ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -5

//ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -5
//ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -5
ആനുകാലികം

ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -5

നാസ്‌തികരുടെ ധാർമിക മാനദണ്ഡം ദേഹേച്ഛ മാത്രമാണ്

Consequentialist ethical system

Secular humanists hold that ethics is consequential, to be judged by results.

This is in contrast to so-called command ethics, in which right and wrong are defined in advance and attributed to divine authority. “No god will save us,” declared Humanist Manifesto II (1973), “we must save ourselves.”
(secularhumanism.org)

“ധാർമികത വിധിക്കപ്പെടുന്നത് ‘അനന്തരഫല’ത്തിന്റെ (consequences) അടിസ്ഥാനത്തിലാണെന്നാണ് ‘മതേതര മാനവികവാദികൾ’ (secular humanists) കരുതുന്നുത്…” എന്ന് ചുരുക്കം.

ഒരു പ്രവർത്തനത്തിന്റെ പരിണതഫലം (consequence) നെഗറ്റീവാണോ പോസറ്റീവാണോ എന്ന് എങ്ങനെ തീരുമാനിക്കും?

ഒരു പ്രവർത്തനത്തോടുള്ള സമൂഹത്തിന്റെ പ്രതികരണവും ആ പ്രവർത്തനം മനുഷ്യ ജീവിതത്തിൽ ചെലുത്തുന്ന പരിണതഫലത്തിൽ തീർച്ചയായും ഉൾപ്പെടുമല്ലൊ. അഥവാ, സമൂഹം ഒരു പ്രവർത്തനത്തോട് നെഗറ്റീവായാണോ പോസറ്റീവായാണോ പ്രതികരിക്കുക എന്നതും ഒരു പ്രവർത്തനത്തിന്റെ പരിണതഫലത്തിൽ (consequence) ഉൾപ്പെടുന്നു. അപ്പോൾ, നാട്ടുകാരിൽ നിന്ന് അടിയാണോ കയ്യടിയാണോ കിട്ടുന്നത് എന്നതിനനുസരിച്ചാണ് ഒരു കാര്യം ശരിയാണോ തെറ്റാണോ എന്ന് വേർത്തിരിക്കപ്പെടുന്നത് എന്ന സ്ഥിതി വിശേഷത്തിലേക്ക് പോലും കാര്യങ്ങൾ എത്തുന്നു.

ശരി തെറ്റുകളെ സംബന്ധിച്ച സമൂഹത്തിന്റെ സങ്കൽപം അല്ലെങ്കിൽ സദാചാരത്തിനനുസരിച്ചാണല്ലൊ അവർ നെഗറ്റീവായും പോസറ്റീവായും ഒരു പ്രവർത്തനത്തോട് പ്രതികരിക്കുക. അപ്പോൾ സമൂഹത്തിന്റെ അടുക്കലുള്ള ശരി തെറ്റുകളെ സംബന്ധിച്ച സങ്കൽപം ശരിയോ തെറ്റോ എന്ന് എങ്ങനെ വേർത്തിരിക്കും? സമൂഹം അവയോട് നെഗറ്റീവായാണോ പോസറ്റീവായാണോ പ്രതികരിക്കുന്നത് എന്ന് നോക്കി കൊണ്ടോ ?!! ങ്ങേ…. അതെങ്ങനെയാണ് സാധ്യമാവുക !!! കാരണം അവയോട് നെഗറ്റീവായോ പോസറ്റീവായോ പ്രതികരിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നത് അവ ശരിയോ തെറ്റോ എന്ന സാമൂഹിക ധാരണക്ക് അനുസൃതമായല്ലെ ?!! ഈ ചോദ്യോത്തരങ്ങൾ വൃത്തമായി തുടർന്നു കൊണ്ടിരിക്കും എന്നർത്ഥം. ഇതിനെ Infinite regress fallacy എന്ന് വിളിക്കപ്പെടുന്നു; ഒരു ഇനം ന്യായ വൈകല്യം.

മാത്രമല്ല, ഒരു തെറ്റ് തെറ്റാണെന്നറിയാൻ അത് ചെയ്യണമെങ്കിൽ, ചെയ്ത് കഴിഞ്ഞിട്ട് അത് അറിഞ്ഞിട്ടെന്താണ് കാര്യം? അതിന്റെ പരിണിത ഫലം മനുഷ്യ ജീവിതങ്ങളിൽ സ്വാധീനിച്ചു കഴിഞ്ഞല്ലൊ.

ആ തെറ്റുകൾ വീണ്ടും ആവർത്തിക്കാതിരിക്കാനാണെങ്കിൽ, അങ്ങനെ പരീക്ഷണങ്ങളിലൂടെ കണ്ടെത്തി ക്രോഡീകരിക്കാൻ കഴിയുന്നതാണ് നന്മ-തിന്മകൾ എന്നു വരുന്നു. എങ്കിൽ സമ്പൂർണവും അന്യൂനവുമായ ഒരു ധർമ്മസംഹിത നിരീശ്വരവാദികൾക്ക് തയ്യാറാക്കിക്കൂടെ എന്ന ചോദ്യം ആവർത്തിക്കപ്പെടുന്നു. മത ധാർമികതകളെ കുറ്റം പറഞ്ഞു നടക്കുന്ന സമയം, പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ പരീക്ഷണങ്ങളിലൂട കണ്ടെത്തി ശരി തെറ്റുകൾ ക്രോഡീകരിക്കുന്ന ദൗത്യത്തിൽ നിരതമാവുകയല്ലേ ചെയ്യേണ്ടത് ?! (ഒരു കാര്യത്തിന്റെ പരിണതഫലം ആത്യന്തികമായി ശരിയോ തെറ്റോ എന്ന് വിധിക്കണമെങ്കിൽ അക്കാര്യത്തെ സംബന്ധിച്ച സമ്പൂർണ്ണവും സമഗ്രവുമായ അറിവു ലഭ്യമാകണം. അതിന് കാലത്തിനും ഭൂമികക്കും അതീതമായ, മനുഷ്യരുടേയും സർവ്വസൃഷ്ടിചാലങ്ങളുടേയും അവസ്ഥാന്തരങ്ങളെ സംബന്ധിച്ച സൂക്ഷ്മവും സ്ഥൂലവുമായ അറിവിനുടമയായ ദൈവത്തിനേ സാധിക്കൂ. മനുഷ്യർക്ക് ഇത് അസാധ്യമാണ് എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ.)

