നബിചരിത്രത്തിന്റെ ഓരത്ത് -35

//നബിചരിത്രത്തിന്റെ ഓരത്ത് -35
//നബിചരിത്രത്തിന്റെ ഓരത്ത് -35
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -35

ചരിത്രാസ്വാദനം

ഉമർ

നേഗസിനെ കാര്യങ്ങള്‍ ധരിപ്പിക്കാനായി അബിസീനിയയിലേക്ക് പോയ ദ്വയാംഗ കുറയ്ഷി സംഘം മക്കയില്‍ തിരിച്ചെത്തിയത് കദനം തൂങ്ങുന്ന മനസ്സുമായിട്ടാണ്. തങ്ങളുടെ പ്രതിനിധികള്‍ പരദേശത്ത് അപമാനിതരായി എന്ന വാര്‍ത്ത മക്കയില്‍ നിരാശ പടർത്തി. മോഹഭംഗങ്ങളുടെ നീര്‍ക്കയത്തിലേക്ക് ഇവ്വിധം തൂക്കിയെറിയപ്പെടുമെന്ന് കുറയ്ഷ് കണക്കുകൂട്ടിയിരുന്നേ ഇല്ല.

ഈ തിരിച്ചടിക്കുള്ള ഉടനടി ആശ്വാസം അവര്‍ കണ്ടെത്തിയത് പൂര്‍വ്വോപരി ശക്തിയോടെ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കുന്നതിലൂടെയാണ്. ദയാരഹിതമായ പകലന്തികളായിരുന്നു തുടര്‍ന്നങ്ങോട്ട് മുസ്‌ലിംകളെ കാത്തിരുന്നത്.

ഇസ്‌ലാമിന്റെ ഏറ്റവും വലിയ ശത്രുവും കടുത്ത ഇസ്‌ലാം വിരോധത്തിന്റെ സർവ്വകാല പ്രതീകവുമായ അബൂജഹ്‌ലിന്റെ ഭാഗിനേയന്‍ ഉമര്‍; ഖതാബിന്റെ മകൻ ഉമർ. മുസ്‌ലിം പീഡനത്തില്‍ ആരുടെയും പിന്നിലല്ല. മുസ്‌ലിംകളെ ദ്രോഹിക്കാനായി അബൂജഹ്ൽ വരച്ചിടുന്ന പുറംവരകളെ യാഥാര്‍ത്ഥ്യമാക്കുകയാണ് അയാളുടെ ജോലി. മാതുലന്റെ കല്പനകളുടെയും നിര്‍ദ്ദേശങ്ങളുടെയും വളവുതിരിവുകളെ സസൂക്ഷ്മം പിന്തുടര്‍ന്ന ഉമറിന് ഏറ്റവും ആത്മാര്‍ത്ഥതയുള്ള ഇസ്‌ലാം വിരോധി എന്ന സാക്ഷ്യപ്രത്രം ലഭിക്കാന്‍ അധികമൊന്നും പോകേണ്ടിവന്നില്ല. ഖതാബിന്റെ കഴുത മുസ്‌ലിമായാലും ഖതാബിന്റെ ഉമര്‍ മുസ്‌ലിമാവുകയില്ലെന്ന് വന്മരങ്ങളുടെ കൂറ്റന്‍ കൊമ്പുകളൊടിഞ്ഞുവീഴുന്ന ശബ്ദത്തില്‍ കുറയ്ഷി സദസ്സുകളില്‍ പൊട്ടിച്ചിരിയുയര്‍ന്നു.

ഉമറിനന്ന് പ്രായം ഇരുപത്തിയാറ്. ഉറച്ച ശരീരഘടന, കിടയറ്റ പേശീബലം, മുന്‍കോപവും പരുഷപ്രകൃതവും അയാളുടെ ശരീരഘടനയുമായി നല്ലവണ്ണം ചേർന്നുപോയി. വരുംവരായ്കകളെക്കുറിച്ചുള്ള ചിന്ത അയാളെ എവിടെയും വഴിതടഞ്ഞില്ല. മദ്യവും വിനോദവും ഉമറിനെ ഗ്രസിച്ചിട്ടുണ്ടെങ്കിലും ദീനാനുകമ്പയും സഹജീവിസ്‌നേഹവും അയാളുടെ പരുക്കന്‍ ഹൃദയത്തില്‍ അവിടവിട നനവുകൾ തീർത്തിരുന്നു. തനിക്കു ചെയ്യാന്‍ കഴിയുന്ന നന്മകള്‍ അയാള്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്തു.

