ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -3

//ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -3
//ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -3
ആനുകാലികം

ഭൗതികവാദികളുടെ ധാർമിക അടിത്തറയെന്ത്? -3

ആറ് നാസ്‌തികന് നൂറ് ധർമ്മശാസ്‌ത്രം

ധാർമികതക്ക് യാതൊരു അടിസ്ഥാനവുമില്ലാതെ, ആദർശചതുപ്പിൽ ആണ്ടു പോകുന്ന നാസ്‌തികർ പിടിവള്ളിയായി കിട്ടുന്ന എന്തിലും പിടിച്ച് തൂങ്ങുകയാണ് ചെയ്യുന്നത്. ഒരു പതിറ്റാണ്ടിന്റെ ദൈർഘ്യം പോലുമില്ലാത്ത ഒരു ധാർമിക പ്രത്യയശാസ്ത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിയും, കൂറുമാറിയും, ഇരുതോണിയിലും കാലിട്ടും ‘ആറ് നാസ്‌തികന് നൂറ് ധർമ്മശാസ്‌ത്രം’ എന്ന നിലയിൽ എത്തിയിരിക്കുന്നു കാര്യങ്ങൾ. ഓരോ വിഭാഗക്കാരുടേയും നൈതീക വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും ചർച്ച ചെയ്യാൻ തുടങ്ങിയാൽ ലേഖനം വിരസമായി നീണ്ടു പോകും എന്നതിനാൽ അവയിൽ ചിലതു മാത്രം ഹ്രസ്വമായി ചർച്ച ചെയ്യാം:

“ലജ്ജയും മാന്യതയും മനുഷ്യന്റെ സഹജ വാസനകളാണ്. അതുണ്ടായാൽ തന്നെ ലൈംഗിക വൈകൃതങ്ങൾ തെറ്റാണെന്ന് ഒരു മനുഷ്യന് തിരിച്ചറിയാം. ഈ ധാർമിക ബോധത്തിന് മതത്തിന്റെ ആവശ്യമില്ല” എന്നാണ് ലൈംഗിക വൈകൃതങ്ങളെ ന്യായീകരിക്കാൻ ബുദ്ധിമുട്ടുന്ന ചില മലയാളികളായ നാസ്‌തികർ പ്രചരിപ്പിക്കുന്ന പുത്തൻ വാദം. ‘ഫിത്വ്‌റ’ അഥവാ മനുഷ്യന്റെ ശുദ്ധ പ്രകൃതിയുടെ (الفطرة) തേട്ടമായി പല അധാർമികതളോടും പ്രകൃത്യാ മനുഷ്യർക്കുണ്ടാവുന്ന വെറുപ്പും, ലജ്ജയും പല ധാർമിക സത്യങ്ങളോടും മനുഷ്യർക്കുണ്ടാവുന്ന സ്വഭാവികമായ ഇണക്കവും പൊരുത്തവും വസ്തുനിഷ്ഠമായ ധാർമിക സത്യങ്ങളുടെ അസ്തിത്വത്തിനുള്ള ‘അവബോധജന്യമായ തെളിവുകൾ’ (intuitive evidence) ആണെന്നത് ഒരു വസ്തുതയാണ്. അതേ സമയം നമ്മുടെ മനസ്സ് വെറുക്കുന്നു, ലജ്ജിക്കുന്നു എന്നതും മനസ്സിന് ഇണങ്ങുന്നുണ്ടോ ഇല്ലേ എന്നതുമൊക്കെ ധാർമികമായ ശരി തെറ്റുകളെ വേർത്തിരിക്കുന്നതിനുള്ള ‘മാനദണ്ഡമായി’ നിശ്ചയിക്കാനാകും എന്നത് അസംഭവ്യമാണ്. കാരണം നമ്മുടെ മനസ്സിന്റെയും മനസ്സാക്ഷിയുടേയും വെറുപ്പും ഇണക്കവും ശുദ്ധ പ്രകൃതിയിൽ നിന്ന് (‘ഫിത്വ്‌റ’) തന്നെ ആണെന്നും അതിൽ ഭാഹ്യമായ കളങ്കങ്ങളൊന്നും ചേർന്നിട്ടില്ല എന്നും ഉറപ്പിക്കാൻ കൃത്യമായ, കേവല ഭൗതീകമായ മാനദണ്ഡങ്ങളില്ല. അതിനാൽ തന്നെ നമ്മുടെ മനസ്സിലെ ഇണക്ക-പിണക്കങ്ങളേയും മനസ്സാക്ഷിയേയും ധാർമികമായ ശരി തെറ്റുകളെ വേർത്തിരിക്കാനുള്ള അടിസ്ഥാനമായി സ്വീകരിക്കാൻ സാധ്യമല്ല.

