റമദാൻ തീരം -9

//റമദാൻ തീരം -9
//റമദാൻ തീരം -9
ആനുകാലികം

റമദാൻ തീരം -9

ള്ർബ്നുൽ ഹർസ് മക്കയിൽ പ്രവാചകനോടും ഖുർആനിനോടും ശത്രുത വച്ചുപുലർത്തിയിരുന്ന ഒരാളായിരുന്നു. പരിശുദ്ധ ഖുർആൻ കേൾക്കുകയും കേൾക്കുന്ന പാടെ അതിൻറെ അനുയായികളായിത്തീരുകയും ചെയ്യുന്നവരുടെ എണ്ണം മക്കയിൽ അധികരിക്കുന്നത് നള്റിനെ പോലെയുള്ളവരെ അസ്വസ്ഥരാക്കി. ഖുർആൻ കേൾക്കുന്നതിൽ നിന്ന് ജനങ്ങളെ തടയുന്നതിന് വേണ്ടി പല ഉപായങ്ങളും അവർ ആലോചിച്ചു. നമ്മൾ ആരും ഇനിമുതൽ ഖുർആൻ കേൾക്കരുത് എന്ന് കൂട്ടമായി എടുത്ത തീരുമാനം അവരിലെ നേതാക്കൾ തന്നെ ലംഘിക്കുന്നതിന് അവർ സാക്ഷികളായി. ഈ സാഹചര്യത്തിലാണ് ഖുർആനിനു പകരം മറ്റെന്തെങ്കിലും നൽകി ജനശ്രദ്ധ തിരിച്ചുവിടാം എന്ന ആശയം നള്റിൻ്റെ തലയിൽ ഉദിച്ചത്. അയാൾ കച്ചവട ആവശ്യാർത്ഥം പേർഷ്യയിൽ പോകാറുണ്ടായിരുന്നു. അവിടെ നിന്ന് പല കഥാ കൃതികളും അയാൾ വാങ്ങിക്കൊണ്ടു വരാൻ തുടങ്ങി. എന്നിട്ട് ജനങ്ങളോട് പറഞ്ഞു.

“മുഹമ്മദ് നിങ്ങൾക്ക് ആദ് സമൂദ് മുതലായവരുടെ കഥകൾ പറഞ്ഞു തരുന്നുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങൾക്ക് കിസ്രന്മാരുടെയും, റുസ്തം, ഇസ്ഫന്തിയാർ, മുതലായ രാജാക്കളുടെയും കഥകൾ കേൾപ്പിക്കാം…”

ഇങ്ങനെ പറഞ്ഞ അയാൾ ഖുറൈശികളുടെയും മറ്റും സദസ്സുകളിൽ ഇത്തരത്തിലുള്ള കഥകൾ വായിച്ചു കേൾപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് താഴെക്കാണുന്ന ഖുർആൻ വചനം അവതരിപ്പിക്കപ്പെട്ടത്.

“മനുഷ്യരിലുണ്ട് ചില ആളുകൾ; യാതൊരു അറിവും കൂടാതെ, അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) വഴിപിഴപ്പിക്കുകയും, അതിനെ പരിഹാസ്യമാക്കി തീർക്കുകയും ചെയ്യുവാനായി അവർ വിനോദ വാർത്ത(കളെ) വാങ്ങുന്നു. അക്കൂട്ടരാകട്ടെ, അവർക്ക് നിന്ദ്യമായ ശിക്ഷയുണ്ട്.”

“(അങ്ങിനെയുള്ള) അവന് നമ്മുടെ ‘ആയത്തുകൾ’ ഓതി കേൾപ്പിക്കപ്പെടുന്നതായാൽ, അവൻ ഗർവ് നടിച്ചുകൊണ്ട് തിരിഞ്ഞു പോകുന്നതുമാണ്; അവനത് കേട്ടിട്ടില്ലാത്തതുപോലെ (അഥവാ) അവൻറെ ഇരുകാതുകളിലും ഒരു(തരം) കട്ടിയുള്ളതുപോലെ! എന്നാൽ, (നബിയെ) വേദനയേറിയ ശിക്ഷയെ പറ്റി അവന് സന്തോഷവാർത്ത അറിയിക്കുക.” (ഖുർആൻ 31: 6, 7)

മനുഷ്യൻറെ രക്ഷയുടെയും വിമോചനത്തിന്റെയും മാർഗ്ഗവും മാനദണ്ഡവുമായാണ് പരിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടത്. സൃഷ്ടിച്ച നാഥനിൽ നിന്നുള്ള സദുപദേശങ്ങൾ എന്ന നിലയ്ക്ക് അവ കേൾക്കാനും ജീവിതത്തിൽ പകർത്താനും നാം ബാധ്യസ്ഥരാണ്. വിലകൊടുത്തു വാങ്ങുന്ന വിനോദങ്ങൾ ഖുർആനിനോടുള്ള ബാധ്യത നിർവഹിക്കുന്നതിന് തടസ്സമാകുന്നില്ല എന്ന് നാം ഉറപ്പുവരുത്തണം. കളികളിലും വിനോദങ്ങളിലും മുഴുകി ഖുർആനിനോടുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ വീഴ്ച പറ്റുന്നത് അതീവ ഗുരുതരമായ തെറ്റാണ്. ഖുർആൻ അവതരിപ്പിക്കപ്പെട്ട പരിശുദ്ധ മാസത്തിൽ നാം ഇത് ഗൗരവത്തോടെ പരിഗണിക്കുക. ഖുർആനിനോടുള്ള ബാധ്യതകൾ നിർവഹിക്കുക. പഠനം, പാരായണം എന്നിവ വിസ്മരിക്കാതിരിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ…

print

No comments yet.

Leave a comment

Your email address will not be published.