തീര്‍ന്നില്ല, എഴുത്തും വായനയും അറിയാവുന്ന മക്കയിലെ പതിനാറോ പതിനേഴോ പേരില്‍ ഒരാളാണ് ഉമര്‍. പിതാവിന്റെ ആടുകള്‍ക്ക് പാലകനായി ദജ്‌നാന്‍ കുന്നുകളില്‍ ചെലവഴിച്ച കുട്ടിക്കാലത്തെ ഏകാകിതയില്‍ നിന്നായിരിക്കാം അയാള്‍ക്ക് തന്റെ പിതൃക്കളുടെ മതത്തോടുള്ള ശക്തമായ അഭിനിവേശം ലഭിച്ചത്. പാരമ്പര്യത്തിന്റെ തീച്ചുളയിലൂടെ നൂണ്ട് കരുത്താര്‍ജ്ജിച്ച പൂര്‍വ്വാചാരങ്ങളെ ഉമർ പൊന്നുപോലെ ഹൃദയത്തോടു ചേര്‍ത്തുവെച്ചു.

കഅ്ബയെയും അതിലുള്ളതിനെയും അതില്‍നിന്ന് വികിരണം ചെയ്തതിനെയും ഹൃദയം നിറഞ്ഞ ആദരങ്ങളോടെ സമീപിക്കാന്‍ പിതാവ് ഉമറിനെ പഠിപ്പിച്ചിരുന്നു. പിഴച്ചുപോയ സഹോദരന്‍ സെയ്ദിന്റെ വഴി തന്റെ മകന്‍ തിരഞ്ഞെടുത്തുകൂടാ എന്ന് ഖതാബ് ആഗ്രഹിച്ചിരിക്കണം. ഉമറിന്റെ വിഗ്രഹഭക്തിക്ക് മക്കയില്‍ സമാനതകള്‍ വിരളം.

മക്കക്കാര്‍ ഇതുവരെ ഒന്നായിരുന്നു. ഒരൊറ്റ മതം, ഒരേ സമുദായം, ഒരേ ഭാഷ, ഒരേ പാരമ്പര്യം അങ്ങനെ എല്ലാംകൊണ്ടും ഒന്നായ സമൂഹമായി നൂറ്റാണ്ടുകള്‍ കഴിച്ച മക്ക ഇന്ന് രണ്ട് മതങ്ങളുടെ നഗരമാണ്; രണ്ട് സമുദായങ്ങളുടെയും. മക്കയില്‍ ജനിച്ച്, മക്കക്കാരായി വളര്‍ന്ന്, മക്കയില്‍തന്നെ ജീവിക്കേണ്ടിയിരുന്ന യുവാക്കളില്‍ ചിലര്‍ക്ക് ഇന്ന് ദൂരെയൊരു ദേശത്തേക്ക് പലായനം ചെയ്യേണ്ടിവന്നിരിക്കുന്നു. അവര്‍ക്ക് അന്നാട്ടിലെ രാജാവ് അപ്പവും അഭയവും നല്‍കിക്കൊണ്ടിരിക്കുകയാണ്.

ഉമറിന്റെ മനസ്സിനെ ഈ സംഭവങ്ങള്‍ വല്ലാതെ ഉലച്ചു. താന്‍ നോക്കിയിട്ട് മക്ക ഇന്നത്തെ സ്ഥിതിയിലെത്താൻ ഒരേയൊരു കാരണമേ ഉള്ളൂ; മുഹമ്മദ്. അയാളെ ഇല്ലായ്മ ചെയ്താല്‍ പ്രശ്‌നത്തിനറുതിയായി. അതോടെ എല്ലാം പഴയപടി നേരെയാകും, ഉമര്‍ കരുതി. ഈ രേഖയിലൂടെ പലവട്ടം അയാള്‍ മുമ്പോട്ടും പിറകോട്ടും നടന്നു. ഇങ്ങനെയൊന്നല്ലാതെ മറ്റൊരു പദ്ധതിയും അയാളുടെ പാറപോലെ ഉറച്ച മനസ്സില്‍ തെളിഞ്ഞുവന്നില്ല.

