നബിചരിത്രത്തിന്റെ ഓരത്ത് -52

//നബിചരിത്രത്തിന്റെ ഓരത്ത് -52
//നബിചരിത്രത്തിന്റെ ഓരത്ത് -52
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -52

ചരിത്രാസ്വാദനം

സോദരർ

പീഡനങ്ങളിൽ നിന്നും പരിഹാസങ്ങളിൽ നിന്നും ഒറ്റപ്പെടുത്തലിൽ നിന്നുമുള്ള മുക്തി മാത്രമല്ല ഹിജ്‌റ; സാമൂഹ്യജീവതത്തിന്റെ പുനഃസംരചനയാണത് ലക്ഷ്യം വെക്കുന്നത്. ഏകദൈവവിശ്വാസത്തിന്റെ അടിസ്ഥാനശിലയിലൂന്നിയുള്ള നവസമൂഹത്തിന്റെ നിർമ്മിതിക്കായുള്ള ഊടും പാവും നെയ്യുകയാണ് പ്രവാചകനും അനുചരന്മാരും ഇനിയങ്ങോട്ട്.

യസ്‌രിബ് എന്ന പ്രാചീന നഗരത്തില്‍ ഇനിയൊരിക്കലും ആഭ്യന്തരകലഹങ്ങള്‍ ഉടലെടുക്കുകയില്ലെന്ന് തോന്നിച്ച ഉടമ്പടിയെ തുടക്കത്തില്‍ യഹൂദർ ഒന്നടങ്കം സ്വാഗതം ചെയ്തു. അത്തരം ഒരാഭ്യന്തര കലാപംകൊണ്ട് പുതിയ സാഹചര്യങ്ങളില്‍ അവര്‍ക്ക് ഒന്നും നേടാനുണ്ടായിരുന്നില്ല. ഇനിയുള്ള കാലം മദീനയിലെ സാംസ്‌കാരിക വൈവിധ്യങ്ങളൾക്കിടയിലൂടെയുള്ള സഹവര്‍ത്തിത്വം കൊണ്ടേ തങ്ങള്‍ക്ക് രക്ഷയുള്ളൂ എന്നവർ മനസ്സിലാക്കി. ഔസും ഖസ്‌റജും മുഹമ്മദിന്റെ പുതിയ മതത്തിന്റെ കൊടിക്കൂറക്ക് കീഴില്‍ ഒന്നിച്ചണിനിരന്ന സ്ഥിതിക്ക് അവര്‍ക്കാര്‍ക്കും ഒരു സഖ്യകക്ഷിയുടെ ആവശ്യമില്ല. അഥവാ, തങ്ങളോട് സഹായം തേടേണ്ട ദരിദ്രാവസ്ഥയിലല്ല അവരിപ്പോള്‍. ഒരുവേള, ഇരുകൂട്ടരും യോജിച്ച് തങ്ങള്‍ക്കെതിരെ നിലയുറപ്പിച്ചാല്‍ അത് മദീനയിലെ യഹൂദരുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായിത്തീരും. കൂടുതലൊന്നും ഉള്ളകങ്ങള്‍ ചികയാതെ കരാറിനെ സ്വാഗതം ചെയ്യാന്‍ യസ്‌രിബിലെ യഹൂദരെ പ്രേരിപ്പിച്ച ഘടകം ഇതായിരിക്കണം.

