ദഅ്‌വാനുഭവങ്ങൾ -15

//ദഅ്‌വാനുഭവങ്ങൾ -15
//ദഅ്‌വാനുഭവങ്ങൾ -15
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ -15

സംവാദം, യുക്തി ഉപയോഗിച്ച് തുടക്കം .….

“ഞാൻ ക്രിസ്തുമതത്തെക്കുറിച്ച് കുറെയെല്ലാം പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. എനിക്ക് തീരെ ഉൾക്കൊള്ളാനാകാത്തത് ക്രൈസ്തവരുടെ ദൈവസങ്കല്പമാണ്. ത്രിയേകത്വം എന്ന ക്രൈസ്തവവിശ്വാസം മനസ്സിലാക്കാൻ എത്ര ശ്രമിച്ചിട്ടും അതിന്ന് കഴിയുന്നില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവും ചേർന്നാൽ ഏകദൈവമാകുന്നതെങ്ങനെയാണ്?”

മാനസികമായി ഒരു സംവാദത്തിനൊരുങ്ങി ആദ്യമായി ഒരു മിഷനറിയുടെ മുമ്പിലേക്ക് എറിഞ്ഞ ചോദ്യമാണിത്.

ഈ ചോദ്യമുന്നയിക്കാനുള്ള പ്രചോദനം യഥാർത്ഥത്തിൽ മക്തിതങ്ങളായിരുന്നു. മുഹമ്മദ് നബി(സ)യെ നിന്ദിച്ചുകൊണ്ട് പുസ്തകമെഴുതിയ ഹെർമൻ ഗുണ്ടർട്ടിന് മറുപടിയായി ‘നബിനാണയം’ എഴുതുന്നതിന് മുമ്പ് അദ്ദേഹം ചെയ്തത് ത്രിയേകത്വത്തെ ഖണ്ഡിച്ചുകൊണ്ടുള്ള ‘കടോരകുഠാരം’ എഴുതുകയാണല്ലോ. സംവാദങ്ങളിൽ എതിർപക്ഷത്തിന്റെ ഭൂമിക തകർത്ത ശേഷമാകണം നമ്മുടെ ആശയങ്ങൾ സമർത്ഥിക്കേണ്ടതെന്ന വലിയ പാഠം അദ്ദേഹത്തിന്റെ ഈ ചെയ്തിയിലുണ്ട്. മുഹമ്മദ് നബി(സ)യെക്കുറിച്ച് പാസ്റ്റർ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയുന്നതിന് മുമ്പ് ക്രൈസ്തവദൈവശാസ്ത്രത്തിന്റെ അടിത്തറ എത്രത്തോളം ഭദ്രമാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നതായിരിക്കും നല്ലതെന്ന തീരുമാനത്തിലെത്തുന്നത് അതുകൊണ്ടാണ്.

