ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -4

//ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -4
//ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -4
ആനുകാലികം

ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -4

തോന്നിയവാസ പ്രത്യയശാസ്ത്രങ്ങൾ

ആത്മനിഷ്ഠമായ ധാർമികത (subjective morality):

ഭൂരിഭാഗം നാസ്‌തികരും വിശ്വസിക്കുന്നത് ആത്മനിഷ്ഠമായ ധാർമികതയിലാണ് (subjective morality). വസ്തുനിഷ്ഠമായ ധാർമികത (objective morality) അവരുടെ കാഴ്ചപ്പാടിൽ അസംഭവ്യമാണ്. (വസ്തുനിഷ്ഠമായ ധാർമികതയായി ചില കാര്യങ്ങളെ വിശദീകരിക്കാമെങ്കിലും അവ ആത്മനിഷ്ഠമായ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ ആയതിനാൽ അടിസ്ഥാനപരമായി ആത്മനിഷ്ഠമായ ധാർമികതക്ക് മാത്രമേ അസ്തിത്വമുള്ളു എന്നാണ് അവർ വിശദീകരിക്കുക.)

അപ്പോൾ ഒരു കാര്യം ധാർമികമായി ശരിയോ തെറ്റോ എന്ന് തീരുമാനിക്കപ്പെടുക വ്യക്തിഗത കാഴ്ചപ്പാടിന്റെ (Individual perspective) അടിസ്ഥാനത്തിലാണ്. ഇതാണ് മിക്കവാറും നാസ്‌തികരും വെച്ചുപുലർത്തുന്ന ധാർമിക സങ്കൽപ്പം.

ധാർമികമായി എന്തൊക്കെയാണ് ശരി എന്തൊക്കെയാണ് തെറ്റ് എന്ന് തിരഞ്ഞെടുക്കുന്നത്
ഐസ്ക്രിമീൽ വാനില്ലയാണോ ചോക്ലേറ്റാണോ കഴിക്കേണ്ടത് എന്ന് തിരഞ്ഞെടുക്കുന്നത് പോലെയാണ് എന്ന വാദഗതിയിലെ അപകടത്തെ സംബന്ധിച്ച് ചിന്തിച്ചു നോക്കൂ. ധാർമികത സബ്‌ജക്റ്റീവ് (വ്യക്തി കേന്ദ്രീകൃതമാണ്, ആത്മനിഷ്ഠമാണ്) ആണ് എന്ന് വന്നാൽ ധാർമിക അരക്ഷിതാവസ്ഥയാണ് ഒരു സമൂഹത്തിൽ സംജാതമാവുക. ഒരു രാജ്യത്തെ പീനൽ കോഡ് സബ്‌ജക്റ്റീവ് ആണെന്ന് വന്നാൽ ആ രാജ്യത്തുണ്ടാകാവുന്ന അരക്ഷിതാവസ്ഥ പോലെ തന്നെയാണ് ഇതും എന്ന് ഇവർ തിരിച്ചറിയുന്നില്ല. ഈ വസ്തുതയുടെ പ്രതിഫലനങ്ങളാണ് ആധുനിക ഭൗതീകവാദികളിൽ നാം കണ്ടു തുടങ്ങുന്നത്.

ഒരു സാങ്കൽപിക ഉദാഹരണം പറയാം:
എന്റെ വീക്ഷണത്തിൽ നല്ലതെന്ന് തോന്നുന്നത് മറ്റൊരാളുടെ വീക്ഷണത്തിൽ തെറ്റാവാം. മറ്റൊരാളുടെ വീക്ഷണത്തിൽ തെറ്റായ ഒരു കാര്യം എന്റെ വീക്ഷണത്തിൽ ശരിയാവാം. എനിക്ക് ഭാര്യയെ തല്ലുന്നത് തെറ്റായി തോന്നുന്നില്ല എങ്കിൽ എനിക്കത് ചെയ്യാമോ ? “അത് മറ്റൊരു മനുഷ്യനെ ഉപദ്രവിക്കലാണ്, മറ്റുള്ളവരെ ഉപദ്രവിക്കൽ ശരിയല്ല” എന്ന് ഒരാൾ വാദിച്ചാൽ അത് അയാളുടെ വീക്ഷണത്തിലുള്ള ശരിയും തെറ്റുമാണ്. എന്റെ വീക്ഷണത്തിൽ “മറ്റൊരു മനുഷ്യനെ ഉപദ്രവിക്കുന്നത് ശരിയല്ല” എന്ന വീക്ഷണം തന്നെ തെറ്റാണെങ്കിലോ ?! അപ്പോൾ ഞാൻ ഭാര്യയെ തല്ലുന്നത് തെറ്റാവില്ലല്ലൊ. “ഭാര്യയെ തല്ലുന്നത് തെറ്റാണെന്നാണ് തല്ലുകൊള്ളുന്ന ഭാര്യ കരുതുന്നത്. അതുകൊണ്ട് ഭാര്യയെ തല്ലൽ തെറ്റാണ്” എന്നാണ് മറുപടിയെങ്കിൽ തിരിച്ച് രണ്ട് മറുചോദ്യങ്ങളുണ്ട്. ഒന്ന്, “തന്നെ തല്ലുന്നത് തെറ്റാണ്” എന്ന ഭാര്യയുടെ വീക്ഷണം തെറ്റാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അപ്പോൾ മറ്റൊരാളുടെ തെറ്റായ വീക്ഷണത്തെ ഞാനെന്തിന് അംഗീകരിക്കണം? എന്റെ ശരിയെ ഭാര്യയുടെ ശരിക്ക് വേണ്ടി തെറ്റായി അംഗീകരിക്കുന്നതിലെ നൈതികത ബുദ്ധിയുടേയും ശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിൽ തെളിയിക്കാമോ?

രണ്ട്, “ഭർത്താവ് ഭാര്യയെ തല്ലുന്നത് തെറ്റല്ല” എന്നാണ് ഭാര്യ വിശ്വസിക്കുന്നതെങ്കിൽ ഭാര്യയെ തല്ലൽ ധാർമികമായി ‘ശരി’യാകുമോ ?!!
ഇങ്ങനെ ഏതു തിന്മക്കും നീതീകരണം നൽകാനുതകുന്നതാണ് ഭൗതീകവാദിയുടെ ധാർമിക സങ്കൽപ്പം.

ആത്മനിഷ്ഠ ധാർമികതയനുസരിച്ച് കളവ്, വഞ്ചന, കൊലപാതകം, ലൈംഗിക വൈകൃതങ്ങൾ, ബലാൽസംഗം തുടങ്ങി ഹോളോക്കോസ്റ്റ് (നാസ്സി ജർമനിയിലെ ജൂത കൂട്ടക്കൊല) വരെ ഒന്നും തന്നെ യഥാർത്ഥത്തിൽ അധാർമികതകളല്ല. അവ തെറ്റും ശരിയുമാകുന്നത് ഓരോ വ്യക്തികളുടേയും വീക്ഷണ വ്യത്യാസത്തിന് അനുസൃതമായി മാത്രമാണ്. നാസ്സി ജർമനിയിലെ ജനങ്ങളുടെ വീക്ഷണത്തിൽ ജൂത കൂട്ടക്കൊല രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹികക്ഷമതക്ക് അനിവാര്യവും ധാർമികമായി ‘ശരി’യുമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ നാസ്സികളായിരുന്നു ജയിച്ചിരുന്നതെങ്കിൽ ഹോളോക്കോസ്റ്റ് ധാർമികമായി ‘ശരി’യുമായി കണക്കാക്കപ്പെടുമായിരുന്നു എന്നതിലേക്ക് കാര്യങ്ങൾ എത്തുന്നു. അപ്പോൾ വ്യക്തികളുടെ വീക്ഷണകോണിനനുസരിച്ച് ഹോളോക്കോസ്റ്റ് തെറ്റും ശരിയുമാകാം എന്ന് ഭൗതീകവാദികൾ അംഗീകരിക്കുന്നു!!!

ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് ധാർമികതക്ക് വസ്തുനിഷ്ടമായ (Objective) ശരിയും തെറ്റുമുണ്ടാവാം എന്ന് വാദിച്ച സാം ഹാരിസിനെ ഖണ്ഡിച്ചു കൊണ്ട് സംസാരിക്കവെ പ്രസിദ്ധ നാസ്‌തിക ബുദ്ധിജീവിയായ അലക്സ്.ജെ. ഒ’കോണറെ ഇപ്രകാരം വിശദീകരിച്ചു:

“I think Morality must ultimately be subjective wether or not God exist and why this isn’t necessary a problem….
Despite it being possible to practically convince the entire world that the Holocaust was evil this would still be subjective and we still Can’t prove that it actually was objective evil. But I hope that i have shown that this doesn’t need to be such a problem as many people make it out to be…”

“ദൈവമുണ്ടെങ്കിലും ഇല്ലെങ്കിലും, ധാർമികത ആത്യന്തികമായി ആത്മനിഷ്ഠമായിരിക്കണം (subjective) എന്നും, ധാർമികത ആത്മനിഷ്ഠമായിരിക്കണം എന്നത് എന്തുകൊണ്ട് ഒരു പ്രശ്നമല്ല എന്നും ഞാൻ കരുതുന്ന ന്യായങ്ങളാണിത്…
‘ഹോളോകോസ്റ്റ്’ തിന്മയായിരുന്നെന്ന് ലോകത്തെ മുഴുവൻ പ്രായോഗികമായി അംഗീകരിപ്പിക്കാൻ കഴിയുമെങ്കിലും അത് തിന്മയാണെന്നത് അപ്പോഴും ആത്മനിഷ്ഠമായ ധാർമിക സങ്കൽപമാണ്. ഹോളോകോസ്റ്റ് വസ്തുനിഷ്ഠമായ തിന്മയായിരുന്നെന്ന് അപ്പോഴും നമ്മൾക്ക് തെളിയിക്കാൻ കഴിയില്ല. എന്നാൽ പലരും വരുത്തി തീർക്കാൻ ശ്രമിക്കുന്നതു പോലെ ഈ അഭിപ്രായം ഒരു വലിയ പ്രശ്‌നമായി കാണേണ്ടതില്ലെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട് എന്ന് ഞാൻ പ്രതീക്ഷിക്കുന്നു…” (!!)
(https://youtu.be/ZUtXmT_sIxI)

എന്നുവെച്ചാൽ, ഐസ്ക്രിമീൽ വാനില്ലയാണോ ചോക്ലേറ്റാണോ കഴിക്കേണ്ടത് എന്ന് തിരഞ്ഞെടുക്കുന്നത് പോലെയാണ് തത്ത്വത്തിൽ ഹോളോകോസ്റ്റ് ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന തീരുമാനാധികാരവും എന്നാണ് ഭൗതിക വാദികളുടെ നിലപാട്. !!!

ധാർമിക സത്യങ്ങൾ തീരുമാനിക്കാനുള്ള അധികാരം വ്യക്തിനിഷ്ഠമാണ് എന്ന് വന്നാൽ ലോകം മുഴുവൻ സർവനാശത്തിന്റെയും അരക്ഷിതത്ത്വത്തിന്റെയും തമോഗർത്തത്തിൽ ആണ്ടിറങ്ങുകയാണ് ഫലം.

“സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു. അല്ല, അവര്‍ക്കുള്ള ഉല്‍ബോധനവും കൊണ്ടാണ് നാം അവരുടെ അടുത്ത് ചെന്നിരിക്കുന്നത്‌. എന്നിട്ട് അവര്‍ തങ്ങള്‍ക്കുള്ള ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുകയാകുന്നു.”
(ക്വുർആൻ: 23:71)

ധർമ്മനീതി വ്യക്തി കേന്ദ്രീകൃതമാണ് എന്ന വാദത്തെ ‘തോന്നിയവാസം’ എന്നല്ലെ മലയാളത്തിൽ വിളിക്കേണ്ടത് ?!

“തോന്നിയവാസം: താന്തോന്നിത്തം. തോന്നിയവാസി: താന്തോന്നി, മനസ്സുപോലെ നടക്കുന്നവൻ. താന്തോന്നി: തനിക്കു ബോധിച്ചതുപോലെ നടക്കുന്നവൻ” (ശബ്ദതാരാവലി)

അപ്പോൾ ഭൗതീകവാദിക്ക് മലയാളത്തിൽ ഏറ്റവും യോജിച്ച പേര് ‘തോന്നിയവാസി’ എന്നല്ലേ ?!!

ധാർമികത ഇങ്ങനെ ഓരോരുത്തരുടേയും വീക്ഷണത്തിനും താൽപര്യങ്ങൾക്കുമനുസരിച്ച് രൂപാന്തരപ്പെടുന്ന ഒരു ആത്മനിഷ്ഠ സങ്കൽപമാണെങ്കിൽ പിന്നെ മത ഗ്രന്ഥങ്ങളിൽ അധാർമികതകളുണ്ടെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് ഭൗതികവാദികൾ വിമർശിക്കുന്നത്?!
തങ്ങൾ തന്നെ സ്വീകരിച്ചംഗീകരിച്ച ധാർമിക ദർശനങ്ങളുടെ അടിത്തറ തന്നെ തകർക്കുന്നതല്ലെ മതങ്ങളിലെ “അധാർമികത”കൾക്ക് (?!) എതിരെയുള്ള വിമർശനങ്ങൾ ?!! ഇത്തരം വിമർശനങ്ങളിൽ -നിങ്ങളുടെ തന്നെ ധാർമിക സങ്കൽപ പ്രകാരം – അൽപ്പമെങ്കിലും ആദർശ നീതിയുണ്ടോ?

ഈഗോയിസം (Egoism)

ആത്മനിഷ്ഠമായ ധാർമിക സിദ്ധാന്തത്തോട് അശയപരമായി അടുത്ത് നിൽക്കുന്ന മറ്റൊരു ‘തോന്നിയവാസ’ സിദ്ധാന്തമാണ് ഈഗോയിസം (Egoism).

“ഞാൻ” എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഇസം നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. വ്യക്തികളുടെ ‘സ്വാർത്ഥതാൽപര്യങ്ങളെ’ അടിസ്ഥാനമാക്കിയാണ് നല്ലതും ചീത്തയും വേർതിരിക്കപ്പെടുക (!!!) എന്ന് വാദിക്കുന്ന ഒരു നൈതിക സിദ്ധാന്തമാണിത്. പല നൈതിക സിദ്ധാന്തങ്ങളുടേയും അവലംബം ഈഗോയിസമാണ്. പുരാതന ഗ്രീക്കുകാരുടെ ഹെഡോണിസം (Hedonism) ഓരോരുത്തരും അവരവരവർക്ക് ഏറ്റവും വലിയ സന്തോഷം പ്രദാനം ചെയ്യുന്ന കാര്യങ്ങളെ തേടുന്നതാണ് ധാർമികതയെന്ന് വാദിച്ചിരുന്നു.

17 ആം നൂറ്റാണ്ടിലെ ഭൗതികവാദികളായ തോമസ് ഹോബ്‌സും, ബെനഡിക്റ്റ് ഡി സ്പിനോസയും, ആത്മസംരക്ഷണമാണ് ‘നന്മ’ എന്ന് വ്യത്യസ്ത രീതികളിൽ വാദിച്ചു.
(https://www.britannica.com/topic/egoism)

വ്യക്തിയുടെ ധാർമിക മൂല്യത്തിന് പ്രാധാന്യം നൽകുന്ന വ്യക്തിത്വ രാഷ്ട്രീയ സാമൂഹിക തത്ത്വചിന്തയാണ് ഇന്റിവിജ്വലിസം (Individualism). രാഷ്ട്ര – സാമൂഹിക നിയന്ത്രണങ്ങൾക്കും മുകളിൽ വ്യക്തികളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന സാമൂഹിക സിദ്ധാന്തം.
ഈ ഇസങ്ങളെല്ലാം തന്നെ വ്യക്തികേന്ദ്രീകൃതമായ ധാർമികതയേയും നൈതികതയേയുമാണ് മുന്തിക്കുന്നത്.

ഈ ആത്മനിഷ്ഠ ധാർമിക സിദ്ധാന്തങ്ങളെല്ലാം തന്നെ അങ്ങേയറ്റം അപകടകരമായ ആശയങ്ങളാണ്. വ്യക്തികേന്ദ്രീകൃതമായ ധാർമികതയേയും നൈതികതയേയും മുന്തിക്കുന്ന തത്ത്വസംഹിതകൾ മിക്കവയും -മുമ്പ് സൂചിപ്പിച്ചത് പോലെ- കളവ്, വഞ്ചന, കൊള്ള, കൊല, ലൈംഗിക വൈകൃതങ്ങൾ, ബലാൽസംഗം തുടങ്ങി ഹോളോക്കോസ്റ്റ്, ഹോളോഡോമർ വരെ പലതിനും ധാർമികമായ നീതീകരണം നൽകുന്നു. അതുമൂലം ധാർമിക അരാജകത്വത്തിലേക്കുള്ള വാതായനങ്ങൾ ലോകത്തിന് മുമ്പിൽ മലർക്കെ തുറക്കുകയാണ് ഫലം.

