പ്രതിഫലങ്ങളും ചോദനകളും: ഇസ്‌ലാമിക ധർമ്മശാസ്ത്രത്തിന്റെ അജയ്യത -3

//പ്രതിഫലങ്ങളും ചോദനകളും: ഇസ്‌ലാമിക ധർമ്മശാസ്ത്രത്തിന്റെ അജയ്യത -3
//പ്രതിഫലങ്ങളും ചോദനകളും: ഇസ്‌ലാമിക ധർമ്മശാസ്ത്രത്തിന്റെ അജയ്യത -3
ആനുകാലികം

പ്രതിഫലങ്ങളും ചോദനകളും: ഇസ്‌ലാമിക ധർമ്മശാസ്ത്രത്തിന്റെ അജയ്യത -3

പ്രാവർത്തികവും സ്വാധീന ശക്തിയുമുള്ള പ്രചോദനങ്ങൾ അനിവാര്യം

മനുഷ്യർ നന്നാവണമെങ്കിൽ മനുഷ്യരുടെ സ്വാധീന പ്രകൃതത്തിനനുസരിച്ച പ്രചോദനങ്ങൾ അനിവാര്യമാണ്. സ്നേഹവും ഭയവും ഭക്തിയും ആശയും പ്രതീക്ഷയുമെല്ലാം ഇടകലർത്തിയുള്ള ധാർമ്മിക പ്രചോദനങ്ങൾക്കു മാത്രമെ വ്യത്യസ്‌തരായ മനുഷ്യരെ മുഴുവൻ സ്വാധീനിക്കാൻ സാധിക്കൂ.

ഇബ്നുൽ ക്വയ്യിം എഴുതി:

“അല്ലാഹുവിലേക്കുള്ള പ്രയാണത്തിൽ മനസ്സിനെ ഒരു പക്ഷിയോട് ഉപമിക്കാം. അതിന്റെ ശിരസ്സ് അല്ലാഹുവോടുള്ള സ്നേഹമാണ്. അല്ലാഹുവിലുള്ള (ശിക്ഷയെ സംബന്ധിച്ച) ഭയവും (പ്രതിഫലത്തെ സംബന്ധിച്ച) പ്രതീക്ഷയും രണ്ടു ചിറകുകളുമാണ്. ശിരസ്സും ചിറകുകളും ആരോഗ്യകരമായ ഇത്തരമൊരു പക്ഷി നല്ല രീതിയിൽ പറക്കും. അതിന്റെ ശിരസ്സ് (അല്ലാഹുവോടുള്ള സ്നേഹം) ഛേദിക്കപ്പെട്ടാൽ പക്ഷി മൃതിയടയുന്നു. എപ്പോൾ അതിന്റെ ചിറകുകൾ അതിന് നഷ്ടപ്പെടുകയോ കോട്ടം സംഭവിക്കുകയോ ചെയ്യുന്നുവോ അപ്പോൾ അത് എല്ലാ വേട്ടകാർക്കും ഉപദ്രവകാരികൾക്കും ഇരയാവുന്നു… ജീവിതത്തിൽ (ദൈവത്തിലുള്ള) പ്രതീക്ഷയേക്കാൾ (الرجاء) ദൈവഭയം (الخوف) മുന്തി നിൽക്കുന്നതായിരുന്നു പൂർവ്വസൂരികളായ സച്ചരിതർ ഇഷ്ടപ്പെട്ടിരുന്നത്. അതാണ് ജീവിതം വിശുദ്ധമാവാൻ കൂടുതൽ യോജിച്ചതെന്ന് അവർ വിശ്വസിച്ചു. ഈ ദുൻയാവിൽ നിന്ന് വിട പറയുന്ന മരണ വേളയിലാകട്ടെ, (ദൈവത്തിലുള്ള) പ്രതീക്ഷ മുന്തി നിൽക്കണമെന്നും അവർ അഭിപ്രായപ്പെട്ടു…”
(മദാരിജുസ്സാലികീൻ: 1 /514)

ദൈസാമീപ്യം, ദൈവ പ്രീതി, ദൈവത്തിന്റെ തൃപ്തി എന്നിങ്ങനെ ആത്മീയമായ തിഫലങ്ങളെ തന്നെയാണ് ഇസ്‌ലാം ഏറ്റവും മികച്ച പ്രതിഫലമായി കാണുന്നത്. അർത്ഥശങ്കക്കിടയില്ലാത്ത വിധം ക്വുർആനും ഹദീസും ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്:

وَرِضۡوَ ٰ⁠نࣱ مِّنَ ٱللَّهِ أَكۡبَرُۚ ذَ ٰ⁠لِكَ هُوَ ٱلۡفَوۡزُ ٱلۡعَظِیمُ

“എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്‌. അതത്രെ മഹത്തായ വിജയം.” (സൂറത്തു തൗബ: 72)

നബി (സ) പറഞ്ഞു:

“തീർച്ചയായും അല്ലാഹു തബാറക വതആലാ സ്വർഗക്കാരോട് പറയും: അല്ലയൊ സ്വർഗക്കാരേ.

അപ്പോൾ സ്വർഗക്കാർ പറയും: ഞങ്ങളുടെ രക്ഷിതാവേ ഞങ്ങളിതാ വിളിക്ക് ഉത്തരം നൽകിയിരിക്കുന്നു.

അല്ലാഹു പറയും: നിങ്ങൾ തൃപ്തിപ്പെട്ടുവോ?

അവർ പറയും: ഞങ്ങളെങ്ങനെ തൃപ്തിപ്പെടാതിരിക്കും; നിന്റെ സൃഷ്ടികളിൽ ആർക്കും നൽകപ്പെടാത്ത സുഖ സൗഭാഗ്യങ്ങൾ നീ ഞങ്ങൾക്കു നൽകി !

അല്ലാഹു ചോദിക്കും: അതിനേക്കാളെല്ലാം ശ്രേഷ്ടമായത് ഞാൻ നിങ്ങൾക്ക് തരട്ടെ ?

അവർ പറയും: ഞങ്ങളുടെ നാഥാ, ഇതിനേക്കാൾ ഉത്തമമായ പ്രതിഫലമെന്താണ് ?!

അല്ലാഹു പറയും: നിങ്ങളുടെ മേൽ ഞാൻ എന്റെ സമ്പൂർണ്ണ സംതൃപ്തി വർഷിക്കുന്നു. ഇതിനു ശേഷം ഞാൻ നിങ്ങളോട് ഒരിക്കലും കോപിക്കില്ല.

(സ്വഹീഹുൽ ബുഖാരി: 6549)

വിശ്വാസത്തിന്റെയും ഭക്തിയുടെയും ഉന്നതശ്രേണിയിലെത്തിയ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ആത്മീയാനുഭൂതിയും ലക്ഷ്യവും മാത്രം നന്മ ചെയ്യാൻ മതിയാവുമായിരിക്കാം. അത്തരം ആത്മീയോന്നതി കൈവരിച്ച വിശ്വാസികളുടെ മാതൃകകൾ ക്വുർആൻ പലയിടത്തായും സൂചിപ്പിച്ചിട്ടുണ്ട്.

ക്വുർആൻ വ്യക്തമാക്കുന്നു:

“സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള തോട്ടങ്ങളില്‍ വിശിഷ്ടമായ പാര്‍പ്പിടങ്ങളും (വാഗ്ദാനം ചെയ്തിരിക്കുന്നു.) എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്‌. അതത്രെ മഹത്തായ വിജയം.”
(സൂറത്തു തൗബ: 72)

“നിങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട് വിശുദ്ധ മന്ദിരത്തെ ലക്ഷ്യമാക്കിപ്പോകുന്ന തീര്‍ത്ഥാടകരെയും (നിങ്ങള്‍ അനാദരിക്കരുത്‌.)”
(സൂറത്തുൽ മാഇദ: 109)

“അല്ലാഹുവിന്‍റെ പ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തോട്ടത്തോടാകുന്നു…”
(സൂറത്തുൽ ബക്വറ: 265)

“അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക് കാണാം…”
(സൂറത്തുൽ ഫത്ഹ്: 29)

“അതായത് സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം.) അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍.”
(സൂറതുൽ ഹശ്ർ: 8)

“വേറെ ചില ആളുകളുണ്ട്‌. അല്ലാഹുവിൻ്റെ പൊരുത്തം തേടിക്കൊണ്ട് സ്വന്തം ജീവിതം തന്നെ അവര്‍ വില്‍ക്കുന്നു. അല്ലാഹു തൻ്റെ ദാസന്‍മാരോട് അത്യധികം ദയയുള്ളവനാകുന്നു.”
(സൂറത്തുൽ ബക്വറ: 207)

“അവരുടെ രഹസ്യാലോചനകളില്‍ മിക്കതിലും യാതൊരു നന്‍മയുമില്ല. വല്ല ദാനധര്‍മ്മവും ചെയ്യാനോ, സദാചാരം കൈക്കൊള്ളാനോ, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കാനോ കല്‍പിക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. വല്ലവനും അല്ലാഹുവിന്‍റെ പൊരുത്തം തേടിക്കൊണ്ട് അപ്രകാരം ചെയ്യുന്ന പക്ഷം അവന് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌.”
(സൂറതുന്നിസാഅ്: 114)

ഹജ്ജ്, നമസ്കാരം, ആരാധനാനുഷ്ടാനങ്ങൾ, സ്വത്തും നാടും ഉപേക്ഷിച്ചുള്ള പലായനം, യുദ്ധത്തിലും ശത്രുക്കളിൽ നിന്നുള്ള പീഢനങ്ങളിലും സ്വന്തം ജീവിതം തന്നെ ത്യജിക്കൽ, ദാനധര്‍മ്മം, സദാചാരം കൈക്കൊള്ളുകയും ഉപദേശിക്കുകയും ചെയ്യൽ, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കാനുളള സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടൽ തുടങ്ങി എല്ലാ സൽപ്രവർത്തനങ്ങളും, അല്ലാഹുവിന്റെ തൃപ്തിയും കാരുണ്യവും ആത്മീയ സാമീപ്യവും ലഭിക്കാനായി പ്രവർത്തിക്കുന്നവരെ പുകഴ്ത്തി കൊണ്ടുള്ള ഒട്ടനവധി ക്വുർആൻ വചനങ്ങളിൽ ചിലതാണ് മുകളിൽ ചേർത്തിരിക്കുന്നത്.

