റമദാൻ തീരം -6

//റമദാൻ തീരം -6
//റമദാൻ തീരം -6
ആനുകാലികം

റമദാൻ തീരം -6

സഅദ്ബ്നു അബീ വഖാസ് (റ) ഇസ്ലാമിൻറെ ആരംഭ ഘട്ടത്തിൽ തന്നെ വിശ്വാസം സ്വീകരിച്ച സ്വഹാബിമാരിൽ ഒരാളായിരുന്നു. അബു സുഫിയാന്റെ മകൾ ഹംനയായിരുന്നു അദ്ദേഹത്തിൻറെ മാതാവ്. തൻറെ മാതാപിതാക്കളോട് വലിയ അടുപ്പവും സ്നേഹബന്ധവും പുലർത്തിയിരുന്ന ആളായിരുന്നു സഅദ് (റ). അത് നന്നായി അറിയാവുന്ന അദ്ദേഹത്തിന്റെ ഉമ്മ അദ്ദേഹം ഇസ്ലാം സ്വീകരിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു.

“ഒന്നുകിൽ ഞാൻ മരണമടയുക, അല്ലെങ്കിൽ നീ ഇസ്ലാമിൽ അവിശ്വസിക്കുക, ഈ രണ്ടിലൊന്നുണ്ടാകുന്നതുവരെ ഞാൻ ഭക്ഷണപാനീയങ്ങളൊന്നും കഴിക്കുകയില്ല.”

സഅദിന്(റ) വിഷമമായി. ഭക്ഷണം കഴിക്കാൻ അദ്ദേഹം തന്റെ ഉമ്മയെ നിർബന്ധിച്ചു നോക്കി. അവർ വഴങ്ങിയില്ല. ഒന്ന് രണ്ട് ദിവസങ്ങൾ കഴിഞ്ഞു. ഉമ്മയുടെ വാശി കണ്ട് സഅദ് (റ) പറഞ്ഞു.
“എൻറെ ഉമ്മാ! ഈ ആവശ്യം പറഞ്ഞു നിങ്ങൾ എന്റെ മുന്നിൽ കിടന്ന് നൂറ് തവണ മരണപ്പെട്ടാലും എനിക്ക് എന്റെ മതത്തിൽ നിന്ന് പിന്മാറാൻ നിർത്തിയില്ല.”
സഅദി(റ)ൻെറ ഈ ഉറച്ച നിലപാടിന് മുന്നിൽ ഉമ്മക്ക് പരാജയം സമ്മതിക്കേണ്ടി വന്നു. അവർ അവരുടെ നിരാഹാര വ്രതത്തിൽ നിന്ന് പിന്മാറി. ഈ വിഷയത്തിലാണ് പരിശുദ്ധ ഖുർആൻ അദ്ധ്യായം 21 സൂറത്ത് അങ്കബൂത്തിലെ എട്ടാമത്തെ സൂക്തം അവതരിപ്പിക്കപ്പെട്ടത്.

“മനുഷ്യനോട് അവൻറെ മാതാപിതാക്കളെ സംബന്ധിച്ച് (അവരിൽ) നന്മ ചെയ്യുവാൻ നാം ആജ്ഞ നൽകിയിരിക്കുന്നു. (ഹേ,മനുഷ്യാ) നിനക്ക് (യഥാർത്ഥത്തിൽ) യാതൊരു അറിവും ഇല്ലാത്ത ഒന്നിനെ എന്നോട് പങ്കുചേർക്കുന്നതിന് അവർ നിന്നോട് നിർബന്ധം ചെലുത്തുന്ന പക്ഷം നീ അവരെ (രണ്ടാളെയും) അനുസരിച്ചു പോകരുത്. എൻറെ അടുക്കലേക്കാണ് നിങ്ങളുടെ എല്ലാവരുടെയും മടക്കം. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെ പറ്റി ഞാൻ നിങ്ങൾക്ക് വൃത്താന്തം അറിയിച്ചുതരുന്നതാകുന്നു.”

മതവും വിശ്വാസവും അനുബന്ധകാര്യങ്ങളും ഐഹിക ജീവിതവുമായി ബന്ധപ്പെട്ട എല്ലാറ്റിനേക്കാളും പ്രാധാന്യമർഹിക്കുന്നതും വിലപ്പെട്ടതുമാകുന്നു. പെറ്റ് പോറ്റിയ ഉമ്മക്ക് വേണ്ടിയാണെങ്കിൽ പോലും മതത്തെ മാറ്റിനിർത്താൻ അനുവാദമില്ലെന്ന് അധ്യാപനം എത്രത്തോളം പ്രാധാന്യമുള്ളതാണ്?
ചില ചില്ലറ കാര്യങ്ങൾക്കും കാരണങ്ങൾക്കും വേണ്ടി മതത്തെയും അതിൻറെ ചിഹ്നങ്ങളെയും അടയാളങ്ങളെയും ഒഴിവാക്കുന്നവർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. ക്ഷണികമായ സുഖാനുഭൂതികൾക്കും സ്വാർത്ഥ താല്പര്യങ്ങൾക്കുമായി വിശ്വാസകാര്യങ്ങളെ ബലികഴിക്കുന്നവരുണ്ട്. മനുഷ്യൻറെ ഏറ്റവും വലിയ കടമയും കടപ്പാടും മാതാവിനോടാണ് എന്ന് പഠിപ്പിച്ച മതമാണ് ഒരു വിഷയത്തിൽ മതത്തോടൊപ്പമോ മാതാവിനോടൊപ്പമോ എന്ന ചോദ്യം വന്നാൽ മതത്തോടൊപ്പം നിൽക്കണം എന്ന് കൽപ്പിക്കുന്നത്. മതത്തിൻറെ ചെറുതും വലുതുമായ എല്ലാ വശങ്ങളോടും നീതിപുലർത്തി ജീവിക്കുക.
നാഥൻ അനുഗ്രഹിക്കുമാറാകട്ടെ….

print

No comments yet.

Leave a comment

Your email address will not be published.