ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -15

//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -15
//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -15
ആനുകാലികം

ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -15

ഈ വിഴുപ്പ്ഭാണ്ഡം താങ്ങി ഞങ്ങൾക്കു മടുത്തു…

“സ്ത്രീത്വത്തെ സമ്പൂർണമായി വരിച്ച ഒരു യഥാർത്ഥ സ്ത്രീയുടെ അത്ര, ഒരു പുരുഷനും ഒരിക്കലും ഫെമിനിസ വിരുദ്ധനല്ല.”
– ഫ്രാങ്ക് ഒ’കോണർ

പുരുഷാവകാശ വാദികളുടെ സാമൂഹിക പ്രസ്ഥാനമായ ‘Red pill movement’ പാശ്ചാത്യ ലോകത്തെ പിടിച്ചു കുലുക്കുന്നു. ലിബറലുകളും ഫെമിനിസ്റ്റുകളും കലക്കിയ വെള്ളത്തിൽ മീൻപിടിക്കുന്നത് പാട്രിയാർക്കിയുടെ പുരുഷ മൂർത്തികളാണ്. ലൈംഗിക സ്വാതന്ത്ര്യം, ലിംഗത്വ നിർഭാഢനം, ലിംഗസമത്വം എന്നിവയുടെ പേരിൽ ആന കരിമ്പ് തോട്ടത്തിൽ കയറി നിരങ്ങി പാശ്ചാത്യ ലോകത്തെ സാമൂഹിക മൂല്യങ്ങളും ലിംഗത്വ സന്തുലിതാവസ്ഥയും തകർത്ത് തരിപ്പണമാക്കി. വിവാഹം, കുടുംബം, സ്ത്രീ, പുരുഷൻ എന്നീ വസ്തുതകളെയെല്ലാം അർത്ഥശൂന്യമാക്കി. ഫലമൊ ? ലിബറൽ, ഫെമിനിസ്റ്റ് ആശയങ്ങളോടുള്ള രോഷവും പ്രതിഷേധവും പാശ്ചാത്യ സമൂഹത്തിൽ പതഞ്ഞ് പൊന്തുകയാണ്. ഒപ്പം പരമ്പരാഗത ജീവിത രീതികളോടും മൂല്യങ്ങളോടും, അവയെ മുറുകെ പിടിക്കുന്ന പ്രത്യയ ശാസ്ത്രങ്ങളോടും ആദർശങ്ങളോടും പാശ്ചാത്യ സമൂഹങ്ങളിൽ കൗതുകം വളർന്നു പരക്കുന്നു.

അമേരിക്കൻ-ബ്രിടിഷ് മാധ്യമ വ്യക്തിത്വവും, പ്രൊഫഷണൽ കിക്ക് ബോക്സറുമായ, ആണ്ട്രൂ ടെയ്റ്റ് ഇസ്‌ലാം മതമാശ്ലേഷിച്ചു. “പരമ്പരാഗത ലിംഗത്വ ദൗത്യങ്ങളും കർത്തവ്യങ്ങളും കുടുംബ ജീവിതവും മൂല്യങ്ങളും മുറുകെ പിടിച്ച് ഇപ്പോഴും നട്ടെല്ലോടെ നിലകൊള്ളുന്ന അവസാനത്തെ മതം ഇസ്‌ലാം ആണെന്ന”താണ് ഇസ്‌ലാമിലേക്ക് ആകർഷിക്കാനുള്ള കാരണമെന്നാണ് ആണ്ട്രൂ ടെയ്റ്റ് വാദിക്കുന്നത്. ടെയ്റ്റിന്റെ അതിരുകവിഞ്ഞ സ്ത്രീ വിരുദ്ധതയും നാർസിസിസത്തിലധിഷ്ടിതമായ ജീവിത വീക്ഷണം ഇസ്‌ലാമിന്റെതല്ല എന്ന് പ്രത്യേകം പറയട്ടെ. ടെയ്റ്റിലൂടെയും അയാളുടെ ദശലക്ഷകണക്കിന് ഫാനുകളികളിലൂടെയും നാം ഇവിടെ തെളിയിക്കാൻ ഉദ്ദേശിക്കുന്നത്, പാശ്ചാത്യ സമൂഹത്തിൽ ലിബറൽ, ഫെമിനിസ്റ്റ് ആശയങ്ങളോടുള്ള പ്രതിഷേധവും, സാമ്പ്രദായിക ജീവിത രീതികളോടും കുടുംബ മൂല്യങ്ങളോടുള്ള ആകർഷത്വവുമാണ്.