മുമ്പ് സൂചിപ്പിച്ചതു പോലെ, വിശ്വാസത്തിന്റെയും ഭക്തിയുടെയും ഉന്നതശ്രേണിയിലെത്തിയ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ആത്മീയാനുഭൂതിയും ലക്ഷ്യവും മാത്രം നന്മ ചെയ്യാൻ മതിയാവുമായിരിക്കാം. എന്നാൽ സർവ്വ ശ്രേണിയിലും പ്രകൃതത്തിലുമുള്ള മനുഷ്യർക്ക് അത് മാത്രം പ്രചോദനമായി വർത്തിക്കില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കുന്നതിനാൽ തന്നെ ഇത്തരം സൽകർമ്മങ്ങൾക്ക് പ്രചോദിപ്പിക്കുന്ന മറ്റു പല പ്രചോദനങ്ങളും പ്രതിഫലങ്ങളും ഇസ്‌ലാം പ്രഖ്യാപിക്കുന്നുണ്ട്.

* പരലോകത്തേക്ക് മാത്രം പ്രതിഫലത്തെ കാത്തുവെക്കാതെ പ്രതിഫലോകത്തേക്ക് സമ്പാധിക്കുന്നതിലും ആസ്വാദനവും പ്രതിഫലവും നിശ്ചയിച്ച് വെച്ചതായും ഇസ്‌ലാമിക പ്രമാണങ്ങളിൽ കാണാം.

جُعِلَ قرةُ عيني في الصلاةِ
“എന്റെ കൺകുളിർമ്മ നമസ്കാരത്തിൽ ആക്കപ്പെട്ടിരിക്കുന്നു”
(സുനനു ന്നസാഈ: 3939) എന്ന് മുഹമ്മദ് നബി (സ) പറഞ്ഞത് ഇതിന് ഉദാഹരണമാണ്.
നമസ്ക്കാരം അല്ലാഹുവിനായി ഒരു വിശ്വാസി അനുഷ്ടിക്കുന്ന ഏറ്റവും ശ്രേഷ്ടമായ ആരാധനാ കർമ്മമാണ്. അത് പരലോകത്ത് പ്രതിഫലാർഹമാണ്. നമസ്കാരം ഉപേക്ഷിക്കുന്നവന് പരലോകത്ത് കഠിനമായ ശിക്ഷയും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാമാണെങ്കിലും അതിൽ നിന്നെല്ലാം സ്വതന്ത്രമായി നമസ്ക്കാരമെന്ന ആരാധനാ കർമ്മം സ്വന്തം നിലയിൽ തന്നെ വിശ്വാസിയുടെ കൺകുളിർമ്മയും സന്തോഷവും സമാധാനവും പ്രതിഫലവുമാണ്. ജീവിതത്തിന്റെ ഊർജവും പ്രചോദനവുമാണ്.

يا بلالُ أقمِ الصلاةَ، أرِحْنا بها
“നമസ്കാരത്തിന് ഇകാമത്ത് വിളിക്കൂ, നമസ്കാരം കൊണ്ട് നമുക്ക് ആശ്വാസം നൽകൂ..” എന്ന് നബി (സ) പറയാൻ കാരണമതാണ്.
(സ്വഹീഹു അബൂദാവൂദ്: അൽ ബാനി: 4985)

അഥവാ പ്രതിഫലത്തിനായി ചെയ്യുന്ന നന്മകൾ എന്നതിനപ്പുറം നന്മകൾ ചെയ്യുന്നതു തന്നെ പ്രതിഫലമായി അനുഭവപ്പെടുന്ന ആത്മീയാനുഭൂതി ഇസ്‌ലാമിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ക്വുർആൻ പാരായണം സ്വമേധയാ സ്വതന്ത്രമായ ഒരു പ്രതിഫലമായി ഹദീസ് സൂചിപ്പിക്കുന്നത് ഇതിനുള്ള മറ്റൊരു ഉദാഹരണമാണ്:
أنْ تجعَلَ القُرآنَ ربيعَ قلبي ونورَ بصَري وجِلاءَ حُزْني وذَهابَ همِّي

ഒരു വിശ്വാസിയുടെ മനസ്സിന്റെ വസന്തവും ഹൃദയത്തിന്റെ പ്രകാശവും ദുഖ നിർഭാഢനവും ടെൻഷൻ ദൂരീകരണവുമാണ് ക്വുർആൻ…
(മുസ്നദു അഹ്മദ്: 3712, ത്വബ്റാനി:10352, ഹാകിം: 1877)

പക്ഷെ ഈ ആത്മീയാനുഭൂതി വിശ്വാസ ശ്രേണിയിൽ ഉയർന്ന വിഭാഗക്കാർക്കു ലഭിക്കുന്ന ആത്മീയ പ്രതിഫലമാണ്. അതുകൊണ്ട് തന്നെ, ഈ പ്രതിഫലം മാത്രം മുന്നിൽ വെച്ച് വിശ്വാസ ശ്രേണിയിലുള്ള എല്ലാവരേയും പ്രചോദിപ്പിക്കാൻ സാധിക്കില്ല. സാധാരണക്കാരനെ നമസ്ക്കാരത്തിനായി പ്രേരിപ്പിക്കണമെങ്കിൽ അല്ലാഹുവിന്റെ അനുഗ്രങ്ങൾ പറഞ്ഞ് അവരിൽ ചിലരിൽ അല്ലാഹുവോടും നമസ്ക്കാരത്തോടും സ്നേഹമുണ്ടാക്കണം… നമസ്കാരമുപേക്ഷിച്ചാലുള്ള കഠിന ശിക്ഷയാണ് ഭൂരിഭാഗം ആളുകളിലും പ്രേരകമായി വർത്തിക്കുന്നത്. ചിലർക്കാകട്ടെ സ്വർഗത്തിൽ ലഭിക്കുന്ന പ്രതിഫലമാണ് നമസ്ക്കാരത്തിന് പ്രചോദനം. ഈ വ്യത്യസ്‌ത പ്രകൃതക്കാരായ, വ്യത്യസ്‌ത വിശ്വാസ ശ്രേണികളിലുള്ള വ്യക്തികൾ വ്യത്യസ്‌തമായ പ്രചോദനങ്ങളിലാണ് സ്വാധീനിക്കപ്പെടുക. ഇത്തരം വ്യത്യസ്‌ത പ്രചോദനങ്ങളാൽ സ്വാധീനിക്കപ്പെട്ട വ്യക്തികൾ നമസ്കാരം നിരന്തരമായി അനുഷ്ടിക്കുന്നതിലൂടെ വിശ്വാസത്തിന്റെ ധാർമ്മികതയുടേയും ഉന്നത ശ്രേണിയിൽ എത്തിച്ചേരുന്നു. കാലാന്തരങ്ങളിൽ നന്മ സ്വയം ഒരു പ്രതിഫലമായി അനുഭവപ്പെടുന്ന ആത്മീയാനുഭൂതിയിലേക്ക് ഈ വ്യത്യസ്‌ത പ്രകൃതക്കാർ അവരുടെ പരിശ്രമത്തിനും ആത്മാർത്ഥതക്കുമനുസൃതമായി എത്തി ചേരുന്നു.

ഇതേ അവസ്ഥ തന്നെയാണ് മറ്റു എല്ലാ സൽകർമ്മങ്ങളുടേയും നന്മകളുടേയും കാര്യത്തിൽ ഇസ്‌ലാം വെച്ചുപുലർത്തുന്ന വീക്ഷണം. പല നന്മകളിലേക്കും പല പ്രചോദനങ്ങളിലൂടെയും പ്രതിഫലങ്ങളിലൂടെയും പല പ്രകൃതത്തിലും സ്വാധീന ശൈലിയിലുമുള്ള വ്യക്തികളേയും എത്തിച്ചു തീർക്കാൻ ഇതു മാത്രമാണ് നീതിയും യുക്തിയുമുള്ള ഏക മാർഗ്ഗം.

