ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -8

//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -8
//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -8
ആനുകാലികം

ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -8

ഡോ. ഫ്രാങ്കൻസ്റ്റൈനിന്റെ രാക്ഷസികൾ ?!

“തുമ്മിയാൽ തെറിക്കുന്ന മൂക്ക്” എന്ന് നമ്മൾ കേട്ടിട്ടുണ്ടാവും. നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള ഒരു ഉപമാലങ്കാര പ്രയോഗം മാത്രമാണത്. എന്നാൽ പാശ്ചാത്യൻ സ്ത്രീകൾക്ക് അക്ഷരാർത്ഥത്തിൽ, വലിച്ചാൽ പോരുന്ന മൂക്കുകളും, ചിരിച്ചാൽ തെറിക്കുന്ന ചുണ്ടുകളും, ഞെക്കിയാൽ പൊട്ടുന്ന മാംസങ്ങളുമെല്ലാമുണ്ട്… വെട്ടിയും മുറിച്ചും തുന്നിയും സൂചി വെച്ചും ശരീരം കൃത്രിമമായി നിർമ്മിക്കുകയാണവർ.
(https://www.google.com/search?q=cosmetic%20surgery%20gone%20wrong&tbm=isch&hl=en&tbs=rimg:CS13Sf0e3AOvYZgCdDKKhV3psgINEAA6BAgAEABVMrYlP8AC)

സൗന്ദര്യത്തിന്റെ കാലാവധി പരമാവധി നീട്ടുകയാണ് അവരുടെ ജീവിതത്തിന്റെ തന്നെ മുഖ്യ ലക്ഷ്യം. മുഖത്തിന്റെയും ശരീരത്തിന്റെയും ആകർഷണീയതയും അതുകൊണ്ട് എത്ര പുരുഷന്മാരുടെ ശ്രദ്ധയും ആസക്തിയും പിടിച്ചു പറ്റാം എന്നുമുള്ളതിലേക്ക് പാശ്ചാത്യൻ സ്ത്രീകൾ സ്വന്തം മൂല്യത്തെ തരം താഴ്ത്തി. സിനിമകൾ, സീരിയലുകൾ, പരസ്യങ്ങൾ തുടങ്ങിയവയിലൂടെ ലിബറലുകളും മുതലാളിത്ത പരിശകളും നിരന്തരമായി സ്ത്രീയെ വസ്തുവൽക്കരിച്ചും, ലൈംഗികവൽക്കരിച്ചും പ്രദർശന വിപണനം ചെയ്യുന്നു. അതിലൂടെ പുരുഷന്മാരിലെന്ന പോലെ സ്ത്രീകളിലും താരതമ്യ പ്രവണത, ആത്മാഭിമാന ധ്വംസനം എന്നിവ ബാധിക്കുന്നു. എത്ര സൗന്ദര്യമുണ്ടായാലും അവയിൽ സംതൃപ്തി നിഷേധിക്കപ്പെടുന്ന ഒരു തരം ദാരിദ്ര്യ ബോധം ഉളവാകുന്നു. സമ്പൂർണ സൗന്ദര്യത്തിനായി മനസ്സ് വെമ്പൽ കൊള്ളുന്നു. അതിനോട് പരമാവധി അടുക്കാൻ തന്റെ കഴിവിൽ പെട്ട സാഹസങ്ങളെല്ലാം ചെയ്യാനും അത്യധികം ചെലവഴിക്കാനും അവൾ തയ്യാറാവുന്നു.

പാശ്ചാത്യപഠനങ്ങൾ തന്നെ ഇത് തുറന്ന് പറയുന്നുണ്ട്:

സൗന്ദര്യ വർധക വസ്തുക്കൾ & പേഴ്‌സണൽ കെയർ വസ്തുക്കൾ എന്നിവയുടെ വിപണിയിലെ വരുമാനത്തിന്റെ കണക്കുകൾ അനുസരിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് 88.47 ബില്യൺ യു.എസ് ഡോളർ രേഖപ്പെടുത്തി റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ്.

