നൂറുദ്ദീൻ സെൻകിയുടെ മിമ്പറിന് പറയാനുള്ളത്.…

//നൂറുദ്ദീൻ സെൻകിയുടെ മിമ്പറിന് പറയാനുള്ളത്.…
//നൂറുദ്ദീൻ സെൻകിയുടെ മിമ്പറിന് പറയാനുള്ളത്.…
ആനുകാലികം

നൂറുദ്ദീൻ സെൻകിയുടെ മിമ്പറിന് പറയാനുള്ളത്.…

നൂറുദ്ദീൻ സെൻകിയുടെ മിമ്പറിന് ലോകത്തോട് വിളിച്ചുപറയാനുള്ള ആത്മവിശ്വാസത്തിന്റെ ചരിതം നാം കേൾക്കണം; പാഠങ്ങൾ പഠിക്കണം. മസ്ജിദുൽ അഖ്‌സയിലെ ഖിബ്‌ലിപള്ളിക്കകത്ത് തലയുയർത്തി നിൽക്കുന്നത് സെന്‍കിയുടെ മിമ്പറല്ല; അതിന്റെ തനിപ്പകർപ്പാണ്. 2007ൽ ജോർദാൻ സർക്കാർ നിർമ്മിച്ച തനിപ്പകർപ്പ്.

ഖുദ്‌സിൽ പോയവർ കണ്ടിരിക്കും. നമസ്കാരങ്ങൾക്ക് ഇമാം നിൽക്കുന്ന മിഹ്റാബിന് തൊട്ടടുത്തുള്ള മിമ്പർ. 1969 ൽ ഇസ്രായേൽ ഭീകരനായ മിക്കായേൽ രോഹൻ പള്ളിക്ക് തീ വെച്ചപ്പോൾ യഥാർത്ഥ മിമ്പർ കത്തിപ്പോയതിനാലാണ് ഈ തനിപ്പകർപ്പുണ്ടാക്കിയത്.
ഒറിജിനലിന്റെ അവശിഷ്ടങ്ങൾ ജറുസലേമിലെ ഇസ്ലാമിക് മ്യൂസിയത്തിലുണ്ട്. ശാം ഭരണാധികാരിയായിരുന്ന നൂറുദ്ദീൻ സെൻകി മിമ്പർ നിർമ്മിക്കുന്നത് 1168 ലാണ്; കൊടും ഭീകരന്മാരായ കുരിശുയോദ്ധാക്കളാണന്ന് ജറുസലേം ഭരിക്കുന്നത്. മസ്ജിദുൽ അഖ്‌സയിൽ ഖുത്ബ പറയാനാണ് മിമ്പറുണ്ടാക്കിയത്. അന്ന് ജറുസലേമിലെവിടെയും മസ്ജിദുകളില്ല; എല്ലാം കുരിശുയോദ്ധാക്കൾ തകർത്തിരുന്നു.

