പ്രതിഫലങ്ങളും ചോദനകളും: ഇസ്‌ലാമിക ധർമ്മശാസ്ത്രത്തിന്റെ അജയ്യത -4

//പ്രതിഫലങ്ങളും ചോദനകളും: ഇസ്‌ലാമിക ധർമ്മശാസ്ത്രത്തിന്റെ അജയ്യത -4
//പ്രതിഫലങ്ങളും ചോദനകളും: ഇസ്‌ലാമിക ധർമ്മശാസ്ത്രത്തിന്റെ അജയ്യത -4
ആനുകാലികം

പ്രതിഫലങ്ങളും ചോദനകളും: ഇസ്‌ലാമിക ധർമ്മശാസ്ത്രത്തിന്റെ അജയ്യത -4

കള്ളും പെണ്ണും നൽകുന്ന ദൈവം

നിരപരാധികളെ കൊന്നൊടുക്കുന്ന ചാവേറുകളല്ല ഇസ്‌ലാമിലെ ശഹീദുകൾ (രക്തസാക്ഷികൾ). പ്രതിരോധത്തിന്റെ ആദർശ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ധർമ്മ സമരമാണ് ഇസ്‌ലാമിലെ ജിഹാദ്. നാം ചർച്ച ചെയ്യുന്ന വിഷയം മറ്റൊന്നായതു കൊണ്ട് ഇസ്‌ലാമിലെ യുദ്ധങ്ങളെ സംബന്ധിച്ച വിവരങ്ങൾക്കായി ‘ഇന്ത്യയോട് യുദ്ധം ചെയ്യാൻ നബി കൽപ്പനയൊ ?! ‘ എന്ന ദഅ്’വ ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകം സജസ്റ്റ് ചെയ്യുക മാത്രം ചെയ്യട്ടെ.

ഇവിടെ ചർച്ച ചെയ്യുന്നത്, സ്വന്തം രക്തവും മാംസവും ജീവശ്വാസവും ദുർബലരായ മനുഷ്യരെ സംരക്ഷിക്കാനും ആദർശ സ്വാതന്ത്ര്യം ഭൂമിയിൽ പുലരാനും പടവെട്ടി ജീവൻ വെടിഞ്ഞ രണശൂരരായ സത്യവിശ്വാസികൾക്ക് നൽകപ്പെടുന്ന പ്രതിഫലവും പ്രചോദനങ്ങളുമാണ്.
അല്ലാഹുവിന്റെ മാർഗത്തിൽ രക്തസാക്ഷികളായവരെ സംബന്ധിച്ച് ക്വുർആൻ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക:

“അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ചുപോയവരായി നീ ഗണിക്കരുത്‌. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്‌. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു. അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്കു നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്‌) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും (അവരെ സന്തുഷ്ടരാക്കുന്നു.)പരിക്ക് പറ്റിയതിന് ശേഷവും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും കല്‍പനക്ക് ഉത്തരം ചെയ്തവരാരോ അവരില്‍ നിന്ന് സല്‍കര്‍മ്മകാരികളായിരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്‌. ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്‌. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ. അങ്ങനെ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവും കൊണ്ട് യാതൊരു ദോഷവും ബാധിക്കാതെ അവര്‍ മടങ്ങി. അല്ലാഹുവിന്‍റെ പ്രീതിയെ അവര്‍ പിന്തുടരുകയും ചെയ്തു. മഹത്തായ ഔദാര്യമുള്ളവനത്രെ അല്ലാഹു.”
(സൂറത്തു ആലു ഇംറാൻ: 169-174)

രക്തസാക്ഷികളായ വിശ്വാസികളുടെ ആത്മാക്കൾ പച്ചനിറത്തിലുള്ള പക്ഷികളുടെ രൂപത്തിൽ സ്വർഗത്തിൽ ദൈവത്തെ സ്തുതിച്ചു കൊണ്ട് പറന്നു കൊണ്ടിരിക്കും. സ്വർഗത്തിലെ മരങ്ങളിലും ചില്ലകളിലുമായി അവർ പാറി നടക്കും. അല്ലാഹുവിന്റെ സിംഹാസനത്തിന് സമീപമായിരിക്കും അവർ പാർക്കുക എന്നെല്ലാമാണ് ഈ ഹദീസുകൾ വർണ്ണിക്കുന്നത്.