ആനയെ സ്പർശിച്ച് മനസ്സിലാക്കാൻ ശ്രമിച്ച അന്ധന്മാരുടെ ഉദാഹരണമെടുക്കുക. തുമ്പിക്കൈയ്യാണ് ആന എന്ന് പറയുന്നതും ആനക്ക് തുമ്പിക്കൈയ്യുണ്ട് എന്ന് പറയുന്നതും തമ്മിൽ വ്യത്യാസമുണ്ടല്ലൊ. ആനയുടെ അസ്തിത്വത്തിന് തുമ്പിക്കൈ തെളിവാണ് അല്ലെങ്കിൽ ആനയെ മനസ്സിലാക്കാൻ തുമ്പിക്കൈ സഹായകരമാണ് എന്ന പ്രസ്ഥാവന ശരിയാണ്. എന്നാൽ ആനയുടെ അസ്തിത്വം തുമ്പിക്കൈയ്യാണ് അല്ലെങ്കിൽ ആനയെ മനസ്സിലാക്കാൻ തുമ്പിക്കൈയ്യെ അറിഞ്ഞാൽ മതി എന്ന് വാദിക്കൽ പമ്പര വിഡ്ഢിത്തമാണ്.

മനസ്സാക്ഷി നന്മ തിന്മകളുടെ അസ്തിത്വത്തെ തിരിച്ചറിയാനുള്ള തെളിവുകളിൽ ഒന്നാണെന്ന് പറയുന്നതും നന്മ തിന്മകളെ വേർത്തിരിക്കാനുള്ള അടിസ്ഥാനമായി മനസ്സാക്ഷിയെ ഉപയോഗിക്കാമെന്ന് വാദിക്കുന്നതിലും തമ്മിലുള്ള അന്തരം തിരിച്ചറിയാതെയുള്ള ഇത്തരം വാദഗതികൾ കേൾക്കുമ്പോൾ ചിരി വരുക സ്വഭാവികം.

ധർമ അധർമങ്ങളെ വേർതിരിക്കാനുള്ള മാനദണ്ഡം ലജ്ജയും മാന്യതയും പോലെയുള്ള മനുഷ്യന്റെ സഹജ വാസനകളാണത്രെ !!! പറയുന്ന വാക്കുകളുടെ തൊലി പുറത്ത് നിന്ന് ഒരു മില്ലീമീറ്ററെങ്കിലും ആഴത്തിൽ ചിന്തിക്കുന്ന ഒരാൾക്ക് ഇത്തരം വാദങ്ങൾ ഉന്നയിക്കാൻ കഴിയുമോ ?! ഇവരാണത്രെ മനുഷ്യ കുലത്തിന് ബുദ്ധിയും ശാസ്ത്രവുമുപയോഗിച്ച് ധാർമിക തത്ത്വങ്ങൾ ആവിഷ്ക്കരിക്കാൻ പോകുന്ന ‘ബുദ്ധി രാക്ഷസന്മാർ’ !!

ലജ്ജയും മാന്യതയുമൊക്കെ ഒരു സ്ഥായിയായ, കളങ്ക സുരക്ഷിതമായ അളവുകോലാണോ ? ലജ്ജയും മാന്യതയുമൊക്കെ ആധാരമാക്കി ധാർമികത കണ്ടെത്തുക എന്ന് പറഞ്ഞാൽ വെള്ളം കൊണ്ട് ചുമര് അളക്കുന്നതു പോലെ ഭോഷത്തമാണ്. കാരണം, ബാഹ്യവും ആന്തരികവുമായ പല ഘടകങ്ങളാലും സ്വാധീനിക്കപ്പെടാവുന്ന കാര്യങ്ങളാണ് ലജ്ജയും മാന്യതയുമൊക്കെ. എല്ലായിപ്പോഴും എല്ലാവരിലും എല്ലാ കാര്യങ്ങളിലും അവ തുല്യവും സ്ഥായിയുമാകണമെന്നില്ല.

