റമദാൻ തീരം -29

//റമദാൻ തീരം -29
//റമദാൻ തീരം -29
ആനുകാലികം

റമദാൻ തീരം -29

രിക്കല്‍ ഖുറൈശികള്‍ ഒരു യോഗം ചേര്‍ന്ന്‌ ഇങ്ങനെ പ്രസ്‌താവിക്കുകയുണ്ടായി: `നമുക്കിടയില്‍ ഭിന്നിപ്പും ഛിദ്രതയും ഉണ്ടാക്കുകയും, നമ്മുടെ മതത്തെ ആക്ഷേപിക്കുകയും ചെയ്യുന്ന ഈ മനുഷ്യന്റെ (നബിയുടെ) അടുക്കല്‍ ചെന്ന്‌ ജാലവിദ്യ, പ്രശ്‌നവിദ്യ, കവിത ആദിയായവയില്‍ സമര്‍ത്ഥനായ ഒരാള്‍ അവനുമായി ഒരു സംഭാഷണം നടത്തി അവനെ അതില്‍നിന്ന്‌ പിന്‍മാറ്റുവാന്‍ സാധിക്കുമോ എന്ന്‌ നോക്കട്ടെ. ഇതിനായി ഉത്ത്ബത്തുബ്‌നു റബീഅഃയെ അവര്‍ പറഞ്ഞയച്ചു. ഉത്ത്ബത്തു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ചെന്ന്‌ ഇങ്ങനെ പറഞ്ഞു: `മുഹമ്മദേ, നീയോ (നിന്റെ പിതാവായ) അബ്‌ദുല്ലയോ ഉത്തമന്‍?’ തിരുമേനി മൗനമവലംബിച്ചു. വീണ്ടും ഉത്ത്ബത്ത്‌: `അല്ലെങ്കില്‍ നീയോ (നിന്റെ പിതാമഹന്‍) അബ്‌ദുല്‍ മുത്വലിബോ ഉത്തമന്‍?’ തിരുമേനി ഉത്തരം പറഞ്ഞില്ല. ഉത്ത്ബത്ത്‌ തുടര്‍ന്നു. `ഇവരെല്ലാം നിന്നെക്കാള്‍ ഉത്തമന്‍മാരായിരുന്നുവെങ്കില്‍, നീ കുറ്റപ്പെടുത്തുന്ന ഈ ദൈവങ്ങളെ അവരും ആരാധിച്ചു വന്നിരുന്നു. അവരെക്കാള്‍ ഉത്തമന്‍ നീയാണെന്ന്‌ പറയുന്നുവെങ്കില്‍ നീയൊന്ന്‌ സംസാരിക്കൂ, ഞങ്ങള്‍ കേള്‍ക്കട്ടെ!’

ഉത്ത്ബത്ത്‌ തുടര്‍ന്നു: ‘അല്ലാഹുവാണ സത്യം! ഈ ജനതയില്‍ നിന്നെക്കാള്‍ ലക്ഷണം കെട്ടവന്‍ മറ്റൊരാളും ഉണ്ടായിട്ടില്ല. ഞങ്ങളുടെ ഐക്യം നീ ശിഥിലമാക്കി: ഞങ്ങളുടെ കാര്യങ്ങള്‍ നീ താറുമാറാക്കി: മതത്തെ നീ കുറ്റപ്പെടുത്തി: അറബികളുടെ മുമ്പില്‍ ഞങ്ങളെ അപമാനിച്ചു. ഹേ, മനുഷ്യാ! നിനക്ക്‌ (സാമ്പത്തികമായ) വല്ല ആവശ്യവുമാണുള്ളതെങ്കില്‍, ഞങ്ങള്‍ നിനക്ക്‌ ധനം ശേഖരിച്ചുതന്ന്‌ നിന്നെ ക്വുറൈശികളില്‍ വലിയ ഒരു ധനികനാക്കിത്തരാം. വിവാഹമാണാവശ്യമെങ്കില്‍, നീ ഇഷ്‌ടപ്പെടുന്ന സ്‌ത്രീയെ നിനക്ക്‌ വിവാഹം ചെയ്‌തുതരാം. വേണമെങ്കില്‍ പത്തുപേരെ വിവാഹം കഴിച്ചുതരാം.’

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചോദിച്ചു: `താങ്കള്‍ പറഞ്ഞ്‌ കഴിഞ്ഞുവോ?’ ഉത്ത്ബത്ത്‌: ‘അതെ,’ ‘എന്നാല്‍ കേള്‍ക്കൂ’ എന്ന്‌ പറഞ്ഞുകൊണ്ട്‌ തിരുമേനി ഖുർആനിലെ 41ാം അധ്യായം ‘ഹാ- മീം സജദഃയുടെ ‘ബിസ്‌മില്ലാഹി’ മുതല്‍ 13-ാം വചനം തീരുന്നതുവരെ ഉത്ത്ബത്തിനെ ഓതികേള്‍പ്പിച്ചു. കൈകള്‍ പിന്നോക്കം കെട്ടിനിന്ന്‌ അതെല്ലാം കേട്ട ഉത്ത്ബത്ത്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്‌ അപേക്ഷിച്ചു: ‘മതി!മതി!! ഉത്ത്ബത്തിന്റെ വന്നപ്പോഴത്തെ മുഖഭാവം മാറി. ഖുറൈശികളുടെ സദസ്സിലേക്കല്ല, നേരെ സ്വന്തം വീട്ടിലേക്കായിരുന്നു. അയാള്‍ മടങ്ങിപ്പോയത്‌.