ലോകം പാപങ്ങളുടെ ഒരു എക്സിബിഷനായി പരിണമിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു മനുഷ്യനെ നന്മ സ്വീകരിക്കാനും തിന്മ വെടിയാനും പ്രേരിപ്പിക്കുക എന്നത് ഭഗീരഥ പ്രയത്നമാണ്. പൈശാചികമായ ദുർമന്ത്രങ്ങളും ദേഹേച്ഛകളും മനുഷ്യനെ തിന്മയിലേക്ക് ആഞ്ഞു വലിച്ചു കൊണ്ടിരിക്കുന്ന നന്മ – തിന്മകൾ തമ്മിലുള്ള വടം വലിക്കിടയിൽ തിന്മയുടെ പക്ഷത്ത് ഒരു ആനയെ വലിച്ചു സഹായിക്കാൻ വിളിച്ചതു പോലെയാണ് ആധുനികതയെ തൽപര കക്ഷികൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യമനസ്സിന്റെ മന്ത്രണം എപ്പോഴും ദേഹത്തിനെ സുഖിപ്പിക്കാനും പ്രീതിപ്പെടുത്താനുമായിരിക്കുമെന്ന് ക്വുർആൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടല്ലൊ.

“തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് ഏറെ പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്‍റെ രക്ഷിതാവിന്‍റെ കരുണ ലഭിച്ച മനസ്സൊഴികെ.”
(സൂറത്തു യൂസുഫ്: 53)

പാപപങ്കിലമായ ഈ ലോകത്ത് മനുഷ്യമനസ്സുകളിൽ നടക്കുന്ന നന്മ-തിന്മളിലേക്കുള്ള വടം വലിയെ സംബന്ധിച്ചും ഈ ആത്മസങ്കർഷത്തിൽ തിന്മയുടെ സ്വാധീനശക്തിയെ സംബന്ധിച്ചും വളരെ മനോഹരമായ ഒരു വിവരണം അബുൽ ഫറജ് ഇബ്നുൽ ജൗസി (റ) രേഖപ്പെടുത്തുന്നുണ്ട്:

“സദുപദേശങ്ങൾ കേൾക്കുന്ന വേളയിൽ ഒരു കേൾവിക്കാരന് ഒരു ധാർമ്മിക ബോധവും ഉണർവുമുണ്ടാവും. ഉൽബോധന സദസ്സിൽ നിന്ന് അയാൾ പിരിയുമ്പോൾ അശ്രദ്ധയും ഹൃദയ പാരുഷ്യവും മനസ്സിലേക്ക് തിരിച്ച് വരികയും ചെയ്യും. ഈ പ്രവണത പലരിലും പല രൂപത്തിലും ഏറിയും കുറഞ്ഞുമാണ് നിലനിൽക്കുന്നത് എന്നും ഞാൻ ശ്രദ്ധിച്ചു. ഇതിന്റെ കാരണത്തെ സംബന്ധിച്ച് ഞാൻ ഉറ്റാലോചിച്ചു. അപ്പോൾ എനിക്ക് മനസ്സിലായി; സദുപദേശങ്ങൾ കേൾക്കുന്ന വേളയിലും അതിന് ശേഷവും ജനങ്ങളുടെ മനസ്സ് ഒരേ അവസ്ഥയിലല്ല ഉള്ളത്. ഇതിനു രണ്ട് കാരണങ്ങളുണ്ട്:
ഒന്നാമതായി; സദുപദേശങ്ങൾ ചാട്ടവാർ പ്രഹരം പോലെയാണ് മനസ്സിൽ പതിയുക. ചാട്ടവാർ പ്രഹരം കുറച്ച് സമയം കഴിഞ്ഞാൽ വേദനിക്കില്ലല്ലോ; പ്രഹരം സംഭവിക്കുമ്പോഴാണല്ലോ വേദയനുഭവപ്പെടുക. രണ്ടാമതായി; സദുപദേശം ശ്രവിക്കുന്ന വേളയിൽ ഒരു മനുഷ്യന്റെ മനസ്സ് കാര്യകാരണങ്ങളിൽ നിന്ന് വിമുക്തമായിരിക്കും. തന്റെ ശരീരവും ചിന്തയും ഇഹലോകത്തിലെ കാര്യകാരണങ്ങളിൽ നിന്ന് മുക്തമാക്കി, ഹൃദയസാന്നിധ്യത്തോടെ മൗനിയായിട്ടാണ് അയാളുടെ അവസ്ഥ. ശേഷം സദസ്സിൽ നിന്ന് പിരിയുമ്പോൾ ഇഹലോകവുമായി ബന്ധപ്പെട്ട എല്ലാ മനോവ്യാപാരങ്ങളും അയാളുടെ മനസ്സിലേക്ക് തിരിച്ചു വരുന്നു. അതിന്റെ എല്ലാ അപകട ഹേതുക്കൾ കൊണ്ടും അത് അയാളെ പിടിച്ചു വലിക്കുന്നു. പിന്നെ എങ്ങനെയാണ് അയാളുടെ മനസ്സ് രോഗ വിമുക്തമാവുക.?!

ഇതാണ് ഭൂരിഭാഗം ജനങ്ങളുടേയും മനസ്സുകളുടെ അവസ്ഥ; ഉണർവ്വിന്റെ ഉടമകളായ കുറച്ചു മനുഷ്യന്മാർ ഒഴികെ. സദുപദേശങ്ങൾ ഉൾകൊള്ളുകയും അതിന്റെ സ്വാധീനം നിലനിർത്തുകയും ചെയ്യുന്ന കാര്യത്തിൽ ജനങ്ങൾ മൂന്നു ശ്രേണികളിലാണ്. യാതൊരു ചാഞ്ചല്യവുമില്ലാതെ ആ സ്വാധീനം മുറുകെ പിടിക്കുന്നവരാണ് ഒന്നാമത്തെ വിഭാഗം. അങ്ങോട്ടുമിങ്ങോട്ടും ശ്രദ്ധയും ദൃഷ്ടിയും തെറ്റിക്കാതെ അവർ ലക്ഷ്യത്തിലേക്ക് കുതിക്കും. അഥവാ മനുഷ്യ സഹജമായ വല്ല കാര്യങ്ങളും അവരുടെ പ്രയാണത്തെ തടസ്സപ്പെടുത്തിയാൽ അവർ വാവിട്ടു കരയും. “ഹൻദല കപട വിശ്വാസിയായി” എന്ന് ഹൻദല (റ) സ്വയം മന്ത്രിച്ചതു പോലെ…
അവരിൽ ചിലരെ മനുഷ്യ പ്രകൃതി ചിലപ്പോൾ അശ്രദ്ധയിലേക്ക് നയിക്കും മറ്റു ചില വേളകളിൽ അവർ സദുപദേശ സ്വാധീനം കാത്തുസൂക്ഷിച്ച് പ്രാവർത്തികമാക്കും. അവർ നെൽകതിരുകൾ പോലെയാണ്. കാറ്റിൽ അവ ചാഞ്ചാടി കൊണ്ടിരിക്കും. മൂന്നാമത്തെ വിഭാഗം സദുപദേശം കേൾക്കുമ്പോൾ മാത്രം സ്വാധീനമുണ്ടാവുന്നരാണ്. ഉൽബോധന സദസ്സിൽ നിന്ന് പുറത്തിറങ്ങുന്നതോടെ ആ സ്വാധീനം ഇല്ലാതെയാവുന്നു. അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ വെള്ളമൊഴുകുന്നതു പോലെയാണവർ.”
(സ്വെയ്ദുൽ ഖാത്വിർ : 1:24,25)