നമ്മളിലെ ലജ്ജയും മാന്യതയും രൂപീകരിക്കുന്നതിൽ നാം ജീവിക്കുന്ന സമൂഹത്തിന് സ്വാധീനമുണ്ട്. സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളേയും സദാചാരത്തെയും (ഈ കാഴ്ച്ചപ്പാടുകളുടേയും സദാചാരത്തിന്റേയും പ്രഥമവും പ്രധാനവുമായ ചേരുവ മതാധ്യാപനങ്ങളാവാം) മനസ്സിലാക്കുകയും ഉൾകൊള്ളുകയും ചെയ്യുന്നതിന്റെ തോതനുസരിച്ച് നമ്മളിലെ ലജ്ജയും മാന്യതയും വ്യത്യസ്ഥപ്പെട്ടിരിക്കും. വ്യക്തികളിലെ സ്വഭാവ സവിശേഷതക്കനുസരിച്ച് ലജ്ജയും മാന്യതയുമൊക്കെ വ്യത്യസ്ഥപ്പെടും. അപ്പോൾ വളരെ ലജ്ജാശീലനായ ഒരു വ്യക്തിക്കും, അത്ര തന്നെ ലജ്ജയില്ലാത്ത ഒരു വ്യക്തിക്കും, നാണവും മാനവുമില്ലാത്ത തോന്നിയവാസിക്കും പലതരം ധാർമികതകളുണ്ടാവില്ലെ? വ്യക്തികളിലെ ലജ്ജയും മാന്യതയുമൊക്കെ സമൂഹങ്ങളുടെ സദാചാര ബോധത്തിനും വീക്ഷണ കോണിനും അനുസരിച്ച് വ്യത്യസ്ഥപ്പെടാൻ സാധ്യതയുണ്ട് എന്നതിനാലല്ലെ ലോക പ്രശസ്തരും പാശ്ചാത്യരുമായ നാസ്‌തിക ആചാര്യന്മാർ സ്വാതന്ത്ര്യത്തിന്റേയും അവകാശങ്ങളുടേയും ഭാഗമായി അഗമ്യഗമനം, മൃഗരതി, ശവരതി, ബാലരതി, നരഭോജനം തുടങ്ങിയവയെ കാണുന്നതും പ്രചരിപ്പിക്കുന്നതും, അതേ സമയം അവ തുറന്നു പറയാൻ മലയാളികളായ നാസ്‌തികർ ലജ്ജിക്കുന്നതും?!!

എന്തിനേറെ പറയണം ഒരാളുടെ പ്രായം പോലും ലജ്ജയുടേയും മാന്യതയുടേയും വ്യത്യാസത്തിന് നിദാനമാണ്. ഉദാഹരണത്തിന്, ഒരു ശിശുവിനെ സംബന്ധിച്ചിടത്തോളം വസ്ത്രം ധരിക്കാത്തതും പരസ്യമായി വിസർജിക്കുന്നതുമൊന്നും ലജ്ജക്കും മാന്യതക്കും എതിരല്ല. ഒരു ചുബനം പോലും ഒരു ബാലനെ ലജ്ജയിലാഴ്ത്തുന്നു. ആയുസ്സിന്റെ വ്യത്യസ്ഥ സന്ധിയിൽ സമൂഹത്തിന്റെ കാഴ്ച്ചപാടുകളേയും നടപ്പുകളേയും (ഇതിൽ പ്രഥമവും പ്രധാനവുമായത് മത കാഴ്ച്ചപാടുകളും നടപ്പുകളുമാണ്) പഠിക്കുകയും ഉൾകൊള്ളുകയും ചെയ്യുന്നതിന്റെ തോതനുസരിച്ച് നമ്മളിലെ ലജ്ജയും മാന്യതയും വ്യത്യസ്ഥപ്പെടുന്നു. അപ്പോൾ, ലജ്ജയിൽ നിന്നും മാന്യതയിൽ നിന്നും മാത്രം സദാചാരവും ധാർമിക ബോധവും സൃഷ്ടിച്ചെടുക്കാൻ സാധിക്കില്ല. ധാർമിക സത്യങ്ങളെ കണ്ടെത്തുന്നതിൽ ഒരു പരിതി വരെ ലജ്ജയും മാന്യതയും സഹായകരമാണെന്ന് മാത്രം.