6 ജർമ്മനി 17.66
7 ഫ്രാൻസ് 15.35
8 യുണൈറ്റഡ് കിംഗ്ഡം 15.03
10 റഷ്യ 11.49
11 ഇറ്റലി 11.02
എന്നീ പാശ്ചാത്യരാജ്യങ്ങൾ തൊട്ടു പിന്നിൽ തന്നെ നില ഉറപ്പിച്ചിട്ടുണ്ട്.
(https://www.statista.com/forecasts/758635/revenue-of-the-cosmetics-and-personal-care-market-worldwide-by-country)

2021-ൽ ഏറ്റവും കൂടുതൽ കൃത്രിമ സൗന്ദര്യ വർധക നടപടിക്രമങ്ങൾ നടന്ന രാജ്യങ്ങളുടെ പട്ടിക അടുത്തതായി നോക്കാം.

ശസ്ത്രക്രിയയിലൂടെയും ശസ്ത്രക്രിയേതര മാർഗങ്ങളിലൂടെയും ശരീരത്തിന്റെ സവിശേഷതകൾ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന നടപടിക്രമങ്ങളോടുള്ള ജനപ്രിയത വർദ്ധിച്ചു വരികയാണ്. ഓഗ്‌മെന്റേഷൻ മാമാപ്ലാസ്റ്റി (സ്തനത്തിന്റെ വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയ), മാസ്റ്റോപെക്സി (സ്തനം ഉയർത്തി നിർത്താനുള്ള ശസ്ത്രക്രിയ), ലിപ്പോപ്ലാസ്റ്റി (ശരീരഭാഗങ്ങളിൽ നിന്ന് ഫാറ്റ് കളയാനുള്ള ശസ്ത്രക്രിയ), റിനോപ്ലാസ്റ്റി (മൂക്കിന്റെ രൂപം മാറ്റാനുള്ള ശസ്ത്രക്രിയ) എന്നിവ സൗന്ദര്യ വർധനവിനായുള്ള ശസ്ത്രക്രിയാ നടപടിക്രമങ്ങളിൽ ഉൾപ്പെടുന്നു. ബോട്ടുലിനം ടോക്സിൻ (ബോട്ടോക്സ്), കെമിക്കൽ പീൽസ്, ഡെർമൽ ഫില്ലറുകൾ, ടാറ്റൂ നീക്കം ചെയ്യൽ എന്നിവ ഏറ്റവും കുറഞ്ഞ ആക്രമണാത്മക, ശസ്ത്രക്രിയേതര നടപടിക്രമങ്ങളിൽ ഉൾപ്പെടാം. 2021-ൽ ആഗോളതലത്തിൽ നടന്ന മികച്ച ശസ്ത്രക്രിയാ സൗന്ദര്യവർദ്ധക നടപടിക്രമം ലിപ്പോസക്ഷൻ ആയിരുന്നു, തുടർന്ന് സ്തനവളർച്ച. അതേ വർഷം തന്നെ നടന്ന, ശസ്ത്രക്രിയേതര സൗന്ദര്യവർദ്ധക നടപടിക്രമങ്ങളിൽ ഉൾപ്പെട്ടവ: ബോട്ടുലിനം ടോക്സിൻ (ചർമ്മത്തിലെ ചുളിവുകളും മറ്റും മാറ്റാൻ ഉപയോഗിക്കുന്ന ഒരു രാസവസ്തു കുത്തിവെപ്പ്) ആയിരുന്നു. ഹൈലൂറോണിക് ആസിഡ് (ചർമ്മത്തിലെ ചുളിവുകൾ നികത്താനുള്ള കുത്തിവെപ്പ്) ആയിരുന്നു അടുത്തതായി കൂടുതൽ നടന്നത്… എല്ലാ ശസ്ത്രക്രിയാ നടപടിക്രമങ്ങളിലും ഫേസ് ലിഫ്റ്റുകൾക്ക് (മുഖത്തെ കൊഴുപ്പ് ഊറ്റിയെടുത്ത് കളയുന്ന രീതി) 2021-ൽ ഏറ്റവും ഉയർന്ന ശരാശരി ചെലവുകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. ശസ്ത്രക്രിയേതര നടപടിക്രമങ്ങളിൽ, കൊഴുപ്പ് കുറയ്ക്കൽ നടപടികളാണ് യു.എസിലെ ഏറ്റവും ഉയർന്ന ശരാശരി ചെലവ് വന്ന നടപടിക്രമം.

