ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -10

//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -10
//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -10
ആനുകാലികം

ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -10

എല്ലാ പെണ്ണുങ്ങളും അമ്മമാരാണ്; ചിലർ യാഥാർത്ഥ്യത്തിൽ, ചിലർ സ്വപ്നത്തിൽ…

മാതൃത്വത്തെ സംബന്ധിച്ച രണ്ട് വർണനകൾ വായനക്കാർക്കായി ഞാൻ ഇവിടെ ഉദ്ധരിക്കാം. ഈ രണ്ട് വർണനകളിൽ ഒന്ന്, വിവാഹത്തെയും, ഗർഭധാരണത്തെയും, കുടുംബ വ്യവസ്ഥയെയും -സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ഭേദിച്ച് – വിമർശിച്ചിരുന്ന ഒരു ഫെമിനിസ്റ്റിന്റെ വർണനയാണ്. ഗാർഹിക ജീവിത ശൈലിയെയും പരമ്പരാഗത മൂല്യങ്ങളെയും തന്റെ തൂലികയിലൂടെ പ്രകാശിപ്പിച്ച, രണ്ട് മക്കളുടെ മാതാവും കുടുംബിനിയുമായ ഒരു മുസ്‌ലിം എഴുത്തുകാരിയുടേതാണ്, മാതൃത്വത്തെ കുറിച്ചുള്ള രണ്ടാമത്തെ വർണന. മാതൃത്വത്തെ സംബന്ധിച്ച ഈ രണ്ട് വർണനകളിൽ ഏത്, ആരുടേത് എന്ന് വേർതിരിക്കാൻ വായനക്കാർക്ക് സാധിക്കുന്നുണ്ടോ എന്ന് നോക്കുക:

വർണന: 1

“മാതൃത്വത്തിന്റെ ആനന്ദം… അഭിമാനത്തിന്റെ അവസ്ഥ, ഗാംഭീര്യം, പ്രസന്നത, സംതൃപ്തി….
ആറാം മാസം അല്ലെങ്കിൽ, ഏഴാം മാസം… ആദ്യത്തെ സ്ട്രോബെറി, ആദ്യത്തെ റോസാപ്പൂവ്, ഗർഭകാലത്തെ ഒരു നീണ്ട ഉല്ലാസ അവധി എന്നതിനേക്കാൾ കുറഞ്ഞ ഒന്നും വിളിക്കാനില്ല. പ്രസവവേദനയെ കുറിച്ച് ഇപ്പോൾ മറന്നുപോയിരിക്കുന്നു. പകരം ജീവിതത്തിലെ ഏറ്റവും നീണ്ട, അതുല്യമായ അവധിക്കാലം മാത്രമാണ് ഓർമ്മയിൽ. കുട്ടിക്കാലത്തെപ്പോലെ വിചിത്രമായ സമയങ്ങളിൽ ഉറക്കം എന്നെ കീഴടക്കുന്നു…

നിലത്തും പുല്ലിലും ചൂടുള്ള ഭൂമിയിലും ഉറങ്ങേണ്ടതിന്റെ ആവശ്യകത ഒരു കുട്ടിയെ പോലെ എനിക്ക് വീണ്ടും അനുഭവപ്പെടുന്നു. അത് എന്റെയൊരു അടക്കാനാകാത്ത ആഗ്രഹവും അതി സംതൃപ്തകരമായ അനുഭവവുമായിരുന്നു. ഗർഭകാല അവസാന മാസങ്ങളിൽ, മുട്ട മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന എലിയെപ്പോലെയായിരുന്നു ഞാൻ. എന്തും ഒപ്പിച്ച് രക്ഷപ്പെടാനുള്ള സർവ്വ സ്വാതന്ത്ര്യവും എനിക്ക് ലോകം നൽകി. സ്വയം പരിമിതികളെ നിശ്ചയിക്കുന്ന പക്വതയുടെ ഒരു വശം ഇപ്പോഴും ഉള്ളതിനാൽ, എനിക്ക് എന്നെ തന്നെ ഒരു അസൗകര്യമായി തോന്നി. കുട്ടികളെ പോലെ ഉറങ്ങാൻ പോകാനും എനിക്ക് മടിയായി… എന്റെ ഭാരവും വാശിയും കൂടുന്നതിനനുസരിച്ച്, എന്റെ അവധി അപ്പോഴും തുടർന്നു. പ്രത്യേക പദവികളുടെയും ശ്രദ്ധയുടെയും ഒരു കവചത്തിൽ ഞാൻ വഹിക്കപ്പെട്ടു…

