റമദാൻ തീരം -19

//റമദാൻ തീരം -19
//റമദാൻ തീരം -19
ആനുകാലികം

റമദാൻ തീരം -19

ഖുറൈശികൾ ഒരുമിച്ചു കൂടുമ്പോഴെല്ലാം ചർച്ച ചെയ്തത് മുഹമ്മദ് നബി(സ)യെ എങ്ങനെ പരാജയപ്പെടുത്തും എന്ന കാര്യമാണ്. അനേകം മാർഗങ്ങൾ പ്രയോഗിച്ചിട്ടും മുഹമ്മദ് നബി(സ)യിലൂടെ പ്രചരിപ്പിക്കപ്പെടുന്ന സന്ദേശത്തിനുണ്ടാകുന്ന വ്യാപനം അവർക്കിടയിൽ വലിയ അസ്വസ്ഥതകൾ ഉണ്ടാക്കി. മുഹമ്മദ് നബി(സ)ക്ക് ജനങ്ങൾക്കിടയിൽ ഉണ്ടാകുന്ന സ്വാധീനത്തിന് തടയിടാൻ ആലോചനകൾ നടക്കുന്നതിനിടയിൽ ഒരാൾ പറഞ്ഞു; നമുക്ക് യഥ്‌രിബിലെ(മദീന) ജൂത പണ്ഡിതന്മാരോട് കൂടിയാലോചിക്കാം. അവരെന്തെങ്കിലും ഒരു മാർഗ്ഗം നിർദ്ദേശിക്കുക തന്നെ ചെയ്യും. ഈ തീരുമാനപ്രകാരം ഉഖ്ബത്ത് ബ്നു അബീമുഐത്ത്, നള്ർബ്നു ഹാരിസ എന്നിവർ മദീനയിലേക്ക് പുറപ്പെട്ടു. ജൂത പണ്ഡിതന്മാരോട് അവർ പറഞ്ഞു. ഞങ്ങൾ മുഹമ്മദ് കാരണം വലിയ പ്രയാസത്തിലാണ്. നിങ്ങൾ ഞങ്ങളെ സഹായിക്കണം. ജൂത പണ്ഡിതന്മാർ പറഞ്ഞു; മുഹമ്മദ് കള്ള പ്രവാചകനാണോ സത്യപ്രവാചകനാണോ എന്ന് തീരുമാനിക്കാൻ കഴിയുന്ന മൂന്ന് ചോദ്യങ്ങൾ ഞങ്ങൾ പറഞ്ഞു തരാം. ആ മൂന്നു ചോദ്യങ്ങൾ നിങ്ങൾ പോയി അവനോട് ചോദിക്കുക. അവർ തിരിച്ചുവന്ന് മക്കക്കാരുടെ ഒരു സദസ്സിൽ മുഹമ്മദ് നബി(സ)യെ വിളിച്ച് ഈ ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിച്ചു. ഗുഹാവാസികളെ കുറിച്ചും ദുൽഖർനൈനിയെ കുറിച്ചും റൂഹിനെ സംബന്ധിച്ചുമായിരുന്നു ചോദ്യങ്ങൾ. നബി ആ ചോദ്യങ്ങൾക്ക് നാളെ ഉത്തരം പറയാം എന്ന മറുപടി നൽകി. എന്നാൽ പിന്നീട് ദിവസങ്ങളോളം പ്രവാചകന് വഹ്‌യ്‌ ഉണ്ടായില്ല. മുശ്‌രിക്കുകൾ ഈ സന്ദർഭം മക്കയിൽ ആഘോഷമാക്കി. കള്ള പ്രവാചകനാണ് എന്ന വിളംബരം നടത്തി. ഈ സന്ദർഭത്തിലാണ് പരിശുദ്ധ ഖുർആനിൽ പതിനെട്ടാം അധ്യായം സൂറത്ത് കഹ്ഫിലെ ഗുഹാവാസികളെ സംബന്ധിച്ചുള്ള വചനങ്ങൾ അവതരിപ്പിക്കപ്പെട്ടത്.

-“അവരുടെ വർത്തമാനം നാം നിനക്ക് യഥാർത്ഥ രൂപത്തിൽ വിവരിച്ചു തരാം. തങ്ങളുടെ രക്ഷിതാവിൽ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവർ. അവർക്ക് നാം സന്മാർഗ ബോധം വർദ്ധിപ്പിക്കുകയും ചെയ്തു._” (18: 13)

ഈ വചനങ്ങൾ അൽ കഹ്ഫ് സൂറത്തിൽ അവതരിപ്പിക്കപ്പെട്ടതിനുശേഷം ഗുഹാവാസികളുമായി ബന്ധപ്പെട്ട വ്യക്തമായ ഒരു ചിത്രം മുഹമ്മദ് നബി(സ) അവരുടെ മുമ്പിൽ അവതരിപ്പിക്കുകയുണ്ടായി. അതോടുകൂടി അതുവരെ അവർ നടത്തിയ പ്രചാരണങ്ങളെല്ലാം വൃഥാവിലാവുകയായിരുന്നു.

വലിയ ശത്രുതകളെയും അനേകം ചോദ്യങ്ങളെയും ആവർത്തിച്ചുള്ള വെല്ലുവിളികളെയും അതിജീവിച്ച മഹത്തായ ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ. അറിവുകൊണ്ടും അക്ഷരങ്ങൾ കൊണ്ടുമാണ് ഖുർആൻ എന്നും അതിൻറെ ശത്രുക്കളെ പരാജയപ്പെടുത്തിയത്. ചരിത്രപരാമർശങ്ങളിലോ ഭാവിയെപ്പറ്റിയുള്ള പ്രവചനങ്ങളിലോ വർത്തമാന ജീവിതത്തിനുള്ള മാർഗദർശനങ്ങളിലോ അബദ്ധങ്ങളൊന്നും പറ്റാത്ത അത്ഭുത ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ. നിരന്തരമായ പഠനങ്ങൾക്കും ആഴത്തിലുള്ള ഗവേഷണങ്ങൾക്കും അക്ഷരംപ്രതി പ്രയോഗവൽക്കരിക്കുന്നതിനും ഖുർആനും റമദാനും നമ്മോട് ആഹ്വാനം ചെയ്യുന്നു. ജീവിതത്തിൻറെ വലിയ തിരക്കുകൾക്കിടയിൽ പരിശുദ്ധ ഖുർആനിന് അർഹമായ പരിഗണന നൽകുന്നു എന്ന് ഉറപ്പുവരുത്തുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ..

print

No comments yet.

Leave a comment

Your email address will not be published.