പാസ്റ്ററുടെ അടുത്ത് പോകാൻ തീരുമാനിച്ച ദിവസം രാവിലെ ഫജ്ർ നമസ്കാരശേഷം ത്രിയേകത്വത്തെക്കുറിച്ച് തയ്യാറാക്കി വെച്ച നോട്ടുകൾ പല ആവർത്തി വായിച്ച് വിഷയങ്ങൾ നന്നായി ഹൃദിസ്ഥമാക്കി. ഒരു സൗഹൃദസംഭാഷണത്തിനാണ് പോകുന്നത് എന്നതിനാൽ നോട്ടുകളൊന്നും കൈയിൽ കരുതേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ഒരുക്കം അല്പം കഠിനമായ പരിശ്രമമായിരുന്നു. ആവശ്യമായ ബൈബിൾ വചനങ്ങളെല്ലാം അവയുടെ അധ്യായങ്ങളുടെയും വചനങ്ങളുടെയും നമ്പറുകൾ സഹിതം ഹൃദിസ്ഥമാക്കേണ്ടിയിരുന്നു. ആശയങ്ങൾക്ക് പ്രധാനമായും ആശ്രയിച്ചത് മക്തിതങ്ങളുടെ ഗ്രൻഥങ്ങളെയായിരുന്നുവെങ്കിലും വചനങ്ങൾ പഠിക്കാൻ ഉപയോഗിച്ചത് അഹ്‌മദ് ദീദാത്തിന്റെ പുസ്തകങ്ങളായിരുന്നു. ഒപ്പം തന്നെ പാസ്റ്റർക്കടുത്ത് നിന്ന് വരാൻ സാധ്യതയുള്ള വാദങ്ങളും പ്രതിവാദങ്ങളും എന്തെല്ലാമായിരിക്കുമെന്നും പഠിക്കാൻ ശ്രമിച്ചു. വിവിധ ക്രിസ്ത്യൻ കറസ്പോണ്ടൻസ് കോഴ്‌സുകളിൽ അപ്പോൾ പഠിച്ചുകൊണ്ടിരുന്നതിനാൽ ത്രിയേകത്വത്തെയും ദൈവപുത്രസിദ്ധാന്തത്തെയും ന്യായീകരിക്കാൻ മിഷനറിമാർ ഉപയോഗിക്കുന്ന വാദങ്ങളെന്തൊക്കെയാണെന്നും വചനങ്ങളെന്തെല്ലാമാണെന്നും മനസ്സിലാക്കാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല. അക്കാര്യത്തിൽ എന്നെ ഏറ്റവുമധികം സഹായിച്ചത് ഇംഗ്ലീഷ് മിഷനറിയായ എം. എച്ച്. ഫിൻലെ എഴുതിയ ‘നിങ്ങളുടെ ചോദ്യം ഇതാണെങ്കിൽ…’ എന്ന ചെറിയ പുസ്തകമാണ്. ത്രിയേകത്വത്തെ സമർത്ഥിക്കുവാനായി മിഷനറിമാർ നിരത്തുന്ന ഒരു വിധം എല്ലാ തെളിവുകളും ആ പുസ്തകത്തിലുണ്ട്.

ക്രിസ്തുമതത്തെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നയാളാണ്’ എന്ന ആമുഖത്തോടെയാണ് അബ്ദുൽ ലത്തീഫ് എന്നെ പാസ്റ്ററിന് പരിചയപ്പെടുത്തിയത്. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനടുത്ത് കൂടി അല്പം നടന്നാൽ എത്താവുന്ന പാസ്റ്ററുടെ വീടാണ് വേദി. സ്നേഹത്തോടെ പാസ്റ്റർ ഞങ്ങളെ സ്വീകരിച്ചു. സൗഹൃദത്തോടെ സംസാരത്തിന് സമ്മതിച്ചു. അതിന്നായി തന്റെ പുസ്തകശേഖരത്തിനിടയിലേക്ക് ആനയിച്ചു. അവിടെ വെച്ചാണ് ഞങ്ങൾ തമ്മിലുള്ള സംഭാഷണം നടന്നത്.

ഒരു സ്വകാര്യസംവാദം നടക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹം. അത്യാവശ്യം നല്ല പുസ്തകശേഖരമുള്ള തന്റെ സ്വകാര്യലൈബ്രറിയിലാണ് അദ്ദേഹം സംസാരിക്കാനിരുന്നത്. പുസ്തകങ്ങളിലൂടെ ഞാനൊന്ന് കണ്ണോടിച്ചു. വിവിധ തരം ബൈബിളുകളും ബൈബിൾ വിശദീകരണങ്ങളും നിറഞ്ഞു നിൽക്കുന്ന ലൈബ്രറി. ഏതോ ഒരു സെമിനാരിയിൽ പഠിപ്പിക്കുന്നയാളാണെന്ന് സ്വയം പരിചയപ്പെടുത്തി. ഫിസിക്സ് ബിരുദ വിദ്യാർത്ഥിയാണെന്നും ക്രിസ്തുമതത്തെക്കുറിച്ച് പഠിക്കാൻ താല്പര്യമുള്ളയാളാണെന്നും ഞാനും പറഞ്ഞു. ക്രിസ്തുമതത്തിന്റെ അടിസ്ഥാനമായ പാപസിദ്ധാന്തത്തെയും ക്രിസ്തുവിന്റെ പാപപരിഹാരബലിയെയും കുറിച്ച് അദ്ദേഹം വിശദമായിത്തന്നെ സംസാരിച്ചു. അതിന്നു ശേഷമാണ് ഞാൻ നടേ പറഞ്ഞ സംശയമുന്നയിച്ചത്.

ത്രിത്വത്തെക്കുറിച്ച എന്റെ ചോദ്യത്തിന് അദ്ദേഹം ആവേശപൂർവ്വം മറുപടി പറയാൻ തുടങ്ങി.