(ഫതാവാ നൂറുൻ അലദ്ദർബ്: ഇബ്നു ബാസ്: 4/320, ത്വബ്റാനി: 19/65: 122, മഅ്’രിഫത്തു സ്വഹാബ: 8037)

മറ്റൊരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു:

“ഒരു രക്തസാക്ഷിക്ക് ആറ് വിശേഷണങ്ങൾ അല്ലാഹുവിന്റെ അടുക്കലുണ്ട്: ഒന്നാമത്തെ തവണ തന്നെ അദ്ദേഹത്തിന്റെ പാപങ്ങൾ പൊറുക്കപ്പെടും, സ്വർഗത്തിൽ അയാളുടെ സ്ഥാനം അദ്ദേഹം നേരത്തെ തന്നെ ദർശിക്കും, ക്വബർ ശിക്ഷയിൽ നിന്ന് അദ്ദേഹം രക്ഷിക്കപ്പെടും, ആദരവിന്റെ/ഗാംഭീര്യത്തിന്റെ കിരീടം അദ്ദേഹത്തിന്റെ ശിരസ്സിൽ വെക്കപ്പെടും; അതിലെ ഒരു മുത്ത് പോലും ഇഹലോകത്തേക്കാളും അതിനുള്ള സർവ്വതിനേക്കാളും ശ്രേഷ്ടമായിരിക്കും, ഹൂറുൽ ഈങ്ങളിൽപ്പെട്ട എഴുപത്തിരണ്ട് ഇണകളെ അദ്ദേഹത്തിന് വിവാഹം കഴിപ്പിക്കപ്പെടും, തന്റെ കുടുംബക്കാരിൽ നിന്ന് സദ്‌വൃത്തരായ എഴുപതു പേർക്കുവേണ്ടി ശുപാർശ ചെയ്യാനുള്ള അവകാശം അദ്ദേഹത്തിന് നൽകപ്പെടും.”
(തുർമുദി: 1663)

മുകളിൽ കൊടുത്ത ക്വുർആൻ വചനങ്ങളിൽ നിന്നും ഹദീസുകളിൽ നിന്നും രക്തസാക്ഷികൾക്ക് നൽകപ്പെടുന്ന പ്രതിഫലവും അവരെ ആ ധീര വൃത്തിക്കായി പ്രേരിപ്പിച്ച പ്രചോദനങ്ങളും ഇപ്രകാരം സംഗ്രഹിക്കാം:

1. ദൈവത്തിന്റെ പ്രീതിയാകുന്ന ആത്മീയ ആനന്ദമാണ് ജിഹാദിന്റെ കേന്ദ്ര ബിന്ദു:

وَٱتَّبَعُوا۟ رِضۡوَ ٰ⁠نَ ٱللَّهِۗ
“അല്ലാഹുവിന്‍റെ പ്രീതിയെ അവര്‍ പിന്തുടരുകയും ചെയ്തു…” എന്ന് മുകളിൽ ഉദ്ധരിച്ച ക്വുർആൻ വാക്യം ഇത് വ്യക്തമാക്കിയല്ലൊ.

2. ദൈവത്തിന്റെ അനുഗ്രഹവും ഔദാര്യവും

3. യാതൊരു ഭയമൊ ദുഃഖമൊ ഇല്ലാത്ത സന്തോഷാവസ്ഥ.

4. ദൈസാമീപ്യം, ദൈവ സിംഹാസനത്തിനടുത്തുള്ള സഹവാസം.

5. ദൈവത്തിൽ നിന്നും നേരിട്ടുള്ള ഉപജീവനം.

6. പക്ഷികളോളം നിർമ്മലമായ മനസ്സും നിഷ്കളങ്കമായ സ്വർഗീയ ജീവിതവും.