അതേസമയം, യസ്‌രിബിലെ അറബികള്‍ക്ക് വര്‍ണനാതീതമായ ശക്തിയാണ് ഉടമ്പടി പ്രദാനം ചെയ്തത്. ബനൂകൈനുകാഅ് എന്ന യഹൂദ ഗോത്രത്തിലെ പ്രായം ചെന്നൊരു രാഷ്ട്രീയക്കാരന് – അറബി ഗോത്രങ്ങളെ തമ്മിലടിപ്പിച്ച് ഇരുകൂട്ടർക്കും ആയുധമെത്തിച്ചു കൊടുത്ത് ലാഭം കൊയ്യുകയാണ് അയാളുടെ ജീവിതമാര്‍ഗം-ഔസിന്റെയും ഖസ്‌റജിന്റെയും ഇടയില്‍ നിലവില്‍വന്ന സൗഹൃദം ഒട്ടും ഇഷ്ടപ്പെട്ടില്ല. അതീവ നിരാശനായാണ് ഷഅസ് ബിൻ കയ്സ്-അതാണയാളുടെ പേര്-കാണപ്പെട്ടത്. ഉറച്ചുവരുന്ന സൗഹൃദം ഉടച്ചുകളയാൻ അയാളുടെ കുടിലബുദ്ധിയിൽ വഴിതെളിഞ്ഞു. തന്റെ ഗോത്രത്തിലെ ശബ്ദമാധുരിയുള്ള ഒരു ചെറുപ്പക്കാരനെ വിളിച്ചുവരുത്തി അയാള്‍ക്ക് ചില നിർദ്ദേശങ്ങള്‍ നല്‍കി. അന്‍സാറുകള്‍ കൂടിയിരിക്കുന്നേടത്ത് ചെന്ന് എതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഔസുകാര്‍ക്കും ഖസ്‌റജുകാര്‍ക്കുമിടയില്‍ നടന്ന രക്തരൂഷിതമായ ബുആസ് യുദ്ധകാലത്ത് പിറന്നുവീണ കവിതകള്‍ ചെറുപ്പക്കാരന്‍ ഈണത്തില്‍ പാടണം. യുദ്ധത്തിനു തൊട്ടുമുമ്പുള്ളതും അതിനു ശേഷമുള്ളതുമായ കവിതകളും അയാള്‍ പാടും. എന്തൊക്കെയാണാ സംഗ്രാമഗീതികളുടെ ഇതിവൃത്തമെന്നോ? ശത്രുഗോത്രത്തിനുനേരെ നീചമായ ഭാഷയിലുള്ള കടന്നാക്രമണങ്ങൾ, കഴിഞ്ഞകാലത്തെ ചെയ്തികളെ മഹത്വപ്പെടുത്തൽ, മരണപ്പെട്ടവര്‍ക്കു വേണ്ടി പാടിയ വിലാപകാവ്യങ്ങള്‍, പ്രതികാരം ചെയ്യുമെന്ന പ്രതിജ്ഞകള്‍…

യഹൂദി കാരണവര്‍ നിർദ്ദേശിച്ചതുപോലെ യുവാവ് പ്രവര്‍ത്തിച്ചു. എത്ര പെട്ടെന്നാണ് അവിടെ കൂടിയിരുന്ന മദീനക്കാരുടെ ശ്രദ്ധ അയാള്‍ ആകര്‍ഷിച്ചത്! വര്‍ത്തമാന കാലത്തിന്റെ സ്വച്ഛതയില്‍ നിന്ന് ഭൂതകാലത്തിന്റെ കലുഷതയിലേക്ക് ആ കവിതകള്‍ അവരെ ബലമായി പിടിച്ചുകൊണ്ടുപോയി. ശാന്തിയുടെ തീരമണഞ്ഞെന്നു തോന്നിച്ച യസ്‌രിബ് ജീവീതം വീണ്ടും അശാന്തിയുടെ നടുക്കടലിലേക്ക് വലിച്ചെറിയപ്പെടുകയാണോ?