മതേതര ധാർമിക സിദ്ധാന്തങ്ങളിൽ ഒന്നായ ‘കോൺട്രാക്റ്റാരിയനിസം’ (contractarianism), “ധാർമിക മാനദണ്ഡങ്ങൾ അവയുടെ മാനദണ്ഡശക്തി നേടുന്നത് കരാർ (contract) അല്ലെങ്കിൽ പരസ്പര ഉടമ്പടി (mutual agreement) എന്ന ആശയത്തിൽ നിന്നാണ്” എന്ന് വാദിക്കുന്നു.
ഈ ധാർമിക സിദ്ധാന്ത പ്രകാരം ധാർമികതയെന്നത് മനുഷ്യന്റെ ജീവിതത്തിന്റെ സ്വാസ്ത്യതക്കായി മനുഷ്യർ തന്നെ കാലാന്തരങ്ങളിൽ സങ്കൽപ്പിച്ചുണ്ടാക്കുന്ന നിയമങ്ങളാണ്. അപ്പോൾ, ധാർമികത എന്ന ഒന്നില്ല. നാം എന്താണോ ധർമ്മമെന്ന് യോജിച്ച് തീരുമാനിക്കുന്നത് അതു തന്നെയാണ് ധർമ്മം. എങ്കിൽ നാസ്സി ജർമനിയിലെ ജനങ്ങളും മുസോളനിയുടെ ഇറ്റലിയിലെ ജനങ്ങളും കരാറിലൂടെയൊ പരസ്പര ഉടമ്പടിയിലൂടെയൊ ധർമ്മമെന്ന് തീരുമാനിച്ച നാസ്സിസവും ഫാഷിസവും ധാർമിക ആദർശങ്ങൾ തന്നെയായിരുന്നെന്ന് വരില്ലേ ?!

രാഷ്ട്രീയ സ്പെക്ട്രത്തിൽ, ലിബർട്ടേറിയനുകൾ (libertarians, സ്വാതന്ത്ര്യവാദികൾ) മുതൽ കമ്മ്യൂണിറ്റേറിയനിസ്റ്റുകൾ (Communitarianism) വരെ നൈതിക ബാഹുല്യം പുലർത്തുന്നവരാണ് നിരീശ്വരവാദികൾ.

“മനുഷ്യന്റെ വ്യക്തിത്വങ്ങൾ പ്രധാനമായും രൂപപ്പെടുത്തുന്നത് വിവിധ തരം സമുദായങ്ങളാണ് അല്ലെങ്കിൽ സാമൂഹിക ബന്ധങ്ങളാണ് എന്ന ആശയമാണ് കമ്മ്യൂണിറ്റേറിയനിസം… ആ സമൂഹങ്ങളും സമുദായങ്ങളുമാണ് നമ്മുടെ ധാർമികവും രാഷ്‌ട്രീയവുമായ വിധിന്യായങ്ങൾ‌ രൂപപ്പെടുത്തുന്നതും രൂപപ്പെടുത്തേണ്ടതും, അതുകൊണ്ട് തന്നെ നമ്മളുടെ ജീവിതത്തിന് അർ‌ത്ഥം നൽ‌കുന്ന പ്രത്യേക സമൂഹങ്ങളേയും സമുദായങ്ങളേയും പിന്തുണയ്‌ക്കാനും പരിപോഷിപ്പിക്കാനും നമ്മൾക്ക് ശക്തമായ ബാധ്യതയുണ്ട്.”
(https://plato.stanford.edu/entries/communitarianism/)

അപ്പോൾ ധാർമികത വ്യക്തി കേന്ദ്രീകൃതമല്ല മറിച്ച്, സാമൂഹിക കേന്ദ്രീകൃതമാണ് എന്ന് നാസ്‌തികർ വാദിച്ചാൽ നാസ്‌തികത തന്നെ അധാർമികതയായി അംഗീകരിക്കേണ്ടതായി വരും. കാരണം, ലോകത്തെ ഭൂരിഭാഗം സമൂഹങ്ങളുടെയും വീക്ഷണത്തിൽ നാസ്‌തികത അസത്യവും അധാർമികവുമാണ്.

നിരീശ്വരവാദികളുടേയും ഒപ്പം അജ്ഞേയവാദികളുടേയും ജനസംഖ്യ, ലോക ജനസംഖ്യയുടെ 7% മാത്രമാണ് എന്ന് നിരീശ്വരവാദത്തെക്കുറിച്ചുള്ള നിരവധി ആഗോള പഠനങ്ങളെക്കുറിച്ച്, സാമൂഹ്യശാസ്ത്രജ്ഞരായ അരിയേല കീസാർ, ജുഹെം നവാരോ-റിവേര എന്നിവരുടെ അവലോകനത്തിൽ പ്രസ്ഥാവിക്കുന്നുണ്ട്.

കൂടാതെ നിരീശ്വരവാദികളുടെ വീക്ഷണത്തിൽ വ്യക്തി സ്വാതന്ത്ര്യത്തിന്റയും അവകാശങ്ങളുടേയും ഭാഗമായ സ്വതന്ത്ര ലൈംഗികത, സ്വവർഗരതി, അബോർഷൻ എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങൾ ഭൂരിഭാഗം സമൂഹങ്ങളിലും അധാർമികതകളാണല്ലൊ.
അപ്പോൾ പ്രസ്തുത സമൂഹങ്ങളുടെ ധാർമിക വീക്ഷണങ്ങളെ ധർമ്മികതയുടെ മാനദണ്ഡമായി അംഗീകരിക്കാൻ നാസ്‌തികർ തയ്യാറാകുമോ ?

ലോകത്ത് ഭൂരിഭാഗം മനുഷ്യരും മത ധാർമികതയിൽ വിശ്വസിക്കുന്നു എന്നത് മത ധാർമികത സത്യമാണെന്നതിനുള്ള തെളിവല്ലേ? എന്ന മത വിശ്വാസികളുടെ ചോദ്യത്തെ ഭൗതീകവാദികൾ ഇപ്രകാരം ഖണ്ഡിക്കുന്നത് കാണാം:

“സത്യം ഒരു ജനാധിപത്യ തീരുമാനമല്ല. ഭൂരിഭാഗം ഒരു ആശയം അംഗീകരിക്കുന്നു എന്ന വസ്തുത ആ ആശയം ശരിയാണ് എന്ന് തെളിയിക്കുന്നില്ല.” ( https://www.atheistalliance.org/about-atheism/can-atheists-moral/ ) 

എങ്കിൽ ധാർമിക സത്യങ്ങളും ജനാധിപത്യ തീരുമാനമല്ല. ഭൂരിഭാഗം ഒരു കാര്യത്തെ ധാർമികമായി അംഗീകരിക്കുന്നു എന്ന വസ്തുത ആ കാര്യം ധാർമികമായും ശരിയാണ് എന്ന് തെളിയിക്കുന്നില്ല. ഭൗതീകവാദികൾ തന്നെ അംഗീകരിക്കുന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ ധാർമികത സമൂഹത്തെയൊ നാടിനേയൊ കേന്ദ്രീകരിച്ചവയാണ് എന്ന വാദം അബദ്ധജടിലമാണ്.

Harm principle:

ശാസ്ത്രം, യുക്തി, ന്യായം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഭിപ്രായങ്ങൾ രൂപപ്പെടേണ്ടതെന്നും അവ ഭരണകൂടം, സദാചാരം, വിശ്വാസ-ആചാരങ്ങൾ എന്നിവയാൽ സ്വാധീനിക്കപ്പെടരുതെന്നും വാദിക്കുന്ന ഒരു ദാർശനിക വീക്ഷണമാണ് ‘സ്വതന്ത്ര്യ ചിന്ത’ (Freethought).

അമേരിക്കയിലെ Freedom from Religion Foundation ന്റെ വെബ്സൈറ്റ് ‘സ്വതന്ത്ര്യചിന്തകരുടെ’ (Free thinkers) അടുക്കലുള്ള ധാർമിക അടിത്തറയെന്താണെന്ന ചോദ്യത്തിന് ഇപ്രകാരമാണ് മറുപടി പറഞ്ഞിരിക്കുന്നത്:

“ധാർമികതയ്ക്ക് വലിയ രഹസ്യമൊന്നുമില്ല. മിക്ക സ്വതന്ത്ര്യചിന്തകരും (Free thinkers) ‘യുക്തി’യുടെയും ‘ദയ’യുടെയും ലളിതമായ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് ധാർമികത നിശ്ചയിക്കുന്നത്. ഫെമിനിസ്റ്റ് എഴുത്തുകാരിയായ ബാർബറ വാക്കർ സൂചിപ്പിക്കുന്നത് പോലെ: “ധാർമികത എന്നത് മറ്റുള്ളവരെ ‘വേദനിപ്പിക്കാത്ത’ (hurt, harm) പ്രവർത്തനങ്ങളാണ്. ദയ…എല്ലാം സംഗ്രഹിക്കുന്നു.”

