ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -3

//ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -3
//ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -3
ആനുകാലികം

ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -3

പീഡിതരായ ജൂതരുടെ ചരിത്രം വിവരിച്ചു കഴിഞ്ഞു. ഇനിയാണ് നാം ഫലസ്‌തീനിലേക്ക് മടങ്ങുന്നത്. ഒരു കാര്യം ആദ്യമേ പറയട്ടെ. ഇത് ചരിത്രമാണ്. ഇന്നലെകളിലെ ചരിത്രത്തിൽ ഓരോ ജനതയും അവരവരുടെ കാലഘട്ടത്തിൽ നീതിയും നീതികേടും ഒക്കെ കാണിച്ചിട്ടുണ്ട്. ചരിത്രത്തെ ആ അർത്ഥത്തിൽ മാത്രം കാണുക. യൂറോപ്യരുടെ ജൂത വിരോധം തെളിയിക്കപ്പെട്ട വസ്തുതയാണ് എന്ന് വെച്ച് ഇന്നത്തെ കാലത്ത് അവരുടെ തലമുറയെ വെറുക്കുന്നതിൽ അർത്ഥമില്ല. ഒരാളുടെ പാപവും മറ്റൊരാൾ അനന്തരാവകാശം എടുക്കുന്നില്ല. ചരിത്രം വായിക്കാനും വർത്തമാനത്തെ മനസ്സിലാക്കാനും ഭാവിയെ കരു പിടിപ്പിക്കാനുമുള്ള വിവരങ്ങൾ മാത്രമാണ്. അത് ഭൂതകാലത്തെ തെറ്റുകൾ തിരുത്താനുള്ള പ്രചോദനമാവുകയാണ് വേണ്ടത്, അല്ലാതെ ആ തെറ്റുകൾ ആവർത്തിക്കാനുള്ള പാഠങ്ങൾ ആവരുത്.

ഫലസ്‌തീൻ ജനത ആരായിരുന്നു ?

അറിയപ്പെട്ട ചരിത്രം നോക്കിയാൽ ഇസ്രായേലികൾക്കും (ഫലസ്‌തീനികൾക്കും കാനൻ പ്രദേശത്ത് ഒരേ പഴക്കമാണുള്ളത്. ജൂതർ എന്ന വാക്ക് തൽക്കാലം ഇനി ഉപയോഗിക്കുന്നില്ല. കാരണം എല്ലാ ജൂതരും ഇസ്രായേലികൾ അല്ല എന്നത് കൊണ്ട് തന്നെ. യഅ്ക്കൂബ്‌ നബിയുടെ (ജേക്കബ്) സന്തതി പരമ്പരയാണ് ഇസ്രായേൽ സന്തതികൾ). ചരിത്രാതീത കാലം മുതൽക്ക് തന്നെ കാനൻ പ്രദേശത്ത് മനുഷ്യ വാസമുണ്ടെന്ന് കാണാം. ഇരുമ്പ് യുഗത്തിന്റെ പ്രാരംഭ ഘട്ടം മുതൽക്ക് തന്നെ ഫിലിസ്തീനികളും (Philistines) ഇസ്രായേലികളും ഇവിടെ ജീവിച്ചിരുന്നതായി തെളിവുകൾ ഉണ്ട് റഫറൻസ്: എൻസൈക്ളോപീഡിയ ബ്രിട്ടാനിക്ക. https://bit.ly/2RfpcHv

അതായത് ഇസ്രായേൽ സന്തതികൾക്ക് ആ മണ്ണിൽ എത്ര ചരിത്രമുണ്ടോ അതിനോളം തന്നെ കാലമായി ഫിലിസ്തീനികളും (പഴയ പേര്) അവിടെ താമസിക്കുന്നു. പിൽക്കാലത്ത് കയറി വന്നവർ അല്ലെന്ന് ചുരുക്കം. ആദ്യത്തെ രണ്ടു ഭാഗങ്ങളിൽ വിശദീകരിച്ചത് പ്രകാരം ഇസ്രായേലികളും ജൂതരും പല നാടുകളിൽ പോയെങ്കിലും ഫലസ്‌തീനികൾ ആയിരക്കണക്കിന് വർഷമായി അവിടെ നില നിന്ന് പോന്നിട്ടുണ്ട്. ഇനി മറ്റൊരു രസകരമായ കാര്യം ഇസ്രായേലികളും ഫലസ്‌തീനികളും തമ്മിൽ ജനിതക ബന്ധമുണ്ടെന്ന് DNA പഠനങ്ങൾ പറയുന്നുണ്ട്. ഇത് വ്യക്തമാക്കുന്നത് വെങ്കല യുഗത്തിലോ അതിനു മുൻപോ ഇവർ ഒറ്റ ജനതയായി ഇടപഴകി അവിടെ ജീവിച്ചിരുന്നു എന്നാണ് റഫറൻസ്: നാഷണൽ ജ്യോഗ്രഫിക്. https://on.natgeo.com/3tFruN7

എല്ലാ ജൂതരും ഇസ്രായേലികൾ ആണോ ?

