ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -9

//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -9
//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -9
ആനുകാലികം

ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -9

ലിബറൽ ചന്തയിലെ ആദായ വിൽപ്പന ?

മതവും സദാചാരവുമൊന്നും ലിബറലുകൾക്ക് ദഹിക്കില്ല. എങ്കിൽ അൽപ്പം പരിണാമ ശാസ്ത്ര പാൽപായസമെടുക്കട്ടെ ?! പരിണാമവാദ വീക്ഷണത്തിൽ പോലും സ്ത്രീ പുരുഷ ലിംഗത്വവുമായി ബന്ധപ്പെട്ട്, പാശ്ചാത്യ സംസ്കാരം അതിജീവന വിരുദ്ധതയുടെയും വൈരുധ്യാത്മകതയുടെയും സചിത്രമായ ആവിഷ്കാരമാണ്.

പരിണാമ മനഃശാസ്ത്രത്തിന്റെ സ്ഥാപകരിൽ ഒരാളായി അറിയപ്പെടുന്ന അമേരിക്കൻ നരവംശശാസ്ത്രജ്ഞനാണ് ഡൊണാൾഡ് സൈമൺസ്. സമകാലിക ലൈംഗിക ഗവേഷണത്തിൽ ഏറ്റവുമധികം ഉദ്ധരിക്കപ്പെടുന്ന ഗവേഷകരിൽ ഒരാളാണ് അദ്ദേഹം. ഡാർവിൻ ആവിഷ്‌കരിച്ച സെക്ഷ്വൽ സെലക്ഷൻ തിയറി, ഡൊണാൾഡ് സൈമൺസ് വിശദീകരിച്ചതിന്റെ ആകത്തുക ഇവിടെ ഉദ്ധരിക്കാം:

“പ്രാഥമികമായി സ്ത്രീപുരുഷ ലിംഗവ്യത്യാസങ്ങളുടെ കാരണമായി sexual selection ന്റെ (പ്രകൃതിയുടെ ലൈംഗിക തിരഞ്ഞെടുപ്പിന്റെ) പ്രവർത്തനത്തെ ഡാർവിൻ (1871) നിരീക്ഷിച്ചു. സെക്ഷ്വൽ സെലക്ഷനെയും, നാച്ചുറൽ സെലക്ഷനെയും അദ്ദേഹം വേർതിരിച്ചു. ഒരു ജീവവർഗത്തിലെ വ്യക്തികളുടെ “പരിസ്ഥിതി”യുമായി പൊരുത്തപ്പെടാനുള്ള വ്യത്യസ്ത കഴിവുകളെ നാച്ചുറൽ സെലക്ഷനെന്ന് അദ്ദേഹം വേർതിരിച്ചു. ഒരു ജീവവർഗത്തിലെ വ്യക്തികൾ ഇണകളെ നേടാനായി ആർജിക്കുന്ന വ്യത്യസ്ത കഴിവുകളെ സെക്ഷ്വൽ സെലക്ഷനെന്നും അദ്ദേഹം വേർതിരിച്ചു.

ഡാർവിൻ, സെക്ഷ്വൽ സെലക്ഷനെ രണ്ട് തരമായി വേർതിരിച്ചു. അതിൽ ഒന്ന് ഇന്റർസെക്ഷ്വൽ സെലക്ഷനാണ് (Intersexual selection): ഒരു ജീവവർഗത്തിലെ പെൺ ഇണകൾ തങ്ങളുടെ ആൺ ഇണകളെ തിരഞ്ഞെടുക്കുന്നതിനെ അടിസ്ഥാനമാക്കി ആണുങ്ങൾ ആർജിക്കുന്ന (സ്ത്രീകളെ ആകർഷിക്കാനുള്ള ശക്തി അല്ലെങ്കിൽ) സവിശേഷതകൾ.