“ചത്ത കോഴിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ തെറ്റല്ല. കാരണം അവിടെ കോഴി ഉൾപ്പെടെ ആർക്കും ഒരു ഉപദ്രവവും വരുന്നില്ലല്ലൊ…” എന്ന് ക്ലബ് ഹൗസിൽ ഒരു മലയാളിയായ ഭൗതികവാദി പറയുകയുണ്ടായി എന്നതു കൂടി കൂട്ടി വായിച്ചാൽ മനസ്സിലാകുന്നത്, കേരളത്തിലും പുറത്തും ഒട്ടനവധി “സ്വതന്ത്ര്യചിന്തകരും” ഭൗതികവാദികളും ധാർമിക വിധികൾക്ക് അടിസ്ഥാനപ്പെടുത്തുന്ന ഘടകം ‘ഉപദ്രവം’ (Harm) ആകുന്നു എന്നാണ്.

ലിബറലിസ രാഷ്ട്രീയ തത്ത്വചിന്തയുടെ കേന്ദ്ര തത്ത്വമാണ് ഈ ‘ഉപദ്രവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ധർമാഖ്യാന’ തത്ത്വം (The harm principle). ഈ തത്ത്വം ആദ്യമായി ആവിഷ്ക്കരിച്ചത് ഇംഗ്ലീഷ് തത്ത്വചിന്തകനായ ജോൺ സ്റ്റുവർട്ട് മില്ലാണ്.

“ഒരു വ്യക്തിയുടെ പ്രവർത്തനം മറ്റൊരാൾക്ക് ദോഷം വരുത്തുന്നില്ലെങ്കിൽ ആദ്യ വ്യക്തിക്ക് തോന്നുന്ന രീതിയിൽ പ്രവർത്തിക്കാൻ അയാൾക്ക് സ്വാതന്ത്ര്യമുള്ളതായിരിക്കും” എന്നാണ് The harm principle വാദിക്കുന്നത്.
(https://ethics.org.au )

ധാർമികതക്ക് സ്വന്തമായി തെളിവുകളോ അടിസ്ഥാനങ്ങളൊ കൈമുതലായി ഉടമപ്പെടുത്താത്ത (ആദർശ) ദരിദ്രരായ പല നിരീശ്വരവാദികളും (atheist) അജ്ഞയതാവാദികളും (agnostic) ശരി തെറ്റുകളെ നിർണയിക്കുന്നതിന്റെ മാനദണ്ഡമായി ‘ഉപദ്രവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ധർമാഖ്യാന’ തത്ത്വത്തെ (The harm principle) സ്വീകരിക്കുന്നു.

Atheist Alliance International ന്റെ ഒഫിഷ്യൽ സൈറ്റിൽ ഇപ്രകാരം നമുക്ക് വായിക്കാം:

The first point is, behavior can only be moral or immoral if it affects other humans… Actions that unnecessarily cause suffering or harm to humans are morally wrong, and actions that contribute to human wellbeing are morally right…
(https://www.atheistalliance.org/about-atheism/can-atheists-moral/)

അടിസ്ഥാനപരമായി ധാർമികം അധാർമികം എന്ന കാര്യങ്ങളില്ല. അവയുടെ അസ്‌തിത്വത്തിന്റെ ആധാരം മറ്റുള്ളവരെ അതെങ്ങനെ ബാധിക്കുന്നു എന്നതിലാണ്. ‘അനാവശ്യമായി’ മനുഷ്യർക്ക് കഷ്ടതയോ ഉപദ്രവമോ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ധാർമികമായി തെറ്റാണ് എന്ന് ചുരുക്കം.

എന്താണ് ഈ ഉപദ്രവം (Harm) എന്ന് പറയുന്നത്? ധർമ അധർമ്മങ്ങളെ വേർതിരിക്കുന്ന അളവുകോലായി ഉപദ്രവത്തെ എങ്ങനെ സ്വീകരിക്കും? എന്നതാണ് അടുത്ത ചോദ്യങ്ങൾ.

“മറ്റുള്ളവരുടെ താൽപ്പര്യങ്ങൾക്ക് എതിരായി ക്ലേശങ്ങൾ സൃഷ്ടിക്കുകയാണ്” (wrongful setbacks to interests) ഫിലോസഫർ ജോയൽ ഫെയ്ൻബെർഗിന്റെ അഭിപ്രായത്തിൽ ഉപദ്രവം അല്ലെങ്കിൽ ദ്രോഹം (Harm).

മാത്രമല്ല ഉപദ്രവം എന്നത് പല വിധമാണ്. മാനസികം ശാരീരികം, നേരിട്ടുള്ളത് നേരിട്ടല്ലാത്തത്, സന്നിഹിതമായത് ഭാവിയിൽ സംഭവിക്കാവുന്നത് എന്നിങ്ങനെ പല തരം ഉപദ്രവങ്ങളുണ്ട്.

അപ്പോൾ മത വിശ്വാസങ്ങൾക്കും, ആചാരങ്ങൾക്കും, പ്രവാചകന്മാർക്കും, ആചാര്യന്മാർക്കും, ഗ്രന്ഥങ്ങൾക്കുമൊക്കെ എതിരെയുള്ള നിരീശ്വരവാദികളുടെ പ്രസംഗങ്ങളെല്ലാം മത വിശ്വാസികൾക്ക് എതിരെയുള്ള ദ്രോഹമല്ലെ ? നിരീശ്വരവാദ പ്രത്യയശാസ്ത്രങ്ങളുടെ നിലനിൽപ്പ് തന്നെ മതത്തിനും മത വിശ്വാസികൾക്കും എതിരെയുള്ള വിധ്വേഷ പ്രചാരണങ്ങളും തെറി വിളികളുമാണല്ലൊ. അപ്പോൾ Harm principle അനുസരിച്ച് അത് തെറ്റാണെന്ന് വന്നാൽ പിന്നെ നിരീശ്വരവാദത്തിന് അസ്തിത്വം തന്നെ ഇല്ലാതാവുന്നു. അപ്പോൾ ഭൗതികവാദികൾ തല പുകക്കാൻ തുടങ്ങി…

മുഹമ്മദ് നബിയെ തെറി വിളിക്കുന്നത് തെറ്റാവരുത്… അത് വ്യക്തി സ്വതന്ത്ര്യത്തിന്റെ ഭാഗമായ ‘ശരി’യായി വ്യാഖ്യാനിക്കണം. അതേ സമയം “ധാർമികതക്ക് അടിത്തറയുണ്ടോ ?” എന്ന മതവിശ്വാസികളുടെ ചോദ്യത്തിന് മുമ്പിൽ കുഴങ്ങാതിരിക്കാൻ Harm principle പുൽകിയേ പറ്റു. അതിനെന്തുണ്ട് മാർഗം ?! ആലോചിച്ച് തലപുണ്ണാക്കി അവസാനം ഒരു ഉപവാദം തട്ടി കൂട്ടിയെടുത്തു:

“മതപരമോ പ്രത്യയശാസ്ത്രപരമോ ആയി ‘ദൂഷിച്ചു പറയൽ’ ഈ ‘ഉപദ്രവ’ത്തിൽ (Harm) നിന്ന് ഒഴിവാക്കപ്പെടുന്നു”. ‘ഉപദ്രവം’ (Harm) എന്നാൽ “ശാരീരികമായി വേദനിപ്പിക്കുകയും പരിക്കേൽക്കുകയും ചെയ്യുകയണ്”. (!!!)