പിന്നെ യുവതിയായ ഓരോ മാതാവിലും വിസ്മയിപ്പിക്കുന്ന ജിജ്ഞാസ കൊണ്ടുവരുന്ന പ്രസവം ! തന്നിൽത്തന്നെ രൂപപ്പെടുകയും തന്നിൽ നിന്ന് പുറപ്പെടുകയും ചെയ്യുന്ന ഒരു ജീവിയെ വീക്ഷിക്കുന്നതും അതിനെ തന്റെ ഉള്ളിൽ നിലനിർത്തുകയും ചെയ്യുന്നത് വിചിത്രവും അത്ഭുതകരവുമായ ഒരു അനുഭവം തന്നെയാണ്.

കുഞ്ഞ് അതിന്റെ എല്ലാ പ്രകൃതിയിലും പൊതിഞ്ഞാണ് അവതരിക്കുക… കുഞ്ഞിന്റെ മാംസത്തിന് ഒരു മൃദുത്വമുണ്ട്, ഊഷ്മളമായ ഇലാസ്തികതയുണ്ട്, ഓരോ പെണ്ണും ഒരു കൊച്ചു പെൺകുട്ടിയായിരുന്നപ്പോൾ അമ്മയുടെ മാംസത്തിലും പിന്നീട് എല്ലായിടത്തും കൊതിയോടെ അനുഭവിച്ച വിശേഷണങ്ങൾ തങ്ങളുടെ സ്വന്തം കുഞ്ഞിൽ പുനരവതരിപ്പിക്കപ്പെടുന്നു. കുഞ്ഞ് സസ്യവും മൃഗവുമാണ്, അതിന്റെ കണ്ണിൽ മഴയും നദികളുമുണ്ട്. കടലിന്റെയും ആകാശത്തിന്റെയും ആകാശനീല കണ്ണുകളിൽ ചാർത്തിയിട്ടുണ്ട്; അതിന്റെ നഖങ്ങൾ പവിഴമാണ്, രോമം പട്ടുപോലെ വളരുന്നു. അതൊരു ജീവനുള്ള പാവയാണ്, ഒരു പക്ഷിയാണ്, ഒരു പൂച്ചക്കുട്ടിയാണ്… എന്റെ പൂവ്, എന്റെ മുത്ത്, എന്റെ കോഴിക്കുഞ്ഞ്… എന്റെ കുഞ്ഞാട്…

അമ്മ ഏതാണ്ട് ഒരു കാമുകന്റെ മന്ത്രങ്ങൾ കുഞ്ഞിനോട് മൂളുന്നു. ഒരു കാമുകനെപ്പോലെ അവൾ തന്റെ കുഞ്ഞിനോട് ഉടമസ്ഥതാ ഭാവം തീക്ഷ്ണമായി പുലർത്തുന്നു… ഉടമസ്ഥതാ ബോധത്തിൽ നിന്ന് വികരണം ചെയ്യുന്ന പ്രകടനങ്ങൾ അവൾ തന്റെ കുഞ്ഞിൽ പ്രയോഗിക്കുന്നു: പരിചരണം, ചുംബനങ്ങൾ, മാറിലേക്ക് ചേർത്തുള്ള ആലിംഗനങ്ങൾ, അവൾ അവനെ (കുഞ്ഞിനെ) അവളുടെ കൈകളിലും കിടക്കയിലും കിടത്തി ചൂടു പകരുന്നു.

പ്രണയത്തിലായ ഒരു സ്ത്രീയെ പോലെ, തന്നെ മക്കൾക്ക് ആവശ്യമാണെന്ന് തോന്നുന്നതിലൂടെ അമ്മ അതിയായി സന്തോഷിക്കുന്നു. അവളുടെ അസ്തിത്വം അവൾ മക്കൾക്ക് പ്രദാനം ചെയ്യുന്ന ആവശ്യങ്ങളാൽ ന്യായീകരിക്കപ്പെടുകയും അർത്ഥവത്താവുകയും ചെയ്യുന്നു.