ഇന്റർസെക്ഷ്വൽ സെലക്ഷന്റെ ഫലമായി പുരുഷന്മാരിൽ തിളങ്ങുന്ന നിറങ്ങളും അലങ്കാരങ്ങളും പരിണമിച്ചുണ്ടാവുന്നു. അഥവാ സ്ത്രീകളെ ആകർഷിക്കണമെങ്കിൽ വ്യതിരിക്തവും ആകർഷണീയവുമായ ഗുണവിശേഷണങ്ങൾ പുരുഷന്മാർ വികസിപ്പിച്ചെടുക്കേണ്ടതായി വരുന്നു…”
(The Evolution of Human Sexuality: Donald Symons)

മാനിന്റെ രൂപചാതുര്യമുള്ള കൊമ്പുകൾ, മയിലിന്റെ വർണ്ണശബളമായ പീലികൾ, പല പക്ഷികളിലും കണ്ടു വരുന്ന വൈവിധ്യമാർന്ന നിറങ്ങളിലുള്ള തൂവലുകൾ, പൂവൻ കോഴിയുടെ കോഴിപ്പൂവ്‌, വിഡോവ്ബേർഡിന്റെ നീണ്ട വാല്… ഈ രൂപലാവണ്യത്തിലും ചമയങ്ങളിലും വർണ പകിട്ടുകളിലുമുള്ള വൈവിധ്യം മിക്കവാറും ജീവവർഗത്തിലുമുള്ള ആൺവർഗ്ഗത്തിലാണ് നാം കാണുന്നത്, പെൺ വർഗത്തിലല്ല ഇത് കാണുന്നത്. സവിശേഷതകളുള്ള ഈ വൈവിധ്യങ്ങൾ സിദ്ധിക്കുന്ന ജീവശാസ്ത്ര പ്രക്രിയയാണ് ഇന്റർസെക്ഷ്വൽ സെലക്ഷൻ (Intersexual selection). എന്തുകൊണ്ടാണ് മനുഷ്യേതര ജീവജാലങ്ങളിൽ ആൺവർഗത്തിൽ ഇന്റർസെക്ഷ്വൽ സെലക്ഷൻ സംഭവിക്കുന്നത് ? എന്തു കൊണ്ട് അത് പെൺ വർഗത്തിൽ ഉടലെടുക്കുന്നില്ല ? കാരണം ആ ജീവവർഗത്തിലെല്ലാം പെൺ വർഗത്തിനാണ് ഡിമാന്റ് കൂടുതൽ. പെൺ വർഗത്തിന് വേണ്ടി ആൺവർഗമാണ് മത്സരിക്കുന്നത്. അപ്പോൾ പെണ്ണിനെ സ്വന്തമാക്കാൻ ആണിനാണ് നിറങ്ങളും ചമയങ്ങളും തിളക്കങ്ങളും വേണ്ടത്.

എന്നാൽ മനുഷ്യരിലെ പാശ്ചാത്യൻ സമൂഹത്തിൽ ഈ ക്രമം കീഴ്മേൽ മറിഞ്ഞിരിക്കുകയാണ്. അവിടെ ചമയങ്ങളും നിറങ്ങളും തിളക്കങ്ങളും കൊണ്ട് ഭൂഷിതയായി, നല്ല പുരുഷന്മാരെ വശീകരിക്കാൻ നടക്കുന്നത് സ്ത്രീകളാണ്. കാരണം, പാശ്ചാത്യ സമൂഹത്തിൽ ഇന്ന് പെണ്ണ് നല്ല ആണിനെ തേടുകയാണ്. കാരണം, പാശ്ചാത്യ സമൂഹത്തിൽ പെണ്ണിനേക്കാൾ ആണിനാണ് ഡിമാന്റ്.

പാശ്ചാത്യൻ ഇവല്യൂഷണറി ബയോളജിസ്റ്റും വിഖ്യാത നാസ്തികനുമായ റിച്ചാർഡ് ഡോക്കിൻസ് തന്നെ കാര്യങ്ങൾ പറയട്ടെ:

