റമദാൻ തീരം -27

//റമദാൻ തീരം -27
//റമദാൻ തീരം -27
ആനുകാലികം

റമദാൻ തീരം -27

ജ്ജ് കർമ്മം നിർബന്ധമാക്കിക്കൊണ്ട് ഖുർആൻ അവതരിപ്പിച്ചപ്പോൾ ചില സ്വഹാബികൾ നബി(സ)യോട് ചോദിച്ചു, നബിയെ ഹജ്ജ് എല്ലാ കൊല്ലവും നിർബന്ധമാണോ?
നബി തിരുമേനി മറുപടിയൊന്നും പറഞ്ഞില്ല. ചോദ്യകർത്താവ് ചോദ്യം ആവർത്തിച്ചു കൊണ്ടിരുന്നു. തിരുമേനി അപ്പോഴൊക്കെ മിണ്ടാതിരിക്കുകയാണ് ചെയ്തത്. മൂന്നാമത്തെ തവണ തിരുമേനി പറഞ്ഞു; ‘അതെ’ എന്ന് ഞാൻ പറഞ്ഞാൽ അത് നിർബന്ധമാക്കുക തന്നെ ചെയ്യും. നിർബന്ധമായാൽ നിങ്ങൾക്ക് അതിന് സാധ്യമാകാതെയും വരും. ഞാൻ നിങ്ങളെ ഒഴിവാക്കി വിടുമ്പോൾ നിങ്ങൾ എന്നെ (ചോദ്യം ചെയ്യാതെ) വിട്ടേക്കണം. നിങ്ങളുടെ മുമ്പുള്ളവർ നാശമടഞ്ഞത് അവരുടെ ചോദ്യത്തിന്റെ ആധിക്യവും അവരുടെ നബിമാരോട് അവർ വിയോജിപ്പ് കാണിച്ചതും നിമിത്തമാണ്. അതുകൊണ്ട് ഞാൻ നിങ്ങളോട് വല്ലതും കൽപ്പിച്ചാൽ അതിൽ നിന്നും കഴിയുന്നത്ര നിങ്ങൾ ചെയ്തു കൊള്ളുക. ഞാൻ നിങ്ങളോട് വല്ലതും വിരോധിച്ചാൽ അത് നിങ്ങൾ വിട്ടേക്കുകയും ചെയ്തു കൊള്ളുക. (അഹമദ്, മുസ്ലിം, ഹാക്കിം മുതലായവർ ഉദ്ധരിച്ചത്) മറ്റൊരു സന്ദർഭത്തിൽ നബി(സ)യോട് സ്വഹാബികളിൽ പലരും പല കാര്യങ്ങളെ കുറിച്ചും ചോദിച്ചുകൊണ്ടിരുന്നു. ചോദ്യങ്ങളുടെ ആധിക്യവും ആവർത്തനവും നബിക്ക് വിഷമമുണ്ടാക്കി. ഒരല്പം കോപത്തോടെ നബി (സ) സ്വഹാബികളോട് “ചോദിച്ചോളൂ… ചോദിച്ചോളൂ” എന്ന് പറഞ്ഞു. അത് കണ്ട് സ്വഹാബികൾക്ക് ഭയമായി. അവർ തട്ടം കൊണ്ട് തല മൂടിയിട്ട് കരയുവാൻ തുടങ്ങി. അപ്പോൾ ഉമർ (റ) നബി(സ)യുടെ അടുക്കലേക്ക് ചെന്ന് “ഞങ്ങൾ അല്ലാഹുവിനെ റബ്ബായും’ അങ്ങയെ റസൂലായും’ ഇസ്ലാമിനെ മതമായും തൃപ്തിപ്പെട്ടിരിക്കുന്നു. അവിടുന്ന് ഞങ്ങൾക്ക് മാപ്പ് തരണം” എന്ന് അപേക്ഷിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് നബി തിരുമേനി(സ) ശാന്തനായത്. (ബുഖാരി, മുസ്ലിം)

ഇത്തരം ചോദ്യങ്ങളും പശ്ചാത്തലങ്ങളുമാണ് ഖുർആനിൽ അഞ്ചാം അധ്യായം സൂറത്ത് മാഇദയിൽ 104, 105 വചനങ്ങൾ അവതരിപ്പിക്കപ്പെട്ടതിന് കാരണമായി വിശദീകരിക്കപ്പെടുന്നത്.