7. പക്ഷികളെ പോലെ പറന്നു പാറി നടക്കാനുള്ള സർവ്വസ്വാതന്ത്ര്യം.

8. ഭൂമിയിൽ അവർ വിട്ടേച്ച് വിടപറഞ്ഞ് പോയവരെ (കുടുംബക്കാർ, പ്രിയതമർ) സംബന്ധിച്ച, അവരും തങ്ങളിലേക്ക് നല്ല അവസ്ഥയിൽ വന്ന് ചേരുമെന്ന ആത്മവിശ്വാസവും സന്തോഷവും; ദുഖത്തിനും വിരഹത്തിനും പകരം സമ്മാനിക്കപ്പെടും.

9. അവരിൽ നിന്ന് സദ്‌വൃത്തരായ എഴുപതു പേർക്കുവേണ്ടി ശുപാർശ ചെയ്യാനുള്ള അവകാശം.

10. പാപങ്ങൾ പൊറുക്കപ്പെടുക.

11. സ്വർഗത്തിൽ അയാളുടെ സ്ഥാനം അദ്ദേഹം നേരത്തെ തന്നെ ദർശിക്കും.

12. ക്വബർ ശിക്ഷയിൽ നിന്ന് അദ്ദേഹം രക്ഷിക്കപ്പെടും,

13. ആദരവും ഗാംഭീര്യവും സമ്മാനിക്കപ്പെടും.

14. ഹൂറുൽ ഈങ്ങളിൽപ്പെട്ട എഴുപത്തിരണ്ട് ഇണകളെ അദ്ദേഹത്തിന് വിവാഹം കഴിക്കാം.

ഈ പതിനാലും അതിലേറെയും വരുന്ന ആത്മീയവും മാനസികവും ബൗദ്ധികവും ശാരീരികവുമായ പ്രതിഫലങ്ങളിൽ എല്ലാം കണ്ടെന്ന ഭാവം പോലും നടിക്കാതെ ഇസ്‌ലാം വിരുദ്ധർ പിടിച്ചത് ഹൂറുൽ ഈങ്ങളെ മാത്രമാണ്. ഇണകളെന്ന് കേട്ടയുടനെ തെറി വിളികളും അശ്ലീല ശകാരങ്ങളും അവമതിക്കലുകളുമായി ഇസ്‌ലാമിന് നേരെ അവർ എടുത്തു ചാടി കൊലവിളി മുഴക്കാൻ തുടങ്ങി.
“കള്ളും പെണ്ണും കൊടുക്കുന്ന ദൈവം…! പെണ്ണ് കൂട്ടി കൊടുക്കപ്പെടുന്ന സ്വർഗ്ഗം !! എഴുപതു പേരെ ഭോഗിക്കാൻ ചത്തു മലർന്ന പെൺകൊതിയന്മാരായ കോയമാർ….”

ഈ ഭാഷയൊക്കെ കൂട്ടത്തിൽ “മാന്യമായ” ചില വിമർശന വാചകങ്ങളാണെന്ന് ഓർക്കണം ?!