സഹതാപവും സഹാനുഭൂതിയും (sympathy and empathy) അധാർമികതകളിൽ നിന്ന് തടയും എന്ന വാദവും മുമ്പത്തെ വാദത്തിന് സമാനമാണ്. സഹതാപവും സഹാനുഭൂതിയും ബാഹ്യവും ആന്തരികവുമായ പല ഘടകങ്ങളാലും സ്വാധീനിക്കപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്തേക്കാം.

യേൽ സർവകലാശാലയിലെ സൈക്കോളജി പ്രൊഫസറായ പോൾ ബ്ലൂമിന്റെ (Paul Bloom) ‘The Dark Side of Empathy’ (സമാനുഭാവത്തിന്റെ ഇരുണ്ട വശം) എന്ന ലേഖനം ‘ഒരു വ്യക്തിയോടുള്ള സഹാനുഭൂതി മറ്റൊരാളിലേക്ക് അടിസ്ഥാനരഹിതമായ ആക്രമണോത്സുകതയെ എങ്ങനെ വളർത്തും’ എന്നാണ് ചർച്ച ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ പേരു തന്നെ Against Empathy: The Case for Rational Compassion (സഹാനുഭൂതിക്കെതിരെ: യുക്തിസഹമായ അനുകമ്പയെ സംബന്ധിച്ച ചർച്ച) എന്നാണ്.

ഒരാൾ ഉപദ്രവിക്കപ്പെടുന്നത് കാണുമ്പോൾ, പ്രതികാരത്തിനായുള്ള അയാളുടെ അഭിനിവേഷം നമ്മളിലും പതഞ്ഞുപൊങ്ങുന്നു എന്ന് ആദം സ്മിത്ത്, 1759-ൽ പ്രസിദ്ധീകരിച്ച തന്റെ The Theory of Moral Sentiments എന്ന ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നു. “അവൻ തന്റെ എതിരാളിയെ ആക്രമിക്കുന്നതിൽ നാം സന്തോഷിക്കുകയും, അവനെ സഹായിക്കാൻ ആകാംക്ഷയോടെ തയ്യാറാകുകയും ചെയ്യുന്നു.” അവൻ മരിച്ചാലും നമ്മുടെ ഭാവന നമ്മളിൽ തന്ത്രം ചെലുത്തുന്നു: “നാം അവന്റെ ശരീരത്തിലേക്കും നമ്മുടെ ഭാവനകളിലൂടെ സ്വമേധയാ പ്രവേശിക്കുന്നു, കൊല്ലപ്പെട്ട വ്യക്തിയുടെ മൃതശരീരം നമ്മുടെ ഭാവനയാൽ പുതുതായി ചലനാത്മകമാവുന്നു, ഈ വിധത്തിൽ അയാളുടെ മനസ്ഥിതി നമ്മുടെ ഉള്ളിലേക്ക് നാം ആവാഹിക്കുന്നു.”

യേൽ സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥികളുടെ സഹായത്തോടെ നടത്തപ്പെട്ട പഠനം ഇപ്രകാരമാണ്: തിരഞ്ഞെടുക്കപ്പെട്ട ഒരു പരീക്ഷണ സംഘത്തിന്റെ സഹാനുഭൂതിയുടെ അളവ് ഒരു ലളിതമായ പരിശോധന നടത്തി കണ്ടെത്തുകയും തുടർന്ന് അവരോട് ചില പ്രത്യേക സമൂഹങ്ങളുടെ ക്രൂര കഥകൾ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. ശേഷം ഈ പ്രത്യേക സമൂഹങ്ങൾക്ക് നൽകാൻ വൈവിധ്യമാർന്ന ശിക്ഷാരീതികൾ പരീക്ഷണ സംഘത്തിന്റെ മുന്നിൽ തെരെഞ്ഞെടുക്കാനായി സമർപ്പിക്കുകയും ചെയ്യുന്നു. “കൂടുതൽ അനുഭാവപൂർണ്ണമായ പ്രകൃതമുള്ള ആളുകൾ കൂടുതൽ കഠിനമായ ശിക്ഷ ആഗ്രഹിക്കുന്നു” എന്നാണ് ഈ ജനിതക പഠനത്തിൽ കണ്ടെത്തിയത് !!

