ലക്ഷദ്വീപ് സമൂഹത്തെ വെറുതെ വിടുക

//ലക്ഷദ്വീപ് സമൂഹത്തെ വെറുതെ വിടുക
//ലക്ഷദ്വീപ് സമൂഹത്തെ വെറുതെ വിടുക
ആനുകാലികം

ലക്ഷദ്വീപ് സമൂഹത്തെ വെറുതെ വിടുക

രിത്രകാരന്മാർ പറയുന്നത് ബി സി 1500 നു മുമ്പ് തന്നെ ലക്ഷദ്വീപിൽ ജനവാസം ആരംഭിച്ചിരുന്നു എന്നാണ്. ദക്ഷിണേന്ത്യയിൽ നിന്നാണ് അവർ കുടിയേറിയത് എന്നാണ് അനുമാനം. മിനിക്കോയ് ഒഴിച്ചുള്ള ലക്ഷദ്വീപിൽ ജസ്റി എന്ന പ്രാദേശിക ഭാഷയുണ്ട്. ഈ ഭാഷക്ക് ലിപിയില്ല. അറബി ഭാഷാ ലിപിയിലാണ് എഴുതുന്നത്. അതിൽ ഗ്രന്ഥ രചനകൾ പോലും ഉണ്ട്. ബ്രിട്ടീഷ് ഭരണത്തോടെയാണ് മലയാളം പ്രചരിച്ചു തുടങ്ങിയത്. മിനിക്കോയിലെ ഭാഷ മലയാളവും മഹലുമാണ്. മാലിയിലും മഹൽ ഭാഷയുണ്ട്.

മുൻപ് കാലത്ത് ദ്വീപ് വാസികൾ ബുദ്ധമതാനുയായികളായിരുന്നു. അബൂബക്കറിൻറെ(റ) പൗത്രൻ ഹസ്രത്ത് ഉബൈദുല്ല (റ) വഴിയാണ് ലക്ഷദ്വീപിലേക്ക് ഇസ്‍ലാം എത്തിയത്. ക്രി.വ. 662/ ഹി.41-ൽ ആണ് അദ്ദേഹം ലക്ഷദ്വീപിൽ എത്തിയത്.

കോലത്തിരിയുടെ കീഴിലായിരുന്നു ആദ്യകാലങ്ങളിൽ ലക്ഷദ്വീപുണ്ടായിരുന്നത്. മാലദ്വീപ് രാജാവിന്റെയും അറക്കൽ രാജാവിന്റെയുമെല്ലാം കീഴിൽ ദ്വീപ് വന്നിട്ടുണ്ട്. 16ാം നൂറ്റാണ്ടിൽ പറങ്കികൾ ദ്വീപിനെ ആക്രമിച്ചു. അമീനി ദ്വീപിലെ ആകെയുള്ള 400 പേരെ പറങ്കികൾ കൊന്നുകളഞ്ഞു. മറ്റു ദ്വീപുകളിലും ജനങ്ങളെ അവർ വധിച്ചു. ആയുധങ്ങളില്ലാത്ത ദ്വീപു ജനത കല്ലും മണ്ണും മരക്കഷ്ണങ്ങളും ഉപയോഗിച്ചാണ് പോർച്ചുഗീസുകാരെ നേരിട്ടത്. പോർച്ചുഗീസുകാർക്ക് ആൾനാശം ഉണ്ടായി എന്നും ചരിത്രം പറയുന്നു.

1908 നവംബർ 5-ന് ലക്ഷദ്വീപ് ബ്രിട്ടന് കീഴിലായി. സ്വാതന്ത്ര്യാനന്തരം 1956 – ലാണ് അത് കേന്ദ്ര ഭരണ പ്രദേശമാകുന്നത്. 1973 നവംബർ ഒന്ന് മുതലാണ് ലക്ഷദ്വീപ് എന്ന നാമകരണം വരുന്നത്. അഡ്മിനിസ്ട്രേറ്ററാണ് ഉന്നത ഭരണാധികാരി. അതിനു താഴെയാണ് കളക്ടർ വരുന്നത്. കവരത്തി ദ്വീപാണ് ഇവരുടെ ആസ്ഥാനം.
 
