റമദാൻ തീരം -15

//റമദാൻ തീരം -15
//റമദാൻ തീരം -15
ആനുകാലികം

റമദാൻ തീരം -15

രിഫാഅത്ത് (റ) നബി(സ)യോടൊത്തുള്ള ഒരു യാത്രയിൽ ആയിരിക്കെയാണ് അദ്ദേഹത്തിൻറെ പടയങ്കി കളവു പോയത്. അൻസാരികളിൽ പെട്ട ത്വഅ്മത്ത് ബ്നു ഉബൈരിഖിനെ രിഫാഅത്തിന് സംശയമായി. തൻറെ പടയങ്കി കളവു നടത്തിയത് ത്വഅ്മത്താണ് എന്ന് അദ്ദേഹം നബി(സ)യോട് പരാതിപ്പെട്ടു. വിവരമറിഞ്ഞ ത്വഅ്മത്ത് പടയങ്കിയും കുറച്ച് ഭക്ഷണ സാധനങ്ങളും സൂക്ഷിക്കാനാണെന്ന വ്യാജേന സൈദുബിനു സമീൻ എന്ന ജൂതന്റെ വീട്ടിൽ കൊണ്ടുപോയി ഏൽപ്പിച്ചു. തുടർന്ന് ത്വഅ്മത്തും കുടുംബവും കളവു നടത്തിയത് ജൂതനാണെന്നും തൊണ്ടിമുതൽ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും നബി(സ)യെ അറിയിച്ചു. തൊണ്ടിമുതൽ കണ്ടെത്തിയതിന്റെയും സമർപ്പിക്കപ്പെട്ട തെളിവുകളുടെയും അടിസ്ഥാനത്തിൽ നബി (സ) ജൂതന് എതിരായി നിലപാടെടുത്തു. എന്നാൽ നബിയെ തിരുത്തിക്കൊണ്ടും ജൂതന് അനുകൂലമായും അയാളുടെ നിരപരാധിത്വം വെളിപ്പെടുത്തിയും പരിശുദ്ധ ഖുർആനിൻറെ ആയത്തുകൾ അവതരിപ്പിക്കപ്പെടുന്നതാണ് പിന്നീട് നാം കാണുന്നത്. ഖുർആനിലെ നാലാം അധ്യായം സൂറത്ത് നിസാഇലെ 105 ആം വചനം മുതൽ 114 മത്തെ വചനം വരെ ഈ വിഷയത്തിലാണ് അവതരിപ്പിക്കപ്പെട്ടത്.

പ്രശ്നം വളരെ വിശദമായി പ്രതിപാദിച്ച് കൊണ്ട് ഖുർആൻ ഇങ്ങനെ പറഞ്ഞു;

ആരെങ്കിലും വല്ല തെറ്റോ കുറ്റമോ സമ്പാദിക്കുകയും പിന്നീട് അതിനെപ്പറ്റി ഒരു നിരപരാധിയെ ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീർച്ചയായും അവൻ കള്ള ആരോപണവും സ്പഷ്ടമായ കുറ്റവും പേറിപ്പോയി.. (നിസാഅ്: 112)

ജൂതന്മാരെയും അവരുടെ വിശ്വാസങ്ങളെയും ആശയങ്ങളെയും നിലപാടുകളെയും പല സന്ദർഭങ്ങളിലും ഖുർആൻ നിശിതമായി വിമർശിക്കുന്നത് കാണാം. എന്നാൽ, ആശയ ആദർശങ്ങളോടുള്ള വിരോധവും വിയോജിപ്പും അവരോട് അനീതി കാണിക്കുന്നതിന് കാരണമായിക്കൂട… ഒരു ജൂതനും മുസ്‌ലിമും തമ്മിലുള്ള വിഷയത്തിൽ ജൂതന്റെ ഭാഗമാണ് സത്യസന്ധമെന്നും അയാളാണ് നിരപരാധി എന്നും ബോധ്യപ്പെടുത്തുകയും മുസ്‌ലിമിനെതിരായി ജൂതന് അനുകൂലമായി പരിശുദ്ധ ഖുർആനിൽ ഒമ്പതോളം വചനങ്ങൾ അവതരിപ്പിക്കപ്പെടുകയും ചെയ്യുകയാണുണ്ടായത്. നീതി നടപ്പിലാക്കുന്നിടത്തും നിയമങ്ങൾ കൈകാര്യം ചെയ്യുന്നിടത്തും കക്ഷിയോ വിഭാഗമോ നോക്കാതെ സധൈര്യം നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുകയാണ് വേണ്ടത്. ആരോടെങ്കിലുമുള്ള വെറുപ്പുകളും വിരോധങ്ങളും അന്യായം പ്രവർത്തിക്കുന്നതിന് കാരണമാകരുത്. ഖുർആനിന്റെ ഈ നന്മ സന്ദേശങ്ങളുടെ പ്രചാരകരും പ്രയോക്താക്കളും
പ്രബോധകരുമായി നാം ജീവിക്കുക നാഥൻ അനുഗ്രഹിക്കുമാറാകട്ടെ…

print

No comments yet.

Leave a comment

Your email address will not be published.