റമദാൻ തീരം -5

//റമദാൻ തീരം -5
//റമദാൻ തീരം -5
ആനുകാലികം

റമദാൻ തീരം -5

മുഹമ്മദ്ബ്നു മസ്‌ലമ(റ)യുടെ നേതൃത്വത്തിൽ അയക്കപ്പെട്ട ഒരു സൈന്യ സംഘത്തിൻറെ പിടിയിൽ പെട്ടാണ് യമാമയിലെ ഭരണാധികാരിയായിരുന്ന സുമാമ മദീനയിൽ എത്തിക്കപ്പെടുന്നത്. മദീന പള്ളിയിൽ തടങ്കലിൽ അദ്ദേഹം മൂന്നുദിവസം കഴിച്ചുകൂട്ടുകയുണ്ടായി. മുഹമ്മദ് നബി(സ)യിൽനിന്ന് തന്നെ ഇസ്‌ലാമിനെ പരിചയപ്പെടാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു. ആദ്യം വിസമ്മതിച്ച അദ്ദേഹം തടങ്കലിൽ നിന്ന് നിരുപാധികം മോചിതനായി വിട്ടയക്കപ്പെട്ടപ്പോൾ സ്വമേധയാ തിരിച്ചുവന്ന് നബി(സ)യെ കണ്ട് ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചതിൽ ഖുറൈശികൾക്ക് അതിയായ വെറുപ്പും വിരോധവുമുണ്ടായി. ഉംറ നിർവഹിക്കാൻ സുമാമ മക്കയിൽ വന്ന സമയത്ത് ഖുറൈശികൾ അദ്ദേഹത്തെ കഠിനമായി ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്തു. മക്കക്കാരുടെ നടപടിയിലുള്ള പ്രതിഷേധം എന്ന നിലക്ക് യമാമയുടെ ഭരണാധികാരി അവരോട് പറഞ്ഞു.
“അല്ലാഹുവാണ് സത്യം! യമാമയിൽ നിന്ന് റസൂൽ തിരുമേനി (സ) ഉത്തരവുനൽകിയാലല്ലാതെ ഇനിമുതൽ ഒറ്റ മണിധാന്യം നിങ്ങൾക്ക് വരികയില്ല.”

മക്കയിലേക്ക് ധാന്യം ഇറക്കുമതി ചെയ്തിരുന്ന പ്രധാന കേന്ദ്രമായിരുന്നു അന്ന് യമാമ പ്രദേശങ്ങൾ. അങ്ങനെ അദ്ദേഹം അത് നിർത്തൽ ചെയ്തു. ഇത് നിമിത്തം മക്കക്കാർക്ക് വമ്പിച്ച പട്ടിണിയായി. മൃഗങ്ങളുടെ രോമവും രക്തവും ചേർത്തുണ്ടാക്കുന്ന “ഇൽഹിസ്” പോലും ഇക്കാലത്ത് അവർക്ക് ഭക്ഷണമായി കഴിക്കേണ്ടി വന്നു. ഈ പരീക്ഷണ കാലത്തെ സംബന്ധിച്ചാണ് പരിശുദ്ധ ഖുർആൻ 76, 77 വചനങ്ങൾ അവതരിപ്പിക്കപ്പെട്ടതെന്നാണ് മുഫസ്സിറുകൾ അഭിപ്രായപ്പെടുന്നത്.

“നാം അവരെ ശിക്ഷ കൊണ്ട് പിടിക്കുകയുണ്ടായി. എന്നിട്ട്, അവർ തങ്ങളുടെ റബ്ബിന് കീഴടങ്ങിയില്ല; അവർ (അവനോട്) താഴ്മ കാണിക്കുന്നുമില്ല! കഠിന ശിക്ഷയുടെതായ ഒരു കവാടം അവരിൽ നാം തുറക്കുന്നതായാൽ അപ്പോഴതാ, അവർ അതിൽ ആശയറ്റ് പോകുന്നവരായിരിക്കും. അതുവരേക്കും (അവർ ഈ നില തുടരും.)”

കഠിനമായ പരീക്ഷണങ്ങൾ അനുഭവിച്ച മക്കക്കാർ അവസാനം നിവൃത്തിയില്ലാതെ നബി(സ)യെ സമീപിച്ചു. “മുഹമ്മദേ, നീ ലോകർക്ക് കരുണയായി അയക്കപ്പെട്ടവനാണെന്നല്ലേ പറയുന്നത്? കുടുംബബന്ധം പാലിക്കണമെന്നും നീ പറയാറുണ്ടല്ലോ? ഞങ്ങളുടെ സന്താനങ്ങൾ പട്ടിണി കിടന്നു മരിക്കാനായിരിക്കുന്നു. മക്കക്കാർക്ക് ഭക്ഷണം വിട്ടു നൽകാൻ സുമാമയോട് നീ ആവശ്യപ്പെടണം.”
തന്നോടും വിശ്വാസികളോടും നാട്ടുകാർ കാണിക്കുന്ന ശത്രുതയോ വിദ്വേഷമോ പരിഗണിക്കാതെ നബി തിരുമേനി(സ) പെട്ടെന്ന് തന്നെ “എൻ്റെ നാട്ടുകാർക്ക് ഭക്ഷണം വിട്ടു കൊടുക്കണം” എന്നാവശ്യപ്പെട്ട് സുമാമക്ക് കത്തെഴുതി. അതിനെ തുടർന്ന് പഴയ പടി തുടരുകയും മക്കയിലേക്ക് യമാമയിൽ നിന്ന് ഭക്ഷണങ്ങൾ അയക്കപ്പെടുകയുമുണ്ടായി. ജീവിതത്തിലെ അനേകം സന്ദർഭങ്ങളിൽ ഉയർന്ന മാനസിക വിശാലതയും വിട്ടുവീഴ്ചയും പ്രകടിപ്പിച്ച പ്രവാചക തിരുമേനി(സ) ഇവിടെയും ആ പാഠമാണ് നമ്മെ ആവർത്തിച്ച് പഠിപ്പിക്കുന്നത്. മറക്കാനും പൊറുക്കാനുമുള്ള അധ്യാപനങ്ങൾ കൂടി ഉൾച്ചേർന്നതാണ് പരിശുദ്ധ റമദാൻ എന്ന് നാം മനസ്സിലാക്കണം.

നമ്മെ ഉപദ്രവിച്ചവർ, പ്രയാസപ്പെടുത്തിയവർ, ദ്രോഹിച്ചവർ, അവർ നോമ്പുകൊണ്ട് നമുക്കുണ്ടായ മനസ്സിൻറെ നന്മയും വിശാലതയും നമ്മുടെ നല്ല പെരുമാറ്റങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും അനുഭവിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാവട്ടെ…
തീർച്ചയായും നാഥൻ നമ്മെ അനുഗ്രഹിക്കും….

print

No comments yet.

Leave a comment

Your email address will not be published.