അങ്ങനെ, ആ ദിവസം വന്നെത്തി. ഉടവാളിന്റെ മൂര്‍ച്ച പരിശോധിച്ചുറപ്പുവരുത്തി വീട്ടില്‍നിന്നു പുറപ്പെട്ടു. മുഹമ്മദിനോടുള്ള ക്രോധം മനസ്സില്‍ പതഞ്ഞുപൊങ്ങി. ചലിതബാണം പോലെ മുമ്പോട്ടുനീങ്ങിയ ഉമര്‍ ചുറ്റുമുള്ളതൊന്നും കാണുന്നും കേള്‍ക്കുന്നുമില്ലെന്നുറപ്പ്.

”എങ്ങോട്ട്”? സ്വന്തം ഗോത്രജനായ അബ്ദുല്ലയുടെ പുത്രന്‍ നുഅയ്മിന്റെ ചോദ്യമാണ് ഉമറിനെ സംഭവലോകത്തേക്ക് തിരികെ കൊണ്ടുവന്നത്. ഉമറിന്റെ മുഖത്ത് തെളിഞ്ഞ ഭീതിജനകമായ ഗൗരവവും പാരുഷ്യവും കണ്ടപ്പോള്‍, അടുത്തിട മുസ്‌ലിമാവുകയും ഉമറിനെപ്പോലെയുള്ള ബന്ധുക്കളെപ്പേടിച്ച് വിശ്വാസം രഹസ്യമാക്കിവെക്കുകയും ചെയ്യുന്ന നുഅയ്മിന് അതു ചോദിക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല; പന്തികേട് അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുകയാണല്ലോ. താനടങ്ങുന്ന വിശ്വാസികള്‍ക്ക് പ്രിയങ്കരനായ പ്രവാചകന്റെ ജീവന്‍ അപകടത്തിലാകുമ്പോള്‍ ആ അപകടം തട്ടിമാറ്റേണ്ട ബാധ്യത തനിക്കുണ്ടെന്ന് നുഅയ്ം കരുതിയതില്‍ അസ്വാഭാവികതയില്ല.

”ഞാന്‍ പോകുന്നത് മുഹമ്മദിന്റെ അടുത്തേക്കാണ്. അയാളാണ് കുറയ്ഷികളെ രണ്ടായി ചീന്തിയത്. ഞാന്‍ അയാളെ കൊല്ലും.”

കോപാന്ധതയുറഞ്ഞ ഉമറിന്റെ കര്‍ണങ്ങളില്‍ തന്റെ അപേക്ഷകള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് നുഅയ്മിന്നറിയാം. അപായം തൂങ്ങിനില്‍ക്കുന്ന ഈ അവസരത്തില്‍ അയാളുടെ മനസ്സില്‍ പുതിയൊരുപായം തെളിഞ്ഞുവന്നു. അത് ഒന്നുമില്ലെങ്കില്‍ പ്രവാചകനെ വിവരമറിയിച്ച് അദ്ദേഹത്തിന് വേണ്ടത്ര മുന്‍കരുതലെടുക്കാനുള്ള അവസരം നല്‍കുകയെങ്കിലും ചെയ്യും. വിശ്വാസത്തിന്റെ മുത്തിനെ മനസ്സിന്റെ ചിപ്പിക്കുള്ളിലൊളിപ്പിച്ചിരിക്കുന്ന രണ്ട് വിശ്വാസികള്‍ക്ക് അപകടകരമായി ഭവിക്കാനാണ് തന്റെ നീക്കംകൊണ്ട് സാധ്യതയെന്നോര്‍ത്തപ്പോള്‍ മനസ്സിൽ ഇടിവാൾ മിന്നി. സാരമില്ല, അവര്‍ തന്നോടു ക്ഷമിക്കും. താന്‍ ചെയ്തതറിയുമ്പോള്‍ ഒരുപക്ഷേ, അവര്‍ തന്നെ അഭിനന്ദിക്കും. വരുന്നതുവരട്ടെ, ഇതല്ലാതെ മറ്റു വഴികളില്ല.