സഹായങ്ങളുടെയും സാഹസികതകളുടെയും സഹാനുഭൂതിയുടെയും പര്യായമായ മാതൃത്വം ഒരു അമ്മ പ്രകടിപ്പിക്കുന്നത് സ്വയം പുരുഷനായി മാറിയൊ, ഒരു വീരനായോ, ദേവതയായൊ സ്വന്തത്തെ പരിവർത്തിപ്പിച്ചു കൊണ്ടല്ല. മറിച്ച് ദുർബലവും ആശ്രിതവുമായ ശരീരത്തിൽ നഷ്ടപ്പെട്ട ഒരു ചെറിയ, പരുങ്ങുന്ന ആത്മാവായി കൊണ്ട് തന്നെയാണ്.

ഒരു കുഞ്ഞിനെ വളർത്തുക എന്നത് എല്ലാറ്റിനേക്കാളും സൂക്ഷ്മവും ഗൗരവമേറിയതുമായ പ്രയത്നമാണ്: ഒരു മനുഷ്യനെ വാർത്തെടുക്കലാണ് അത്. പല സ്ത്രീകളും അവരുടെ പിന്നീടുള്ള ഗർഭാവസ്ഥയിൽ ഒരു അത്ഭുതകരമായ സമാധാനം കണ്ടെത്തുന്നു: അവർക്ക് സ്വന്തം അസ്തിത്വം ന്യായീകരിക്കപ്പെട്ടതായി ബോധ്യപ്പെടുന്നു. അവർക്കിനി മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കേണ്ടതില്ല; അവരുടെ മൂല്യവൽക്കരിക്കപ്പെട്ട ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ വർത്തമാന നിമിഷത്തിന് അർത്ഥം നൽകുന്നു. അവർ സ്വയം ജീവിക്കാൻ അനുവദിച്ചാൽ മതി, ബാക്കിയെല്ലാം സാർത്ഥം. അവളുടെ ഉദരത്തിലെ ഒരു കുട്ടി അവൾക്ക് ആത്മസാക്ഷാൽകാരത്തിന്റെ ഒരു സമൃദ്ധവും സമ്പൂർണവുമായ ബോധം നൽകുന്നു…
ഭാര്യക്ക് സ്വയം രാജ്ഞിയാണെന്ന് തോന്നുന്നു… പ്രസവത്തിലൂടെ, സ്ത്രീ അവളുടെ ശാരീരിക ദൗത്യവും വിധിയും നിറവേറ്റുന്നു; അത് അവളുടെ പ്രകൃതിയുടെ “വിളി” ആണ്… സ്ത്രീത്വത്തിന്റെ തേട്ടമാണ്. ജീവിവർഗ അസ്തിത്വത്തിന്റെ ശാശ്വത വൽകരണമാണ്. പ്രസവത്തിലൂടെ അവൾ അമർത്യതയെ ദർശിക്കുന്നു… അനശ്വരതയെ സ്പർശിക്കുന്നു…”

വർണന: 2

“ഞാനൊന്ന് നെടുവീർപ്പിട്ടു. കുഞ്ഞിന്റെ കരച്ചിൽ ഞാൻ ആസ്വദിക്കുകയായിരുന്നു. ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ സംഗീതമായി തോന്നി. നോവുകളെയും വേദനകളെയും അനായാസം മായ്ച്ചു കളയാൻ ശേഷിയുള്ള സംഗീതം.

…അപ്പോഴേക്കും ഒരു മാലാഖ എന്റെ കുഞ്ഞിനെയുമായി വന്നു. ഞാനുമൊരു ഉമ്മയായിരിക്കുന്നു! എനിക്കെന്നോട് തന്നെ അഭിമാനം തോന്നിയ നിമിഷം! ഞാൻ എന്റെ കുഞ്ഞിനെ സ്നേഹത്തോടെ നോക്കി.ആ കുഞ്ഞിക്കവിളിൽ ആർദ്രമായൊന്നു ചുംബിച്ചു. അവന്റെ അധരങ്ങങ്ങൾ എന്റെ കവിളിലേക്ക് ചേർത്തു വെച്ച് അവന്റെ ആദ്യചുംബനം എന്റെ കവിളിൽ പതിയുമ്പോൾ എന്നുള്ളിലെ മാതൃത്വം ആനന്ദലഹരിയിലായി. അതുവരെ അനുഭവിച്ചു കൊണ്ടിരുന്ന വേദനകളെല്ലാം ഞാൻ ഒരു നിമിഷം മറന്നു പോയി.
…ഭയാനകമായി തോന്നിയിരുന്ന ഇടം പതിയെ സ്വർഗ്ഗമായി മാറുന്ന പോലെ! സന്തോഷം മനസ്സിൽ അലതല്ലാൻ തുടങ്ങി…

