റമദാൻ തീരം -7

//റമദാൻ തീരം -7
//റമദാൻ തീരം -7
ആനുകാലികം

റമദാൻ തീരം -7

നസുബ്നുനള്ർ (റ) ബദർ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ടായിരുന്നില്ല. ബദറിൽ അവസരം ലഭിക്കാത്തതിന്റെ പ്രയാസവും അസ്വസ്ഥതയും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു; റസൂൽ തിരുമേനി(സ) ഒന്നാമതായി സംബന്ധിച്ച യുദ്ധത്തിൽ ഞാൻ പങ്കെടുത്തില്ലല്ലോ. ഇനി തിരുമേനി ഒന്നിച്ച് അല്ലാഹു എനിക്കൊരു അവസരം തന്നാൽ തീർച്ചയായും ഞാൻ പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് എൻറെ റബ്ബിന് കാണാനാകും. അങ്ങനെ അദ്ദേഹം ഉഹ്ദ് യുദ്ധത്തിൽ സംബന്ധിച്ചു. യുദ്ധം ഒരു ഘട്ടത്തിൽ പ്രതികൂലമായി മുസ്‌ലിം സൈന്യം ചിന്നി ചിതറി. തൻറെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും സഹോദരങ്ങളും
പിന്തിരിഞ്ഞോടുമ്പോൾ അനസുബ്നുനള്ർ (റ) മുന്നോട്ടു കുതിച്ചു. ശത്രുപാളയങ്ങളെ ലക്ഷ്യം വച്ചുകൊണ്ട്….
ഇതുകണ്ട് സഅദ് ബ്നു മുആദ് (റ) അദ്ദേഹത്തോട് ഉറക്കെ വിളിച്ചു ചോദിച്ചു.
“താങ്കൾ എങ്ങോട്ടാണ് പോകുന്നത്?”
അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു.
“ഉഹ്ദ് മലയുടെ അപ്പുറത്തുനിന്ന് ഞാനിതാ സ്വർഗ്ഗത്തിന്റെ പരിമളം അനുഭവിക്കുന്നു”
അങ്ങനെ അദ്ദേഹം ആ യുദ്ധത്തിൽ വെച്ച് ശഹീദായി. അദ്ദേഹത്തിൻറെ ശരീരത്തിൽ വെട്ടും കുത്തും മറ്റുമായി 80ൽ പരം പരിക്കുകൾ പറ്റിയിട്ടുണ്ടായിരുന്നു. അല്ലാഹുവിൻറെ മാർഗത്തിൽ ഒരു അവസരം ലഭിച്ചാൽ ഞാൻ എന്ത് ചെയ്യും എന്ന് എൻറെ റബ്ബിന് കാണാനാകുമെന്ന സ്വന്തം വാക്കുകൾ അന്വർഥമാക്കുകയായിരുന്നു അദ്ദേഹം.

ഈ സംഭവമടക്കമുള്ള ഉഹ്ദിലെ സത്യവിശ്വാസികളുടെ ത്യാഗോജ്വലമായ പോരാട്ടങ്ങളെ കുറിച്ചാണ് പരിശുദ്ധ ഖുർആൻ അധ്യായം 33 അഹ്സാബ് 23ത്തെ വചനം അവതരിപ്പിക്കപ്പെടുന്നത്.

“സത്യവിശ്വാസികളിലുണ്ട് ചില പുരുഷന്മാർ; തങ്ങൾ ഏതൊരു കാര്യത്തെപ്പറ്റി അല്ലാഹുവുമായി ഉടമ്പടി ചെയ്തിരുന്നുവോ അതവർ (നിറവേറ്റി) സത്യമാക്കി. അങ്ങനെ അവരിൽ ചിലർ തൻറെ നേർച്ച നിറവേറ്റിയവരുണ്ട്; അവരിൽ (മറ്റു)ചിലർ അതിനവസരം പാർത്തുകൊണ്ടിരിക്കുന്നവരുമുണ്ട്. അവർ (ഉടമ്പടിക്ക്) യാതൊരുവിധ മാറ്റവും വരുത്തുകയും ചെയ്തില്ല”

അല്ലാഹുവിനോടുള്ള ഉടമ്പടികളും കരാറുകളും എല്ലാ സത്യവിശ്വാസികളും ചെയ്തിട്ടുണ്ട്. അതു നിറവേറ്റുന്നതിൽ ശത്രുവിന്റെ ആയുധങ്ങൾക്ക് മുമ്പിൽ സ്വന്തം ജീവൻ ത്യജിക്കുകഎന്നതാണെങ്കിൽ അതിനും സന്നദ്ധമാണ് എന്ന പാഠമാണ് സ്വഹാബത്ത് നമുക്കു മുമ്പിൽ അവതരിപ്പിക്കുന്നത്.

വിശ്വാസമനുസരിച്ച് ജീവിക്കാനും ഇസ്‌ലാമിക മര്യാദകൾ രഹസ്യ പരസ്യ ജീവിതങ്ങളിൽ പാലിക്കാനും അല്ലാഹുവിനോട് ഉടമ്പടി ചെയ്തവരാണ് സത്യവിശ്വാസികൾ.

റമദാൻ വ്രതത്തിലൂടെ അല്ലാഹുവിനോട് ചെയ്ത എല്ലാ കരാറുകളും പാലിക്കാൻ ഞങ്ങൾ സദാസന്നദ്ധരാണ് എന്നൊരു പ്രഖ്യാപനം കൂടി നാം നടത്തുന്നുണ്ട്. ഏതെങ്കിലും കാര്യത്തിൽ പരിശുദ്ധ ഖുർആനിനോടോ പ്രവാചക തിരുമേനിയുടെ അധ്യാപനങ്ങളോടോ നാം എതിര് പ്രവർത്തിക്കുമ്പോൾ അത് കരാർ ലംഘനമായി മാറും.

“ഞങ്ങൾ കേട്ടിരിക്കുന്നു ഞങ്ങൾ അനുസരിക്കുന്നു” എന്ന് വിശ്വാസത്തോടൊപ്പം അനുബന്ധമായി വരുന്ന കരാർ പ്രഖ്യാപനം ഒരു ഘട്ടത്തിലും വിസ്മരിക്കപ്പെടാവതല്ല. നമ്മുടെ ജീവിതത്തിലുടനീളം ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും മത നിയമങ്ങൾ പാലിക്കുന്നിടത്ത് നാം സൂക്ഷ്മത പുലർത്തണം. ജാഗ്രത പാലിക്കണം.
നാഥൻ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ…

print

No comments yet.

Leave a comment

Your email address will not be published.