ലക്ഷദ്വീപിൽ കള്ളമില്ല, കളവില്ല, മദ്യമില്ല, നന്മ മാത്രം അറിയുന്നൊരു സമൂഹം. പള്ളിയിൽ കയറുമ്പോൾ ഹൌളിൻ കരയിൽ അവരുടെ പേഴ്‌സ് വെച്ച് പോകും, നിസ്‌കരിച്ച് തിരിച്ചു വരുമ്പോൾ എടുത്ത് കൊണ്ട് പോകും. ബൈക്കിന്മേൽ ചാവി വെച്ചാണ് ആളുകൾ പോകുക. പീടിക താഴിട്ട് അടക്കേണ്ടതില്ല.. നല്ല അധ്വാന ശീലരാണ്, യാചകർ ഒന്ന് പോലുമില്ല, പ്രയാസങ്ങൾ സാമൂഹികമായി പരിഹരിക്കും ..’, വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങൾ പക്ഷെ അവിടെ എത്തുമ്പോൾ വിശ്വസിക്കേണ്ടി വരികയാണ്.

‘കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം..’ എന്ന ഒരു സ്വപ്ന ലോകം കേരളക്കാർ ഓർക്കാറുണ്ട്, മാവേലി നാട് വാണീടും കാലത്തെ ലോകം. എന്നാൽ ആ ലോകം ഇന്ന് ലോകത്ത് നിലവിലുണ്ട്, മലയാളം സംസാരിക്കുന്ന നാടാണെങ്കിലും കേന്ദ്രഭരണ പ്രദേശത്തിലുള്ള ഈ നാട്, മൊത്തം രാജ്യത്തിന് തന്നെ അഭിമാനമാണ്.

ഈ കഴിഞ്ഞ ഡിസംബർ നാലിന് അന്തരിച്ച ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേ‌റ്റർ ദിനേശ്വർ ശർമ്മയുടെ ശേഷം പ്രഫുൽ കെ പട്ടേൽ എന്ന സംഘിയെയാണ് അവിടെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ചിട്ടുള്ളത്. അതോടെ പല പ്രശ്നങ്ങളും തുടങ്ങുകയായി.

ഇത്രയും മാതൃകാപരമായ ജീവിതത്തിലൂടെ സ്വസ്ഥവും സമാധാനവും നിറഞ്ഞ സുന്ദരമായ ജീവിതം നയിച്ച് കൊണ്ടിരിക്കുന്ന ലക്ഷദ്വീപ് നിവാസികളുടെ വിശ്വാസപരവും മാനുഷികവും ഭൂമിശാസ്ത്ര പരവുമായ അവകാശങ്ങൾ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള നീക്കങ്ങളാണ് പ്രഫുൽ പട്ടേൽ തുടങ്ങി വച്ചത്.

ഒരു ക്രിമിനൽ കേസുപോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത സ്ഥലത്ത് ഗുണ്ടാ ആക്ട് നടപ്പിലാക്കി വിമതശബ്ദങ്ങളെ അടിച്ചമർത്തുക, നല്ല നിലയിൽ ഗോക്കളെ സംരക്ഷിച്ച് ഉപജീവനം നടത്തുന്ന സ്ഥലത്ത് ഗോ വളർത്തൽ നിരോധിച്ച് പൊടുന്നനെ ലേലം ചെയ്ത് കയറ്റി അയക്കുക, മദ്യശാലകൾ തുറന്നും മാംസാഹരങ്ങൾ നിരോധിച്ചും ഒരു സമൂഹത്തെ പ്രകോപിപ്പിക്കുക, തീരസംരക്ഷണ നിയമത്തിന്റെ മറവിൽ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചു നീക്കുക, തുടങ്ങി ലക്ഷദ്വീപ് വാസികളുടെ സ്വതന്ത്ര ജീവിതത്തിന്മേൽ കത്തിവെക്കുന്ന രൂപത്തിക്കി അഡ്മിനിസ്ട്രേറ്റർ.

കേന്ദ്രഭരണപ്രദേശങ്ങളിൽ അഡ്മിനിസ്ട്രേറ്റർമാരായി ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന പതിവ് രീതി മാറ്റി തങ്ങളുടെ ഗൂഢരാഷ്ട്രീയ ലക്ഷ്യങ്ങളും നിക്ഷിപ്ത താല്പര്യങ്ങളും നടപ്പിലാക്കുന്ന ഇഷ്ടക്കാരെ നിയമിക്കുന്ന കേന്ദ്രത്തിന്റെ പുതിയ രീതി ജനങ്ങളിൽ കൂടുതൽ ആശങ്ക പരത്തുന്നുണ്ട്.

