റമദാൻ തീരം -16

//റമദാൻ തീരം -16
//റമദാൻ തീരം -16
ആനുകാലികം

റമദാൻ തീരം -16

ബൂത്വൽഹത്തുൽ അൻസാരി (റ) വലിയ ധനികനായിരുന്നു. അതോടൊപ്പം തന്നെ ധർമ്മിഷ്ഠനും. അദ്ദേഹത്തിൻറെ സമ്പത്തിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരമായത് ‘ബൈറൂഹാ’ എന്ന തോട്ടമായിരുന്നു. മദീന പള്ളിയുടെ മുൻവശത്ത് തന്നെയായിരുന്നു ഈ തോട്ടം ഉണ്ടായിരുന്നത്. ശുദ്ധജലം കുടിക്കാനും മറ്റും നബി (സ) പതിവായി സന്ദർശിക്കാറുണ്ടായിരുന്ന ഒരു തോട്ടം കൂടിയാണ് ബൈറൂഹാ…

പരിശുദ്ധ ഖുർആനിൽ മൂന്നാം അധ്യായം സൂറത്ത് ആലു ഇംറാനിലെ 92മത്തെ വചനം അവതരിപ്പിക്കപ്പെട്ട സമയത്ത് അബൂത്വൽഹ (റ) ഈ തോട്ടവുമായി ബന്ധപ്പെട്ട് ഒരു അത്ഭുതകരമായ തീരുമാനമെടുത്തു.

“(സത്യവിശ്വാസികളെ) നിങ്ങൾ ഇഷ്ടപ്പെടുന്നവയിൽ നിന്ന് നിങ്ങൾ ചെലവഴിക്കുന്നത് വരെ നിങ്ങൾ പുണ്യം പ്രാപിക്കുകയില്ല തന്നെ. നിങ്ങൾ ഏതൊരു വസ്തുവും (തന്നെ) ചെലവഴിക്കുന്നതായാലും നിശ്ചയമായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാണ്.” (ഖുർആൻ:3:92)

ഈ വചനം അവതരിപ്പിക്കപ്പെട്ട സമയത്ത് അബൂത്വൽഹത്തുൽ അൻസാരി (റ) നബി(സ)യോട് പറഞ്ഞു.
“അല്ലാഹുവിൻറെ റസൂലേ! നിങ്ങൾ ഇഷ്ടപ്പെടുന്നവയിൽ നിന്ന് ചെലവഴിക്കാതെ നിങ്ങൾക്ക് പുണ്യം ലഭിക്കുകയില്ല എന്ന് അല്ലാഹു പറയുന്നു. എൻറെ സമ്പത്തിൽ വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് – ബയ്റൂഹാ – ആകുന്നു. അത് അല്ലാഹുവിൻറെ മാർഗത്തിൽ ധർമ്മം ചെയ്യാൻ തീരുമാനിച്ചതായി അങ്ങയെ സാക്ഷിനിർത്തി ഞാനിതാ അറിയിക്കുന്നു. അല്ലാഹുവിങ്കൽ വച്ച് അതിൻറെ പുണ്യവും (പ്രതിഫല) നിക്ഷേപവും ഞാൻ പ്രതീക്ഷിക്കുന്നു. ആയതിനാൽ അല്ലാഹു അങ്ങേക്ക് അഭിപ്രായം തോന്നിക്കുന്ന പ്രകാരം അങ്ങ് അതിനെ വേണ്ടുന്ന വിഷയത്തിൽ നിശ്ചയിച്ചു കൊള്ളുക.
അപ്പോൾ നബി(സ) പറഞ്ഞു: അതെ അതെ…. ലാഭകരമായ ധനം, ലാഭകരമായ ധനം. താങ്കൾ പറഞ്ഞത് ഞാൻ കേട്ടിരിക്കുന്നു… താങ്കൾ അത് അടുത്ത കുടുംബങ്ങൾക്ക് വേണ്ടി ധർമ്മമായി ദാനം ചെയ്യുവാനാണ് ഞാൻ അഭിപ്രായപ്പെടുന്നത്. അബൂത്വൽഹ(റ) പറഞ്ഞു: ഞാൻ അങ്ങനെ ചെയ്തുകൊള്ളാം… അങ്ങനെ അദ്ദേഹം അത് തന്റെ അടുത്ത കുടുംബങ്ങൾക്കും പിതൃവ്യപുത്രന്മാർക്കുമായി ഭാഗിച്ചു കൊടുത്തു….

തനിക്ക് ഏറ്റവും പ്രിയപ്പെട്ട വലിയ വിലയും മൂല്യവും ഉള്ള ഒരു തോട്ടമാണ് അബൂത്വൽഹ(റ) ദാനം ചെയ്യുന്നത്. സത്യവിശ്വാസികൾ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും അല്ലാഹുവിൽ സ്വീകാര്യമായിരിക്കും. എന്നാൽ ചെലവഴിക്കുന്നത് കൂടുതൽ പുണ്യകരവും വലിയ പ്രതിഫലം അർഹിക്കുന്നതും ആയിരിക്കണമെങ്കിൽ എന്തുവേണമെന്നാണ് അല്ലാഹു ഈ വചനത്തിൽ പഠിപ്പിക്കുന്നത്. തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്തുക്കളിൽ നിന്ന് ചെലവഴിക്കുമ്പോഴാണ് അത് വലിയ പുണ്യകർമ്മമായി തീരുക.

അല്ലാഹുവിൻറെ മാർഗത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഒരാൾ ചെലവഴിക്കുന്നതിന്റെ അർത്ഥം അയാൾക്ക് അതിനേക്കാൾ പ്രിയപ്പെട്ടത് അല്ലാഹുവാണ്, അവൻറെ പ്രീതിയാണ് എന്നതാണ്. ഈ മനോഭാവമാണ് ആ കർമ്മത്തെ ഏറ്റവും പുണ്യകരമായ മഹൽ കർമ്മമാക്കി മാറ്റുന്നത്. സ്വദഖയും സക്കാത്തും ഉൾപ്പെടെ ദാനധർമ്മങ്ങൾ ധാരാളമായി നിർവഹിക്കുന്ന പരിശുദ്ധ റമദാനിൽ നമുക്ക് വെളിച്ചം നൽകുന്നതാകട്ടെ അബൂത്വൽഹയും അദ്ദേഹത്തെ സ്വാധീനിച്ച ഖുർആൻ സൂക്തങ്ങളും…
പ്രാർത്ഥനകളോടുകൂടെ ചെലവഴിക്കുക അല്ലാഹു നമ്മിൽ നിന്ന് സ്വീകരിക്കുമാറാകട്ടെ…

print

No comments yet.

Leave a comment

Your email address will not be published.