റമദാൻ തീരം -12

//റമദാൻ തീരം -12
//റമദാൻ തീരം -12
ആനുകാലികം

റമദാൻ തീരം -12

അദ് ബുനു റുബയ്യിഅ്(റ)വിൻ്റെ ഭാര്യ ഒരിക്കൽ തൻറെ രണ്ട് പെൺമക്കളോടൊപ്പം റസൂൽ (സ) തിരുമേനിയുടെ അടുക്കൽ ചെന്നു പറഞ്ഞു.
“അല്ലാഹുവിൻറെ റസൂലേ, ഇതാ ഇത് രണ്ടും സഅദിന്റെ പുത്രികളാണ്. ഇവരുടെ പിതാവ് താങ്കളോടൊപ്പം ഉഹ്ദ് യുദ്ധത്തിൽ പങ്കെടുത്ത് രക്തസാക്ഷിയായി കൊല്ലപ്പെട്ടു. ഇപ്പോൾ ഇവരുടെ പിതൃവ്യൻ ഇവരുടെ സ്വത്തു മുഴുവനും എടുത്തിരിക്കുന്നു. പെൺകുട്ടികളാണ് എന്ന കാരണത്താൽ ഇവർക്ക് അദ്ദേഹം ഒന്നും നീക്കി വെച്ചിട്ടില്ല. ഇവർക്കു വല്ല സ്വത്തും ഇവരുടെ പേരിൽ ഉണ്ടായിരുന്നാലല്ലാതെ ആരും ഇവരെ വിവാഹം കഴിക്കുകയില്ല. അനാഥകളായ പെൺകുട്ടികൾ എൻറെ കാലശേഷം വലിയ പ്രയാസത്തിലാകും.”

ഈ സന്ദർഭത്തിൽ നബി(സ) അവരോട് പറഞ്ഞു; “അല്ലാഹു അതിൽ തീരുമാനമെടുത്തു കൊള്ളും.”
ഈ സന്ദർഭത്തിലാണ് പരിശുദ്ധ ഖുർആനിൽ നാലാം അധ്യായം സൂറത്ത് നിസാഇലെ പതിനൊന്നാം വചനം മുതൽക്കുള്ള അനന്തരാവകാശ നിയമങ്ങളുമായി ബന്ധപ്പെട്ട ഖുർആൻ സൂക്തങ്ങൾ അവതരിപ്പിക്കപ്പെട്ടത്.

“നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തിൽ അല്ലാഹു നിങ്ങളോട് വസിയ്യത്ത് ചെയ്യുന്നു. ആണിന് രണ്ട് പെണ്ണിൻറെ ഓഹരിക്ക് തുല്യമായതുണ്ട് എന്ന്. എന്നാൽ അവർ രണ്ടിനു മീതെ സ്ത്രീകളായിരുന്നാൽ അവർക്ക് അവൻ (മരണപ്പെട്ടയാൾ) വിട്ടേച്ചു പോയതിന്റെ മൂന്നിൽ രണ്ട് അംശം ഉണ്ടായിരിക്കും അവൾ (മകൾ) ഒരുവൾ ആണെങ്കിൽ അവൾക്ക് പകുതിയുമുണ്ട്.”

അവന് (മരണപ്പെട്ടവന്) സന്താനം ഉണ്ടായിരുന്നാൽ അവൻ വിട്ടുപോയതിൽ നിന്ന് അവൻറെ മാതാപിതാക്കൾക്ക് അവരിൽ ഓരോരുത്തർക്കും ആറിലൊന്നും ഉണ്ടായിരിക്കും.

ഖുർആനിലെ ഈ വചനങ്ങൾ അവതരിപ്പിക്കപ്പെട്ടപ്പോൾ റസൂൽ (സ) ആ കുട്ടികളുടെ പിതൃവ്യനെ ആളയച്ചു വരുത്തി. അദ്ദേഹത്തോട് പറഞ്ഞു:
സഅദിൻ്റെ രണ്ടു പെൺകുട്ടികൾക്കും മൂന്നിൽ രണ്ട് അംശവും അവരുടെ മാതാവിന് എട്ടിൽ ഒരംശവും കൊടുക്കണം. ബാക്കിയുള്ളത് താങ്കൾക്കാകുന്നു.

പെണ്ണാണ് എന്ന കാരണത്താൽ തൻറെ പിതാവിൻറെ സ്വത്തിൽ നീതിപൂർവ്വം കിട്ടേണ്ടുന്ന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിലാണ് പരിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെടുന്നത്. നീതിയിൽ ഖുർആൻ പെൺ പക്ഷത്തു നിൽക്കുകയും അവരുടെ അവകാശങ്ങൾക്കായി ശക്തമായ നിയമങ്ങൾ അവതരിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. നീതിയും നന്മയും സമത്വവുമെല്ലാം ഖുർആനിൻറെ അടിത്തറാശയങ്ങളിൽപെട്ടതാണ്. നമുക്ക് ന്മയുള്ളതെല്ലാം ഖുർആൻ അംഗീകരിക്കുകയും അനുവദിക്കുകയും അവകാശപ്പെടുത്തി തരികയും ചെയ്തിട്ടുണ്ട്. ഖുർആൻ വിരോധിച്ചിട്ടുള്ളത് നമുക്ക് പ്രയാസമുണ്ടാക്കുന്നതും ആത്യന്തികമായി നഷ്ടം വരുത്തുന്നതും അപ്രായോഗികവുമായ കാര്യങ്ങളാണ്. അതിനാൽ ഖുർആനിനോടൊപ്പം നിൽക്കുക. ഖുർആനിന്റെ മാസത്തിൽ അതിൻറെ പ്രയോഗവത്കരണത്തിലും പ്രചാരണത്തിലും പങ്കാളികളാവുക.
അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാവട്ടെ…

print

No comments yet.

Leave a comment

Your email address will not be published.