ഔസുകാര്‍ തങ്ങളുടെ കവിതകള്‍ക്ക് പരിസരം മറന്ന് മൈതാനപിന്തുണ നല്‍കിയപ്പോള്‍ ഖസ്‌റജുകാര്‍ തങ്ങളുടെ ഊഴത്തിനുവേണ്ടി ക്ഷമകെട്ട് കാത്തിരുന്നു. ഭിന്നതയുടെയും വിഘടനത്തിന്റെയും കരിനാഗങ്ങള്‍ പതുക്കെ അവർക്കിടയിൽ അരിച്ചെത്തി. ഇപ്പോള്‍ ജൂതഗായകന്‍ ചിത്രത്തിലേയില്ല. ഔസുകാരും ഖസ്‌റജുകാരും മുഖത്തോടുമുഖംനിന്ന് പേശികള്‍ പെരുക്കി, മുഷ്ടിചുരുട്ടി പരസ്പരം കൊലവിളി നടത്തുകയാണ്. കഴിഞ്ഞ കാലത്തിന്റെ കൊഴിഞ്ഞുപോയ വ്യർത്ഥപ്രതാപങ്ങളെ ഉയര്‍ത്തിക്കാട്ടി പരസ്പരം അട്ടഹസിച്ചും തെറിവിളിച്ചും വക്കാണിച്ചും നില്‍ക്കെ അവര്‍ക്കിടയിലുള്ള നിലത്തിന്റെ ദൂരം കുറഞ്ഞു കുറഞ്ഞുവന്നു. ”ആയുധമെടുക്കൂ… ആയുധമെടുക്കൂ…” എവിടെ നിന്നെന്നില്ലാത്ത തമ്പേറടി ശബ്ങ്ങൾ അവരെ വര്‍ത്തമാനത്തിന്റെ പരുക്കന്‍ ഭൂമിയിലെത്തിച്ചു, അവര്‍ യുദ്ധത്തിനുള്ള മൈതാനംതേടി. ഇന്നലെക്കണ്ട സോദരത്വം മയാമരീചികപോലെ മാഞ്ഞുപോവുകയാണിന്ന്.

പ്രവാചകസന്നിധിയില്‍ വിവരമെത്താന്‍ അധിക സമയമെടുത്തില്ല. തന്റെ ചുറ്റുമുണ്ടായിരുന്ന മുഹാജിറുകളെ കൂട്ടി തിരുദൂതർ, ഇരുകൂട്ടരും ആക്രമണോത്സുകരായി ഞരമ്പുകള്‍ ത്രസിപ്പിച്ച് മുഖാമുഖം നില്‍ക്കുന്ന പോർക്കളത്തിലെത്തി, ഉറക്കെ വിളിച്ചുപറഞ്ഞു, ”മുസ്‌ലിംകളേ, അല്ലാഹു നിങ്ങളെ ഇസ്‌ലാമിലെത്തിച്ചു. അതുമുഖേന അവന്‍ നിങ്ങളെ ആദരിച്ചു. അങ്ങനെ നിങ്ങള്‍ അവിശ്വാസികളുടെ മാര്‍ഗത്തില്‍നിന്ന് തിരിഞ്ഞുനടന്നു. അവിശ്വാസത്തില്‍നിന്ന് അവന്‍ നിങ്ങളെ രക്ഷിക്കുകയും ചെയ്തു. നിങ്ങളുടെ ഹൃദയങ്ങളെ ഒന്നാക്കി. എന്നിട്ടും ജാഹിലീ കാലത്തെപ്പോലെ നിങ്ങള്‍ പ്രവര്‍ത്തിക്കുകയോ?” ആ നിമിഷം അവര്‍ നിശബ്ദരായി. അപ്പാഴാണ് പോയകാലത്തിന്റെ ലഘുത്വവും നടപ്പുകാലത്തിന്റെ ഗുരുത്വവും അവരെ കുലുക്കിയുണര്‍ത്തുന്നത്. തങ്ങള്‍ ജാഹിലിയ്യത്തിലേക്ക് വീണ്ടും കാല്‍തെന്നിവീണ നിമിഷത്തെയോര്‍ത്ത് അവര്‍ വിതുമ്പി, പരസ്പരം ആശ്ലേഷത്തിലമര്‍ന്നു. പ്രവാചകനോടൊപ്പം പട്ടണത്തിലേക്ക് തിരിച്ചു. അദ്ദേഹത്തിന്റെ ഓരോ വാക്കിനും ചെവികൊടുത്തു.

വിഷയത്തിലിറങ്ങിയ കുർആൻ സൂക്തം ഇങ്ങനെയായിരുന്നു, “ചോദിച്ചേക്കൂ, അല്ലാഹുവിന്റെ സൂക്തങ്ങളെ, വേദക്കാരേ, നിങ്ങളെന്തിനു നിഷേധിക്കുന്നു? നിങ്ങൾ ചെയ്തുകൂട്ടുന്നതിനെല്ലാം അല്ലാഹു സാക്ഷിയാണ്.”

