റമദാൻ തീരം -10

//റമദാൻ തീരം -10
//റമദാൻ തീരം -10
ആനുകാലികം

റമദാൻ തീരം -10

ബഉകാരുടെ വാസസ്ഥലമായിരുന്നു മആരിബ്. സമ്പൽ സമൃദ്ധവും അനുഗ്രഹീതവുമായിരുന്നു ആ പ്രദേശം. നാട്ടിലെ മുഴുവനാളുകൾക്കും ക്ഷേമ ഐശ്വര്യങ്ങളോടെ കഴിഞ്ഞു കൂടുവാൻ മാത്രം രണ്ടു വമ്പിച്ച തോട്ടങ്ങളൾ ആ നാട്ടിൽ ഉണ്ടായിരുന്നു. മുമ്പ് കാലത്ത് നല്ലവനായ ഒരു രാജാവിൻറെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട പടുകൂറ്റൻ അണക്കെട്ടിൽ നിന്നായിരുന്നു അതിൻറെ ഇരുവശത്തായി സ്ഥിതി ചെയ്തിരുന്ന വിശാലമായ ഈ രണ്ടു തോട്ടങ്ങൾക്കും വേണ്ടത്ര വെള്ളം ലഭിച്ചിരുന്നത്. ഫലസമൃദ്ധമായ നാട്ടിലെ ജനങ്ങൾ കാലക്രമേണ ദുർനടപ്പുകാരും അല്ലാഹുവിനോട് നന്ദിയില്ലാത്തവരുമായിത്തീർന്നു. പ്രവാചകന്മാരെയും അവരുടെ ഉദ്ബോധനങ്ങളെയും നാട്ടുകാർ നിരസിക്കാൻ തുടങ്ങി. ധിക്കാരവും അഹങ്കാരവും നാട്ടിലെവിടെയും വ്യാപകമായി. ഈ അവസരത്തിലാണ് അല്ലാഹുവിൽ നിന്നുള്ള വലിയ പരീക്ഷണമായി ആ ജനതയ്ക്ക് വമ്പിച്ച ശിക്ഷ നൽകപ്പെട്ടത്. കൂറ്റൻ അണക്കെട്ട് പൊട്ടി തകർന്ന് തരിപ്പണമായി. അതോടെയുണ്ടായ വമ്പിച്ച ജലപ്രവാഹം നിമിത്തം തോട്ടങ്ങളെല്ലാം നാമാവശേഷമായി. ആൾനാശമടക്കം വ്യാപകമായ നാശനഷ്ടങ്ങൾ നാട്ടിലുണ്ടായി. ജനങ്ങളുടെ വാസസ്ഥലം താറുമാറാവുകയും ഉപജീവനമാർഗങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. ജനങ്ങൾ പലയിടങ്ങളിലേക്കായി ചിന്നി ചിതറി. വരണ്ടു കിടക്കുന്ന തരിശുഭൂമികളും പാറക്കുന്നിൻ പ്രദേശങ്ങളും മാത്രമാണ് ആ പ്രദേശത്ത് ബാക്കിയായത്. കടുത്ത നന്ദികേടിന് ഈ ലോകത്ത് വെച്ച് തന്നെ സബഉകാർക്ക് അല്ലാഹു നൽകിയ കനത്ത ശിക്ഷാ നടപടിയായിരുന്നു ഇത്.

ഖുർആൻ പറഞ്ഞു; “സബഅ് ഗോത്രത്തിന് അവരുടെ വാസസ്ഥലത്ത് ഒരു ദൃഷ്ടാന്തം ഉണ്ടായിട്ടുണ്ടായിരുന്നു. അതായത് വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങൾ. (നാം പറഞ്ഞിരുന്നു) നിങ്ങളുടെ റബ്ബിന്റെ (പക്കൽ നിന്നുള്ള) ആഹാരത്തിൽ നിന്ന് നിങ്ങൾ ഭക്ഷിച്ചുകൊള്ളുകയും അവന് നന്ദി ചെയ്യുകയും ചെയ്യുവിൻ, (നല്ല) ശുദ്ധമായ ഒരു രാജ്യം! വളരെ പൊറുക്കുന്നവനായ ഒരു റബ്ബും”
“എന്നിട്ട് അവർ (നന്ദികെട്ടവരായി) തിരിഞ്ഞു കളഞ്ഞു. അപ്പോൾ അവരുടെ മേൽ നാം അണക്കെട്ടിന്റെ ജലപ്രവാഹത്തെ അയച്ചു. അവരുടെ (ആ) രണ്ടു തോട്ടങ്ങൾക്കു പകരം തിന്നാൻ പറ്റാത്ത (കൈപ്പുള്ള) ഫലങ്ങളും ‘അഥൽ’ വൃക്ഷവും അല്പം സിദ്ർ വർഗ്ഗത്തിൽപ്പെട്ട ചിലതും ഉള്ള രണ്ടു തോട്ടങ്ങളെ അവർക്ക് നാം മാറ്റി കൊടുക്കുകയും ചെയ്തു.”
“അത് അവർ (അവിശ്വസിച്ചു) നന്ദികേടു കാണിച്ചത് നിമിത്തം നാമവർക്ക് പ്രതിഫലം നൽകിയതാണ്. നന്ദികെട്ടവരോടല്ലാതെ നാം ഇത്തരം പ്രതിഫലനടപടി എടുക്കുമോ?” (സബഅ് 15 – 17)

മനുഷ്യജീവിതത്തിൽ ഉണ്ടാകുന്ന അനുഗ്രഹങ്ങളും സമ്പൽ സമൃദ്ധിയും സ്രഷ്ടാവായ അല്ലാഹുവിൽ നിന്ന് നൽകപ്പെടുന്നതാണ് എന്നാണ് മതം പഠിപ്പിക്കുന്നത്. സുഖസമൃദ്ധികളും സൗകര്യങ്ങളുമാണ് എല്ലാ കാലങ്ങളിലും മനുഷ്യരെ ധിക്കാരങ്ങളിലേക്കും അനുസരണക്കേടിലേക്കും അഹങ്കാര നടപടികളിലേക്കും കൊണ്ടെത്തിച്ചിട്ടുള്ളത്. അനുഗ്രഹങ്ങൾ നൽകിയവനോട് നന്ദി കാണിച്ച് ജീവിക്കണമെന്നാണ് അല്ലാഹു ആഹ്വാനം ചെയ്യുന്നത്. ഈ ലോകത്തിൻറെ മുഴുവൻ നിയന്ത്രണമുള്ള സർവ്വശക്തനായ റബ്ബിൻ്റെ കൽപ്പനകളെയും വിരോധങ്ങളേയും ശിരസാ വഹിക്കുക എന്നത് തന്നെയാണ് അവനു നൽകേണ്ടുന്ന നന്ദി പ്രകടനം. അതിനാൽ വ്രതാനുഷ്ഠാനത്തിലൂടെ നന്ദിയുള്ളവരായി മാറുക.
നാഥൻ അനുഗ്രഹിക്കട്ടെ…

print

No comments yet.

Leave a comment

Your email address will not be published.