* എങ്കിൽ, വർഗീയതയും തീവ്രവാദവും വർണവെറിയും വംശീയതയും പ്രസംഗിക്കുന്നവരെ ജയിലിൽ ഇടാൻ പാടുണ്ടോ എന്നതാണ് അടുത്ത ചോദ്യം? അയാൾ harm principle പ്രകാരം തെറ്റൊന്നും (ശാരീരിക ഉപദ്രവം) ചെയ്തിട്ടില്ലല്ലൊ?! ഒരു സ്ത്രീയെ സമൂഹ മധ്യത്തിൽ അശ്ലീലം വിളിക്കുന്നത് തെറ്റല്ല. സ്വന്തം അമ്മമാരുടേയും പെങ്ങമ്മാരുടേയും നഗ്ന ചിത്രങ്ങൾ കൂട്ടുകാർക്ക് പങ്കു വെക്കുന്നത് തെറ്റല്ല. പ്രായപൂർത്തിയാകാത്ത കുട്ടികളുമായി അവരുടെ പൂർണ സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റല്ല. അവരുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും അണ്ടർ ഐജെഡ് പോണും തെറ്റല്ല. വർണ വംശീയ അധിക്ഷേപങ്ങൾ തെറ്റല്ല. No Dogs, No blacks alowed പൊസ്റ്ററുകളും റേസിസ്റ്റ് കമന്റുകളുമൊന്നും -ആഫ്രിക്കൻ അമേരിക്കക്കാരെ ഒരു സാംസ്കാരിക പ്രശ്നമായി കാണുന്ന ഒരാളെ സംബന്ധിച്ചിടത്തോളം- തെറ്റല്ല.
ഒരു വ്യക്തിയെ സമൂഹത്തെ സാക്ഷിയാക്കി തെറി വിളിക്കുന്നത് തിന്മയല്ല. അമ്മക്കും അച്ചനും വിളിക്കുന്നത് തെറ്റല്ല. അയാളെ പരിഹസിക്കുന്നത് തിന്മയല്ല എന്നതൊക്കെയാണ് harm principle പ്രകാരം വരിക.

* ശാരീരിക ഉപദ്രവമാണ് തെറ്റിനേയും ശരിയേയും വിഭജിക്കുന്ന ഘടകമെങ്കിൽ മറ്റുള്ളവരെ ഉപദ്രവിക്കുന്നവനേയും ഉപദ്രവിക്കാൻ പാടില്ല. ഉപദ്രവമെന്നത് -Harm principle പ്രകാരം- സ്വമേധയാ തെറ്റാണ്. ‘കാരണം’ അല്ലെങ്കിൽ ‘ന്യായം’ ഉണ്ട് എന്നത് ഉപദ്രവത്തെ ‘ശരി’യാക്കി പരിവർത്തിപ്പിക്കില്ല.

അപ്പോൾ ഒരു തെറ്റിനെ മറ്റൊരു തെറ്റു കൊണ്ട് പരിഹരിക്കാൻ ശ്രമിക്കുന്നത് അധാർമികതയല്ലെ ? കാരണം ഒരു ഉപദ്രവം -മറ്റൊരു തെറ്റിനെ (ഉപദ്രവത്തെ) ശിക്ഷിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ചെയ്താലും- സ്വതന്ത്രമായ മറ്റൊരു (ഉപദ്രവമാണ്) തെറ്റാണ്. അപ്പോൾ ആ തെറ്റും ശിക്ഷ അർഹിക്കുന്നു !! കാരണം Harm Principle ൽ തെറ്റ് എന്നാൽ ഉപദ്രവവും ശരി എന്നാൽ ഉപദ്രവിക്കാതിരിക്കലുമാണ്. ഒരാളുടെ സേവനത്തിന് (നന്മക്ക്) പ്രതിഫലം നൽകുന്നത് സ്വതന്ത്ര്യമായ ഒരു നന്മയാണ്. എങ്കിൽ Harm Principle പ്രകാരം ഒരാളുടെ ഉപദ്രവത്തിന് (തെറ്റിന്) ശിക്ഷ നൽകുന്നത് സ്വതന്ത്ര്യമായ ഒരു തെറ്റു തന്നെയാവണം.

* ഉപദ്രവം ചെയ്യുന്നവനെ ഉപദ്രവിക്കൽ അധാർമികതയല്ല എന്നത് ഒരു സർവാംഗീകൃത തത്ത്വമൊന്നുമല്ല. മത വ്യക്തിത്വങ്ങളിലും അല്ലാത്തവരിലും സമ്പൂർണ അഹിംസയെ ശരിയായി കാണുന്നവരുണ്ട്. ഉദാഹരണത്തിന്, അഹിംസക്കെതിരായി സസ്യാഹാരികളായി സ്വയം പ്രഖ്യാപിച്ചവരായ വീഗനുകൾ (vegan). കേവല സസ്യഭുക്കുകളല്ല (vegetarian) വീഗനുകൾ. അഹിംസക്കെതിരായ സസ്യാഹാരികളാണവർ. നിരീശ്വരവാദികളിലെ വീഗനുകളിൽ 88% പേരും വീഗനുകളാകാനുള്ള പ്രാഥമിക പ്രചോദനം മൃഗങ്ങളെ കൊല്ലുന്നതിലുള്ള പ്രതിഷേധമാണ്. (https://faunalytics.org/atheism-and-veganism/)

മറ്റുള്ളവരെ ഉപദ്രവിക്കുന്നവനെ ഉപദ്രവിക്കാം എന്ന സർവാംഗീകൃതമായ ഒരു തത്ത്വമല്ല എന്നർത്ഥം. സമ്പൂർണ അഹിംസയെ ആദർശമായി സ്വീകരിച്ചവരുടെ അടുക്കൽ ദ്രോഹിച്ചവനെ ദ്രോഹിക്കാം എന്നത് തെറ്റാണ്. അപ്പോൾ ഈ രണ്ട് ആദർശങ്ങളിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് എങ്ങനെ വേർതിരിക്കും.?! ഉപദ്രവമാണ് ധാർമിക-അധാർമികതകളെ വേർത്തിരിക്കുന്ന ഘടകമെങ്കിൽ ഈ രണ്ട് വാദഗതികളിൽ ദ്രോഹിച്ചവനെ ദ്രോഹിക്കാം എന്നത് തെറ്റാണ് എന്നല്ലെ സ്ഥാപിതമാവുക.

* സ്‌പർശബോധമുള്ളതും ഇല്ലാത്തതുമായ (sentient & non sentient) മനുഷ്യരല്ലാത്ത മറ്റു ജീവജാലങ്ങളെ കൊന്ന് അവയുടെ മാംസം ഭക്ഷിക്കുന്നത് Harm Principle പ്രകാരം അധാർമികമാകേണ്ടതല്ലെ ?! എങ്കിൽ ഒരു നാസ്‌തികൻ നിർബന്ധമായും സസ്യബുക്കാകേണ്ടതല്ലേ ?! അല്ല, സസ്യങ്ങൾക്കും (സ്‌പർശബോധമുള്ളതോ ഇല്ലാത്തതോ ആകട്ടെ) ജീവനും അസ്ഥിത്വവും ഉണ്ടല്ലൊ. അവയുടെ ജീവനെടുക്കുന്നതും അസ്ഥിത്വത്തെ തന്നെ ഉന്മൂലനം ചെയ്യുന്നതും അവയോട് ചെയ്യുന്ന ‘ഉപദ്രവം’ തന്നെയല്ലെ ? അപ്പോൾ ഒരു നാസ്‌തികൻ മരത്തിൽ നിന്ന് വീണ പഴങ്ങൾ തിന്ന് ജീവിക്കേണ്ടതല്ലേ? മാത്രമല്ല, സസ്യങ്ങൾ sentient കൾ ആണ് എന്ന പുതിയ പഠനങ്ങൾ ചേർത്തുവെക്കുമ്പോൾ ഈ ചോദ്യത്തിന്റെ പ്രസക്തി ഏറുന്നു.

“Harm Principle ൽ പരിഗണിക്കപ്പെടേണ്ട ‘ഉപദ്രവത്തിൽ’ മൃഗങ്ങൾ പെടില്ല” എന്നാണ് മറുപടിയെങ്കിൽ നമുക്ക് ചോദിക്കാനുള്ള മറു ചോദ്യങ്ങൾ ഇവയാണ്:

Harm Principle ൽ പരിഗണിക്കപ്പെടേണ്ട ‘ഉപദ്രവത്തിൽ’ നിന്ന് മൃഗങ്ങളെ ഒഴിച്ചു നിർത്തുന്നതിനും ധാർമിക അടിത്തറ വേണ്ടേ ? ഇല്ലാത്തിടത്തോളം ആ ‘ഒഴിച്ചു നിർത്തൽ’ (Exclusion) അധാർമികതയല്ലെ ?