ഖലീഫ ഉമർ നിർമ്മിച്ച മസ്ജിദുണ്ടായിരുന്നിടത്തുള്ളത് കുരിശുയോദ്ധാക്കളുടെ കൂട്ടായ്‌മയായ നൈറ്റ്സ് ടെംപ്ലറിന്റെ (Knights Templar)അന്താരാഷ്ട്രകേന്ദ്രം; ഖിബ്‌ലി പള്ളിയുടെ വരാന്തയിൽ അവരുടെ കുതിരാലയം; നൂറ്റാണ്ടുകളായി അല്ലാഹുവിനെ മാത്രം ആരാധിച്ചിരുന്നിടം പന്നികളുടെ വളർത്തുകേന്ദ്രം; പന്നിമൂത്രത്തിന്റെയും പന്നിക്കാഷ്ഠത്തിന്റെയും രൂക്ഷഗന്ധം നിറഞ്ഞുനിന്ന അന്തരീക്ഷം; ബിലാലിന്റെ ബാങ്കൊലികൾ മുഴങ്ങിയ അവിടെയപ്പോൾ പന്നികളുടെ രതിസീൽക്കാരങ്ങളാണ്. എല്ലാം ചെയ്യിക്കുന്നത് അന്നത്തെ സാമ്രാജ്യങ്ങളായ ഇറ്റലിയും ജർമ്മനിയും ഫ്രാൻസും. മതവെറിയന്മാരായ ചോരക്കൊതിയന്മാരുടെ ബൂട്ട്സിന് കീഴിൽ ഞെരിഞ്ഞമരുന്ന ഖുദ്‌സ്. ഖുദ്‌സിലെ ഇല്ലാത്ത പള്ളിയിൽ ഖുത്ബ നിർവ്വഹിക്കുവാൻ മിമ്പറുണ്ടാക്കുന്ന നൂറുദ്ദീൻ സെൻകിയെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന പലസ്തീനീപൈതങ്ങളുടെ മാതാപിതാക്കൾക്കിന്ന് സൗകര്യങ്ങളുടെ സുഖശീതളിമയിലിരുന്ന് ‘ബുദ്ധി’ ഉപദേശിച്ചുകൊടുക്കുന്നവർക്ക് ‘തലക്ക് വെളിവില്ലാത്തവൻ’ എന്ന് വിളിക്കാം; കപ്പലുണ്ടാക്കുമ്പോൾ നൂഹ്‌നബിയെയും വിളിച്ചത് അങ്ങനെയാണല്ലോ; എന്നാൽ ചരിത്രം വിളിച്ചത് ‘ധീരനും ദീർഘദൃഷ്ടിയുള്ളവനും ബുദ്ധിമാനുമായ നായകൻ’ എന്നാണ്. പതിനേഴ് ലക്ഷത്തോളം മനുഷ്യരെ കൊന്നുതള്ളിയ കുരിശുയുദ്ധങ്ങൾക്ക് നേതൃത്വം നൽകിയവരുടെ അധികാരകേന്ദ്രങ്ങൾക്കെതിരെ മുഖാമുഖം നിൽക്കാനാകണമെങ്കിൽ അത്യപാരമായ ധൈര്യം വേണം. ക്രൂരതക്ക് പേരുകേട്ടവർ അഖ്‌സയിലുണ്ടാക്കിയ സിംഹാസനത്തിന്റെ സ്ഥാനത്ത് മാനവികതയുടെ ഖുത്ബകൾ മുഴങ്ങുന്ന മിമ്പർ സ്ഥാപിക്കാനാകുമെന്ന് സ്വപ്നം കാണാൻ കഴിയണമെങ്കിൽ കൂർമ്മമായ ദീർഘദൃഷ്ടി വേണം. മുസ്ലിംകളുടെയും ജൂതരുടെയും ചോരയിൽ നീന്തിയാണ് ഞങ്ങൾ ജറൂസലേം പിടിച്ചടക്കിയതെന്ന് വീമ്പു പറഞ്ഞ കുരിശുപടയാളികളിൽ നിന്ന് അഖ്‌സയെ മോചിപ്പിക്കാൻ കഴിയുമെന്ന സ്വപ്നം ഒരു മിമ്പർ നിർമ്മാണം വഴി
അനുയായികളിലേക്ക് പകരാനാകണമെങ്കിൽ അപാരമായ ബുദ്ധിയുണ്ടാകണം.