അദ്ദേഹം തുടർന്നെഴുതുന്നു:
“ഇഹലോക (തിന്മകളിലേക്കും അശ്രദ്ധയിലേക്കും) മനുഷ്യരെ നയിക്കുന്ന സ്വാധീന ശക്തികൾ ധാരാളമാണ്. ദേഹത്തിനുള്ളിൽ നിന്നാണ് (ദേഹേച്ഛയുടെ രൂപത്തിൽ) ദേഹിയെ അത് സ്വാധീനിക്കുന്നത്, പരലോകത്തെ സംബന്ധിച്ച ധാർമ്മിക ബോധനമാകട്ടെ ദേഹത്തിന് പുറത്തു നിന്നാണ് ദേഹിയെ സ്വാധീനിക്കുന്നത്. വ്യത്യസ്ഥ തിന്മകൾക്കുള്ള ശിക്ഷാ ഭീഷണികളും (രക്ഷാ വാഗ്ദാനങ്ങളും) ക്വുർആനിൽ ധാരാളമായി അടങ്ങിയിട്ടുള്ളതു കൊണ്ട്, പരലോകത്തെ ചിന്തയിലേക്കും ധാർമ്മിക ബോധത്തിലേക്കുമുള്ള സ്വാധീന/ആകർഷണ പ്രേരണകളാണ് കൂടുതൽ ശക്തമെന്ന് വിവരമില്ലാത്തവർ ധരിച്ചേക്കാം. എന്നാൽ കാര്യമങ്ങനെയല്ല. ഇഹലോക (തിന്മകളിലേക്കും അശ്രദ്ധയിലേക്കും) മനുഷ്യരെ നയിക്കുന്ന സ്വാധീന ശക്തികൾ/ പ്രേരണകൾ താഴേക്ക് ഒഴുകുന്ന വെള്ളം പോലെയാണ്. അതിനെ താഴേക്കൊഴുക്കാൻ ഒരു പ്രയാസവുമില്ല; മുകളിലേക്ക് ഉയർത്താനാണ് പ്രയാസം. അതുകൊണ്ടാണ് നന്മയിലേക്ക് പ്രേരിപ്പിക്കുന്ന ആഗ്രഹോദ്ദീപന വിശേഷങ്ങളും (الترغيب) തിന്മയെ തൊട്ട് അകലാൻ പ്രേരിപ്പിക്കുന്ന ഭയജനികമായ വിശേഷങ്ങളും (الترهيب) കൊണ്ട് മതം ധാർമ്മിക ചിന്തകളെ സഹായിക്കുന്നത്. എന്നാൽ മുമ്പ് സൂചിപ്പിച്ചതു പോലെ ദേഹേച്ഛയിലേക്കും തിന്മയിലേക്കുമുള്ള പ്രചോദനങ്ങൾ ധാരാളമാണ്; അതിന് വിധേയനായി പോവുക എന്നതിലല്ല ഇന്ന് അത്ഭുതം കൂറേണ്ടത്; അതിനെ അതിജയിക്കുന്നതിലാണ്.”
(സ്വെയ്ദുൽ ഖാത്വിർ : 1:24,25)

ﺇﺫ اﻟﻨﻔﻮﺱ ﻻ ﺗﺘﺮﻙ ﺷﻴﺌﺎ ﺇﻻ ﺑﺸﻲء
“ഒന്നിനെ മറ്റൊന്ന് കിട്ടിയാലല്ലാതെ മനുഷ്യ മനസ്സുകൾ ഉപേക്ഷിക്കാൻ തയ്യാറാവില്ല…” എന്ന് ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ എഴുതിയത് എത്ര സത്യം!!
(ഇക്തിദാഉ സ്വിറാത്തിൽ മുസ്തക്വീം: 143)

കേവല താത്വിക വാഗ്വാദങ്ങൾക്കും ബൗദ്ധിക ലീലാവിലാസങ്ങൾക്കും സാഹിത്യ ചാതുര്യതക്കും വന്ദ്യമായ ഫിലോസഫികൾക്കും മുമ്പിൽ പൊതുജനങ്ങളുടെ മനസ്സ് ശിരസ്സു നമിക്കില്ല. ഒന്നിന് പകരം മറ്റൊന്ന് വാഗ്ദാനം ചെയ്യാത്ത ധാർമ്മിക തത്ത്വ ശാസ്ത്രങ്ങൾക്ക് അക്ഷരങ്ങളിൽ മൃതിയടയാം. മനുഷ്യന്റെ പ്രകൃതി അവയെ എല്ലാം തിരസ്കരിക്കുന്നുവെന്നതിന് മനുഷ്യൻ സാക്ഷി, മനുഷ്യ ചരിത്രം സാക്ഷി. അതിനാൽ തന്നെ, മനുഷ്യരുടെ ജീവിതത്തിന്റെ സമൂലമായ ധാർമ്മികവൽകരണം ലക്ഷ്യം വെച്ചു കൊണ്ട് ഇസ്‌ലാം മനുഷ്യർക്കു മുമ്പിൽ ഇപ്രകാരം പ്രഖ്യാപിച്ചു:

إنك لن تدع شيئاً لله عز وجل إلا بدلك الله به ما هو خير لك منه

“അല്ലാഹുവിനായി നീ എന്തൊന്ന് ഉപേക്ഷിച്ചാലും അതുകൊണ്ട് അതിനേക്കാൾ നിനക്ക് ഉത്തമമായ മറ്റൊന്ന് അല്ലാഹു പകരം തരാതിരിക്കില്ല.”
(മുസ്നദു അഹ്മദ്: 21996)

അഥവാ, ഏതെങ്കിലും ഒരു തരത്തിലോ ഇനത്തിലോ ഒതുക്കാതെ വൈവിധ്യമാർന്ന പ്രതിഫലവും പ്രചോദനവുമാണ് നബി (സ) ഈ ഹദീസിലൂടെ മനുഷ്യ ജനതക്ക് മുഴുവനായും വാഗ്ദാനം ചെയ്യുന്നത്.

ഇബ്നുൽ കയ്യിം (റ) പറഞ്ഞു:

“അല്ലാഹുവിനായി എന്തൊന്ന് ഉപേക്ഷിച്ചാലും അതിനേക്കാൾ ഉത്തമമായ മറ്റൊന്ന് അല്ലാഹു പകരം തരാതിരിക്കില്ല എന്ന് പറഞ്ഞത് പരമ സത്യമാണ്. ഈ പകര വസ്തു വ്യത്യസ്‌ത ഇനങ്ങളാകാം. അല്ലാഹു പകരമായി നൽകുന്നതിൽ ഏറ്റവും മഹത്തരമായിട്ടുള്ളത് അല്ലാഹുമായുള്ള അടുപ്പവും അവനോടുള്ള സ്നേഹവും (അവൻ തിരിച്ച് വർഷിക്കുന്ന സ്നേഹവും) അതിൽ മനസ്സിന് സിദ്ധിക്കുന്ന സമാധാനവും ശാന്തതയും ആത്മീയമായി ശക്തിയും ഉന്മേഷവും ഉന്മാദവും നാഥനായ അല്ലാഹുവിന്റെ തൃപ്തിയും തന്നെയാണ്.”
(അൽ ഫവാഇദ്: 107)

അബുൽ ഫറജ് ഇബ്നുൽ ജൗസി (റ) എഴുതി:

“ഈ പകര വസ്തു പഞ്ചേന്ദ്രിയങ്ങൾക്ക് അനുഭവേദ്യമായ എന്തെങ്കിലുമാവണമെന്ന് നിർബന്ധമില്ല. ധനമോ ഭൗതികമായ മറ്റെന്തെങ്കിലും വസ്തുവോ നൽകപ്പെടണമെന്നില്ല. വിശ്വാസം, ദൃഢബോധ്യം, അല്ലാഹു വിധിച്ചതിലുള്ള തൃപ്തി എന്നിവയിൽ ഉന്നതമായ ശ്രേണിയിലേക്ക് ഒരു ദാസനെ അല്ലാഹു ഉയർത്തലാവാം ഈ പകരം. ഉദാഹരണത്തിന്, ഒരു വിരക്തനായ ഭക്തനെ പഴയ വസ്ത്രത്തിൽ കണ്ട ഒരാൾ ചോദിച്ചു: അല്ലാഹുവിനു വേണ്ടി എല്ലാം ഉപേക്ഷിച്ച താങ്കൾക്ക് എന്താണ് പകരം കിട്ടിയത് ? അദ്ദേഹം പറഞ്ഞു: അല്ലാഹു നൽകിയതെന്തോ അതിൽ തൃപ്തിയടയാനുള്ള മനസ്സ്.”
(സ്വഫ്‌വതു സ്വഫ്‌വ: 2/397)

ഈ പകരവസ്തു ഇഹലോകത്ത് വെച്ച് തന്നെ നൽകപ്പെടുന്ന ഭൗതിക വസ്തുക്കളുമാവാം.

ഇബ്നുൽ കയ്യിം എഴുതി:

“മുഹാജിറുകൾ തങ്ങളുടെ ഭവനങ്ങളും അവരുടെ ഏറ്റവും പ്രിയങ്കരമായ സ്വദേശവും അല്ലാഹുവിനായി ഉപേക്ഷിച്ചപ്പോൾ അവർക്ക് അല്ലാഹു ഭൂമിയിൽ വിജയങ്ങൾ നൽകി. ഭൂമിയുടെ കിഴക്കു മുതൽ പടിഞ്ഞാറു വരെ അധികാരം നൽകി.”
(റൗദത്തുൽ മുഹിബ്ബീൻ: 445)

അദ്ദേഹം തുടർന്നെഴുതി:

“മോഷ്ടാവ് അല്ലാഹുവിൽ ഭക്തി ദീക്ഷിക്കുകയും ധനം മോഷ്ടിക്കുന്നത് ഉപേക്ഷിക്കുകയും ചെയ്താൽ അയാൾക്ക് തതുല്യമൊ ഉത്തമമോ ആയ പകരം അനുവദനീയമായ നിലയിൽ അല്ലാഹു നൽകും. അല്ലാഹു പറഞ്ഞിരിക്കുന്നു:

“അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌…”
(സൂറത്തു ത്വലാക്: 2-3)

അപ്പോൾ ഒരാൾ തനിക്ക് അനുവദനീയമല്ലാത്ത ധനം അല്ലാഹുവെ ഭയപ്പെട്ടു കൊണ്ട് അപഹരിക്കാതിരുന്നാൽ അല്ലാഹു അയാൾക്ക് ഊഹിച്ചിട്ടില്ലാത്ത മാർഗത്തിലൂടെ അല്ലാഹു പകരം നൽകുമെന്ന് അല്ലാഹു ഈ ആയത്തിലൂടെ അറിയിക്കുന്നു.”