”ഉമര്‍!” നുഅയ്ം പറഞ്ഞുതുടങ്ങി, ”നിങ്ങള്‍ വല്ലാത്ത തെറ്റുധാരണയിലാണ്. മുഹമ്മദിനെ വധിച്ച ശേഷം ഈ ഭൂമുഖത്തു നടക്കാന്‍ അബ്ദുമനാഫ് വംശം നിങ്ങളെ അനുവദിക്കുമെന്നു തോന്നുന്നുണ്ടോ? ആദ്യം നിങ്ങൾ സ്വന്തം കുടുംബക്കാരുടെ വീട്ടിലേക്ക് പോകാത്തതെന്ത്? എന്നിട്ടവരെ ‘നേരെ’യാക്കാത്തതെന്ത്?”

”എന്റെ വീട്ടുകാരോ?!” വിശ്വാസം വരാതെ ഉമർ ചോദിച്ചു. ”അതെ, നിങ്ങളുടെ സഹോദരി ഫാത്വിമയും അവരുടെ ഭര്‍ത്താവ് സഈദ് ബിന്‍ സെയ്ദും തന്നെ.” നുഅയ്ം പറഞ്ഞു,” ഇരുവരും മുഹമ്മദിന്റെയും അദ്ദേഹത്തിന്റെയും മതത്തിന്റെയും അനുയായികളാണ്.”

മറുവചനമൊരക്ഷരമുരിയാടാതെ ഉമര്‍ തന്റെ ഗതിദിശ സഹോദരിയുടെ വീട്ടിലേക്ക് തിരിച്ചിട്ടു. ബനൂസുഹ്‌റക്കാരനായ ഒരു സാധു മനുഷ്യന്‍ സഈദിനും ഫാത്വിമയ്ക്കും കുര്‍ആന്‍ ഓതിക്കേള്‍പ്പിക്കാനായി പലപ്പോഴും അവരുടെ വീട്ടിലെത്താറുണ്ട്, പേര് ഖബ്ബാബ്. വിശുദ്ധവേദത്തിലെ ‘ത്വാഹാ’ അദ്ധ്യായത്തിൽ നിന്നുള്ള സൂക്തങ്ങള്‍ അദ്ദേഹം ഓതിക്കേള്‍പ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉമര്‍ കലിയേറി ഭൂതാവിഷ്ടനെപ്പോലെ അങ്ങോട്ടു കടന്നുവരുന്നത്. ഖബ്ബാബിന്റെ പാരായണം അയാൾ കേട്ടുകഴിഞ്ഞു. ഉമറിന്റെ ശബ്ദം കേട്ടതും ഖബ്ബാബ് വീടിന്റെ മൂലയിലൊളിച്ചു.

”ഞാനിവിടെ കേട്ട ആ പിറുപിറുക്കുന്ന ശബ്ദമെന്താണ്?” കേറിച്ചെന്നപാടെ ഉമര്‍ ചോദിച്ചു. അയാള്‍ ഒന്നും കേട്ടില്ലെന്നും കേട്ടുവെന്ന് തോന്നിയതാണെന്നും വരുത്താന്‍ സഹോദരിയും ഭർത്താവും ശ്രമിച്ചു.

”ഞാന്‍ കേട്ടു”, ഉമര്‍ ഉറച്ചുപറഞ്ഞു. ”നിങ്ങളിരുവരും മുഹമ്മദിന്റെ അനുയായികളായത് ഞാനറിഞ്ഞു.” തുടര്‍ന്ന് അളിയനെപ്പിടിച്ച് ഉമര്‍ ശക്തിയായി പ്രഹരിച്ചു. ഭര്‍ത്താവിന് പ്രതിരോധമേര്‍പ്പെടുത്താനായി മുന്നോട്ടാഞ്ഞ ഫാത്വിമക്കും കിട്ടി തലക്കൊരടി. അവരുടെ ശിരസ്സ് പൊട്ടി രക്തമൊഴുകി. അന്നേരം വിപദിധൈര്യത്തോടെ ദമ്പതികള്‍ പറഞ്ഞു, ”അതെ, ഞങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. വേണ്ടതെന്തു വേണമെന്നാലും ചെയ്തുകൊള്ളൂ.”