“അല്ലയോ വിശ്വസിച്ചവരെ, ചില കാര്യങ്ങളെക്കുറിച്ച് നിങ്ങൾ ചോദിക്കരുത്; അവ നിങ്ങൾക്ക് വെളിവാക്കപ്പെട്ടാൽ അവ നിങ്ങളെ അതൃപ്തിപ്പെടുത്തും. ഖുർആൻ അവതരിപ്പിക്കപ്പെടുന്ന സമയത്ത് അവയെപ്പറ്റി നിങ്ങൾ ചോദിക്കുന്നതായാൽ നിങ്ങൾക്ക് വെളിവാക്കപ്പെടുകയും ചെയ്യും. അവയെക്കുറിച്ച് അല്ലാഹു മാപ്പു നൽകിയിരിക്കുകയാണ്. അല്ലാഹു വളരെ പൊറുക്കുന്നവനാണ്. സഹനശീലനാണ്. നിങ്ങളുടെ മുമ്പ് ഒരു ജനത അവ (സംബന്ധിച്ച്) ചോദിക്കുകയുണ്ടായി. പിന്നീട് അവർ അവയിൽ അവിശ്വാസികളായി തീർന്നു.”

അനാവശ്യമായ ചോദ്യങ്ങൾ ഉന്നയിക്കുകയും ഉപകാരപ്രദമല്ലാത്ത അന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്നതിനെയാണ് ഇവിടെ വിരോധിക്കുന്നത്. അങ്ങനെയുള്ള ചോദ്യങ്ങൾക്ക് ലഭിക്കുന്ന മറുപടി പലപ്പോഴും ചോദ്യകർത്താവിന് പോലും അതൃപ്തിയും വിഷമവും ഉളവാക്കുന്നതായിരിക്കും. അതിനാൽ അനാവശ്യ ചോദ്യങ്ങൾ ഉണ്ടാകരുതെന്നും അതിരുകടന്ന അന്വേഷണങ്ങളിലൂടെ അവിശ്വാസത്തിലേക്ക് എത്തിപ്പെടരുതെന്നുമാണ് ഈ സൂക്തങ്ങളിലൂടെ ഓർമ്മപ്പെടുത്തപ്പെടുന്നത്. മനുഷ്യരുടെ കഴിവും ദുർബലതയും നന്നായി അറിയുന്ന സർവ്വശക്തനായ നാഥനിൽ നിന്നുള്ള നിയമങ്ങളാണ് വേദഗ്രന്ഥങ്ങളിലുള്ളത്. ഇന്നിന്നപ്രകാരമായിരിക്കണം എന്ന് വിശദീകരിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളിൽ മനുഷ്യർക്ക് അവരുടെ സൗകര്യവും സാധ്യതകളും അനുസരിച്ച് കൈകാര്യം ചെയ്യാനുള്ള വിശാലതകൾ മതത്തിൽ നൽകപ്പെട്ടിട്ടുണ്ടാകും. അത്തരം കാര്യങ്ങളിൽ പോലും വീണ്ടും വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചു അപ്രായോഗികമാകുംവിധം കാര്യങ്ങൾ വിഷമകരമായി തീരരുത് എന്നാണ് ഖുർആൻ നമ്മെ പഠിപ്പിക്കുന്നത്. മനുഷ്യ കഴിവിലും പരിധിയിലും പെട്ട സാധ്യമായ നിയമങ്ങൾ ആവശ്യമായ വിശദീകരണങ്ങളോടെ മതപ്രമാണങ്ങളിൽ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അവ സന്തോഷത്തോടുകൂടി സ്വീകരിക്കുകയും മുറുകെപ്പിടിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ…

print

No comments yet.

Leave a comment

Your email address will not be published.