നബിചരിത്രത്തിന്റെ ഓരത്ത് -36

//നബിചരിത്രത്തിന്റെ ഓരത്ത് -36
//നബിചരിത്രത്തിന്റെ ഓരത്ത് -36
സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -36

ചരിത്രാസ്വാദനം

ഊരുവിലക്ക്

കുറയ്ഷികള്‍ കഅ്ബാലയത്തില്‍ വെച്ച് പരസ്യമായി അവരുടെ ദൈവങ്ങളെ ആരാധിച്ചപ്പോള്‍ മുസ്‌ലിംകള്‍ വളരെ രഹസ്യമായാണ് ആരാധനാകര്‍മങ്ങളനുഷ്ഠിച്ചത്. നഗ്നമായ ഈ വിവേചനം ഉമറിന് താങ്ങാനാവുന്നതിലപ്പുറമായിരുന്നു. പ്രതിബന്ധങ്ങളെ തട്ടിയകറ്റി തല ഉയര്‍ത്തിപ്പിടിച്ചാല്‍ മാത്രമേ പ്രതിസന്ധിയുടെ ചുഴിക്കുത്തുകളില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് മോചനമുള്ളൂവെന്ന് അയാൾക്കു തോന്നി. അതുകൊണ്ടാണയാൾ കഅ്ബയുടെ പരിസരത്തു വന്ന് നാലാൾ കാൺകെ നമസ്‌ക്കരിക്കുന്നത്.

തന്നെ പിന്തുടര്‍ന്ന് വിശ്വാസവും ആചാരങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ മറ്റു വിശ്വാസികളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ചിലയവസരങ്ങളില്‍ ഹംസയും ഉമറും ചേര്‍ന്ന് ഒരു വലിയ സംഘം വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് വിശുദ്ധ ഗേഹത്തിനടുത്തെത്തി സംഘമായി നമസ്കരിച്ചു.

വിശ്വാസികള്‍ തമ്മിലുള്ള ഇഴയടുപ്പത്തില്‍ തലയിടാന്‍ ധൈര്യം വരാതെ സന്ദര്‍ഭത്തിന്റെ പന്തികേടു മനസ്സിലാക്കി അപ്പോഴെല്ലാം കുറയ്ഷ് മാറിനിന്നു. അവര്‍ക്കറിയാം, തങ്ങളുടെ ഏതെങ്കിലും തടകളില്‍ തട്ടി നിന്നുപോകുന്ന പ്രകൃതമല്ല ഉമറിന്റേതെന്ന്. അത്തരമൊരു തട അയാളെ പൂര്‍വ്വോപരി പ്രകോപിപ്പിക്കുകയേ ഉള്ളൂ. അങ്ങനെ, അവര്‍ തങ്ങളുടെ മനസ്സിനകത്തുള്ള വിഷഗ്രന്ഥികള്‍ ചുരത്തിയ വിദ്വേഷത്തിന്റെ തീക്ഷ്ണ രസങ്ങളെ തല്‍ക്കാലം ഒതുക്കിവെച്ചു.

ഉമറിന്റെ ധൈര്യവും ഹംസയുടെ പിന്തുണയും നേഗസിന്റെ സംരക്ഷണവും മുസ്‌ലിങ്ങള്‍ക്ക് നല്‍കാനിടയുള്ള ആത്മവീര്യം എത്രയുണ്ടാകുമെന്ന് അവര്‍ക്ക് തിട്ടപ്പെടുത്താനാകുന്നില്ല. എന്നാല്‍ തങ്ങളുടെ കാലിന്നടിയിലെ മണ്ണ് മുഴുവന്‍ ഒലിച്ചു പോകുവോളം കാത്തുനില്‍ക്കാനും അവര്‍ക്കാവില്ല. അവര്‍ ഉപായങ്ങളന്വേഷിച്ചു. എത്തിപ്പെട്ട ദുര്‍ഘടസ്ഥിതിയില്‍നിന്ന് പുറത്തു കടക്കാവുന്ന ഒരു വഴിയും അവരുടെ മനസ്സില്‍ തെളിഞ്ഞുവന്നില്ല. അവസാനം അബൂജഹ്ൽ അവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്ന, അയാളുടെ തലയിലുദിച്ച ക്രൂര പദ്ധതി നടപ്പിലാക്കുകതന്നെ എന്നവര്‍ തീരുമാനിച്ചുറപ്പിച്ചു. അങ്ങനെ, അനുക്രമമായി മങ്ങിത്തീരുന്ന തങ്ങളുടെ പാരമ്പര്യങ്ങളുടെ വ്യര്‍ത്ഥഗാംഭീര്യം ഉയര്‍ത്തിപ്പിടിക്കാനാവുമെന്നവര്‍ കണക്കുകൂട്ടി.

