റമദാൻ തീരം -18

//റമദാൻ തീരം -18
//റമദാൻ തീരം -18
ആനുകാലികം

റമദാൻ തീരം -18

ബ്ദുല്ലാഹിബ്‌നു സലാം ജൂത പണ്ഡിതന്മാരില്‍ പ്രധാനിയായിരുന്നു. നബി ﷺ മദീനയില്‍ എത്തിയപ്പോള്‍ അദ്ദേഹം അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയാണ് എന്ന് അബ്ദുല്ലാഹിബ്‌നു സലാമിന് ബോധ്യപ്പെടുന്ന സാഹചര്യമുണ്ടാവുകയും അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. അനസ് (റ) പറയുന്നു: “നബി ﷺ മദീനയില്‍ എത്തിയ വിവരം അബ്ദുല്ലാഹിബ്‌നു സലാം അറിഞ്ഞപ്പോള്‍ അദ്ദേഹം നബിയുടെ അടുക്കലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു: ‘ഞാന്‍ താങ്കളോട് മൂന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉദ്ദേശിക്കുന്നു. ഒരു നബിക്കല്ലാതെ അതിന്റെ ഉത്തരങ്ങള്‍ അറിയുകയില്ല.’ എന്നിട്ട് ചോദിച്ചു: ‘അന്ത്യദിനത്തിന്റെ ഒന്നാമത്തെ അടയാളം എന്താണ്? സ്വര്‍ഗക്കാര്‍ ആദ്യമായി കഴിക്കുന്ന ഭക്ഷണം എന്താണ്? ഒരു കുഞ്ഞിന് ഉമ്മയോടും ഉപ്പയോടും സാദൃശ്യം ഉണ്ടാകുന്നത് എപ്പോഴാണ്?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കുറച്ചു മുമ്പ് ജിബിരീല്‍ എന്നെ അറിയിച്ചു.’ അപ്പോള്‍ അബ്ദുല്ല പറഞ്ഞു: ‘ജിബ്‌രീല്‍ മലക്കുകളിലെ കൂട്ടത്തില്‍ ജൂതന്മാരുടെ ശത്രുവാണ്.’ അപ്പോൾ നബി (സ) ഖുർആനിലെ രണ്ടാം അധ്യായം സൂറത്തുൽ ബഖറയിലെ 97 മത്തെ വചനം ഓതി കേൾപ്പിച്ചു.

_”നബിയെ പറയുക ആരെങ്കിലും ജിബ്‌രീലിന് ശത്രുവാണെങ്കിൽ ആയിക്കൊള്ളട്ടെ എന്നാൽ അദ്ദേഹമത്രെ അല്ലാഹുവിൻറെ ഉത്തരവ് പ്രകാരം അത് ഖുർആൻ നിൻറെ ഹൃദയത്തിൽ അവതരിപ്പിച്ചത് അതിൻറെ മുൻപിലുള്ളതിനെ സത്യമാക്കിക്കൊണ്ടും സത്യവിശ്വാസികൾക്ക് മാർഗദർശനവും സന്തോഷവാർത്തയുമായിക്കൊണ്ടും.”_

ഇതിനുശേഷമാണ് നബി (സ) ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്.