“നമ്മുടെ സ്വന്തം സമൂഹത്തിന്റെ ഒരു പ്രത്യേകത ലൈംഗികതയുടെ പരസ്യപ്പെടുത്തലും പ്രകടനവുമാണ്. നമ്മൾ കണ്ടതുപോലെ, ലിംഗഭേദം നിലനിൽക്കുന്നിടത്ത്, പുരുഷന്മാരാണ് ലൈംഗികത പരസ്യപ്പെടുത്തുന്നവർ. സ്ത്രീകൾ അനാകർഷകവുമായിരിക്കും, ഇത് പരിണാമപരമായ അടിസ്ഥാനത്തിൽ ശക്തമായി പ്രതീക്ഷിക്കാവുന്ന കാര്യമാണ്. ആധുനിക പാശ്ചാത്യ മനുഷ്യർ ഇക്കാര്യത്തിൽ ഒരു അപവാദമാണെന്നത് നിസ്സംശയമായ വസ്തുതയാണ്. ചില പുരുഷന്മാർ ആകർഷണീയമായി വസ്ത്രം ധരിക്കുകയും, ചില സ്ത്രീകൾ അനാകർഷണീയമായി വസ്ത്രം ധരിക്കുക്കുകയും ചെയ്യുന്നു എന്നത് തീർച്ചയായും ശരിയാണ്, എന്നാൽ ശരാശരി നമ്മുടെ സമൂഹത്തിൽ മയിലിന്റെ വാലിന് തുല്യമായ ആകർഷണ ഭാവം പ്രകടിപ്പിക്കുന്നത് പുരുഷന്മാരല്ല, സ്ത്രീകളാണ് എന്നതിൽ സംശയമില്ല. സ്ത്രീകൾ അവരുടെ മുഖം ചായം പൂശുകയും കൃത്രിമ കണ്പീലികൾ ഒട്ടിക്കുകയും ചെയ്യുന്നു. അഭിനേതാക്കളും സ്വവർഗാനുരാഗികളും ഒഴികെ പുരുഷന്മാർ അങ്ങനെ ചെയ്യാറില്ല. സ്ത്രീകൾ അവരുടെ സ്വന്തം രൂപഭാവത്തിൽ മിനുങ്ങാൻ താൽപ്പര്യപ്പെടുന്നവരാണ്, അവരുടെ മാസികകളും ജേണലുകളും അവരെ അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പുരുഷന്മാരുടെ മാഗസിനുകളിൽ പുരുഷ ലൈംഗിക ആകർഷണത്തെ കുറിച്ച വിശകലനങ്ങൾ കുറവാണ്. സ്വന്തം വസ്ത്രധാരണത്തിലും രൂപത്തിലും അസാധാരണമായ താൽപ്പര്യമുള്ള ഒരു പുരുഷൻ പുരുഷന്മാർക്കിടയിലും സ്ത്രീകളിലും ഒരുപോലെ സംശയം ജനിപ്പിക്കുന്നതാണ്. സംഭാഷണത്തിൽ ഒരു സ്ത്രീയെ വിവരിക്കുമ്പോൾ, അവളുടെ ലൈംഗിക ആകർഷണം അല്ലെങ്കിൽ അതിന്റെ അഭാവം പ്രധാനമായും പരാമർശിക്കപ്പെടാൻ സാധ്യതയുണ്ട്. സംഭാഷകർ പുരുഷനായാലും സ്ത്രീയായാലും ഇതിൽ ഒരു പോലെയാണ്. ഒരു സാധാരണ സംഭാഷണത്തിൽ ഒരു പുരുഷനെ വിവരിക്കുമ്പോൾ, ഉപയോഗിക്കുന്ന നാമവിശേഷണങ്ങൾ ലൈംഗികതയുമായി യാതൊരു ബന്ധവുമില്ലാതിരിക്കാനുള്ള സാധ്യത കൂടുതലാണ്.