ഹാഷിം കുടുംബത്തിനെതിരില്‍ കടുത്ത ഉപരോധമേര്‍പ്പെടുത്താൻ പോവുകയാണത്രെ കുറയ്ഷ്. അബൂലഹബൊഴികെയുള്ള എല്ലാ ഹാഷിമികള്‍ക്കും ബഹിഷ്‌ക്കരണം ബാധകമാണ്. പാരമ്പര്യങ്ങൾക്ക് ഭൂതത്തെപോലെ കാവൽ കാക്കുന്ന അബൂലഹബ് മുഹമ്മദിനെതിരെയുള്ള നീക്കങ്ങളിലൊന്നും ആരുടെയും പിന്നിലായിരുന്നില്ലല്ലോ. അയാളുടെ പേരിലാണ് കുര്‍ആനില്‍ ഒരധ്യായംതന്നെ അവതരിച്ചത്. സ്വന്തങ്ങളെയും ബന്ധങ്ങളെയും ഇക്കാര്യത്തില്‍ അയാള്‍ പുല്ലുപോലെ വലിച്ചെറിഞ്ഞു. അപ്പോള്‍ ബഹിഷ്‌ക്കരണത്തില്‍നിന്ന് അബൂലഹബിനെ എന്തിനൊഴിവാക്കി എന്ന ചോദ്യംതന്നെ അസ്ഥാനത്താണ്. സ്വന്തം കുടുംബക്കാരെയൊന്നടങ്കം ഊരുവിലക്കിന്റെ കൊടുംകാട്ടില്‍ കൊണ്ടുപോയി തള്ളാന്‍ അയാള്‍ക്കൊരു വിഷമവുമില്ല എന്നതുതന്നെ മതി അബൂലഹബിന്റെ ആത്മാര്‍ത്ഥത വെളിപ്പെടാന്‍.

അബൂലഹബിനെപ്പോലൊരാള്‍ ഹാഷിമികള്‍ക്കിടയില്‍ അബൂലഹബ് മാത്രമേ ഉള്ളൂ. ഹാഷിം വംശത്തിലെ മറ്റുള്ളവരുടെ സ്ഥിതിയും മനസ്ഥിതിയും അബൂലഹബിന്റെതില്‍ നിന്ന് തുലോം
വ്യത്യസ്തമായിരുന്നു. മുഹമ്മദ് പ്രവാചകനോ അല്ലയോ എന്നതൊന്നും ഇപ്പോള്‍ അവര്‍ക്ക് പ്രശ്‌നമേ അല്ല. ഈ പ്രതിസന്ധിയില്‍ തങ്ങളുടെ പ്രിയങ്കരനായ സഹോദരന് കലവറയില്ലാത്ത പിന്തുണ നല്‍കുകതന്നെ. മുസ്‌ലിംകളും അല്ലാത്തവരുമായ ഹാഷിമികള്‍ ഉപരോധം നേരിടാന്‍ തന്നെ തീരുമാനിച്ചു. വരുമ്പോഴല്ലേ, അപ്പോള്‍ കാണാം എന്ന ഭാവത്തോടെ അബൂതാലിബ് അവര്‍ക്ക് സര്‍വ്വ പിന്തുണയുമേകി.