മരുഭൂമിപോലെ വരണ്ട ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഉമര്‍ തന്റെ മനസ്സില്‍ കെട്ടിയിരുന്ന ഊക്കന്‍ കോട്ടയ്ക്ക് വിള്ളലേറ്റ അനര്‍ഘനിമിഷം വന്നണയുകയായി. ഫാത്വിമയുടെ തലക്കേറ്റ മുറിവില്‍ നിന്ന് രക്തമൊഴുകുന്നു. സഹോദരിയനുഭവിക്കുന്ന വേദനയോര്‍ത്ത ഉമറിന്റെ ഹൃദയത്തിൽ അനുതാപത്തിന്റെ ഉറവപൊട്ടി. അയാളുടെ സ്വരത്തിന്റെ കാര്‍ക്കശ്യം കുറഞ്ഞു. മനസ്സില്‍ നുരഞ്ഞുപൊങ്ങിയ കോപത്തിന്റെ രസനിരപ്പ് താണു. കണ്ണുകളില്‍ കത്തിയ പകയുടെ ചൂട് കുറഞ്ഞു. ചലനകരണങ്ങളിലെ ധാര്‍ഷ്ട്യം അപ്രത്യക്ഷമായി. സൗമ്യസ്വരത്തില്‍ അയാള്‍ ചോദിച്ചു, ”ഞാനിപ്പോള്‍ കേട്ടതിന്റെ ലിഖിതം എനിക്ക് നല്‍കൂ. ഞാനൊന്ന് നോക്കട്ടെ മുഹമ്മദ് എന്താണ് കൊണ്ടുവന്നിരിക്കുന്നതെന്ന്”.

”നിങ്ങളെ അതേല്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് ഭയമാണ്.” ഫാത്വിമ പറഞ്ഞു.

”പേടിവേണ്ട”, ഉമര്‍ പറഞ്ഞു. കോപവും വെറുപ്പും പകയും ദ്വേഷവും ഒരു സ്‌നാനത്തിലൂടെ കഴുകിക്കളഞ്ഞ ഉമര്‍ സഹോദരിയുടെ കയ്യിൽ നിന്ന് ഏടേറ്റുവാങ്ങി. ‘ത്വാഹാ’ എന്ന് വായിച്ചുതുടങ്ങി. പോകപ്പോകെ അയാളുടെ കണ്ണുകള്‍ വിടര്‍ന്നു. ദിവ്യവചസ്സുകള്‍ ഹൃദയത്തിലേക്ക് കിനിഞ്ഞിറങ്ങി. മുഴുവന്‍ വായിച്ചു തീര്‍ന്നപ്പോള്‍ ഉമര്‍ സര്‍വ്വാംഗം വിറക്കുന്നു.
”എന്തുമാത്രം സുന്ദരമാണീ വചനങ്ങള്‍! എത്ര മഹത്തരമാണിവ!!” സഹോദരിയെയും ഭര്‍ത്താവിനെയും അമ്പരപ്പിച്ചുകൊണ്ട് ഉമര്‍ പറഞ്ഞു.

ഇതു കേട്ടതും ഖബ്ബാബ് പുറത്തുവന്നു, ”ഉമര്‍, പ്രവാചകന്റെ ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമാണിതെന്നു ഞാന്‍ കരുതുന്നു. ‘അല്ലാഹുവേ, അംറുബിന്‍ ഹിഷാ-അബൂജഹ്ൽ-മിനെക്കൊണ്ടോ ഉമര്‍ബിന്‍ ഖതാബിനെക്കൊണ്ടോ ഇസ്‌ലാമിനെ ശക്തിപ്പെടുത്തേണമേ’ എന്ന് പ്രവാചകന്‍ പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.”

വിശ്വാസത്തിന്റെ ഉജ്ജ്വല പ്രഭയില്‍ ദീപ്തമായ ഹൃദയവുമായി ഉമര്‍ സഫാ കവാടത്തിനടുത്തുള്ള അര്‍കമിന്റെ പുത്രന്‍ അര്‍കമിന്റെ വീട്ടിലെത്തി. അനന്തരം വാതിലില്‍ മുട്ടി താനാരാണെന്നറിയിച്ചു. ഉമറിനെ വഴിയില്‍വെച്ചു കണ്ട നുഅയ്ം അദ്ദേഹത്തിന്റെ നീക്കത്തെക്കുറിച്ച് ദാറുല്‍ അര്‍കമിലെത്തി മുന്നറിവ് നല്‍കിയിരുന്നതിനാല്‍ മുസ്‌ലിംകള്‍ ജാഗരൂകരായിരുന്നു. എന്നാലും ഉമറിന്റെ സൗഹൃദപൂര്‍ണമായ സ്വരം അവരെ അമ്പരപ്പിച്ചു. വാതില്‍ പഴുതിലൂടെ നോക്കി വന്നിരിക്കുന്നത് ഉമര്‍ തന്നെയെന്നവര്‍ ഉറപ്പുവരുത്തി.