മൊറോക്കൻ ഫുഡ്ബോൾ താരവും റയൽ മാഡ്രിഡ് കളിക്കാരനുമായ അഷ്റഫ് ഹകിമിയുടെ കുടുംബമൂല്യങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായ ചർച്ചക്ക് വിധേയമായിരുന്നു. വിവാഹ മോചനത്തിലൂടെ അയാളുടെ ധനം സ്വന്തമാക്കാൻ ശ്രമിച്ച ഭാര്യയും, വിവാഹ മോചന കേസുമായി ബന്ധപ്പെട്ട വടംവലികൾ പിന്തുടർന്നിരുന്ന ജനങ്ങളും, സ്വന്തമായി അയാൾ ഒരു പൈസ പോലും അധീനപ്പെടുത്തുന്നില്ല എന്നതറിഞ്ഞ് അത്ഭുതപരതന്ത്രരായി. അയാളുടെ 24 ദശലക്ഷം യു.എസ് ഡോളർ ഉടമപ്പെടുത്തുന്നത് അയാളുടെ ഉമ്മയാണ്. ഉമ്മയും മകനും തമ്മിലുള്ള ഈ ഊഷ്മളമായ ഗാഡബന്ധവും പരസ്പര വിശ്വാസവും പാശ്ചാത്യ ലോകത്തെ കൊതിപ്പിക്കുന്നു.

യു.എഫ്.സി ലൈറ്റ് വെയ്റ്റ് ചാമ്പ്യനായ ഖബീബ് നുർമഗോമെഡോവ്, മുതിർന്നവരോടും സ്വകുടുംബത്തോടും പുലർത്തുന്ന ആദരവും സ്നേഹവും ലോകത്തെ മുഴുവൻ ഹഢാദാകർഷിക്കുന്നു.

അദ്ദേഹത്തെയും ആണ്ട്രൂ ടെയ്റ്റിനെയും പിന്നാലെ കെവിൻ ലീ, റോഡ്രിഗോ നാസിമെന്റോ ഫെരേര, വിൽഹെം ഒട്ടി തുടങ്ങി നിരവധി കായിക പ്രതിഭകൾ ഇസ്‌ലാം ആശ്ലേഷിക്കുകയുണ്ടായി. സർവ്വരും ഇസ്‌ലാം മതത്തിന്റെ കർക്കശമായ കുടുംബ മൂല്യങ്ങളാലും അച്ചടക്കത്താലും ആകർഷിതമാണ്.

ഖബീബ് നുർമഗോമെഡോവിന്റെ കോച്ചായ ഹാവിയർ മേണ്ടെസ്, ആശ്ചര്യഭാവത്തോടെ വിശദീകരിക്കുന്നു:

“മദ്യപിച്ചും പെണ്ണ് പിടിച്ചും അവർ ഒരിക്കലും ഒരു വിജയവും ആഘോഷിക്കാറില്ല. അവർ സമ്പൂർണ മുസ്‌ലിംകളാണെന്ന് നിങ്ങൾ മനസ്സിലാക്കണം. എന്റെ ജീവിതത്തിലുടനീളം ഞാൻ കണ്ടുമുട്ടിയ ഏറ്റവും വിശ്വസ്തരും ആദരണീയരുമായ കായിക താരങ്ങളാണ് അവർ. 10 വർഷമായി ഖബീബ് എന്റെ കൂടെയുണ്ട്. ഒരിക്കൽ പോലും അവൻ എന്നോട് അനാദരവ് കാണിച്ചിട്ടില്ല… അവരുടെ സംസ്‌കാരവും വ്യക്തിത്വവും തുല്യതയില്ലാത്ത വിധം മികച്ചതാണ്. മുതിർന്നവരോട് അവർക്കുള്ള ബഹുമാനം മാതൃകാപരമാണ് ”

“തന്റെ ലിമോസിനിൽ (കാറിൽ) മുൻ സീറ്റിൽ ഖബീബ് എപ്പോഴും മുതിർന്നവരെ ഇരുത്തുമായിരുന്നു. ഇപ്പോൾ അത് ഞാനാണ്, പക്ഷേ അവന്റെ പിതാവ് മരിക്കുന്നതിന് മുമ്പ്, ഖബീബ് എല്ലായ്‌പ്പോഴും പിതാവിനെ മുൻ സീറ്റിൽ ഇരുത്തുമായിരുന്നു,” മെൻഡസ് തുടർന്നു.