ആയിരക്കണക്കിന് ജൂതന്മാരെ സിനഗോഗുകളിൽ പൂട്ടിയിട്ട് കത്തിച്ച് അഗ്നിസ്ഫുലിംഗങ്ങളുയരുമ്പോൾ ‘ക്രിസ്തുവാണ് സ്നേഹം’ എന്ന് പാടി അവയ്ക്ക് ചുറ്റും നൃത്തമാടിയവരെ നേരിടാനാകുമെന്ന ആത്മവിശ്വാസത്തിന്റെ മിമ്പറുണ്ടാക്കാനാകണമെങ്കിൽ കർമ്മനിരതരാക്കാനുള്ള കൗശലവും കളങ്കമില്ലാത്ത ഈമാനും വേണം; സ്വാപ്നസാക്ഷാൽക്കാരത്തിനായി പരിശ്രമിക്കനുള്ള മനക്കരുത്ത് വേണം; സത്യത്തോടും നീതിയോടുമൊപ്പം അല്ലാഹുവുണ്ടെന്ന സംശയലേശമില്ലാത്ത ബോധ്യം വേണം. മസ്ജിദുൽ ഖുദ്‌സിലെ മിമ്പറിൽ നിന്നുയരുന്ന ശാന്തിയുടെ ഖുത്ബകൾ സ്വപ്നം കണ്ട നൂറുദ്ദീൻ സെൻകി അത് കേൾക്കാൻ ജീവിച്ചിരുന്നില്ല; അമ്പത്തിയാറാം വയസ്സിൽ തന്റെ ആത്മാവ് അല്ലാഹുവിലേക്ക് ഉയർന്നപ്പോഴും നീതിയും നന്മയുമാഗ്രഹിച്ച അദ്ദേഹം നിർമ്മിച്ച മിമ്പർ ആയിരങ്ങൾക്ക് പ്രചോദനമേകി. ഖുദ്സിന്റെ മോചനമെന്ന അദ്ദേഹത്തിന്റെ സ്വപ്നം അനന്തരമെടുത്ത സ്വലാഹുദ്ദീൻ അയ്യൂബിയാണ് ആദ്യമായി ആ മിമ്പറിൽ കയറി ഖുത്ബ പറഞ്ഞത്. നൂറുദ്ദീൻ സെൻകി മരിച്ച് ഒന്നര പതിറ്റാണ്ടിനകം തന്നെ ആ മിമ്പർ സജീവമായി; നീതിയാഗ്രഹിക്കുന്നവരുടെ സ്വപ്‌നങ്ങൾ പേക്കിനാവുകളാവുകയില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ഇന്നുമവിടെ ഖുത്ബ നിർവ്വഹിക്കപ്പെടുന്നു; അതിന്നടുത്ത് നിന്ന് ബാങ്കൊലികൾ മുഴങ്ങുന്നു.

ഫിലസ്‌തീനിലെ പൈതങ്ങളേ, ഉമ്മമാരേ, നിഷ്കളങ്കരായ മനുഷ്യരേ, അധികാരദുര മൂത്തവർ ചിന്തുന്ന നിങ്ങളുടെ ചോര വെറുതെയാവില്ല; കൊടുങ്കാറ്റായി മാറി അതവരുടെ കട പുഴയ്ക്കുന്ന കാലം വരാനിരിക്കുന്നു.

കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന, അനാഥകളായിക്കൊണ്ടിരിക്കുന്ന ഫിലസ്‌തീൻ ബാല്യങ്ങളേ, സ്വാതന്ത്രഫിലസ്‌തീൻ നിങ്ങളുടെ മാത്രം സ്വപ്നമല്ലിന്ന്. ലോകമെങ്ങുമുള്ള മനുഷ്യരെല്ലാം നിങ്ങളോടൊപ്പമുണ്ട്; ആ സ്വപ്നവുമായി… പിഞ്ചുകുഞ്ഞുങ്ങളുടെ ചിതറിത്തെറിക്കുന്ന മയ്യിത്തുകൾക്ക് മേൽ കൊട്ടാരമുണ്ടാക്കുവാൻ മനുഷ്യർക്ക് കഴിയുമോ? അതിന്ന് കഴിയുന്നവർ……!?

ഫിലസ്തീൻ ബാല്യത്തിന്റെ സ്വപ്‌നങ്ങളോടൊപ്പം ഞങ്ങളുണ്ട്; മുഴുവൻ മനുഷ്യരുമുണ്ട്. അവരുടെ സ്വപ്നങ്ങൾക്ക് നിറം നൽണ്ടത് ദൈവശാസ്ത്രചർച്ചകളിലൂടെയല്ല; പ്രാർത്ഥനകളിലൂടെയാണ്; സഹായങ്ങളിലൂടെയാണ്; സാന്ത്വനങ്ങളിലൂടെയാണ് അവർക്കായി പ്രതീക്ഷയുടെ മിമ്പർ നിർമ്മിച്ച് നൽകുക; സ്വപ്നങ്ങളോടൊപ്പം നിൽക്കുക. ഇനിയുമവിടെ നൂറുദ്ദീൻ സെൻകിമാർ ജനിക്കും; ജനിക്കാതിരിക്കില്ല; അതാണ് ചരിത്രം. അതിന്നായി ദുആ ചെയ്യുക.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.