കുറയ്ഷ് കണിശമായ വിധിവിലക്കുകളുൾക്കൊള്ളുന്ന ശാസനാപത്രം എഴുതിയുണ്ടാക്കി. അതനുസരിച്ച്, ആരും ഹാഷിമികളില്‍ നിന്ന് വിവാഹം കഴിച്ചുകൂടാ, തങ്ങളുടെ പെണ്‍മക്കളെ ഹാഷിമികള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുകയുമരുത്. അവര്‍ക്ക് ഒന്നും വില്‍ക്കുകയോ അവരില്‍ നിന്ന് ഒന്നും വാങ്ങുകയോ അരുത്. ഒരുതരം അലിവും ആർദ്രതയും അവരോട് കാണിക്കുകയുമരുത്. അല്ലെങ്കിൽ ഹാഷിമികള്‍ മുഹമ്മദിനെ കയ്യൊഴിഞ്ഞ് അയാളെ തങ്ങൾക്കേല്പിച്ചു തരട്ടെ. അഥവാ, അയാള്‍തന്നെ തന്റെ പ്രവാചകത്വവാദം തള്ളിക്കളയട്ടെ; അതുവരെ ഉപരോധം തുടരും. എല്ലാവരും പൂര്‍ണമനസ്സോടെയൊന്നുമായിരുന്നില്ലെങ്കിലും നാല്പതില്‍ കുറയാത്ത കുറയ്ഷികള്‍ ഈ ലിഖിതരേഖയില്‍ ഒപ്പുവെച്ചു. ചിലരെങ്കിലും കരാറില്‍ ഒപ്പ് ചാര്‍ത്തുന്നതില്‍ നിന്ന് കുതറിയൊഴിഞ്ഞു. മുത്തലിബ് വംശമൊന്നടങ്കം ഒപ്പുവെക്കാന്‍ കൂട്ടാക്കിയില്ല. ഒരു നിലക്കും അവര്‍ തങ്ങളുടെ പിതൃവ്യപുത്രരെ കയ്യൊഴിയുന്നില്ല.

രേഖ ആദരപൂര്‍വം കഅ്ബക്കുള്ളില്‍ പതിച്ചു. കുറയ്ഷികളുടെ തിട്ടൂരം അബൂതാലിബിന്റെ നേതൃത്വത്തില്‍ നേരിടാന്‍ തന്നെ ബനൂഹാഷിം തീരുമാനിച്ചു. അബൂതാലിബടക്കമുള്ള ബനൂഹാഷിമിലെ പ്രമുഖര്‍ താമസിച്ചിരുന്ന പ്രദേശത്ത് അവര്‍ ഒന്നിച്ചുചേര്‍ന്നു. ഇടുങ്ങിയ ഒറ്റയടിപ്പാതയിലൂടെ നടന്നു വേണം ആ പ്രദേശത്തേക്കുള്ള ഒരേയൊരു കവാടത്തിലെത്താൻ. സഹോദരപുത്രന്റെ സുരക്ഷ ഉറപ്പുവരുത്താൻ വയോധികൻ കൂട്ടത്തിലെ കാര്യഗൗരവമുള്ളവർക്ക് നിർദ്ദേശം നൽകി.

മുഹമ്മദും ഖദീജയും അവിടെ എത്തിച്ചേർന്നതോടെ അബൂലഹബും കുടുംബവും തങ്ങളുടെ വീടൊഴിഞ്ഞ് മറ്റൊരിടത്തേക്ക് മാറിത്താമസിച്ചു. കുറയ്ഷികളോടുള്ള തന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കിട്ടിയ നല്ലൊരവസരമായി അയാള്‍ അതിനെ കണ്ടു. തങ്ങളിറക്കിയ തിട്ടൂരം പാലിക്കപ്പെടുന്നെന്നുറപ്പു വരുത്താൻ ‘അബൂതാലിബ് ചെരുവി’നു ചുറ്റും കുറയ്ഷ് കാവലേർപ്പെടുത്തി. കാവൽപ്പടയുടെ കണ്ണുവെട്ടിച്ച് അങ്ങോട്ടാരും പ്രവേശിക്കുകയോ അവിടുന്നാരും പുറത്തുകടക്കുകയോ ചെയ്യുന്നില്ല എന്നവർ ഉറപ്പാക്കി.