”അയാള്‍ വന്നോട്ടെ”, ഹംസ പറഞ്ഞു, ”വന്നത് നല്ലതിനാണങ്കില്‍ നാം അയാളെ സ്വീകരിക്കും. അതല്ല ദുരുദ്ദേശ്യത്തോടെയാണ് വരവെങ്കില്‍ അയാളുടെ വാളുകൊണ്ടുതന്നെ നാമയാളുടെ തല വേര്‍പ്പെടുത്തും.”

ഉമര്‍ കയറിവന്ന് നേരെ പ്രവാചകന്റെ അടുത്തെത്തി.
”ഞാന്‍ ഇവിടേക്ക് വന്നത് അല്ലാഹുവിലും അവന്റെ പ്രവാചകനിലുമുള്ള വിശ്വാസം ഘോഷണം ചെയ്യാനാണ്.” ഉമര്‍ പതിഞ്ഞ സ്വരത്തില്‍ നബിയോട് പറഞ്ഞു.

”അല്ലാഹു അക്ബര്‍” പ്രവാചകന്‍ ഉറക്കെ പറഞ്ഞു. ഉമര്‍ മുസ്‌ലിമായിക്കഴിഞ്ഞുവെന്ന് സദസ്സിലുള്ള മുസ്‌ലിംകള്‍ തിരിച്ചറിഞ്ഞു.

വിശ്വാസം മൂടിവെക്കുന്ന പ്രകൃതമല്ല ഉമറിന്റേത്. സാന്ദ്രമായ വിശ്വാസത്തിന്റെ പിൽക്കാലത്തൊരിക്കൽ ജീവിതത്തില്‍ താന്‍ താണ്ടിയ വഴികളോർത്തെടുത്തുകൊണ്ട് നടത്തിയ കഥാകഥനങ്ങള്‍ക്കിടെ ഉമര്‍ പറഞ്ഞു, ”ഇസ്‌ലാമില്‍ പ്രവേശിച്ച അന്ന് രാത്രി ഞാന്‍ ചിന്തിച്ചു, ആരാണ് ഇസ്‌ലാമിന്റെ ഏറ്റവും വലിയ ശത്രു? അയാളുടെ മുമ്പില്‍ പോയി ഞാനിതാ മുസ്‌ലിമായിരിക്കുന്നുവെന്നു പറയണം. എന്റെ മനഃസാക്ഷി നല്‍കിയ ഉത്തരം അബൂജഹ്ൽ എന്നായിരുന്നു. പിറ്റേന്ന് വെളുപ്പിന് ഞാനയാളുടെ വീട്ടിലെത്തി വാതിലില്‍ മുട്ടി. വാതില്‍ തുറന്ന് അബൂജഹ്ൽ പുറത്തുവന്നു. നിറഞ്ഞ ചിരിയോടെ അയാള്‍ എന്നെ സ്വീകരിച്ചു.
”എന്റെ സഹോദരീപുത്രന് സ്വാഗതം, എന്താണാവോ രാവിലെതന്നെ ഈവഴിയൊക്കെ?”

ഞാന്‍ പറഞ്ഞു, “ഞാന്‍ അല്ലാഹുവിലും അവന്റെ പ്രവാചകന്‍ മുഹമ്മദിലും വിശ്വസിക്കുന്നുവെന്ന് നിങ്ങളെ അറിയിക്കാനാണ് ഞാന്‍ വന്നത്.
“ദൈവത്തിന്റെ ശാപം നിന്റെ മേൽ ഇരിക്കട്ടെ ഉമർ”, അയാള്‍ പറഞ്ഞു. പിന്നീടയാള്‍ വീടിനുള്ളിലേക്കുകേറി വാതില്‍ വലിച്ചടച്ചു.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.