റമദാൻ തീരം -8

//റമദാൻ തീരം -8
//റമദാൻ തീരം -8
ആനുകാലികം

റമദാൻ തീരം -8

വാരിസ്ബിനു അംറ് എന്നു പേരായ ഒരാൾ നബി(സ)യെ സമീപിച്ച് ചില ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി.

“മുഹമ്മദേ, എപ്പോഴാണ് അന്ത്യസമയം ഉണ്ടാവുക? ഞങ്ങളുടെ നാട് (മഴ കിട്ടാതെ) വരൾച്ച പ്രാപിച്ചിരിക്കുകയാണ്. എപ്പോഴാണ് (മഴ പെയ്ത്) ക്ഷേമം ഉണ്ടായിത്തീരുക? ഞാൻ പോരുമ്പോൾ എന്റെ ഭാര്യ ഗർഭിണിയാണ്. അവൾ എന്തു കുട്ടിയെയാണ് പ്രസവിക്കുക? ഞാൻ ഇന്നു പ്രവർത്തിച്ചത് എനിക്കറിയാം. എന്നാൽ നാളെ ഞാൻ എന്തൊക്കെ പ്രവർത്തിക്കും? ഞാൻ ജനിച്ചത് ഏത് നാട്ടിലാണെന്ന് എനിക്കറിയാം. എന്നാൽ ഞാൻ ഏതു നാട്ടിലാണ് മരണമടയുക?

മനുഷ്യൻറെ ഇന്ദ്രിയങ്ങൾക്കും ബുദ്ധിക്കും അതീതമായ കാര്യങ്ങളെക്കുറിച്ചാണ് അയാൾ നബിതിരുമേനി(സ)യോട് ചോദിക്കുന്നത്. പരിശുദ്ധ ഖുർആൻ സൂറത്ത് ലുഖ്മാനിലെ 34 മത്തെ വചനം ഈ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. പ്രവാചകനാണെങ്കിൽ പോലും അദൃശ്യ കാര്യങ്ങൾ അറിയില്ലെന്നും അത് അറിയുന്നവൻ അല്ലാഹു മാത്രമാണെന്നും പഠിപ്പിക്കുകയായിരുന്നു മുഹമ്മദ് നബി (സ).

“നിശ്ചയമായും അല്ലാഹുവിൻറെ പക്കലത്രെ അന്ത്യ സമയത്തിന്റെ അറിവ്. അവൻ മഴ ഇറക്കുകയും ചെയ്യുന്നു. ഗർഭാശയങ്ങളിൽ ഉള്ളതിനെ അറിയുകയും ചെയ്യുന്നു. നാളെ എന്താണ് താൻ പ്രവർത്തിക്കുക എന്നുള്ളത് ഒരാളും അറിയുന്നതല്ല; ഏതു നാട്ടിൽ വച്ചാണ് താൻ മരണമടയുക എന്നും ഒരാളും അറിയുന്നതല്ല. നിശ്ചയമായും അല്ലാഹു സർവ്വജ്ഞനാണ്, സൂക്ഷ്മജ്ഞനാണ്.”

“അദൃശ്യ ജ്ഞാനത്തിന്റെ താക്കോലുകൾ” എന്ന് പ്രസ്താവിച്ചുകൊണ്ട് നബി(സ) ഈ വചനം ഒരിക്കൽ ഓതി കേൾപ്പിച്ചതായി ഇബ്നു ഉമർ (റ )റിപ്പോർട്ട് ചെയ്യുന്നുണ്ട്. മനുഷ്യൻറെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ആശങ്കകൾക്കും എല്ലാം ഉത്തരം നൽകിയ സത്യസമ്പന്നമായ ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ. തൊട്ടടുത്ത നിമിഷത്തിൽ താൻ എന്ത് ചെയ്യും എന്ന് അറിയാത്ത അത്രമാത്രം ദുർബലനാണ് അറിവിന്റെ കാര്യത്തിൽ മനുഷ്യൻ….
അനേകായിരം അറിവത്ഭുതങ്ങളുടെ മുന്നിൽ അന്ധാളിച്ചു നിൽക്കുമ്പോഴും സ്വന്തം മരണം എപ്പോഴാണ് എന്ന ചോദ്യം ഇപ്പോഴും മനുഷ്യൻറെ മുമ്പിൽ ഉത്തരമില്ലാത്ത ഒരു ആശങ്കയാണ്. എപ്പോഴും സംഭവിച്ചേക്കാവുന്ന മരണത്തിനു വേണ്ടിയുള്ള വലിയ ഒരുക്കത്തിന്റെ ദിനരാത്രങ്ങളാണ് പരിശുദ്ധ റമദാൻ. മരണാനന്തര ജീവിതത്തിൽ ഭൂമിയിലെ ഒരായുഷ്കാലം മുഴുവൻ വിജയമായിരുന്നു എന്ന തീർപ്പിലെത്താൻ റമദാനിലെ പരിശ്രമങ്ങളിലൂടെ നമുക്ക് സാധ്യമാകും. നാഥൻ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ….

print

No comments yet.

Leave a comment

Your email address will not be published.