മനുഷ്യ പ്രകൃതിയുടെ പോസിറ്റീവായ എല്ലാ പ്രചോദന കേന്ദ്രത്തേയും ഇസ്‌ലാം ഒന്ന് പോലും വിട്ടുകളയാതെ ശ്രദ്ധ നൽകിയിട്ടുണ്ട് എന്നർത്ഥം.

ആത്മീയമായ പ്രചോദനങ്ങൾക്കും പ്രതിഫലങ്ങൾക്കും പുറമെ ഇസ്‌ലാം ശ്രദ്ധ ചെലുത്തിയ മറ്റു ചില പ്രചോദനങ്ങൾക്കും പ്രതിഫലങ്ങൾക്കും മറ്റു ചില ഉദാഹരണങ്ങൾ:

* മാതൃകാരൂപത്തിലുള്ള പ്രചോദനങ്ങൾ ക്വുർആനിൽ ധാരാളമായി ഉള്ളടങ്ങിയിട്ടുണ്ട്. സൽ സ്വഭാവങ്ങളുടെ പൂർത്തീകരണമായ മുഹമ്മദ് നബിയുടെ (സ) മാതൃകയിലൂടെ വിശ്വാസികളെ പ്രചോദിപ്പിക്കുന്ന ഉദാഹരണം മാത്രം ഈ വിഭാഗത്തെ സൂചിപ്പിക്കാൻ ധാരാളമാണ്…

ക്വുർആൻ പറയുന്നു:

“തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്‌.”
(സൂറത്തുൽ അഹ്സാബ്: 21)

അല്ലാഹുവിന്റെ ദൂതരുടെ സ്വഭാവം എപ്രകാരമായിരുന്നു എന്ന് പ്രവാചക പത്നി ആഇശ(റ)യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവർ പറഞ്ഞു: അദ്ദേഹത്തിന്റെ സ്വഭാവം ക്വുർആൻ ആയിരുന്നു. ശേഷമവർ ക്വുർആൻ വചനങ്ങൾ ഓതി:

“സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരായ, അനാവശ്യകാര്യത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരുമായ, സകാത്ത് (നിർബന്ധ ദാനധർമ്മം) നിര്‍വഹിക്കുന്നവരുമായ (മുഅ്മിനുകൾ). തങ്ങളുടെ ഗുഹ്യാവയവങ്ങളെ (അവിഹിതങ്ങളിൽ നിന്ന്) കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍. തങ്ങളുടെ അനാമത്തുകളും കരാറുകളും പാലിക്കുന്നവരും,
തങ്ങളുടെ നമസ്കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ (ആ വിശ്വാസികള്‍.) അവര്‍ തന്നെയാകുന്നു അനന്തരാവകാശികള്‍. അതായത് ഉന്നതമായ സ്വര്‍ഗം അനന്തരാവകാശമായി നേടുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും.”
(സൂറത്തുൽ മുഅ്മിനൂൻ : 1-12)

* ദൈവാനുഗ്രഹങ്ങൾ എടുത്തു പറഞ്ഞ് ദൈവത്തോടുള്ള സ്നേഹം ശക്തിപ്പെടുത്തി നന്മകൾ ചെയ്യാനായി പ്രോത്സാഹിപ്പിക്കുന്ന ശൈലി. ഈ ശൈലിയിലുള്ള ക്വുർആനിലെ ഒരു സുന്ദരമായ അധ്യായം കാണുക:

“പൂര്‍വ്വാഹ്നം തന്നെയാണ സത്യം. രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍. നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല. തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌. വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്. നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും, എന്നിട്ട് (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ? നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്‌) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു. നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌. ചോദിച്ചു വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌. നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.”
(സൂറത്തു ദ്ദുഹാ: 1-11)

* പരലോകത്ത് മഹാ ശിക്ഷക്ക് പുറമെ ഇഹലോകത്ത് ചെറിയ ശിക്ഷകളും പരാജയങ്ങളും തന്ന് പാപങ്ങളിൽ മനസ്താപം സൃഷ്ടിക്കുകയും നല്ലവനാവാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു മോട്ടിവേഷൻ തിയറി ക്വുർആൻ മുന്നോട്ടുവെക്കുന്നുണ്ട്:

“ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ (ഐഹികമായ) ചില ചെറിയതരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്‌. അവര്‍ (തെറ്റുതിരുത്തി ഖേദിച്ചു) മടങ്ങുവാൻ വേണ്ടി.”
(സൂറത്തു സജദ: 21)

* നന്മ ചെയ്യാനും തിന്മ വെടിയാനും ചിലർക്ക് യുക്തിപരമായ ന്യായങ്ങളും വിഷയബോധ്യവും മാത്രം മതിയാവും. അത്തരക്കാരെ വഅ്ദും വഈദും നൽകി പേടിപ്പിക്കേണ്ടതോ ആശിപ്പിക്കേണ്ടതോ ആയി വരില്ല. അത്തരക്കാർക്ക് മുമ്പിൽ ഇസ്‌ലാം അത്തരം പ്രചോദനങ്ങൾ തന്നെയാണ് അവതരിപ്പിക്കുന്നത്. ഒരു ഉദാഹരണം കാണുക:

ഒരു യുവാവായ ചെറുപ്പക്കാരൻ നബിയുടെ (സ) അടുത്തു വന്നു കൊണ്ട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, താങ്കൾ എനിക്ക് വ്യഭിചരിക്കാനുള്ള അനുവാദം തരുമോ ?
അപ്പോൾ ജനങ്ങൾ ഒച്ചവെച്ച് (സംസാരിക്കാൻ) തുടങ്ങി. അപ്പോൾ നബി (സ) പറഞ്ഞു: അവനെ ഇങ്ങടുത്തേക്ക് നിങ്ങൾ വിടു. ഇങ്ങടുത്തു വരു എന്ന് ആ യുവാവിനോട് പറഞ്ഞപ്പോൾ ആ യുവാവ് അടുത്തു വന്നു, അദ്ദേഹത്തിന്റെ മുമ്പിലിരുന്നു.
അപ്പോൾ നബി (സ) ചോദിച്ചു: താങ്കളുടെ മാതാവിനെ ആരെങ്കിലും വ്യഭിചരിക്കുന്നത് താങ്കൾ തൃപ്തിപ്പെടുമോ?
അയാൾ പറഞ്ഞു: ഇല്ല…
അപ്പോൾ നബി (സ) പറഞ്ഞു: അപ്രകാരം തന്നെയാണ് ജനങ്ങളെല്ലാം. അവരും അവരുടെ മാതാവിനെ വ്യഭിചരിക്കുന്നത് ഇഷ്ടപ്പെടില്ല.
നബി (സ) ചോദിച്ചു: താങ്കളുടെ മകളെ ആരെങ്കിലും വ്യഭിചരിക്കുന്നത് താങ്കൾ തൃപ്തിപ്പെടുമോ?
അയാൾ പറഞ്ഞു: ഇല്ല…
അപ്പോൾ നബി (സ) പറഞ്ഞു: അപ്രകാരം തന്നെയാണ് ജനങ്ങളെല്ലാം. അവരും അവരുടെ മകളെ വ്യഭിചരിക്കുന്നത് ഇഷ്ടപ്പെടില്ല.
നബി (സ) ചോദിച്ചു: താങ്കളുടെ സഹോദരിയെ ആരെങ്കിലും വ്യഭിചരിക്കുന്നത് താങ്കൾ തൃപ്തിപ്പെടുമോ?
അയാൾ പറഞ്ഞു: ഇല്ല…
അപ്പോൾ നബി (സ) പറഞ്ഞു: അപ്രകാരം തന്നെയാണ് ജനങ്ങളെല്ലാം. അവരും അവരുടെ സഹോദരിയെ വ്യഭിചരിക്കുന്നത് ഇഷ്ടപ്പെടില്ല.
പ്രവാചകനിങ്ങനെ മാതാവിന്റെ സഹോദരിയേയും പിതാവിന്റെ സഹോദരിയേയും എല്ലാം ഉൾപ്പെടുത്തി ചോദിച്ചു കൊണ്ടിരുന്നപ്പോളെല്ലാം അയാൾ ഇല്ലയെന്ന് പറഞ്ഞു കൊണ്ടിരുന്നു.
എന്നിട്ട് അല്ലാഹുവിന്റെ ദൂതൻ തന്റെ കൈകൾ അദ്ദേഹത്തിന്റെ നെഞ്ചിൽ വെച്ച് കൊണ്ട് പ്രാർത്ഥിച്ചു: അല്ലാഹുവേ, ഇദ്ദേഹത്തിന്റെ മനസ്സ് നീ ശുദ്ധീകരിക്കുകയും, പാപങ്ങൾ പൊറുത്തു കൊടുക്കുകയും, ഗുഹ്യാവയവങ്ങളെ പാപങ്ങളിൽ നിന്ന് കാത്തു സംരക്ഷിക്കുകയും ചെയ്യേണമേ…
അതിന് ശേഷം വ്യഭിചാരം ആ യുവാവിന് ഏറ്റവും വെറുപ്പുള്ള പ്രവർത്തനമായി പരിണമിച്ചു.
(തഖ്‌രീജുൽ ഇഹ്‌യാഅ്: ഇറാക്വി: 2/411)

നിലവിൽ സാമൂഹിക ശാസ്ത്രജ്ഞർ മുന്നോട്ടു വെക്കുന്ന മോട്ടിവേഷൻ തിയറികളും, പ്രത്യേകിച്ച് Incentive Theory of Motivation വിരൽ ചൂണ്ടുന്നത് നാം ചർച്ച ചെയ്യുന്ന വസ്തുതയിലേക്ക് തന്നെയാണ്. പലർക്കും പല തരത്തിലുമുള്ള മോട്ടിവേഷനുകളാണ് ആവശ്യം.