കുഞ്ഞിനെ വാങ്ങി മാറോടണച്ച് പാലൂട്ടുമ്പോൾ വേദനകളും പരിഭ്രമങ്ങളുമെല്ലാം ആ മാതൃത്വ സ്നേഹത്തിന് മുന്നിൽ ആദരവോടെ തല കുനിച്ചു…ഞാനിപ്പോൾ സ്വർഗീയ ലോകത്ത് ആനന്ദിക്കുകയാണ്!

പുറത്ത് മഴ ചാറുന്നുണ്ട്. ഞാനെന്റെ ജാലക പടിയിലെ കസേരയിൽ ചാരി ഇരുന്ന് ഫോണിൽ പേരുകൾ തിരയുകയാണ്. ആൺകുട്ടിക്കും പെൺകുട്ടിക്കുമുള്ള പേരുകൾ പരതി. അവയുടെ അർത്ഥവും ഉച്ചാരണവും നോക്കി. ഞാൻ ഓരോ പേരുകളും മന്ത്രിച്ചു. ആൺക്കുട്ടിക്കും പെൺകുട്ടിക്കുമുള്ള പേരുകൾ കുറിച്ചു വെച്ചു. പേരുകളിൽ ഒന്നും എനിക്ക് സംതൃപ്തി തോന്നുന്നില്ല. ഞാൻ വീണ്ടും ആ സ്ക്രീനിൽ വിരലോടിച്ചു കൊണ്ടിരുന്നു. എന്റെ കുഞ്ഞുവാവ വയറ്റിൽ കിടന്നൊന്നു പുളഞ്ഞു. നനുത്ത കാറ്റിനൊപ്പം മഴയുടെ നേരിയ കണങ്ങൾ എന്റെ കവിളിൽ ചുംബിച്ചു. ഞാനെന്റെ വയറ്റിൽ തടവി കൊണ്ട് മഴയിലേക്ക് നോക്കി. എന്റെ ചിന്തകൾ എന്റെ മുറിവിട്ട് ജാലക വിടവിലൂടെ മുറ്റത്തേക്കും മഴയിലേക്കും സഞ്ചരിച്ചു. മഴയിലൂടെ ഓടി നടക്കുന്ന കുട്ടിക്കുറുമ്പന്റെ പിന്നിൽ സ്നേഹ ശാസനകളോടെ ഞാൻ തോർത്തുമായി ഓടുന്നു. കുട്ടിക്കുറുമ്പനോ, കുട്ടിക്കുറുമ്പിയോ ? ആരുമാവട്ടെ, ഞാനെന്റെ ഉമ്മയോളം പോന്ന ചിന്തകളുമായി ഓടുകയാണ്. വയറ്റിൽ ഒരു ജീവൻ തുടിക്കാൻ തുടങ്ങിയത് മുതൽ കാണുന്ന ഓരോ കാഴ്ചയിലും ഞാനെന്റെ കുഞ്ഞിനെ കാണാറുണ്ട്. ഓരോ കുഞ്ഞിലും ഞാനെന്റെ കുഞ്ഞിനെ തിരയാറുണ്ട്. ഓരോ മാതൃവാത്സല്യത്തിലും ഞാൻ പ്രതിഫലിക്കുന്നതായി തോന്നാറുണ്ട്. കുട്ടിത്തം മാറിയിട്ടില്ലെന്നും പൊട്ടി പെണ്ണാണെന്നും മുദ്രകുത്തപ്പെട്ട എന്നിൽ എത്ര പെട്ടെന്നാണ് ഒരു മാതൃ ഹൃദയം പടർന്നു പന്തലിച്ചത്…