ഊരുവിലക്കിന്റെ കഠിനമായ ഒരുവർഷം. ബനൂഹാഷിമിന്റെ ഭക്ഷണശേഖരമെല്ലാം വറ്റി. മക്കയിലാരും അവർക്കൊന്നും വിൽക്കുന്നില്ല, അവരിൽ നിന്നൊന്നും വാങ്ങുന്നില്ല. ചെറുപ്പക്കാരിൽ ചിലർ കാവൽക്കാരെ വെട്ടിച്ച് അങ്ങാടിയിലെത്തിയെങ്കിലും അബൂലഹബിന്റെ നേതൃത്വത്തിലുള്ള കുറയ്ഷി പ്രമാണിമാർ കച്ചവടക്കാർക്ക് നേരെ കണ്ണുരുട്ടുകയും വില കേറ്റിപ്പറയാൻ നിർബന്ധിക്കുകയും ചെയ്തു. ആ വില നൽകി ആഹാരസാധനങ്ങൾ വാങ്ങാൻ ഹാഷിമികളുടെ കയ്യിൽ പണമുണ്ടായിരുന്നില്ല. പച്ചിലകൾ ചവച്ചിറക്കി, ഉണങ്ങിയ തുകൽക്കഷണങ്ങൾ വെള്ളത്തിലിട്ട് തിളപ്പിച്ച് അത് കഴിച്ചു, എന്താണെന്ന് തിട്ടമില്ലാതെ കയ്യിൽ തടഞ്ഞ പതുപതുപ്പുള്ളതെല്ലാം അകത്താക്കി; ഇങ്ങനെയൊക്കെയായിരുന്നു അന്ന് ഹാഷിം മക്കൾ ആളിപ്പടർന്ന ജഠരാഗ്നി കെടുത്തിയിരുന്നത്. അക്കാലം ‘അബൂതാലിബ് ചെരുവിനെ’ കടന്നുപോയ വഴിപോക്കർ പലപ്പോഴും വിശപ്പിന്റെ വേദനയിൽ പുളഞ്ഞ കുട്ടികളുടെ നിലവിളികൾ കേട്ടു. വിശപ്പിനാലും വിശക്കുന്ന കുഞ്ഞുങ്ങളെയോർത്തുള്ള വ്യഥയാലും ഉയർന്ന നിസ്സഹായരായ സ്ത്രീജനങ്ങളുടെ തേങ്ങൽ കേട്ടു.

ഉറവു വറ്റാത്ത കരുണയുടെ നിർഝരി തീർത്ത് മക്കയുടെയും മക്കക്കാരുടെയും സുസ്ഥിതിക്കുവേണ്ടി പുരുഷായുസ്സുകൾ സമർപ്പിച്ച മഹത്തുക്കളായ ഹാഷിം പിതാമഹന്റെയും അബ്ദുൽമുത്തലിബിന്റെയും ഇളമുറ ഈ അപമാനം അർഹിക്കുന്നുണ്ടോ? വിദൂരദേശങ്ങളിൽ നിന്നടക്കം തീർത്ഥാടനത്തിനായി മക്കയിലെത്തുന്ന ദൈവത്തിന്റെ അതിഥികളെ അവർ മൃഷ്ടാന്നം ഊട്ടിയില്ലേ? സംസം വീണ്ടെടുത്ത് മക്കക്കാരുടെയും തീർത്ഥാടകരുടെയും ദാഹമവർ അകറ്റിയില്ലേ? വിശുദ്ധഗേഹം തകർക്കാനായി ആനപ്പടയുമായി വന്ന അഹങ്കാരിയായ അബ്രഹയെ അയാളുടെ സൈന്യമടക്കം അല്ലാഹു ചാണകപ്പരുവത്തിലാക്കിയത് മഹാനായ അബ്ദുൽ മുത്തലിബ് കുറയ്ഷികൾക്ക് നേതൃത്വം നൽകിയ കാലത്തായിരുന്നില്ലേ? എന്നിട്ടുമെന്തേ കുറയ്ഷ് കൃതഘ്നതയുടെയും തിരസ്കാരത്തിന്റെയും രൗദ്രാന്ധകാരത്തിലേക്കൂളിയിട്ടൂ!