2021 ലെ കണക്കനുസരിച്ച്, 7.3 ദശലക്ഷത്തിലധികം സൗന്ദര്യ വർധക നടപടിക്രമങ്ങൾ കൊണ്ട് ലോകത്ത് ഏറ്റവും കൂടുതൽ സൗന്ദര്യവർദ്ധക നടപടിക്രമങ്ങൾ നടന്ന നാടായി യുണൈറ്റഡ് സ്റ്റേറ്റ്സ് മാറി.

ബ്രസീൽ, മെക്സിക്കോ, ജർമ്മനി, അർജന്റീന, ഇറ്റലി തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ ആദ്യത്തെ പത്തിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.
(https://www.statista.com/statistics/293356/leading-countries-by-total-number-of-cosmetic-procedures/)

ന്യൂ ഹാംഷെയർ യൂണിവേഴ്‌സിറ്റിയിൽ നിന്നുമുള്ള ഒരു ഗവേഷണ പഠനം ചർച്ച ചെയ്യുന്നത്,
“സൗന്ദര്യ വർധക ഉൽപ്പന്നങ്ങളുടെ വ്യവസായം സമൂഹത്തിലെ സ്ത്രീകളിൽ ഉളവാക്കുന്ന സ്വാധീനം” എന്ന പ്രതിസന്ധിയെ സംബന്ധിച്ചാണ്.

“ഫാഷൻ, സൗന്ദര്യ വ്യവസായത്തിലെ പരസ്യങ്ങൾ തുടങ്ങിയവ സ്ത്രീകളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഗണ്യമായ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. യാഥാർത്ഥ്യ ബോധമില്ലാത്ത ചിത്രങ്ങൾ ഉപയോഗിച്ച് പരസ്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് സൗന്ദര്യത്തെ പുനർ നിർവ്വചിക്കുന്ന പ്രവണത, പല സ്ത്രീകളിലും ഉത്കണ്ഠ, കുറഞ്ഞ ആത്മാഭിമാനം, ആത്മവിശ്വാസ തകർച്ച എന്നിവയ്ക്ക് കാരണമായിട്ടുണ്ട്. ഈ നിഷേധാത്മക വികാരങ്ങളിൽ ഭൂരിഭാഗവും ഉണ്ടാവുന്നത് സ്വന്തം ശരീരത്തെയും രൂപത്തെയും സംബന്ധിച്ച അസന്തുഷ്ടിയിൽ നിന്നാണ്.

സൗന്ദര്യവർദ്ധക വസ്തുക്കൾ സ്ത്രീകളിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു, സ്ത്രീകൾക്ക് എങ്ങനെ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിച്ച് അവരുടെ രൂപം കൃത്രിമവൽക്കരിക്കാം എന്നിവയെ സംബന്ധിച്ച് വളരെ കുറച്ച് ഗവേഷണങ്ങളെ നടന്നിട്ടുള്ളു. ഈ ലേഖനം ആദ്യം ചെയ്യുന്നത്, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ വ്യവസായത്തിന്റെ സ്ത്രീ സ്വാധീനത്തെ സംബന്ധിച്ച ഗവേഷണങ്ങളെ സംബന്ധിച്ച ചർച്ചയാണ്. ഈ ഗവേഷണത്തിനായി, കോളേജ് വിദ്യാർത്ഥികളുടെ ഒരു കൂട്ടത്തിൽ നിന്നും അവരുടെ കോസ്‌മെറ്റിക് ഉപയോഗം, ശീലങ്ങൾ, വിശ്വാസങ്ങൾ എന്നിവയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒരു സർവേ നടത്തുകയുണ്ടായി. കോളേജുകളിലെ പെൺകുട്ടികൾ സൗന്ദര്യവർദ്ധക വസ്തുക്കൾ വളരെയധികം ഉപയോഗിക്കുന്നവരാണെന്നും, സൗന്ദര്യവർദ്ധക വ്യവസായത്തെക്കുറിച്ച് വളരെ ബോധമുള്ളവരാണെന്നും, സൗന്ദര്യവർദ്ധക വസ്തുക്കളുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ എടുക്കുന്ന തിരഞ്ഞെടുപ്പുകളിൽ ചില വ്യക്തിഗത വ്യത്യാസങ്ങൾ സ്വാധീനം ചെലുത്തുന്നു എന്നും സർവേയുടെ ഫലങ്ങൾ സൂചിപ്പിക്കുന്നു.”
(https://scholars.unh.edu/cgi/viewcontent.cgi?article=1085&context=honors)