എന്താണിവരൊക്കെ കരുതിയിരിക്കുന്നത്?! ലൈംഗികതയുടെ കറ പുരളാത്ത പരിശുദ്ധ നെയ്യുകളായി സ്വയം അവരോധിക്കുന്ന ഇവരുടെ ആന്തരിക സംസ്കാരവും ലൈംഗികാഭിരുചികളൊന്നും ആരും അറിയില്ലെന്നും കാണില്ലെന്നുമാണോ ഇവരുടെയൊക്കെ ധാരണ. അനുനിമിഷം സ്ത്രീകളെ പദാർത്ഥ വൽക്കരിച്ച് ചിന്തിക്കുകയും രതി വൈവിധ്യങ്ങൾക്കായി മോഹിക്കുകയും അവസരം ലഭിക്കുന്നതിനനുസരിച്ചും ലഭിച്ച അവസരം പരമാവധി ഉപയോഗപ്പെടുത്തിയും ഭോഗേച്ഛകൾ സാക്ഷാത്കരിച്ചു കൊണ്ടിരിക്കുന്ന ഇവർ സ്വർഗത്തിലെ ഇണകളെന്ന് കേൾക്കുമ്പോൾ, സ്വർഗത്തിലെ ബഹുഭാര്യത്വം കേൾക്കുമ്പോൾ അറക്കുകയും നെറ്റി ചുളിക്കുകയും ചെയ്യുന്ന കാപട്യം തുറന്നു കാണിക്കാൻ പോവുകയാണ് നാം. അതൊ ഇവർക്ക് എല്ലാ തരം അവിഹിതമായ രതി ഭാവനകളും ആസ്വാദനങ്ങളുമാവാം ദൈവമത് ഹിതമായ രൂപത്തിൽ നൽകാൻ പാടില്ലെന്നോ ?! ഭൂമിയിൽ ഇവർക്ക് രതിഭാവനകളും, ലൈംഗിക ശേഷിയും, ആസ്വാദന ശക്തിയും നൽകിയത് ദൈവം തന്നെയല്ലെ ? ലിംഗവും യോനിയും രതിമൂർച്ചയും ചേഷ്ടതകളും നൽകിയതും ദൈവം തന്നെയല്ലെ ? ഭാര്യയേയും ഭർത്താവിനേയും തന്നത് ദൈവം തന്നെയല്ലെ ? ഭൂമിയിൽ ഹിതമായ മാർഗത്തിൽ മാത്രം അവ ആസ്വദിക്കുകയും അവിഹിതങ്ങളിൽ നിന്നും അശ്ലീലങ്ങളിൽ നിന്നും വൈകൃതങ്ങളിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തവർക്ക് ഹിതമായ രൂപത്തിൽ തന്നെ ഇവയെല്ലാം നൽകുന്നത് എങ്ങനെ അസഭ്യതയാവും ?! ഭൂമിയിൽ ഭാര്യയെ തരുന്നത് സഭ്യതയും സ്വർഗത്തിൽ തരുന്നത് അസഭ്യതയുമാവുന്നതെങ്ങനെയാണ്? ഇരുപതോ മുപ്പതൊ അഞ്ചോ പത്തോ വർഷം കഴിയുമ്പോഴേക്കും പരസ്പരം മടുത്ത് രണ്ട് കട്ടിലുകളിലായും മുറികളിലുമായും ജീവിതം നയിക്കുന്ന ദമ്പതികൾ ചോദിക്കുന്നു…. അനശ്വരമായ കാലം വസിച്ചിടുന്ന സ്വർഗത്തിൽ എന്തിനാണ് ബഹുഭാര്യത്വമെന്ന് ?! ഇന്ത്യയിലും പുറത്തും വേശ്യാലയങ്ങളെയും പോൺ സൈറ്റുകളേയും സമീപിക്കുന്ന ഭൂരിഭാഗവും വിവാഹിതരാണ്… അവർ ഹദീസ് കേട്ടു നാണിക്കുന്നു… അയ്യയ്യെ…. ലൈംഗികത !! അശ്രീകരം!! പോൺ സൈറ്റുകളിൽ വൈവിധ്യമാർന്ന വംശവും, നിറവും രൂപവും ഭാവവുമുള്ള പോൺ ആക്ട്രസ്സുകളെ തിരയുന്നവർ ചോദിക്കുന്നു അനശ്വര വാസത്തിന്റെ സ്വർഗത്തിൽ എന്തിനാണ് ബഹുഭാര്യത്വമെന്ന് ? ഒരൊറ്റ ഇണ എന്ന സങ്കൽപ്പം പ്രകൃതി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയവർ തന്നെ ഇസ്‌ലാമിനെ വിമർശിക്കാൻ ഏകപത്‌നീ വ്രതക്കാരായി നടിക്കുന്നു. സ്വവർഗ ഭോഗവും, അഗമ്യഗമനവും, മൃഗരതിയും, ശവരതിയുമെല്ലാം മഴവില്ല് പോലെ സുന്ദരമാണെന്ന് തോന്നുന്നവർക്ക് സ്വർഗത്തിലെ ‘വിവാഹങ്ങൾ’ “പെണ്ണ് കൂട്ടി കൊടുക്കലായി” മാറുന്നതെങ്ങനെയാണ് ? കന്യാസ്ത്രീ പീഢനങ്ങളും ബാലാനുരാഗവുമൊക്കെ കണ്ടില്ലെന്ന് നടിക്കുന്ന സഭാ വിശുദ്ധരാണോ പ്രകൃതിവിരുദ്ധമായ ബ്രഹ്മചര്യം ഉത്ഘോഷിക്കുകയും ഇസ്‌ലാമിലെ സ്വർഗ്ഗ സങ്കൽപ്പത്തെ “വേശ്യാലയമായി” അവമതിക്കുകയും ചെയ്യുന്നത് ?! (കൂടുതൽ വിവരങ്ങൾക്ക് “സെക്സ് ക്രൂസേഡ്” എന്ന ദഅ്’വ ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകം വായിക്കുക).