ബഹിഷ്‌ക്കരണം കുറയ്ഷി നേതാക്കള്‍ കരുതിയതുപോലെ കണിശമായി നടപ്പിലാക്കാന്‍ അവര്‍ക്കു സാധിക്കുമായിരുന്നില്ല. എല്ലാ പഴുതുകളും അടച്ചുകൊണ്ടല്ല ആ രേഖ തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ഒരു സ്ത്രീ മറ്റൊരു കുടുംബത്തിലേക്ക് വിവാഹം ചെയ്യപ്പെട്ടതിനു ശേഷവും അവള്‍ സ്വന്തം കുടുംബാംഗമാണ് എന്ന സത്യം അപ്പോലെതന്നെ കരാറിനുശേഷവും നിലനില്‍ക്കുന്നു. അബൂജഹ്‌ലിന്റെ കഴുകക്കണ്ണുകള്‍ സദാ ജാഗ്രത്തായിരുന്നു. എന്തു ചെയ്യാന്‍, മനോഹരമായ തന്റെ സ്വപ്‌നക്കോട്ട വിചാരിച്ചപോലെ പടുത്തുയര്‍ത്താന്‍ അയാള്‍ക്ക് സാധിച്ചിട്ടില്ല. ഇതിനിടെ ഒരു ദിവസം അയാള്‍ ഖദീജയുടെ സഹോദരപുത്രന്‍ ഹകീമിനെ കണ്ടുമുട്ടി. അയാളുടെ കൂടെ സഞ്ചി നിറയെ മാവുപൊടിയുമായി ഒരടിമയുമുണ്ട്. ബനൂഹാഷിമിന്റെ താമസസ്ഥലം ലക്ഷ്യമാക്കിയാണ് അവര്‍ പോകുന്നതെന്ന് അയാള്‍ക്കു തോന്നി.

”നിങ്ങളെന്താ ഹകീം, ശത്രുവിന് ഭക്ഷണമെത്തിച്ചു കൊടുക്കുകയാണോ?” അയാള്‍ ഹകീമിനെ നോക്കി തൊണ്ട പൊട്ടി ആക്രോശിച്ചു. ഇതിനിയും തുടര്‍ന്നാല്‍ അയാള്‍ക്കും ബനൂഹാഷിമിന്റെ വഴി പിന്തുടരേണ്ടിവരുമെന്ന് അബൂജഹ്ൽ ഭീഷണി മുഴക്കി. കണ്ണുരുട്ടല്‍ കൊണ്ട് പേടിക്കുന്ന പ്രകൃതമായിരുന്നില്ല ഹകീമിന്റേത്. ഭീഷണിക്ക് ഭീഷണികൊണ്ടു തന്നെ മറുപടി നല്‍കി.

അവര്‍ തര്‍ക്കിച്ചുകൊണ്ടിരിക്കെ അസദ് ഗോത്രജനായ അബുല്‍ ബഖ്തരി ആ വഴി വന്നു.
”നിങ്ങള്‍ വക്കാണിക്കുന്നതെന്തിന്?” അയാൾ അന്വേഷിച്ചു. ഹകീം സംഭവം മുഴുവന്‍ ആഗതന് വിശദീകരിച്ചുകൊടുത്തു. അന്നേരം അബുൽ ബഖ്തരി പറഞ്ഞു, ”അത് അവന്റെ അമ്മായിക്കുള്ള മാവുപൊടിയാണ്, അവര്‍ അവനോട് വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു, അവനത് നിറവേറ്റുന്നു. അവനെ അവന്റെ പാട്ടിന് വിട്ടേക്കൂ അബുൽഹകം?”

ഹകീമോ അബുല്‍ ബഖ്തരിയോ മുസ്‌ലിംകളല്ല. അസദ് വംശത്തിലെ ഒരംഗത്തിന് അതേ വംശത്തിലെ മറ്റൊരാള്‍ മാവുപൊടി എത്തിച്ചു കൊടുക്കുക എന്നത് അതേ വംശത്തിലെ തന്നെ വേറൊരാള്‍ക്ക് യാതൊരു പൊറുതികേടും ഉണ്ടാക്കിയില്ല. അതിനിടയില്‍ മഖ്‌സൂമിയായ അബൂജഹ്ൽ കയറി ഇടപെടുന്നത് എന്തിന്റെ പേരിലായാലും ഒരു അസദിക്ക് അംഗീകരിക്കാനാവില്ല, അത്രതന്നെ. എന്നാല്‍ അബൂജഹ്ൽ തന്റെ വരട്ടുവാദത്തില്‍ തന്നെ ഉറച്ചുനിന്നു. അബുല്‍ ബഖ്തരിയെയും ഹകീമിനെയും മാറിമാറി അയാള്‍ തെറി പറഞ്ഞു. അബൂജഹ്‌ലിന്റെ അതിരുവിട്ട തെറിപ്രയോഗത്തില്‍ അബുല്‍ ബഖ്തരിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ചടുലമായ തീവ്രചലനങ്ങളോടെ അടുത്തുകിടന്ന ഒരു വലിയ എല്ലിന്‍ കഷണമെടുത്തയാൾ സര്‍വ്വശക്തിയുമുപയോഗിച്ച് അബൂജഹ്‌ലിന്റെ തലക്കടിച്ചു. എന്തു സംഭവിച്ചുവെന്നറിയുന്നതിനു മുമ്പ് അയാള്‍ നിലത്തുവീണു. അവിടെയിട്ട് ഇരുവരും തങ്ങള്‍ക്ക് കഴിയുന്നപോലെ അയാളുടെ ശരീരത്തില്‍ പെരുമാറി. അന്നേരം ആ വഴിവന്ന ഹംസയെ ഈ കാഴ്ച ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്.