ഒരിക്കലുമല്ല. ജൂതരിൽ തന്നെ അനേകം വിഭാഗങ്ങളുണ്ട്. അവരിലെ അഷ്കെനാസി വിഭാഗത്തിന്റെ ഒറിജിൻ യൂറോപ്പാണ്. DNA പഠനങ്ങളും അത് തെളിയിക്കുന്നു https://go.nature.com/3tI97aj. ലോകത്താകമാനമുള്ള ഇന്നത്തെ ജൂത ജനസംഖ്യയുടെ 75% വും Ashkenazi വിഭാഗത്തിൽ പെട്ട ജൂതന്മാരാണ്. ഇപ്പോൾ ഇസ്രായേലിൽ ഉള്ള ജൂതരിൽ 32% പേരും ഈ വിഭാഗമാണ്. യൂറോപ്യർ കാലക്രമേണ ജൂത മതം സ്വീകരിച്ചത് കൊണ്ടാണ് ഇങ്ങനെയൊരു വിഭാഗം ഉണ്ടായത്. നാസികളുടെ കൂട്ടക്കൊലയ്ക്ക് മുൻപ് ജൂത ജനസംഖ്യയിലെ 92% വും ഈ വിഭാഗമായിരുന്നു. കേരളത്തിൽ തന്നെ വെളുത്ത ജൂതരും കറുത്ത ജൂതരുമുണ്ടായിരുന്നു എന്ന് മാത്രമല്ല വെളുത്ത ജൂതർക്ക് കറുത്ത ജൂതരോട് വിവേചനവുമുണ്ടായിരുന്നു. മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിൽ കറുത്ത ജൂതർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല https://bit.ly/3brWPN5. ഇതൊക്കെ സൂചിപ്പിക്കുന്നത് വിവിധ ജൂതർക്കിടയിലെ വിവിധ വംശങ്ങളെയാണ്. ഓർത്തോഡോക്സ് ജൂതർ ജൂതരായി പരിവർത്തനം ചെയ്യപ്പെട്ട ജൂതരെ തങ്ങളുടെ ഭാഗമായി ഉൾക്കൊള്ളാതെ നോക്കാറുണ്ട്. അതിന്റെ പേരിൽ കേസും വ്യവഹാരങ്ങളും നടക്കാറുമുണ്ട്. Mizrahi വിഭാഗം ജൂതന്മാരുടേയും മദ്ധ്യേഷ്യയിലെ അറബ് വംശജരുടെയും ജനിതക പാരമ്പര്യം ഒന്നാണ്. ചുരുക്കത്തിൽ ഇസ്രായേലിലെ എല്ലാ ജൂതരും ബനീ ഇസ്രായേൽ (അഥവ ഇസ്രായേൽ സന്തതികൾ അല്ലെന്ന് അർത്ഥം).

സംഭവിച്ചത് ഇതാണ്. ഇസ്രായേൽ സന്തതികളായ ജൂതരും അല്ലാത്തവരായ കാക്കത്തൊള്ളായിരം ഇതര വംശത്തിൽ പെട്ട ജൂതരും ഫലസ്‌തീന്റെ മേൽ അവകാശം സ്ഥാപിച്ചതാണ്. ഇസ്രായേൽ സന്തതികളായ ജൂതരുടെ പിതാക്കന്മാർ ആയിരമോ രണ്ടായിരമോ വർഷങ്ങൾക്ക് മുൻപ് ഫലസ്‌തീനികളോട് ചേർന്ന് ജീവിച്ചു എന്നെങ്കിലും വാദത്തിനു പറയാം. അല്ലാത്തവരായ ജൂതർക്കെങ്ങനെ ഫലസ്‌തീൻ ജന്മ ദേശമാകും? ഇനി ബൈബിളിലെ വാഗ്ദത്ത ഭൂമി എന്ന വാദം അനുസരിച്ചാണെങ്കിൽ പോലും അബ്രഹാമിന്റെ സന്തതികൾക്ക് മാത്രമേ അത് ബാധകമുള്ളൂ. അതിലാവട്ടെ ജൂതർ മാത്രമല്ല ഫലസ്‌തീൻ പ്രദേശത്തെ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉൾപ്പെടും. ജനിതക ബന്ധം പോലുമില്ലാത്തവർക്ക് അങ്ങനെ ഒരു സാധ്യത പോലും വിദൂരമാണ്.

ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജനത:

പലരും ഇസ്രായേലിന്റെ അവകാശങ്ങളെ സ്ഥാപിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പ്രയോഗമാണിത്. ‘ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജനത’ എന്ന് വിശേഷിപ്പിക്കുന്നവർ എന്തായാലും ദൈവ വിശ്വാസികൾ ആയിരിക്കുമല്ലോ ? എങ്കിൽ പിന്നെന്തിനാണ് ക്രിസ്തുവിനു ശേഷം 2000 വർഷം 109 യൂറോപ്പ്യൻ നാടുകളിൽ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജനതയെ പീഡിപ്പിച്ചത്.! അന്നവർ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ലേ ? ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരോടുള്ള സ്നേഹം അവർ വിവിധ യൂറോപിയൻ രാജ്യങ്ങളിൽ മൃഗങ്ങളെ പോലെ അലഞ്ഞപ്പോഴും ക്രൂരമായി പീഡിപ്പിക്കപ്പോഴും ഉണ്ടായിരുന്നില്ല. ഏറിയാൽ 70 വർഷത്തെ പഴക്കം (ഇസ്രായേൽ രാജ്യം ഉണ്ടായതിനു ശേഷം മാത്രം) മാത്രമേ കാണൂ. അവർ അതിനു മുൻപ് ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടർ അല്ലാത്തത് കൊണ്ട് നടന്ന ക്രൂരതകളുടെ ലഘു ചിത്രം ഇവിടെ വായിക്കാം റഫറൻസ്: https://bit.ly/3ycvgkw

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.