Harm Principle ൽ പരിഗണിക്കപ്പെടേണ്ട ‘ഉപദ്രവത്തിൽ’ നിന്ന് മൃഗങ്ങളെ ഒഴിച്ചു നിർത്തുകയാണെങ്കിൽ മൃഗങ്ങളെ ഭക്ഷണത്തിനല്ലാതെ മറ്റു രീതിയിൽ ഉപദ്രവിക്കുന്നത് അധാർമികമാവില്ലല്ലൊ?! അങ്ങനെയെങ്കിൽ പട്ടിയെ കാറിനു പിന്നിൽ കെട്ടിയിട്ട് വലിച്ചിഴച്ചതും നാസ്തികനെ സംബന്ധിച്ചിടത്തോളം അധാർമികതയല്ലല്ലൊ ?!

ഇനി, “മൃഗങ്ങളെ ഭക്ഷിക്കാൻ വേണ്ടി കൊല്ലൽ Unnecessary harm (അനിവാര്യമല്ലാത്ത ദ്രോഹം) അല്ല” എന്നാണ് നാസ്‌തികർ വാദിക്കുന്നതെങ്കിൽ തിരിച്ച് ചിലത് ചോദിക്കട്ടെ:

എങ്കിൽ ഭക്ഷിക്കാൻ വേണ്ടി കൊല്ലുക എന്ന ‘necessary harm’ (അനിവാര്യമായ ദ്രോഹം) മനുഷ്യരുടെ കാര്യത്തിലും അനുവദിക്കേണ്ടതല്ലെ ? ഒരു നാസ്‌തികന് വിശപ്പോ ആഗ്രഹമോ തോന്നിയാൽ മനുഷ്യരേയും കൊന്ന് മാംസം ആഹരിച്ചു കൂടെ?

ഒരു ജീവിയെ കൊല്ലുന്നതിലേയും ഉപദ്രവിക്കുന്നതിലേയും necessity (അനിവാര്യത) തീരുമാനിക്കുന്നത് കൊല്ലുന്നവന്റെ അല്ലെങ്കിൽ ഉപദ്രവിക്കുന്നവന്റെ വീക്ഷണപ്രകാരമാണോ ?! കാരണം, കൊല്ലപ്പെടുന്ന ജീവജാലങ്ങളെ സംബന്ധിച്ചിടത്തോളം അത് necessity അല്ലല്ലൊ, ഉപദ്രവം മാത്രമാണല്ലൊ. അങ്ങനെയെങ്കിൽ മനുഷ്യരെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്ന കാര്യത്തിൽ കർത്താവിന്റെ necessity യെ പരിഗണിച്ചാൽ പോരെ ?

* നരഭോജനം (Cannibalism), Harm Principle പ്രകാരം തെറ്റല്ല? കാരണം മരണപ്പെട്ട മനുഷ്യനെ സംബന്ധിച്ചിടത്തോളം അയാളെ ഭക്ഷിക്കുന്നതിലൂടെ ഉപദ്രവമൊന്നും ഏൽക്കാനില്ലല്ലോ.
അതുകൊണ്ട് കൂടിയാണ് ഡോക്കിൻസ്, “നിരീശ്വര വിശ്വാസികൾക്ക്”, ട്വിറ്റർ വഴി നരഭോജന സുവിശേഷം അറിയിച്ചത്. കൂടാതെ ഭക്ഷണത്തിനായി വളർത്തിയെടുക്കുന്ന (!) മനുഷ്യ മാംസത്തെ പറ്റിയും ഡോക്കിൻസ് സംസാരിക്കുന്നുണ്ട്. അപ്പോർ ക്ലോണിംഗ് വഴി ഒരാൾ മനുഷ്യോൽപാദനം നടത്തി, ‘മനുഷ്യ ഫാമിൽ’ കൊന്ന് പാകപ്പെടുത്തുന്ന മാംസം Harm Principle പ്രകാരം തെറ്റാവുമോ?

* Harm Principle പ്രകാരം അവിഹിത ബന്ധങ്ങളും, വേശ്യാവൃത്തിയും (prostitution), അഗമ്യഗമനവും (incest), ശവരതിയും (necrophilia), ബാലാനുരാഗവുമെല്ലാം (pedophilia) ആർക്കും ഉപദ്രവമില്ലെങ്കിൽ തെറ്റല്ല… പക്ഷെ കോഴിയിറച്ചി തിന്നൽ (കോഴിയെ കൊല്ലുക എന്ന ഉപദ്രവം കാരണം) ഇപ്പറഞ്ഞ പ്രവർത്തനങ്ങളേക്കാൾ വലിയ തെറ്റാണ്…

എത്ര ‘സുന്ദരമായ’ ധാർമികമൂല്യങ്ങൾ!!!

* ശാരീരികമായ ഉപദ്രവങ്ങൾ നേരിട്ടുള്ളത്, നേരിട്ടല്ലാത്തത്, സന്നിഹിതമായത്, ഭാവിയിൽ സംഭവിക്കാവുന്നത് എന്നിങ്ങനെ തരം തിരിക്കുകയാണെങ്കിൽ ‘അധാർമിക’വൽക്കരിക്കപ്പെടുന്ന കാര്യങ്ങളുടെ പട്ടിക നീളുന്നു…

അമിതവണ്ണം, ശ്വാസകോശരോഗങ്ങൾ, ലൈംഗിക രോഗങ്ങൾ, കായിക പരിക്കുകൾ തുടങ്ങി ഒട്ടനവധി അസുഖങ്ങളുടെയും രോഗങ്ങളുടെയും ഒരു നീണ്ട പട്ടിക സ്വന്തം ദുർനടത്തിപ്പിന്റെ (poor self-management) കാരണമായി ഉണ്ടാകാവുന്നവയാണ്.

ഉചിതമായ നിയമനിർമ്മാണം ഏർപ്പെടുത്തുന്നതിലൂടെ ഈ ‘തിന്മകൾ’ ഗണ്യമായി കുറയില്ലെ ?! എങ്കിൽ, ആഴ്‌ച്ചയിൽ ഒന്നിൽ കൂടുതൽ ചീസ് ബർഗറും ഫ്രഞ്ച് ഫ്രൈയും കഴിക്കുന്നത് നിരോധിക്കേണ്ടത് ധാർമികതയുടെ ഭാഗമല്ലെ ? രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടൻ ചെയ്തതുപോലെ ഭക്ഷ്യ റേഷനിംഗ് പുസ്തകങ്ങൾ നൽകി ഇത് നടപ്പാക്കാൻ സാധിക്കും. മാത്രമല്ല കോളകൾ, എനർജി ഡ്രിങ്കുകൾ, ചിപ്‌സുകൾ, എണ്ണക്കടികൾ തുടങ്ങി ആരോഗ്യകരമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങളെല്ലാം ‘അധാർമിക’മാണ്. കൃത്യമായ വ്യായാമങ്ങളിലൂടെ ഇവയുടെ ഉപദ്രവങ്ങൾ ക്രമീകരിക്കാം എന്നാണ് വാദമെങ്കിൽ വ്യായാമം ‘ധാർമിക’ ഉത്തരവാദിത്തമായി മാറുന്നു. വ്യായാമം മുറക്ക് അനുഷ്ടിക്കാത്തവർ ‘അധർമകാരികളാണ്’. മത വിശ്വാസികളുടെ അഞ്ചു നേരത്തെ നമസ്ക്കാരത്തിന് തുല്യമായി നേരത്തിന് വ്യായാമം ചെയ്യൽ നാസ്‌തികർക്ക് നിർബന്ധമാണ്. ബോക്സിംഗ്, റഗ്ബി, റയ്‌സിംഗ്, ഫുഡ്ബോൾ തുടങ്ങിയവയെല്ലാം Harm principle പ്രകാരം ‘അധാർമികവിനോദങ്ങളാണ്’. കളിക്കരുത്, കാണരുത്. മത വിശ്വാസികൾ പോൺ വീഡിയോകൾ കാണുന്നത് നിഷിദ്ധമായി പരിഗണിക്കുന്നത് പോലെ ആയിരിക്കണം നാസ്‌തികർക്ക് വേൾഡ് കപ്പും ചാമ്പ്യൻസ് ലീഗുമൊക്കെ.