പതിനാല് പ്രതിഫലങ്ങളിൽ ഒന്നിനു മാത്രം വേണ്ടി ചത്തുമലർന്നവരെന്ന് പരിഹസിക്കാൻ മടിക്കാത്ത ഇവർ നമ്മുടെ രാജ്യത്തിന് വേണ്ടി മൃത്യു വരിച്ച ധീരഭടന്മാരെ – അവർക്ക് വേതനമുണ്ടായിരുന്നു എന്നതിനാൽ – കാശിനു വേണ്ടി ചത്തുമലർന്നവരെന്ന് അപഹസിക്കുമോ? ഇത്രയൊക്കെ “പരിശുദ്ധി” വാദിക്കാൻ മാത്രം എന്ത് ധാർമ്മിക അടിത്തറയും മൂല്യവുമാണ് ഇവരുടെയൊക്കെ സ്വകാര്യ ജീവിതങ്ങൾക്കും ലൈംഗിക മേഖലകൾക്കുമുള്ളത് എന്ന് നമുക്ക് ഇഴ കീറി പരിശോധിക്കാം. ധാർമ്മിക ഇരുട്ടടികൾ ഇനി വേണ്ട… ഇനി, വെളിച്ചത്തിലേക്ക് വന്ന് ‘സ്വർഗ വിവാഹങ്ങളെ’ നിരൂപണം ചെയ്യാം.

പോണോഗ്രഫി: ഗവേഷണങ്ങൾ വെളിപ്പെടുത്തുന്ന ലൈംഗിക വസ്തുതകൾ

“1960-കളും 70-കളും അൽപ്പം അശ്രദ്ധവും പക്ഷെ ധീരവുമായ സോഷ്യൽ സൈക്കോളജി പരീക്ഷണങ്ങളുടെ പ്രതാപകാലമായിരുന്നു, അത് പലപ്പോഴും എംടിവിയുടെ തമാശ പരിപാടിയായ ജാക്കാസ്സ് ന്റെ എപ്പിസോഡുകളോട് സാമ്യമുള്ളതായിരുന്നു. 1971-ലെ Stanford prison experiment, ൽ തടവുകാരും കാവൽക്കാരുമായി ജയിൽപ്പുള്ളികളെ വിഭജിക്കുകയും അവരെ ഒരു താൽക്കാലിക ജയിലിൽ താമസിപ്പിക്കുകയും ചെയ്തു, ഇതോടെ ഗാർഡുകൾ തരം താഴ്ത്തുന്ന മോശം പെരുമാറ്റം കാണിക്കാനും അങ്ങനെ തടവുകാരുടെ കലാപത്തിനും കാരണമായി. 1960-കളിലെ Milgram obedience experiment ൽ ഒരു മനുഷ്യനെ വൈദ്യുതിയുടെ അളവ് വർധിപ്പിച്ചു കൊണ്ട് അയാൾ മരിച്ചതായി കാണപ്പെടുന്നത് വരെ ഷോക്ക് അടിപ്പിക്കാൻ തയ്യാറായ participants നെ ആവശ്യമായിരുന്നു.