…എന്റെ മാറിടത്തിൽ നിന്നും പതിയെ അവനെ വേർപ്പെടുത്തി തൊട്ടിലിലേക്കിടുമ്പോളും എന്റെ മിഴികൾ നിറയുന്നുണ്ടായിരുന്നു. എന്റെ ഹൃദയത്തിന്റെ പ്രകമ്പനം അവന്റെ നിദ്രയെ അലോസരപ്പെടുത്തുമോ എന്ന് ഞാൻ ഭയപ്പെട്ടു. പതിയെ അവനെ തൊട്ടിലിലേക്കിട്ട് അവന്റെ അധരങ്ങളിൽ അമർത്തി ചുംബിച്ചപ്പോൾ അമ്മിഞ്ഞപ്പാലിന്റെ ചൂര് ഞാൻ ആസ്വദിച്ചു. എന്റെ വാത്സല്യത്തിന്റെ ചൂടേറ്റ് അവൻ ഒന്ന് ചിണുങ്ങി. ഞാൻ വളരെ ശ്രദ്ധയോടെ അവനെ ആട്ടി ഉറക്കി. അവൻ വീണ്ടും നിദ്രയിലാണ്ടു. ഞാൻ കുറച്ചു സമയം അവനെ തന്നെ നോക്കി നിന്നു. അവന്റെ മുഖത്ത് മിന്നി മറിയുന്ന ഭാവങ്ങൾ ഞാൻ ആസ്വദിച്ചു. എത്ര പെട്ടെന്നാണ് അവൻ വളർന്നത്. രണ്ട് വർഷങ്ങൾ ശരവേഗത്തിലാണ് കഴിഞ്ഞു പോയത്…”

മാതൃത്വത്തെ സംബന്ധിച്ച മനോഹരമായ ഈ രണ്ട് വർണനകളിൽ വിവാഹ-കുടുംബ ജീവിത വിരോധിയായ ഫെമിനിസ്റ്റിന്റെ വർണനയേത് ? മാതാവും കുടുംബിനിയുമായ മുസ്‌ലിം എഴുത്തുകാരിയുടെ വർണനയേത് ? എന്ന് വേർതിരിക്കൽ ശ്രമകരമായി വായനക്കാർക്ക് അനുഭവപ്പെട്ടേക്കാം.

ഒന്നാമത്തെ വർണന ഫെമിനിസത്തിന്റെ മാതാവായ സിമോൻ ഡി ബ്യോവയറിന്റെതാണ് !!
(De Beauvoir, S. 1949, 1993, The Second sex. London: Everyman’s Library: pp.473, 476, 509, 523, 521, 522, 451, 442, 473, 527, 528)

രണ്ടാമത്തേത് എന്റെ ഒരു വിദ്യാർത്ഥിനിയായ, അറബിക് കോളേജ് വിദ്യാർത്ഥിനിയായ ആസിയ ഹംദയുടെ “കടലാഴങ്ങൾ” എന്ന കഥാ സമാഹാരത്തിൽ നിന്നാണ് !!

ഒരു മാതാവിന്റെ അനുഭവേദ്യ ഭാവത്തോടെ… കൊതിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്ന അക്ഷരാലങ്കാരത്തോടെ സിമൊൻ ഡെ ബ്യോവയർ മാതൃത്വത്തെ വർണിക്കാൻ അവരെ പ്രചോദിപ്പിച്ചത് എന്താണ് ?! മാതൃത്വത്തോടുള്ള നിർഘടമായ കൊതിയും അനിയന്ത്രിതമായ അഭിനിവേശവും അല്ലാതെ മറ്റെന്താണ് ?!

ഒരു ശാസ്ത്ര പരീക്ഷണം സ്ത്രീയിലെ മാതൃത്വത്തെ നമുക്ക് ഇപ്രകാരം അളന്നു, കുറിച്ചു തരുന്നു…