ഈ വസ്‌തുതകൾ അഭിമുഖീകരിക്കുമ്പോൾ, ഒരു ജീവശാസ്‌ത്രജ്ഞൻ, പുരുഷന്മാർക്കുവേണ്ടി മത്സരിക്കുന്ന ഒരു സ്ത്രീ സമൂഹത്തെയാണ് താൻ നോക്കിക്കാണുന്നതെന്ന് സംശയിക്കാൻ നിർബന്ധിതനാകും. പക്ഷികളുടെ ലോകത്ത്, ആണുങ്ങൾക്കായി മത്സരിക്കേണ്ട ആവശ്യമില്ലാത്തതിനാൽ പെൺപക്ഷികൾ മങ്ങിയ നിറവും ഭാവവും ഉള്ളവയായി പരിണമിച്ചു എന്ന് നാം കണ്ടെത്തി. പക്ഷികളിലെ പെൺവർഗത്തിന് ആവശ്യക്കാരുണ്ട്, അവർക്കാണ് ഡിമാന്റ് കൂടുതൽ, സ്വാഭാവികമായും ഇണയെ തിരഞ്ഞെടുക്കാനുള്ള പ്രവണത വഹിക്കാമെന്നതിനാൽ ആൺവർഗമാണ് ശോഭയുള്ളവരും ആഡംബരാലങ്കാര ഭൂഷിതരുമായിരിക്കുന്നത്. പെൺപക്ഷികൾക്ക് ആവശ്യക്കാരേറെ ആവാനുള്ള കാരണം ബീജങ്ങളേക്കാൾ അണ്ഡം വളരെ അമൂല്യമായ വിഭവമാണ് എന്നതാണ്.

ആധുനിക പാശ്ചാത്യ മനുഷ്യനിൽ എന്താണ് സംഭവിച്ചത്? പുരുഷൻ യഥാർത്ഥത്തിൽ സ്ത്രീകളാൽ അന്വേഷിക്കപ്പെടുന്നവരായി മാറിയോ ?! ഡിമാൻഡ് ഉള്ളവർ അവരായി മാറുകയും, തിരഞ്ഞെടുക്കാനുള്ള കഴിവ് ഉടമപ്പെടുത്തുന്നവർ അവരായിക്കൊണ്ട് അവർ പരിണമിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ, എന്തുകൊണ്ട്?”
(The Selfish Gene, Dawkins (1976): pp. 177-78)

“പാശ്ചാത്യൻ രാജ്യങ്ങളിലെ ലൈംഗിക വ്യത്യാസങ്ങൾ” എന്ന തലക്കെട്ടിൽ ഡൊനാൾഡ് സിമൻസും ഇതേ അഭിപ്രായം (The Evolution of Human Sexuality എന്ന വിശ്രുത ഗ്രന്ഥത്തിൽ) രേഖപ്പെടുത്തുന്നുണ്ട് പുറമെ മറ്റു ജീവവർഗങ്ങളിൽ ആൺവർഗത്തിൽ ശക്തമായ ഇന്റർസെക്ഷ്വൽ സെലക്ഷൻ, പാശ്ചാത്യരിൽ വനിതകളിൽ ശക്തിയാർജിക്കാൻ കാരണമെന്താണ് എന്ന് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. മുഖ്യ കാരണങ്ങളിൽ ഒന്നായി അദ്ദേഹം പഠന വിധേയമാക്കിയത്, പാശ്ചാത്യൻ സ്ത്രീകളിൽ രക്ഷാകർതൃ നിക്ഷേപം (Parental Investment) കുറഞ്ഞുവരുന്നു എന്നതാണ്.

സന്തതികൾക്കായി തങ്ങളുടെ സമയവും ഊർജവും അപകടസാധ്യത വഹിക്കാനുള്ള സന്നദ്ധതയും നൽകാൻ തയ്യാറാവുന്നതിനെയാണ് “രക്ഷാകർതൃ നിക്ഷേപം” എന്ന് വിളിക്കപ്പെടുന്നത്. ഒരു ജീവവർഗത്തിലെ ഏത് ലിംഗക്കാരിലാണൊ “രക്ഷാകർതൃ നിക്ഷേപം” അധികമുള്ളത് അവർക്കായിരിക്കും മൂല്യം ഉയർന്നു നിൽക്കുക. എതിർ ലിംഗക്കാർ “രക്ഷാകർതൃ നിക്ഷേപം” അധികമുള്ള ലിംഗ വർഗത്തിന് വേണ്ടി മത്സരിക്കും. അവരെ ആകർഷിക്കാനായി ചന്തവും ചമയവും വികസിപ്പിക്കും. മനുഷ്യവർഗത്തിൽ കാലാകാലങ്ങളായി “രക്ഷാകർതൃ നിക്ഷേപം” അധികം സമർപ്പിച്ചിരുന്നത് സ്ത്രീകളായിരുന്നു. അപ്പോൾ പുരുഷന്മാർ സ്ത്രീകൾക്കായി മത്സരിക്കുകയായിരുന്നു. പാശ്ചാത്യൻ വനിതകൾ “രക്ഷാകർതൃ നിക്ഷേപം” കൈയൊഴിയാൻ തുടങ്ങിയപ്പോൾ അവരുടെ ലിംഗത്വ മൂല്യം ഇടിഞ്ഞു. അവർ അനുയോജ്യരായ പുരുഷന്മാരെ തേടി അലയുകയാണിന്ന്. ചന്തവും ചമയവും നിറവും തിളക്കവും പ്രകടിപ്പിച്ച്, സ്വന്തം ലൈംഗികത്വത്തെ പൊലിപ്പിച്ചു കാട്ടി പുരുഷ ശ്രദ്ധക്കും തിരഞ്ഞെടുപ്പിനുമായി കൊതിച്ചു കാത്തിരിക്കുന്ന ദാരുണമായ പരിണിതി !