ഇനിയും ചെറിയ പ്രകോപനങ്ങളിൽ തട്ടി സൗഭ്രാത്രവും ഐക്യവും തകർന്നുപോയിക്കൂടാ. വിശ്വാസികള്‍ തമ്മിലുള്ള ഐക്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കാനായി പ്രവാചകന്‍ ഒരു പുതിയ സന്ധിക്കു രൂപംനല്‍കി. അന്‍സാറുകള്‍ക്കും മുഹാജിറുകള്‍ക്കുമിടയില്‍ ശത്രുതയും ഛിദ്രതയും തലപൊക്കാതിരിക്കാന്‍ മുസ്‌ലിംകളെ പരസ്പരം സഹോദരന്മാരാക്കി നിശ്ചയിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. ഇതനുസരിച്ച് ഓരോ അന്‍സാരിയും ഒരു മുഹാജിറിനെ സഹോദരനായി സ്വീകരിക്കും. അന്‍സാരി സഹോദരനായി സ്വീകരിച്ച മുഹാജിറായിരിക്കും മറ്റേതു മുഹാജിറിനേക്കാളും അയാളോടടുപ്പമുള്ളയാള്‍. എന്നാല്‍ പ്രവാചകനെയും കുടുംബത്തെയും അതില്‍ നിന്നൊഴിവാക്കി. ഏതെങ്കിലുമൊരു കുടുംബത്തെ നബി തെരഞ്ഞെടുത്താൽ അത് പുതിയ പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തുമെന്ന് നബിയെപ്പോലെതന്നെ, അദ്ദേഹം കൂടിയാലോചനകള്‍ നടത്തിയ അബൂബക്‌റിനും ഉമറിനും തോന്നി. അതിനാല്‍ അദ്ദേഹം പിതൃവ്യപുത്രൻ അലിയുടെ കരംഗ്രഹിച്ചുകൊണ്ട് പറഞ്ഞു, ”ഇതാണെന്റെ സഹോദരന്‍.” തുടര്‍ന്ന് ഹംസയെ സെയ്ദിന്റെ സഹോദരനാക്കി.

ഔസിലും ഖസ്‌റജിലുമായി രണ്ട് മുഖ്യശത്രുക്കളാണ് മദീനയില്‍ ഇസ്‌ലാമിനുള്ളത്. ഇരുവര്‍ക്കും തങ്ങളുടെ ഗോത്രങ്ങളില്‍ ചെറുതല്ലാത്ത സ്വാധീനമാണുള്ളത്. അബൂആമിര്‍ ആണ് ഔസ് ഗോത്രക്കാരനായ എതിരാളി. ‘സന്യാസി’ എന്നത്രെ ജനങ്ങളയാളെ വിളിക്കുന്നത്. കാരണം, സന്യാസിമാര്‍ സാധാരണ ധരിക്കാറുള്ള രോമക്കുപ്പായമാണയാള്‍ ധരിക്കുന്നത്. താന്‍ ഇബ്‌റാഹീമിന്റെ മതത്തിലാണെന്നയാള്‍ അവകാശപ്പെടാറുണ്ട്. യസ്‌രിബിലെ ജനങ്ങള്‍ക്കിടയില്‍ ഒരു പരിധിവരെ മതപരമായ ആധികാരികത അയാള്‍ നേടിയെടുത്തിരുന്നു. പ്രവാചകന്‍ യസ്‌രിബിലെത്തിയ ഉടനെ പുതിയ മതത്തെക്കുറിച്ച് ചോദിച്ചറിയാനെന്ന നാട്യേന അബൂആമിര്‍ തിരുസന്നിധിയിലെത്തി. നബി അയാളോട് സംസാരിക്കുന്നതിനിടെ ഇസ്‌ലാം ഇബ്‌റാഹീമീ മതത്തിന്റെ തുടര്‍ച്ചയാണെന്ന് വിശുദ്ധഗ്രന്ഥത്തിലെ സൂക്തങ്ങളിലൂടെ ബോധ്യപ്പെടുത്തി. അതോടെ അയാള്‍ ഇടപെട്ടു, ”അത് എന്റെ മതമാണ്.” ഔദ്ധത്യത്തിന്റെയും താന്‍പോരിമയുടെയും കൂനയില്‍കേറി അയാള്‍ പ്രവാചകനെ അധിക്ഷേപിച്ചു. ഇബ്‌റാഹിമീ മതത്തെ തെറ്റായി അവതരിപ്പിക്കുന്നവന്‍ എന്ന് പ്രവാചകനെ അയാള്‍ തെറിവിളിച്ചു. ”ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല” പ്രവാചകന്‍ പറഞ്ഞു, “ഞാനതിനെ ധവളിമയോടും തെളിമയോടും കൂടിയാണ് അവതരിപ്പിച്ചിട്ടിള്ളത്.” അഹങ്കാരംകൊണ്ട് അബൂആമിര്‍ കലിതുള്ളി, ”നാം രണ്ടുപേരിൽ നുണപറയുന്നത് ആരായാലും പ്രവാസത്തിന്റെ ഏകാകിതയുടെ നടുവില്‍ ഉടന്‍ അയാള്‍ മരണമടയും,” അയാൾ അട്ടഹസിച്ചു.