ഉത്ത്ബത്ത്‌ മതം മാറിപ്പോയോ എന്ന്‌ പോലും ഖുറൈശികള്‍ സംശയിച്ചു. അബൂ ജഹ്‌ല്‍ മുതലായവര്‍ അയാളെ വീട്ടില്‍ ചെന്ന്‌ കണ്ടു. അയാള്‍ അവരോടിങ്ങനെ പറഞ്ഞു: ‘മുഹമ്മദില്‍ നിന്ന്‌ ഞാന്‍ ചിലതെല്ലാം കേള്‍ക്കുകയുണ്ടായി, അത്‌ ജാലമല്ല, പ്രശ്‌നവുമല്ല, കവിതയുമല്ല. അതുപോലുള്ള വാക്കുകള്‍ ഞാന്‍ കേട്ടിട്ടില്ല. അവസാനം അവന്‍ ‘ആദു-ഥമൂദി’ന്റെതു പോലെയുള്ള ശിക്ഷയെകുറിച്ചു നമ്മെ താക്കീതും ചെയ്കയുണ്ടായി. അപ്പോള്‍ ഞാനവന്റെ വായക്കുപിടിച്ച്‌ കേണപേക്ഷിച്ചു. എന്നിട്ടാണ്‌ അവനത്‌ നിറുത്തിയത്‌. നിങ്ങള്‍ക്കറിയാമല്ലോ, മുഹമ്മദ്‌ കളവ്‌ പറയാറില്ലെന്ന്‌. അതുകൊണ്ട്‌ നമുക്ക്‌ വല്ല ശിക്ഷയും ബാധിച്ചേക്കുമോ എന്ന്‌ ഞാന്‍ ഭയപ്പെട്ടുപോയി!’

ഒരു നിവേദനത്തില്‍ ഉത്ത്ബത്തിന്റെ മറുപടിയില്‍ ഇപ്രകാരവും കാണാം: ‘മുഹമ്മദിനെയും, അവന്റെ കാര്യത്തെയും നിങ്ങള്‍ വിട്ടേക്കുക. നിശ്ചയമായും അവന്നൊരു ഭാവിയുണ്ട്‌. ഞാന്‍ ഇപ്പറയുന്നത്‌ നിങ്ങള്‍ അനുസരിക്കണം. വേറെ ഏത്‌ വാക്ക്‌ നിങ്ങള്‍ നിരസിച്ചാലും വിരോധമില്ല. അറബികള്‍ മുഹമ്മദിനെ അപായപ്പെടുത്തിയെങ്കില്‍ നിങ്ങള്‍ക്ക്‌ അവന്റെ ശല്യം നീങ്ങുമല്ലോ. അതല്ല, അവന്‌ പ്രതാപം വര്‍ദ്ധിക്കുകയാണെങ്കില്‍, അത്‌ നിങ്ങളുടെ -ഖുറൈശികളുടെ- യും പ്രതാപമായിരിക്കും.’ ഉത്ത്ബത്തിനെ അമ്പരപ്പിച്ച ആ സൂക്തങ്ങളിൽ പതിമൂന്നാം വചനം ഇപ്രകാരമാണ്.

“എന്നിരിക്കെ അവർ (ശ്രദ്ധിക്കാതെ) തിരിഞ്ഞു കളയുകയാണെങ്കിൽ (നബിയെ) പറയുക; ആദിൻ്റെയും, സമൂദിൻ്റെയും ഇടിത്തീ (അഥവാ ഘോരശിക്ഷ) പോലെയുള്ള ഒരു ഇടിത്തീയിനെ (വമ്പിച്ച ശിക്ഷയെ) കുറിച്ച് ഞാൻ (ഇതാ) നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.”

കഠിന ശത്രുതയുള്ളവരുടെ മനസ്സുകൾക്ക് അകത്തുപോലും കടന്ന് കൊടുങ്കാറ്റുകൾ സൃഷ്ടിച്ച ചരിത്രമാണ് ഖുർആനിന്റേത്. എത്ര വലിയ ശത്രുവും ശാന്തമായി ഖുർആൻ കേട്ടാൽ അതിനെ തള്ളിക്കളയുക എന്നത് എളുപ്പമല്ല. പ്രധാനമായും രണ്ടു കാര്യങ്ങൾ നാം ഇതിൽനിന്ന് പഠിക്കേണ്ടതുണ്ട്. നമ്മുടെ മനസ്സുകൾക്കകത്ത് മാറ്റങ്ങളും പരിവർത്തനങ്ങളും ഉണ്ടാകണമെങ്കിൽ നാം ഖുർആനിൻറെ ശ്രോതാക്കളാവണം. ഏത് കാഠിന്യമുള്ള ഹൃദയത്തെയും ഉരുക്കാനും മെരുക്കാനുമുള്ള ദിവ്യശക്തി വേദഗ്രന്ഥമായ ഖുർആനിനുണ്ട്. അതിനാൽ ഖുർആനിനെയും അതിൻറെ ആശയങ്ങളെയും കേൾക്കാനും കേൾപ്പിക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടണം. അതി മഹത്തായ ദൈവിക സന്ദേശങ്ങളെ അതിജീവിക്കാനുള്ളതൊന്നും ഈ ലോകത്ത് ആരുടെ കയ്യിലുമില്ല എന്ന വസ്തുത നമുക്ക് ബോധ്യമാകണം. പരിശുദ്ധ ഖുർആനിൻറെ വക്താക്കളാവുക, നാഥൻ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ…

print

1 Comment

  • Anonymous 21.04.2023

Leave a comment

Your email address will not be published.