അവളെ എന്തിന് അവൻ ആഗ്രഹിക്കണം ? അവളിൽ നിന്ന് എന്താണ് അവന് കിട്ടാനുള്ളത് ? എന്താണ് അവളുടെ ഡിമാന്റിന് ആധാരം?! സന്താനങ്ങളോ കുടുംബമൊ കിട്ടുമെന്ന പ്രതീക്ഷ വേണ്ട. അവളിൽ നിന്നും സാമ്പത്തിക സഹായമോ സുരക്ഷയോ അവന് ആവശ്യമില്ല; അവളാണ് അവയ്ക്ക് അവനേക്കാൾ ആവശ്യക്കാരി. ഗാർഹിക സേവനങ്ങളോ സഹായങ്ങളോ ആഗ്രഹിക്കുന്നത് അവളെ അടിമവൽകരിക്കലാണ് ! അപ്പോൾ പിന്നെ ശേഷിക്കുന്നത് സൗന്ദര്യമാണ്. അവളുടെ ആകെയുള്ള മൂല്യം. അതാകട്ടെ അവളേക്കാളുള്ള മറ്റൊരുവളിൽ കിട്ടിയാലും മതിയല്ലൊ അവന്. അപ്പോൾ മത്സരിക്കുക. ചായവും ചമയങ്ങളും തേച്ചും വെച്ചു പിടിപ്പിച്ചും, ചർമ്മത്തിനുള്ളിൽ കുത്തി നിറച്ചും, ശരീരം വെട്ടി മുറിച്ച് പലതും പുറത്തു കളഞ്ഞും, ആകർഷക ഘടകങ്ങളെല്ലാം പ്രദർശിപ്പിച്ചും സ്വന്തം മൂല്യമുയർത്താൻ പാടുപെടുകയാണ് അവൾ. ആൺപക്ഷിയുടെ ശ്രദ്ധ ക്ഷണിച്ച് അൽപ്പമെങ്കിലും ആത്മാഭിമാനവും ബാന്ധവവും ലഭിക്കാൻ പാശ്ചാത്യൻ പെൺപക്ഷി നെട്ടോട്ടമോടുകയാണ്.

***************************

വിഷയവുമായി ബന്ധപ്പെട്ട രസകരമായ ഒരു സെക്ഷ്വൽ സെലക്ഷൻ വീക്ഷണം കൂടി ഇവിടെ ചേർക്കട്ടെ.