ഇനി, ഓരോ മനുഷ്യരുടേയും പ്രവർത്തന പരിണതഫലം വ്യത്യസ്ഥമായതിനാൽ സ്ഥായിയായ നന്മ-തിന്മകൾ എന്ന് പ്രവർത്തനങ്ങളെ വേർത്തിച്ച് ക്രോഡീകരിക്കാൻ കഴിയില്ല എന്നാണ് മറുപടിയെങ്കിൽ…

ധാർമികത ആത്മനിഷ്ഠമാണെന്നും നന്മ തിന്മകൾ ഓരോ മനുഷ്യരും അവരവരുടെ പരീക്ഷണങ്ങളിലൂടെ കണ്ടെത്തണമെന്നും വരുന്നു. എങ്കിൽ ഈ ലോകം മനുഷ്യർ തിന്മകൾ കൊണ്ട് പരീക്ഷിച്ച് നിറക്കും. പരീക്ഷണത്തിന്റേയും അന്വേഷണത്തിന്റേയും ഭാഗമായ ഈ തിന്മകൾക്ക് തടയിടുന്നതിന് ആർക്കും അധികാരമുണ്ടാകില്ല. കാരണം ആ ‘തിന്മകൾ’ ചെയ്തു കഴിഞ്ഞ് റിസൾട്ട് വന്ന് നെഗറ്റീവ് ആയാലെ തിന്മയായി പരിഗണിക്കാൻ സാധിക്കു. !!! ഇനി, റിസൾട്ട് വന്ന് നെഗറ്റീവ് ആയാലും റിസൾട്ടിന് മുമ്പ്, തിന്മയാണെന്ന് തെളിയാത്ത ഘട്ടത്തിൽ ചെയ്ത ഒരു കാര്യത്തിന്റെ പേരിൽ ആ പ്രവർത്തനത്തിന്റെ കർത്താവിനെ എങ്ങനെ കുറ്റക്കാരനായി വിധിക്കും ?!! കാരണം ആ കുറ്റകൃത്യം പ്രവർത്തിക്കുന്ന സന്ദർഭത്തിൽ അത് കുറ്റകൃത്യം അല്ലായിരുന്നല്ലൊ.

ഈ തത്ത്വപ്രകാരം മുമ്പ് സൂചിപ്പിച്ചതു പോലെ സോഷ്യൽ ഡാർവിനിസ പരീക്ഷണങ്ങളും, റഷ്യയിലേയും ചൈനയിലേയും സോഷ്യലിസ പരീക്ഷണങ്ങളും അതിന്റെ ഭാഗമായ കൂട്ടകുരുതികളും തെറ്റല്ലാതാവുന്നു.

ഇനി, സമൂഹത്തിൽ നിന്നുള്ള പ്രതികരണമല്ല പരിണതഫലം (consequence) കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് ഒരു പ്രവർത്തനം ചെയ്താൽ അത് തനിക്ക് അനുകൂലമായാണോ പ്രതികൂലമായാണോ ആത്യന്തികമായി ഭവിക്കുന്നത് എന്ന് നോക്കിയാണ് എന്നാണ് ഉത്തരം എങ്കിൽ സ്വാർഥ താൽപര്യങ്ങളെ സാക്ഷാൽക്കരിക്കുന്ന പ്രവർത്തനങ്ങളെല്ലാം ശരി എന്ന് വരുന്നു !!! എങ്കിൽ അത് ധാർമികതയുടെ മാനദണ്ഡമായല്ല, ലോകം കേട്ട ഏറ്റവും വലിയ ക്രൂര ഫലിതമായാണ് ബുദ്ധിയുള്ള ആർക്കും മനസ്സിലാവുക.

ഇനി, പരിണതഫലം (consequence) കൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു പ്രവർത്തനം ചെയ്താൽ അത് ആ പ്രവർത്തനത്തിന് വിധേയനാകുന്ന വസ്തുവിനോ, വ്യക്തിക്കോ അനുകൂലമായാണോ പ്രതികൂലമായാണോ ഭവിക്കുന്നത് എന്ന് നോക്കിയാണ്… എങ്കിൽ, ഹിറ്റ്ലറെയും മുസോളനിയേയുമൊക്കെ കൊന്നത് തെറ്റാവില്ലേ ? കാരണം, ആ കൊലപാതകങ്ങൾ ആ പ്രവർത്തനത്തിന് വിധേയരായ വ്യക്തികൾക്ക് പ്രതികൂലമായാണല്ലൊ ഭവിച്ചത് !

ഇനി, മനുഷ്യ ജീവിതങ്ങൾക്ക് ആത്യന്തികമായി ഗുണകരമായി ഭവിക്കാവുന്നുവോ എന്നതാണ്
ധാർമികത വിധിക്കുന്നതിനായി അവലംബിക്കുന്ന ‘അനന്തരഫലം’ (consequences) എന്നാണ് വാദമെങ്കിൽ…

ഈ ‘മനുഷ്യ ജീവിതങ്ങൾക്ക്’ എന്നതിൽ ലോകം മുഴുവനുമുള്ള മനുഷ്യ ജീവിതങ്ങളെ ഉൾക്കൊള്ളുന്നുണ്ടോ അതോ ഒരു പ്രവർത്തനം വ്യത്യസ്ഥ സമൂഹങ്ങളിലെ ‘മനുഷ്യ ജീവിതങ്ങൾക്ക്’ ഗുണകരമായി ഭവിച്ചാൽ മതിയോ?

ലോകം മുഴുവനുമുള്ള മനുഷ്യ ജീവിതങ്ങളെയാണ് ഉദ്ദേശ്യം എന്നാണ് മറുപടിയെങ്കിൽ എന്റെ ഒരു തെറ്റ് ലോകം മുഴുവനുമുള്ള മനുഷ്യ ജീവിതങ്ങൾക്ക് നെഗറ്റീവായ അനന്തരഫലം സൃഷ്ടിക്കുന്നില്ലെങ്കിൽ അത് ‘ശരി’യാകുമോ? എന്റെ ഒരു നന്മ ലോകം മുഴുവനുമുള്ള മനുഷ്യ ജീവിതങ്ങൾക്ക് പോസറ്റീവായ അനന്തരഫലം ഉണ്ടാക്കുന്നില്ല എന്നതുകൊണ്ട് നന്മ അല്ലാതാവുകയും ചെയ്യുമോ? ഇങ്ങനെ ലോകം മുഴുവനുമുള്ള മനുഷ്യ ജീവിതങ്ങൾക്ക് അനന്തരഫലം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ വളരെ തുച്ചമല്ലെ ?! എന്നല്ല അങ്ങനെയൊന്നുണ്ടോ; നാസ്‌തിക വീക്ഷണത്തിൽ ?! കൂടാതെ പ്രവർത്തനങ്ങൾ ലോകം മുഴുവനുമുള്ള മനുഷ്യ ജീവിതങ്ങളിൽ ഉണ്ടാക്കുന്ന അനന്തരഫലം എങ്ങനെയാണ് ഞാൻ പരിശോധിച്ചറിയുക ?! അതിന്റെ അളവുകോലെന്താണ് ?! മനുഷ്യരാശി അനുദിനം ജീവപരിണാമത്തിലൂടെ കടന്നുപോവുകയാണ് എന്നാണല്ലൊ നാസ്‌തിക ദർശനം. എങ്കിൽ പ്രവർത്തനങ്ങളുടെ പരിണതഫലവും അനുദിനം പരിണാമത്തിലൂടെ സ്വാഭാവികമായും മാറിക്കൊണ്ടിരിക്കണമല്ലൊ. അപ്പോൾ ഈ മാറ്റങ്ങൾക്കനുസരിച്ച് നന്മ തിന്മകളും പിടി കൊടുക്കാതെ അനുദിനം മാറിമറിയുന്നു. എങ്കിൽ നന്മ തിന്മകളെ നാം എങ്ങനെ അനുഗമിക്കും?! നന്മ തിന്മകളെ ട്രാക്ക് ചെയ്യാനുള്ള ചുരുങ്ങിയ കാലപരിതിയെത്ര ? ഇന്നലെ കുറ്റം ചെയ്തവനെ ഇന്ന് ശിക്ഷിക്കാൻ പറ്റുമോ ? ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആശയക്കുഴപ്പങ്ങൾ…

ഒരു പ്രവർത്തനം വ്യത്യസ്ഥ സമൂഹങ്ങളിലെ ‘മനുഷ്യ ജീവിതങ്ങൾക്ക്’ ഗുണകരമായാണോ ദോഷകരമായാണോ പരിണമിക്കുന്നത് എന്ന് നോക്കിയാൽ മതിയെങ്കിൽ ന്യൂനപക്ഷ ധ്വംസനങ്ങളും ഉന്മൂലനവും നന്മയാകില്ലെ? കാരണം അതിന്റെ അനന്തരഫലം ഒരു പ്രത്യേക സമൂഹ്യ വ്യവസ്ഥയിലെ ‘മനുഷ്യ ജീവിതങ്ങൾക്ക്’ ഗുണകരമായാണല്ലൊ ഭവിക്കുക.

