റമദാൻ തീരം -21

//റമദാൻ തീരം -21
//റമദാൻ തീരം -21
ആനുകാലികം

റമദാൻ തീരം -21

ബ്ദുല്ലാഹിബിന് ജഹ്‌ശിന്റെ(റ) നേതൃത്വത്തിൽ മുഹാജിറുകളായ എട്ടു പേരടങ്ങുന്ന ഒരു ചെറിയ സംഘത്തെ ഒരു എഴുത്തു സഹിതം നബി (സ) നിയോഗിക്കുകയുണ്ടായി. രണ്ടുദിവസത്തെ യാത്രക്ക് ശേഷം മാത്രമേ എഴുത്ത് പൊളിച്ചു വായിക്കാവൂ എന്നും തിരുമേനി കൽപ്പിച്ചിരുന്നു. അവരുടെ ലക്ഷ്യത്തെ പറ്റി ശത്രുക്കളാരും മണത്തറിയുവാൻ ഇട വരാതിരിക്കാനായിരുന്നു നബി അങ്ങനെ ചെയ്തത്. കത്ത് തുറന്നു നോക്കിയപ്പോൾ മക്കയുടെയും ത്വാഇഫിന്റെയും ഇടയിലുള്ള സ്ഥലമായ നഖ്‌ലയിൽ ചെന്ന് പതിയിരുന്ന് ശത്രുക്കളായ ഖുറൈശികളുടെ നീക്കങ്ങളെ മനസ്സിലാക്കാനുള്ള നിർദ്ദേശമായിരുന്നു അതിൽ ഉണ്ടായിരുന്നത്. അവർ നഖ്‌ലയിൽ ആയിരിക്കെ ഖുറൈശികളുടെ ഒരു ചെറിയ കച്ചവടസംഘം അതുവഴി വന്നു. അംറ്ബ്നു ഹള്റമി ഉൾപ്പെടെ നാലുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നബിയുടെ ദൗത്യസംഘവും ഖുറൈശി കച്ചവട സംഘവും അവിടെവച്ച് സായുധ പോരാട്ടമുണ്ടായി. ഖുറൈശി കച്ചവട സംഘത്തിന്റെ നേതാവ് അംറ്ബ്നു ഹള്റമി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഒരാൾ ഓടി രക്ഷപ്പെടുകയും രണ്ടുപേർ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്തു. യുദ്ധം നിഷിദ്ധമാക്കപ്പെട്ട റജബ് മാസത്തിൽ നടന്ന ഈ സംഭവം വലിയ ആക്ഷേപങ്ങൾക്ക് കാരണമായി. യുദ്ധം നിഷിദ്ധമായ പവിത്ര മാസത്തെ മുഹമ്മദും കൂട്ടരും അവഹേളിച്ചു എന്ന രീതിയിലുള്ള പ്രചാരണങ്ങൾ ഉണ്ടായി. നിരീക്ഷണത്തിന് ഏൽപ്പിക്കപ്പെട്ടവർ യുദ്ധം ചെയ്തതിൽ നബി(സ)യും നീരസം പ്രകടിപ്പിച്ചു. ഈ സന്ദർഭത്തിലാണ് പരിശുദ്ധ ഖുർആനിൽ രണ്ടാം അധ്യായം സൂറത്തുൽ ബഖറയിലെ 217, 218 വചനങ്ങൾ അവതരിപ്പിക്കപ്പെടുന്നത്.

“(നബിയെ) അവർ നിന്നോട് ഹറാമായ (പവിത്രമായ) മാസത്തെ അതായത് അതിൽ യുദ്ധം ചെയ്യുന്നതിനെപ്പറ്റി ചോദിക്കുന്നു. പറയുക; അതിൽ യുദ്ധം ചെയ്യൽ ഒരു വലിയ കാര്യം (തന്നെ)യാകുന്നു. അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) തടയലും അവനിൽ അവിശ്വസിക്കലും മസ്ജിദുൽ ഹറാമിൽ നിന്ന് (ജനങ്ങളെ തടയലും) അതിൻറെ ആൾക്കാരെ അവിടെനിന്ന് പുറത്താക്കലും അല്ലാഹുവിൻറെ അടുക്കൽ അതിനേക്കാൾ വലിയതാകുന്നു. ഫിത്ന കൊലയേക്കാൾ വലിയതുമാകുന്നു………………”

അല്ലാഹുവിൻറെ മാർഗത്തിൽ ഇറങ്ങിപ്പുറപ്പെട്ടവർക്ക് സദുദ്ദേശമാണ് ഉണ്ടായിരുന്നത് എന്ന കാരണത്താൽ അവരുടെ അബദ്ധങ്ങൾ പൊറുക്കപ്പെട്ടു എന്നാണ് മേൽ വചനങ്ങൾ സൂചിപ്പിക്കുന്നത്. അവിശ്വാസത്തെയും സത്യനിഷേധത്തെയും അതിൻറെ പേരിൽ വിശ്വാസികളോട് നടത്തുന്ന കയ്യേറ്റങ്ങളെയും കൊലപാതകങ്ങളെക്കാൾ ഗുരുതരമായ “ഫിത്നകൾ” ആയിട്ടാണ് ഖുർആൻ പരിഗണിക്കുന്നത്. സത്യവിശ്വാസം സ്വീകരിച്ചതുകൊണ്ടും ഹിജ്റ പോകാൻ സന്നദ്ധത കാണിച്ചതിനാലും അല്ലാഹുവിൻറെ മാർഗത്തിൽ സമരം ചെയ്തവരാണ് എന്നതുകൊണ്ടും മുഹാജിറുകളായ അബ്ദുല്ലാഹിബിന് ജഹ്‌ഷും(റ) സംഘവും അല്ലാഹുവിൻറെ പ്രത്യേക പ്രീതിക്കും പരാമർശത്തിനും കാരണമായി തീർന്നിരിക്കുകയാണ്. പരിശുദ്ധ റമദാനിലെ അവസാനത്തെ 10 ദിനങ്ങളിൽ വിശ്വാസത്തിൻറെ മഹത്വവും പ്രാധാന്യവും അറിയുകയും അനുഭവിക്കുകയും ചെയ്യുക. നന്മയുടെ മാർഗത്തിൽ മുന്നേറുക. നാഥൻ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ…

print

No comments yet.

Leave a comment

Your email address will not be published.