ശാരീരികവും മാനസികവുമായ ആരോഗ്യസ്ഥിതിയെ തകരാറിലാക്കുന്ന ഭ്രാന്തമായ സൗന്ദര്യ ദാരിദ്ര്യം പാശ്ചാത്യ സ്ത്രീകളിലും അവരിലൂടെ അനുകരണ പ്രകൃതക്കാരായ മറ്റു സ്ത്രീകളിലും ദ്രുതഗതിയിൽ വ്യാപിക്കുകയാണ്. ഈ വസ്തുതയെയാണ്, ഒമാഹയിലെ നെബ്രാസ്ക സർവകലാശാല പുറത്തിറക്കിയ, “ബ്യൂട്ടി (സൗന്ദര്യം) തന്നെ ബീസ്റ്റ് (ഭീകരത) ആവുമ്പോൾ : കമ്പനികളുടെ സൗന്ദര്യ ദുഷ്പ്രചാരങ്ങൾ സ്ത്രീ ഉപഭോക്താക്കളിൽ സൃഷ്ടിക്കുന്ന സ്വാധീനം” (When Beauty is the Beast: The Effects of Beauty Propaganda on Female Consumers) എന്ന പഠനം അടിവരയിടുന്നത്:

“സൗന്ദര്യ വർധക പരസ്യങ്ങളുടെ നിരന്തരമായ കുത്തൊഴുക്കും ഈ ദൃശ്യ ലൈംഗിക ആക്രമണത്തിനൊപ്പം വരുന്ന ശക്തമായ സന്ദേശ സംക്രമണങ്ങളും സ്ത്രീകൾ ദിനേനെ അഭിമുഖീകരിക്കുന്നു. വർഷങ്ങളോളമായ ലൈംഗിക വിവേചനത്തിന്റെയും മാധ്യമങ്ങളിലെ അമിതമായ ലൈംഗികവൽക്കരണത്തിന്റെയും സ്വാധീനഫലമായ ഈ സന്ദേശങ്ങൾ സ്ത്രീ ഉപഭോക്താക്കളുടെ പ്രവർത്തനങ്ങളെ രൂപപ്പെടുത്തുന്നു. സൗന്ദര്യ പരസ്യങ്ങൾ സ്ത്രീകളിൽ ചെലുത്തുന്ന നെഗറ്റീവ് സ്വാധീനങ്ങളെ സംബന്ധിച്ച് നിലവിലുള്ള മൂന്ന് പഠനങ്ങളെ അവലോകനം ചെയ്യുന്നതാണ് ഈ അന്വേഷണ പഠനം.

സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുന്നത് തുടരുന്നതിലെ സ്ത്രീകളുടെ പ്രചോദനം വിലയിരുത്തുന്നതിന് സ്ത്രീ ഉപഭോക്തൃ പെരുമാറ്റങ്ങളുടെ ലെൻസിലൂടെ ഈ സ്വാധീനങ്ങൾ പഠനവിധേയമാക്കുകയാണ്. സൗന്ദര്യ സങ്കൽപ്പത്തിലും പരസ്യ വ്യവസായത്തിലും ലൈംഗിക വിവേചനത്തിന്റെയും അമിതമായ ലൈംഗികവൽകരണത്തിന്റെയും കടുത്ത സ്വാധീനം വെളിപ്പെടുത്താൻ ഈ നെഗറ്റീവ് ഇഫക്റ്റുകളും ഉപഭോക്തൃ പ്രചോദനങ്ങളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് പഠനം ചർച്ച ചെയ്യുന്നു. സൗന്ദര്യ പരസ്യങ്ങളുടെ ഉള്ളടക്കത്തെയും, പരസ്യത്തിലെ നിലവിലെ പ്രവണതകളെയും സംബന്ധിച്ച വിശകലനവും ലൈംഗിക പീഡനങ്ങളുടെ വളരുന്ന സാധ്യതയിൽ അവയുടെ പങ്കിനെ കുറിച്ച വിശദീകരണവും പഠനത്തിൽ വായിക്കാം.

ഈ പഠനത്തിന്റെ അനുമാനങ്ങൾ:

1. സൗന്ദര്യ വ്യവസായം ഉപയോഗിക്കുന്ന ചിത്രങ്ങളും സന്ദേശങ്ങളും സൗന്ദര്യത്തിന് യാഥാർത്ഥ്യപരമല്ലാത്ത മാനദണ്ഡങ്ങളും സങ്കൽപ്പങ്ങളും സ്ത്രീ ഉപഭോക്താക്കളിൽ സൃഷ്ടിക്കുകയും അവരുടെ ആത്മാഭിമാനത്തെ അത്യധികം കുറയ്ക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ പ്രതികൂല ഫലങ്ങളാണ് ഫാഷൻ ഇൻഡസ്ട്രി സ്ത്രീകളിൽ സൃഷ്ടിക്കുന്നത്.

2. ഈ ഇഫക്റ്റുകൾ ആധുനിക സമൂഹത്തിന്റെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് അനുയോജ്യമായ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ശക്തമായ ആവശ്യം സ്ത്രീകളിൽ സൃഷ്ടിക്കുന്നു.”

ഡോ. അന്ന ബൈക്രോഫ്റ്റ്, ഓക്ക്‌ലാൻഡ് സർവ്വകലാശാലയിൽ നിന്നും പി.എച്ച്.ഡി കരസ്ഥമാക്കിയ തീസിസിന്റെ തലക്കെട്ട്, “സൗന്ദര്യത്തിന്റെ പ്രബലമായ മാതൃകകളെ ഡീകോഡിംഗ് ചെയ്യാനൊരു ശ്രമം: മാധ്യമ പ്രാതിനിധ്യം, സാമൂഹിക ചുറ്റുപാടുകൾ, മാധ്യമ സാക്ഷരത എന്നിവയുമായുള്ള ആധുനിക യുവതികളുടെ ഇടപഴകലുകൾ.” എന്നതാണ്. ഈ ഗവേഷണവും നാം വിശദീകരിച്ച വസ്തുതയെ പിന്തുണക്കുന്നുണ്ട്. ഗവേഷണത്തിലെ ഒരു വരി മാത്രം ഇവിടെ ചേർക്കാം:

“മെലിഞ്ഞ്, വടിവുകളുള്ള ശരീരഘടനയോട് ആഭിമുഖ്യ പ്രവണത വർധിക്കുന്നു, മുമ്പുണ്ടായിരുന്ന സൗന്ദര്യ സങ്കൽപ്പങ്ങളുടെ സ്ഥാനത്ത് മെലിയൽ നേടിയെടുത്ത വളരുന്ന ജനപ്രീതിയും ഞാൻ ഈ ഗവേഷണത്തിൽ സൂക്ഷ്‌മനിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്…”

ചുരുക്കത്തിൽ, ആകർഷണീയതയിലും പുരുഷന്മാരുടെ ആസക്തിയിലും സ്വന്തം മൂല്യത്തെ പാശ്ചാത്യൻ സ്ത്രീകൾ അപനിർമ്മിച്ചു കഴിഞ്ഞു. ലിബറലുകളും മുതലാളിത്തവും മാധ്യമങ്ങളിലൂടെ സ്ത്രീയെ നിരന്തരമായി വസ്തു വൽക്കരിച്ചും, ലൈംഗികവൽക്കരിച്ചും അഭിമാന ശൂന്യരും ലജ്ജാ ശൂന്യരുമാക്കി. പാശ്ചാത്യൻ പഠനങ്ങൾ തന്നെ ഈ പരമ സത്യം അംഗീകരിക്കുന്നതായി നാം മുകളിൽ വായിച്ചല്ലൊ.