ഇനി, മനുഷ്യരാശിക്ക് ആത്യന്തികമായി ഗുണകരമായി ഭവിക്കാവുന്ന കാര്യങ്ങളും ചിലപ്പോൾ ധാർമികമാവണമെന്നില്ല എന്നതാണ് മറ്റൊരു വസ്തുത. ഉദാഹരണത്തിന്, ഭ്രാന്തന്മാർ, ഗുരുതര മാനസിക രോഗങ്ങളും അംഗവൈകല്യങ്ങളും ഉള്ളവർ, കുറ്റവാളികൾ, പകർച്ചവ്യാധികളും കാൻസർ,എയ്‌ഡ്‌സ്‌ തുടങ്ങി ഗുരുതരമായ ആരോഗ്യ രാഹിത്യങ്ങളും അനുഭവിക്കുന്നവർ തുടങ്ങിയവരെ കൂട്ടകൊല ചെയ്താൽ മനുഷ്യരാശിയുടെ ഭാവിക്ക് അത് സദ്‌ഫലമായി മാറിയേക്കാം. പക്ഷെ അത് ധാർമികമായ ഒരിക്കലും ‘ശരി’യാവുകയില്ല.

ചില നല്ല കാര്യങ്ങൾക്ക് മോശം പരിണിത ഫലവും ചില മോശം കാര്യങ്ങൾക്ക് നല്ല പരിണിതഫലവും ഉണ്ടാവാമെന്ന അപവാദങ്ങളെ ക്വാൺസിക്വൻഷലിസത്തിൽ പരിഗണിക്കുന്നില്ല. അത്തരം അപവാദങ്ങൾ ഉണ്ടായിരിക്കെ ശരി തെറ്റുകളുടെ അടിത്തറയായി പരിണിത ഫലത്തെ എങ്ങനെ നിശ്ചയിക്കും ? പരിണത ഫലം ഇന്നതായിരിക്കുമെന്ന് അനുമാനിച്ച് ശരിയെന്ന് തോന്നുന്നതും തെറ്റെന്ന് തോന്നുന്നതും കണ്ണടച്ച് വിഴുങ്ങുക തന്നെ എന്നാണ് മറുപടിയെങ്കിൽ, ആരാണ് യഥാർത്ഥത്തിൽ അന്ധവിശ്വാസികൾ എന്നാണ് മറു ചോദ്യം??!!

ചില കാര്യങ്ങൾ ചിലർക്ക് മോശം പരിണിത ഫലമുണ്ടാക്കുമ്പോൾ ചിലർക്ക് ഗുണകരമായ പരിണിത ഫലമുണ്ടാക്കുന്നു. എങ്കിൽ ആ കാര്യം ചിലർക്ക് ശരിയും ചിലർക്കു തെറ്റുമായി ഭവിക്കുന്നു. അപ്പോൾ പിന്നെ ഈ consequentialist ethical system ന്റെ പ്രസക്തി എന്താണ് ?!! ഓരോരുത്തരും തോന്നിയതങ്ങ് ചെയ്താൽ പോരേ ?!!

ചില പ്രവർത്തനങ്ങൾക്ക് സന്നിഹിതമായ പരിതിണഫലവും വിദൂരഭാവിയിൽ സംഭവിക്കാവുന്ന പരിതിണഫലവും ഉണ്ടായേക്കാം. ഇതിൽ ഓരോന്നിനനുസരിച്ചും ശരി തെറ്റുകൾ മാറുമോ ? എങ്കിൽ ഒരാളെ നിരപരാധിയെന്നോ കുറ്റവാളിയെന്നോ വിധിക്കാൻ നമ്മളാരാണ് ?! ഭാവിയിൽ അയാളുടെ കുറ്റകൃത്യങ്ങളോ നിരപരാധിത്വമൊ വിപരീതമായ പരിണതഫലമുണ്ടാക്കിയേക്കാം. അപ്പോൾ ഒക്കെ കാലത്തിന് വിട്ടു കൊടുക്കുകയല്ലെ യുക്തി…?

ചുരുക്കത്തിൽ അനന്തരഫലം എന്നുള്ളത് തന്നെ തെറ്റായ അനന്തരഫലം ശരിയായ അനന്തരഫലം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെടുമ്പോൾ ശരിയേയും തെറ്റിനേയും വിഭജിക്കാനുള്ള അളവുകോലായി അനന്തരഫലത്തെ എങ്ങനെ അവരോധിക്കും!!

‘കോൺസിക്വൻഷലിസത്തി’ ന്റെ ഒരു ശാഖയാണ് യൂട്ടിലിറ്റേറിയനിസം (Utilitarianism).

പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലുമുള്ള ഇംഗ്ലീഷ് തത്ത്വചിന്തകരും സാമ്പത്തിക ശാസ്ത്രജ്ഞരുമായ ജെറമി ബെന്താം, ജോൺ സ്റ്റുവർട്ട് മിൽ എന്നിവർ ആവിഷ്ക്കരിച്ച ധർമ്മശാസ്‌ത്ര തത്ത്വമാണ് യൂട്ടിലിറ്റേറിയനിസം (Utilitarianism).
യൂട്ടിലിറ്റേറിയനിസം അനുസരിച്ച് ഒരു പ്രവൃത്തി സുഖമോ സന്തോഷമോ വർദ്ധിപ്പിക്കുന്ന പ്രവണത ഉൾക്കൊള്ളുന്നതാണെങ്കിൽ അത് ശരിയും, ഒരു പ്രവൃത്തി അസന്തുഷ്ടിയോ വേദനയോ ഉണ്ടാക്കുന്നുവെങ്കിൽ തെറ്റുമാണ്. പ്രവർത്തനം നിർവ്വഹിക്കുന്നയാളുടെ സന്തോഷമോ ദുഖമോ മാത്രമല്ല ഇവിടെ പരിഗണിക്കപ്പെടുക, പ്രവർത്തനത്തിന്റെ സ്വാധീനം ബാധകമായ എല്ലാവരുടേയും സുഖവും ദുഖവും പരിഗണിച്ചു കൊണ്ടാണ് ശരി തെറ്റുകൾ നിർണയിക്കുക. പ്രവർത്തനങ്ങളെ അവയുടെ അനന്തരഫലങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തണം എന്ന ‘കോൺസിക്വൻഷലിസ’ നൈതികതയുമായി ബന്ധപ്പെട്ട ഒരു പൊതു സിദ്ധാന്തമാണിതും.
(https://www.britannica.com/topic/utilitarianism-philosophy)

One should maximize utility which by itself is a subjective psychological satisfaction and One should minimize disutility which by itself is a subjective psychological dissatisfaction…

ആത്മനിഷ്ഠമായ മാനസിക സംതൃപ്തിയായ ‘ഉപയോഗത്തെ’ (utility) പരമാവധി വർദ്ധിപ്പിക്കുകയും ആത്മനിഷ്ഠമായ മാനസിക അസംതൃപ്തിയായ ‘ദുരുപയോഗത്തെ’ (disutility) പരമാവധി കുറക്കുകയും ചെയ്യുകയാണ് ധാർമികത എന്ന് യൂട്ടിലിറ്റേറിയനിസം സിദ്ധാന്തിക്കുന്നു.