അഥവാ, സഹാനുഭൂതി, ഒരാളെ ദയാലുവാക്കുമ്പോൾ മറ്റൊരാളെ ക്രൂരനാക്കുന്ന, വൈരുദ്ധ്യാത്മകതയെ സ്വീകരിക്കാൻ സാധ്യതയുള്ള മനുഷ്യ വികാരമാണ്!!

ഒരു പ്രത്യേക വ്യക്തിയോടും സമൂഹത്തോടും ഉള്ള പ്രത്യേക സഹാനുഭൂതിയാണ് (Selective empathy) മനുഷ്യരെ വർഗീയതയിലേക്കും വംശീയതയിലേക്കും നയിക്കുന്നത്. ഒരു തീവ്രവാദിയെ മറ്റു സമൂഹങ്ങളിലെ മനുഷ്യരുടെ തിരോധാനത്തിനായി ചാവേറുകളായി സ്വജീവിതം ത്യജിക്കാൻ പ്രേരിപ്പിക്കുന്നത് ദ്രോഹിക്കപ്പെടുന്ന സ്വന്തം സമൂഹത്തോടുള്ള സഹാനുഭൂതിയാണ്.

പരീക്ഷയിൽ കോപ്പിയടിക്കാൻ സഹപാഠിയെ സഹായിക്കുന്നത് തൊട്ട് മഹായുദ്ധങ്ങൾക്ക് വരെയുള്ള പ്രചോദനമായി സഹാനുഭൂതി വർത്തിച്ചേക്കാം.

സഹാനുഭൂതിയെ തെറ്റിലേക്ക് ചാനൽ ചെയ്യപ്പെടുമ്പോൾ തീവ്രമായ വിധ്വേഷം സൃഷ്ടിക്കപ്പെടുക എന്നത് ഒരു പാർശ്വഫലമാണ്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ആൻ കോൾട്ടറിന്റെ സമീപകാല പുസ്തകമായ, “Adios, America”. കുടിയേറ്റ കുറ്റകൃത്യങ്ങളുടെ വിശദമായ വിവരണങ്ങൾ കുത്തി നിറക്കപ്പെട്ടതാണ് ഈ ഗ്രന്ഥം. അമേരിക്കയിലേക്ക് കുടിയേറിയവരുടെ -പ്രത്യേകിച്ച് മെക്സിക്കോക്കാരുടെ- ബലാത്സംഗം, ബാല ബലാത്സംഗ സംഭവങ്ങളുടേയും മറ്റിതര കുറ്റകൃത്യങ്ങളുടേയും സൂക്ഷ്മമായ ചിത്രീകരണങ്ങൾ ഉള്ളടങ്ങിയ ഗ്രന്ഥത്തിന്റെ ഒരു അധ്യായത്തിന്റെ തലക്കെട്ട് “Why Do Hispanic Valedictorians Make the News, But Child Rapists Don’t?” (എന്തുകൊണ്ടാണ് ഹിസ്പാനിക് മാതൃകാ വിദ്യാർത്ഥികൾ വാർത്തയാവുകയും, പക്ഷേ അവരിലെ ബാല ബലാത്സംഗക്കാർ വാർത്തയാവാതിരിക്കുകയും ചെയ്യുന്നത്?) എന്നും മറ്റൊരു അധ്യായത്തിന്റെ തലക്കെട്ട് “Lost a friend to drugs? Thank a Mexican” (മയക്കുമരുന്നിനാൽ ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടോ? ഒരു മെക്സിക്കൊക്കാരന് അതിന് നന്ദി പറയണം) എന്നുമാണ്.  അമേരിക്കയിലെ കുടിയേറ്റ സമൂഹങ്ങൾക്കെതിരെ – പ്രത്യേകിച്ച് ‘മെക്സികൊ’ക്കാർക്കെതിരെ അമേരിക്കൻ മനസ്സാക്ഷിയെ ഇളക്കിവിടാനായി കുടിയേറ്റ സമൂഹങ്ങളിലെ കുറ്റകൃത്യങ്ങളുടെ ആധിക്യവും ദാരുണതയും തീവ്രമായി പ്രചരിപ്പിക്കുകയാണ് പുസ്തകത്തിന്റെ ലക്ഷ്യം.