“ഉത്തേജന സിദ്ധാന്തം, സഹജവാസന സിദ്ധാന്തം, പ്രചോദനത്തിന്റെ ഡ്രൈവ്-റിഡക്ഷൻ സിദ്ധാന്തം എന്നിവ പോലെയുള്ള പ്രചോദനത്തിന്റെ മറ്റ് സിദ്ധാന്തങ്ങളിൽ നിന്ന് വ്യത്യസ്തമായ, പ്രോത്സാഹന സിദ്ധാന്തം ചിലപ്പോൾ റിവാർഡ് മോട്ടിവേഷൻ തിയറി എന്ന് വിളിക്കപ്പെടുന്നു.
ഒരു ബാഹ്യ പ്രതിഫലത്തിന്റെയോ പ്രോത്സാഹനത്തിന്റെയോ സാധ്യതയാണ് പ്രചോദനത്തെ പ്രധാനമായും ഉത്തേജിപ്പിക്കുന്നത്. പ്രോത്സാഹനം മൂർത്തമോ (ഉദാ. പണം) അല്ലെങ്കിൽ അദൃശ്യമോ (മറ്റൊരാളിൽ നിന്നുള്ള പ്രശംസ) ആകാം.

ഓപ്പറന്റ് കണ്ടീഷനിംഗ് സിദ്ധാന്തം സൂചിപ്പിക്കുന്നത്, നമ്മൾ ഒരു കാര്യം ചെയ്യുന്നത് ഒന്നുകിൽ സ്വശാക്തീകരണത്തിനൊ ശിക്ഷ ഒഴിവാക്കാനോ ആണ്. ഇത് പ്രോത്സാഹന സിദ്ധാന്തത്തിന് സമാനമായ ഒരു സങ്കൽപ്പമാണ്. ഒരു പോസിറ്റീവ് ഇൻസെന്റീവ് ലഭിക്കുമ്പോൾ എന്തെങ്കിലും ചെയ്യാൻ നാം പ്രചോദിതരാവുന്നു; ഒരു നെഗറ്റീവ് ഇൻസെന്റീവ് ലഭിക്കുമ്പോൾ എന്തെങ്കിലും ചെയ്യാതിരിക്കാനും നമ്മൾ പ്രചോദിതരാവുന്നു.

ഒരു ടാസ്‌ക് പൂർത്തിയാക്കിയതിന് നമുക്ക് ലഭിക്കുന്ന പ്രതിഫലങ്ങളാണ് പോസിറ്റീവ് ഇൻസെന്റീവുകൾ. ഉദാഹരണത്തിന്, അത്താഴത്തിന് ശേഷം പാത്രങ്ങൾ കഴുകാൻ ഒരു അമ്മ തന്റെ മകന് അധിക അലവൻസ് നൽകുന്നു. ഇത് അടുത്ത ദിവസം അത്താഴത്തിന് ശേഷം പാത്രങ്ങൾ കഴുകാൻ അവനെ പ്രേരിപ്പിക്കും.

നെഗറ്റീവ് പ്രോത്സാഹനങ്ങൾക്ക് വിപരീത ഫലമുണ്ട്. ഉദാഹരണത്തിന്, കർഫ്യൂ ലംഘിച്ചതിന് ഒരു അമ്മ തന്റെ മകനെ ശിക്ഷിക്കുന്നു. ഭാവിയിൽ കർഫ്യൂ ലംഘിക്കാതിരിക്കാൻ ഇത് അവനെ പ്രേരിപ്പിക്കും.

ഒരു പ്രോത്സാഹനത്തിന്റെ മൂല്യം

സാമൂഹ്യ മനഃശാസ്ത്രജ്ഞനായ സ്റ്റീഫൻ എൽ. ഫ്രാൻസോയ് psychology :A discovery experience എന്ന പുസ്തകത്തിൽ എഴുതി: “ഒരു പ്രോത്സാഹനത്തിന്റെ മൂല്യം കാലക്രമേണയും വ്യത്യസ്ത സാഹചര്യങ്ങളിലും മാറാം.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു പ്രോത്സാഹനം തന്നെ ചിലരെ ചുമതലകൾ നിർവഹിക്കാൻ പ്രേരിപ്പിച്ചേക്കാം, മറ്റു ചിലർ അത് തങ്ങൾക്ക് വിലപ്പെട്ടതല്ലെന്ന് തീരുമാനിച്ചേക്കാം.

ഉദാഹരണത്തിന്, ഒരു ഷോപ്പിംഗ് യാത്രയുടെ വാഗ്ദാനം, അത്താഴത്തിന് ശേഷം പാത്രങ്ങൾ കഴുകാൻ ഒരു ഷോപ്പഹോളിക്ക് ആയ ആനിയെ പ്രേരിപ്പിച്ചേക്കാം. എന്നാൽ, ഷോപ്പിംഗ് ഇഷ്ടപ്പെടാത്ത മാഗിയിൽ, ഒരു ഷോപ്പിംഗ് യാത്രയുടെ വാഗ്ദാനം കൊണ്ട് ഫലമുണ്ടാകില്ല.

അമേരിക്കൻ മനഃശാസ്ത്രജ്ഞനായ പോൾ തോമസ് യംഗ്, ആന്തരികവും ബാഹ്യവുമായ ഉത്തേജനങ്ങൾ എങ്ങനെ പ്രോത്സാഹനം സ്വാധീനിക്കുന്നതിൽ ഒരു വ്യക്തിയുടെ വികാരങ്ങളുടെയും വൈകാരികാവസ്ഥയുടെയും പ്രാധാന്യത്തെ ഊന്നിപ്പറയുന്നുണ്ട്.

ഉദാഹരണത്തിന്, ചില ഫിസിയോളജിക്കൽ ആവശ്യകതകളുടെ സാന്നിധ്യമോ അഭാവമോ ഒരു പ്രോത്സാഹനത്തിന്റെ മൂല്യത്തെ സ്വാധീനിക്കും – ഒരു കഷണം കേക്കിന്റെ ആകർഷണം ഒരു നിശ്ചിത സമയത്ത് നമുക്ക് എത്ര വിശക്കുന്നുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ഇൻസെന്റീവ് തിയറി വേഴ്സസ് ഡ്രൈവ്-റിഡക്ഷൻ തിയറി

നമ്മുടെ ശരീരത്തിന്റെ ഹോമിയോസ്റ്റാസിസ് സന്തുലിതമായി നിലനിർത്താൻ നാം പ്രചോദിതരാണെന്ന് പ്രചോദനത്തിന്റെ ഡ്രൈവ്-റിഡക്ഷൻ സിദ്ധാന്തം സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ചൂട് അനുഭവപ്പെടുന്നതിനാൽ ജാക്ക് എയർകണ്ടീഷണർ ഓണാക്കുന്നു.

മറുവശത്ത്, ഇൽസെന്റീവ് സിദ്ധാന്തം, പോസിറ്റീവ് അസോസിയേഷനിലൂടെ, നമ്മെ പ്രചോദിപ്പിക്കുന്നത് ബാഹ്യ ഘടകങ്ങളാണെന്ന് സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, തണുപ്പ് കൊണ്ട് വിറയ്ക്കുന്നുണ്ടെങ്കിലും കെവിൻ എയർകണ്ടീഷണർ ഓണാക്കുന്നു, കാരണം അവന്റെ അടുത്തിരിക്കുന്ന പെൺകുട്ടിക്ക് ചൂട് അനുഭവപ്പെടുകയും കെവിൻ അവളെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.

(The Incentive Theory of Motivation. (2021). The Psychology Notes Headquarters. https://www.psychologynoteshq.com/incentive-theory-of-motivation)

ഇൻസന്റീവ് മോട്ടിവേഷനിൽ ഉൾപ്പെടുത്താവുന്ന പ്രോത്സാഹനങ്ങളാണ് ഇസ്‌ലാമിക പ്രമാണങ്ങളിൽ അധികവും നാം കണ്ടെത്തുക.

“എന്താണ് ഒപ്റ്റിമൽ ഉത്തേജനം

ഒപ്റ്റിമൽ ഉത്തേജനം എന്നത് ഓരോ വ്യക്തിക്കും സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാണ്. എന്നിരുന്നാലും അതിനെ ഇപ്രകാരം വിശദീകരിക്കാം, നമ്മുടെ കഴിവുകൾക്ക് അനുയോജ്യമായ വെല്ലുവിളികൾ നൽകുന്ന ടാസ്‌ക്കുകളിൽ അല്ലെങ്കിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ നാം പൊതുവെ കൂടുതൽ പ്രചോദിതരാണ്, അതായത് ഈ ജോലികൾ നമുക്ക് വളരെ ബുദ്ധിമുട്ടുള്ളതോ എളുപ്പമുള്ളതോ അല്ല.