യൂട്ടിലിറ്റേറിയനിസത്തിന്റെ പാളിച്ചകളും അപാകതകളും ഒരുപാട് ഫിലോസഫർമാർ വ്യക്തമാക്കിയിട്ടുള്ളതാണ്.

“പരമാവധി ആളുകൾക്ക് പരമാവധി ആനന്ദം” എന്ന ധർമ്മതത്ത്വത്തെ സാംസ്കാരിക ഉദാത്തമായ ഉട്ടോപിയൻ ലോകത്ത് നിന്ന് പറിച്ച് കൊണ്ട് വന്ന് അധാർമികതകൾ നിറഞ്ഞ യഥാർത്ഥ ലോകത്ത് പ്രയോഗവൽക്കരിക്കാൻ ശ്രമിക്കുമ്പോൾ ഈ പാളിച്ചകളും അപാകതകളും സൂര്യപ്രകാശം സുഷിരങ്ങളെ വെളിപ്പെടുത്തുന്നതു പോലെ നമുക്ക് മുമ്പിൽ വ്യക്തമാക്കുന്നതാണ്.

റോബർട്ട് നോസിക്ക്സ് മുന്നോട്ടു വച്ച Utility monster argument, ഒരു സാങ്കൽപ്പിക ഉദാഹരണത്തിലൂടെ യൂട്ടിലിറ്റേറിയനിസത്തിലെ ഒരു വലിയ പാളിച്ച വ്യക്തമാക്കുന്നുണ്ട്.
രണ്ടു വ്യക്തികളിൽ ഒന്നാമന് ഭക്ഷ്യവസ്തുക്കളെ ആസ്വദിക്കാനും ആനന്ദിക്കുവാനുമുള്ള കഴിവ് രണ്ടാമനേക്കാൾ അത്യധികമാണ് എന്ന് കരുതുക. എങ്കിൽ യൂട്ടിലിറ്റേറിയനിസ ധാർമികത പ്രകാരം ഒന്നാമന് ആ ഭക്ഷ്യ വസ്തു മുഴുവൻ അർഹതപ്പെടുന്നു. യൂട്ടിലിറ്റേറിയനിസ ധാർമികത, ആസ്വാദനത്തിന് കൂടുതൽ പ്രാപ്തിയുള്ള ആളുകൾക്ക് അനുകൂലമായാണ് നിലകൊള്ളുന്നത്.

ഓരോരുത്തരുടേയും മനസ്ഥിതിക്കനുസരിച്ചാണ് മാനസികവും – ഒരു പരിധി വരെ – ശാരീരികവുമായ സുഖവും ദുഖവും അനുഭവപ്പെടുക. വ്യക്തിക്കും സംഘത്തിനും സമൂഹത്തിനുമനുസരിച്ച് സുഖ ദുഖാനുഭവങ്ങൾ വ്യത്യസ്ഥപ്പെടാം. അപ്പോൾ യൂട്ടിലിറ്റേറിയനിസത്തിലെ ശരി തെറ്റുകളും ഇതിനനുസരിച്ച് ചാഞ്ചാടി കൊണ്ടിരിക്കും.

രണ്ടാളുകളിൽ ഒന്നാമൻ ഒരു ഭക്ഷ്യ വസ്തു രണ്ടാമനേക്കാൾ അങ്ങേയറ്റം ആസ്വദിക്കുന്നു എന്ന് കരുതുക. എങ്കിൽ രണ്ടാമനു നൽകാതെ ആ ഭക്ഷ്യ വസ്തു പൂഴ്ത്തി വെക്കാനും കുത്തകയാക്കാനും ഒന്നാമന് അർഹതയുണ്ട്. രണ്ടാമന് വിഭവങ്ങൾ നിഷേധിക്കപ്പെടുന്നത്
യൂട്ടിലിറ്റേറിയനിസ വീക്ഷണത്തിൽ അധാർമികതയല്ല. കാരണം ഒരു കാര്യത്തിന്റെ ആനന്ദത്തെ പരമാവധി അധികരിപ്പിക്കലാണല്ലൊ യൂട്ടിലിറ്റേറിയനിസ വീക്ഷണത്തിൽ ധാർമികത. അത് നടപ്പാക്കുന്നത് ആദ്യത്തെ വ്യക്തിയാണ്. കൂടുതൽ ആസ്വദിക്കാനും ഉപയോഗയോഗപ്പെടുത്താനും (അഥവാ ആത്മനിഷ്ഠമായ മാനസിക സംതൃപ്തി കൈവരിക്കാൻ) കഴിയുന്നവർക്ക് അങ്ങനെ കഴിയാത്തവർ വസ്തുക്കളും വിഭവങ്ങളും വിട്ടു കൊടുക്കണമെന്നതാണ് യൂട്ടിലിറ്റേറിയൻ ധാർമികത. ഞാൻ പണിത വീട് എന്നേക്കാൾ നന്നായി ആസ്വദിക്കാനും ഉപയോഗപ്പെടുത്താനും കഴിയുമെന്ന് ഒരാൾക്ക് കഴിയുമെങ്കിൽ അത് അയാൾക്കു നൽകണം. എന്നുവച്ചാൽ അനീതിയുടെ സ്രോതസ്സായി പരിണമിക്കാൻ വളരെ സാധ്യതയുള്ള നാസ്‌തിക നൈതീകതകളിൽ ഒന്നാണ് യൂട്ടിലിറ്റേറിയനിസം.

ഒരാളെ കൊന്നാൽ ഒട്ടനവധി പേർക്ക് അവയവ ദാനം ചെയ്യാൻ കഴിയുമല്ലൊ. അപ്പോൾ ആ കൊലപാതകം യൂട്ടിലിറ്റേറിയൻ ധാർമികതയിൽ ശരിയാവണം. കാരണം ആ കൊലപാതകത്തിലൂടെ ‘ആസ്വാദനത്തെ പരമാവധിയാക്കൽ’ (maximizing pleasure) നടക്കുന്നു. അസന്തുഷ്ടിയോ വേദനയോ (കൊല്ലപ്പെട്ട) ഒരാളിൽ പരിമിതമാണല്ലൊ.

ജനസംഖ്യാ വർദ്ധനവ് Utility യെ വർദ്ധിപ്പിക്കുന്നതുകൊണ്ട് തന്നെ ജനസംഖ്യാ നിയന്ത്രണം യൂട്ടിലിറ്റേറിയൻ വീക്ഷണത്തിൽ അധാർമികതയാണ്.