“മനസ്സിലാക്കാൻ അല്പം വിഷമമുള്ളതാണ് ത്രിത്വസിദ്ധാന്തമെന്നത് ശരിയാണ്. എന്നാൽ യുക്തിക്ക് വിരുദ്ധമൊന്നുമല്ല അത്. പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരേ ദൈവത്തിന്റെ മൂന്ന് ആളത്വങ്ങളാണ്. അവർ മൂന്ന് പേരല്ല, മൂന്ന് വ്യക്തിത്വങ്ങൾ മാത്രം. മൂന്ന് പേർ കൂടിച്ചേർന്ന ഏകദൈവമല്ല; മൂന്ന് പേരും സ്വതന്ത്രരായ എന്നാൽ സത്തയിൽ ഒന്നായ ഏകദൈവം. പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകദൈവത്തിലെ മൂന്ന് വ്യക്തിത്വങ്ങളാണ്, അല്ലാതെ മൂന്ന് ദൈവങ്ങളല്ല. 1+ 1+ 1 = 3 എന്ന സമവാക്യം വെച്ചുകൊണ്ട് താരതമ്യത്തിന് ശ്രമിക്കുന്നത് കൊണ്ടാണ് ത്രിത്വം മനസ്സിലാക്കാൻ കഴിയാത്തത്. ഇവിടുത്തെ സമവാക്യം 1X 1X 1 = 1 ആണ്. മൂന്ന് ഒന്നുകളുണ്ടെങ്കിലും അവ ഗുണിച്ചാൽ ഒന്ന് തന്നെ കിട്ടുന്നത് പോലെ മൂന്ന് വ്യക്തിത്വങ്ങളുണ്ടെങ്കിലും ദൈവം യഥാർത്ഥത്തിൽ ഒന്ന് തന്നെയാണ്”.

ഗണിതമുപയോഗിച്ച് ത്രിത്വത്തെ സമർത്ഥിക്കാനായിരുന്നു പാസ്റ്ററുടെ ആദ്യത്തെ ശ്രമം; ഫിൻലെയുടെ പുസ്തകത്തിലെ അതേ വാദം. അദ്ദേഹം പറഞ്ഞതെല്ലാം സൗമ്യമായിരുന്ന് കേട്ടതിന് ശേഷം ഇങ്ങനെയാണ് പ്രതിവചിച്ചത്:

“പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്ന് വ്യക്തികളാണെങ്കിൽ 1X 1X 1 = 1 എന്ന സമവാക്യം എങ്ങനെയാണ് ശരിയാവുക? ഒന്നിനെ മുപ്പത്തി മുക്കോടി തവണ ഒന്നുകൊണ്ട് ഗുണിച്ചാലും ഒന്ന് തന്നെയല്ലേ ലഭിക്കുക? അങ്ങനെയൊരു സമവാക്യമുണ്ടാക്കിക്കൊണ്ട് മുപ്പത്തി മുക്കോടി ദൈവങ്ങളും ഏകദൈവം തന്നെയാണെന്ന് ഒരു ഹിന്ദു വാദിച്ചാൽ അതിനെങ്ങനെ പാസ്റ്റർ മറുപടി പറയും?”

“ഹിന്ദുക്കളുടെ ദൈവങ്ങളെല്ലാം സ്വതന്ത്ര ദൈവങ്ങളാണ്. ത്രിത്വത്തിലെ മൂന്ന് വ്യക്തിത്വങ്ങളും ഒരേ ദൈവത്തിന്റെ വ്യത്യസ്ത ഭാവങ്ങളെയാണ് കുറിക്കുന്നത്. ഉദാഹരണത്തിന് വെള്ളത്തിന്റെ കാര്യമെടുക്കാം. രണ്ട് ഹൈഡ്രജൻ ആറ്റങ്ങളും ഒരു ഓക്സിജൻ ആറ്റവും കൂട്ടിച്ചേർന്നാണ് ജലത്തിന്റെ തന്മാത്ര ഉണ്ടായിരിക്കുന്നത്. ജലത്തെ H2O എന്നാണ് രസതന്ത്രത്തിൽ അടയാളപ്പെടുത്തുക. H2O ദ്രാവകരൂപത്തിലാകുമ്പോൾ അതിനെ നാം വെള്ളമെന്ന് വിളിക്കുന്നു; ഖരരൂപത്തിലാകുമ്പോൾ ഐസ് എന്നും വാതകരൂപത്തിലാകുമ്പോൾ നീരാവി എന്നുമാണ് വിളിക്കുക. ആദിമുതൽ ഉള്ള ദൈവത്തെ നാം പിതാവ് എന്നും അവൻ ഭൂമിയിലേക്ക് ഇറങ്ങി വന്നപ്പോൾ പുത്രനെന്നും പുത്രന്റെ ക്രൂശീകരണത്തിന് ശേഷം സഭയെ അവൻ വഴി നടത്തുമ്പോൾ പരിശുദ്ധാത്മാവ് എന്നും വിളിക്കുന്നുവെന്ന് മാത്രമേയുള്ളൂ. അവർ മൂന്ന് ദൈവങ്ങളല്ല. ഒരേ ദൈവത്തിന്റെ മൂന്ന് ഭാവങ്ങൾ മാത്രമാണ്.”