“ഞാൻ മെയ്ക്കപ്പിടുന്നത് എനിക്ക് വേണ്ടിയാണ്, മറ്റാരേയും കാണിക്കാൻ വേണ്ടിയല്ല. എന്റെ അത്മവിശ്വാസത്തിന് വേണ്ടിയാണ് ഞാൻ മെയ്ക്കപ്പിടുന്നത്….” എന്ന ബാലിശമായ തർക്കം ഉന്നയിച്ചു കൊണ്ട് ഈ ആത്മ അപനിർമ്മാണത്തിന് ഫെമിനിസ്റ്റുകൾ സൈദ്ധാന്തിക അടിത്തറ പാകുന്നു എന്നതാണ് അതിലും ഖേദകരം…

രണ്ടു വരിയിൽ വൈരുധ്യങ്ങൾ എഴുതുക എന്ന് പരീക്ഷക്ക് ചോദ്യം വന്നാൽ ഒരു സംശയവും കൂടാതെ ഈ ഫെമിനിസ്റ്റ് ന്യായീകരണം എഴുതി വെക്കാം. കണ്ണാടിയിൽ നോക്കിയാലല്ലാതെ മെയ്ക്കപ്പ് നമുക്ക് സ്വയം കാണാൻ കഴിയില്ല. അപ്പോൾ അത് സ്വന്തം ആത്മവിശ്വാസം എങ്ങനെയാണ് വർദ്ധിപ്പിക്കുന്നത് ?! ആരെയും കാണിക്കാനല്ലെങ്കിൽ മേക്കപ്പ് വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എന്തിനാണ് ഇടുന്നത് ? വീട്ടിൽ ഒറ്റക്കിരിക്കുമ്പോഴും ഉറങ്ങാൻ പോകുമ്പോഴുമൊക്കെ മെയ്ക്കപ്പിട്ട് പുറത്തു പോവുമ്പോൾ അത് മായ്ച്ച് കളയുകയല്ലേ വേണ്ടത് ?! ലിപ്സ്റ്റിക്കിലും നെയിൽ പോളിഷറിലും അടങ്ങിയ രാസപദാർത്ഥങ്ങൾ ശരീരത്തിലെ അഭിമാനത്തെ സ്വാധീനിക്കുന്ന തന്മാത്രകളെ വർദ്ധിപ്പിക്കുകയാണോ ചെയ്യുന്നത് ? അതോ താൻ ആകർഷകയായി “പുറത്തിറങ്ങുമ്പോൾ” സ്വയം ആത്മവിശ്വാസം വർദ്ധിക്കുന്നതായി അനുഭവപ്പെടുന്നതാണോ ? “പുറത്തിറങ്ങുമ്പോൾ” എന്താണ് സംഭവിക്കുന്നത് ?! കാറ്റും വെളിച്ചവും ആത്മവിശ്വാസം കൂട്ടുന്നതാണോ ? അല്ല എങ്കിൽ പിന്നെ പുറത്തെന്താണുള്ളത് ?!
ജനങ്ങൾ !! അവരെന്നെ അവർക്ക് ആകർഷകമായ രൂപത്തിൽ കാണുമ്പോൾ, ആ ആകർഷണത്വം എങ്ങനെയെങ്കിലും പ്രകടിപ്പിക്കുമ്പോൾ എനിക്ക് സ്വന്തത്തെ കുറിച്ച് അഭിമാനം തോന്നുന്നു. ഇതല്ലേ സത്യം?! അപ്പോൾ പിന്നെ മറ്റാർക്കും വേണ്ടിയല്ല, എനിക്കു വേണ്ടി മാത്രമാണ് ഞാൻ മെയ്ക്കപ്പിടുന്നത് എന്ന വാദം ആത്മവഞ്ചനയല്ലേ ?
ലക്ഷങ്ങൾ ചെലവഴിച്ച് മെയ്ക്കപ്പ് ചെയ്തും, കോടികൾ ചെലവഴിച്ച് ശരീരം പിച്ചി ചീന്തിയും, സ്വന്തത്തെ ലൈംഗികവൽകരിച്ചും പ്രദർശിപ്പിച്ചും പുരുഷ ലിബിഡോയുടെ അമൂർത്തമായ സങ്കൽപ്പത്തിന് സ്വന്തം ശരീരപേശികൾ കൊണ്ട് മൂർത്തീഭാവം നൽകിയും പാശ്ചാത്യൻ സ്ത്രീകൾ ചെയ്തു കൊണ്ടിരിക്കുന്ന ഈ ആത്മ ധ്വംസനങ്ങൾ അടിമത്തമല്ലാതെ മറ്റെന്താണ്?!