ആഴ്ച്ചയിൽ ഒരൊറ്റ ദിവസം ഒരാൾ വീടിന് പുറത്ത് ബാർബിക്വൂ ഉണ്ടാക്കുന്നു. പുക അയൽവാസികൾക്ക് ഉപദ്രവമേൽപ്പിക്കുന്നതിനാൽ അയൽവാസി പ്രതിഷേധിക്കുന്നു. ഒരൊറ്റ ദിവസമല്ലെ ഉപദ്രവമുള്ളു, ജനലൊന്ന് അടച്ചാൽ പോരെ എന്നൊന്നും വാദിച്ചിട്ട് കാര്യമില്ല. അത് അധർമ്മം തന്നെ. എന്റെ കാറിൽ റോക്ക് മ്യൂസിക്ക് വെക്കുന്നത് ക്ലാസിക്കൽ മ്യൂസിക്കിനെ സ്നേഹിക്കുന്ന എന്റെ കുടുംബത്തിന് കേൾക്കുന്നതേ ബുദ്ധിമുട്ടാണ്. എങ്കിൽ അതും അധാർമികം തന്നെ. നാം ഇഷ്ടപ്പെടുന്ന ഇത്തരം നൂറുക്കണക്കിന് കാര്യങ്ങൾ മറ്റുള്ളവർക്ക് ഉപദ്രവമാവുന്നതിനാൽ Harm principle പ്രകാരം ‘അധാർമികത’കളാവുന്നു.
(https://askaphilosopher.org/2017/10/09/problems-with-j-s-mills-harm-principle/amp/ )

* Harm principle പ്രകാരം ഉപദ്രവങ്ങളും ദ്രോഹങ്ങളും അനുഭവിക്കുന്നവർക്ക് ആത്മഹത്യ ചെയ്യാം. കാരണം ഒരുപാട് ദ്രോഹങ്ങൾക്ക് പകരം ഒരു ദ്രോഹം ഏൽക്കുന്നതാണ് യുക്തിയുടെ തേട്ടം. കാൻസർ രോഗികൾ സ്വയം മരണം വരിക്കുന്നതും അവരെ വധിക്കുന്നതും ഇതേ ‘യുക്തി’യിൽ തെറ്റല്ല.

ഭ്രാന്തന്മാർ, ഗുരുതര മാനസിക രോഗങ്ങളും അംഗവൈകല്യങ്ങൾ ഉള്ളവർ, കുറ്റവാളികൾ, പകർച്ചവ്യാധികളും കാൻസർ, എയ്‌ഡ്‌സ്‌ തുടങ്ങി ഗുരുതരമായ ആരോഗ്യ രാഹിത്യങ്ങൾ അനുഭവിക്കുന്നവർ സ്വയവും അവരിലൂടെ ലോകവും അനുഭവിക്കുന്ന ദുഖങ്ങൾക്കും ഉപദ്രവങ്ങൾക്കും തടയിടാൻ അവരെ കൂട്ടകൊല ചെയ്യുക എന്ന ‘സന്നിഹിതമായ ഉപദ്രവത്തെ’ മുന്തിച്ചാൽ അതിനും Harm Principle പ്രകാരം നീതീകരണമുണ്ട്.

Actions that ‘unnecessarily’ cause suffering or harm to humans are morally wrong, and actions that contribute to human wellbeing are morally right…

അനാവശ്യമായി മനുഷ്യർക്ക് കഷ്ടതയോ ഉപദ്രവമോ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ധാർമികമായി തെറ്റാണ്. മനുഷ്യന്റെ ക്ഷേമത്തിന് കാരണമാകുന്ന പ്രവർത്തനങ്ങൾ ധാർമികമായി ശരിയാണ്.” (https://www.atheistalliance.org/about-atheism/can-atheists-moral/) എന്നാണല്ലൊ Atheist Alliance International ന്റെ ധാർമിക അടിത്തറ.

ഇത്തരം അധാർമികവും അബദ്ധജഢിലവുമായ ‘ധാർമിക’ സിദ്ധാന്തങ്ങൾ കാരണമാണ് ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നിട്ടുള്ളതും ഉപദ്രവിച്ചിട്ടുള്ളതും ഭൗതികവാദികളായത്. മനുഷ്യരാശിയുടെ ക്ഷേമത്തെ മുൻ നിർത്തി, സോഷ്യലിസത്തിന്റേയും സോഷ്യൽ ഡാർവിനിസത്തിന്റേയും പ്രായോഗിക രൂപമായി പലരും നടപ്പാക്കിയ കൂട്ടകൊലകൾ ധാർമികമായി ശരിയാണെന്ന് ഭൗതികവാദികൾ അംഗീകരിക്കേണ്ടിവരും.

ഒരു ജീവവർഗത്തിൽ അനുയോജ്യമായ വിഭാഗത്തെ പ്രകൃതി, ആ ജീവവർഗത്തിന്റെ ഭാവി വർഗമായി തിരഞ്ഞെടുക്കുന്നു. ഇതാണല്ലൊ പ്രകൃതി നിർധാരണം (natural selection). ആ വിഭാഗത്തിന്റെ അതിജീവനത്തിലൂടെയാണ് (survival of the fittest) ഒരു ജീവവർഗത്തിന്റെ അനുഗുണമായ പരിണാമം സാധ്യമാവുന്നത് എന്ന പരിണാമ സിദ്ധാന്തത്തിന്റെ ജീവശാസ്ത്രപരമായ സങ്കൽപ്പത്തെ സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയം എന്നിവയിൽ കൂടി പ്രയോഗവൽക്കരിക്കുകയാണ് ‘സോഷ്യൽ ഡാർവിനിസം’ (Social Darwinism) എന്ന സങ്കൽപ്പം. മനുഷ്യ വർഗത്തിലെ ശക്തർ അവരുടെ സമ്പത്തും ശക്തിയും വർദ്ധിപ്പിക്കുമ്പോൾ ദുർബലർ അവരുടെ സമ്പത്തും ശക്തിയും ക്ഷയിപ്പിക്കുന്നു എന്ന് സോഷ്യൽ ഡാർവിനിസം വാദിക്കുന്നു.

ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തമനുസരിച്ച് (On the Origin of Species 1859), തങ്ങളുടെ പരിസ്ഥിതിയുമായി ഏറ്റവും നന്നായി ഇഴുകി ചേരാൻ കഴിയുന്ന സസ്യങ്ങളും മൃഗങ്ങളും മാത്രമേ പുരോഗമനാത്മകമായ ജീനുകൾ പുനരുൽപ്പാദിപ്പിക്കാനും അടുത്ത തലമുറയിലേക്ക് കൈമാറാനും അതിജീവിക്കുകയുള്ളു. ചിലർ ഡാർവിന്റെ ഈ ജീവശാസ്ത്രപരമായ ആശയങ്ങൾ, അസ്വസ്ഥമായും അപൂർണ്ണമായും സാമൂഹിക വിശകലനത്തിലേക്ക് പറിച്ചുനട്ടു.
അതിന്റെ ഉൽപ്പന്നമായിരുന്നു സോഷ്യൽ ഡാർവിനിസം. സോഷ്യൽ ഡാർവിനിസം ഹെർബർട്ട് സ്പെൻസറുടെ രചനകളിൽ നിന്ന് നേരിട്ട് ഉരുത്തിരിഞ്ഞ് ഉണ്ടായതാണ്. പ്രകൃതി ജീവജാലങ്ങളെപ്പോലെ തന്നെ മനുഷ്യ സമൂഹങ്ങൾ പരിണാമവികാസത്തിലൂടെ ഉൾത്തിരിഞ്ഞ് ഉണ്ടായതാണെന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെയാണെങ്കിൽ അത്യുതമവും അന്യൂനവുമായ ഒരു ഭാവി മനുഷ്യ സമൂഹം ഉണ്ടാകണമെങ്കിൽ ഏറ്റവും അനുയോജ്യരായ മനുഷ്യർ മാത്രം അതിജീവിക്കണം. ജനിതക ദൗർബല്യമുണ്ടെന്ന് കരുതപ്പെടുന്ന ദുർബലരും വികലാംഗരുമായ മനുഷ്യരെ സഹായിക്കുന്ന ഏത് നിയമങ്ങളെയും അദ്ദേഹം എതിർത്തു. ബലഹീനരും കഴിവില്ലാത്തവരും മരിക്കുന്നതാണ് നല്ലത് എന്ന് സ്പെൻസർ ഒരിക്കൽ വ്യക്തമായി തന്നെ പ്രസ്ഥാവിക്കുകയുണ്ടായി.