1973-ൽ, സ്വാർത്ത്‌മോർ കോളേജിലെ മനഃശാസ്ത്രജ്ഞനായ കെന്നത്ത് ഗെർഗൻ, ഇന്നത്തെ എത്തിക്‌സ് ബോർഡുകളുടെ അംഗീകാരം നേടുന്നതിൽ പരാജയപ്പെട്ടേക്കാവുന്ന മറ്റൊരു സാമൂഹിക മനഃശാസ്ത്ര പരീക്ഷണം നടത്തി, അദ്ദേഹത്തിന്റെ ഗവേഷണം ചോദിച്ചു:, “അങ്ങേയറ്റം അജ്ഞാതാവസ്ഥയിൽ (Anonymity) ആളുകൾ എന്തൊക്കെ ചെയ്ത് കൂട്ടും?”
ഗെർഗന്റെ പരീക്ഷണത്തിൽ, അഞ്ച് യുവാക്കളും അഞ്ച് യുവതികളും ഒരു സമയം ഒരാൾ വീതം ചെറിയ ഒരു മുറിയിൽ പ്രവേശിച്ചു. പരീക്ഷണത്തിന് മുമ്പ് അവർക്ക് പരസ്പരം അറിയുമായിരുന്നില്ല, മുറിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വരെ അവർ ഒറ്റയ്ക്കായിരുന്നു. പ്രവേശിച്ചുകഴിഞ്ഞാൽ, അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. പരീക്ഷണത്തിനൊടുവിൽ, പങ്കെടുത്തവർ ഓരോരുത്തരായി മുറി വിട്ടു. എന്നാൽ ഈ പരീക്ഷണത്തെ വളരെ രസകരമാക്കിയത് ആ മുറി തന്നെയായിരുന്നു. അതിനുള്ളിൽ ഒന്നും കാണാൻ പറ്റാത്ത ഇരുട്ടായിരുന്നു. പങ്കെടുത്തവർക്ക് പരസ്പരം കാണാൻ കഴിഞ്ഞിരുന്നില്ല, അവർക്ക് പരസ്പരം അറിയുകയും ചെയ്യില്ലായിരുന്നു, പരീക്ഷണത്തിന് ശേഷം അവർ പരസ്പരം അജ്ഞാതർ തന്നെ ആയിരിക്കുമെന്ന് അവർക്കറിയാമായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ എല്ലാ വിധത്തിലും സമ്പൂർണമായ അജ്ഞാതത്വം അനുഭവിച്ചു. അത്തരം അവസരത്തിൽ ഈ അജ്ഞാതരായ അപരിചിതർ എന്താണ് ചെയ്തത്? ആദ്യം അവർ സംസാരിച്ചു, പക്ഷേ താമസിയാതെ സംഭാഷണം മന്ദഗതിയിലായി. പിന്നെ സ്പർശനം ആരംഭിച്ചു. ഏകദേശം 90 ശതമാനം ആളുകളും മനഃപൂർവം മറ്റൊരാളെ സ്പർശിച്ചു. അവരിൽ പകുതിയിലധികം പേരും ആരെയോ കെട്ടിപ്പിടിച്ചു. അവരിൽ മൂന്നിലൊന്ന് വിഭാഗത്തിന്റെ സ്പർശങ്ങൾ ചുംബനത്തിൽ അവസാനിച്ചു. ഒരു യുവാവ് അഞ്ച് വ്യത്യസ്ത പെൺകുട്ടികളെ ചുംബിച്ചു.
“ഞാൻ ഇരിക്കുമ്പോൾ ബെത്ത് കയറി വന്നു, ഞങ്ങൾ തലോടുകയും മുഖവും ശരീരവും പിന്നെ കഴുത്തും തൊട്ടുരുമ്മി കളിക്കാനും തുടങ്ങി. ഞങ്ങൾ അത് പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നതിനായി കാണിച്ചു. ഞങ്ങൾ ഇത്തരത്തിൽ സ്നേഹം കൈമാറാനും മറ്റുള്ളവരുമായി അത് പങ്കിടാനും തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ വേർപെടുകയും, ലോറി അവളുടെ സ്ഥാനത്ത് എത്തുകയും ചെയ്തു.”