ഈ വിഷയകമായ വളരെ പ്രസക്തമായ ഒരു പഠനം കൂടി ശ്രദ്ധിക്കൂ:

“വ്യത്യസ്ത കോമ്പിനേഷനുകളിൽ 1. ശാരീരികമായ ആകർഷണീയതയും 2. സാമൂഹികമായി പ്രബലതയും ഉള്ള എതിർലിംഗക്കാരുടെ ചിത്രങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കും നിരന്തരം തുറന്നുകാട്ടി കൊണ്ട് ഒരു ഗവേഷണം നടത്തി.

ആകർഷകവും സെക്സിയുമായ സ്ത്രീകളുടെ ചിത്രങ്ങൾ കണ്ടതിന് ശേഷം പുരുഷന്മാർക്ക് സ്വന്തം പങ്കാളികളോട് പ്രതിബദ്ധത കുറവാണ് അനുഭവപ്പെടുന്നതെന്ന് കണ്ടെത്തി. എന്നാൽ, ആകർഷകമായ ചിത്രങ്ങൾ കണ്ടതിന് ശേഷം സ്ത്രീകൾ പങ്കാളികളോട് മുമ്പത്തെ അതേ പ്രതിബദ്ധതയാണ് റിപ്പോർട്ട് ചെയ്തത്, എന്നാൽ സാമൂഹിക പ്രബലതയുള്ള പുരുഷന്മാരുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ സ്ത്രീകൾക്ക് അവരുടെ ഇണകളോടുള്ള പ്രതിബദ്ധത കുറഞ്ഞുവെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു…”

(Kenrick, D. T., Trost, M. R. and Sheets, V. L. (1996b) ‘Power, harassment, and trophy mates: the feminist advantages of an evolutionary perspective’, in Buss, D. M. and Malamuth, N. M. (eds) Sex, Power, Conflict: Evolutionary and Feminist Perspective. New York and Oxford: Oxford University Press.p. 47)