ഉപദ്രവം സന്നിഹിതമായതും ഭാവിയിൽ സംഭവിക്കാവുന്നതും എന്നിങ്ങനെ രണ്ടു തരമുണ്ടല്ലൊ. മന്ദബുദ്ധികൾ, മാനസിക രോഗികൾ, വികലാംഗർ, മാറാ രോഗികൾ തുടങ്ങിയ വിഭാഗങ്ങൾ സ്വയം വേദനിക്കുകയും മറ്റുള്ളവർക്ക് വേദനകൾ സമ്മാനിക്കുകയും ചെയ്യുന്നു. കൂടാതെ മനുഷ്യരാശിയുടെ പുരോഗമന പരിണാമത്തിന് ഇവരുടെ അഭാവം സഹായകരവുമാകുന്നു. അപ്പോൾ ഇവർക്കും ഇവരിലൂടെ മറ്റുള്ളവർക്കും ഭാവിയിൽ ഭവിക്കുന്ന ഉപദ്രവത്തിനേക്കാൾ സന്നിഹിതമായ ഉപദ്രവത്തെ മുന്തിക്കുക മാത്രമാണ് അവരുടെ കൂട്ടകുരുതിയിലൂടെ ചെയ്യുന്നത് എന്ന് ഒരാൾ വാദിച്ചാൽ അതിനെ Harm Principle ധാർമിക അടിത്തറയിൽ നിന്നു കൊണ്ട് ഭൗതികവാദികൾ അതിനെ എങ്ങനെ ഖണ്ഡിക്കും?!

യുജെനിക്സ് (Eugenics) അഥവാ ഉദ്ദേശിക്കുന്ന ഗുണങ്ങൾ നേടാൻവേണ്ടിയുള്ള നിയന്ത്രിതമായ സന്താനോത്പാദനവിദ്യ 1920 കളിലും 1930 കളിലും അമേരിക്കയിലെ ഒരു ജനപ്രിയ സാമൂഹിക പ്രസ്ഥാനമായി മാറി. “അയോഗ്യരായ” (unfit) വ്യക്തികളെ സന്താനോൽപാദനത്തിൽ നിന്ന് തടയുന്നതിലൂടെ ജനസംഖ്യയിൽ നിന്ന് അഭികാമ്യമല്ലാത്ത സ്വഭാവവിശേഷങ്ങൾ ഇല്ലാതാക്കുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിച്ചു. അമേരിക്കയിലെ പല സ്റ്റേറ്റുകളിലും കുടിയേറ്റക്കാരായ ദുർബലർ, വൈകല്യമുള്ളവർ, മാനസികരോഗികൾ എന്നിവരുൾപ്പെടെ ആയിരങ്ങളെ നിർബന്ധിതമായി വന്ധ്യംകരിക്കുന്ന നിയമങ്ങൾ പാസാക്കപ്പെട്ടു.

അനന്തമായ കഷ്ടപ്പാടുകളും പീഡാനുഭവങ്ങൾക്കും അറുതി വരുത്തുന്ന ഇത്തരം നടപടികൾ ഭൗതികവാദികളുടെ Harm Principle വീക്ഷണത്തിൽ ധാർമികമായി എങ്ങനെ തെറ്റാവും ?!

‘സോഷ്യൽ ഡാർവിനിസ’ത്തിന്റെ ഏറ്റവും കുപ്രസിദ്ധമായ ഉദാഹരണമാണ് 1930 കളിലും 40 കളിലും നാസി ജർമ്മൻ ഗവൺമെന്റ് നടപ്പാക്കിയ വംശഹത്യ നയങ്ങൾ.
(https://www.historyhit.com/social-darwinism-in-nazi-germany/)

ഹിറ്റ്‌ലറുടെ ഭരണത്തിന് കീഴിൽ ഒരു നാസി ആക്ഷൻ ടി 4 ക്യാമ്പിൽ, 300,000 വികലാംഗർ വധിക്കപ്പെട്ടു. അവക്ക് വൈദ്യശാസ്ത്ര അടിത്തറ സ്ഥാപിക്കുന്നതിനും സാങ്കേതികമായി നടപ്പാക്കുന്നതിനും നേതൃത്വം നൽകിയത് അന്നത്തെ ജർമൻ ഡോക്ടർമാരായിരുന്നു.

മനുഷ്യ പരിണാമ ദശയിലെ ‘അൺഫിറ്റു’കളിലൂടെ ലോകത്തിന് കഷ്ടപ്പാടുകളും പീഡാനുഭവങ്ങൾക്കും അറുതി വരുത്തി, പ്രകൃതിനിർദ്ധാരണത്തെ (natural selection) സഹായിക്കുന്ന ഇത്തരം നടപടികളെ ഭൗതികവാദികൾ ഏതു ധാർമിക തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് തെറ്റായി കണ്ടെത്തുക ?!

ചൈനയുടെ വ്യാവസായിക, കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 1958 നും 1960 ന്റെ തുടക്കത്തിനും ഇടയിൽ ചൈനയിലെ കമ്യൂണിസ്റ്റ് ഭൗതികവാദികൾ നടത്തിയ വിശാലമായ കാമ്പയിനാണ് ഗ്രേറ്റ് ലീപ്പ് ഫോർവേഡ് (Great Leap Forward).

വ്യവസായവൽക്കരണത്തിന്റെ അധ്വാന-തീവ്രമായ രീതികൾ വികസിപ്പിക്കാൻ ചൈനയിലെ ഭൗതികവാദികൾ പ്രതീക്ഷിച്ചു, യന്ത്രങ്ങളേക്കാളും മൂലധനച്ചെലവിനേക്കാളും മനുഷ്യാധ്വാനത്തിന് അവർ പ്രാധാന്യം നൽകി.
(https://www.britannica.com/event/Great-Leap-Forward)

ഫലമായി, ചൈനയിലെ ഘനവ്യവസായം ഈ കാലയളവിൽ അവിശ്വസനീയമായ വളർച്ച കൈവരിച്ചു. ഘനവ്യവസായങ്ങളുടേയും, വലിയ വ്യവസായങ്ങളുടേയും ഉൽ‌പാദനം 1958-60 കാലയളവിൽ 230% വർദ്ധിച്ചു. കൽക്കരി, ഉരുക്ക് തുടങ്ങിയ വിഭവങ്ങളുടെ ആഗോള ഉൽ‌പാദനം വർദ്ധിച്ചു, അതിന്റെ ഫലമായി ചൈന ആ വ്യവസായങ്ങളിൽ ആഗോള തലത്തിൽ ഉന്നതിയിലെത്തി. ചൈനയിലെ സാങ്കേതിക വിദഗ്‌ധരുടെയും എഞ്ചിനീയർമാരുടെയും യന്ത്രങ്ങളുടെയും എണ്ണവും വളരെയധികം വർദ്ധിച്ചു. ഒരുതരത്തിൽ ചൈനീസ് ജനതയെ പ്രവർത്തനോന്മുഖരും ഊർജസ്വലരുമാക്കി പരിവർത്തിച്ചു എന്നതാണ് ‘ഗ്രേറ്റ് ലീപ്പ് ഫോർവേഡ്’ കാമ്പയിനിലൂടെ സാധ്യമായ മറ്റൊരു നേട്ടം എന്ന് Origins of the Cultural Revolution, വാല്യം 2 ൽ റോഡെറിക് മക്ഫാർക്വാർ നീരിക്ഷിക്കുന്നു. പ്രകൃതിയുടെ നുകത്തിൽ ബന്ധിക്കപ്പെട്ട് നിഷ്‌ക്രിയത്വത്തിൽ കഴിയുന്നതിനുപകരം തങ്ങളുടെ വിധികളെ നിയന്ത്രിക്കാനും “മുന്നോട്ട് കുതിക്കാനും” കഴിയുമെന്ന വിശ്വാസം ചൈനക്കാർക്ക് കാമ്പയിൻ നൽകി.

(The Origins of the Cultural Revolution: MacFarquhar, Roderick: Vol 2 : pg 300-340, Oxford University Press for the Royal Institute of International Affairs, the East Asian Institute of Columbia University and the Research Institute on International Change of Columbia University, 1983.)

പക്ഷെ ഈ സ്വപ്ന സാക്ഷാൽക്കാരത്തിലേക്കുള്ള പ്രയാണത്തിനിടയിൽ 1958-1962 കാലയളവിൽ ചൈനീസ് ഭൗതീകവാദികളുടെ നേതാവായ മാവോ സെദോംഗ്, 45 ദശലക്ഷം ആളുകളുടെ മരണത്തിന് കാരണക്കാരനായി !!

പക്ഷെ, ചൈനീസ് ജനതയുടെ ഊഷ്‌മള ഭാവിയിലേക്ക് നയിച്ച ‘സന്നിഹിതമായ ഒരു ഉപദ്രവമായി’ അതിനെ കാണുന്നതിലൂടെ Harm Principle പ്രകാരം ഈ കൂട്ടക്കൊലയും ധാർമിക നൈതികത കൈവരിക്കുന്നു. 

print

No comments yet.

Leave a comment

Your email address will not be published.