”എങ്കില്‍… അങ്ങനെ” പ്രവാചകന്‍ അക്ഷോഭ്യനായി പ്രതിവചിച്ചു. ”നുണ പറയുന്നവനെ അല്ലാഹു അങ്ങനെ ചെയ്യട്ടെ.”

പിന്നീടങ്ങോട്ട് അബൂആമിര്‍ അയാളുടെ പ്രഭാവത്തിന്റെ തുംഗശൃംഗങ്ങളിൽ നിന്ന് പടിയിറങ്ങുന്നതാണ് യസ്‌രിബുകാർ കണ്ടത്. ജനങ്ങള്‍ക്കിടയിലുള്ള തന്റെ അംഗീകാരം ഉരുകിയുരുകി അതിശീഘ്രം ഇല്ലാതാകുന്നത് അയാള്‍ ശരിക്കും അനുഭവിച്ചറിഞ്ഞു. സ്വന്തം മകന്‍ ഹന്‍ദല മുസ്‌ലിമായതോടെ പതനത്തിന്റെ ഗതിവേഗം നിയന്ത്രണാതീതമായി. പിന്നെ അധികം താമസിച്ചില്ല, അബൂആമിര്‍ തന്റെ അവശേഷിക്കുന്ന അനുയായികളേയുമായി-അവര്‍ പത്ത് പേരുണ്ടായിരുന്നു- മക്കയിലേക്ക് വിട്ടു. അത് അപ്രതീക്ഷിതമായ തന്റെ പ്രവാസകാലത്തിന്റെ ആരംഭമാണെന്ന് അയാളുണ്ടോ അറിയുന്നു!