ഹകീമിന് തന്റെ അമ്മായിയുടെ ഭര്‍ത്താവ് ഹാഷിം വംശജനാണെന്ന് പറയാനുണ്ടെങ്കില്‍ ആമിര്‍ ഗോത്രത്തിലെ അംറിന്റെ പുത്രന്‍ ഹിഷാമിന് അത്തരത്തിലുള്ള ഒരു ബന്ധവും ഹാഷിമികളുമായി ഇല്ല. എന്നാല്‍, രാവിന്റെ മറപറ്റി ഒരൊട്ടകത്തിന് വഹിക്കാവുന്നത്ര തീൻപണ്ടങ്ങളുമായി അയാള്‍ ‘അബൂതാലിബ് ചെരു’വിന്റെ കവാടത്തിലെത്തി. തുടര്‍ന്ന് ഒട്ടകത്തെ അതിനകത്തേക്ക് കയറൂരിവിട്ടു. അയാള്‍ക്കറിയാം, ആ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ബനൂഹാഷിമിലെ അംഗങ്ങള്‍ക്ക് ലഭിച്ചിരിക്കും. അടുത്ത രാവില്‍ ഒരൊട്ടകത്തിന് വഹിക്കാവുന്നത്ര വസ്ത്രങ്ങളുമായിട്ടാണ് ആപൽബാന്ധവനായ ഹിഷാമിന്റെ വരവ്. പിറ്റേതവണ മറ്റു വസ്തുക്കള്‍… അങ്ങനെയങ്ങനെ… ബനൂഹാഷിമിനോടുള്ള അനുകമ്പയൊന്നുമാത്രമായിരുന്നു ഹിഷാമിനെ അതിന് പ്രേരിപ്പിച്ചത്.

അവിശ്വാസികള്‍ക്കു പുറമെ, ഹാഷിം വംശജരല്ലാത്ത അബൂബക്‌റിനേയും ഉമറിനേയും പോലെയുള്ള മുസ്‌ലിംകള്‍ ബഹിഷ്ക്കരണ രേഖയെ തോല്‍പിക്കാന്‍ തങ്ങള്‍ക്കാവുന്നതെല്ലാം ചെയ്തു. ഈ സഹായങ്ങളെല്ലാം ഉണ്ടെങ്കിലും വളരെ പരിതാപകരമാണ് അബൂതാലിബ് ചെരുവിലെ താമസക്കാരുടെ അവസ്ഥ. പലപ്പോഴും പട്ടിണിയുടെ പല്ലിളിക്കുന്ന കോലങ്ങള്‍ അവരെ ഭീഷണിപ്പെടുത്തി.

തളർന്നു തുടങ്ങിയ കുറയ്ഷി ഊരുവിലക്ക് ഇഴഞ്ഞും അയഞ്ഞും മൂന്ന് വർഷങ്ങൾ പൂർത്തിയാക്കുന്നു. ഇതിനിടെ, അബൂതാലിബിന്റെ ഇളയ സഹോദരൻ അബ്ബാസിന് ഒരു കുഞ്ഞു ജനിച്ചു. അവന് പ്രവാചകൻ അബ്ദുല്ല എന്ന് പേരിട്ടു. അബ്ദുല്ലാഹ് ബിൻ അബ്ബാസ് എന്ന് പിൽക്കാലത്ത് അവൻ പേരെടുത്തു. ഈ അബ്ദുല്ലാഹ് ബിൻ അബ്ബാസിന് സമാധാനത്തിന്റെ ഒരനന്തരകാലത്ത് വൈജ്ഞാനികമായ ചില ദൗത്യങ്ങൾ നിർവ്വഹിക്കാനുണ്ട്.

(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.