പ്രചോദനത്തിന്റെ optimal arousal സിദ്ധാന്തമനുസരിച്ച്, നമ്മുടെ ജീവിതത്തിലുടനീളം നമ്മുടെ പ്രത്യേക അനുഭവങ്ങളാൽ ഉണ്ടാകുന്ന വിവിധ തലത്തിലുള്ള ഉത്തേജനത്തിന് നാം വിധേയരാകുന്നു. ഉത്തേജനത്തിന്റെ തോത് തീരെ കുറവായിരിക്കുകയും ബോറടിക്കുകയും ചെയ്യുമ്പോൾ, സുഹൃത്തുക്കളുമായി പുറത്തുപോകുക, കാർ റേസ് കാണുക, വീഡിയോ ഗെയിം കളിക്കുക എന്നിങ്ങനെയുള്ള നമ്മുടെ ഉത്തേജനം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നാം ഏർപ്പെടും.

മറുവശത്ത്, ഉത്തേജനത്തിന്റെ അളവ് വളരെ ഉയർന്നതായിരിക്കുമ്പോൾ, അതായത് നമുക്ക്‌ വളരെയധികം ഉത്കണ്ഠയോ സമ്മർദ്ദമോ ഉള്ളപ്പോൾ, ഒരു പുസ്തകം വായിക്കുക, മസാജ് ചെയ്യുക, അല്ലെങ്കിൽ ധ്യാനിക്കുക തുടങ്ങിയ വിശ്രമ രീതികളിൽ ഏർപ്പെടാൻ നാം ശ്രമിക്കുന്നു.

ചില ആളുകൾ സ്വാഭാവികമായും ത്രിൽ അന്വേഷകരാകാൻ ചായ്‌വുള്ളവരാണ്, മാത്രമല്ല അവർക്ക് ഉയർന്ന ഉത്തേജന നിലവാരം ഉണ്ടായിരിക്കുകയും ചെയ്യും. അവരെ സന്തോഷിപ്പിക്കാൻ അവർക്ക് തീവ്രമായ ശാരീരികവും വൈകാരികവും ബൗദ്ധികവുമായ പ്രവർത്തനങ്ങൾ ആവശ്യമാണ്. ഉദാഹരണത്തിന്, അവർ വായിക്കുന്നതിനേക്കാൾ സ്കൈഡൈവിംഗാണ് ഇഷ്ടപ്പെടുന്നത്.

(Optimal Arousal Theory of Motivation. (2021). The Psychology Notes Headquarters. https://www.psychologynoteshq.com/incentive-theory-of-motivation)

Optimal Arousal Theory of Motivation ന് ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്ന് നൽകാവുന്ന ഏറ്റവും നല്ല ഉദാഹരണമാണ് തുടർന്നുള്ള ഹദീസ്:

ഞങ്ങൾ അല്ലാഹുവിന്റെ ദൂതരോടൊപ്പമായിരിക്കെ അദ്ദേഹം ഞങ്ങളോട് ചോദിച്ചു: ഒരു ദിവസം ആയിരം നന്മ സമ്പാദിക്കാൻ നിങ്ങളിലൊരാൾ അശക്തനാണൊ ?

അപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ ഇരുന്നിരുന്ന ഒരാൾ ചോദിച്ചു: ഞങ്ങളിലൊരുവൻ ഒരു ദിവസം ആയിരം നന്മ എങ്ങനെയാണ് സമ്പാദിക്കുക ?!

അപ്പോൾ അദ്ദേഹം പറഞ്ഞു: നൂറു തസ്ബീഹുകൾ പൊല്ലുക. എങ്കിൽ ആയിരം നന്മകൾ രേഖപ്പെടുത്തപ്പെടുകയും ആയിരം തിന്മകൾ മായ്ക്കപ്പെടുകയും ചെയ്യും.
(സ്വഹീഹു മുസ്‌ലിം: 2698)

ഉത്തേജനത്തിന് തീവ്രമായ ശാരീരികവും വൈകാരികവും ബൗദ്ധികവുമായ പ്രവർത്തനങ്ങൾ ആവശ്യമായവർക്ക് പ്രചോദനമായി എടുത്തു പറയാവുന്ന ഉദാഹരണമാണ്, പ്രവാചകൻ (സ) ഇബ്നു ഉമറിന് നൽകിയ ഉപദേശം.

“അബ്ദുല്ല എത്ര നല്ല വ്യക്തി, അദ്ദേഹം രാത്രി നമസ്കരിച്ചിരുന്നെങ്കിൽ”
(സ്വഹീഹുൽ ബുഖാരി: 7028)

ദീർഘനേരം നിന്നു കൊണ്ടുള്ള രാത്രി നമസ്ക്കാരമാണ് ഇവിടെ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഭയവും ഭക്തിയും തമ്മിലെന്ത് ?

നിങ്ങൾ ഒരു സ്ത്രീയെ വ്യഭിചരിക്കാനോ ലൈംഗികമായി പീഢിപ്പിക്കാനോ ഒരുങ്ങുകയാണെന്ന് കരുതുക. ലിംഗോദ്ധാരണ വേളയിൽ ഒരാൾ നിങ്ങളുടെ തലയിൽ ഒരു തോക്കുചൂണ്ടിയാൽ അല്ലെങ്കിൽ തലയിൽ ഒരു ആണികൊണ്ടൊ സൂചി കൊണ്ടൊ കുത്താൻ ഒരുങ്ങിയാൽ എന്താണ് സംഭവിക്കുക ?! നിങ്ങളുടെ ലിംഗോദ്ധാരണം (erection) ഞൊടിയിടയിൽ അസ്തമിച്ചില്ലാതെയാവും. അഥവാ ഭയം നിങ്ങളുടെ ലൈംഗിക തീക്ഷണതയെ ഉടനടി ഇല്ലാതെയാക്കുന്നു. ഇതിനൊരു നാഡീശാസ്ത്ര പരമായ അടിത്തറയുണ്ട്. മനുഷ്യന്റെ ആക്രമണാത്മകത (aggressiveness) ലൈംഗികത (sexual aggressiveness) ഭയം (fear) എന്നിവയുമായി ബന്ധപ്പെട്ട പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്ന ന്യൂറോണുകൾ പരസ്പരം തൊട്ടുരുമ്മിയാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വികാരങ്ങളുടെ വേലിയേറ്റം സംഭവിക്കുന്ന സന്ദർഭങ്ങളിൽ ഒരു അദൃശ്യത്തോക്കായി, അല്ലെങ്കിൽ ഇരുമ്പാണിയായി ഒരു വിശ്വാസിയുടെ മനസ്സിൽ ദൈവ ഭീതി നിലകൊള്ളുമെന്നത് കേവല യുക്തിയല്ലെ ?!

ന്യൂറോബയോളജിയിലെ രസകരവും പ്രസക്തവും ചിന്തോദ്ദീപകവുമായ ഒരു പഠനം ഇവിടെ ഉദ്ധരിക്കാം.

ഭയവും ഭക്തിയും

Interestingly, these studies have revealed a complex network of partially overlapping neuronal ensembles controlling aggressive, sexual, and even fear-related behaviors….

“രസകരമെന്നു പറയട്ടെ, ആക്രമണാത്മകത (aggressiveness) ലൈംഗികത (sex) ഭയം (fear) എന്നിവയുമായി ബന്ധപ്പെട്ട പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്ന ന്യൂറോണുകൾ ഭാഗികമായി അടുക്കടുക്കായി സംവിധാനിക്കപ്പെട്ട നിലയിലുള്ള ഒരു സങ്കീർണ്ണ ശൃംഖലയാണെന്ന് ഈ പഠനങ്ങൾ വെളിപ്പെടുത്തി…