അബൂആമിറിന്റെ പിതൃസഹോദരൻ ഖസ്‌റജിലെ അബ്ദുല്ലാഹ് ബിന്‍ ഉബയ്യിനും പ്രവാചകന്റെ വരവ് സമ്മാനിച്ചത് നിരാശയാണ്. യസ്‌രിബ് മരുപ്പച്ചയിലുടനീളം തനിക്കുണ്ടായിരുന്ന നേതൃത്വം അതിശീഘ്രം ചോര്‍ന്നുപോകുന്നതയാള്‍ അനുഭവിച്ചറിഞ്ഞു. അബൂആമിറിനെപ്പോലെ അയാള്‍ക്കും സ്വന്തം മകൻ അബ്ദുല്ലയുടെ ഇസ്‌ലാമാശ്ലേഷണം നേരില്‍കണ്ട് മാനക്കേടിന്റെ കയ്പ്പു കുടിക്കേണ്ടിവന്നു. മകന്റെ വഴിതന്നെയാണ് മകള്‍ ജമീലയും തെരഞ്ഞെടുത്തത്. എന്നാൽ, ഇബ്‌നു ഉബയ്യ് അബൂആമിറിന്റെ വഴിയെ പലായനം തെരഞ്ഞെടുത്തില്ല. കുറെക്കൂടി കാത്തിരിക്കാന്‍ അയാള്‍ തീരുമാനിച്ചു. ഇന്നല്ലെങ്കില്‍ നാളെ പ്രവാചകന്റെ പ്രഭാവം യസ്‌രിബിൽ അസ്തമിക്കുമെന്നയാള്‍ വൃഥാ പ്രതീക്ഷിച്ചു. ഋണധനഗണിതത്തിന്റെ കൂട്ടിക്കിഴിക്കലുകളില്‍ കൈവിരലുകള്‍ മടക്കിയും നിവര്‍ത്തിയും അയാള്‍ തുടര്‍ന്നുള്ള ദിവസങ്ങള്‍ തള്ളിനീക്കി. ജനമനസ്സുകളില്‍ മുഹമ്മദിന്റെ നിലവാരം ഇടിയുന്ന മനോഹര പ്രഭാതത്തിന്റെ ആഗമനം പ്രതീക്ഷിച്ച് വീട്ടിന്റെ മൂലയില്‍ ചുരുണ്ടു കിടക്കുകയല്ല ചെയ്യുന്നത്, മറിച്ച് കിട്ടുന്ന പഴുതുകളെല്ലാം കവാടങ്ങളാക്കാനാകുമോ എന്നയാള്‍ ആരായാതിരുന്നില്ല. പ്രവാചകന്റെ പ്രത്യക്ഷവിരോധികളില്‍ അബ്ദുല്ലയുടെ പേരേ ഇല്ല. പലപ്പോഴും അയാളുടെ ഇസ്‌ലാം വിരോധം താനറിയാതെ പുറത്തുവന്നു. ഈ സംഭവമൊന്ന് കേള്‍ക്കൂ.

ഖസ്‌റജികളുടെ മറ്റൊരു പ്രഭാവശാലിയായ നേതാവ് സഅദ് ബിന്‍ ഉബാദ രോഗിയായ വേളയില്‍ പ്രവാചകന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനായി പോയി. യസ്‌രിബിലെ ധനാഢ്യരെല്ലാം തങ്ങളുടെ വീടുകളെ കോട്ടപോലുള്ള മതിലുകള്‍ കെട്ടിസംരക്ഷിച്ചു നിര്‍ത്തിയിരുന്നു. പ്രവാചകന് കടന്നുപോകേണ്ടത് ഇബ്‌നു ഉബയ്യിന്റെ വീടിനു മുമ്പിലൂടെയാണ്. ഇബ്‌നുഉബയ്യ് ആ സമയം സ്വന്തം വീടിന്റെ മതിലില്‍ ചാരിയിരിക്കുകയാണ്. ഖസ്‌റജികളായ ചിലര്‍ അയാള്‍ക്കു ചുറ്റും വൃത്തം തീര്‍ത്തിരിക്കുകയാണ്. നേതാവിനോടും അനുചരന്മാരോടുമുള്ള ആദരസൂചകമായി പ്രവാചകൻ കഴുതപ്പുറത്തു നിന്നിറങ്ങുകയും അവരുടെ കൂട്ടത്തില്‍ കൂടി സംസാരമാരംഭിക്കുകയും ചെയ്തു. കുര്‍ആന്‍ സൂക്തങ്ങളോതി അദ്ദേഹം അവര്‍ക്കു ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊടുത്തു. അവരെ ദീനിലേക്കു ക്ഷണിച്ചു. ഇബ്‌നു ഉബയ്യിന്റെ മുഖത്ത് ഉരുണ്ടുകൂടുന്ന നീരസത്തിന്റെ കാര്‍മേഘം സദസ്യര്‍ കണ്ടു. അത് നാക്കിലൂടെ പെയ്തിറങ്ങി.