നമ്മുടെ നാട്ടിലും മുസ്‌ലിം വിരുദ്ധതയും വിധ്വേഷവും വളർത്തിയെടുക്കാൻ ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളും കിങ്കരന്മാരായ രവിചന്ദ്രൻ ഫാൻസുകളും ഉപയോഗിക്കുന്നതും ഇതേ അടവുനയം തന്നെയല്ലെ ?!. മുസ്‌ലിം “ക്രൂരതകൾക്ക്” നടുവിൽ “പരിതസ്ഥിതി”യിൽ കഴിയുന്ന ഹിന്ദു സഹോദരങ്ങളോടുള്ള “സഹതാപം” വളർത്തിയെടുക്കുകയാണ് സംഘപരിവാർ പദ്ധതി.

തെറ്റിലേക്ക് ചാനൽ ചെയ്യപ്പെടുമ്പോൾ ദുഷ്ടതയും ശരിയിലേക്ക് ചാനൽ ചെയ്യപ്പെടുമ്പോൾ സന്തുഷ്ടതയും സൃഷ്ടിക്കാൻ ഉതകുന്നവയാണ് സഹതാപവും സഹാനുഭൂതിയും. അപ്പോൾ അതിനെയെങ്ങനെ ശരി തെറ്റുകളെ നിർധരിച്ചെടുക്കാനുള്ള അടിസ്ഥാനപരമായ ഉപാധിയാക്കും ?! തെറ്റായ സഹാനുഭൂതിയും ശരിയായ സഹാനുഭൂതിയും ഉണ്ടായിരിക്കെ സഹാനുഭൂതിയെ തെറ്റും ശരിയും വേർതിരിക്കാനുള്ള മാനദണ്ഡമാക്കണമെന്ന വാദം സംശയലേശമന്യേ വിഡ്ഢിത്തമാണ്.

മനുഷ്യമനസ്സാക്ഷിയെ നന്മ തിന്മകൾ വേർതിരിക്കുന്ന മാനദണ്ഡമായി പല ഭൗതികവാദികളും വ്യാഖ്യാനിക്കാറുള്ളതും അബദ്ധമാണ്. ‘മനസ്സാക്ഷി’ എന്നത് ധർമ്മാധർമ്മങ്ങളുടെ അസ്തിത്വത്തിലേക്ക് വെളിച്ചം വീശുമെങ്കിലും, സാന്ദർഭികമായി ബഹുമുഖ സ്വഭാവമുൾകൊള്ളുന്ന ഒരു മനോഗതമാണ് അതും. സ്ട്രോമിന്റെ അഭിപ്രായം ഭാഗികമായി ശരിയാണ്: ‘മനസ്സാക്ഷി’ ആന്തരികമായ വ്യക്തിത്വ വൈരുധ്യങ്ങൾ ഉള്ളടങ്ങുന്ന മനോഗതിയാണ്. മനസ്സാക്ഷിക്ക് സ്വന്തമായോ സ്ഥിരമായതോ ആയ പരമ്പരാഗത ഉള്ളടക്കമൊ ഒന്നുമില്ല. ചില സന്ദർഭങ്ങളിൽ ഒരു നിലപാടിനെയും അതിന് നേർ വിപരീതമായ നിലപാടിനെയും പ്രതിരോധിക്കുന്നതിനും സ്വീകരിക്കുന്നതിനും മനസ്സാക്ഷി ആഹ്വാനം ചെയ്യുകയും പ്രേരിപ്പിക്കുകയും ചെയ്തെന്നിരിക്കും. (Strohm 2011: 120)

ഉദാഹരണത്തിന്, ചില ആരോഗ്യ പ്രവർത്തകർ ഗർഭച്ഛിദ്രത്തിന് “മനസ്സാക്ഷിപരമായ” എതിർപ്പ് ഉന്നയിക്കുകയും ഗർഭച്ഛിദ്രസേവനം നൽകാൻ വിസമ്മതിക്കുകയും ചെയ്യുമ്പോൾ, മറ്റു ചില ആരോഗ്യ പ്രവർത്തകരുടെ മനസ്സാക്ഷി ഗർഭച്ഛിദ്ര സേവനത്തിനായി പ്രേരിപ്പിക്കുന്നു. അത് ഒരു സ്ത്രീയുടെ അവകാശമാണെന്ന മനസ്സാക്ഷിയുടെ തേട്ടമാണ് ഗർഭച്ഛിദ്ര സേവനത്തിനായി അവരെ പ്രേരിപ്പിക്കുന്നത് (Joffe 1995).