ഫൈവ് സ്റ്റാർ ഹോട്ടലിലെ ഏറ്റവും നല്ല മുറിയും കിടക്കയും ജ്യേഷ്ടന് നൽകി മറ്റെവിടെയെങ്കിലും കിടക്കുകയാണ് ഖബീബ് നുർമഗോമെഡോവിന്റെ പതിവ്.”
(https://firstsportz.com/ufc-news-coach-reveals-the-heartening-story-of-khabib-nurmagomedov-offering-premiere-seat-in-luxury-limousine/ )

പുരുഷൻമാർക്ക് പുറമെ പാശ്ചാത്യൻ സ്ത്രീകൾക്കും ലിബറൽ – ഫെമിനിസ്റ്റ് ആശയങ്ങളും സംസ്കാരവും മടുത്തു തുടങ്ങി. സാംസ്കാരിക പൈതൃകങ്ങളെയും പരമ്പരാഗത മൂല്യങ്ങളെയും തിരിച്ചു പിടിക്കാനുള്ള സമര കാഹളങ്ങൾ മുഴങ്ങുകയാണവിടെ. ഞങ്ങൾക്ക് വിവാഹം കഴിക്കണം, കുഞ്ഞുങ്ങൾ വേണം, കുടുംബമായി സന്തോഷത്തോടെ ജീവിക്കണം, ഗൃഹസ്ഥജീവിതത്തിന്റെ ആനന്ദങ്ങൾ തിരിച്ചു കിട്ടണം. ആണ് ആണായും പെണ്ണ് പെണ്ണായും പാരസ്പര്യത്തോടെ ജീവിക്കുന്ന ഒരുമയുടേയും സ്നേഹത്തിന്റെയും മനുഷ്യതറവാട്ടിലേക്ക് മടങ്ങി പോകണം. നാലാം തരംഗ ഫെമിനിസത്തിന്റെ തുടക്കവും ഒടുക്കവും നിർണയിക്കുന്നതിനെ സമ്പന്ധിച്ച സംവാദ ഒലികൾ നിലക്കും മുമ്പേ അഞ്ചാം തരംഗ ഫെമിനിസം പോലെ ഉയർന്നു പൊങ്ങുന്ന സ്ത്രീ അലമുറകളിൽ മുഴങ്ങുന്ന പരമ്പരാഗത ലിംഗത്വ കർത്തവ്യങ്ങളോടും മൂല്യങ്ങളോടുമുള്ള ഗൃഹാതുരത്വമാണ്:

കരോലിൻ ഗ്രാഗ്ലിയ (Domestic Tranquility: A Brief Against Feminism ഗാർഹിക ജീവിത സന്തോഷം: ഫെമിനിസത്തിനെതിരായ ഒരു സംക്ഷിപ്തം)

ഡാനിയേൽ ക്രിറ്റെൻഡൻ (What Our Mothers Didn’t Tell us: Why Happiness Eludes the Modern Woman നമ്മുടെ അമ്മമാർ നമ്മളോട് പറയാത്തത്: എന്തുകൊണ്ടാണ് സന്തോഷം ആധുനിക സ്ത്രീകളിൽ നിന്നും ഓടി പോകുന്നത്)

മെലാനി ഫിലിപ്സ് (The Sex change Society: Feminised Britain and the Neutered Male ലിംഗമാറ്റങ്ങളുടെ സമൂഹം: സ്ത്രീവൽക്കരിക്കപ്പെട്ട ബ്രിട്ടനും ലിംഗത്വരഹിത പുരുഷന്മാരും.)

ജീൻ എൽഷ്‌ടൈൻ (Public Man, Private Women പൊതു പുരുഷൻ, സ്വകാര്യ സ്ത്രീകൾ)

മൗറീൻ ഫ്രീലി (What about Us? An Open Letter to the Mothers Feminism Forgot അപ്പോൾ നമ്മളെ കുറച്ച് എന്താണ് പറയാനുള്ളത്? ഫെമിനിസം മറന്ന അമ്മമാർക്കുള്ള ഒരു തുറന്ന കത്ത്.)

എലിസബത്ത് പെർലെ മക്കെന്ന (When Work Doesn’t Work Anymore: Women, Work and Identity ജോലി പണിമുടക്കുമ്പോൾ പിന്നെയെന്ത്: സ്ത്രീ, ജോലി, വ്യക്തിത്വം)

എന്നിങ്ങനെ വ്യത്യസ്ത തലമുറകളിലെ, പല പ്രായക്കാരായ വനിതാ ബുദ്ധിജീവികളും അക്കാഡമിഷന്മാരും ഇപ്പോൾ (ലിംഗസമത്വ) ഫെമിനിസ്റ്റ് ആധിപത്യത്തെ വെല്ലുവിളിക്കുകയാണ്…

പാശ്ചാത്യ സമൂഹം പേറി നടന്നു കുഴഞ്ഞ വിഴുപ്പ്ഭാണ്ഡം താങ്ങാനുള്ള തദ്രപാടിലാണ് ഇപ്പോൾ, അനുകരണ ഭ്രമക്കാരായ നമ്മുടെ നാട്ടുകാർ.

അവസാനിച്ചു

print

1 Comment

  • جزاك اللهُ خيراً‎

    arshad 15.11.2023

Leave a comment

Your email address will not be published.