ത്രിയേകത്വത്തെ വിശദീകരിക്കാൻ പാസ്റ്റർ രസതന്ത്രത്തെ കൂട്ടുപിടിക്കുകയാണ്. ഒരു മറുചോദ്യം കൊണ്ടാണ് അതിനെ നേരിട്ടത്. “ദൈവത്തിന്റെ മൂന്ന് അവസ്ഥകളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവുമെങ്കിൽ പിതാവിനെ പുത്രനായും പുത്രനെ പരിശുദ്ധാത്മാവായും പരിശുദ്ധാത്മാവിനെ പിതാവായുമെല്ലാം മാറ്റാൻ കഴിയേണ്ടതല്ലേ? അതിന്ന് കഴിയുമോ? ദ്രാവകജലത്തെ തണുപ്പിച്ചാൽ ഐസും ചൂടാക്കിയാൽ നീരാവിയുമാകുമല്ലോ. പിതാവിനെ എന്ത് ചെയ്താലാണ് പുത്രനാക്കാൻ കഴിയുക?! മാത്രവുമല്ല, ഇതേ ഉദാഹരണമുപയോഗിച്ച് ദൈവത്തിൽ നാല് വ്യക്തിത്വങ്ങളുണ്ടെന്ന് സ്ഥാപിക്കുവാനും കഴിയും. ആധുനികഭൗതികം പറയുന്നത് ദ്രവ്യത്തിന് നാല് അവസ്ഥകളുണ്ടെന്നാണ്. സാധാരണ അനുഭവത്തിലുള്ള ഖരം, ദ്രാവകം, വാതകം എന്നിവ കൂടാതെ പ്ലാസ്മ എന്ന അവസ്ഥയിൽ കൂടി ദ്രവ്യം സ്ഥിതി ചെയ്യുന്നുണ്ട്. ദൃശ്യപ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെ 99 ശതമാനവും പ്ലാസ്മയായാണ് നിലനിൽക്കുന്നത്. ഇതിന്റെ വെളിച്ചത്തിൽ ദൈവത്തിൽ നാല് വ്യക്തിത്വങ്ങളുണ്ടെന്ന് ആരെങ്കിലും സ്ഥാപിക്കാൻ ശ്രമിച്ചാൽ നിങ്ങൾ സമ്മതിക്കുമോ?

“അങ്ങനെയല്ല ഞാൻ പറഞ്ഞത്. നിങ്ങൾ ചിന്തിച്ചു നോക്കുക. ഏതൊരു വസ്തുവെടുത്താലും അതിന്ന് നീളം, വീതി, ഉയരം എന്നിങ്ങനെ മൂന്ന് മാനങ്ങളുണ്ടാവും. ഒന്നിനെ മറ്റൊന്നിൽ നിന്ന് വേർപെടുത്താൻ കഴിയാത്ത മാനങ്ങളാണിവ. നീളത്തെ വീതിയിൽ നിന്നോ വീതിയെ ഉയരത്തിൽ നിന്നോ മാറ്റിനിർത്തി വ്യവഹരിക്കാൻ കഴിയില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരേ ദൈവത്തിന്റെ മൂന്ന് മാനങ്ങളാണെന്ന് പറയാം. പിതാവില്ലാതെ പുത്രനില്ല. പുത്രനില്ലാതെ പരിശുദ്ധാത്മാവില്ല. മൂന്ന് പേരും ചേർന്നതാണ് ഏകദൈവം. എന്നാൽ മൂന്ന് പേരും സ്വതന്ത്രരാണ്. നീളം വീതിയോ വീതി ഉയരമോ അല്ലല്ലോ !?”