അജ്ഞാതത കൊണ്ട് മറഞ്ഞിരിക്കുന്നതിനാൽ, പങ്കെടുക്കുത്തവർ അവരുടെ ആഗ്രഹങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിച്ചു. ഒരാൾ ഗെർജനോട് മുറിയിലേക്ക് തിരികെ വിട്ടാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുക പോലുമുണ്ടായി. ഏകദേശം 80 ശതമാനം പുരുഷന്മാരും സ്ത്രീകളും ലൈംഗികമായി ഉത്തേജനം അനുഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇൻറർനെറ്റ് ഒരു തരത്തിൽ ഗെർഗൻ പരീക്ഷണത്തിന്റെ വളരെ, വളരെ, വളരെ വലിയ പതിപ്പ് പോലെയാണ്. ഒരു ബില്യൺ പരസ്പരം അജ്ഞാതരായ ആളുകളെ virtual ആയ ആ ഇരുണ്ട മുറിയിൽ വിട്ടേക്കുക. അവരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും സ്വതന്ത്ര്യവും രഹസ്യവുമായി അഴിച്ചുവിടുമ്പോൾ… അവർ ചെയ്ത് കൂട്ടുന്നത് എന്തൊക്കെയാണെന്ന് നോക്കൂ…”

(A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire: Page:25,26)

അതെ, ഗെർഗന്റെ പരീക്ഷത്തിന് സമാനമായി, വെളിപ്പെടുത്തലിന്റെയും വ്യക്തിത്വം പരസ്യപ്പെടുത്തുന്നതിന്റെയും സർവ്വ സാധ്യതകളും ഇല്ലെന്ന് ഉറപ്പു നൽകി സർവ്വവിധ അജ്ഞാതാവസ്ഥയും (anonymity) ഒരുക്കി തന്ന് മനുഷ്യർക്ക് തങ്ങളുടെ ലൈംഗികാഭിനിവേശങ്ങളെ പരതാനും പിന്തുടരാനും അവസരം നൽകുന്ന ഒരു ആധുനിക സാങ്കേതിക വിദ്യയാണ് ഇന്റർനെറ്റ്. മനുഷ്യരുടെ ലൈംഗിക അഭിനിവേശങ്ങളെയും ആഗ്രഹങ്ങളേയും കുറിച്ച് പഠിക്കുന്നതിന് വൻ സാധ്യത ഒരുക്കുന്ന ഈ നൂതന ഭൂമിക ചിക്കി ചികഞ്ഞ് കണ്ടെത്തിയ വിവരങ്ങളും രേഖകളും ഉള്ളടങ്ങിയ ഒരു ഗ്രന്ഥമാണ്, ഒഗി ഒഗാസ് (Ogi Ogas), സായ് ഗദ്ദം (Sai Gaddam) എന്നിവർ രചിച്ച “A Billion Wicked Thoughts: What the World’s Largest Experiment Reveals about Human Desire” (ഒരു ആയിരം കോടി ദുഷിച്ച ചിന്തകൾ: ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണം മനുഷ്യന്റെ ലൈംഗിക അഭിനിവേശങ്ങളെയും ആഗ്രഹങ്ങളേയും കുറിച്ച് എന്താണ് വെളിപ്പെടുത്തുന്നത് ?)

പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മനുഷ്യ മനസ്സുകളിൽ അലയടിച്ചു കൊണ്ടിരിക്കുന്ന “ആയിരം കോടി ദുഷിച്ച ചിന്തകളി”ലൂടെ നമുക്കൊന്ന് ഓട്ട പ്രദക്ഷിണം നടത്താം.

print

No comments yet.

Leave a comment

Your email address will not be published.