അയാളെ തിരിച്ചു വിളിക്കണമെന്ന് നാനാഭാഗത്തു നിന്നും ശബ്ദങ്ങൾ ഉയരുന്നുണ്ട്. ഭരണഘടന അനുശാസിക്കുന്ന സാമൂഹിക നീതി ലക്ഷദ്വീപ് നിവാസികൾക്ക് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്, വെറും രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമാക്കി നിഷ്കളങ്കരായ ഒരു ജനതയുടെ മേൽ ഫാസിസ്റ്റ് അജണ്ടകൾ അടിച്ചേൽപിച്ച് അവരുടെ വിശ്വാസ സ്വാതന്ത്ര്യവും സമാധാനപരമായി ജീവിക്കാനുള്ള അവകാശവും നഷ്ടപ്പെടുത്തുന്ന സംഘ പരിവാർ നീക്കം ഒഴിവാക്കിയേ മതിയാകൂ.

ഇത്തരം ഒരു ജനതയുടെ നന്മ കളയുന്നതിലൂടെയും അവരെ അനാവശ്യമായി പീഢിപ്പിക്കുകയും ചെയ്യുന്നതിലൂടെ നാം ഓരോരുത്തർക്കും എന്ത് നേട്ടമാണ് കൈവരാനുള്ളത്? ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ് അവർ എന്ന് പറയുമ്പോൾ തിന്മയെ സംസ്ഥാപിക്കുന്നതിനുള്ള പേരാണോ ഹിന്ദുത്വം എന്ന് നിഷ്കളങ്കമായി ഓർത്തു പോകുകയാണ്. ഹിന്ദു മതത്തെയും ഗ്രന്ഥങ്ങളെയും ധർമ്മ സംസ്ഥാപനമെന്ന ചിന്തയെയും പരിഹസിക്കുകയാണ് അവർ ചെയ്യുന്നത്. 

നല്ലവരായ ഹിന്ദു സമൂഹം അതിനെ പിന്തുണക്കില്ല എന്ന കാര്യം ഉറപ്പ്. നന്മ, നീതി, കാരുണ്യം, സഹവർത്തിത്വം എന്നിങ്ങനെ ഉന്നത മാനുഷിക ചിന്തയെ ഉത്തേജിപ്പിച്ച ശ്രീ നാരായണ ഗുരു ജീവിച്ച മണ്ണല്ലയോ ഇത്. ഡോ. രേഖ കൃഷ്ണനെന്ന ഉയർന്ന മനസ്സിനുടമ ജീവിച്ചു കൊണ്ടിരിക്കുന്ന മണ്ണും ഇത്ത ന്നെയല്ലയോ..? മലയാള മണ്ണിൻറെ മാത്രം പ്രത്യേകത അല്ലിത്. മലയാളക്കരക്കു പുറത്ത്, മുസ്‌ലിം സ്വരൂപത്തിൽ, പല പ്രാവശ്യം പോയിട്ടുള്ള എന്നെ സംബന്ധിച്ചിടത്തോളം, ഇതര സമൂഹങ്ങളുടെ വിശാല മനസ്സ് കൺകുളിർക്കെ കണ്ടതിന്റെ അനുഭവ സാക്ഷ്യം ധാരാളമായുണ്ട്. അതിനാൽ ഭൂരിപക്ഷ ഇന്ത്യൻ മനസ്സ് ഇന്നും സംഘിയുടേതല്ല എന്നതാണ് യാഥാർഥ്യം. അങ്ങിനെയെങ്കിൽ ദ്വീപ് സമൂഹത്തോട് കാണിക്കുന്ന ഈ അക്രമവും അനീതിയും സംഘികൾക്ക് തന്നെ തിരിച്ചടിയാകും. അക്രമിയുടെയും അല്ലാഹുവിന്റെയും ഇടയിൽ മറയില്ലല്ലോ.

print

1 Comment

  • ലക്‌ഷ്യദീപിനെ സംരക്ഷിക്കുക

    Azeez 28.05.2021

Leave a comment

Your email address will not be published.