“സ്ത്രീകൾക്കു മുന്നിൽ കുഞ്ഞുങ്ങളുടെ ചിത്രങ്ങളടങ്ങിയ സ്ലൈഡുകൾ പ്രദർശിപ്പിച്ചപ്പോൾ, ‘അവരുടെ കണ്ണുകളിലെ കൃഷ്‌ണമണി 17 ശതമാനത്തിലധികം വികസിച്ചു’. ഇത് ഒരു കാര്യത്തോടുള്ള ഉൽകഢമായ കൗതുകത്തെ വസ്തുനിഷ്ടമായി തെളിയിക്കുന്ന ജൈവശാസ്ത്ര തെളിവാണ്. മറുവശത്ത്, പുരുഷന്മാരുടെ കൃഷ്‌ണമണി ഒട്ടും വികസിച്ചില്ല. കുഞ്ഞുങ്ങളെ പിടിച്ചിരിക്കുന്ന അമ്മമാരുടെ ചിത്രങ്ങളടങ്ങിയ സ്ലൈഡുകൾ സ്ത്രീകളിലെ കൃഷ്ണമണിയെ 24 ശതമാനത്തിലേക്ക് നയിച്ചു. അതേസമയം പുരുഷന്മാർക്ക് 5 ശതമാനം മാത്രമേ വികസിക്കുന്നുള്ളൂ – ആ വർദ്ധനവ് പോലും കുഞ്ഞിനോട് എന്നതിനേക്കാളും അമ്മയോടുള്ള പുരുഷന്റെ ആകർഷണത്താലായിരുന്നു എന്ന് മാത്രം! ജനിച്ച് ആറ് മണിക്കൂറിനുള്ളിൽ തന്റെ നവജാത ശിശുക്കളെ ഗന്ധത്തിലൂടെ തിരിച്ചറിയാൻ സ്ത്രീകൾക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ പിതാവിന് ഇത് കഴിയില്ല. കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ഒരു സ്‌ക്രീനിൽ ഹ്രസ്വമായി പ്രദർശിപ്പിക്കപ്പെട്ടാൽ പോലും, അവരുടെ ‘ആശ്ചര്യം, വെറുപ്പ്, ദേഷ്യം, ഭയം, വിഷമം’ തുടങ്ങിയ മുഖഭാവങ്ങൾ സ്ത്രീകൾക്ക് കണ്ടെത്താനും വ്യാഖ്യാനിക്കാനും കഴിയുന്നു; പുരുഷന്മാർക്കാകട്ടെ വളരെ കുറഞ്ഞ വേഗതയിലും കുറഞ്ഞ കൃത്യതയിലും മാത്രമെ ഇത് ചെയ്യാൻ കഴിയുന്നുള്ളു. ഇവിടെ ശ്രദ്ധേയമായ കാര്യമിതാണ്, കുട്ടികളുടെ വൈകാരിക അവസ്ഥയെ കുറിച്ച സ്ത്രീകളുടെ പ്രവചനങ്ങളിലെ കൃത്യതക്ക് കുട്ടികളുമായി അവരുടെ ഇടപഴകലിന്റെയൊ പരിചയത്തിന്റെയൊ അളവുമായി യാതൊരു ബന്ധവുമില്ല.
രക്ഷാകർതൃത്വത്തിൽ സ്ത്രീകൾക്ക് ലിംഗത്വ പ്രാമുഖ്യമുണ്ട് എന്ന് മാത്രമല്ല, ‘അത്തരം രക്ഷാകർതൃത്വത്തെ കൂടുതൽ ഫലപ്രദമാക്കുന്ന’ ചില (ലിംഗത്വപരമായ) ശരീരശാസ്‌ത്ര ഘടനകൾ കൂടി ഉണ്ട്.”
(Buss, D.M. (1999) Evolutionary Psychology: The New Science of the Mind. Boston, MA and London: Allyn & Bacon. p. 213, 214)

സ്ത്രീയുടെ സ്വത്വ സാക്ഷാൽക്കാരത്തിന്റെ അവിഭജനീയ ഘടകവും, അസ്തിത്വത്തിന്റെ പ്രകൃതിപരമായ തേട്ടവുമാണ് മാതൃത്വം എന്നാണ് ഇത് തെളിയിക്കുന്നത്. പിന്നെ എന്തിനാണ് ആത്മ സാക്ഷാൽക്കാരത്തിന്റെ ഈ അടിസ്ഥാന ഘടകം ഫെമിനിസ്റ്റുകൾ ആയ സ്ത്രീകൾ നിഷേധിക്കുന്നത് ?!

എല്ലാ പെണ്ണുങ്ങളും അമ്മമാരാണ്; ചിലർ യാഥാർത്ഥ്യത്തിൽ… ഫെമിനിസ്റ്റുകൾ സ്വപ്നത്തിലും…

print

1 Comment

  • جزاك اللهُ خيراً‎

    arshad 06.11.2023

Leave a comment

Your email address will not be published.