കൂട്ടബലാത്സംഗം (Gang rape) നടക്കുമ്പോൾ ഇരയായ ഒരു സ്ത്രീ യാതന അനുഭവിക്കുന്നുവെങ്കിലും അതിനു നേർ വിപരീത ദിശയിൽ ഒന്നിൽ കൂടുതൽ ആളുകൾ (ബലാൽസംഗക്കാർ) ആനന്ദം ആസ്വദിക്കുന്നുണ്ട്. ഈ പ്രക്രിയയിൽ (കൂട്ടബലാത്സംഗം) ഉൽപാദിപ്പിക്കുന്ന യാതനയുടെ തോതിനേക്കാൾ, ഉൽപാദിപ്പിക്കപ്പെടുന്ന ആസ്വാദനത്തിന്റെ തോത് അധികമാണ്. “ആനന്ദം പരമാവധിയാക്കുകയും ദുഖം പരമാവധി ന്യൂനീകരിക്കുകയും” ചെയ്യുക എന്ന “ധാർമികത” സാക്ഷാൽക്കരിക്കപ്പെടുന്നതിനാൽ കൂട്ടബലാത്സംഗം യൂട്ടിലിറ്റേറിയൻ വീക്ഷണത്തിൽ ധാർമികമാണ്.

ന്യൂനപക്ഷ പീഢനങ്ങളും ഈ അർത്ഥത്തിൽ തെറ്റല്ല. കാരണം സമൂഹത്തിലെ ഭൂരിഭാഗത്തിനും അത് ആശാസ്യകരമായതിനാൽ “ആനന്ദം പരമാവധിയാക്കൽ” സാക്ഷാൽക്കരിക്കപ്പെടുന്നു. ആത്മനിഷ്ഠമായ മാനസിക അസംതൃപ്തിയായ ദുരുപയോഗമാവട്ടെ (disutility) ഒരു ന്യൂനപക്ഷത്തിന് മാത്രമാണ് അനുഭവപ്പെടുന്നത്. അപ്പോൾ “ദുഖം പരമാവധി ന്യൂനീകരിക്കപ്പെടുന്നു” മുണ്ട്. ന്യൂനപക്ഷ പീഢനങ്ങളിലൂടെ ഉൽപാദിപ്പിക്കപ്പെടുന്ന ആനന്ദത്തിന്റേയും അസംതൃപ്തിയുടേയും അളവ് പരിശോധിച്ചാൽ ആനന്ദത്തിന്റെ അളവാണ് കൂടുതൽ. അതിനാൽ ന്യൂനപക്ഷ പീഢനം യൂട്ടിലിറ്റേറിയൻ വീക്ഷണത്തിൽ നന്മയാണ്.

അമേരിക്കൻ അടിമവ്യവസ്ഥ, ഹോളോക്കോസ്റ്റ്, സ്റ്റാലിന്റേയും മാവോയുടേയും നേതൃത്വത്തിൽ നടന്ന ഹോളോഡോമർ എന്നിവയെല്ലാം യൂട്ടിലിറ്റേറിയൻ നൈതിക സിദ്ധാന്ത പ്രകാരം ധാർമികതയായി വ്യാഖ്യാനിക്കാം.!!

യൂട്ടിലിറ്റേറിയൻ വീക്ഷണം, ക്വാൻസിക്വൻഷലിസം, Harm Principal, ഇങ്ങനെ ഏതൊക്കെ ധാർമിക തത്ത്വചിന്തകളാകട്ടെ ഇവയുടെ എല്ലാം ആദ്യത്തെ premise മനുഷ്യരെല്ലാവരും തുല്യരാണ് എന്നതിൽ നിന്നാണ് എന്ന് ഓർക്കുക. നിയമങ്ങളും അവകാശങ്ങളും തുല്യമായി മനുഷ്യ വർഗീകരണത്തിൽ ഉൾപെടുന്നവർക്ക് വിഭജിക്കപ്പെടുകയും ബാധകമാക്കപ്പെടുകയും വേണമെന്ന ലിബറലിസത്തിന്റെ അടിസ്ഥാനപരമായ premise ൽ നിന്നാണല്ലൊ മനുഷ്യരെ മുഴുവൻ തുല്യമായി കണ്ടുകൊണ്ടുള്ള ഈ ധാർമിക തത്ത്വങ്ങളെല്ലാം സംജാതമാകുന്നത്. അപ്പോൾ ഈ മൂലതത്ത്വം കേവല ബൗദ്ധീകവും ശാസ്ത്രീയവുമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ ആദ്യം തെളിയിക്കപ്പെടണം. മാത്രമല്ല, ഏതെങ്കിലും തുല്യമായ ഘടകത്തെ മുൻനിർത്തി മനുഷ്യ കുലത്തെ മുഴുവൻ ഒന്നായി പരിഗണിക്കൽ ധാർമികമായ ബാധ്യതയാണെന്നും ബൗദ്ധീകവും ശാസ്ത്രീയവുമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെടണം. ഈ ആദ്യത്തെ premise തെളിയാത്തിടത്തോളം അതിലൂടെ നിർമ്മിക്കപ്പെടുന്ന ധാർമിക വാദമുഖങ്ങൾക്ക് – അവ എത്ര ചേതോഹരവും യുക്തിപരവുമാവട്ടെ- സാധുതയില്ല എന്ന വളരെ പ്രസക്തമായ ഒരു ചോദ്യം നിലനിൽക്കുന്നു. ഇത് മുഹമ്മദ് ഹിജാബിനെ പോലെയുള്ള പ്രബോധകർ ആവർത്തിച്ച് ചോദിക്കാറുള്ള ഒരു കാര്യമാണ്.

വസ്തുനിഷ്ഠ ധാർമികതയുടെ മുഖം മൂടി അണിഞ്ഞ ആത്മനിഷ്ഠമായ ധാർമികത

അനുഭവ പരീക്ഷണങ്ങളിലൂടെ ഒരു പ്രവർത്തനത്തിൽ നിന്ന് ഉത്ഭവിക്കുന്ന പരിണിതഫലം ആവർത്തിതമായി തെറ്റാണോ ശരിയാണോ എന്ന് പരിശോധിച്ച് വസ്തുനിഷ്ഠമായ ധാർമികത (Objective Morality) നിർമ്മിക്കൽ സാധ്യമാണെന്ന് ചില ഭൗതികവാദികൾ ഇപ്പോൾ വാദിക്കുന്നതായി കാണുന്നു. വ്യക്തിനിഷ്ഠ ധാർമികതാവാദത്തിന്റെ പരാജയവും അപകടവും തിരിച്ചറിഞ്ഞ ചില നാസ്‌തികർ കണ്ടെത്തിയ ഒരു പുകമറ മാത്രമാണിത്. യഥാർത്ഥത്തിൽ ഈ വാദത്തിന്റെ ഉൾക്കാമ്പും ആത്മനിഷ്ഠമായ ധാർമികത (Subjective Morality) തന്നെയാണ്.

