റമദാൻ തീരം -11

//റമദാൻ തീരം -11
//റമദാൻ തീരം -11
ആനുകാലികം

റമദാൻ തീരം -11

മുഹമ്മദ് നബി(സ)യുടെ ഏറ്റവും പ്രിയപ്പെട്ട പിതൃവ്യനും സ്വന്തം പിതാവിൻറെ സ്ഥാനം ഏറ്റെടുത്തു പോറ്റി വളർത്തിയ വ്യക്തിത്വവുമായിരുന്നു അബൂത്വാലിബ്. അദ്ദേഹം ഇസ്ലാം സ്വീകരിച്ചെങ്കിൽ എന്ന് നബി (സ)അതിയായി ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന് മരണം ആസന്നമായപ്പോൾ നബി തിരുമേനി (സ) അദ്ദേഹത്തിൻറെ അടുക്കൽ ചെന്ന് പറഞ്ഞു.

“എൻറെ പിതൃവ്യരെ അല്ലാഹുവിൻറെ അടുക്കൽ താങ്കൾക്കുവേണ്ടി എനിക്ക് സാക്ഷ്യം വഹിത്തക്കവണ്ണം ഒരു വാക്ക്, (ലാഇലാഹ ഇല്ലല്ലാഹ് എന്ന തൗഹീദിന്റെ കലിമ) താങ്കൾ ഉച്ചരിക്കണം. വലിയ പ്രതീക്ഷയോടെയും വികാര ആവേശത്തോടും കൂടിയാണ് നബി തിരുമേനി (സ) അബൂത്വാലിബിനോട് ഇങ്ങനെ ആവശ്യപ്പെട്ടത്. എന്നാൽ അബൂത്വാലിബിന്റെ സമീപത്ത് ആ സമയം അബു ഉമയ്യയും അബൂജഹലും ഉണ്ടായിരുന്നു. അവർ അദ്ദേഹത്തോട് ചോദിച്ചു. താങ്കൾ ഈ അവസാന സമയത്ത് നമ്മുടെ പൂർവികരുടെ മതത്തെ കയ്യൊഴിയുകയാണോ? നബി തൻറെ പിതൃവ്യനോട് ‘ലാഇലാഹ ഇല്ലല്ലാഹ്’ ചൊല്ലാൻ ആവർത്തിക്കുന്ന സമയത്തൊക്കെ ഇവർ രണ്ടുപേരും ഈ ചോദ്യം തുടർന്നുകൊണ്ടേയിരുന്നു. അവസാനം അബൂത്വാലിബ് നബി(സ)യെ നിരാശനാക്കി “എൻറെ പിതാവ് അബ്ദുൽ മുത്തലിബിന്റെ മാർഗത്തിൽ” എന്ന് പറഞ്ഞ് കണ്ണടക്കുകയാണ് ഉണ്ടായത്.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഖുർആനിലെ സൂറത്ത് ഖസസിലെ 56-ാമത്തെ വചനം അവതരിപ്പിക്കപ്പെട്ടത്.

“നബിയെ നിശ്ചയമായും നീ ഇഷ്ടപ്പെട്ടവരെ നീ നേർമാർഗ്ഗത്തിൽ ആക്കുകയില്ല; എങ്കിലും അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗ്ഗത്തിലാക്കുന്നു. സന്മാർഗം പ്രാപിക്കുന്നവരെ കുറിച്ച് അവൻ നല്ലവണ്ണം അറിയുന്നവനുമത്രെ.”

മരണാസന്നനായി കിടക്കുന്ന സമയത്ത് ഒരാൾക്ക് അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ)യുടെ നാവിൽ നിന്ന് ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് കേൾക്കാനുള്ള ഭാഗ്യം ലഭിക്കുക, എന്നിട്ട് ആ വചനം ഏറ്റ് ഉച്ചരിക്കാനാവാതെ മരണം സംഭവിക്കുക. എത്ര വലിയ ദൗർഭാഗ്യമാണത്? സന്മാർഗം പ്രാപിക്കുക എന്നത് സർവ്വശക്തനായ അല്ലാഹു നൽകുന്ന മഹാഭാഗ്യമാണ്. ആ അനുഗ്രഹം സിദ്ധിച്ചതുകൊണ്ടാണ് നമുക്ക് ഓരോരുത്തർക്കും സത്യ ദീനിന്റെ ഭാഗമാകാനായത്. അതിനാൽ പരിശുദ്ധ റമദാനിലെ ദിനരാത്രങ്ങളിൽ സൽകർമ്മങ്ങളെ കൊണ്ടും സൽവിചാരങ്ങളാലും സമ്പന്നമാക്കുക സർവ്വശക്തൻ അനുഗ്രഹിക്കുമാറാകട്ടെ…

print

1 Comment

  • Aameen

    Abdul Fathah 03.04.2023

Leave a comment

Your email address will not be published.