റമദാൻ തീരം -30

//റമദാൻ തീരം -30
//റമദാൻ തീരം -30
ആനുകാലികം

റമദാൻ തീരം -30

സ്റജ് ഗോത്രത്തിൽ പെട്ട ഖൈസിന്റെ മകനായിരുന്നു സാബിത്തുബ്നു ഖൈസ് (റ). മിസ്അബ് ഇബ്നു ഉമൈറി(റ)ൻ്റെ ഖുർആൻ പാരായണത്തിൽ ആകൃഷ്ടനായാണ് അദ്ദേഹം ഇസ്ലാം സ്വീകരിക്കുന്നത്. ശബ്ദഗാംഭീര്യം കൊണ്ട് ശ്രദ്ധേയനായിരുന്ന അദ്ദേഹം നല്ല ഒരു പ്രഭാഷകനായിരുന്നു. നബി തിരുമേനി (സ) ഹിജ്റയിൽ മദീനയിൽ എത്തിയപ്പോൾ സാബിത്ത് (റ) നടത്തിയ ആവേശോജ്വലമായ പ്രസംഗം ചരിത്രത്തിൽ ശ്രദ്ധേയമാണ്. തൻറെ സ്വന്തം പ്രഭാഷകൻ എന്ന സ്ഥാനം തന്നെ നബി (സ) അദ്ദേഹത്തിന് നൽകി. അഗാധമായ വിശ്വാസത്തിന്റെയും ഭക്തിയുടെയും ഉടമയായിരുന്നു സാബിത് (റ). പരിശുദ്ധ ഖുർആനിൽ 49 ആം അധ്യായം സൂറത്ത് ഹുജറാത്തിലെ രണ്ടാമത്തെ സൂക്തം അവതരിപ്പിക്കപ്പെട്ടപ്പോൾ സാബിത്ത് (റ) സ്വീകരിച്ച നിലപാടുകൾ പ്രത്യേകം ശ്രദ്ധിക്കപ്പെടുകയുണ്ടായി.

ഖുർആൻ പറഞ്ഞു; “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും മുമ്പില്‍ (യാതൊന്നും)മുന്‍കടന്നു പ്രവര്‍ത്തിക്കരുത്. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്‍റെ ശബ്ദത്തിന് മീതെ ഉയര്‍ത്തരുത്. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോകാതിരിക്കാന്‍ വേണ്ടി. (ഹുജ്റാത്ത്: 1, 2)”

എല്ലായിപ്പോഴും നബി(സ)യുടെ സദസ്സിൽ വരാറുണ്ടായിരുന്ന സാബിത്ത് (റ) ഈ ആയത്ത് അവതരിപ്പിക്കപ്പെട്ടതിനുശേഷം പ്രവാചക സന്നിധിയിൽ തീരെ വരാതെയായി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നബി (സ) അദ്ദേഹത്തിൻറെ അടുക്കലേക്ക് ഒരു ദൂതനെ പറഞ്ഞയച്ച് കാരണം അന്വേഷിച്ചു. അദ്ദേഹം നൽകിയ വിശദീകരണം ഇങ്ങനെയായിരുന്നു. “അല്ലാഹുവിൻറെ പ്രവാചകൻറെ സദസ്സിൽ വരാനും സംസാരം കേൾക്കാനും എനിക്ക് അതിയായ ആഗ്രഹമുണ്ട്. എന്നാൽ ഞാൻ വരികയും എന്തെങ്കിലും പറയുകയും ചെയ്താൽ ഉയർന്ന ശബ്ദം ഉള്ള എൻറെ സംസാരം നബി(സ)യുടെ ശബ്ദത്തേക്കാൾ ഉയർന്നു പോകുന്നതിനെ ഞാൻ ഭയപ്പെടുന്നു. അങ്ങനെ ചെയ്താൽ ഞാൻ ഖുർആനിന് എതിര് പ്രവർത്തിച്ചവനായി തീരും.” സാബിത്ത് സങ്കടത്തോടെ കൂടെ ഇങ്ങനെ ഒരു വിവരം പറഞ്ഞത് അറിഞ്ഞ പ്രവാചകൻ താങ്കൾ സ്വർഗ്ഗാവകാശിയാണ് എന്ന് സന്തോഷിക്കുക എന്ന മറുപടിയാണ് അദ്ദേഹത്തിന് നൽകിയത്. പ്രിയപ്പെട്ടവരെ പരിശുദ്ധ ഖുർആൻ നമുക്ക് പാരായണം ചെയ്യാനുള്ളതാണ്, പഠിക്കാനുള്ളതാണ്,
അതോടൊപ്പം തന്നെ സ്വഹാബത്ത് അവരുടെ ജീവിതത്തിൽ അക്ഷരംപ്രതി പിൻപറ്റിയതുപോലെ ജീവിതത്തിൽ പകർത്താൻ കൂടിയുള്ളതാണ്. പരിശുദ്ധ ഖുർആൻ അവതീർണമായ റമദാൻ നമ്മോട് വിട ചോദിക്കുമ്പോൾ ഖുർആനുമായുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനും ജീവിതത്തിൽ ഖുർആനിന്റെ സന്ദേശങ്ങളെ പ്രാവർത്തികമാക്കുന്നതിനും നാം ബോധപൂർവ്വം പരിശ്രമിക്കുക സർവ്വശക്തൻ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ…

print

No comments yet.

Leave a comment

Your email address will not be published.