ആക്രമണാത്മകതയെ നിയന്ത്രിക്കുന്ന VMHvl-നുള്ളിലെ ഹൈപ്പോഥലാമിക് അറ്റാക്ക് ഏരിയയിലെ (HAA) ന്യൂറോണുകളുടെ ഒരു സ്ഥലസംബന്ധിയായ ശൃംഖല ‘ലിന്നും’ സഹപ്രവർത്തകരും മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ആൺ എലികളിലെ ഈ കോശങ്ങളുടെ ഒപ്‌റ്റോജെനെറ്റിക് ഉത്തേജനം ആൺ, പെൺ എലികളെ തുടങ്ങി നിർജീവ വസ്തുക്കളെ ഉൾപ്പെടെ എല്ലാറ്റിനും നേരെ ആക്രമണം അഴിച്ചു വിടുന്ന സ്വഭാവത്തിന് തുടക്കം ഉണ്ടാക്കുന്നു. ഈ ന്യൂറോണൽ പോപ്പുലേഷനെ കൂടുതൽ നിർവചിക്കുന്നതിനായി അവർ ഒരു തുടർ പഠനം നടത്തി, ഹൈപ്പോഥലാമസിന്റെ ഈ ഉപവിഭാഗത്തിലെ ഈസ്ട്രജൻ റിസപ്റ്റർ-1 (Ers1)-എക്സ്പ്രസ് ചെയ്യുന്ന ന്യൂറോണുകൾ ആക്രമണം ആരംഭിക്കാൻ ആവശ്യവും പര്യാപ്തവുമാണെന്ന് കാണിക്കുന്നു. രസകരമെന്നു പറയട്ടെ, അതേ ന്യൂറോണുകളിൽ താരതമ്യേന കുറഞ്ഞ ആവൃത്തിയിലുള്ള ഉത്തേജനം നൽകുമ്പോൾ ആക്രമണാത്മകതക്ക് പകരം ലൈംഗിക ആരോഹണ രൂപത്തിലുള്ള സ്വഭാവത്തിന് അത് കാരണമാകുന്നു. ആക്രമണവും ലൈംഗിക സ്വഭാവവും മോഡുലേറ്റ് ചെയ്യുന്നതിൽ ഒരേ ന്യൂറോണൽ നെറ്റ്‌വർക്കിനെ ഉത്തേജിപ്പിക്കുന്നതിലൂടെ കഴിയുന്നുവെന്ന് ഈ നിരീക്ഷണം കാണിക്കുന്നു.

“സകുറായിയുടെയും മറ്റുള്ളവരുടെയും സമീപകാല പഠനങ്ങൾ ഭയവും ആക്രമണാത്മക പെരുമാറ്റങ്ങളും നിയന്ത്രിക്കുന്ന VMHvl ന്യൂറോണൽ എൻസെംബിളുകൾ അന്വേഷണാത്മക പരീക്ഷണത്തിന് വിധേയമാക്കുകയുണ്ടായി… ഭയം ഉളവാക്കുന്ന സാമൂഹിക അവസ്ഥകളിൽ സജീവമാവുന്ന ന്യൂറോണുകൾക്ക് ഒപ്‌റ്റോജെനെറ്റിക് ഉത്തേജനം നൽക്കുക വഴി ഭയത്തിൽ ഹൈപ്പോഥലാമിക് ന്യൂറോണൽ എൻസെംബിളുകൾക്ക് ഒരു കാഷ്വൽ റോൾ നിർവചിക്കാൻ പഠിതാക്കൾക്ക് കഴിഞ്ഞു.”

( https://www.ncbi.nlm.nih.gov/pmc/articles/PMC5935264/#!po=14.3836 )

മനുഷ്യന്റെ ആക്രമണാത്മകതയിൽ (aggressiveness) ദൈവഭയം ഞൊടിയിടയിൽ ചെലുത്തുന്ന സ്വാധീനശക്തിയെ സൂചിപ്പിക്കുന്ന ഒരു ഹദീസ് കാണുക:

അബൂ മസ്ഊദ് (റ) പറയുന്നു: “ഞാൻ എന്റെ അടിമ പയ്യനെ ചാട്ടവാറുകൊണ്ട് അടിക്കുകയായിരുന്നു. അപ്പോൾ എന്റെ പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടു: അബൂ മസ്ഊദ്, നീ അറിയണം. ആ ശബ്ദമെന്താണ് കോപത്താൽ എനിക്ക് മനസ്സിലായിരുന്നില്ല. ആ ശബ്ദം അടുത്തപ്പോൾ എനിക്ക് മനസ്സിലായി, അത് അല്ലാഹുവിന്റെ ദൂതനായിരുന്നു, അദ്ദേഹമതാ ഇപ്രകാരം പറയുന്നു: അബൂ മസ്ഊദ്, നീ അറിയണം. നിനക്ക് ആ അടിമയെ (ശിക്ഷിക്കാനുള്ള) കഴിവ് ഉള്ളതിനേക്കാൾ തീർച്ചയായും അല്ലാഹുവിന് നിന്റെ മേൽ (ശിക്ഷിക്കാനുള്ള) കഴിവുണ്ട്. അപ്പോൾ ഭയത്താൽ എന്റെ കയ്യിൽ നിന്നും ചാട്ടവാർ നിലത്തുവീണു. ഞാൻ പറഞ്ഞു: അല്ലാഹുവാണെ, ഇനി ഒരിക്കലും ഒരു അടിമയേയും ഞാൻ അടിക്കില്ല… അല്ലാഹുവിന്റെ ദൂതരേ, അവനെ അല്ലാഹുവിനായി ഞാൻ സ്വതന്ത്രനാക്കുന്നു. അപ്പോൾ അദ്ദേഹം (സ) പറഞ്ഞു: നീ അത് ചെയ്തില്ലായിരുന്നെങ്കിൽ നരകം നിന്നെ സ്പർശിച്ചേനെ…”
(സ്വഹീഹു മുസ്‌ലിം: 1659)

ലൈംഗിക അതിക്രമങ്ങൾക്കിടയിലും, ഭയം (fear) ചെലുത്തുന്ന സ്വാധീനം ചെറുതല്ല എന്നത് കൊണ്ടാണ് അവിഹിതങ്ങളിൽ ദൈവ ഭയത്തെ ഒരു പ്രതിലോമ പ്രചോദനമായി പലയിടങ്ങളിലും ഇസ്‌ലാം ഉയർത്തി കാണിക്കുന്നത്.

സുന്ദരിയും കുലീനയുമായ ഒരു സ്ത്രീ വ്യഭിചാരത്തിലേക്ക് വിളിക്കുമ്പോൾ “ഞാൻ ദൈവത്തെ ഭയക്കുന്നു” (إِنِّي أَخَافُ اللَّهَ) എന്ന് പ്രതിവചിക്കുന്ന വിശ്വസിയെ സംബന്ധിച്ച് ഹദീസുകളിൽ വന്നിരിക്കുന്നതും ഈ വിഭാഗത്തിൽ പെടുന്നു
(സ്വഹീഹുൽ ബുഖാരി:6806, സ്വഹീഹു മുസ്‌ലിം: 1031)

ഒരു അമൂർത്തമായ തോക്ക്, അല്ലെങ്കിൽ ഒരു ഭാവനാത്മകമായ ഇരുമ്പാണി അവിഹിത ചിന്തകളെ പ്രതിരോധിക്കാനുള്ള ആയുധമായി നബി (സ) ഇട്ടു തന്നിട്ടുമുണ്ട്:

لَأنْ يُطعَنَ في رأسِ رجلٍ بِمِخْيَطٍ من حديدٍ خيرٌ من أن يمَسَّ امرأةً لا تَحِلُّ له

“തനിക്ക് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ ഒരാൾ സ്പർശിക്കുന്നതിലും ഉത്തമം ഒരു ഇരുമ്പിന്റെ സൂചി / ആണി കൊണ്ട് തലയിൽ കുത്തുന്നതാണ്” എന്ന് നബി (സ) പറഞ്ഞിരിക്കുന്നു.
(മുസ്നദു റൂയാനി:1283, ത്വബ്റാനി: 487, 20/212, തർഗീബു വതർഹീബ്: മുൻദിരി: 3/26)

ദൈവഭയം ഭക്തിയുടെയും ധാർമ്മിക ബോധത്തിന്റെയും അഭിവാച്യ ഘടകമായി ഇസ്‌ലാം അവതരിപ്പിച്ചതിന്റെ നാഡി- ജൈവശാസ്ത്ര സാധുത പോലും കണ്ടെത്തപ്പെട്ട ഇക്കാലഘട്ടത്തിൽ നരകത്തിന്റെയും നരക ശിക്ഷകളുടേയും പ്രസക്തി ചോദ്യം ചെയ്യുന്നത് ശുദ്ധ അസംബന്ധമാണ്. ദൈവഭയം മുന്തി നിൽക്കുന്നവർ തിന്മകളിൽ നിന്നും വിട്ടു നിൽക്കാനുള്ള – പ്രത്യേകിച്ചും ആക്രമാത്മകവും ലൈംഗികവുമായ തിന്മകളിൽ നിന്ന് – പ്രചോദനം കൂടുതലാണ് എന്നതിൽ സംശയമില്ല. അതുകൊണ്ട്, ഇബ്നുൽ ക്വയ്യിം ഇപ്രകാരം എഴുതുകയുണ്ടായി:

السَّلَفْ استَحَبُّوا أنْ يَقوى في الصّحة جَنَاحُ الخَوفْ على جَنَاح الرَّجَاء
“ജീവിതത്തിൽ (ദൈവത്തിലുള്ള) പ്രതീക്ഷയേക്കാൾ (الرجاء) ദൈവഭയം (الخوف) മുന്തി നിൽക്കുന്നതായിരുന്നു പൂർവ്വസൂരികളായ സച്ചരിതർ ഇഷ്ടപ്പെട്ടിരുന്നത്. (അതാണ് ജീവിതം വിശുദ്ധമാവാൻ കൂടുതൽ യോജിച്ചതെന്ന് അവർ വിശ്വസിച്ചു…)”
(മദാരിജുസ്സാലികീൻ)

print

No comments yet.

Leave a comment

Your email address will not be published.