“നമ്മുടെ പ്രവർത്തനങ്ങളുടെ അന്തരഫലം പരിശോധനക്ക് വിധേയമാക്കിയാൽ, മനുഷ്യ ജീവിതത്തെ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ചില പ്രവർത്തനങ്ങൾ മറ്റു ചില പ്രവർത്തനങ്ങളേക്കാൾ മികച്ചതാണെന്നത് വസ്തുനിഷ്ഠമായ സത്യമായി നമുക്ക് മനസ്സിലാക്കാം. അപ്പോൾ അത്തരം മികച്ച പ്രവർത്തനങ്ങൾ ചെയ്യുകയെന്നതാണ് നിരീശ്വരവാദികളുടെ അടുക്കലുള്ള വസ്തുനിഷ്ഠമായ ധാർമികത (Objective Morality)…” എന്നാണ് റസ്സൽ ഗ്ലസ്സർ Atheists Experience ൽ പ്രസ്ഥാവിച്ചത്.
ഇതും ‘ക്വാൻസിക്ക്വൻഷലിസ’ത്തിൽ അധിഷ്ടിതമായ ഒബ്ജക്റ്റിവിറ്റി തിയറിയാണ്. ക്വാൻസിക്ക്വൻഷലിസ’ത്തിന്റെ പാളിച്ചകൾ മുമ്പ് നാം വിശദീകരിച്ചു കഴിഞ്ഞു.

അനുഭവലോകത്തിലെ നിരീക്ഷണ പഠനത്തിൻ നിന്ന് ധാർമികതയെ പറ്റി ജ്ഞാനമാർജിക്കാം എന്നും പ്രപഞ്ചത്തിലെ നിരീക്ഷിക്കാവുന്ന വസ്തുതകളെ അടിസ്ഥാനമാക്കി, നാം എങ്ങനെ പെരുമാറണമെന്ന് അറിയാൻ കഴിയും എന്നുമുള്ള Ethical naturalism ആണ് സാം ഹാരിസ്സിനെ പോലെയുള്ള നാസ്‌തികർ വാദിക്കുന്നത്:

“നിർഭാഗ്യവശാൽ, പല അനുഭവങ്ങളും അതൃപ്‌തികരമാണ്. സാംസ്കാരിക സദാചാരത്തിന്റേയോ വ്യക്തിപരമായ താൽപ്പര്യങ്ങളുടേയോ അടിസ്ഥാനത്തിൽ മാത്രമല്ലാതെ, സത്യമായും ശരിക്കും മോശമായ അനുഭവങ്ങളുണ്ട്. (നിങ്ങൾക്ക് ഇത് സംശയമുണ്ടെങ്കിൽ, ഒരു ചൂടുള്ള സ്റ്റവ്വിൽ കൈ വെച്ച് നോക്കുക. ആ വേദനാനുഭവം ശരിക്കും മോശമാണ്.)

ഈ ജീവിതത്തിൽ എന്തെങ്കിലും ചെയ്യാൻ നാം ബാധ്യസ്ഥപ്പെട്ടിട്ടുണ്ടെങ്കിൽ, ഇത്തരം ശരിക്കും, സത്യമായും മോശമായ അനുഭവങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്.

അപ്പോൾ എന്താണ് ധാർമികത? നമ്മളെപ്പോലുള്ള വിവേകമുള്ള മനുഷ്യർ എന്തുചെയ്യണം? ലോകം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന വസ്തുതകൾ മനസിലാക്കുക, അതിലൂടെ നാം എന്തൊക്കെ ഒഴിവാക്കണം, എന്ത് ചെയ്യണം എന്നൊക്കെ (മൂല്യങ്ങൾ) മനസ്സിലാവും.”
(https://twitter.com/SamHarrisOrg/status/951276362387591169?s=19)

ഡേവിഡ് ഹ്യൂംസിനെ പോലെയുള്ള നാസ്‌തിക തത്ത്വചിന്തകർ, ഈ ധാർമിക വീക്ഷണത്തെ നിശിതമായി തിരസ്ക്കരിക്കുന്നു. ഒരു ‘is’ൽ (ആകുന്നു) നിന്ന് നിങ്ങൾക്ക് ഒരു ‘ought’ (വേണം) കണ്ടെത്താൻ ഒരിക്കലും കഴിയില്ല. ഇവ രണ്ടും രണ്ട് വ്യത്യസ്തമായ, യുക്തിപര വൃത്തങ്ങളാണ് എന്ന് അലക്സ് ഒ’ കോന്നറിനെ പോലെയുള്ള നാസ്‌തികർ സാം ഹാരിസിനെ ഖണ്ഡിച്ചു കൊണ്ട് വാദിക്കുന്നു.

സാം ഹാരിസിന്റെ ഉദാഹരണം തന്നെ പരിശോധനാ വിധേയമാക്കുക. “ഒരു ചൂടുള്ള സ്റ്റവ്വിൽ കൈ വെച്ച് നോക്കുക. ആ വേദനാനുഭവം ശരിക്കും മോശമാണ്.” അപ്പോൾ ആ പ്രവർത്തനത്തിലൂടെ ഉണ്ടായ അനുഭവം (വേദന) ഉപദ്രവകരമാണെന്ന സത്യം വസ്തുനിഷ്ഠമാണ്. അപ്പോൾ അത്തരം അനുഭവങ്ങൾ സ്വയം വരിക്കാതിരിക്കുകയാണ് വേണ്ടത് എന്ന ധാർമിക ജ്ഞാനം നാം ആ പ്രകൃതി സത്യത്തിൽ നിന്ന് നേടിയെടുക്കുന്നു എന്നാണ് ഉദാഹരണത്തിന്റെ പൊരുൾ.

ഇവിടെ, രണ്ട് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്:
ഒന്ന്, സ്റ്റവ്വിൽ അല്ലെങ്കിൽ തീയിൽ ശരീര ഭാഗങ്ങൾ വെക്കുന്നത് സ്വമേധയാ ധാർമികമായ ശരി തെറ്റുകളെ വേർതിരിക്കുന്നുണ്ടോ ? തീർച്ചയായും ഇല്ല. കാരണം മനുഷ്യരെ പോലെ മൃഗങ്ങൾക്കും ജീവജാലങ്ങൾക്കും സ്റ്റവ്വിൽ കൈ വെക്കുമ്പോൾ വേദന അനുഭവപ്പെടുമല്ലൊ. അപ്പോൾ സ്റ്റവ്വിൽ കൈ വെക്കുമ്പോൾ വേദന അനുഭവപ്പെടുമെന്ന വസ്തുനിഷ്ഠമായ പ്രകൃതി സത്യത്തിൽ നിന്ന് ധാർമികമായ ശരി തെറ്റുകളിലേക്ക് എത്തിപ്പെടാമെങ്കിൽ സ്റ്റവ്വിൽ മൃഗമാംസം പാകം ചെയ്ത് തിന്നുന്നതും വസ്തുനിഷ്ഠമായ അധാർമികതയല്ലെ ?! അപ്പോൾ,
സ്റ്റവ്വിൽ കൈ വെക്കുമ്പോൾ വേദന അനുഭവപ്പെടുമെന്ന വസ്തുനിഷ്ഠമായ പ്രകൃതി സത്യത്തിൽ നിന്ന്, മനുഷ്യനെ വേദനിപ്പിക്കൽ ധാർമികമായി തെറ്റാണെന്നും മൃഗങ്ങളെ വേദനിപ്പിക്കൽ -ഭക്ഷണാവശ്യത്തിനാണെങ്കിൽ- ധാർമികമായി ശരിയാണെന്നുമുള്ള രണ്ട് വിപരീതമായ ധാർമിക നിലപാടുകൾ ഒരുമിച്ച് എങ്ങനെ ഉൾതിരിഞ്ഞു കിട്ടി; നാസ്‌തികന് ?

