റമദാൻ തീരം -20

//റമദാൻ തീരം -20
//റമദാൻ തീരം -20
ആനുകാലികം

റമദാൻ തീരം -20

സുഹൈബ് അര്‍റൂമി(റ) അദ്ദേഹത്തിൻറെ പേരിലുള്ളതുപോലെ റോമിൽ നിന്ന് മക്കയിലെത്തിയ കച്ചവടക്കാരനാണ്. നബി (സ) തിരുമേനിയുടെ രഹസ്യപ്രബോധന കാലത്ത് ദാറുൽ അർഖമിൽ വെച്ച് തന്നെ ഇസ്ലാം സ്വീകരിച്ചവരിൽ സുഹൈബും ഉണ്ടായിരുന്നു. മക്കയിൽ അദ്ദേഹത്തിൻറെ കച്ചവടവും പരിശുദ്ധ ഇസ്ലാമും സമാന്തര രേഖകൾ പോലെ വളർന്നുകൊണ്ടിരുന്നു. മദീന ഹിജറയുടെ സമയത്ത് സുഹൈബ് (റ) സ്വീകരിച്ച നിലപാടുകൾ ചരിത്രത്തിൽ ഇടം പിടിക്കുകയുണ്ടായി. ഹിജ്റക്കൊരുങ്ങിയ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തിയ ഖുറൈശികളോട് ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു;
“മക്കയിൽ ആരെയും വേദനിപ്പിക്കാതെ എൻറെ വിശ്വാസവുമായി ഹിജ്റ പോകാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. വിദഗ്ധനായ ഒരമ്പെയ്ത്തുകാരനാണ് ഞാൻ. എനിക്ക് മാർഗ്ഗ തടസ്സം സൃഷ്ടിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ എന്റെ ആയുധം എടുത്ത് ഉപയോഗിക്കേണ്ടിവരും! ഖുറൈശികള്‍ പറഞ്ഞു. ”ഞങ്ങളുടെയടുക്കല്‍ ദരിദ്രനും നിസ്സാരനുമായി വന്ന നീ ഈ കാണുന്ന ധനമെല്ലാം സമ്പാദിച്ചത് ഇവിടെ നിന്നാണ്. ഇപ്പോള്‍ ആ ധനവുമായി കടന്നുകളയാനാണോ നിന്റെ ഭാവം? അല്ലാഹുവാണെ, അതിനൊരിക്കലും ഞങ്ങള്‍ അനുവദിക്കില്ല”. സുഹൈബ് (റ) ചോദിച്ചു. ”എന്റെ സമ്പത്തെല്ലാം നിങ്ങള്‍ക്ക് തന്നാല്‍ എന്നെ പോകാന്‍ അനുവദിക്കുമോ? അവര്‍ പറഞ്ഞു, ‘അതെ’. അദ്ദേഹം സമ്പത്തെല്ലാം ശത്രുക്കൾക്കായി ഉപേക്ഷിച്ചുകൊണ്ട് മദീനയിലേക്കു പലായനം ചെയ്തു. ഈ വിവരമറിഞ്ഞ നബി (സ) ‘നല്ലൊരു കച്ചവടമാണ് സുഹൈബ് ചെയ്തതെന്നു പ്രതികരിക്കുകയും ചെയ്തു’. (ഇബ്‌നു ഇസ്ഹാഖ്).

ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശുദ്ധ ഖുർആനിൽ രണ്ടാം അധ്യായം സൂറത്തുൽ ബഖറയിലെ 207ാം വചനം അവതരിപ്പിക്കപ്പെട്ടത്.

_”മനുഷ്യരിലുണ്ട് വേറെ ചിലരും; അല്ലാഹുവിൻറെ പ്രീതിയെ തേടിക്കൊണ്ട് തൻറെ സ്വന്തത്തെ (ആത്മാവിനെ) അവൻ വിൽക്കുന്നതാണ്. അല്ലാഹു അടിയാന്മാരോട് വളരെ കൃപയുള്ളവനുമാകുന്നു_ .”

ജീവനും സമ്പാദ്യവും ഏതൊരു മനുഷ്യനും വിലമതിക്കുന്ന കാര്യങ്ങളാണ്. അല്ലാഹുവിൻറെ ദീനിന്റെ മാർഗത്തിൽ ജീവിക്കുവാൻ തീരുമാനമെടുക്കുമ്പോൾ ഐഹിക ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതാണ് എന്ന് കരുതുന്നതെല്ലാം ഉപേക്ഷിക്കേണ്ടി വന്നാൽ അതിന് സന്നദ്ധത പ്രകടിപ്പിച്ചവരാണ് പ്രവാചക അനുചരന്മാർ….
ഭൂമിയിലെ ജീവിതകാലത്ത് തങ്ങൾക്ക് ഏറ്റവും വിലപ്പെട്ടത് ദൈവത്തിലുള്ള വിശ്വാസവും അവന്റെ കൽപ്പനയുമാണ് എന്ന് ജീവിതം കൊണ്ട് പ്രഖ്യാപിച്ചവർ… അവർ നമുക്ക് പകർന്നു തരുന്ന അടിസ്ഥാനപരമായ ഒരു പാഠമുണ്ട്. നശ്വരമായ, നിസാരമായ, ഐഹിക ജീവിതത്തിലെ താൽപര്യങ്ങൾക്കായി അല്ലാഹുവിൻറെ കല്പനകളെ അവഗണിക്കാൻ പാടില്ല എന്ന പാഠം. പരിശുദ്ധ ഖുർആൻ അല്ലാഹുവിൽ നിന്ന് അടിമകൾക്കുള്ള വിധികളുടെയും വിലക്കുകളുടെയും സമാഹാരമാണ്. നമ്മുടെ എന്തെങ്കിലും സ്വാർത്ഥമായ താല്പര്യങ്ങളുടെ മുമ്പിൽ അവഗണിക്കപ്പെട്ടു കൂടാത്ത ദൈവികമായ സന്ദേശങ്ങളുടെ സമാഹാരം. ഖുർആനിനോടുള്ള കൂറും കടമയും നിർവഹിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുക! നാഥൻ നമ്മെ അനുഗ്രഹിക്കുമാറാവട്ടെ….

print

No comments yet.

Leave a comment

Your email address will not be published.