റമദാൻ തീരം -26

//റമദാൻ തീരം -26
//റമദാൻ തീരം -26
ആനുകാലികം

റമദാൻ തീരം -26

ഉഹ്ദ് യുദ്ധം ഒരു ഘട്ടത്തിൽ മുസ്ലീങ്ങൾക്ക് പ്രതികൂലമായി. യുദ്ധക്കളത്തിൽ മുഹമ്മദ് നബി(സ)യുടെ തലക്ക് പരിക്കുപറ്റി, കവിൾത്തടത്തിൽ മുറിവേറ്റു, പല്ലു പൊട്ടി, ഒരു കുഴിയിൽ വീണു…. നബിയുടെ ശരീരം രക്തത്തിൽ കുളിച്ചു… ശത്രുപക്ഷത്തുള്ള ഒരാൾ “മുഹമ്മദ് വധിക്കപ്പെട്ടു” എന്ന് ആർത്ത് വിളിച്ചു. വിശ്വാസികൾക്കിടയിൽ ഇത് വലിയ അങ്കലാപ്പുണ്ടാക്കി.
മുസ്ലീങ്ങളുടെ മുഖത്ത് നിഴലിച്ച അഗാധമായ ദുഃഖം കണ്ട് അനസുബ്നുനള്ർ (റ) ചോദിച്ചു; എന്താണ് നിങ്ങളെല്ലാം ഇങ്ങനെ അന്ധാളിച്ചു നിൽക്കുന്നത്? അവർ പറഞ്ഞു; റസൂലുല്ലാഹ് കൊല്ലപ്പെട്ടു.
“എങ്കിൽ അദ്ദേഹത്തിന് ശേഷം നാം എന്തിന് ജീവിക്കുന്നു? അദ്ദേഹം ജീവൻ ബലി കഴിച്ച ആ കാര്യത്തിന് നമുക്കും ജീവൻ ബലികഴിക്കാം….”
ഇതു പറഞ്ഞ് പടക്കളത്തിലേക്ക് ചാടിയ അനസ് രക്തസാക്ഷിയായി. ഉഹ്ദ് യുദ്ധത്തിൽ മുഹമ്മദ് നബി (സ) മരണപ്പെട്ടു എന്ന രീതിയിൽ നടന്ന പ്രചാരണങ്ങൾ കാരണം മുസ്ലീങ്ങൾക്കുണ്ടായ ഈ അങ്കലാപ്പിനെ കുറിച്ചാണ് പരിശുദ്ധ ഖുർആൻ മൂന്നാം അധ്യായം ആലു ഇംറാനിലെ 144 മത്തെ വചനം.. അല്ലാഹു പറഞ്ഞു;

“_മുഹമ്മദ് ഒരു റസൂൽ അല്ലാതെ (മറ്റൊന്നും) അല്ല. അദ്ദേഹത്തിന് മുമ്പും റസൂലുകൾ കഴിഞ്ഞു പോയിട്ടുണ്ട്. എന്നിരിക്കെ, അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തുവെങ്കിൽ നിങ്ങൾ നിങ്ങളുടെ മടമ്പുകാലുകളിൽ തിരിച്ചു പോകുകയോ? ആരെങ്കിലും തന്റെ മടമ്പു കാലുകളിൽ തിരിച്ചു പോകുന്ന പക്ഷം, അവൻ അല്ലാഹുവിന് യാതൊന്നും ദ്രോഹം വരുത്തുകയില്ല തന്നെ, നന്ദി കാണിക്കുന്നവർക്ക് അല്ലാഹു വഴിയെ പ്രതിഫലം നൽകുകയും ചെയ്യും”_

മുഹമ്മദ് കൊല്ലപ്പെട്ടുവെങ്കിൽ ഇനി നാം എന്തിന് യുദ്ധം ചെയ്യണം എന്ന് ദുർബല വിശ്വാസികൾ ചോദ്യമുന്നയിച്ച പശ്ചാത്തലത്തിലാണ് ഈ സൂക്തം അവതരിപ്പിക്കപ്പെടുന്നത്. പിന്നീട് യഥാർത്ഥത്തിൽ നബി(സ)യുടെ മരണം സംഭവിച്ചപ്പോൾ ഉമർ ബിൻ ഖത്താബ് (റ) ടക്കമുള്ളവർ അതിൽ അവിശ്വസനീയത പ്രകടിപ്പിച്ച സാഹചര്യം ചരിത്രത്തിൽ പ്രസിദ്ധമാണ്. ആ ഘട്ടത്തിൽ അബൂബക്കർ സിദ്ദീഖ് (റ) ജനങ്ങളോട് പറഞ്ഞു; “ആരെങ്കിലും മുഹമ്മദിനെയാണ് ആരാധിച്ചിരുന്നതെങ്കിൽ അദ്ദേഹം മരണമടഞ്ഞു പോയിരിക്കുന്നു. അല്ലാഹുവിനെയാണ് ആരെങ്കിലും ആരാധിക്കുന്നതെങ്കിൽ അവൻ എന്നെന്നുമുള്ളവനാകുന്നു. തുടർന്ന് ആലു ഇംറാനിലെ ഈ 144 ആം വചനം അബൂബക്കർ (റ) സ്വഹാബികളെ ഓതി കേൾപ്പിക്കുകയും ചെയ്തു. ഇതു കേട്ടപ്പോഴാണ് ഉമർ (റ) അടക്കമുള്ളവർക്ക് യാഥാർത്ഥ്യബോധം തിരിച്ചു കിട്ടിയത്. ഉമർ (റ) ഇങ്ങനെ പറയുകയും ചെയ്തു. “അബൂബക്കർ ഓതി കേൾപ്പിച്ചപ്പോൾ ഈ ആയത്ത് ഞാൻ ഖുർആനിൽ നിന്ന് മുമ്പ് കേട്ടിട്ടില്ലാത്തതുപോലെ തോന്നി…..”

പ്രിയപ്പെട്ടവരെ, പരിശുദ്ധ ഖുർആനുമായി ലോകത്തിനു മുമ്പിൽ പ്രത്യക്ഷപ്പെട്ട പ്രവാചകൻ ജനനവും മരണവുമുള്ള മനുഷ്യനായിരുന്നു. അദ്ദേഹത്തിൽ നിന്നുള്ള അനന്തരമായി ഇന്നു നമ്മുടെ കയ്യിൽ അവശേഷിക്കുന്നത് പരിശുദ്ധ ഖുർആൻ എന്ന മഹത്തായ ഗ്രന്ഥമാണ്. നബി മരണപ്പെട്ടിട്ടും നൂറ്റാണ്ടുകൾ അതിജീവിച്ച് ലോകാവസാനം വരെ നിലനിൽക്കാനുള്ള ദൈവീക ഗ്രന്ഥം. മഹത്തായ ഈ ഗ്രന്ഥത്തിൻറെ അവതരണ മാസത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ജീവിതത്തിന് വെളിച്ചവും മനസ്സിന് ആശ്വാസവും മരണാനന്തര ജീവിതത്തിൽ രക്ഷയും ആഗ്രഹിക്കുന്നവർ പരിശുദ്ധ ഖുർആനിൻറെ പ്രയോക്താക്കളാകേണ്ടതുണ്ട്. ഖുർആൻ പഠിക്കുക, ജീവിതത്തിൽ പകർത്തുക, സർവ്വശക്തൻ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ….

print

No comments yet.

Leave a comment

Your email address will not be published.