വ്യക്തികളുടെ വിശ്വാസങ്ങളുടേയും ധാർമിക സങ്കൽപ്പങ്ങളുടേയും പ്രതിഫലനമായിട്ടാണ് (Reflex) മനസ്സാക്ഷി നിലകൊള്ളുന്നത്. മനസ്സാക്ഷിയാകുന്ന പ്രതിഫലനത്തിന്റെ സമ്പൂർണ്ണത ഒരു വ്യക്തിക്കുണ്ടാവണമെങ്കിൽ ആദ്യം ധാർമിക സങ്കൽപം ഉണ്ടാവേണ്ടതില്ലേ ?!! അപ്പോൾ മനസ്സാക്ഷിയെ ധാർമിക രൂപീകരണത്തിന്റെ അടിസ്ഥാനമായി എങ്ങനെ സ്വീകരിക്കും?!! കളങ്കപൂരിതമായ മനസ്സും മനസ്സാക്ഷിയും തിന്മകൾക്ക് പ്രേരിപ്പിക്കാമെന്നിരിക്കെ അവയെ ധാർമിക രൂപീകരണത്തിന്റെ സ്ഥായിയായ മാനദണ്ഡമായി എങ്ങനെ നിലനിർത്തും?!

ക്വുർആൻ ഈ വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു: “തീര്‍ച്ചയായും മനുഷ്യമനസ്സ് തിന്മക്കു ധാരാളമായി പ്രേരിപ്പിക്കുന്നതു തന്നെയാണ്. എന്റെ നാഥന്‍ അനുഗ്രഹിച്ചവരുടേതൊഴികെ…”(ക്വുർആൻ 12: 53)

ചുരുക്കത്തിൽ, ധാർമികതക്ക് ഭൗതികവാദികളുടെ അടുക്കൽ യാതൊരു അടിത്തറയുമില്ല എന്നാണ് ഇത്തരം മൗഢ്യങ്ങൾ തെളിയിക്കുന്നത്. എന്നിരുന്നാലും കേവല ബുദ്ധി കൊണ്ടും ശാസ്ത്രം കൊണ്ടും ധർമ അധർമങ്ങളെ കണ്ടെത്താൻ കഴിയുമെന്ന മൂഢസ്വപ്നത്തിൽ തന്നെയാണ് ഇപ്പോഴും നാസ്‌തികർ !!

“നിരീശ്വരവാദികൾക്ക് ധാർമിക മൂല്യങ്ങൾക്ക് അടിസ്ഥാനമില്ല എന്ന വാദം വസ്തുതയിൽ നിന്ന് വിദൂരമാണ്, അവരുടെ മൂല്യങ്ങളെ ‘യുക്തിയിലും’ ‘ശാസ്ത്രത്തിലും’ അടിസ്ഥാനമാക്കി സ്ഥാപിക്കാനും നിലനിർത്താനും അവർക്ക് സാധിക്കും.”
(https://www.atheistalliance.org/about-atheism/can-atheists-moral/)