സ്റ്റവ്വിലെ ചെറു നാളത്തിൽ നിന്നും വസ്തുനിഷ്ഠമായ “ധാർമിക സത്യങ്ങളുടെ” ചുരുളഴിഞ്ഞു കിട്ടി എന്ന് വാദിക്കുന്ന സാം ഹാരിസിനെ പോലെയുള്ള നാസ്‌തികർക്ക്, പലസ്തീനിലെ പതിനായിരം വരുന്ന കുഞ്ഞുങ്ങളെ ചുട്ടെരിച്ച് കൊല്ലുന്ന ഇസ്റായേൽ കൂട്ടകുരുതി ധാർമികമായ ‘ശരി’യായി മാറുന്നു (https://youtu.be/5QAs96ytfhc) എന്നതാണ്
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നാസ്‌തിക ഫലിതം. താൻ ആവിഷ്ക്കരിച്ച വസ്തുനിഷ്ഠ ധാർമികത താൻ തന്നെ പൊളിച്ചടക്കുക !! വേദന പ്രകൃതി പരമായി മോശമാണെന്ന വസ്തുനിഷ്ഠമായ ജ്ഞാനത്തിൽ നിന്ന് മാത്രം ധാർമിക സത്യങ്ങൾക്ക് വെളിവാകുന്നില്ല എന്ന് ഇത് തെളിയിക്കുന്നു.

രണ്ട്, അടിസ്ഥാനപരമായി വസ്തുനിഷ്ഠമായ ധാർമിക സത്യങ്ങൾ ഈ ലോകത്ത് നിലനിൽക്കുന്നു എന്ന് സാം ഹാരിസ് വാദിക്കുന്നില്ല. അനുഭവജ്ഞാനത്തിൽ നിന്ന് ഉൽപന്നമാവുന്ന വസ്തുനിഷ്ഠമായ പ്രകൃതി സത്യങ്ങളിൽ നിന്ന് വസ്തുനിഷ്ഠമായ ധാർമികതയെ നിർമ്മിക്കാൻ സാധിക്കുമെന്ന് മാത്രമാണ് വാദം. ഇങ്ങനെ നിർമ്മിക്കപ്പെടുന്ന വസ്തുനിഷ്ഠ ധാർമികത ആത്യന്തികമായ സത്യങ്ങളാണെന്നോ അവ എല്ലാവരും സ്വീകരിക്കണമെന്നോ അവ സ്വയം സമർത്ഥിക്കുന്നില്ല. ഉണ്ടെങ്കിൽ മത ധാർമിക നിയമങ്ങളെ പോലെ തന്നെ, നിർബന്ധമായും പിന്തുടരേണ്ട നിത്യ സത്യങ്ങളിലുള്ള വിശ്വാസം ഭൗതീകവാദിക്കുമുണ്ട് എന്ന് വരുന്നു. ഇത് ഭൗതീകവാദികൾ അംഗീകരിക്കുന്നില്ലല്ലൊ. അപ്പോൾ ഈ ധാർമിക വീക്ഷണങ്ങളെ ധർമ്മശാസ്ത്രമായി സ്വീകരിക്കണോ വേണ്ടയോ എന്നത് ആത്മനിഷ്ഠമാണ്. അപ്പോഴും ഫലത്തിൽ സാം ഹാരിസ്സിന്റെ വസ്തുനിഷ്ഠ ധാർമികത, ആത്മനിഷ്ഠമായ ധാർമികതയുടെ മറ്റൊരു പതിപ്പാണ്. സ്റ്റവ്വിൽ അല്ലെങ്കിൽ തീയിൽ ശരീര ഭാഗങ്ങൾ വെക്കുക എന്ന പ്രവർത്തനത്തിലൂടെ ഉണ്ടായ അനുഭവം (വേദന) ഉപദ്രവമാണെന്ന സത്യം വസ്തു നിഷ്ഠമാണ് എന്നത് ശരി തന്നെയാണ്. പക്ഷെ വേദന എന്നത് ഉപദ്രവമാണെന്ന് തെളിഞ്ഞാൽ വേദന (ധാർമികമായി) തെറ്റാണ് എന്ന് തെളിയുമോ ? സുഖവും ദുഖവും തെളിഞ്ഞതു കൊണ്ട് മാത്രം സുഖം ശരിയും ദുഖം തെറ്റുമാണെന്ന് എങ്ങനെയാണ് തെളിയുക. സുഖം ശരിയാവാമെന്നതു പോലെ ചില സന്ദർഭങ്ങളിൽ തെറ്റുമാവാം, ദുഖം അല്ലെങ്കിൽ വേദന തെറ്റാകാം എന്നിരുന്നാലും ചില സന്ദർഭങ്ങളിൽ ശരിയുമാകാം എന്ന അപവാദങ്ങളെ ഈ ധാർമിക തത്ത്വവും ഉൾക്കൊള്ളുന്നില്ല. വേദന സ്വതന്ത്ര്യമായി ധാർമികമായ ശരി തെറ്റുകളെ വേർതിരിക്കുന്നില്ല. ഉദാഹരണത്തിന് കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികൾ വേദനയും വിഷ പദാർത്ഥങ്ങളും സ്വയം വരിക്കാൻ തയ്യാറാവുന്നു. സ്ത്രീകൾ കാതുകുത്തുന്നതും മൂക്കുത്തി ധരിക്കുന്നതും മറ്റു പിയേഴ്സിങ്ങുകളുമൊക്കെ ഉദാഹരണം.

എപ്പോഴാണ് സുഖം ‘ശരി’യായി വീക്ഷിക്കേണ്ടത്, എപ്പോഴാണ് സുഖം ‘തെറ്റാ’യി മനസ്സിലാക്കേണ്ടത് എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കൂടിയാണല്ലൊ ധാർമികത. അപ്പോൾ അതു തീരുമാനിക്കാനുള്ള മാനദണ്ഡം ഇന്നതാണെന്ന് Ethical naturalism വസ്തുനിഷ്ഠമായി തെളിയിച്ചിട്ടില്ല. ഭൗതികവാദികളുടെ അടുക്കൽ അതു തീരുമാനിക്കാനുള്ള മാനദണ്ഡം ആത്മനിഷ്ഠമാകാനെ (Subjective Morality) സാധിക്കൂ. Ethical naturalism വാദം ‘വസ്തുനിഷ്ഠമായ ധാർമികത’ അവകാശപ്പെടുന്നുവെങ്കിലും, യഥാർത്ഥത്തിൽ ‘വ്യക്തിനിഷ്ഠതയെ’ അടിസ്ഥാനമാക്കിയുള്ളതാണ് എന്നർത്ഥം. കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത, മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത ഒന്നാണ് ഭൗതീക വാദികൾക്ക്, വ്യക്തിനിഷ്ഠ ധാർമികതാ വാദം എന്നർത്ഥം.

അപ്പോൾ, റസ്സൽ ഗ്ലസ്സറും സാം ഹാരിസ്സുമൊക്കെ പറഞ്ഞതു പോലെ പരീക്ഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ലഭിക്കുന്ന വസ്തുനിഷ്ഠമായ ജ്ഞാനം കൊണ്ട് മാത്രം വസ്തുനിഷ്ഠമായ ധാർമികത സിദ്ധിക്കുകയില്ല. കാരണം അവ രണ്ടും രണ്ടു ജ്ഞാന തലങ്ങളാണ്.