നബി ﷺ പറഞ്ഞു: ‘അന്ത്യദിനത്തിന്റെ ഒന്നാമത്തെ അടയാളം കിഴക്കുനിന്നും പടിഞ്ഞാറോട്ട് ജനങ്ങളെ ഒരുമിച്ചുകൂട്ടുന്ന ഒരു തീയാണ്. സ്വര്‍ഗക്കാരുടെ ഒന്നാമത്തെ ഭക്ഷണം മത്സ്യത്തിന്റെ കരളാണ്. ഒരു കുഞ്ഞിന് പുരുഷനോട് സാദൃശ്യം ഉണ്ടാകുവാന്‍ കാരണം പുരുഷന്റെ വെള്ളം സ്ത്രീയെ അതി ജയിക്കുമ്പോഴാണ്. എന്നാല്‍ സ്ത്രീയുടെ വെള്ളം അതിജയിച്ചാല്‍ കുഞ്ഞിന്റെ സാദൃശ്യം ഉമ്മയോടായിരിക്കും.’ ഇത് കേട്ട മാത്രയില്‍ അബ്ദുല്ലാഹിബ്‌നു സലാം പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.’ എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ജൂതന്മാര്‍ വല്ലാതെ കളവ് പറയുന്ന സമൂഹമാണ്. ഞാന്‍ മുസ്‌ലിം ആയിരിക്കുന്നു എന്ന വിവരം അവര്‍ അറിഞ്ഞാല്‍ താങ്കള്‍ക്ക് മുമ്പില്‍ വെച്ചു കൊണ്ട് അവര്‍ എന്നെക്കുറിച്ച് ആരോപണങ്ങള്‍ പറയും.’ അങ്ങനെ ജൂതന്മാര്‍ വന്നു. അബ്ദുല്ല (റ) വീട്ടിലേക്ക് പ്രവേശിച്ചു. നബി ﷺ ചോദിച്ചു: ‘ആരാണ് നിങ്ങളില്‍ അബ്ദുല്ലാഹിബ്‌നു സലാം?’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഞങ്ങളിലെ ഏറ്റവും വലിയ പണ്ഡിതനാണ്. പണ്ഡിതന്റെ മകനാണ്. ഞങ്ങളില്‍ ഏറ്റവും നല്ലവനാണ്. ഏറ്റവും നല്ലവന്റെ മകനാണ്.’ അപ്പോള്‍ നബി ﷺ ചോദിച്ചു: ‘അബ്ദുല്ല ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അഭിപ്രായം എന്താണ്?’ അവര്‍ പറഞ്ഞു: ‘അല്ലാഹു അദ്ദേഹത്തെ അതില്‍ നിന്നും കാത്തു രക്ഷിക്കട്ടെ.’ ഈ സന്ദര്‍ഭത്തില്‍ അബ്ദുല്ല (റ) അവരിലേക്ക് ഇറങ്ങിവന്നു. എന്നിട്ട് പറഞ്ഞു: ‘അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.’ ഇത് കേട്ടമാത്രയില്‍ അവര്‍ ഒന്നടങ്കം പറഞ്ഞു: ‘അബ്ദുല്ലാഹിബ്‌നു സലാം ഞങ്ങളില്‍ ഏറ്റവും മോശക്കാരനാണ്. ഏറ്റവും മോശക്കാരന്റെ മകനാണ്.’ അവര്‍ അദ്ദേഹത്തെക്കുറിച്ച് പല ആരോപണങ്ങളും പറയാന്‍ തുടങ്ങി” (ബുഖാരി: 3329).

എത്ര കടുത്ത ശത്രുതയുള്ളവരുടെയും മനസ്സിനെ കീഴടക്കി വിജയക്കൊടി നാട്ടിയ ചരിത്രമുള്ള ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ. നമ്മിൽ ആരുടെയും മനസ്സിനെ സ്വാധീനിച്ച് കീഴ്‌പ്പെടുത്താൻ മാത്രം ദിവ്യത്വമുള്ള ഗ്രന്ഥം. ഖുർആൻ പഠിക്കുന്നതിലൂടെ വലിയ പരിവർത്തനങ്ങൾക്ക് നാം വിധേയരാകും എന്ന് ചരിത്രം സാക്ഷി നിൽക്കുന്നു. നന്മയുടെ മാർഗങ്ങളിലേക്ക് മാറ്റം ആഗ്രഹിക്കുന്നവർ ഖുർആനിൻറെ വായനക്കാരും പഠിതാക്കളുമായി തീരുക തന്നെ വേണം.
നാഥൻ നമ്മെ അനുഗ്രഹിക്കുമാറാകട്ടെ…

print

No comments yet.

Leave a comment

Your email address will not be published.