ഇവിടെ ശാസ്ത്രം എന്നതിന് ഏകരൂപതയുണ്ട് എന്ന് നമ്മുക്ക് സമ്മതിക്കാം. അതേസമയം മനുഷ്യ യുക്തി കൊണ്ടുദ്ദേശിക്കുന്നത് ഓരോ മനുഷ്യരുടേയും യുക്തിയുടെ നിമ്‌നോന്നതക്കനുസരിച്ചുള്ള ധാർമിക രൂപീകരണമാണെങ്കിൽ, മുമ്പ് സൂചിപ്പിച്ചതു പോലെ ആറ് നാസ്‌തികന് നൂറ് ധർമ്മശാസ്‌ത്രമാകും അതിന്റെ ഫലം. ഉദാഹരണത്തിന്, അഗമ്യഗമനം തെറ്റാണെന്ന് സമ്മതിക്കുന്ന ഒരു ഭൗതീകവാദി അത് “ലജ്ജക്കും സാമൂഹിക മനസ്സിനും” എതിരാണെന്ന “യുക്തി” വാദിക്കുമ്പോൾ, അത് ശരിയാണെന്ന് ദർശിക്കുന്ന ഒരു ഭൗതീകവാദി “മറ്റുള്ളവർക്ക് ഉപദ്രവമില്ലാത്തിടത്തോളം നമ്മുക്ക് എന്തിനും സ്വാതന്ത്ര്യമുണ്ട്” എന്ന “യുക്തി” വാദിക്കുന്നു. ഇത്തരം വൈരുദ്ധ്യങ്ങൾ ധാർമിക കലാപത്തിലേക്കാണ് (Moral chaos) നയിക്കുക. മാത്രമല്ല ധാർമിക- നൈതിക സംവാദങ്ങൾ അടിത്തറയോ ലക്ഷ്യമോ ഇല്ലാതെ അനന്തമായി തുടരുകയാകും ഫലം.

അതുകൊണ്ട് ധാർമിക രൂപീകരണത്തിൽ അഖണ്‌ഡതയും ഭദ്രതയും ഉണ്ടാകണമെങ്കിൽ ഉയർന്ന യുക്തിചിന്തകളുടെ സംയോജനത്തിലൂടെയും മസ്തിഷ്കോദ്ദീപനത്തിലൂടെയും ധാർമിക തത്ത്വശാസ്ത്രങ്ങൾ ആവിഷ്ക്കരിക്കപ്പെടണം. ധാർമികതയെ സംബന്ധിച്ച സംവാദങ്ങൾ അടിത്തറയോ ലക്ഷ്യമോ ഇല്ലാതെ അനന്തമായി തുടരാതിരിക്കണമെങ്കിലും മനുഷ്യയുക്തിയെ പ്രതിനിധീകരിക്കുന്ന മതേതര നൈതിക സിദ്ധാന്തങ്ങളെയാണ് സംവാദ വിഷയമാക്കേണ്ടത്.

അപ്പോൾ, ‘യുക്തിയിലും’ ‘ശാസ്ത്രത്തിലും’ അടിസ്ഥാനമാക്കി സ്ഥാപിക്കാൻ കഴിയുമെന്ന് നാസ്‌തികർ വാദിക്കുന്ന ധാർമിക അടിത്തറയിൽ ഉദ്ദേശിക്കപ്പെടുന്ന ‘യുക്തി’, ഉയർന്ന യുക്തിചിന്തകളുടെ സംയോജനത്തിലൂടെയും മസ്തിഷ്കോദ്ദീപനത്തിലൂടെയും രൂപീകരിച്ചെടുക്കപ്പെട്ട ഈ ധാർമിക തത്ത്വശാസ്ത്രങ്ങളാണ്, ആവണം. ഇങ്ങനെ, ‘യുക്തിയിലും’ ‘ശാസ്ത്രത്തിലും’ അടിസ്ഥാനമാക്കി സ്ഥാപിക്കാൻ മെനക്കെട്ടപ്പോൾ ഉരുത്തിരിഞ്ഞു കിട്ടിയ നാസ്‌തിക ധർമ്മശാസ്ത്ര തത്ത്വങ്ങൾ ഒരുപാട് ഇപ്പോൾ തന്നെ നാസ്‌തിക ലോകത്ത് നിലവിലുണ്ട്. അവ ഹ്രസ്വമായി നാമൊന്നു ചർച്ച ചെയ്തു കഴിഞ്ഞാൽ തന്നെ ‘ദൈവരഹിത ധാർമികതാ’ (Morality without God) വാദം അസംഭവ്യമാണെന്ന് നമുക്ക് തീർച്ചയാവും. അത്തരം മതേതര നൈതിക സിദ്ധാന്തങ്ങളിൽ പ്രധാനപ്പെട്ടയെ സംബന്ധിച്ച ചർച്ചയാവാം അടുത്തത്.

print

No comments yet.

Leave a comment

Your email address will not be published.