ഭൗതികശാസ്ത്രമുപയോഗിച്ചും പാസ്റ്റർ ത്രിത്വവിശദീകരണത്തിന് ശ്രമിച്ചുനോക്കി. നീളവും വീതിയും ഉയരവുമായി ത്രിത്വസിദ്ധാന്തത്തെ താരതമ്യം ചെയ്യുന്ന അദ്ദേഹത്തിന്റെ വിശദീകരണം കേട്ടപ്പോൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന അബ്ദുൽ ഗഫൂർ സാറിന്റെ ആധുനികഭൗതികത്തിന്റെ (modern physics) ക്ലാസാണ് ഓർമ്മ വന്നത്. ആപേക്ഷികതാസിദ്ധാന്തം അന്ന് കാര്യമായൊന്നും മനസ്സിലായിരുന്നില്ലെങ്കിലും അതിലെ സങ്കേതങ്ങളുപയോഗിച്ച് തന്നെ പാസ്റ്ററുടെ വാദങ്ങളെ നേരിടാമെന്ന് എനിക്ക് തോന്നി. ബൈബിൾ ഒരു തവണയെങ്കിലും വായിച്ച ആർക്കും തന്നെ തന്റെ വിശദീകരണം ബോധിക്കുകയില്ലെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് മറുപടിയെന്ന നിലയിൽ ചെയ്തത്.

“എന്തൊക്കെയാണ് പാസ്റ്റർ പറയുന്നത് ?!! പുതിയ നിയമം വായിച്ചാൽ തന്നെ പാസ്റ്ററുടെ ഈ വ്യാഖ്യാനം അടിസ്ഥാനമില്ലാത്തതാണെന്ന് മനസ്സിലാകും. അവിടെ യേശുവിനെ നാം കാണുന്നത് പിതാവിനോട് പ്രാർത്ഥിക്കുന്നവനായാണ്. പിതാവ് പൂർണനായ ദൈവമാണെന്ന് തന്നെയാണെന്നാണല്ലോ അതിനർത്ഥം. കന്യാമറിയത്തിൽ നിന്ന് യേശു ഉണ്ടാകുന്നത് വരെ പുത്രനായ ദൈവം ഉണ്ടായിരുന്നില്ല. അന്ന് വീതിയില്ലാതെയാണ് നീളവും ഉയരവുമെല്ലാം നിലനിന്നത് എന്ന് പറയേണ്ടി വരും. യേശുവിന് മുമ്പ് ദൈവം പൂർണനായിരുന്നില്ലെന്നാണ് പാസ്റ്ററുടെ വ്യാഖ്യാനം അംഗീകരിച്ചാൽ വന്നുചേരുക. മാത്രവുമല്ല, ഭൂമിയിലുള്ള വസ്തുക്കളുടെ മൂന്ന് മാനങ്ങളോട് ത്രിത്വത്തെ സമീകരിച്ചാൽ പ്രപഞ്ചം തന്നെ നിലനിൽക്കുന്നത് നാല് മാനങ്ങളിലായാണ് എന്ന ഐൻസ്റ്റീനിന്റെ ആപേക്ഷികതാസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ദൈവത്തിൽ നാല് വ്യക്തിത്വങ്ങളുണ്ടെന്ന് ആരെങ്കിലും സമർഥിച്ചാൽ അതും അംഗീകരിക്കേണ്ടി വരികയില്ലേ? നാലിലധികം മാനങ്ങളുള്ളതായുള്ള പാക്കിസ്ഥാനി ഭൗതികശാസ്ത്രഞാനായ അബ്ദുൽ സലാമിന്റെ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ദൈവവ്യക്തിത്വങ്ങളെയും സമർത്ഥിക്കാമല്ലോ?!! അതെല്ലാം താങ്കൾ അംഗീകരിക്കുമോ?”