ഈ Ethical naturalism രണ്ടു കക്ഷികൾ പങ്കാളികളാകുന്ന അനുഭവങ്ങളിൽ അപ്ലൈ ചെയ്താൽ ഇതു വ്യക്തമാവുന്നതാണ്.

പരസ്പരം ഉപദ്രവിക്കാൻ വേണ്ടി ശണ്‌ഠ കൂടുന്ന രണ്ടു കക്ഷികൾ, ഒരാളുടെ ഉപദ്രവത്തെ പ്രതിരോധിക്കാൻ വേണ്ടി ശണ്‌ഠ കൂടുന്ന ഒരു വ്യക്തിയടങ്ങുന്ന വേറെ രണ്ടു കക്ഷികളേയും എടുക്കുക.

ആദ്യത്തെ കേസിൽ ഒരാൾക്ക് ഉപദ്രവമേൽക്കുകയും മറ്റയാൾ വിജയിക്കുകയും ചെയ്തു. രണ്ടാമത്തെ കേസിൽ ഉപദ്രവിക്കാനുദ്ദേശിച്ച വ്യക്തി ഉപദ്രവമേൽക്കുകയും പ്രതിരോധിക്കാൻ ശ്രമിച്ച വ്യക്തി വിജയിക്കുകയും ചെയ്തു.

വിജയം നല്ലതാണെന്നാണ് അനുഭവങ്ങളുടേയും പരീക്ഷണങ്ങളുടേയും അടിസ്ഥാനത്തിൽ വസ്തുനിഷ്ഠമായ യാഥാർഥ്യം. ഉപദ്രവം മോശമാണെന്നതും അനുഭവങ്ങളുടേയും പരീക്ഷണങ്ങളുടേയും അടിസ്ഥാനത്തിൽ വസ്തുനിഷ്ഠമായ യഥാർത്ഥ്യമാണ്. പക്ഷെ ഈ വസ്തുതകളെ ‘മാത്രം’ മുൻനിർത്തി മുകളിൽ സൂചിപ്പിച്ച ഉദാഹരണങ്ങളിലെ ഇരു കക്ഷികളിലേയും ധാർമികമായ ‘തെറ്റും’ ‘ശരിയും’ എങ്ങനെ വേർതിരിക്കും?!

പരസ്പരം ഉപദ്രവിക്കാൻ വേണ്ടി ശണ്‌ഠ കൂടിയവരാണ് രണ്ടു കക്ഷികളുമെങ്കിലും ഒരാൾക്കേ ഉപദ്രവമേറ്റിട്ടുള്ളു. ഇവിടെ ഉപദ്രവമേൽപ്പിച്ച വ്യക്തി മാത്രമാണോ തെറ്റ് ചെയ്തത്? വിജയമെന്ന വസ്തുനിഷ്ഠമായ നന്മ നേടിയ വ്യക്തി ധാർമികമായി ‘തിന്മ’ ചെയ്തവനാണ് എന്ന് അവബോധജന്യമായി നാം മനസ്സിലാക്കുന്നു. എന്നാൽ Ethical naturalism ത്തിന്റെ അടിസ്ഥാനത്തിൽ ഇത് തെളിയുന്നില്ല.

ഒരാളുടെ ഉപദ്രവത്തെ പ്രതിരോധിക്കാൻ വേണ്ടി ശണ്‌ഠ കൂടുന്ന ഒരു വ്യക്തിയടങ്ങുന്ന രണ്ടു കക്ഷികളെ എടുക്കുക. ഇവിടെയാകട്ടെ വിജയമെന്ന വസ്തുനിഷ്ഠമായ നന്മ നേടിയ വ്യക്തി ധാർമികമായി ‘തിന്മ’യൊന്നും ചെയ്തവനല്ല എന്നും, അതേസമയം ഉപദ്രവമെന്ന വസ്തുനിഷ്ഠമായ അസ്വാസ്ഥ്യത അനുഭവിച്ച വ്യക്തി ധാർമികമായി ‘തെറ്റ്’ ചെയ്തവനാണ് എന്നും അവബോധജന്യമായി നാം മനസ്സിലാക്കുന്നു. എന്നാൽ Ethical naturalism ത്തിന്റെ അടിസ്ഥാനത്തിൽ ഇത് നേരെ തിരിച്ചാണ് സ്ഥാപിക്കപ്പെടുക.

സുഖം മനുഷ്യന് ശാരീരികവും മാനസികവുമായി നല്ലതാണെന്നതും ദുഖം മനുഷ്യന് ശാരീരികവും മാനസികവുമായി മോശമാണെന്നതും പരീക്ഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ലഭിക്കുന്ന വസ്തുനിഷ്ഠമായ ജ്ഞാനമാണ്. പക്ഷെ ബലാൽസംഗം ചെയ്യുന്ന വ്യക്തി വസ്തുനിഷ്ഠമായ നന്മയായ സുഖവും, വസ്തുനിഷ്ഠമായ മോശമായ ദുഖവും ആ പ്രവർത്തനത്തിലൂടെ ഉൽപാദിപ്പിക്കുന്നുണ്ട്. മനുഷ്യന് ഉപകാരവും ഉപദ്രവവും ഒരേ സമയം ഉണ്ടാക്കുന്ന ഈ പ്രവർത്തനത്തെ സുഖം നല്ലതാണെന്നും ദുഖം മോശമാണെന്നുമുള്ള അറിവിനെ അവലംബിച്ചു കൊണ്ട് മാത്രം എങ്ങനെ വിധിക്കാൻ കഴിയും ? അവിടെ ധാർമികമായ വിധിക്ക് അവലംബിക്കാനുതകുന്ന മറ്റു മാനദണ്ഡങ്ങൾ നമുക്ക് ആവശ്യമായി വരുന്നു.

പുറമെ, അഗമ്യഗമനം, ശവരതി, മൃഗരതി, ബാലരതി, നരഭോജനം തുടങ്ങിയ പലതും ഈ നൈതീക സിദ്ധാന്ത പ്രകാരവും അധാർമികതകളല്ല.

അപ്പോൾ “ലോകം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് (വസ്തുതകൾ) മനസിലാക്കുക, അതിലൂടെ നമുക്ക് എന്ത് ഒഴിവാക്കാം എന്ത് ചെയ്യാം എന്ന് (മൂല്യങ്ങൾ) മനസ്സിലാവും” എന്ന Ethical naturalism ബുദ്ധിജീവി വിടുവായത്തം മാത്രമാണ്.

യഥാർത്ഥത്തിൽ, തങ്ങൾ ഇച്ഛിക്കുന്നവ ധാർമിക വൃത്തത്തിൽ ഉൾപ്പെടുത്താനും തങ്ങൾ ഇച്ഛിക്കുന്നവ ധാർമിക വൃത്തത്തിൽ നിന്ന് പുറംതള്ളുവാനുമാണ് ഈ താത്ത്വീക ചർവിതചർവണങ്ങളൊക്കെയും. അടിസ്ഥാനപരമായി, നാസ്‌തികരുടെ ധാർമിക മാനദണ്ഡം ദേഹേച്ഛ മാത്രമാണ്. അതു തന്നെയാണ് അവരുടെ ദൈവവും.

“തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ?…”(ക്വുർആൻ: 25:43)

print

No comments yet.

Leave a comment

Your email address will not be published.