”മുഹമ്മദ്, നിങ്ങള്‍ പറയുന്നത് ശരിയാകാതിരിക്കാന്‍ നിര്‍വാഹമില്ല. എങ്കില്‍ നിങ്ങള്‍ സ്വഗൃഹത്തില്‍ കുത്തിയിരിക്കാത്തതെന്ത്? നിങ്ങളുടെ അടുത്തെത്തുന്നവര്‍ക്ക് മാത്രം ഇതൊക്കെ പറഞ്ഞുകൊടുക്കുക. നിങ്ങളെത്തേടി വീട്ടില്‍ വരാത്തവര്‍ക്ക് ഇതൊന്നും പറഞ്ഞുകൊടുക്കരുത്; അവരെ നിങ്ങളുടെ ഈ വര്‍ത്തമാനങ്ങള്‍കൊണ്ട് പൊറുതിമുട്ടിക്കുകയുമരുത്.” ഒരുകൂട്ടർ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ അവരെ കേള്‍പ്പിക്കാനായി അവരുടെ സദസ്സിലെത്തുകയുമരുത്. ഇബ്‌നു ഉബയ്യ് നിര്‍ത്തി. ”അരുത്!”- ഒരു പുതിയ ശബ്ദം. ഇബ്‌നു ഉബയ്യിന്റെ ഉറ്റ അനുയായി അബ്ദുല്ലാഹ് ബിന്‍ റവാഹയാണ്. തന്റെ നിര്‍ദേശങ്ങളെല്ലാം ഒന്നൊഴിയാതെ ശിരസാവഹിച്ചിരുന്ന അയാളുടെ പ്രിയപ്പെട്ട കൂട്ടുകാരന്റെ ഇടപെടല്‍ എന്തിനു വേണ്ടിയായിരിക്കാം? ഇബ്‌നു ഉബയ്യ് ചെവി വട്ടംപിടിച്ചു.

”ഞങ്ങളുടെ വീടുകളിലേക്ക് കടന്നുവന്നോളൂ. ഞങ്ങളുടെ സദസ്സുകളിലും താമസസ്ഥലങ്ങളിലുമെത്തിക്കോളൂ. ഞങ്ങള്‍ക്ക് നൂറുവട്ടം സ്വീകാര്യമാണ്, കാരണം, അല്ലാഹു ഞങ്ങള്‍ക്കേകിയ അനുഗ്രഹമാണ് താങ്കളുടെ സന്ദേശം.” ഇബ്‌നു ഉബയ്യ് ഞെട്ടിത്തരിച്ചിരുന്നു. അയാളുടെ കാല്‍വിരലുകളില്‍ നിന്ന് ശരീരത്തിലൂടെ തലയിലേക്ക് കോപത്തിന്റെയും നിരാശയുടെയും അലപാഞ്ഞു. തൊണ്ടയിൽ നിന്ന് പുറപ്പെട്ട വാക്കുകൾ നെടുവീർപ്പിലലിഞ്ഞു. ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ എടുത്തുപയോഗിക്കേണ്ട ആയുധം മൗനമാണെന്ന് അബ്ദുല്ലക്ക് ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. അങ്ങനെത്തന്നെ അയാള്‍ വീട്ടിനുള്ളിലേയ്ക്ക് കയറിപ്പോയി; നബി രോഗിയുടെ വീട്ടിലേക്കും. വഴിയില്‍വച്ചു നടന്ന സംഭവങ്ങള്‍ കേട്ടുകഴിഞ്ഞശേഷം ഉബാദയുടെ പുത്രന്‍ സഅദ് പറഞ്ഞു,
”കടുത്ത നിലപാടുകളൊന്നും അങ്ങ് അയാള്‍ക്കുനേരെ എടുക്കേണ്ടതില്ല പ്രവാചകാ. കാരണം, അല്ലാഹു താങ്കളെ ഞങ്ങള്‍ക്കിടയിലേക്കയച്ച വേളയില്‍, അയാളെ ഞങ്ങളുടെ രാജാവാക്കി പട്ടാഭിഷേകം നടത്താനുള്ള ആലോചനയിലായിരുന്നു ഞങ്ങള്‍. തന്റെ രാജാധികാരം അങ്ങ് തട്ടിയെടുത്തുവെന്നയാള്‍ കരുതുന്നു.”

പ്രവാചകന്‍ മദീനയിലെത്തിയതിന്റെ പ്രതികരണങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. കാലം അതിനായി കാതോർത്തിരിക്കുന്നു.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്; ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.