“നാലും അതിലധികവുമുള്ള മാനങ്ങളൊന്നും നമ്മുടെ അനുഭവത്തിലുള്ളതല്ലല്ലോ. അനുഭവത്തിലുള്ള എല്ലാ കാര്യങ്ങളിലും മൂന്ന് ഒന്നായത് നമുക്ക് കാണാൻ കഴിയുന്നുണ്ട്. ഉദാഹരണത്തിന് ദ്രവ്യത്തിന്റെ ഏറ്റവും മൗലികമായ കണമായ ആറ്റത്തെയെടുക്കുക. അതിൽ ഇലക്ട്രോണും പ്രോട്ടോണും ന്യൂട്രോണുമുണ്ട്. അതേപോലെ മനുഷ്യനിൽ ശരീരവും ആത്മാവും മനസ്സുമുണ്ട്. ഇതേപോലെ ഒരേയൊരു ദൈവത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും സ്ഥിതി ചെയ്യുന്നു. അതാണ് ഞങ്ങളുടെ വിശ്വാസം.”

നീൽസ് ബോറിന്റെ ആറ്റം മാതൃക പ്രചാരത്തിലായതു മുതൽ ചില ക്രിസ്ത്യൻ അപ്പോളജറ്റിക്കുകൾ ഉപയോഗിക്കുന്ന താരതമ്യം പാസ്റ്റർ കടമെടുത്തവതരിപ്പിച്ചു. എനിക്ക് ഏറ്റവുമധികം ഇഷ്ടമുള്ള ശാസ്ത്രവിഷയങ്ങളിലൊന്നാണ് അദ്ദേഹം എടുത്തതെന്നതിനാൽ തന്നെ അതിന്ന് മറുപടി പറയുക എളുപ്പമായിരുന്നു.

“ആറ്റത്തെ ദൈവത്തോടുപമിച്ചാൽ കൂടുതൽ സങ്കീർണ്ണതയിലേക്കാണ് പാസ്റ്റർ ചെന്നെത്തുക. ഒന്നാമതായി പ്രോട്ടോണും ഇലക്ട്രോണും ന്യൂട്രോണും ഒന്നിക്കുമ്പോൾ മാത്രമാണ് ആറ്റമായിത്തീരുക. പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നിക്കുമ്പോൾ മാത്രമാണ് ദൈവമായിത്തീരുക എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ യേശുവിന് മുമ്പ് ദൈവം ദൈവമായിരുന്നില്ലെന്ന് സമ്മതിക്കേണ്ടി വരും. പ്രോട്ടോണും ഇലക്ട്രോണും ന്യൂട്രോണും മാത്രമല്ല മൗലികകങ്ങൾ എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ന്യൂട്രിനോകളെയും മീസോണുകളെയുമെല്ലാം കുറിച്ച പഠനങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ കൂടുതൽ വ്യക്തിത്വങ്ങൾ ദൈവത്തിലുണ്ടെന്ന് വാദിച്ചാൽ നിങ്ങൾ എങ്ങനെയാണ് അതിനോട് പ്രതികരിക്കുക?! മനുഷ്യനിലെ ശരീരത്തെയും ആത്മാവിനേയും മനസ്സിനെയും പോലെയാണ് ത്രിത്വത്തിലെ മൂന്ന് വ്യക്തിത്വങ്ങൾ എന്ന് പറഞ്ഞാലും പ്രശ്നം സങ്കീർണ്ണമാവുക മാത്രമേയുള്ളൂ. യേശുവിന് മുമ്പ് ദൈവം ആത്മാവില്ലാത്ത ജഡം മാത്രമായിരുന്നുവെന്ന് സ്ഥാപിക്കേണ്ട അവസ്ഥയാണ് അതുമൂലം വന്നുചേരുക”

ത്രിത്വത്തെ യുക്തിയുപയോഗിച്ച് സ്ഥാപിക്കുവാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ ഈ വിഷയത്തിലുള്ള ചോദ്യങ്ങളെയെല്ലാം പ്രതിരോധിക്കാനായി സെമിനാരിവിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കാറുള്ള കഥ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് പാസ്റ്റർ ചെയ്‌തത്. അദ്ദേഹം പറഞ്ഞു:

“സെന്റ് അഗസ്റ്റിനെക്കുറിച്ച കഥയാണ് ഇപ്പോൾ എനിക്ക് ഓർമ്മ വരുന്നത്. ത്രിത്വത്തിന്റെ പൊരുൾ തേടി അദ്ദേഹം യാത്ര ചെയ്ത ഒരു കഥയുണ്ട്. ഒരു ദിവസം കടൽ തീരത്ത് കൂടി നടക്കുമ്പോൾ അദ്ദേഹം ഒരു കാഴ്ച കണ്ടു. മണലിലൊരു കുഴി കുഴിച്ച് കടലിൽ നിന്ന് കൈകുമ്പിളിൽ വെള്ളമെടുത്ത് അതിൽ നിറച്ചുകൊണ്ടിരിക്കുന്ന ഒരു ബാലനെയാണ് അദ്ദേഹം കണ്ടത്. “മോനേ… നീ എന്താണ് ചെയ്യുന്നത്?” അദ്ദേഹം ചോദിച്ചു: “ഈ കടലിലെ വെള്ളം മുഴുവനും ഞാൻ ഈ കുഴിയിലേക്ക് നിറയ്ക്കുകയാണ്” ബാലൻ മറുപടി പറഞ്ഞു. “ഈ മഹാസാഗരത്തിലെ വെള്ളം മുഴുവനുമായി ഈ ചെറിയ കുഴിയിൽ നിറക്കുകയോ?!! തികച്ചും അസാധ്യം. ആർക്കും കഴിയാത്ത കാര്യത്തിന് വേണ്ടി എന്തിനാണ് വെറുതെ നീ സമയം ചെലവഴിക്കുന്നത്?” വിശുദ്ധന്റെ ചോദ്യത്തിന് ബാലൻ മറുപടി പറഞ്ഞത് ഇങ്ങനെയാണ്: “താങ്കൾ പൊരുൾ തേടി അലയുന്ന സങ്കല്പത്തിന്റെ യാഥാർഥ്യം മനസ്സിലാക്കൽ ഇതിനേക്കാൾ ദുർഘടമാണ്.” ഇതാണ് ത്രിത്വത്തിന്റെ അവസ്ഥ. അതിന്റെ പൊരുൾ മനസ്സിലാക്കാൻ കഴിയില്ല. ഒരു വേദപുസ്തകസത്യമായതിനാലാണ് ഞങ്ങളെല്ലാം അതിൽ വിശ്വസിക്കുന്നത്. ബൈബിൾ വായിച്ചാൽ ത്രിത്വം സത്യമാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെടും”.

യുക്തിയുപയോഗിച്ച് ത്രിയേകത്വത്തെ വിശദീകരിക്കുവാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് സെമിനാരിക്കഥ പറഞ്ഞുകൊണ്ട് സംവാദം അവസാനിപ്പിക്കാമെന്ന് പാസ്റ്റർ കരുതിയത്. എന്നാൽ അവിടെ നിർത്തുവാനായിരുന്നില്ല ഞങ്ങൾ അദ്ദേഹത്തിനടുത്തേക്ക് പോയത്. ആ സ്വകാര്യസംവാദത്തിന് പോയത് കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു. അതുകൊണ്ട് തന്നെ കഥ കേട്ട് തിരിച്ചുപോരുകയല്ല ഞങ്ങൾ ചെയ്തത്. പാസ്റ്റർ കഥ പറഞ്ഞുകഴിഞ്ഞപ്പോൾ ആ സ്വകാര്യസംവാദം അടുത്ത ഘട്ടത്തിലേക്ക് കടന്നു; ബൈബിളുപയോഗിച്ചുള്ള സംവാദം. അപ്പോൾ മുതൽ സംവാദത്തിന്റെ മാനദണ്ഡം വേദപുസ്തകമായി ക്രൈസ്തവർ പരിഗണിക്കുന്ന ബൈബിളായിത്തീരുകയായിരുന്നു. ബൈബിളുപയോഗിച്ച് നടത്തിയ ആദ്യത്തെ സംവാദത്തിലേക്കുള്ള വാതിൽ തുറന്നത് പാസ്റ്റർ തന്നെയായിയുന്നു; ‘രോഗി ഇഛിച്ചതും വൈദ്യർ കല്പിച്ചതും പാൽ’. ഞാൻ ആഗ്രഹിച്ചത് അത്തരമൊരു സംവാദത്തിന് വാതിൽ തുറക്കണമെന്ന് തന്നെയായിരുന്നു.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • Pls continue at the earliest

    Shihabudeen Thangal 01.11.2023

Leave a comment

Your email address will not be published.