ഇന്റർസെക്ഷ്വൽ സെലക്ഷൻ വഴി ആൺ മയിൽ സ്വീകരിക്കുന്ന മയിൽപീലിക്ക് ഇണയെ ആകർഷിക്കാനുള്ള കഴിവ് മാത്രമല്ല ഉള്ളത്. അത് വേട്ടക്കാരെയും ഇരപിടിയന്മാരെയും ആകർഷിക്കും. ഇത് മയിലിന്റെ അതിജീവനത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യമായിട്ടും പരിണാമ ദശയിലെല്ലാം നിലനിന്നത്, ഇല്ലാതാവാതിരുന്നത് എന്തു കൊണ്ട് എന്ന് പരിണാമ സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന ശാസ്ത്രജ്ഞരെ കുഴക്കിയ ഒരു ചോദ്യമാണ്. ഇണയെ സ്വന്തമാക്കാനും സന്താനോത്പാദനത്തിനുമുള്ള വഴി എന്നതിന് പ്രാമുഖ്യം നൽകി കൊണ്ട് അത് തുടർന്നതാവാം എന്ന് അവർ അനുമാനിക്കുന്നു. കൂടാതെ ഈ പീലി ശ്രദ്ധിച്ചും സൂക്ഷിച്ചും പരിപാലിച്ചും അതിലൂടെ ആകർഷിക്കപ്പെടുന്ന വേട്ടക്കാരിൽ നിന്നും ഇരപിടിയന്മാരിൽ നിന്നും രക്ഷപ്പെടാനുള്ള കഴിവിൽ നിന്നുമെല്ലാം തെളിയുന്നത് ആൺ മയിലിന്റെ ശക്തിയും ഊർജവും ആരോഗ്യവുമാണ് എന്നും ജൈവശാസ്ത്ര വിശാരദനായ റൊണാർഡ് ഫിഷൻ, 1915 ൽ പ്രസിദ്ധീകരിച്ച ‘മോഡേൺ സെക്ഷ്വൽ തിയറി ‘യിലൂടെ വാദിച്ചു.
(Fisher.R.A (1915) The evolution of sexual preference, Eugenics Review, 7, 184-92. p. 55)

ഇനി നാം പറയാനുദ്ദേശിക്കുന്ന പോയന്റിലേക്ക് വരാം.

1. ഇന്റർസെക്ഷ്വൽ സെലക്ഷൻ വഴി ആൺ മയിൽ സ്വീകരിക്കുന്ന മയിൽപീലി ഇണകൾക്ക് പുറമെ വേട്ടക്കാരെയും ഇരപിടിയന്മാരെയും ആകർഷിക്കും.
(Cronin, H (1991) The Ant and the peacock: Altruism and sexual Selection from Darwin to Today. Cambridge: Cambridge University Press.p.113)

(Ridley, M (1993) The Red Queen: Sex and the Evolution of Human Nature, London: Penguin Books .p.130)

2. പീലിയുടെ സംരക്ഷണത്തിനുള്ള കഴിവിൽ നിന്നും അതിലൂടെ ആകർഷിക്കപ്പെടുന്ന വേട്ടക്കാരിൽ നിന്നും ഇരപിടിയന്മാരിൽ നിന്നും രക്ഷപ്പെടാനുള്ള കഴിവിൽ നിന്നും തെളിയുന്നത് ആൺ മയിലിന്റെ ശക്തിയും ഊർജവും ആരോഗ്യവുമാണ്.

പരിണാമവാദ സിദ്ധാന്തമനുസരിച്ച്, പാശ്ചാത്യൻ സ്ത്രീകളിൽ സംഭവിച്ച സെക്ഷ്വൽ സെലക്ഷനിൽ പലതരം വിരോധാഭാസത്തെയും സമ്മേളിപ്പിക്കുന്നു.

1. ആണിനു പകരം പെണ്ണാണ് ആകർഷണീയമായ അലങ്കാരങ്ങൾ കൊണ്ട് ഭൂഷിതയാവുന്നത്, ആണിനെ തേടുന്നത് പെണ്ണാണ് എന്നതാണ് ഒന്നാമത്തെ വൈരുധ്യം.

2. ഈ പെണ്ണിനാകട്ടെ അവളുടെ അലങ്കാരങ്ങൾ കൊണ്ട് ആകർഷിക്കപ്പെടുന്ന – സ്വന്തം സ്പീഷീസിലെ തന്നെ- “വേട്ടക്കാരിൽ” നിന്നും “ഇരപിടിയന്മാരിൽ” നിന്നും രക്ഷപ്പെടാനുള്ള കഴിവ് – ആൺ വർഗമല്ലാത്തതു കൊണ്ട് തന്നെ – ഇല്ലാത്ത അപകടകരമായ അവസ്ഥ. !!!

print

No comments yet.

Leave a comment

Your email address will not be published.