെച്ചു പുലർത്തുന്ന മൂല്യങ്ങളോട് അനുഭാവം പുലർത്തുന്ന, മറ്റെന്തിനേക്കാളും തനിക്ക് പ്രാമുഖ്യം നൽകുന്ന ഒരു പെണ്ണിനെ അവൻ കണ്ടെത്തി. അവർ തമ്മിൽ വിവാഹിതരായി… കുട്ടികളായി… അപരിചിതവും അപൂർവ്വവുമായ നവാനുഭവങ്ങളുടെ നൈരന്തര്യം അവരുടെ ജീവിതത്തെ സംഭവ ബഹുലമാക്കി കൊണ്ടേയിരിക്കുന്നു…

******************************

കൗമാരത്തിലും ഇരുപതുകളിലും സ്ത്രീകൾക്ക് വികസിപ്പിച്ചെടുക്കാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവരുടെ കരിയർ ആണെന്നും അതിന് നേരിയ തടസ്സമെങ്കിലുമാവുന്ന സർവ്വ കാര്യങ്ങളെയും വേണ്ടെന്നു വെക്കുകയാണ് ചെയ്യേണ്ടതെന്നും നിരന്തരമായി ഒരു പാശ്ചാത്യൻ സ്ത്രീ ബോധിപ്പിക്കപ്പെടുകയാണ്. അതിനായി പരോക്ഷമായ ഒരു പാഠ്യപദ്ധതി അവരെ അതിവിദഗ്ദമായി പഠിപ്പിക്കപ്പെടുന്നു.

ഒരു അപകടം സംഭവിക്കുകയൊ രോഗം ബാധിക്കുകയൊ തുടങ്ങി എന്തെങ്കിലും കാരണത്താൽ തന്റെ തൊഴിൽ സ്വപ്നം പിന്തുടരാനൊ ജോലിയിൽ തുടരാനൊ കഴിയാതെ വന്നാൽ എന്താണ് പിന്നീട് ഒരു “കരിയർ ഗേളി”ന്റെ ജീവിതത്തിൽ അവശേഷിക്കുന്നത് ?!

ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾക്ക് ഒരു മുൻഗണനാ ക്രമമുണ്ട്. ജീവിതത്തിന്റെ ഗതിവിഗതികളെ അളന്ന് മുറിച്ച്, അതിന്റെ ഒടുക്കത്തെ രംഗം വരെ തിട്ടപ്പെടുത്തുന്ന നിർണായകമായ ചില തിരഞ്ഞെടുപ്പുകൾ. പ്രായത്തിന്റെ ചാപല്യത്തിലും അജ്ഞതയുടെ ആവേശത്തിലും വഞ്ചനയുടെ ചൂത് കളിക്കാതിരിക്കുക. ഭാവി ആസൂത്രണം ചെയ്യുമ്പോൾ അങ്ങനെയൊന്നും ആവണമെന്നില്ല ഭാവിയുടെ സാക്ഷാൽക്കാരം എന്ന ജീവിതയാഥാർത്ഥ്യം നിഷേധിക്കാതിരിക്കുക.

print

No comments yet.

Leave a comment

Your email address will not be published.