അമിതമായ ലൈംഗിക പ്രകടനങ്ങൾ നടക്കുന്ന സമൂഹങ്ങളിൽ സംഭവിക്കുന്ന സാമൂഹിക പരിണാമ പ്രക്രിയ ഈ പഠനത്തിൽ നിന്ന് വ്യക്തം. സ്ത്രീക്ക് സ്വമേധയാ ശാരീരികമായ ആകർഷകത്വമൊ (Beauty) ലൈംഗിക ആകർഷണീയതയൊ (Sexy) അവരുടെ ആകർഷണത്തിലൊ സ്വാഭിമാനത്തിലൊ കാര്യമായ സ്വാധീനമൊന്നും ചെയ്യുന്നില്ല. അതേസമയം പുരുഷന്മാർക്ക് സ്ത്രീകളോടുള്ള ലൈംഗിക ആകർഷത്തിലും പങ്കാളികളോട് പ്രതിബദ്ധതയിലും സാരമായ സ്വാധീനം ശാരീരികമായ ആകർഷകത്വമൊ ലൈംഗിക ആകർഷണീയതയും ചെലുത്തുന്നു. പുരുഷന്മാർക്ക് തങ്ങളോടുള്ള ആകർഷണീയതയുടെ ഘടകങ്ങൾ എന്തൊക്കെയാണെന്ന് സ്ത്രീകൾ മനസ്സിലാക്കുന്നു. കൂടുതൽ കൂടുതൽ സ്ത്രീ സൗന്ദര്യവും ലൈംഗിക ആകർഷണീയതയും ഉള്ളടങ്ങുന്ന ചിത്രങ്ങളും പ്രകടനങ്ങളും കാണുന്നതിനനുസരിച്ച് പുരുഷന്മാർ തങ്ങളുടെ ഇണകൾക്ക് അല്ലെങ്കിൽ ഇണയാക്കാൻ അവർ അന്വേഷിക്കുന്നവർക്ക് സങ്കൽപ്പിക്കുന്ന അകർഷണീയതയും പ്രതിബദ്ധതയും കുറയുന്നു. പുരുഷന്മാർക്ക് തങ്ങളോടുള്ള ഈ വികർഷണം സ്ത്രീകളുടെ ആത്മവിശ്വാസത്തെയും അഭിമാനത്തെയും പ്രതിലോമമായി ബാധിക്കുന്നു. അപ്പോൾ, സ്ത്രീകളുടെ സൗന്ദര്യ- ലൈംഗിക പ്രദർശനങ്ങൾക്ക് അനുസൃതമായി വളർന്നു വരുന്ന പുരുഷ സങ്കൽപ്പത്തിനനുസരിച്ച് തങ്ങളുടെ സൗന്ദര്യത്തെ വർദ്ധിപ്പിക്കാൻ സ്ത്രീകൾ കഷ്ടപ്പെടുന്നു. പുലിവാല് പിടിച്ചവന് പുലിയുടെ കടി കിട്ടാതിരിക്കാൻ പുലി തിരിയുന്നതിനനുസരിച്ച് കറങ്ങി കൊണ്ടിരിക്കുകയല്ലാതെ രക്ഷയില്ല എന്ന പോലെ ഒരു അവസ്ഥ !

ഇതാണ് വ്യക്തമായി പറഞ്ഞാൽ പാശ്ചാത്യ ലോകത്തെ സ്ത്രീകളിലും അവരോട് അനുകരണാത്മക ഭ്രമം വെച്ചുപുലർത്തുന്ന മറ്റു സ്ത്രീകളിലും വളർന്നു വരുന്ന അലങ്കാരഭൂഷണ പ്രവണതകൾക്ക് നിദാനം. ആത്മാഭിമാനമൊ ശാക്തീകരണമൊ ഒന്നുമല്ല അതിന്റെ മൂല സ്രോതസ്സ്; ശുദ്ധമായ പുരുഷാരാധന മാത്രമാണ് !

എന്നിട്ടും ഈ ചൂഷണങ്ങൾക്കും ആത്മ നശീകരണത്തിനും എതിരെ എന്തുകൊണ്ട് ഫെമിനിസ്റ്റുകൾ “സട” (ആണും പെണ്ണും തുല്യരാണ് എന്നാണല്ലൊ വാദം) കുടഞ്ഞ് ഉണരുന്നില്ല ?! ഈ ആനയോളം ഭാരമുള്ള “പൊൻ കുരിശ് ” എന്തിനാണ് ഇവർ സ്വയം പേറി നടക്കുന്നത് ? ഈ സ്വയം നിർമ്മിത സ്വർണച്ചങ്ങല ഭേദിച്ച് പറന്നു പോകാൻ പാശ്ചാത്യൻ സ്ത്രീകൾ തുനിയാത്തത് എന്തു കൊണ്ടാണ് ?

അതിന്റെ മുഖ്യ കാരണങ്ങളിൽ ഒന്നാണ് അടുത്തതായി നാം ചർച്ച ചെയ്യുന്നത്.

print

No comments yet.

Leave a comment

Your email address will not be published.